Current Date

Search
Close this search box.
Search
Close this search box.

‘നിന്നില്‍ നിന്ന് ആ മരതകങ്ങള്‍ വാങ്ങിയ സ്ത്രീ എന്റെ മാതാവായിരുന്നു’

‘പിശുക്കു കൊണ്ടോ ദാരിദ്ര്യം കൊണ്ടോ അല്ല നിങ്ങളെ ഞങ്ങള്‍ ആട്ടിയോടിച്ചത്, മറിച്ച് ലജ്ജ നിറഞ്ഞുള്ള നിങ്ങളുടെ നിറുത്തം ആലോചിച്ചതു കൊണ്ടുമാത്രമാണ്’. അറബിയിലെ പ്രസിദ്ധമായൊരു കവിതയുടെ സാരാംശമാണിത്. ഈ കവിതക്കു പിന്നില്‍ മനോഹരമായൊരു കഥയുണ്ട്. പണ്ടൊരിക്കല്‍ അതിസമ്പന്നനായൊരു യുവാവുണ്ടായിരുന്നു. പിതാവിന് മുത്തുകളുടെയും മാണിക്യങ്ങളുടെയും കച്ചവടമായിരുന്നു തൊഴില്‍. സുഹൃത്തുക്കള്‍ക്കിടയില്‍ ഈ ചെറുപ്പക്കാരന് ചെറുതല്ലാത്ത സ്വാധീനവും അവരുടെ മനസ്സില്‍ ചെറുതല്ലാത്ത ആദരവുമുണ്ടായിരുന്നു. കാലങ്ങളങ്ങനെ കഴിഞ്ഞു. അയാളുടെ പിതാവു മരണപ്പെടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്തു.

അതോടെ പെരുവഴിയിലായ യുവാവ് തന്റെ പൂര്‍വകാല സുഹൃത്തുക്കളെ തിരഞ്ഞിറങ്ങി. അപ്പോഴാണ് തന്റെ ഏറ്റവുമടുത്ത സുഹൃത്ത് അതിസമ്പന്നനായി മാറിയെന്നും വലിയ കൊട്ടാരങ്ങളുടെയും അധികാരങ്ങളുടെയും ഉടമയായി മാറിയെന്നും അയാളറിഞ്ഞത്. തന്റെ പരിതാപാവസ്ഥ പരിഹരിക്കാന്‍ സുഹൃത്തിന്റെ കയ്യില്‍ വല്ല വഴിയും കാണുമെന്ന പ്രത്യാശയോടെ കൊട്ടാരവാതില്‍ക്കല്‍ അയാള്‍ ചെന്നുനിന്നു. അകത്തുള്ളതു തന്റെ ഉറ്റസുഹൃത്താണെന്നും എന്റെ പേരുപറഞ്ഞാല്‍ തന്നെ അദ്ദേഹത്തിനു ബോധ്യപ്പെടുമെന്നും പറഞ്ഞ് പരിവാരങ്ങളെ അയാള്‍ അകത്തേക്കയച്ചു. മറക്കകത്തു നിന്ന് പുറത്തേക്കു പാളിനോക്കിയ സുഹൃത്തു കണ്ടത് അത്യധികം മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച തന്റെ സുഹൃത്തിനെയായിരുന്നു. അതേയവസ്ഥയില്‍ സുഹൃത്തിനെ കാണാന്‍ താത്പര്യപ്പെടാത്ത അയാള്‍ യജമാനന്‍ ഇപ്പോള്‍ ആരെയും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതായി അറിയിക്കാന്‍ പറയുകയും ചെയ്തു. ഹൃദയം പൊട്ടുന്ന വേദനയുമായി അയാള്‍ കൊട്ടാരം വിട്ടിറങ്ങി. അയാള്‍ പലതും ആത്മഗതം ചെയ്തു. എത്ര പെട്ടെന്നാണ് സൗഹൃദം മരിച്ചത്! മൂല്യങ്ങള്‍ക്ക് ഇവിടെ എന്തുവിലയാണുള്ളത്! ഹൃദയത്തിന് എങ്ങനെയാണ് ഇത്രപെട്ടെന്നു മരിക്കാന്‍ സാധിക്കുക! ചിലരുടെ മനസ്സുകളില്‍ നിന്ന് എങ്ങനെയാണ് മനുഷ്യത്വം അപ്രത്യക്ഷമാവുന്നത്!

നടന്നുനടന്ന് വീടിനടുത്തെത്താറായപ്പോള്‍ എന്തോ തിരയുന്നതു പോലെ തോന്നിയ മൂന്നുപേരെ അയാള്‍ കാണാനിടയായി. കാര്യമെന്താണെന്നു തിരക്കിയപ്പോള്‍ അയാളുടെ പിതാവിന്റെ പേരു പറഞ്ഞ്, അദ്ദേഹത്തെയാണ് ഞങ്ങള്‍ തിരയുന്നതെന്നു പറഞ്ഞു. അയാള്‍ പറഞ്ഞു: കാര്യമെന്താണെന്നു പറയൂ. അദ്ദേഹമെന്റെ പിതാവാണ്. അദ്ദേഹം മരിച്ചിട്ട് ഒരുപാടായി. ഇതുകേട്ടതോടെ മൂന്നുപേരും അത്യധികം ദുഃഖിതരാവുകയും അയാളുടെ പിതാവിനെക്കുറിച്ച് നല്ല വാക്കുകള്‍ പലതും പറയുകയും ചെയ്തു. അവര്‍ പറഞ്ഞു: നിങ്ങളുടെ പിതാവ് മാണിക്യങ്ങള്‍ കച്ചവടം ചെയ്തിരുന്നു. ഞങ്ങളുടെ അടുക്കല്‍ വിശ്വസ്തസ്വത്തായി അദ്ദേഹം ഏല്‍പിച്ച അല്‍പം മാണിക്യങ്ങളുണ്ടായിരുന്നു. അതും പറഞ്ഞ് വലിയൊരു സഞ്ചി നിറയെ മാണിക്യങ്ങള്‍ അയാളെയേല്‍പിച്ച് സംഘം നടന്നകന്നു. നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അമ്പരപ്പും ആശ്ചര്യവും അയാളെ വേട്ടയാടി.

പക്ഷെ, അപ്പോഴും അയാളുടെ പ്രശ്‌നം അവസാനിച്ചിരുന്നില്ല. ഈ അമൂല്യമായ മാണിക്യങ്ങള്‍ വാങ്ങുന്ന ആരാണിവിടെയുള്ളത്! തന്റെ നാട്ടിലെ ജനങ്ങളാണെങ്കില്‍ ഇതില്‍ നിന്ന് ഒരു കഷണം വാങ്ങാന്‍ പോലും ഗതിയില്ലാത്തവരാണ്. തലപെരുക്കുന്ന ആലോചനകളുമായി അയാള്‍ വീണ്ടും നടത്തം തുടര്‍ന്നു. നടത്തത്തിനിടെ അല്‍പം പ്രതാപത്തിന്റെ അടയാളങ്ങളുള്ള ഒരു പ്രായമായ സ്ത്രീയെക്കാണാനിടയായി. എവിടെയാണ് അമൂല്യമായ മാണിക്യങ്ങള്‍ വാങ്ങാന്‍ കിട്ടുകയെന്നു തിരയുകയായിരുന്നു അവര്‍. സ്വപ്‌നമാണോ അല്ല യാഥാര്‍ഥ്യമാണോ നടക്കുന്നതെന്നറിയാതെ അന്ധാളിപ്പോടെ ഏതുതരം മാണിക്യമാണ് വേണ്ടതെന്നയാള്‍ ചോദിച്ചു. എത്രവിലയുള്ളതായാലും മനോഹരമായ ഏറ്റവും മുന്തിയ കല്ലുകളാണ് എനിക്കു വേണ്ടതെന്നവര്‍ പറഞ്ഞു. മരതകം പറ്റുമോ എന്നയാള്‍ ചോദിച്ചപ്പോള്‍ അതായാല്‍ വളരെ നന്നായി എന്നവര്‍! ഇതുകേട്ടതോടെ തന്റെ സഞ്ചിയില്‍ നിന്ന് അല്‍പം കല്ലുകള്‍ പുറത്തെടുക്കുകയും അമ്പരപ്പോടെ ആ സ്ത്രീ ഒരു കല്ലു വാങ്ങുകയും ബാക്കി കല്ലുകള്‍ വാങ്ങാന്‍ ഞാന്‍ തിരിച്ചുവരുമെന്നു പറഞ്ഞു നടന്നുനീങ്ങുകയും ചെയ്തു. അതോടെ അയാളുടെ കഷ്ടപ്പാടുകള്‍ നീങ്ങി സമൃദ്ധിയുടെ നാളുകള്‍ വരികയും കച്ചവടം പൂര്‍വോപരി മനോഹരമായി നടക്കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ്, സൗഹൃദത്തിന് അല്‍പം പോലും വില കല്‍പിക്കാതിരുന്ന ആ സുഹൃത്തിനെയോര്‍ത്ത് രണ്ടുവരി കവിതകള്‍ അയാള്‍ക്ക് അദ്ദേഹം അയച്ചത്. അതിന്റെ അര്‍ഥം ഇങ്ങനെയായിരുന്നു: ‘വാഗ്ദത്തപൂര്‍ത്തീകരണം നടത്താത്ത നശിച്ചൊരു കൂട്ടരോടാണ് ഞാന്‍ കൂട്ടുകൂടിയത്. ജനങ്ങള്‍ക്കിടയില്‍ ചതിയും തന്ത്രവും പ്രയോഗിക്കുന്നവരാണവര്‍. ഞാന്‍ സമ്പന്നനായിരുന്നപ്പോള്‍ എന്നെ ആദരിച്ചിരുന്നു അവര്‍. ഞാന്‍ പാപ്പരായപ്പോള്‍ എന്നെ അവരൊക്കെ വിഡ്ഢിയായിക്കണ്ടു’. ഈ വരികള്‍ വായിച്ച സുഹൃത്ത് മറുപടിയായി മൂന്നു വരി കവിതകള്‍ തിരിച്ചയച്ചു. അതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു: ‘വഴിയില്‍വച്ച് നിന്നോട് മുന്‍പത്തെ വാഗ്ദത്തപൂര്‍ത്തീകരണം നടത്തിയ മൂന്നുപേര്‍ നീ പറഞ്ഞ ‘തന്ത്ര’ത്തിന്റെ ഭാഗമായിരുന്നു. നിന്നില്‍ നിന്ന് മരതകങ്ങള്‍ വാങ്ങിയ സ്ത്രീ എന്റെ മാതാവായിരുന്നു. നീയെന്റെ സഹോദരന്‍ തന്നെയാണ്. എന്നല്ല, എന്റെ അവസാനത്തെ പ്രതീക്ഷയുമാണ്. പിശുക്കു കൊണ്ടോ ദാരിദ്ര്യം കൊണ്ടോ അല്ല നിങ്ങളെ ആട്ടിയോടിച്ചത്. ലജ്ജ നിറഞ്ഞുള്ള നിങ്ങളുടെ നിറുത്തം ആലോചിച്ചായിരുന്നു’.

ഗുണപാഠം 1
ദുനിയാവ് ചക്രംപോലെയാണ്, കാലം അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നതുമാണ്! ജീവിതം ഒരു യുദ്ധം പോലെയും; ഒരുദിനം നിനക്ക് അനുകൂലവും മറ്റൊന്ന് പ്രതികൂലവും! ഏറ്റവും അപകടകാരിയായ ഇടിക്കാരന്‍ കാലം തന്നെയാണ്. എത്രപേരെയാണ് അതിന്റെ ശക്തമായ ഇടികൊണ്ട് അത് ഇടിച്ചിട്ടത്! എത്ര അധികാരങ്ങള്‍ നാമാവശേഷമായി! എത്ര രാജാക്കന്മാര്‍ ഭ്രഷ്ഠരായി! എത്ര കൊട്ടാരങ്ങള്‍ ആളില്ലാത്തവയായി!
ജീവിതത്തിന്റെ ഉത്തുംഗതിയിലെത്തി നില്‍ക്കെ കാലക്രമേണ അതിന്റെ അടിത്തട്ടില്ലെത്തിപ്പെട്ടവര്‍ ഒട്ടനേകമാണ്. മറ്റുള്ളവര്‍ തേടി വന്നിരുന്നവര്‍ മറ്റുള്ളവരെ തേടിപ്പോവുന്നതും വിധിപറഞ്ഞിരുന്നവര്‍ വിധിപറയപ്പെടുന്നവരാവുന്നതും ഒക്കെ നിത്യകാഴ്ചകളാണ്. കാലം അല്ലാഹുവിന്റെ സൈന്യങ്ങളിലൊന്നാണ്, ചിലരെ ഉയര്‍ത്തുകയും ചിലരെ താഴ്ത്തുകയും ചെയ്യും. നീ സുഖലോലുപതയിലാണെങ്കിലും ദാരിദ്യത്തെ പ്രതീക്ഷിക്കാതിരിക്കരുത്. നീ ദാരിദ്ര്യത്തിലാണെങ്കിലും സമ്പന്നതയെത്തൊട്ട് നിരാശനാവരുത്. നീ ആരോഗ്യവാനായിരിക്കെ രോഗത്തെ പ്രതീക്ഷിക്കാതിരിക്കരുത്. രോഗിയായിരിക്കെ ശമനത്തെത്തൊട്ട് നിരാശനാവരുമരുത്. നാളെയോട് നിനക്കറിയാത്തൊരു അജ്ഞാതനെപ്പോലെ പെരുമാറുക, കാത്തിരിക്കുന്നൊരു വിദൂര സുഹൃത്തിനെപ്പോലെയല്ല!

ഗുണപാഠം 2
നന്മ, അതൊരിക്കലും നഷ്ടമാവില്ല! ജനങ്ങള്‍ക്കിടയില്‍ നഷ്ടമായാലും നാളെ അല്ലാഹുവിങ്കല്‍ നഷ്ടമാവില്ല! മറുത്തൊന്നും പ്രതീക്ഷിക്കാതെ ജനങ്ങള്‍ക്കിടയില്‍ വല്ലതും ബാക്കിയാക്കിപ്പോവുക. തിരികെയൊന്നും കൊതിക്കാതെ അവര്‍ക്കു നന്മ ചെയ്യുക. പക്ഷെ, ജീവിതമെന്നത് തീര്‍ച്ചയായും തിരികെ വീട്ടപ്പെടുന്ന കടമാണെന്ന വിശ്വാസമുണ്ടായിരിക്കുക. മാതാപിതാക്കളുടെ ജീവിതത്തില്‍ നീയെഴുതുന്ന നന്മയുടെ പുസ്തകം നിന്റെ മക്കള്‍ നിനക്കായി വായിച്ചുകേള്‍പിച്ചു തരും! മാതാപിതാക്കള്‍ക്കായി നീയെഴുതുന്ന ദ്രോഹങ്ങളുടെ പുസ്തകവും ഒരുദിനം മക്കള്‍ നിനക്കായി ഒന്നിടവിടാതെ വായിച്ചുതരും! കളങ്കപ്പെടുത്താന്‍ അവസരമുണ്ടായിട്ടും ജനങ്ങളുടെ അഭിമാനം നീ സൂക്ഷിക്കുമ്പോള്‍, ശരിക്കും സംരക്ഷിക്കപ്പെടുന്നത് നിന്റെ അഭിമാനമാണ്! പാവപ്പെട്ടവന്റെ കയ്യില്‍ നീ വച്ചുകൊടുക്കുന്ന നാണയത്തുട്ടുകളാണ് നിന്റെ കൈകളെ മറ്റുള്ളവരിലേക്ക് നീളുന്നതിനെ തടഞ്ഞുനിറുത്തുന്നത്! എന്നെ വിശ്വസിച്ചാലും…! നീ സ്വദഖ ചെയ്യുമ്പോള്‍ സത്യത്തില്‍ നിനക്കു വേണ്ടി തന്നെയാണ് ചെയ്യുന്നത്! പാവപ്പെട്ടവനു വേണ്ടി നീയിന്നു നീട്ടുന്ന കൈകള്‍ നാളെ നിനക്കു വയ്യാതാവുമ്പോള്‍ നിന്നെ സംരക്ഷിക്കുന്ന കരങ്ങള്‍ തന്നെയാണ്! ഇടപാടുകളെല്ലാം ഒരര്‍ഥത്തില്‍ കടങ്ങളാണ്, കാലം അതൊക്കെ വീട്ടുന്നതുമാണ്! അക്രമിച്ചവന്‍ അക്രമിക്കപ്പെടുകയും കൊന്നവന്‍ കൊല്ലപ്പെടുകയും ചെയ്യും! ദുനിയാവിലല്ലെങ്കില്‍ പരലോകത്തുവച്ച്. നന്മയുടെ വക്താവ് തന്റെ നന്മയുടെ പ്രതിഫലം ദുനിയാവില്‍ ലഭിച്ചില്ലല്ലോ എന്നോര്‍ത്ത് സന്തോഷിക്കും. ചതിച്ചവന്‍ തന്റെ ചതിയുടെ പ്രതിഫലം ദുനിയാവില്‍ തന്നെ ലഭിച്ചാല്‍ മതിയായിരുന്നുവെന്ന് പ്രത്യാശിക്കും.

ഗുണപാഠം 3
ദുനിയാവ് വിത്തിറക്കാനുള്ള ഇടമാണ്, കൊയ്ത്തിനുള്ളതല്ല! ഇഷ്ടമുള്ള കാര്യങ്ങള്‍ ഇവിടം വിത്തിറക്കൂ, എങ്കില്‍ നാളെ കൊയ്യാം. മനുഷ്യന്‍ ഉന്നതനാവുന്നത് ഹൃദയം കൊണ്ടാണെന്നും പണപ്പെരുപ്പം കൊണ്ടല്ലെന്നും എന്നും ഓര്‍മയിലുണ്ടാവുക. നിന്നെക്കാള്‍ ശ്രേഷ്ഠരുടെ പാത പിന്തുടരുക! നിന്നെ ആളുകള്‍ അവിശ്വസിക്കുമ്പോള്‍ കരുതുക, എന്റെ മുന്നേ നൂഹ് നബിയെയും നബിയുടെ സ്വന്തക്കാര്‍ അവിശ്വസിച്ചിരുന്നു! നിന്റെ വാക്കുകള്‍ക്ക് ആളുകള്‍ വിലകല്‍പിക്കാതിരിക്കുമ്പോള്‍ ദുഃഖിക്കരുത്, നിന്റെ മുമ്പ് മൂസാ നബിയുടെയും ആളുകള്‍ അദ്ദേഹത്തെ എതിര്‍ത്തവരായിരുന്നു! അക്രമിക്കപ്പെടുമ്പോള്‍ ആലോചിക്കുക, എന്റെ മുമ്പ് യൂസുഫ് നബിയും പലവിധ അക്രമങ്ങള്‍ക്ക് പാത്രമായിരുന്നു! പാപ്പരാവുമ്പോള്‍ വിഷമിക്കേണ്ടതില്ല, നിന്റെ മുമ്പ് ഈസ നബിയും അത്തരം ഘട്ടങ്ങള്‍ കടന്നുപോന്നവരായിരുന്നു! സ്വന്തക്കാര്‍ ആട്ടിയോടിക്കുമ്പോഴും പ്രതീക്ഷ കൈവിടരുത്, കാരണം നമ്മുടെ നബിതങ്ങളെയും സ്വന്തക്കാര്‍ ആട്ടിയോടിച്ച ചരിത്രം നിനക്കു മുന്നിലുണ്ട്!
നിനക്കൊരു ദ്രോഹിയായ മകനുണ്ടാവുമ്പോഴും ആശങ്ക വേണ്ട, നൂഹ് നബിക്കും അങ്ങനെയൊരു മകനുണ്ടായിരുന്നു! തെമ്മാടിയായൊരു പിതാവ് നിനക്കുണ്ടെങ്കിലും സങ്കടം വേണ്ട, ഇബ്‌റാഹിം നബിക്കും അങ്ങനെയൊരു പിതാവുണ്ടായിരുന്നു! ദുഷിച്ചൊരു ഭാര്യയാണ് നിനക്കുള്ളതെങ്കിലും വിഷമം വേണ്ട, ലൂത്വ് നബിക്കും അങ്ങനെയൊരു ഭാര്യയുണ്ടായിരുന്നു! ദുഷിച്ചൊരു ഭര്‍ത്താവാണ് നിനക്കുള്ളതെങ്കിലും ദുഃഖം വേണ്ട, ബീവി ആസിയക്കും അങ്ങനെയൊരു ഭര്‍ത്താവുണ്ടായിരുന്നു! വഴിപിഴച്ചൊരു അമ്മാവനാണ് നിനക്കുള്ളതെങ്കിലും നോവേണ്ടതില്ല, മുഹമ്മദ് നബി തങ്ങള്‍ക്കും അങ്ങനെയൊരു അമ്മാവനുണ്ടായിരുന്നു! ഇവരെയൊക്കെ അല്ലാഹു തആലാ നിനക്കും എത്രയോ കാലങ്ങള്‍ക്കു മുമ്പേ പരീക്ഷിച്ചുവച്ചത് ദുനിയാവ് വലിയൊരു പരീക്ഷണാലയമാണെന്നു മനസ്സിലാക്കിത്തരാനാണ്.

