‘ഇന്ത്യയിലെ ജനാധിപത്യം യഥാര്‍ഥത്തില്‍ അതിന്റെ മണ്ണിന് മുകളിലണിയിച്ച ഉടയാട മാത്രമാണ്. അടിസ്ഥാനപരമായത് ജനാധിപത്യവിരുദ്ധമാണ്.’ – ബി.ആര്‍ അംബേദ്കര്‍
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നെന്നും നരേന്ദ്ര മോദിക്ക് കീഴിലത് ഏകാധിപത്യത്തിലേക്ക് മാറുകയും അതിന്റെ ജനാധിപത്യ സ്വഭാവം കൊല ചെയ്യപ്പെടുകയും ചെയ്തുവെന്ന് ദെബാഷിഷ് റോയ് ചൗദരിയും ജോണ്‍ കീനും ചേര്‍ന്നെഴുതിയ ‘റ്റു കില്‍ എ ഡെമോക്രസി: ഇന്ത്യാസ് പാസേജ് റ്റു ഡിസ്‌പോട്ടിസം'( To Kill a Democracy: India’s Passage to Despotism) എന്ന പുസ്തകം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്. മാത്രവുമല്ല, ധനികവര്‍ഗത്തിന്റെ ലിബറല്‍ ചന്താഗതിയെ പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍പോലും, ഇന്ത്യയുടെ നിലവിലെ അപചയാവസ്ഥ പൂര്‍ണമായും ഹിന്ദുത്വവല്‍കരണത്തിന്റെ ഭാഗമാണെന്ന് പറയാനാവില്ലെന്നും അവര്‍ വാദിക്കുന്നു. സ്വാതന്ത്ര ലബ്ധിതൊട്ടേ അതിനാവശ്യമായുള്ള വിത്തുകള്‍ വിതയ്ക്കപ്പെട്ടിട്ടുണ്ട്.
ഹിന്ദു രാഷ്ട്രം എന്ന ദീര്‍ഘകാല സ്വപ്നത്തെ സങ്കീര്‍ണമായൊരു സമയത്തിനകത്തുതന്നെ സഫലീകരിക്കാനുതകുന്ന രീതിയില്‍ 2014 മുതല്‍തന്നെ മോദി ഭരണകൂടം സ്വേച്ഛാധിപത്യത്തിന് കൊടിപിടിക്കുകയും ജനാധിപത്യ ധ്വംസനം ത്വരിതപ്പെടുത്തുകയും ചെയ്തിരുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന മറ്റൊരു സത്യംകൂടി പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്. മോദി ഭരണത്തിലുള്ളതു പോലെ ദുഷ്പ്രവൃത്തികള്‍ക്ക് പ്രഥമസ്ഥാനം നല്‍കുന്ന ഒരു നടപടിയും കോണ്‍ഗ്രസ് ഭരണത്തില്‍ കാണാനാകുമായിരുന്നില്ല. എന്നാല്‍, മോദി ഭരണകൂടം അതിന്റെ അസ്തിത്വത്തില്‍തന്നെ ജനാധിപത്യവിരുദ്ധമാണ്. ബി.ജെ.പിയുടെ അടിത്തറയായ രാഷ്ട്രീയ സ്വയംസേവക് സംഘിനകത്തെ പൂര്‍വികരായ ഫാസിസ്റ്റുള്‍ ജനാധിപത്യവിരുദ്ധത ചിന്താഗതിക്ക് പേരുകേട്ടവരാണ്. നിലവില്‍ സ്വേച്ഛാധിപതികളായ രാഷ്ട്ര തലവന്മാര്‍ ചെയ്യുന്നതുപോലെ ജനാധിപത്യത്തെ കശാപ്പ് നടത്തും മുന്നേ ജനാധിപത്യത്തിലൂടെത്തന്നെ അധികാരം കൈയേറുകയെന്ന തന്ത്രമാണ് മോദിയും നടപ്പില്‍വരുത്തിയത്. അഥവാ, സ്വേച്ഛാധിപതികളായ രാഷ്ട്രിയ നേതാക്കളുടെ വഴിയേയാണ് പൂര്‍ണബോധ്യത്തോടെത്തന്നെ മോദിയും മാര്‍ച്ച് നടത്തുന്നത്.
കോളനിവല്‍ക്കരണാനന്തര ഇന്ത്യയുടെ രൂപീകരണംതന്നെ ഇരുളടഞ്ഞതാണ്. വിഭജനാന്തര ഇന്ത്യ, അതിന്റെ എല്ലാ പൗരന്മാര്‍ക്കും നീതിയും സ്വാതന്ത്ര്യവും സമത്വം സാഹോദര്യവും സുരക്ഷിതമാക്കുന്ന ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായിരിക്കുമെന്ന് സ്ഥാപിക്കുന്ന ഭരണഘടനയുടെ ആമുഖം വളരെ മൂല്യവത്തായൊരു നിര്‍മിതിയായിരുന്നു. പക്ഷേ, വിപുലീകരിച്ച വോട്ടവകാശത്തില്‍പോലും സമ്പത്തും വിദ്യാഭ്യാസവുമുള്ള മൊത്തം ജനസംഖ്യയുടെ നാലിലൊന്നിനെ മാത്രം പ്രതിനിധീകരിക്കാനേ ഭരണഘടനാ അസംബ്ലിക്ക് കഴിഞ്ഞുള്ളൂ. അതിനാല്‍തന്നെ, ‘നാം, ഇന്ത്യന്‍ ജനത’യെന്ന ആശയം ഒരു അമൂര്‍ത്തതയായി നിലനില്‍ക്കുന്നു. യഥാര്‍ഥ ജനങ്ങളില്‍നിന്നും വേര്‍പിരിഞ്ഞ് ഒരു രാഷ്ട്രീയ കെട്ടുകഥയായി മാത്രമത് അവശേഷിക്കുന്നു. കാലാന്തരെ, യഥാര്‍ഥ ജനങ്ങള്‍ക്കെതിരെ അത് വളരാന്‍ തുടങ്ങും.
ജനാധിപത്യ സ്വഭാവത്തെ സുശക്തമാക്കാന്‍ ഭരണഘടനയുടെ 42 ാം ഭേദഗതി ആമുഖത്തില്‍ മതേതരത്വവും സോഷ്യലിസവും ചേര്‍ത്തു. അതിനെ അര്‍ഥശൂന്യമാക്കുംവിധം സൂചന 1975 ലെ അടിയന്തിരാവസ്ഥയോടെത്തന്നെ പുറത്തുവന്നു. മേല്‍പറഞ്ഞ ഭേദഗതി ഭരണഘടനയ്ക്കകത്ത് നിന്നുകൊണ്ടുതന്നെ സ്വേച്ഛാധിപത്യ ഭാവം സാധ്യമാക്കാനാകുമെന്നതിന്റെ തെളിവായിരുന്നു. ഇന്ത്യന്‍ ജനാധിപത്യമൊരു മിഥ്യയാണെന്ന് ഇന്ത്യന്‍ പൂര്‍വികരെക്കാള്‍ മുമ്പ് തെളിയിച്ചത് ഭരണഘടനയുടെ ആമുഖമായിരുന്നു. സൗമ്യമായ രീതിയില്‍ ജനങ്ങളെ വേദനിപ്പിക്കുന്ന, മോഡി ഈയിടെ തന്റെ രാഷ്ട്രീയ ശബ്ദകോശത്തിലേക്ക് ചേര്‍ത്തുവെച്ച ‘അംമൃത് കാലി’ലേക്ക് പ്രവേശിക്കലോടുകൂടെ ഈ മിഥ്യ കൂടുതല്‍ വളരുകയും അതിന്റെ യാഥാര്‍ഥ്യത്തെ മറികടക്കുകയും ചെയ്യും. ജനാധിപത്യത്തിന്റെ മാതാവായി അവതരിപ്പിക്കപ്പെടുമ്പോള്‍തന്നെ സ്വേച്ഛാധിപത്യ ഇന്ത്യ കാണിക്കുന്ന വ്യാജ പ്രകടനങ്ങളുടെ ചിത്രങ്ങള്‍കൂടി പുസ്തകം അനാവരണം ചെയ്യുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍, തിരഞ്ഞെടുപ്പുകള്‍, നിയമസഭകള്‍, ഗവണ്‍മെന്റുകള്‍, പ്രധാനമന്ത്രിമാര്‍ എന്നിവയെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ചലനാത്മക സംവിധാനമെന്നതിനുമപ്പുറമാണ് ജനാധിപത്യമെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ വാദിക്കുന്നു. പണക്കൊഴുപ്പിന്റെയും സ്വകാര്യ സൈന്യത്തിനും മാധ്യമങ്ങള്‍ക്കും മറ്റിതര സ്ഥാപനങ്ങള്‍ക്കും മേലുള്ള അധികാര നിയന്ത്രണത്തിന്റെയും സ്വാധീനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യമാകുമെങ്കില്‍ നിങ്ങളുടെ രാജ്യം ജനാധിപത്യത്തില്‍നിന്ന് എത്രയോ അകലെയാണ്.
ഭരണകക്ഷിയായ ബിജെപി ഇന്ന് മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളെക്കാളും സമ്പന്നമാണ്. ഫാസിസ്റ്റ് സ്വഭാവങ്ങള്‍ ഒരിക്കലും മറച്ചുവെക്കാത്ത ഹൈഡ്രാ-ഹെഡ്ഡഡ് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്റെ പിന്തുണയുള്ള ലോകത്തിലെ എറ്റവും വലുതും സമ്പന്നവുമായ പാര്‍ട്ടിയാണിതെന്ന് പറയപ്പെടുന്നു. ഭരണകൂടത്തിനെതിരെയുള്ള ഏത് പ്രതികരണങ്ങളെയും ഇല്ലായ്മ ചെയ്യാന്‍ ദുരുപയോഗം നടത്താന്‍ പാകത്തില്‍ സര്‍വ മാധ്യമങ്ങളുടെയും ഭരണസ്ഥാപനങ്ങളുടെയും പൂര്‍ണ അധികാരം ഇന്ന് ബിജെപിക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍, സാമൂഹിക ബുദ്ധിജീവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുയര്‍ത്തുന്ന വെല്ലുവിളികളെയും പൊതു സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടവര്‍ ഇല്ലായ്മ ചെയ്യുന്നു. പൈശാചിക നിയമങ്ങള്‍ക്ക് കീഴില്‍ പലരെയും അവര്‍ തടവിലാക്കിയിട്ടുണ്ട്. ചര്‍ച്ചകളില്ലാതെ നിയമങ്ങള്‍ പാസാക്കി പലപ്പോഴും പാര്‍ലമെന്ററി സംവിധാനത്തിന്റെ പ്രാധാന്യത്തെത്തന്നെ ബിജെപി അപ്രസക്തമാക്കുകയും ചെയ്തിട്ടുണ്ട്. ട്രോളുകള്‍ വഴി (ലീഗല്‍ റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്ന നിലയില്‍ ഒരു ആര്‍എസ്എസ് സംഘടന എസ്.എസ് ഷിന്‍ഡെക്കെതിരെ 2021 ജൂലൈ മാസം ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. തീവ്രവാദ കുറ്റാരോപിതനായ ജെസ്യൂട്ട് പുരോഹിതനോടും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയോടും ഷിന്‍ഡെ അനുഭാവം വെച്ചുപുലര്‍ത്തുന്നു എന്നതായിരുന്നു അവരുടെ വാദം.)
ചീഫ് ജസ്റ്റിസിനെ അവര്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. സ്വാധീനിക്കാന്‍ വിസമ്മതിച്ചാല്‍ ഉദ്യോഗസ്ഥ തലങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നു. അഥവാ, ഒരിക്കല്‍ സ്വതന്ത്രമായിരുന്ന ജുഡീഷ്യറി ഇപ്പോള്‍ കൂടുതലും സര്‍ക്കാറിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നേതൃസ്ഥാനത്ത് തങ്ങളുടെ വാക്താക്കളെ നിയമച്ചതോടെ യൂണിവേഴ്‌സിറ്റി തലങ്ങളിലും ഇപ്പോള്‍ സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പ്രതിയോഗികളെ കീഴ്‌പെടുത്താന്‍ കടുത്ത സാമ്പത്തിക നിമയങ്ങള്‍ നടപ്പില്‍വരുത്തുന്നു. ഇക്കാരണത്താല്‍, കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇന്ത്യന്‍ എന്‍ജിഒകളില്‍ മൂന്നില്‍ രണ്ടും ഇവിടെനിന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിയടയില്‍ ഇത്തരം ഭരണഘടനാ വിരുദ്ധമായ സംഭവങ്ങള്‍ എല്ലായിടത്തും നിത്യകാഴ്ചയായി മാറിയിട്ടുണ്ട്.
ഡോ. അംബേദ്കറുടെ ആശയങ്ങളെ പ്രതിധ്വനിപ്പിക്കുന്ന രചയിതാക്കള്‍ അന്തസ്സോടെ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ഒരു ജീവിതരീതിയായിട്ടാണ് ജനാധിപത്യത്തെ നിര്‍വചിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക അടിത്തറയിലേക്ക് അവര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിജീവിനത്തിനായുള്ള ജനങ്ങളുടെ ദൈനംദിന പോരാട്ടങ്ങളെ അവര്‍ ചര്‍ച്ചക്കെടുക്കുന്നു. തങ്ങള്‍ അനുഭവിക്കുന്ന സാമൂഹിക അസമത്വവും പാരതന്ത്ര്യവും തങ്ങള്‍ കണ്ട തിരഞ്ഞെടുപ്പെന്ന ആശയത്തെ എങ്ങനെയാണ് ഹൈജാക്ക് ചെയ്യുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഭരണകൂട വിധികളോടുള്ള അനുസരണയും സാമൂഹിക ആചാരമായി മാറിയ തിരെഞ്ഞെടുപ്പിനോടുള്ള സ്‌നേഹവും രാഷ്ട്രീയ പാര്‍ട്ടികളുടെ വശീകരണവുമായിരിക്കാം ഇപ്പോഴും ഇന്ത്യന്‍ ജനങ്ങളെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ പ്രേരിപ്പിക്കുന്നത്.
അഭിമാനത്തോടെ ജീവിക്കുന്ന പൗരന്മാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പുസ്തകത്തിലുണ്ട്. ആരോഗ്യപരിപാലനം, പട്ടിണി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, അപകടകരമായ ഗതാഗതം, വ്യവസ്ഥാപിതമല്ലാത്ത പൊതുവിദ്യഭ്യാസം, നീതിന്യായ വ്യവസ്ഥയുടെ അപചയം, നിര്‍ബന്ധിത തിരഞ്ഞെടുപ്പ്, ദേശീയതാ ആഖ്യാനങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ മാധ്യമങ്ങളുടെ കൂട്ടുകെട്ട്, ജാതീയതയുടെ കുരുക്ക്, ദേശീയവിരുദ്ധതയുടെ ചാപ്പകുത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും ജയില്‍വാസം, ലൈംഗിക പീഡനം, ഹിന്ദുത്വ ഭരണകൂടത്തിന് കീഴിലായി മുസ്‌ലിം ന്യൂനപക്ഷത്തെ കീഴ്‌പെടുത്താന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന സമീപകാല മാറ്റങ്ങള്‍ തുടങ്ങി അനേകം മേഖലകളെയത് സ്പര്‍ശിക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ ഗൂഢാലോചനകളെ തകര്‍ക്കുമാറ് പൗരന്മാരുടെ സ്ഥിതിവിശേഷങ്ങളെക്കുറിച്ചുള്ള ലോക റാങ്കിങ്ങില്‍ ഇന്ത്യ താഴേക്ക് കൂപ്പുകുത്തുകയാണ്. 2022 ലെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് കണക്ക് പ്രകാരം 121 രാജ്യങ്ങളുടെ കൂട്ടത്തില്‍ 107 ാം സ്ഥാനത്താണ് ഇന്ത്യ. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ലോക റെക്കോര്‍ഡാണ്(19.3%) ഇന്ത്യക്കുള്ളത്. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ 109 റാങ്കോടെ അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. അയല്‍രാജ്യങ്ങളായ പാകിസ്ഥാന്‍(99), ബംഗ്ലാദേശ്(84), നേപ്പാള്‍(81), ശ്രീലങ്ക(64) എന്നിവയെല്ലാം ഇന്ത്യയെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. 2021 ലെ കണക്കില്‍ 116 രാജ്യങ്ങളില്‍നിന്ന് 101 ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍, 2020 ല്‍ ഇറാഖ്, കോംഗോ എന്നിവയെക്കാളും മോഷപ്പെട്ട രീതിയില്‍ 107 രാജ്യങ്ങളില്‍നിന്ന് 94 ാം സ്ഥാനമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്.
ജനസംഖ്യാനുപാതത്തിനും മുകളിലായി 225 മില്യണ്‍ ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യ ഉത്പദാപ്പിക്കുന്നുണ്ട്. പക്ഷേ, മതിയായ സൂക്ഷിപ്പു കേന്ദ്രങ്ങള്‍ ഇല്ലാത്തതിനാലും കാര്യമായ രീതിയില്‍ കൈമാറ്റം നടക്കാത്തതിനാലും അവയില്‍ നാല്‍പത് ശതമാനവും പാഴായി പോകുന്നു. ഗ്ലോബല്‍ സ്ലാവറി ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യയില്‍ എട്ട് മില്യണ്‍ ജനങ്ങള്‍ നിലവില്‍ ‘ആധുനിക അടിമത്ത ജീവിതം’ അനുഭവിക്കുന്നവരാണ്. മോദിയുടെ അധികാര കാലയളവില്‍ അസമത്വം അതിന്റെ ഏറ്റവും രൗദ്രഭാവത്തിലാണ്. ഗൗതം അദാനിയുടെ സമ്പത്തിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ റിസര്‍ച്ച് മോദി ഭരണകൂടം അഴുകിക്കൊണ്ടിരിക്കുന്നത് വരച്ചുകാട്ടുകയാണ്. മഹാമാരിയുടെ കാലത്ത് അദാനിയുടെ സമ്പാദ്യം എട്ട് മടങ്ങ് വര്‍ധിച്ചതായി നേരത്തെ ഓക്‌സ്ഫാം റിപ്പോര്‍ട്ടും വന്നതാണ്. കേന്ദ്ര ഭരണകൂടവുമായുള്ള ബന്ധം, രാജ്യത്തെ ഏറ്റവും വലിയ തുറമുഖ കൈകര്‍ത്താവാകാനും ഏറ്റവും വലിയ താപ കല്‍ക്കരി വൈദ്യുതി ഉത്പാദകനാകാനും വേണ്ടിയാണ് അദ്ദേഹം ദുരുപയോഗം ചെയ്തത്. അതിനുപുറമെ, പവര്‍ ട്രാന്‍സ്മിഷന്‍, ഗ്യാസ് വിതരണം, ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കപ്പെട്ട വിമാനത്താവളങ്ങള്‍ തുടങ്ങി ഇന്ത്യയുടെ പൊതുസമ്പത്തായിരുന്നതെല്ലാം ഇപ്പോള്‍ അദാനിയുടെ കൈകളിലാണ്.
ഇന്ത്യ അനുഭവിക്കുന്ന ജനാധിപത്യ അസ്വസ്ഥതകള്‍ ഇപ്പോള്‍ പ്രശസ്തമാണ്: ജനാധിപത്യ രാജ്യങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വിവര ശേഖരം നടത്തുന്ന സ്വീഡനിലെ ഗോഥന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലുള്ള വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ 2022 ലെ റിപ്പോര്‍ട്ടില്‍ ‘എലക്ടോറല്‍ ഓട്ടോക്രസി’യായിട്ടാണ് ഇന്ത്യയെ പരിചയപ്പെടുത്തുന്നത്. എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്(ഇഐയു) ‘വികലമായ ജനാധിപത്യ’ത്തിന്റെ കൂട്ടത്തിലാണ് ഇന്ത്യയെ എണ്ണുന്നത്. മാത്രവുമല്ല, 2014 ല്‍ 14 ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2020 ആയപ്പോഴേക്കും 53 ലേക്ക് കൂപ്പുകുത്തി. 2021 ല്‍ 46 ലേക്കെങ്കിലും തിരികെ എത്താനായത് ആശാവഹമാണ്. പക്ഷേ, അതിന്റെ ഫ്രീഡം ഇന്‍ വേള്‍ഡ് 2021 റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ‘സ്വതന്ത്ര’ രാജ്യങ്ങളുടെ കൂട്ടത്തില്‍നിന്നും ‘ഭാഗിക സ്വതന്ത്ര’ രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് തരംതാഴ്ത്തി. പൗരസ്വാതന്ത്ര്യം 2014 മുതല്‍തന്നെ കുറഞ്ഞുവരികയാണ്. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണി, മനുഷ്യാവകാശ സംഘടനകള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം, മുസ്‌ലിംകള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമാണ്. ഇഐയുവിന്റെ 2022 റിപ്പോര്‍ട്ടിലും ഇന്ത്യ ‘ഭാഗിക സ്വതന്ത്ര’ രാജ്യമാണ്. ഇന്ത്യയുടെ ജനാധിപത്യ ജീര്‍ണതയെക്കുറിച്ച് നിരവധി ഗവേഷകരും രാഷ്ട്രീയ വിദഗ്ധരും ഗുണപരമായ രീതിയില്‍ വിശകലനം നടത്തിയിട്ടുണ്ട്.
ജനാധിപത്യം എങ്ങനെ കശാപ്പു ചെയ്യപ്പെടുന്നുവെന്നതാണ് പുസ്തകം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അതോടൊപ്പംതന്നെ, ദേശീയ സ്ഥാപനങ്ങള്‍ക്കകത്ത് നടക്കുന്ന സ്ഥാപന തകര്‍ച്ചയിലൂടെ ഉണ്ടാകുന്ന സ്ലോ ഡെത്ത് സിന്‍ഡ്രമാണ് ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന വാദത്തെ അത് തള്ളിക്കളയുകയും ചെയ്യുന്നു. ഇന്ത്യയില്‍, ജനാധിപത്യമെങ്ങനെ കൊലചെയ്യപ്പെടുന്നുവെന്ന ചോദ്യംതന്നെ അപ്രസക്തമാണ്. കാരണം, ഭരണഘടനയുടെയും ഭരണ സ്ഥാപനങ്ങളുടെയും പ്രത്യക്ഷഭാവങ്ങള്‍ക്കപ്പുറം ജനാധിപത്യം ഒരിക്കലും ഇന്ത്യയില്‍ വേരുറപ്പിച്ചിട്ടില്ല. ഉയര്‍ന്ന ജനോപകാര വാദങ്ങള്‍ ഉണ്ടായിരുന്നിട്ടും കൊളോണിയലാനന്തര ഇന്ത്യന്‍ ഭരണകൂടം, ഭരണഘടനയുടെ വലിയൊരു ഭാഗം ഉള്‍പ്പെടെ ജന ചൂഷണത്തിനായി രൂപകല്‍പ്പന ചെയ്ത കൊളോണിയല്‍ ഭരണകൂട സംവിധാനവുമായി ഇപ്പോഴും പൂര്‍ണമായി പൊരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമായ പാര്‍ലമെന്ററി സംവിധാനത്തിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ അസ്തിത്വം പോലും ഇന്ന് വകവെച്ചു നല്‍കുന്നില്ല. മോദിയുടെ ഏകാധിപത്യ ഭരണം ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ അഭാവത്തെ പൂര്‍ണമായും തുറന്നുകാട്ടുന്നുണ്ട്.
ജനാധിപത്യത്തിന്റെ ശവശരീരത്തെക്കുറിച്ചുള്ള ഇരുളടഞ്ഞ വിവരണത്തെ സന്തുലിതമാക്കുംപോലെ ഒരു ശുഭാപ്തിവിശ്വാസത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. ബിജെപിയുടെ വോട്ടു വിഹിതം ഇതുവരെ ജനകീയ വോട്ടിന്റെ മൂന്നിലൊന്നുപോലും കവിഞ്ഞിട്ടില്ല എന്ന വസ്തുത പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിനര്‍ഥം, വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ടും ബിജെപിയെ പിന്തുണക്കാത്തവരോ എതിര്‍ക്കുന്നവരോ ആണ്. നിലവിലെ ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് (എഫ്പിടിപി) രീതിയിലുള്ള തിരഞ്ഞെടുപ്പില്‍, ഓരോരുത്തര്‍ക്കും എത്രയെല്ലാം വോട്ടുകിട്ടി എന്നത് പ്രധാനമല്ല. മറിച്ച്, ആരാണ് ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് എന്നതാണ് നോക്കുന്നത്. ഈ സംവിധാനത്തില്‍ ജനപ്രീതിയല്ല, തന്ത്രമാണ് പ്രധാനം. നന്നായി തന്ത്രം മെനഞ്ഞാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ടുകളെല്ലാം ഭിന്നിപ്പിച്ച് അനായാസം വിജയിക്കാവുന്നതേയുള്ളൂ. ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം അവര്‍ നേടിയ മണ്ഡലങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കാം. അവിടെയുള്ള മൂന്നിലൊന്ന് വോട്ടര്‍മാരും മോദി ഭക്തരായിരിക്കുമെന്നതിനാല്‍തന്നെ ബാക്കിയുള്ള വോട്ടുകള്‍ ഡസന്‍കണക്കിന് പാര്‍ട്ടികള്‍ക്കിടയില്‍ അനായാസം വിഭജിക്കാന്‍ അവര്‍ക്ക് സാധ്യമാകുന്നു.
