Current Date

Search
Close this search box.
Search
Close this search box.

ചരിത്രം മാറ്റിയെഴുതൽ ഫാഷിസ്റ്റുകളുടെ വിനോദമാണ്

Taj Mahal

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള എൻസിഇആർടിയുടെ (National Council of Educational Research and Training) ചരിത്ര പാഠപുസ്തകങ്ങളിലെ 46 അധ്യായങ്ങളിൽ ഏഴാം ക്ലാസിലെ രണ്ട് അധ്യായങ്ങളിൽ മാത്രമാണ് മുഗളന്മാരെയും മുഗൾ ഭരണത്തെയും കുറിച്ച പ്രതിപാദ്യങ്ങൾ ഉള്ളത്.

പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകത്തിലെ ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ രണ്ടാം ഭാഗത്തിലെ മുഗള്‍ സാമ്രാജ്യത്തെ കുറിച്ച പാഠഭാഗം ഒഴിവാക്കിയത് ചരിത്രത്തെ പേടിയുള്ള സവർണ്ണ ഹിന്ദുത്വവാദികളുടെ ഗതികേടിന്റെ ആഴം വ്യക്തമാക്കുന്നു
മുഗൾ ഭരണകാലത്തെക്കുറിച്ച അധ്യായങ്ങൾ നേരത്തേ സി.ബി.എസ്.ഇ.യും ഒഴിവാക്കിയിരുന്നു. പതിനൊന്നാംക്ലാസിലെ ഇസ്ലാമിക ചരിത്രം ഇതിവൃത്തമായ ‘സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്’ എന്ന പാഠഭാഗവും കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ ഒഴിവാക്കുകയുണ്ടായി.
സപ്താത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഉൾപ്പെടെ മുഗൾ ഭരണകാലത്തെ നിരവധി ശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്ന ഉത്തർപ്രദേശിലാണ് മുഗൾ ചരിത്ര നിരാസത്തിന് ആരംഭം കുറിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
പരിഷ്കരിച്ച എൻസിഇആർടി സിലബസ് ആദ്യം പഠിപ്പിക്കുക അവിടെയാണ്.

യുപിയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ താജ് മഹൽ, ആഗ്ര കോട്ട, ഫത്തെപൂർ സിക്രി, ബുലന്ദ് ദർവാസ, അക്ബറിന്റെ മുസോളിയം തുടങ്ങി മുഗളന്മാരുടെ കാലത്ത് പണിത അസംഖ്യം ചരിത്ര സ്മാരകങ്ങളെ കുറിച്ച് വരും തലമുറ അറിയരുതെന്നാണ് സംഘ് പരിവാറിന്റെ തീരുമാനം.

മുഗൾ ഭരണകാലത്തെ സ്ഥലനാമങ്ങൾ പോലും ഒന്നൊന്നായി മാറ്റിക്കൊണ്ടിരിക്കുന്ന ഈ വംശീയവാദികൾ ധരിച്ചിരിക്കുന്നത് പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്താൽ ചരിത്രം ഇല്ലാതാകുമെന്നാണ്.

1813 മുതൽ 1859 വരെ തിരുവിതാംകൂറിൽ നടന്നപ്രശസ്തമായ ചാന്നാർ വിപ്ലവത്തെക്കുറിച്ച പരാമർശങ്ങൾ 2019ൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ദലിതരും കീഴ്ജാതിക്കാരുമായ സ്ത്രീകൾ മാറുമറക്കാനുള്ള അവകാശത്തിനായി നടത്തിയ ആ പ്രക്ഷോഭം മനുഷ്യ വിരുദ്ധമായ സവർണ്ണ പ്രത്യയശാസ്ത്രത്തെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടുകയായിരുന്നു.

ഹിന്ദുമതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മാറിയ നാടാർ സ്ത്രീകൾ മേൽവസ്ത്രം ഉപയോ​ഗിക്കാൻ തുടങ്ങിയതുമുതൽ സവർണഹിന്ദുക്കൾ അതിനെതിരെ ആക്രമണമഴിച്ചുവിട്ടു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണരുടെ വാദം. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു. സവർണ്ണ തമ്പുരാക്കന്മാർ പാഠപുസ്തകങ്ങളിൽ നീക്കിയത് കൊണ്ട് ഈ ചരിത്രം ഇല്ലാതാകുമോ?

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുള്ള ഗുജറാത്ത് വംശഹത്യയെക്കുറിച്ച പരാമർശങ്ങൾ സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ (പേജ് 187-189) നിന്ന് നീക്കം ചെയ്തിട്ട് അധികകാലം ആയിട്ടില്ല. കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് ടിപ്പു സുൽത്താനെ പൂർണമായും ഒഴിവാക്കിയത് അവിടുത്തെ ബിജെപി ഭരണകൂടമാണ്.

ചരിത്രം മാറ്റിയെഴുതൽ ഫാഷിസ്റ്റുകളുടെ വിനോദമാണ്. പാഠപുസ്തകങ്ങളിലെ അധ്യായങ്ങളും സ്ഥലനാമങ്ങളും മാത്രമേ അവർക്ക് മാറ്റാൻ കഴിയൂ. ലോകം കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റുകൾ ആയ ഹിറ്റ്ലർക്കും മുസോളിനിക്കും ചെയ്യാൻ കഴിയാത്തത് വിവരസാങ്കേതികവിദ്യ അത്യധികം വികസിച്ചിരിക്കുന്ന ഈ കാലത്ത് നടപ്പാക്കുമെന്നാണ് ഹിന്ദുത്വ വംശീയവാദികൾ സ്വപ്നം കാണുന്നത്!.

 

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles