Columns

കൊറോണ നല്‍കുന്ന കരുതലിന്റ പാഠം

മുന്നൊരുക്കം എന്നിടത്താണ് മനുഷ്യരും മറ്റു ജീവികളും തമ്മില്‍ വ്യത്യാസപ്പെടുന്നത്. ഒഴിഞ്ഞ വയറുമായി കാലത്ത് വീട്ടില്‍ നിന്നും പുറത്തു പോകുന്ന പക്ഷികള്‍ വൈകീട്ട് നിറഞ്ഞ വയറുമായി തിരിച്ചു വരുന്നു. ഇന്നിനെ കുറിച്ച് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ. പക്ഷേ മനുഷ്യന്‍ നാളെയെ കുറിച്ചും ചിന്തിക്കുന്നു. അവന്റെ മനസ്സ് എന്നും ജീവിക്കുന്നത് നാളകളിലാണ്. ജീവിതത്തിനു ലക്ഷ്യ ബോധമുണ്ട് എന്നതിന്റെ തെളിവാണ് നാളേക്ക് വേണ്ടിയുള്ള ഒരുക്കം. ഹജ്ജിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ എടുത്തു പറഞ്ഞത് “ പാഥേയ” ത്തെ കുറിച്ചാണ്.

സമ്പത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദം അത് വിഡ്ഢികളെ ഏല്‍പ്പിക്കരുത് എന്നാണു. സമ്പത്ത് ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വന്നതിനേക്കാള്‍ വേഗത്തില്‍ പോകും. അതാണ്‌ നമ്മുടെ അനുഭവം. സമ്പത്ത് എന്നും ഒരിടത്ത് തന്നെ ഉണ്ടാകണമെന്നില്ല. അത് ജനത്തിനിടയില്‍ കറങ്ങി കൊണ്ടിരിക്കണം എന്നതാണ് ഖുര്‍ആനിക ഭാഷ്യം. സമ്പത്ത് ചെലവഴിക്കാതെ പൂട്ടി വെക്കുന്നവര്‍ ഇരു ലോകത്തും അത് കൊണ്ട് ഗുണം നേടുന്നില്ല എന്നാണു ഇസ്ലാമിന്റെ നിലപാട്.

Also read: തിരിച്ചറിവിലേക്ക് തുറക്കുന്ന തുടർച്ചയുടെ വാതിലുകൾ

കൊറോണ നമ്മെ പലതും പഠിപ്പിച്ചു. എത്ര തന്നെ ശാസ്ത്രീയ ഉന്നതി പ്രാപിച്ചാലും മനുഷ്യന്‍ നിസ്സഹായനാണ് എന്ന പാഠമാണ് ആദ്യമായി നല്‍കുന്നത്. എല്ലാ പുരോഗതിയും കണ്ടുപിടുത്തവും ഞങ്ങളുടെതാണ് എന്ന് ഉറക്കെ പറഞ്ഞവരെ തന്നെ കൊറോണ പിടികൂടി എന്നത് ഒരു അത്ഭുതമായി നമുക്ക് തോന്നുന്നു. മനുഷ്യര്‍ പുഴുക്കളെ പോലെ മരിച്ചു വീഴുമ്പോള്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന ഭരണ കൂടങ്ങള്‍ നമ്മുടെ ഒരു അനുഭവമാണ്. ഒറ്റപ്പെടലിന്റെ അറ്റമാണ് കൊറോണ. രോഗി ശാരീരിക വിഷമതകളും മാനസിക വിഷമതകളും പേറി ജീവിക്കേണ്ടി വരുന്നു എന്നത് ആധുനിക കാലത്ത് കൊറോണയുടെ മാത്രം പ്രത്യേകതയാണ്.

വിശ്വാസികളെ കുറിച്ച് പ്രവാചകന്‍ പറഞ്ഞ ഒരു വചനത്തില്‍ ഇങ്ങിനെ കാണാം “……….ശരീരത്തില്‍ ഒരിടത്ത് മുറിവ് പറ്റിയാല്‍ മറ്റു ഭാഗങ്ങളും അതിനോട് സഹകരിക്കും…..”. ലോകം മുഴുവന്‍ ഒന്നായി സഹകരിച്ച ചരിത്രമാണ്‌ കൊറോണ പറയുന്നത്. പരിധികള്‍ ലംഘിച്ചു ഒന്നായിരുന്ന സമൂഹങ്ങള്‍ പരിമിതികള്‍ മനസ്സിലാക്കി അകന്നു നിന്നു. തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള പരിധിയും ബാധകമല്ല എന്ന് വിളിച്ചു പറഞ്ഞവര്‍ ജീവിതം പരിധിക്കുള്ളിലാക്കാന്‍ പാട് പെട്ട് കൊണ്ടിരുന്നു. അങ്ങിനെ ജീവിതം അതിരുകളില്ലാത്ത ആഭാസമല്ല അതിരുകള്‍ നിര്‍ണയിച്ച സത്യമാണെന്ന് ജനത്തിന് അംഗീകരിക്കേണ്ടി വന്നു. പക്ഷെ ഈ പാഠം എത്ര നാളത്തേക്ക് എന്ന ചോദ്യത്തിനാണ് നാം ഉത്തരം നല്‍കേണ്ടത്. നാളെയെ കുറിച്ച വിചാരം ഇന്നിന്റെ കൂടി ആവശ്യമാണ്. തന്റെ മുന്നിലുള്ള പാത എപ്പോഴും ചുവന്ന പരവതാനി ആയിരിക്കില്ല എന്ന ബോധം വാഹനം ഓടിക്കുന്നവര്‍ക്ക് ഉണ്ടാകണം. അത് പോലെയാണ് ജീവിതവും. മുന്നില്‍ എന്നും സുഖകരമായ നാളെയാണ് എന്ന് നാം തെറ്റിദ്ധരിക്കാന്‍ പാടില്ല. നാളേക്ക് വേണ്ടി ഒരുക്കി വെക്കണം എന്നത് കൊണ്ട് പരലോകത്തേക്കു ഒരുക്കി വെക്കണം എന്നത് പോലെ നാളെത്തേക്ക് വിഭവങ്ങള്‍ ഒരുക്കി വെക്കുക എന്നതും അതിന്റെ ഭാഗമാണ്. ആ ഒരു ചിന്തയുടെ കുറവ് കൊറോണ കാലത്ത് നാം അനുഭവിച്ചു.

എത്ര പെട്ടെന്നാണ് ജനം പട്ടിണിയിലേക്ക്‌ നീങ്ങിയത്. ലോക്ക് ഡൌണ്‍ തുടങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ നാട്ടില്‍ പട്ടിണി തലപൊക്കി. സമൂഹത്തിന്റെ മൊത്തമായ അവസ്ഥ ഇത് തന്നെയായിരുന്നു. എന്നും എല്ലാം നല്ല രീതിയിലാവും എന്ന ധാരണയിലായിരുന്നു ജനം. തുടരെ തുടരെ രണ്ടു പ്രളയങ്ങള്‍ നാം നേരിട്ടു. എന്നിട്ടും കരുതലിനെ കുറിചു നാം ചിന്തിച്ചില്ല. കരുതലിനെ കുറിച്ച് പഠിപ്പിക്കാന്‍ ഒരു പ്രവാചകനെ തന്നെ ഇറക്കിയിട്ടുണ്ട്. യൂസഫ്‌ പ്രവാചകന്‍ പഠിപ്പിച്ച പാഠം അതായിരുന്നു. നിരന്തരം പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും വന്നു പോകുന്ന ഒരു നാട്ടില്‍ എപ്പോഴും കുറച്ചു കാലത്തേക്കുള്ള കരുതല്‍ ഒരു അനിവാര്യതയായി മനസ്സിലാക്കണം.

Also read: സ്നേഹം അല്ലാഹുവിനോടാകട്ടെ

മകള്‍ക്ക് ഇരുപതു വയസ്സാകുമ്പോള്‍ മാത്രമാണ് പല രക്ഷിതാക്കള്‍ക്കും മകള്‍ പ്രായമായ വിവരം മനസ്സിലാവുക. അവിടെയും കരുതല്‍ എന്നൊന്ന് പഠിക്കാതെ പോകുന്നു. മറ്റുളളവരെ ആശ്രയിക്കാതെ എങ്ങിനെ ജീവിക്കാം എന്നതാണ് നാം പഠിക്കേണ്ട പാഠം. അതെ സമയം സ്വന്തം അധ്വാനത്തെക്കാള്‍ അന്യന്റെ സമ്പത്തില്‍ ജീവിക്കാനാണ് പലര്‍ക്കും താല്പര്യം. എല്ലാ കരുതലിനും മേലെയാണ് ദൈവിക വിധി. അതിനെ തടയാന്‍ മനുഷ്യന്‍ നിസ്സഹായനാണ്. അതെ സമയം സ്വന്തം കഴിവ് കേടുകള്‍ വിധിയുടെ കണക്കില്‍ ചേര്‍ത്തു ആശ്വാസം കൊള്ളാനാണ് അധികം പേര്‍ക്കും താല്പര്യം.

പ്രളയം വന്നത് പോലെയല്ല കൊറോണ വന്നത്. പ്രളയം വന്നാല്‍ തിരിച്ചു പോകും. കൊറോണ പെട്ടെന്നൊന്നും തിരിച്ചു പോകില്ല. ഇനി കൊറോണയും നമ്മുടെ സഹജീവിയാണ്. എങ്ങിനെ കൊറോണയോട് രാജിയാകാം എന്നതാണ് ലോകം ചിന്തിച്ചു കൊണ്ടിരിക്കുന്നത്. അതായത് പുതിയ ജീവിത ശൈലിയിലേക്ക് ലോകം കടക്കുന്നു. അവിടെ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കി മുന്നോട്ടു പോകാന്‍ നാം പരാജയപ്പെട്ടാല്‍ അത് തിരിച്ചു വരാന്‍ കഴിയാത്ത അത്ര വലിയ പരാജയമായി കണക്കാക്കണം. സമ്പത്തിന്റെ ക്രയവിക്രയവും അനുബന്ധ സൂക്ഷമതയും ഖുര്‍ആന്‍ കൃത്യമായി വിശകലനം ചെയ്ത കാര്യങ്ങളാണ്. പക്ഷെ ഇത്ര നിസ്സാരമായി ജനം മനസ്സിലാക്കിയ മറ്റൊരു മേഖലയും ഇല്ലെന്നതല്ലേ വാസ്തവം.

Author
AS
Facebook Comments
Related Articles
Show More

Check Also

Close
Close
Close