കേന്ദ്രത്തിലെ എതിര്‍പ്പിനെ ഗുണപരമായ രീതിയില്‍ നിര്‍വീര്യമാക്കിയ ബിജെപിയുടെ തന്ത്രത്തെ പക്ഷേ ഗ്രന്ഥകര്‍ത്താക്കള്‍ തിരിച്ചറിഞ്ഞിട്ടില്ല. മോദിയുടെ അധികാര കയ്യേറ്റത്തില്‍ മാത്രമല്ല, കാലങ്ങളായുള്ള നിലനില്‍പ്പിലും കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്തമുണ്ട്. മോദി ഉയര്‍ത്തുന്ന വെല്ലുവിളിയെ കോണ്‍ഗ്രസിനെക്കൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിയില്ലെന്നത് വ്യക്തമായതാണ്. കോണ്‍ഗ്രസ് നേതാവിന് തന്റെ ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കാനും അതിലൂടെ ബിജെപി വിരുദ്ധ പാളയത്തിലെ ചില വിഭാഗങ്ങളെ ആവേശഭരിതമാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും തന്റെ ഹിന്ദു അനുകൂല ഭാഷയെ ഉപേക്ഷിക്കാന്‍ ഇപ്പോഴും അദ്ദേഹം സന്നദ്ധനായിട്ടില്ല. ബിജെപിക്കാര്‍ പോലും വിളിക്കാത്ത വിധം ‘ഹിന്ദുസ്ഥാന്‍’ എന്ന് അദ്ദേഹം പല ആവര്‍ത്തി ഉറക്കെ വിളിച്ചുകൊണ്ടിരിക്കുന്നു.
രണ്ടാമതായി, ബിജെപി ഇതര ശക്തികളുടെ കീഴിലുള്ള സംസ്ഥാനങ്ങളില്‍ ഗ്രന്ഥകര്‍ത്താക്കള്‍ വലിയ പ്രതീക്ഷ കാണുന്നു. ഒരുനിലക്ക്, അവരും അവരുടേതായ രീതിയില്‍ സ്വേച്ഛാധിപതികളാണ്. കേന്ദ്രത്തില്‍ അധികാരം ഭദ്രമാക്കിയ മോദിക്ക്, കേന്ദ്ര വിഭവങ്ങളെ ആശ്രയിച്ചുനില്‍ക്കുന്ന മുന്‍സിപ്പാലിറ്റികളെ വരെ തന്റെ കീഴില്‍ ഒതുക്കി നിര്‍ത്താന്‍ സാധിക്കും. ബിജെപി കൊണ്ടുവരുന്ന ഒരു നയത്തിനും പ്രതിപക്ഷത്ത് നിന്ന് കാര്യമായ എതിര്‍പ്പുകള്‍ വരാത്തത് എന്തുകൊണ്ടായിരിക്കുമെന്ന് ഇവര്‍ ശ്രദ്ധിച്ചിട്ടില്ല. മോദിയുടെ വജ്രശക്തി കഴിഞ്ഞ എട്ടു വര്‍ഷമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മേല്‍ അതിപരുക്കനായി ഓടിക്കൊണ്ടിരിക്കുന്നു. നിശബ്ദ കാഴ്ചക്കാരായിരിക്കാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അവരില്‍ ചിലരാകട്ടെ പ്രതിപക്ഷ മുഖംമൂടി ധരിച്ച് ചാരപ്പണി നടത്തുന്നവരുമാണ്.
എന്നിരുന്നാലും, 1947 ലെ സ്വാതന്ത്ര ലബ്ധിയില്‍ തുടങ്ങി വിനാശകാരിയായ സ്വേച്ഛാധിപത്യത്തിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ജനാധിപത്യ ജീര്‍ണത മനസ്സിലാക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഗ്രന്ഥം തന്നെയാണ് ‘റ്റു കില്‍ ഏ ഡെമോക്രസി’.
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1