Current Date

Search
Close this search box.
Search
Close this search box.

സോഷ്യൽ ഡിസ്റ്റൻസിങ്, ക്വാറന്റൈൻ ചില പ്രവാചക മാതൃകകൾ

“ആരോഗ്യമുള്ളവന് പ്രത്യാശയുണ്ട്; പ്രത്യാശയുള്ളവനെല്ലാമുണ്ട് ” തോമസ് കാർലൈൽ പറഞ്ഞതിൽ ആരോഗ്യത്തിന്റെ വില എന്തെന്ന് ഉൾച്ചേർത്തിരിക്കുന്നു. ഈയിടെ വായിച്ച ഒരു കവിത ഇങ്ങനെ:
വൃദ്ധരെക്കാളേറെ രോഗിയായി മാറിയ
പുത്തൻതലമുറ തൻഗതികൾ
ഹാസ്യകവി വാഴവിള സതീശൻ മാഷിന്റെ വരികൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അമ്മിക്കല്ലും ആട്ടുകല്ലും ഉരലും മറ്റും ഓണത്തിന് തറവാട്ടിൽ വരുമ്പോൾ മാത്രം കാണുന്ന മൂന്നാം തലമുറയുടെ ചില ആത്മ വിചാരങ്ങളാണ് കവിതയുടെ പ്രമേയം. ആരോഗ്യം നഷ്ടപ്പെട്ട , ബ്രോയിലർ കോഴീ പരുവത്തിലുള്ള ന്യൂ ജെനറേഷനെ ഇത്ര സർകാസ്റ്റിക്കായി ചിത്രീകരിക്കുന്ന ഒരു വരി ഇതുവരെ വായിച്ചിട്ടില്ല.
രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം എന്ന് നാം സ്വന്തത്തെ ബോധ്യപ്പെടുത്തണം. അഥവാ ശാരീരികവും മാനസികവും സാമൂഹികവുമായ സമ്പൂര്‍ണ്ണ സുസ്ഥിതിയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം ആരോഗ്യം. രോഗാതുരമായ അവസ്ഥയില്‍ നിന്നുള്ള സമ്പൂര്‍ണ്ണ മോചനത്തെ മാത്രമാണ് WHOആരോഗ്യമായി പരിചയപ്പെടുത്തുന്നത്.അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization (WHO). സ്വിറ്റ്സർലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാർഗരറ്റ് ചാൻ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടന ലോകാരോഗ്യത്തിന് വേണ്ടി നിലകൊള്ളുന്ന ആഗോള അംഗീകൃത ഏജൻസിയാണത്.
മഹാമാരികൾ വ്യാപിക്കുമ്പോൾ സാധാരണഗതിയിൽ നാം പാലിക്കേണ്ട സാമൂഹ്യ അകലം (Social distancing) പാലിക്കലടക്കമുള്ള മിനിമം എതിക്സ് നിർദ്ദേശിക്കുന്നത് ഈ ഏജൻസിയാണ്. WHO പറയുന്നതിന് എത്രയോ മുമ്പ് വൈറസുകൾ ഹസ്തദാനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതാണെന്ന് ഒന്നര സഹസ്രാബ്ദം മുന്നേ പ്രവാചകൻ അത് പ്രവർത്തിച്ചു കാണിച്ചതിന് സീറാ ഗ്രന്ഥങ്ങൾ സാക്ഷി . സഖീഫിൽ നിന്നുള്ള യാത്രാ സംഘത്തിന് അനുസരണ പ്രതിജ്ഞ (ബൈഅത്ത്) കരം നുകർന്ന് വാങ്ങുന്നതിനിടയിൽ കുഷ്ഠരോഗം ബാധിച്ച വ്യക്തിയോട് നബി (സ) പ്രസ്താവിച്ചത് കൊറോണ വ്യാപന സമയത്തും നാം അനുസ്മരിക്കണം.
“നാം താങ്കളോട് വാചികമായി ഉടമ്പടി സ്വീകരിച്ചിരിക്കുന്നുവെന്നാ”യിരുന്നു ആ വാചകം. രോഗി രോഗമില്ലാത്തവന്റെയടുക്കൽ വരരുതെന്നും പ്ലേഗുബാധയുള്ള നാട്ടുകാരൻ പ്ലേഗില്ലാത്ത നാട്ടിലേക്കും തിരിച്ചും സന്ദർശനം പാടില്ലെന്നും കുഷ്ഠരോഗിയിൽ നിന്നും സിംഹത്തെ കണ്ടതു പോലെ ഓടിയകലണമെന്നുമെല്ലാമുള്ള
പ്രവാചകാധ്യാപനങ്ങൾ ഇന്ന് WHO മഹാമാരിക്കാലത്ത് പറയുന്ന ഐസൊലൂഷനും ക്വാറന്റൈനും തന്നെയല്ലേ?!

