Current Date

Search
Close this search box.
Search
Close this search box.

സേബുന്നിസ: തീസ് ഹസാരിയിൽ വിരിഞ്ഞ ഖുർആൻ പഠിതാവ്

ഇന്ത്യ ഭരിച്ച മുസ്ലിം കാലഘട്ടം നിരവധി മഹത്തുക്കളുടെ സംഭാവനകളെ വരും തലമുറക്ക് കൈമാറിയാണ് മൺ മറഞ്ഞ് പോയത്. അവയിൽ പുരുഷ പ്രതിഭാശാലികളെപ്പോലെ പ്രശസ്തരായ സ്ത്രീരത്നങ്ങളും ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ചരിത്രം രചിച്ചവരാണ്. ഇന്ത്യയിൽ വന്ന മുസ്ലിം ഭരണാധികാരികളിൽ ഏറ്റവും ഉൽകൃഷ്ട സ്വഭാവത്തിനുടമയായ വ്യക്തിയാണ് ഔറംഗസേബ്. അദ്ദേഹത്തിന്റെ പെൺമക്കളിൽ പ്രഗൽഭയായ സേബുന്നിസയെക്കുറിച്ചുള്ള (Zeb-un-Nissa) ചരിത്രം വായിക്കപ്പെടേണ്ടത് തന്നെയാണ്. ഇന്നത്തെ മഹാരാഷ്ട്രയിലെ ദൗലത്താബാ ധിലാണ് ഇവരുടെ ജനനം.

ഇന്ത്യ ഉപഭൂഖണ്ഡം കണ്ടതിൽ വെച്ച് ഇസ്ലാമിക അടിത്തറകളിൽ നിന്ന് വലിയ സംഭാവനകൾ നൽകിയ അപൂർവ്വം മുസ്ലിം ഭരണാധികാരികളിൽ ഒരാളാണ് ഔറംഗസേബ് ആലംഗീർ. ഔറംഗസേബ് സ്വന്തം കൈപ്പടയിൽ ഖുർആൻ പകർത്തി വ്യത്യസ്ത നാടുകളിലേക്ക് അയച്ചിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന മകൾ സേബുന്നിസ തന്റെ ഏഴാം വയസ്സിനുള്ളിൽ തന്നെ ഖുർആൻ മുഴുവൻ ഹൃദസ്ഥമാക്കി പിതാവിനെ അതിശയിപ്പിച്ചു. തന്റെ മകൾ നേടിയ ആ വലിയ നേട്ടം ഏറ്റവും ആർഭാടമായി തന്നെ പിതാവായ ഔറംഗസേബ് ആഘോഷിച്ചു. നാടെങ്ങും വിളംബരങ്ങൾ നടന്നു, അന്നേ ദിവസം പൊതു അവധി ദിവസമായി ഔറംഗസേബ് ഉത്തരവിറക്കി. ആർഭാട ജീവിതം നയിക്കാൻ എല്ലാ അവസരങ്ങൾ ഉണ്ടായിട്ടു പോലും ഖുർആൻ പഠിക്കാൻ കാണിച്ച തന്റെ മകൾക്ക് എത്ര സമ്മാനങ്ങൾ നൽകിയിട്ടും ഔറംഗസേബിന് മതിയായില്ല. 30,000 (തീസ് ഹസാർ ) സ്വർണ്ണനാണയങ്ങൾ മകൾക്ക് നൽകി ഖുർആൻ പഠനത്തിന് മറ്റുള്ളവർക്ക് പ്രചോദനമാവുന്ന പ്രോത്സാഹനങ്ങൾ ആ പിതാവ് നൽകി.

Also read: അങ്ങാടികളിലൂടെ നടന്ന പ്രവാചകന്മാർ

അക്കാലത്തെ പ്രഗൽഭ പേർഷ്യൻ പണ്ഡിതനും കവിയുമായിരുന്ന സഈദ് അഷ്റഫ് മസദറനിയിൽ നിന്ന് തത്വചിന്ത, ഗണിതം, ഗോളശാസ്ത്രം, സാഹിത്യം എന്നിവയിൽ മികച്ചു നിന്നതോടൊപ്പം പേർഷ്യൻ, അറബി, ഉറുദു ഭാഷകളിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്നു സേബുന്നിസ. സ്വന്തമായി ഒരു ലൈബ്രറി രൂപപ്പെടുത്തുകയും വ്യത്യസ്ത വിഷയങ്ങളിൽ പഠനങ്ങൾ നടത്തി വൈജ്ഞാനിക രംഗത്ത് മികച്ച സംഭാവനകൾ നൽകി. അനാഥകൾക്കും വിധവകൾക്കും പ്രത്യേക പരിഗണന നൽകിയ സേബുന്നിസക്ക് രാഷ്ട്രീയ കാര്യങ്ങളിൽ തന്റേതായ അഭിപ്രായം ഉണ്ടായിരുന്നു. തന്റെ മറ്റു മക്കളിൽ നിന്ന് വ്യത്യസ്തയാണ് സേബുന്നിസ എന്ന് മനസ്സിലാക്കിയാണ് പിതാവായ ഔറംഗസേബ് അവരോട് പെരുമാറിയിരുന്നത് പോലും. സ്വന്തമായി വസ്ത്രം ഡിസൈൻ ചെയ്ത് ആ മേഖലയിൽ വലിയ നേട്ടങ്ങൾ സേബുന്നിസ കൊണ്ട് വന്നു. അറബി, പേർഷ്യൻ കലിഗ്രഫിയിൽ അവരുടെ മികവ് പ്രശംസനീയമാണ്.

കവിതയിലുള്ള സേബുന്നിസയുടെ മികവും സംഭാവനകളുമാണ് ലോകത്ത് മറ്റേതിനേക്കാളും അവരെ പ്രശസ്തമാക്കിയത്. ‘ദിവാനെ മഖ്ഫി’ (Hidden One) എന്ന അവരുടെ കാവ്യ സമാഹാരം കവിതാ മേഖലയിലെ അതിവിശിഷ്ട ഗ്രന്ഥമായാണ് പരിഗണിക്കപ്പെടുന്നത്. പ്രസ്തുത കാവ്യ സമാഹാരത്തിന്റെ കയ്യെഴുത്ത് പ്രതി പാരീസിലെ നാഷ്ണൽ ലൈബ്രറി, ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറി ഇന്ത്യയിലെ മോട്ട ലൈബ്രറി എന്നിവിടങ്ങളിൽ ഇന്നും കാണാം. മൗലാന അബ്ദുൽ ഖാദിർ ബേദിൽ, കലിം കശ്ശാനി, സാഹെബ് തബ്രീസി, ഗനി കാശ്മീരി തുടങ്ങിയ കവികളുടെ ജീവിത കാലഘട്ടത്തിലാണ് സേബുന്നിസ ജനിച്ചു വളർന്നത്. മറ്റേത് കലയെക്കാളും തന്റെ ഉള്ളിലെ കവി ഭാവനയെ അവർ തിരിച്ചറിയികയും അതിൽ ഉയരാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഡൽഹി, മുഗൾ കാലഘട്ടത്തിൽ ഉയർന്നു വന്ന പ്രശസ്തരായ സ്ത്രീ രത്നങ്ങളിൽ സേബുന്നിസക്ക് പ്രത്യേക സ്ഥാനം തന്നെ അവകാശപ്പെടാം. ധാരാളം ഗ്രന്ഥങ്ങൾ രചിക്കുകയും തർജിമ നടത്തുകയും ചെയ്ത് ഗ്രന്ഥ രചനയിൽ അപൂർവ്വ നേട്ടങ്ങൾക്ക് ഉടമയായി സേബുന്നിസ. മൂനിസുറൂഹ്, സേബുൽ മുൻശആത്ത്, സേബുത്തഫാസിർ അവയിൽ പ്രധാനപ്പെട്ട രചനകളാണ്.

Also read: സെങ് ഹേയും ഉസ്ത്വൂലുശ്ശംസും

സേബുന്നിസയുടെ അവസാന നാളുകളെക്കുറിച്ച് വ്യത്യസ്ത ചർച്ചകൾ ചരിത്രത്തിൽ കാണാം. കാരണങ്ങൾ എന്തായിരുന്നാലും ലാഹോറിലെ സലിംഗർ കോട്ടയിലെ ജയിൽവാസത്തിനിടയിലാണ് സേബുന്നിസ ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്നത്തെ പഴയ ഡൽഹിയുടെ (Old Delhi) ഭാഗമായ ‘തീസ് ഹസാരി’ എന്ന പ്രദേശത്താണ് അവരുടെ ശവകുടീരം ആദ്യം പണിതുയർത്തപ്പെട്ടത്. പിന്നീട് അത് ആഗ്രയിലെ സിക്കന്ദരിയിലുള്ള അക്ബർ മ്യൂസിയത്തിലേക്ക് മാറ്റപ്പെട്ടു. ഡൽഹിയിൽ ഇന്ന് അറിയപ്പെടുന്ന പ്രദേശമാണ് ‘തീസ് ഹസാരി’ (മുപ്പതിനായിരം) എന്ന അർത്ഥമുള്ള സേബുന്നിസ അന്ത്യ വിശ്രമം കൊണ്ടിരുന്ന പ്രദേശം. മേൽ വിവരിച്ച പോലെ ഖുർആൻ മനപ്പാഠമാക്കിയതിന് പിതാവായ ഔറംഗസേബ് മകൾക്ക് സമ്മാനിച്ച മുപ്പതിനായിരം സ്വർണ്ണ നാണയങ്ങൾ (തീസ് ഹസാർ) എന്ന ആശയത്തെ സൂചിപ്പിക്കുന്നത് കൊണ്ടാവാം പിൽകാലത്ത് അവരുടെ ശവകുടീരം ഉൾപ്പെടുന്ന ഡൽഹിയിലെ പ്രസ്തുത പ്രദേശത്തിന് ‘തീസ് ഹസാരി’ എന്ന പേര് ലഭിച്ചത്.

Related Articles