ഗുണപാഠം 4
വല്ലവര്‍ക്കും വല്ല ഉപകാരവും ചെയ്തുകൊടുത്താല്‍ നിങ്ങളത് ഓര്‍ക്കരുത്. വല്ലവരും നിങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്തുതന്നാല്‍ നിങ്ങളത് മറക്കുകയും ചെയ്യരുത്. ചിലപ്പോള്‍ ഉപകാരം ചെയ്തയാള്‍ നിങ്ങളില്‍ നിന്ന് മറുത്തൊന്നും പ്രതീക്ഷിച്ചില്ലെന്നുവരാം, എങ്കിലും നിങ്ങളതു മറക്കുകയെന്നതു മോശം കാര്യമാണ്. ആയതിനാല്‍, നിങ്ങള്‍ ജനങ്ങള്‍ക്കു ചെയ്യുന്ന ഉപകാരങ്ങളെ മണലില്‍ എഴുതിവക്കുക, ഒരു കാറ്റുവന്ന് അതിനെ മായ്ച്ചുകൊള്ളട്ടെ. എന്നാല്‍, മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്യുന്ന ഉപകാരങ്ങളെ പാറയില്‍ കൊത്തിവക്കുക, എന്നും നിങ്ങളതു വായിക്കണം!

ഗുണപാഠം 5
നന്മക്കു പകരമായി ദ്രോഹം മാത്രം ചെയ്യുന്നവനെക്കാള്‍ നിസ്സാരനായി ആരുമില്ലതന്നെ! നിനക്കു കാവലേകാന്‍ രാത്രി ഉറക്കമൊഴിച്ച കണ്ണുകളെ കരയിപ്പിക്കുന്നത് എന്തൊരു ദ്രോഹമാണ്! നിനക്കു സംരക്ഷണമേകാന്‍ ജീവിതം ഉഴിഞ്ഞുവച്ച കൈകളെ വെട്ടുന്നത് എത്രവലിയ ക്രൂരതയാണ്! നിന്റെ ദാഹമകറ്റിയ കിണര്‍ മണ്ണിട്ടുമൂടുന്നതും നിന്റെ വിശപ്പകറ്റിയ മരം വെട്ടിക്കളയുന്നതും എന്തൊരു അക്രമമാണ്! പണ്ടത്തെ അറബികളുടെ പ്രസിദ്ധമായ പഴമൊഴിയുടെ നേര്‍ച്ചിത്രമാവരുത് നീ: ‘നിന്റെ പട്ടിയെ തീറ്റിച്ചുവലുതാക്കുക, അവസാനമതു നിന്നെത്തന്നെ കൊന്നുതിന്നട്ടെ’. ( തുടരും )

സന്ധ്യാ വർത്തമാനം -1

സന്ധ്യാ വർത്തമാനം -2

സന്ധ്യാ വർത്തമാനം -3

സന്ധ്യാ വർത്തമാനം -4

സന്ധ്യാ വർത്തമാനം -5

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles