Current Date

Search
Close this search box.
Search
Close this search box.

പ്രതിഭാധനരായ പണ്ഡിത സ്ത്രീകൾ

സ്ത്രീയുടെ പ്രകാശനമാണ് പുരുഷൻ. പുരുഷന്റെ പ്രകാശനമാണ് സ്ത്രീ. ഒരസ്തിത്വം മറ്റൊരസ്തിത്വത്തേക്കാൾ മീതെയോ, താഴെയോ അല്ല. ഇരുകൂട്ടരും തുല്യരാണ്. സ്ത്രീയും പുരുഷനുമായി ബന്ധപ്പെട്ട് ഇസ്‌ലാം സമർപ്പിക്കുന്ന അടിസ്ഥാന തത്വങ്ങളാണിവ. ഈ തത്വങ്ങളുടെ പുറത്തേറിയാണ് മുസ്‌ലിം സ്ത്രീകൾ ചരിത്രത്തിലെങ്ങും രാജാളിപ്പക്ഷികളെപ്പോലെ ഉയരങ്ങളിലേക്ക് ചിറകടിച്ചത്. ഒത്തിരി സാമൂഹിക രംഗങ്ങളിൽ അവർ മുദ്രകൾ കൊത്തിവെച്ചു.

സ്ത്രീകൾ സവിശേഷ സാന്നിധ്യം അറിയിച്ച ഒരിടമാണ് വൈജ്ഞാനിക ഇടം. ഒട്ടേറെ സ്ത്രീ പണ്ഡിത പ്രതിഭകളെ ചരിത്രത്തിൽ കാണാം. വിശിഷ്യാ, തിരുചര്യാ(സുന്നത്ത്) ശാസ്ത്രരംഗത്ത്. പ്രവാചകൻ മുഹമ്മദിന്റെ വചനങ്ങൾ ശ്രവിക്കുക, ഗ്രഹിക്കുക, ഉദ്ധരിക്കുക, ശേഖരിക്കുക, മറ്റുള്ളവർക്ക് എത്തിക്കുക പോലുള്ള വിഷയങ്ങളാണ് തിരുചര്യാ ശാസ്ത്രിന് കീഴിൽ വരുന്നത്. ഈ വക കാര്യങ്ങളിൽ പുരുഷന്മാരെപ്പോലെ സജീവമായിരുന്നു സ്ത്രീകളും. പ്രവാചക പത്നി ആയിശ തന്നെയാണ് ഒന്നാമത്തെ ഉദാഹരണം. ഇസ്‌ലാമിലെ പണ്ഡിത വനിതകളെ സംബന്ധിച്ച വിവരണമാണ് മുഹമ്മദ് അക്റം നദ്‌വി രചിച്ച് ‘ബുക്പ്ലസ്’ പ്രസിദ്ധീകരിച്ച ‘അൽമുഹദ്ദിസാത്ത്’ എന്ന കൃതി. ഈ കൃതിയെ വൈജ്ഞാനിക സ്വഭാവത്തോടെത്തന്നെ പരിചയപ്പെടുത്തുന്ന എഴുത്താണ് ഒക്ടോബർ മാസം ‘തെളിച്ചം’ മാസികയിലെ മുഹമ്മദ് ശമീമിന്റെ ‘അറിവുറവകളിലെ പെൺസാന്നിധ്യങ്ങൾ’ എന്ന ശീർഷകത്തിലുള്ള മുഖലേഖനം.

തീക്കൊള്ളികൊണ്ട് ചൊറിയുന്ന സി.പി.എം
ഇന്ത്യാ മഹാരാജ്യത്ത് വർഗീയ ധ്രുവീകരണങ്ങൾ നാൾക്കുനാൾ തീക്ഷണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അതിന് നേതൃത്വം നൽകുന്നതാവട്ടെ ഭരണകക്ഷിയായ ബി.ജെ.പിയും. ബി.ജെ.പി മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം സംഘ്‌ഫാഷിസമാണ്. സംഘ്ഫാഷിസത്തിനെതിരെ സാധ്യമാവുന്ന വിധത്തിൽ ധീരമായ മുന്നേറ്റങ്ങൾ നടത്തേണ്ടത് രാജ്യത്തെ മതേതര കൂട്ടായ്മകളുടെ ബാധ്യതയാണ്.

എന്നാൽ, മേൽപ്പറഞ്ഞ ബാധ്യത വഴിയിൽ കളഞ്ഞിരിക്കുന്നു സി.പി.എം. സംഘ്ഫാഷിസത്തിന് ഇന്ധനം നൽകുന്ന സമീപനമാണ് സി.പി.എമ്മിൽനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ്, സംവരണം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ നിലപാടുകൾ പരിശോധിച്ചാൽ അക്കാര്യം ബോധ്യമാവും. ‘ഇടതു സമീപനങ്ങൾ സംഘ്പരിവാറിനെ വളർത്തുന്നു’ എന്ന തലക്കെട്ടിൽ ‘ കേരള ശബ്ദ'(പുസ്തകം: 61, ലക്കം: 17) ത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്‌മാനുമായി പ്രദീപ് ഉഷസ്സ് നടത്തുന്ന അഭിമുഖം ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം നൽകുന്നുണ്ട്.

കോഴിക്കോട് ആവിക്കലിലെ മാലിന്യ പ്ലാന്റ് സമരത്തെ തീവ്രവാദികളുടെ സമരമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. പാലാ ബിഷപ്പ് നാർക്കോട്ടിക്ക് ജിഹാദ് ഉയർത്തി അരക്ഷിതാവസ്ത സൃഷ്ടിച്ചപ്പോൾ, രാഷ്ട്രീയമായി ലാഭം കൊയ്യാനാണ് സി.പി.എം ശ്രമിച്ചത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ആറാം നൂറ്റാണ്ടിലെ അപരിഷ്കൃതർ എന്ന സി.പി.എം അധിക്ഷേപം പതിവ് പല്ലവിയാണ്. ആത്യന്തികമായി സംഘ്ഫാഷിസത്തിന് അനുകൂലമായ മണ്ണൊരുക്കുകയാണ് വിവേകമല്ലാത്ത നിലപാടുകളിലൂടെ സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. ‘കേരള ശബ്ദ’ത്തിലെ അഭിമുഖം സമകാല വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടുകൾ അറിയാനും സഹായകമാണ്.

നബിഹൃദയം
‘നബിഹൃദയം’ എന്ന പേരിൽ ‘കലാകൗമുദി'(ലക്കം: 2457) യിൽ വന്ന എൻ.എസ് സുമേഷ് കൃഷ്ണന്റെ കവിത തന്മയത്വംകൊണ്ട് വ്യത്യസ്ത പുലർത്തുന്നുണ്ട്. പ്രവാചകൻ മുഹമ്മദ് ദൈവത്തോട് നടത്തുന്ന പ്രാർഥനകളാണ് കവിതയുടെ ഉള്ളടക്കം. കരുണാമയനായ ദൈവത്തിന്റെ മനുഷ്യ ചിത്തത്തോടുള്ള അടുപ്പമാണ് ആദ്യ വരികളിൽ തെളിയുന്നത്: ‘കരുണാമയനായ ദൈവമേ/ ഹൃദി സൗഭാഗ്യസുവർണ്ണതാരമേ/ മനതാരിലുണർന്നിരിക്കുമെൻ/ മഹനീയാർദ്രസമുദ്രസൂനമേ’. കവിതയുടെ മധ്യത്തിലെത്തുമ്പോൾ, അബോധമായി സംഭവിച്ചുപോവുന്ന തെറ്റുകൾക്കുള്ള പശ്ചാത്തപമായി വരികൾ രൂപപ്പെടുന്നു: ‘ അറിയാതെ പറഞ്ഞുപോയതും/ പൊരുളോരാതഥ ചെയ്തുപോയതും/ ക്ഷമയാർന്നു പൊറുത്തിടേണമേ/ ക്ഷിതിതന്നേകമഹാശ്രയത്വമേ’. അവസാന വരികളിൽ മരണ തിക്തകൾ അതിജീവിക്കാനുള്ള അർഥനകളാണ്: ‘പ്രണവോജ്ജ്വലമാം പ്രപഞ്ചമേ/ അമൃതംതൂകുമനന്ത ധന്യതേ/ മൃതിയോടെതിര് നിൽക്കുവാൻ മന/ ക്കരണത്തിന്നുകരുത്തു നൽകണേ’.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles