Current Date

Search
Close this search box.
Search
Close this search box.

ജോലിസ്ഥലത്ത് നിന്നൊരു വിവാഹാലോചന

ഞാന്‍ ചെയ്തത് ശരിയാണോ അതല്ലാ, തെറ്റാണോ എന്ന് താങ്കളോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള്‍ പറഞ്ഞു. എന്റെ കൂടെയുള്ളവരെല്ലാം പറയുന്നത് ഞാന്‍ മനസ്സിലാക്കിയത് ശരിയല്ലെന്നും അബദ്ധവുമാണെന്നാണ്. അതിനാല്‍ താങ്കളില്‍നിന്ന് അതിന്റെ ശരിയായ വശം മനസ്സിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവളോട് ഞാന്‍ പറഞ്ഞു: എന്താണ് നിനക്ക് പറയാനുളളത്; പറഞ്ഞാലും. അപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ ജോലിയെടുക്കുന്ന സ്ഥലത്ത് പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ഏറ്റവും നല്ല സൗഹാര്‍ദ ബന്ധമാണുളളത്. എല്ലാവരും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍, ഒരു യുവാവ് എല്ലാവരില്‍ നിന്നും വ്യത്യസ്തമായി തന്നോട് സ്‌നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നു. അവന്‍ നിന്റെ സൗന്ദര്യത്തില്‍ വീണുപോയിരിക്കുന്നു, നിന്നെ സ്‌നേഹിക്കുന്നു, നിന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു, ആയതിനാല്‍ നീ അവന് മറുപടി നല്‍കേണ്ടതുണ്ട് എന്നൊക്കെ ജോലിസ്ഥലത്തുളള സ്ത്രീകള്‍ എന്നോട്‌ പലപ്പോഴും പറയാറുണ്ട്. എന്നാല്‍, ഞാന്‍ അവനോട് ഔദ്യോഗികമായ ഇടപെടലുകള്‍ മാത്രം നടത്തുകയും അവനെ ബഹുമാനിക്കുകയും ചെയ്യുന്നു.

തുടര്‍ന്ന് അവള്‍ പറഞ്ഞു: ഈ ചെറുപ്പക്കാരന്‍ നല്ലവനും സ്വഭാവ സംശുദ്ധിയുള്ളവനുമാണ്. അവനെ കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ നല്ല കുടുംബമാണ് അവന്റേതെന്ന് മനസ്സിലായി. പക്ഷേ, ഞാന്‍ വളര്‍ന്നത് യാഥാസ്ഥിതിക കുടുംബത്തിലാണ്. അതിനാല്‍ തന്നെ ഇത് എനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പെട്ടെന്നോരു ദിവസം ആ ചെറുപ്പക്കാരന്‍ എന്റെ ഓഫീസിലേക്ക് പ്രവേശിച്ച് ഇരിക്കാന്‍ അനുവാദം ചോദിച്ചു. അവന് എന്നോട് പ്രത്യേകമായി എന്തോ സംസാരിക്കാനുണ്ടായിരുന്നു. തുടക്കത്തില്‍ ഞാന്‍ മടിച്ചുനിന്നു. പിന്നീട് ഞാന്‍ അനുവാദം നല്‍കി. ആ ചെറുപ്പക്കാരന്‍ അവിടെ ഇരിക്കുകയും എന്നോട് സംസാരിക്കുകയും വിവാഹം കഴിക്കാനുളള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങളായി അവന്‍ എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവന്റെ സ്വഭാവം ഞാന്‍ മനസ്സിലാക്കുകയും, അവന്‍ നല്ലവനാണെന്നും ഉന്നതമായ കുടംബത്തില്‍ നിന്നുളളവനാണെന്നും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവന് യുവതികളുമായി ഉല്ലസിച്ച് നടക്കുന്ന യുവാക്കളെ ഇഷ്ടപ്പെടമില്ല. ജോലി കഴിഞ്ഞ് ആശ്വാസത്തിനായി അവന്‍ അവരോടൊപ്പം കറങ്ങുന്നുമില്ല. ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ തന്നോട് ആവശ്യപ്പെടുന്നത്, ജോലിസമയം കഴിഞ്ഞ് ഞാന്‍ ഇഷ്ടപ്പെടുന്ന ഏതു സ്ഥലത്തും തന്നെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി കാണണമെന്നാണ്. ശേഷം വിവാഹ നടപടികളുമായി മുന്നോട്ടുപോകാമെന്നും അവന്‍ പറയുന്നു. ഞാന്‍ അവളോട് ചോദിച്ചു: നീ എന്ത് മറുപടിയാണ് ആ ചെറുപ്പക്കാരന് നല്‍കിയത്? എന്താണ് നിനിക്ക് എന്നോട് ചോദിക്കാനുളളത്?