Also read: കൊറോണയേക്കാൾ വേഗത്തിൽ പടരുന്ന ഇസ് ലാമോഫോബിയ

ഭാരത ദർശനങ്ങൾ പഠിപ്പിക്കുന്ന
“അജീർണേ ഭോജനം വിഷം”
അഥവാ ഭക്ഷണം ദഹിക്കുന്നതിനു മുന്നേ വീണ്ടും കഴിക്കുന്നത് വിഷത്തെപ്പോലെ ദോഷം ചെയ്യുന്നു എന്ന പിതോപദേശം
“മനുഷ്യന്‍ നിറച്ചിട്ടുള്ള മോശമായ ഭാജനം വയറാണ് ” എന്ന പ്രവാചകാധ്യാപനവുമായി നമുക്ക് ചേർത്തു വായിക്കാവുന്നതാണ്.
യമനിലെ ഹിംയർ രാജാവ് മദീനത്തേക്ക് സൗജന്യ സേവനത്തിന് നിയോഗിച്ച വൈദ്യൻ ആഴ്ചകൾ കഴിഞ്ഞ് നിരാശനായി നാട്ടിലേക്ക് തിരിച്ച് പോവുമ്പോൾ അദ്ദേഹത്തോട് നബി (സ) പറഞ്ഞ വാചകം ചരിത്ര ഗ്രന്ഥങ്ങളിൽ സുവർണ്ണ ലിപികളിൽ ഉല്ലിഖിതങ്ങളാണ് :
“നാം വിശക്കുമ്പോൾ മാത്രം തിന്നുന്ന, വിശപ്പ് മാറുന്നതിന് മുന്നേ തീറ്റ നിർത്തുന്ന ആളുകളാണ്” എന്ന വർത്തമാനം ആശുപത്രി നഗരങ്ങളുടെ പ്രാന്തങ്ങളിൽ കുടിയേറിയ നമുക്കിതു വരെ തിരിയാതെ പോയി എന്നതാണ് വാസ്തവം.
നബി(സ)പഠിപ്പിച്ച ചില ആരോഗ്യ നിർദേശങ്ങൾ കൂടി നമുക്ക് വായിക്കാം:
“വിശ്വാസി ഒരു ദഹന നാളികയില്‍ മാത്രം ഭക്ഷിക്കും, അവിശ്വാസികള്‍ ഏഴു ദഹന നാളികളിലും ”
” വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് ”
“നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട് ”
“ബലഹീനനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും ഉത്തമനും ശക്തനായ വിശ്വാസിയാണ്, എല്ലാത്തിലും നന്മയുണ്ട് ”
“രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികപേരും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവുസമയവുമാണത്”
“ആരോഗ്യം, ഒഴിവ്, സമ്പന്നത, യുവത്വം, ജീവിതം എന്നിവ യുദ്ധമുതലായി കാണണം”
അക്കൂട്ടത്തിൽ പെട്ട ഒരു പ്രാർഥന കൂടെ നമുക്ക് പഠിക്കാം:-
اللهمَّ إني أَعوذُ بك من زوالِ نِعمتك و تحوُّلِ عافیتك و فُجاءةِ نقمتك و جمیعِ سخطِك .
അല്ലാഹുവേ, നീ നല്‍കിയ അനുഗ്രഹം , നീ തന്ന ശാരീരിക സുഖം എന്നിവ മാറിപ്പോകുന്നതിൽ നിന്നും, പെട്ടെന്നുണ്ടാകുന്ന ശിക്ഷകളില്‍ നിന്നും, മുഴുവന്‍ ശാപകോപങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

Also read: കോവിഡ് കാലത്തെ നാസ്തിക വൈറസ്സുകളോട്

ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായി വേണ്ടതെന്തെന്ന് ഖുർആനും നമ്മെ ഉണർത്തുന്നുണ്ട് :-
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുക.അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു(2:168),
”ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു” (23:51)
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാകില്ല. (14:34)

(ഏപ്രിൽ 7: ലോകാരോഗ്യ ബോധവത്കരണ ദിനം )

Related Articles