Current Date

Search
Close this search box.
Search
Close this search box.

മതവും രാഷ്ട്രീയവും- തിരിച്ചറിയാതെ പോകുന്ന കാപട്യം

The National Mission for Manuscripts (NAMAMI) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സാംസ്കാരിക വകുപ്പിന്റെ ഭാഗമായ ഒരു സ്വതന്ത്ര ബോഡിയാണ്. കയ്യെഴുത്തു പ്രതികൾ സൂക്ഷിക്കുക , അവയെ കുറിച്ച അവബോധം, വിദ്യാഭ്യാസ ആവശ്യങ്ങൾ‌ക്കുള്ള ഉപയോഗം എന്നിവ വർദ്ധിപ്പിക്കുന്നതിനായി സർവ്വേകൾ സംഘടിപ്പിക്കുക എന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദ്യേശ്യം. അവരുടെ കീഴിൽ പ്രസിദ്ധീകരിച്ച കൃതിയാണ് പതിനാറാം നൂറ്റാണ്ടിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂം എഴുതിയ ” തുഹ്ഫത്തുൽ മുജാഹിദീൻ” . ഇംഗ്ലീഷ് , അറബി, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുള്ളത് . അറബി ഭാഷയിലാണ് ഇതിന്റെ കയ്യെത്തു പ്രതിയുള്ളതു. കേരളത്തിന്റെ ആദ്യ എഴുതപ്പെട്ട ചരിത്രം എന്നാണ് ഈ കൃതി അറിയപ്പെടുന്നത്.

കേരളത്തിൽ ആദ്യമായി വന്ന വിദേശികൾ പറങ്കികളല്ല. അതിനു മുമ്പ് വന്നവർ നമുക്കും അവർക്കും ഉപകാരമുള്ള കാര്യങ്ങളിൽ വ്യാപൃതരായി. കേരളത്തോട് അറബികൾ ഒരു അക്രമവും കാണിച്ചില്ല. അതെ സമയം പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം കേരളത്തിലെത്തിയ വാസ്ഗോഡിഗാമയും കൂട്ടരും കേരളത്തോട് ചെയ്ത ആക്രമങ്ങൾ മേൽ പറഞ്ഞ പുസ്തകത്തിൽ കൃത്യമായി തന്നെ പറയുന്നു. പ്രസ്തുത പുസ്തകത്തിൽ അന്നത്തെ കേരളത്തിന്റെ സാമൂഹിക അവസ്ഥയും ജനങ്ങളുടെ ജീവിതവും വിശ്വാസവും പ്രതിപാദ്യ വിഷയമാകുന്നുണ്ട്. പ്രസ്തുത പുസ്തകത്തിലെ നാലാം അദ്ധ്യായം കൈകാര്യം ചെയ്യുന്നത് “പോർച്ചുഗീസുകാരുടെ മലബാറിലേക്കുള്ള വരവും അവരുടെ നെറികെട്ട ചെയ്തികളും” എന്ന പേരിലാണ്. അതിൽ രണ്ടാം ഭാഗം ചർച്ച ചെയ്യുന്നത് ” പറങ്കികളുടെ ചില നെറികെട്ട ചെയ്തികൾ” എന്ന തലക്കെട്ടിലാണ്. അതിങ്ങനെ വായിക്കാം- ” തുടക്കത്തിൽ മലബാറിലെ മുസ്ലിംകൾക്ക് ഐശ്വര്യപൂർണ്ണവും സുഖകരവുമായ ജീവിതം നയിക്കാൻ അവരുടെ രാജാക്കന്മാരുടെ ഔദാര്യം കൊണ്ട് സാധിച്ചിരുന്നു. പക്ഷെ ദൈവഹിതം മാനിക്കാതെ അവർ  അവനെ ധിക്കരിച്ചു കൊണ്ടുള്ള ജീവിതം നയിച്ചു. അതുകൊണ്ടുതന്നെ പോർച്ചുഗീസ് ആധിപത്യം ദൈവം അവർക്കുമേൽ നിയോഗിച്ചു. വിവരണാതീതമായ ക്രൂരതകളും പ്രവർത്തികളുമാണ് അവർ മുസ്ലിംകൾക്കുമേൽ ചെയ്തു. പറങ്കികൾ മുസ്ലിംകളെ നിന്ദിക്കുകയും അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്തു. കാരണമില്ലാതെ പീഢിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു. വൃത്തികെട്ട സ്ഥലങ്ങളിൽ അവരെ വാഹകരാക്കി; മുഖത്ത് തുപ്പുക്വയും ഹജ്ജ് അടക്കമുള്ള യാത്രകൾ തടസ്സപ്പെടുത്തുകയും ചെയ്തു. അവരുടെ സ്വത്തുക്കൾ നശിപ്പിക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും
പള്ളികളും ഭവനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. പരിശുദ്ധ ഖുറാനും മറ്റു മത്രഗ്രന്ഥങ്ങളും ചവിട്ടിമെതിക്കുകയും കത്തിക്കുകയും ചെയ്തു ”

Also read: സേബുന്നിസ: തീസ് ഹസാരിയിൽ വിരിഞ്ഞ ഖുർആൻ പഠിതാവ്

“പൊതുസ്ഥലത്ത് പ്രവാചകനെ നിന്ദിച്ചു സംസാരിക്കുകയും ആരാധനാലയങ്ങൾ അശുദ്ധമാക്കുകയും ചെയ്തു. ഇസ്ലാമിനെ അവമതിക്കുകയും കുരിശിന് കുമ്പിടുന്നവർക്ക് പണം നൽകുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ പ്രലോഭിപ്പിക്കാൻ ക്രൈസ്തവ സ്ത്രീകളെ വേഷഭൂഷാദികളോടെ അവർക്ക് മുമ്പിൽ നടത്തിച്ചു. ഹജജ് തീർത്ഥാടകരെ കൊല്ലുകയും പലരെയും പിടിച്ച് തെരുവുകളിലൂടെ വലിച്ചിഴച്ച് അടിമകളാക്കി വിലക്കുകയും ചെയ്തു. അവരോട് ദയ കാണിച്ചവരോടും തടസ്സ പ്പെടുത്തിയവരോടും വൻതുക കൈക്കലാക്കി, പിടികൂടിയവരെ അപകടകരമായ സാഹചര്യത്തിൽ ഇരുട്ടറകളിലേക്ക് തള്ളി. ചെരുപ്പുകളും ചൂടാക്കി പഴുപ്പിച്ച കമ്പിവടികളും കൊണ്ട് മർദ്ദിച്ചത് വെള്ളം കൊണ്ട് ദേഹശുദ്ധി വരുത്തിയതിനായിരുന്നു. മുസ്ലിംകളെ പിടിച്ച് അടിമകളാക്കുന്നത് സർവ്വസാധാരണമായിരുന്നു.

വലിയ സന്നാഹങ്ങളോടെ പറങ്കികൾ മുസ്ലിം കപ്പലുകൾ പിടിച്ചെടുക്കാൻ ഗുജറാത്ത്, കൊങ്കൻ, മലബാർ, അറേബ്യൻ തീരം എന്നിവിടങ്ങളിലെ തുറമുഖങ്ങളിലേക്ക് കടന്നു.’ ഇതുവഴി അവർ വൻ സമ്പത്ത് കരസ്ഥമാക്കുകയും ധാരാളം മുസ്ലിംകളെ തടവിലാക്കുകയും ചെയ്തു. കുലീനകളായ മുസ്ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തി കൃസ്തീയ സന്തതികൾക്ക് ജന്മം നൽകി. എത്രയോ പണ്ഡിതരേയും സയ്യിദുകളെയും മഹത്തുക്കളേയും  തടവിലാക്കി പീഢിപ്പിക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്തത് എന്നതിന് കണക്കില്ല. ധാരാളം മുസ്ലിം പുരുഷന്മാരും സ്ത്രീകളും നിർബന്ധപൂർവ്വം ക്രിസ്തുമതത്തിലേക്ക് പരിവർത്തിക്കപ്പെട്ടു. അവർ ചെയ്തു കൂട്ടിയ ക്രൂരതകളും നീചപ്രവൃത്തികളും പറയാൻ വയ്യ! അവർ ചെയ്ത കൃത്യങ്ങൾക്ക് ദൈവത്തിനു മാത്രമെ തിരിച്ചടി നൽകാനാകൂ. — മുസ്ലിംകളെ മതംമാറ്റി ക്രിസ്ത്യാനികളാക്കുക എന്നതായിരുന്നു പറങ്കികളുടെ എക്കാലത്തെയും ലക്ഷ്യം. അത്തരം ഒരു വിധിയിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ. മലബാറിലെ തീരദേശങ്ങളിൽ മുഴുവനും ആധിപത്യമുള്ള മുസ്ലിംകളോട് സൗഹൃദത്തിൽ വർത്തിക്കേണ്ടത് ആവശ്യം അവർക്കു അനിവാര്യമായിരുന്നു. പോർച്ചുഗലിൽനിന്ന് പുതുതായെത്തുന്നവർ മുസ്ലിംകളെ കണ്ട് ഇങ്ങനെ പറയുന്നു: “ഇന്നോളം മുസ്ലിംകൾക്ക് ഒരു മാറ്റവുമില്ല. മുസ്ലിംകളെ മതംമാറ്റാൻ കഴിയാത്ത അവരുടെ പൂർവ്വികരെ അവർ പഴിക്കുന്നു. ………………..”

Also read: കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

” അവസാനമായി, മുസ്ലിംകളെ ഒന്നടങ്കം കൊച്ചിയിൽ നിന്ന് തുരത്തണമെന്നു അവർ കൊച്ചി രാജാവിനോടഭ്യർത്ഥിച്ചു. അതിനായി അവർ രാജാവിനോടും മുസ്ലിംകളിൽ നിന്ന് കിട്ടുന്ന ലാഭവിഹിതത്തിന്റെ എത്രയോ മടങ്ങ് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. മുസ്ലിംകൾ കാലങ്ങളായി തന്റെ പ്രജകളാണെന്നും അവർ ഈ രാജ്യത്തിന്റെ വളർച്ചയിലും ഐശ്വര്യത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് ” കൊച്ചി രാജാവും അവരുടെ ആവശ്യം തള്ളി, പോർച്ചുഗീസുകാർക്ക് മുസ്ലിംകളോടും അവരുടെ മതത്തോടുമല്ലാതെ മറ്റാരോടും ശത്രുതയുണ്ടായിരുന്നില്ല”.

വാസ്ഗോഡിഗാമയും കൂട്ടരും കൃസ്തീയ വിശ്വാസം കൈകൊണ്ടവരാണ്. മലബാറിലേക്ക് അവർ കടന്നു വന്നപ്പോൾ അവർക്കു വലിയ തടസ്സമായി തോന്നിയത് മുസ്‌ലിംകളായിരുന്നു. അത് കൊണ്ട് തന്നെയാണ് അവരുടെ മുഖ്യ ശത്രു മുസ്ലിംകൾ ആയതും. മലബാറിൽ ബ്രിട്ടീഷുകാർക്കും തടസ്സമായി തോന്നിയത് മുസ്ലിംകൾ തന്നെ. സാമ്രാജ്യത്വ വിരുദ്ധ മനസ്സ് എന്നത് വിശ്വാസികളുടെ കൂടെപ്പിറപ്പാണ് എന്നത് തന്നെ അതിനു കാരണം. ആധുനിക കാലത്തു ക്രൂരത കാട്ടിയവരിൽ നാം ഏതു മതക്കാരെയാണ് കൂടുതൽ കാണുക. ഒന്നും രണ്ടും മഹാ യുദ്ധങ്ങളുടെ കാരണക്കാർ എന്തായാലും മുസ്ലിം നാമമുള്ള ഭരണാധികാരികലായിരുന്നില്ല. അവിടെയാണ് ഇരട്ടത്താപ്പുകൾ നാം കാണാതെ പോകുന്നത്. ഔറംഗസീബ് ടിപ്പു എന്നീ നാമങ്ങളിൽ മതം കടന്നു വരുന്നു, അതെ സമയം വാസ്ഗോഡിഗാമ തുടങ്ങി ആരിലും മതം വരുന്നില്ല.

Also read: സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

ഇത് എഴുതപ്പെട്ട ചരിത്രം. നമ്മുടെ മുന്നിൽ എന്നുമുണ്ട്. ടിപ്പു സുൽത്താൻ മറ്റെല്ലാ രാജാക്കന്മാരെ പോലെ ഒരു രാജാവ് മാത്രം. അതിലപ്പുറം അദ്ദേഹത്തെ മുസ്ലിംകൾ കാണുന്നില്ല. ആ കാലഘട്ടത്തിലെ മറ്റു രാജാക്കന്മാരിൽ നിന്നും അദ്ദേഹം വ്യത്യസ്തനാകുന്നത്‌ അദ്ദേഹം പടപൊരുതിയതു ബ്രിട്ടീഷുകാർക്ക് എതിരെ എന്നത് മാത്രമാണ്. ബ്രിട്ടീഷുകാർ ടിപ്പുവിനെ ശത്രുവായി കണ്ടത് അദ്ദേഹമാണ് തെക്കേ ഇന്ത്യയിലെ അദ്ദേഹത്തിന്റെ ഏക പ്രതിരോധം എന്ന നിലയിലാണ്. ടിപ്പുവിന്റെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ പിന്നീട് ഉണ്ടാക്കിയതാണ്. മലബാറിലെ സാമൂഹിക അവസ്ഥയെ കാര്യമായി പുതുക്കിപ്പണിതു എന്നതാണ് സവർണ ലോബി അദ്ദേഹത്തെ എതിർക്കാൻ കാരണം. ടിപ്പുവിനെ കോട്ടയുടെ പരിസരങ്ങളിൽ ഇന്നും നിലനിൽക്കുന്ന അമ്പവലവും മറ്റു ആരാധന സ്ഥലങ്ങളും എന്നും സംസാരിക്കുന്ന തെളിവുകളാണ്.

ടിപ്പു കൃസ്ത്യാനികളെ മതം മാറ്റി എന്ന രീതിയിൽ ഒരച്ഛൻ അടുത്ത ദിവസം സംസാരിച്ചിരുന്നു. ടിപ്പു അത് ചെയ്തിട്ടില്ല എന്നതാണ് യാതാർഥ്യം. ഇനി അങ്ങിനെ സംഭവിച്ചു എന്ന് കരുതുക. അതിൽ ഇന്ന് ജീവിക്കുന്ന മുസ്ലിംകൾ എങ്ങിനെ പ്രതികളാവും. കേരളത്തിലേക്ക് കടന്നു വന്ന വാസ്ഗോഡിഗാമയും കൂട്ടരും ചെയ്ത ക്രൂരതകൾ മുസ്ലിംകൾ ഒരിക്കലും കൃസ്ത്യാനികളുടെ ലിസ്റ്റിൽ എണ്ണാറില്ല. ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ കറുത്ത നാമങ്ങളായ ജനറൽ ഡയറിനെ ഒരു കൃസ്ത്യാനി എന്ന് നാം പറയാറില്ല. ഹിറ്റ്ലറും മുസോളനിയും അങ്ങിനെ തന്നെ. ആധുനിക ലോകത്തിന്റെ ദുരന്തമായി ജോർജ് ബുഷിന്റെ മതം വെച്ച് പോലും മുസ്ലിംകൾ ചരിത്ര പഠനം നടത്താറില്ല. ഇസ്രായിൽ ഫലത്തിന് വിഷയത്തിൽ ശക്തമായ ജൂത നിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ മുസ്ലിം വിരുദ്ധ രാഷ്ട്രീയം നമ്മുടെ മുന്നിൽ തുറന്ന് പുസ്തകമാണ്. അവിടെയും നാം മതത്തിന്റെ പേരിൽ കാര്യങ്ങളെ കാണാറില്ല. ഒരു പ്രതലത്തിലേക്ക് വരുമ്പോൾ മാത്രം മതം പ്രശ്നമാകുകയും അപ്പുറത്താകുമ്പോൾ മതം അപ്രത്യക്ഷമാകുയും ചെയ്യുന്ന കാപട്യം തിരിച്ചറിയാതെ പോകരുത് .

Related Articles