അവള്‍ പറഞ്ഞു: ഞാന്‍ അവനോട് ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ കാര്യമായിട്ടാണ് കാണുന്നതെങ്കില്‍ എന്നെ വിവാഹം ആലോചിക്കുക, അപ്പോള്‍ നമുക്ക് സംസാരിക്കാമെന്നും അതിന് ശേഷം കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതുമാണ്. അപ്പോള്‍ നമ്മുക്കിടയിലെ ഈ ബന്ധം വിവാഹത്തെ മുന്‍നിര്‍ത്തിയുള്ളതാണെന്ന് എന്റെ കുടുംബം മനസ്സിലാക്കുന്നതുമാണ്. അവളോട് ഞാന്‍ ചോദിച്ചു: എന്തായിരുന്നു ആ ചെറുപ്പക്കാരന്റെ പ്രതികരണം? അവള്‍ പറഞ്ഞു: ഞാന്‍ പറഞ്ഞതിനെ തളളികൊണ്ട് അവന്‍ പറഞ്ഞത്, നാം കൂടുതലായി അറിയുന്നതിനുവേണ്ടി പുറത്തേക്ക് പോകുകയാണ് ആദ്യമായി ചെയ്യേണ്ടത്, തുടര്‍ന്നാണ് വിവാഹം കഴിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം തീരുമാനിക്കുക. ഞാന്‍ അവളോട് ചോദിച്ചു: എന്താണ് നിനക്ക് എന്നോട് ചോദിക്കാനുളളത്? അവള്‍ പറഞ്ഞു: എനിക്കും അവനുമിടയിലെ ഈ സംഭാഷണം ഞാന്‍ ജോലിസ്ഥലത്തുളള സ്ത്രീകളോട് സംസാരിച്ചപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്, അവന്റെ കൂടെ പുറത്തേക്ക് പോകുന്നത് നിരസിച്ചത് മുഖേന ഞാന്‍ വലിയ അബദ്ധം കാണിച്ചിരിക്കുന്നു എന്നാണ്. ഞാന്‍ ചെയ്യേണ്ടിയിരുന്നത് അവന് എന്നെ കൂടുതല്‍ മനസ്സിലാക്കുന്നതിന് അവസരം നല്‍കുകയായിരുന്നു. കൂടാതെ, അവരെന്നോട് പറഞ്ഞു, വിവാഹത്തിന് മുമ്പ് പരസ്പരം അറിയുന്നതിന്റെ ഭാഗമായി പുറത്തേക്ക് പോകുക എന്നത് സാധാരണ കാര്യമാണ്.

ഞാന്‍ അവളോട് ചോദിച്ചു: ഇതു തന്നെയായിരുന്നോ നിന്റെ കൂടെ ജോലിചെയ്യുന്ന മുഴുവന്‍ സ്ത്രീകളുടെയും അഭിപ്രായം? അവള്‍ പറഞ്ഞു: തീര്‍ച്ചയായും, അതെ. കൂടാതെ അവര്‍ എന്നോട് പറയുകയുണ്ടായി, ഇത്തരത്തിലുളള സ്വഭാവമാണ് നീ വെച്ചുപുലര്‍ത്തുന്നതെങ്കില്‍ ഒരിക്കലും നിനക്ക് വിവാഹം നടക്കുകയില്ല. ഇതുകൊണ്ടാണ് ഞാന്‍ താങ്കളുടെ അടുക്കലേക്ക് വന്ന്, ആ ചെറുപ്പക്കാരനോടുളള എന്റെ മറുപടിയും നിലപാടും ശരിയാണോ തെറ്റാണോ എന്ന് താങ്കളോട് ചോദിക്കുന്നത്. അതിനെ കുറിച്ച് ഞാന്‍ സ്വയം ആലോചിക്കുകയും, ചെയതത് ശരിയാണോ എന്ന് സംശിയിക്കുകയും ചെയ്യുന്നു. എല്ലാവരും ഇക്കാരണത്താല്‍ എന്നെ ശകാരിക്കുന്നു. നീ അവന്റെ കൂടെ പുറത്ത് പോകുന്നതിന് സമ്മതം നല്‍കണം, നല്ല വിവാഹത്തിനുളള സന്ദര്‍ഭം നീ കളഞ്ഞുകുളിക്കരുത് എന്ന് എല്ലാ ദിവസവും അവര്‍ എന്നോട് പറയുന്നു. ഞാന്‍ അവളോട് ചോദിച്ചു: നിനക്ക് എത്രയാണ് വയസ്സ്? അവള്‍ പറഞ്ഞു: ഇരുപത്തിയാറ് വയസ്സാണിപ്പോള്‍ എനിക്ക്. ഞാന്‍ ചോദിച്ചു: മുമ്പുളളതുപോലെ ഇപ്പോഴും ആ ചെറുപ്പക്കാരന്‍ നിന്നോട് പെരുമാറുന്നുണ്ടോ? തീര്‍ച്ചയായും, അവന്‍ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കുകയാണ്.

ഞാന്‍ അവളോട് പറഞ്ഞു: ഇവ്വിഷയകമായി എന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നുവെങ്കില്‍ ഞാന്‍ പറയാം. നീ ആ ചെുപ്പക്കാരനോട് സ്വീകരിച്ച നിലപാടാണ് ശരി. നിന്റെ കൂടെ ജോലിചെയ്യുന്ന സ്ത്രീകളെടുത്ത നിലപാട് തെറ്റുമാണ്. അവള്‍ നെടുവീര്‍പ്പിട്ട് പറഞ്ഞു: അത് ശരിയാണ്. ഞാന്‍ ചെയ്തത് ശരിയാണോ എന്ന് ഉറപ്പിക്കുന്നതിനുവേണ്ടി ഒരിക്കല്‍ക്കൂടി എന്റെ മറുപടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുപോലെ തോന്നിയപ്പോള്‍ അവളോട് ഞാന്‍ പറഞ്ഞു: നീ ആ ചെറുപ്പക്കാരനോട് എടുത്ത നിലപാട് ശരിയാണ്. ഇനി, ആ ചെറുപ്പക്കാരന്‍ ഗൗരവത്തിലാണ് ഇക്കാര്യം കാണുന്നതെങ്കില്‍, അവന് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവന്‍ നിന്നെ തന്നെ വിവാഹം കഴിക്കുന്നതാണ്. ചിലപ്പോള്‍, അയാള്‍ നീ ഏത് തരം സ്ത്രീയാണെന്ന് അറിയിന്നതിന് വേണ്ടി പരീക്ഷിച്ചതുമാവാം. നീ പുരുഷന്മാരൊടൊപ്പം ചുറ്റികറങ്ങുന്നതില്‍ പ്രശ്‌നമില്ലെന്ന് കരുതുന്നവരുടെ കൂട്ടത്തിലാണോ അതല്ല, പുരുഷന്മാര്‍ക്കിടയില്‍ അകലം പാലിച്ച് നില്‍ക്കുന്നവരുടെ കൂട്ടത്തിലാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയായിരിക്കാം ഇപ്രകാരം ചെയ്തുട്ടുണ്ടാവുക. നിന്നെ വിവാഹം കഴിക്കുന്നതിന് നിന്റെ കുടുംബം മുഖേന അന്വേഷിക്കുകയാണെങ്കില്‍ മനസ്സിലാക്കാം അവന്റെ ഉദ്ദേശം നല്ലതാണെന്നും അവന്‍ മാന്യനാണെന്നും. അങ്ങനയല്ല എങ്കില്‍ അവന്റെ ഉദ്ദേശം നല്ലതെന്ന് കരുതുകയും, അല്ലാഹു നിന്നില്‍ മോശമായത് നീക്കികളഞ്ഞിരിക്കുന്നു എന്നും തിരിച്ചറിയുക. അവള്‍ പറഞ്ഞു: താങ്കളുടെ ഉത്തരം എന്നെ സന്തോഷിപ്പിക്കുകയും എനിക്ക് ആത്മധൈര്യം സമ്മാനിക്കുകയും ചെയ്തിരിക്കുന്നു.

വിവ: അര്‍ശദ് കാരക്കാട്

Related Articles