Current Date

Search
Close this search box.
Search
Close this search box.

ഞാനിന്നു രാവിലെ  നമ്മളീ പുറത്തേക്കു നോക്കുന്ന നമ്മുടെ ജനല്‍ച്ചില്ല് തുടച്ചു വൃത്തിയാക്കിയിരുന്നു!

ഒരാള്‍ തന്റെ ഭാര്യക്കൊപ്പം പുതിയൊരു വീട്ടിലേക്കു താമസം മാറി. ആദ്യ ദിവസം തന്നെ പ്രാതല്‍ കഴിക്കുന്നതിനിടെ ജനല്‍ച്ചില്ലുകള്‍ക്കപ്പുറത്തുകൂടെ അയല്‍വാസിയുടെ വീട്ടിലേക്കു നോക്കി ഭാര്യ പറഞ്ഞു: നോക്കൂ പ്രിയനേ, നമ്മുടെ അയല്‍വാസികളുടെ അലക്കിയ വസ്ത്രങ്ങള്‍ നോക്കൂ. ഒട്ടും വൃത്തിയുള്ളതല്ല അത്. അവര്‍ വളരെ വിലകുറഞ്ഞ സോപ്പുപൊടിയാകും ഉപയോഗിക്കുന്നത്. എല്ലാ ദിവസവും വസ്ത്രം ഉണക്കാനിടുന്ന അയല്‍വാസിയെ നോക്കി ഭാര്യ ഇതേ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ഏകദേശം ഒരുമാസം കഴിഞ്ഞ് ഒരുദിവസം വസ്ത്രങ്ങളൊക്കെ വൃത്തിയായിക്കണ്ടപ്പോള്‍ ഭാര്യ ഭര്‍ത്താവിനോടായി പറഞ്ഞു: നോക്കൂ, അവസാനം എങ്ങനെയാണ് വസ്ത്രമലക്കേണ്ടതെന്ന് അവള്‍ പഠിച്ചിരിക്കുന്നു. അതുവരെ മൗനിയായിരുന്ന ഭര്‍ത്താവ് പറഞ്ഞു: പ്രിയേ, ഉണ്ടായത് അതൊന്നുമല്ല. ഞാനിന്നു രാവിലെ നേരത്തെത്തന്നെ ഉണര്‍ന്ന് എന്നും നമ്മളീ പുറത്തേക്കു നോക്കുന്ന നമ്മുടെ ജനല്‍ച്ചില്ല് തുടച്ചു വൃത്തിയാക്കിയിരുന്നു!

ഗുണപാഠം 1
പലപ്പോഴും നമ്മള്‍ കാര്യങ്ങളെ കാണുന്നത് അതിന്റെ യഥാര്‍ഥ രൂപത്തിലല്ല, മറിച്ച് നമ്മളെപ്രകാരമാണോ അങ്ങനെയാണ്. കള്ളന്റെ കണ്ണില്‍ വിശ്വസ്തനായ മനുഷ്യന്‍ ഭീരുവും, തമാശക്കാരന്റെ കണ്ണില്‍ കൃത്യനിഷ്ഠയുള്ളവന്‍ കടുപ്പക്കാരനും, കളവുപറയുന്നവന്റെ കണ്ണില്‍ സത്യം പറയുന്നവന്‍ വിഡ്ഢിയും, പൗരുഷമുള്ളവള്‍ക്ക് സ്ത്രീത്വം സംരക്ഷിക്കുന്നവള്‍ ബലഹീനയുമാണല്ലോ. നമ്മളെപ്പോഴും അങ്ങനെയാണ്. മറ്റുള്ളവരില്‍ നമ്മെത്തിരയുന്നു. മറ്റുള്ളവരെ അളക്കാനുള്ള അളവുപാത്രം സ്വന്തമായി ഉണ്ടാക്കുന്നു. അതേസമയം വ്യഭിചാരിണിയായ സ്ത്രീ ആഗ്രഹിക്കുന്നത് എല്ലാ സ്ത്രീകളും ആ ജോലി ചെയ്യണമെന്നാണെന്നും, കള്ളന്‍ ആഗ്രഹിക്കുന്നത് എല്ലാവരും മോഷണം ചെയ്യുന്നൊരു ലോകമാണെന്നുമുള്ള കാര്യം നാം വിസ്മരിക്കുന്നു. ഏറ്റവും വേദനയുള്ളൊരു കാര്യമെന്തെന്നാല്‍, മാന്യരായ ജനങ്ങള്‍ തങ്ങളുടെ മാന്യത ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്താന്‍ പാടുപെടുമ്പോള്‍ തെമ്മാടികള്‍ തങ്ങളുടെ തെമ്മാടിത്തരവും പരസ്യപ്പെടുത്താന്‍ പാടുപെടുന്നുവെന്നതാണ്!

