Columns

രോഗത്തെയല്ല; പൊതുബോധത്തെയാണ് ചികിത്സിക്കേണ്ടത്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ പല തിരിച്ചറിവുകളും നമുക്ക് നല്‍കുന്നുണ്ട്. ആത്മഹത്യക്ക് പിന്നില്‍ വിഷാദ രോഗമാണെന്ന വെളിപ്പെടുത്തലും അതോടനുബന്ധിച്ച് വന്നിരുന്നു. ഇങ്ങനെ ആത്മഹത്യ ചെയ്യേണ്ടി വന്നത് സുശാന്തിന് മാത്രമല്ല. ഏറ്റവുമൊടുവിലത്തെ ഉദാഹരണം സൂചിപ്പിച്ചെന്നു മാത്രം. ഇങ്ങനെ സ്വപ്നങ്ങള്‍ക്ക് കുരുക്കിടേണ്ടി വന്നവര്‍ ഒരുപാടുണ്ട്. ലോകത്തിന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക് സ്വയം നടന്നു കയറാന്‍ പ്രേരിപ്പിച്ചതിന് പിന്നിലെ തിക്ത യാഥാര്‍ഥ്യങ്ങളെ കുറിച്ച് ഇനിയെങ്കിലും നാം തിരിച്ചറിയുന്നത് നന്നായിരിക്കും. വിഖ്യാത ചിത്രകാരനായ വിന്‍സെന്റ് വാന്‍ഗോഗ്, ഒരു വെടിയുണ്ടയില്‍ സ്വന്തം സര്‍ഗാത്മകതക്ക് പൂര്‍ണ വിരാമമിട്ട ഏണസ്റ്റ് ഹെമിംഗ് വെ, സൗന്ദര്യം കൊണ്ട് ലോകത്തെ ത്രസിപ്പിച്ച നടി മെര്‍ലിന്‍ മണ്‍റോ ,സില്‍ക് സ്മിത, ശോഭ, മയൂരി ,ഉനാല്‍ സിംഗ് ഇവരെല്ലാവരും ഒരു ഘട്ടത്തില്‍ മരണത്തെ പുല്‍കിയവരാണ്. പ്രതിഭാവിലാസമില്ലാത്തവരുടെ പട്ടിക പരിശോധിച്ചാല്‍ എണ്ണിതിട്ടപ്പെടുത്താന്‍ ഏറെ പ്രയാസകരമാവും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം വിഷാദ രോഗത്തെ കുറിച്ച ചര്‍ച്ചകള്‍ അരങ്ങ് വാഴാറുണ്ട്. എന്നാല്‍ ഈ രോഗത്തെ സംബന്ധിച്ച ശരിയായ ധാരണ ആര്‍ക്കുമില്ലെന്നതാണ് നിജസ്ഥിതി. ആ കുറവുകള്‍ ഒരുപാട് പേരുടെ സ്വയംഹത്യകള്‍ക്ക് വഴിവെക്കുന്നുണ്ട് താനും. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 265 മില്യണ്‍ ആളുകള്‍ വിഷാദരോഗം കൊണ്ട് കഷ്ടപ്പെടുന്നുണ്ട്. ഈയവസ്ഥ പതിനഞ്ച് ശതമാനം മുതല്‍ ഇരുപത് ശതമാനം ആളുകളെ വരെ ബാധിക്കാമെന്ന് ഒടുവിലത്തെ പഠനങ്ങള്‍ പറയുന്നു. ഈ രോഗത്താല്‍ കഷ്ടപ്പെടുന്ന ആളുകള്‍ അവരുടെ രോഗത്തെ തിരിച്ചറിയപ്പെടാതെ പോകുന്നു. വിഷാദ രോഗമെന്നാല്‍ പലരും കരുതുന്നത് ജീവിതത്തിലെ വിഷമഘട്ടങ്ങളില്‍ പലര്‍ക്കുമുണ്ടാകുന്ന വിഷാദത്തിന് സമാനമായ ഒന്നാണെന്നാണ്. എന്നാല്‍ ഇവ തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടാഴ്ചയില്‍ മേലെ അനിയന്ത്രിതമായ ദുഃഖം വരിക, സ്ഥായിയായ ഭാഗം ദു:ഖമാവുക, അതോടൊപ്പം തന്നെ അമിതമായിട്ടുള്ള ക്ഷീണം, തളര്‍ച്ച, ഒന്നും ചെയ്യാന്‍ താല്‍പര്യമില്ലായ്മ ഇതൊക്കെയാണ് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍. ജീവിതത്തിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവും നഷ്ടപ്പെട്ട് അതാസ്വദിക്കാന്‍ പറ്റാതെ വരികയെന്നതും ലക്ഷണങ്ങളില്‍ പെട്ടവയാണ്.

ഏതൊരു മനുഷ്യനും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വെച്ച് മനോവിഷമത്തില്‍ അകപ്പെടാം.എന്നാല്‍ അവ സമയം കൊടുക്കുമ്പോള്‍ മാറുന്നതായും കാണാം. എന്നാല്‍, നിരന്തരമായി ദീര്‍ഘനാള്‍ സങ്കടവും, നിരാശയും, താല്‍പര്യമില്ലായ്മയുമൊക്കെ ബാധിച്ച് നിത്യജീവിതത്തിലെ കര്‍മങ്ങളില്‍ ഇടപെടാന്‍ കഴിയാതിരിക്കുക, ഉറക്കം, ഭക്ഷണം, സുഹൃത്തുക്കളുടെ കൂടെയുള്ള കളി, കളിയില്‍ താല്‍പര്യമില്ലാതാവുകയും ജീവിതം വ്യര്‍ഥമെന്ന് തോന്നുകയും ചെയ്യുക പോലുള്ള അവസ്ഥയാണ് വിഷാദരോഗം. നിര്‍ഭാഗ്യവശാല്‍, പലപ്പോഴും ഈയവസ്ഥയിലുള്ള വ്യക്തികളുമായി ഇടപഴകുന്നവര്‍ പോലും ഇതൊരു രോഗാവസ്ഥ ആണെന്നും, ശരിയായ ചികിത്സ കൊടുക്കേണ്ടതാണെന്നും അറിയാതെ പോകുന്നു. ചില സാന്ത്വന വാക്കുകളിലൊതുങ്ങും കാര്യങ്ങള്‍.എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ലല്ലോ എന്ന് രോഗിക്ക് തോന്നുന്ന അവസ്ഥയില്‍ പോലും അവര്‍ക്ക് സ്വപരിശ്രമം കൊണ്ട് മറികടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആവും വിഷാദ രോഗികള്‍. ദിനംപ്രതി കൂണ്‍ പോലെ മുളച്ച് പൊന്തുന്ന കൗണ്‍സിലിംഗ് സെന്ററുകള്‍ ഇത്തരം മാനസികാസ്വാസ്ഥ്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സൂചനയാണ്. കൗണ്‍സിലിംഗ് കൊണ്ടോ, തേന്‍ പുരട്ടിയ വാക്കുകള്‍ കൊണ്ടോ ആശ്വാസമാവുകയില്ലതാനും. ശരിയായ മനോരോഗ ചികിത്സ തന്നെയാണവശ്യവും പരിഹാരവും.

Also read: “കാഫിർ” ഒരു വിളിപ്പേരല്ല

ഡിപ്രഷനുള്ള ഒരു വ്യക്തിക്ക് അവനവനെക്കുറിച്ചുള്ള ധാരണാ പിശകുകള്‍ സംഭവിക്കാറുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നു വെച്ചാല്‍ പല കാരണങ്ങളാണതിനുള്ളത്. ചിലപ്പോള്‍ പാരമ്പര്യമായിട്ടുള്ള ഘടകമാവാം. അല്ലെങ്കില്‍ തലച്ചോറിലുണ്ടാകുന്ന കാര്യക്ഷമതയുടെ പ്രവര്‍ത്തനക്ഷമതയുടെ തകരാര്‍ മൂലമാവാം. തലച്ചോറിലുള്ള ചില രാസപദാര്‍ഥങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടാവാം. അതുമല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടുന്നതുകൊണ്ടാവാം. പല കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് ചിന്തിക്കുന്നത് മുഴുവനും തന്നെ കുറിച്ച് തന്നെ അവമതിപ്പില്ലാതെയായിരിക്കാം. ഇത്തരം രോഗികള്‍ അവനവനെ കുറിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ സ്വയം മെനഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം ധാരണാ പിശകുകള്‍ (Cognitive dissonance) അവനവനെ കുറിച്ചുണ്ടാകുമ്പോഴാണ് ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. എന്നാല്‍, ഡോക്ടറുടെ സഹായം തേടിയാല്‍ രോഗവിമുക്തി നേടുകയോ, രോഗം നിയന്ത്രണ വിധേയമാക്കുകയോ ആവാം.വിഷാദ രോഗമുള്‍പ്പെടെയുള്ള മാനസികാസ്വാസ്ഥ്യങ്ങളുടെ രോഗവിമുക്തിക്ക് മരുന്നോ, ചികിത്സയോ മാത്രമല്ല വേണ്ടപ്പെട്ടവരുടെ പരിചരണവും ശ്രദ്ധയും കുടി അതീവ പ്രാധാന്യമുള്ളതാണെന്നോര്‍ക്കുക. പനിയും മറ്റു അസുഖങ്ങളും പോലെ വിഷാദവും ഒരു അസുഖമാണ്. ചികിത്സിച്ചും മരുന്ന് കഴിച്ചും ഭേദപ്പെടുത്തേണ്ടവ. ഇത്തരത്തില്‍ വിഷാദ രോഗമനുഭവിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ കരുതല്‍ ആവശ്യമാണ്.വിഷാദ രോഗത്തെ കുറിച്ച് ഏറ്റവുമധികം തുറന്നുപറഞ്ഞിട്ടുള്ളത് ബോളിവുഡ് നടി ദീപിക പദുകോണാണ്. കരിയറില്‍ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോള്‍ തന്നെ വിഷാദം വേട്ടയാടിയെന്ന് അവര്‍ മടിയേതുമില്ലാതെ പറഞ്ഞു. മാനസികാരോഗ്യത്തിന്റെ പ്രസക്തി ജനങ്ങളിലേക്കെത്തിക്കാന്‍ എന്‍.ജി.ഒ യുടെ ഭാഗമാവുക കൂടി ചെയ്തു അവര്‍.സുശാന്തിന്റെ മരണശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നു കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയും നടി ഖുശ്ബുവും വിഷാദ രോഗത്തെ കുടഞ്ഞെറിഞ്ഞ കഥ പറഞ്ഞു.പ്രതിഭാ വിലാസമില്ലാത്ത അനേകം പേരുടേത് നാമറിയുന്നില്ലെന്ന് മാത്രം.

Also read: ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഇത്രയും പറഞ്ഞത് സമകാലീന സംഭവങ്ങളെ കുറിച്ചും വിഷാദ രോഗത്തെ കുറിച്ചുമാണ്. ബന്ധങ്ങള്‍ക്ക് ദൃഢതയില്ലാത്ത ഒരു കാലമാണിത്. അതിനെ അനിവാര്യമാക്കുന്ന ഘട്ടവും. രോഗികളെ കേള്‍ക്കാനും ഉള്‍കൊള്ളാനും സമൂഹം തയാറാവേണ്ടതുണ്ട്. വേണ്ടത്, കാല്‍പനിക വത്കരണമല്ല. മറിച്ച് പിന്തുണയാണ്. കാരണം, വിഷാദത്തിന്റെ വേദന അതിലൂടെ കടന്ന് പോയവര്‍ക്ക് മാത്രമേ അറിയൂ. അതൊട്ടും സുഖകരമല്ല താനും. അതിനി എത്ര വാക്കുകളുപയോഗിച്ചാലും അത് പൂരിപ്പിക്കാന്‍ കഴിയില്ല. ഒരിക്കലും തിരിച്ച് പോകാന്‍ ആരുമാഗ്രഹിക്കാത്ത അവസ്ഥയാണത്. താഴ്ന്നുപോകുന്നവര്‍ക്ക് പിടിച്ച് നീട്ടുന്ന കൈകളാവാന്‍ നമുക്ക് സാധിക്കണം. ഈ കോവിഡെന്ന മഹാമാരി കെട്ടടങ്ങുമ്പോഴേക്കും ലോകത്ത് വിഷാദ രോഗികളുടെ എണ്ണം കൂടുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാലോ, രോഗത്തേക്കാള്‍ അപകടകരമായ ഒരു ‘രോഗം’ ഇത്തരം മാനസികാസ്വാസ്ഥ്യങ്ങളെ ചുറ്റിപ്പറ്റി സമൂഹത്തില്‍ കണ്ട് വരാറുണ്ട്. ഈയൊരു പൊതു അസ്വസ്ഥതകള്‍ മാറ്റാത്തിടത്തോളം ആത്മഹത്യകള്‍ പെരുകുകയും ചെയ്യും. നിസാര കാര്യത്തിന് വേണ്ടി ഒരാള്‍ ഒരു മനോരോഗ വിദഗ്ധനെ സമീപിക്കുമ്പോഴേക്ക് അയാളൊരു ‘സൈക്കോ’ ആയിട്ടുണ്ടാവും. പോരാത്തതിന് സമൂഹം വേരുപിടിപ്പിച്ച നട്ടാല്‍ മുളക്കാത്ത മിഥ്യാധാരണകളും. മനോരോഗ ചികിത്സ കാലാകാലം ഗുളികക്കടിമയാക്കുമെന്നും മയക്കുമെന്നൊക്കെയുള്ള പമ്പരവിഢിത്വങ്ങള്‍ വിളമ്പി രോഗിക്ക് ഭ്രഷ്ട് കല്‍പിക്കുന്ന വേറെയും പ്രവണതകള്‍. ജോലി സ്ഥലങ്ങളിലും മറ്റുമുള്ള അപഹാസ്യങ്ങളും പരിഹാസങ്ങളും വേറെയും !. ആശ്വാസവും കരുതലുമാകേണ്ടിടത്ത് അയിത്തം കല്‍പ്പിച്ചാല്‍ പിന്നെങ്ങനെയാണ് വിഷാദ രോഗത്തില്‍ നിന്നും മറ്റു മാനസികാസ്വാസ്ഥ്യങ്ങളില്‍ നിന്നും നമ്മുടെ നാടിന് മോചനം കിട്ടുക ?!. ആയതിനാല്‍ ആദ്യം ചികിത്സിക്കേണ്ടത് ഇത്തരം പൊതുബോധത്തെ തന്നെയാണ്.

 

Facebook Comments
Related Articles
Close
Close