ഗുണപാഠം 2
ജനങ്ങളുടെ കുറവുകള്‍ നോക്കിനടക്കുന്നവന്‍ സ്വന്തം കുറവുകള്‍ മറന്നുകളയും. സ്വന്തം കുറവുകള്‍ നോക്കുന്നവനാണെങ്കില്‍ പിന്നെ ജനങ്ങളുടെ കുറവുകള്‍ നോക്കാന്‍ സമയംകിട്ടില്ലതന്നെ. പക്ഷെ, മനുഷ്യരായ നാം ശ്രമിക്കുന്നത് ലോകം മുഴുവൻ നമ്മെപ്പോലെയാക്കി മാറ്റാനാണ്. പക്ഷെ, ഏറ്റവുമെളുപ്പം നമ്മള്‍ സ്വന്തമായി മാറുകയെന്നതാണല്ലോ!
കഥകളില്‍ കാണാം. ഒരു രാജാവ് തന്റെ പ്രജകളെ പരിശോധിക്കാനായി കറങ്ങിനടക്കുന്നതിനിടെ അയാളുടെ ഒരു കാലില്‍ മുള്ളു തറക്കുകയുണ്ടായി. ഉടനടി തന്റെ ഭരണപ്രദേശത്തു മുഴുവന്‍ നിലത്ത് തോല്‍ വിരിക്കാന്‍ അയാള്‍ മന്ത്രിയോട് ഉത്തരവിട്ടു. മന്ത്രി പറഞ്ഞു: അതല്‍പം പ്രയാസമല്ലേ പ്രഭോ. താങ്കളുടെ കാലിനടിയില്‍ മാത്രം ഒരു കഷണം തോല്‍ വിരിക്കുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം. താങ്കള്‍ നടക്കുന്നിടമെല്ലാം അതോടെ തോല്‍വിരിക്കപ്പെട്ട പോലെയാവില്ലേ. അങ്ങനെയാണത്രെ ചെരുപ്പുകള്‍ പിറന്നത്! സ്വന്തത്തെ മാറ്റുകയെന്നതാണ് മുഴുവന്‍ ലോകത്തെ മാറ്റുന്നതിലേറെ എളുപ്പം. ചെലവു കുറവും ഫലം കൂടുതലും!

ഗുണപാഠം 3
മനുഷ്യന് ഏറ്റവും എളുപ്പമുള്ള വിനോദം മറ്റുള്ളവരെ നിരൂപിക്കലാണ്! അതാണെങ്കില്‍ ഫലത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ല, നമ്മെ കൂടുതല്‍ മോശമാക്കുകയേ ചെയ്യൂ! സമ്പന്നരെ നിരൂപിക്കുന്നത് നിന്റെ പണമോ പ്രബോധകരെ നിരൂപിക്കുന്നത് നിന്റെ ഈമാനോ തെറ്റുകാരെ നിരൂപിക്കുന്നത് നിന്റെ ദൃഢതയോ ഒന്നും വര്‍ധിപ്പിക്കില്ല! ഇനി നിങ്ങള്‍ക്കകത്തെ നിരൂപകന്‍ നിരൂപിച്ചു തന്നെയേ അടങ്ങൂ എന്നാണെങ്കില്‍ തന്നെ നിരൂപണത്തെ നിര്‍മാണാത്മകമാക്കുക, നശീകരണാത്മകമല്ല. ദുരുദ്യേശത്തോടെയുള്ള നിരൂപണം അമിതമായി കഴിക്കുന്ന മരുന്നു പോലെയാണ്. രോഗം ശമിപ്പിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ അപകടം സൃഷ്ടിക്കുകയും ചെയ്യും! മാന്യമായിട്ടല്ലാത്ത ഉപദേശം പോലും ഹൃദയത്തില്‍ പതിക്കില്ലെന്നതാണ് വാസ്തവം! ഫിര്‍ഔന്‍ ‘ഞാനാണ് ഏറ്റവും വലിയ റബ്ബെ’ന്നു ഗീര്‍വാണം മുഴക്കിയപ്പോള്‍ ‘മൃദുവായ സംസാരം’ നടത്തുന്ന പ്രവാചകനെയായിരുന്നു അല്ലാഹു അയാളിലേക്ക് അയച്ചത്!

ഗുണപാഠം 4
നിന്റെ തെറ്റുകള്‍ മറ്റുള്ളവരുടെ സത്യങ്ങളെയും നിനക്ക് തെറ്റുകളായി തോന്നിക്കും. അതിനാല്‍, ഓരോ അഭിപ്രായ ഭിന്നതയിലും സ്വന്തത്തെ വിലയിരുത്തുക. നീ നില്‍ക്കുന്ന മണ്ണിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്തുക. നൂഹ് നബിയെ അവിശ്വസിച്ചവരൊക്കെയും കരുതിയിരുന്നത് അവര്‍ സത്യത്തിന്റെ കൂടെയാണ് എന്നാണല്ലോ. ഇബ്‌റാഹിം നബിയെ തീകുണ്ഡത്തിലെറിഞ്ഞവര്‍ക്ക് രസിക്കാതിരുന്നത് അദ്ദേഹം ഏകദൈവത്തെ വിശ്വസിച്ചു എന്നതാണല്ലോ. മൂസാ നബിക്കു പിറകെ അദ്ദേഹത്തെ വധിക്കാനായി കടലില്‍ പ്രവേശിച്ചവര്‍ കരുതിയത് അദ്ദേഹം ഭൂമിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണല്ലോ! ( തുടരും )

സന്ധ്യാ വർത്തമാനം -1

സന്ധ്യാ വർത്തമാനം -2

സന്ധ്യാ വർത്തമാനം -3

സന്ധ്യാ വർത്തമാനം -4

സന്ധ്യാ വർത്തമാനം -5

സന്ധ്യാ വർത്തമാനം -6

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles