Current Date

Search
Close this search box.
Search
Close this search box.

സാത്വികനായ ആ പണ്ഡിതകേസരിയും വിട വാങ്ങി

അറിവ് വർദ്ധിക്കുന്തോറും കൂടുതൽ വിനയാന്വിതരാവുകയും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ പണ്ഡിതന്മാർ. താൻ സർവശക്തനായ പടച്ചതമ്പുരാന്റെ വിനീതദാസനാണെന്ന ബോധമാണ് പണ്ഡിതന്മാരെ വിനയാന്വിതരാക്കുന്നത്. ഈ ഗണത്തിൽ പെടുന്ന മഹാജ്ഞാനിയും സ്വാതികനുമായ പണ്ഡിതകേസരിയായിരുന്നു മൗലാനാ റാബി ഹസൻ നദ്‌വി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇസ്‌ലാമിക വൈജ്ഞാനിക ലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1996 ഇൽ ഈയുള്ളവൻ ലഖ്നോവിലെ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമയിൽ വിദ്യാർത്ഥിയായി എത്തുമ്പോൾ മൗലാന റാബി നദ്‌വി അവിടെ പ്രിൻസിപ്പൽ ആയിരുന്നു. ഹസ്രത്ത് മൗലാന അബുൽ ഹസൻ നദ്‌വി ആയിരുന്നു അന്നത്തെ നദ്‌വത്തുൽ ഉലമയുടെ നേതൃത്വത്തിലുണ്ടായിരുന്നത്. 1993 മുതൽ 1999 വരെയായിരുന്നു മൗലാനാ റാബി നദ്‌വി സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആയിരുന്നത്. അലിമിയാന്റെ വിയോഗത്തിന് (1999 ഡിസംബർ 31) ശേഷമാണ് അദ്ദേഹം നദ്‌വയുടെ റെക്ടർ സ്ഥാനം ഏറ്റെടുക്കുന്നത്. മരിക്കുന്നത് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 2000 മുതൽ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡിന്റെ സാരഥ്യവും വഹിച്ചു വന്നു.

നദ്‌വയിലെ പണ്ഡിതന്മാർ അവിടത്തെ ഞങ്ങളുടെ വിദ്യാർത്ഥിജീവിത കാലത്തെ അത്ഭുതമായിരുന്നു. തങ്ങളുടെ പാണ്ഡിത്യത്തിന്റെ ഗരിമയോ വലുപ്പമോ ഒട്ടും തന്നെ അവരുടെ ജീവിതത്തിൽ യാതൊരു പ്രകടനാത്മകതയും ഉണ്ടാക്കിയിരുന്നില്ല. സൈക്കിളിലും റിക്ഷയിലുമായി കോളേജ് കേമ്പസിലേക്ക് വന്നിറങ്ങുന്ന ആ മഹാപണ്ഡിതന്മാരുടെ അറിവിന്റെ ആഴം അവരുടെ ക്ളാസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയുമാണ് നമുക്ക് മനസിലാക്കുവാൻ സാധിക്കുക. വേഷഭൂഷകളിലോ ഭാവഹാവാദികളിലോ ഒട്ടും ഷോവനിസം ഇല്ലാത്ത സാക്ഷാൽ റബ്ബാനികളായ ഉലമാക്കളിൽ ഒരാളായിരുന്നു മൗലാനയും. വിദ്യാർത്ഥികളുടെ ഏത് ചോദ്യങ്ങൾക്കും വിശദമായി മറുപടികൾ നൽകുന്ന അദ്ദേഹത്തിന്റെ രൂപം നദ്‌വയിലെ വിദ്യാർത്ഥികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. അറബി സാഹിത്യത്തിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും പകരം വെക്കാൻ ആളില്ലാത്ത ഇന്ത്യയിലെ ചുരുക്കം പണ്ഡിത പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം. നദ്‌വത്തുൽ ഉലമ എന്ന പ്രസ്ഥാനത്തിന് സമുദായത്തിലെ എല്ലാ വിഭാഗങ്ങളുമായും ഏറ്റവും സൗഹൃദപരവും ഊഷ്‌മളവുമായ ബന്ധം ഉണ്ടായിരുന്നത് അദ്ദേഹം നേതൃത്വം ഏറ്റെടുത്തതിന് ശേഷമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും എഴുത്തിലുമൊക്കെ സമുദായ ഐക്യത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്. മുസ്‌ലിം സമൂഹത്തിലെ വിവിധ ചിന്താധാരകളുമായി വിയോജിപ്പുകൾ ഉണ്ടായിരിക്കെ തന്നെ യോജിപ്പിന്റെ മേഖലകൾ കണ്ടെത്താനും അത് സമൂഹമധ്യേ നിർഭയം ഉയർത്തിപ്പിടിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിവിധ മുസ്‌ലിം സംഘടനകളും പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും വേദി പങ്കിടുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. കേരളത്തിൽ വിവിധ സമയങ്ങളിലായി നടന്ന തബ്‌ലീഗ്, സുന്നീ, ജമാഅത്തെ ഇസ്‌ലാമി സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും സമുദായത്തിന് ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും സന്ദേശം നൽകുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. വിഭാഗീയതക്കും ചിദ്രതക്കും ആക്കം കൂട്ടുന്ന തരത്തിൽ പരസ്പരം ചെളി വാരിയെറിയുന്ന സമുദായത്തിലെ അഭിനവ പണ്ഡിതവേഷധാരികൾ അദ്ദേഹത്തിന്റെ ഈ നിലപാട് കണ്ടുപഠിക്കേണ്ടത് തന്നെയാണ്. മുസ്ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളുമായും ഏറെ ഹൃദ്യവും ഊഷ്‌മളവുമായ വ്യക്തിബന്ധമാണ് അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്.

അബുൽ ഹസൻ നദ്‌വിയും അനന്തരവന്മാരായ മൗലാന റാബി നദ്‌വി മൗലാന വാദിഹ്‌ നദ്‌വി തുടങ്ങിയവരൊക്കെയും റായ്ബറേലിയിൽ ആയിരുന്നു കുടുംബസമേതം താമസിച്ചിരുന്നത്. അവരുടെ ജീവിത ലാളിത്യവും വിനയവും നേരിട്ട് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് കുറച്ച് ദിവസം അവിടെ താമസിച്ചപ്പോഴാണ്. അലിമിയാൻ നദ്‌വിയുടെ കാലത്ത് നദ്‌വയിലെ അവസാന വർഷ വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്റെ കൂടെ റായ്ബറേലിയിൽ ഒരാഴ്ച താമസിക്കാനുള്ള അവസരം ലഭിക്കാറുണ്ടായിരുന്നു. ആ സമയത്താണ് ഹദീസ് കിതാബുകളുടെ അവസാനവട്ട “ദൗറ”യും മറ്റും നടക്കാറുള്ളത്‌. ഒരു ഈദുൽ അദ്ഹയുടെ അവധിക്കും റായ്ബറേലിയിൽ കുറച്ചു ദിവസം ഈ മഹാന്മാരുടെ കൂടെ താമസിക്കാൻ ഭാഗ്യംസിദ്ധിച്ചിരുന്നു. ഇശാ നമസ്‌കാരശേഷം മൗലാനമാരുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന റായ്ബറേലിയിലെ ആ നാളുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സുഹ്ദും ലാളിത്യവും പൂർണമായും ജീവിതത്തിൽ സാക്ഷാൽക്കരിച്ചതായിരുന്നു മൗലാന റാബി നദ്‌വിയുടെ ജീവിതം. അംബരചുംബികളായ കൊട്ടാരസമാനമായ സൗധങ്ങളിൽ ജീവിക്കുന്ന പണ്ഡിതന്മാർ ഉള്ള ഈ കാലത്ത് നദ്‌വയിലെ മൗലാനമാരുടെ വീടുകൾ ഏറെ മാതൃകാപരമാണ്. കുടിലുകൾക്ക് സമാനമായ കൊച്ചു വീടുകൾ. ആഡംബരങ്ങൾ തൊട്ടുതീണ്ടിയില്ലാത്ത വീടുകളും വാഹനങ്ങളും കാണുമ്പോൾ അന്ന് ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ആ കൊച്ചു വീടുകളുടെ അടുക്കളയിൽ പാകം ചെയ്ത വിഭവസമൃദ്ധമായ ഭക്ഷണം മൗലാനമാരും അവരുടെ കുട്ടികളും തന്നെയാണ് ഭക്ഷണഹാളിലേക്ക് കൊണ്ട് വരുക. ഹാളിൽ എല്ലാ മൗലാനമാരും അവരുടെ കുടുംബാഗങ്ങളും ഞങ്ങൾ “മെഹ്‌മാൻമാരായ” (അതിഥികൾ ) വിദ്യാർത്ഥികളും എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കുക. നിലത്ത് വിരിച്ച സുപ്രക്ക് ചുറ്റും അവരുടെ കൂടെ ഇരുന്നു കഴിക്കുന്ന ഞങ്ങൾ വിദ്യാർത്ഥികളെ തീറ്റിക്കാൻ ആ മഹാപണ്ഡിതന്മാർ കാണിക്കുന്ന സ്നേഹവും വാത്സല്യവും ഏറെ ഉദാത്തവും ഹൃദ്യവുമായിരുന്നു. സ്വന്തം വീട്ടിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്ന പ്രതീതിയായിരുന്നു അന്ന് ഞങ്ങൾ അനുഭവിച്ചത്. പ്രത്യേകിച്ച് ഞങ്ങൾ മലയാളി വിദ്യാർത്ഥികളിൽ പലരും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുക ആ ദിവസങ്ങളിൽ മാത്രമായിരുന്നു. അവിടെ നിന്നും മനസും വയറും നിറച്ചാണ് ഞങ്ങൾ മടങ്ങുക. ടിപ്പിക്കൽ ക്ലാസ്‌റൂമുകളിൽ നിന്നും ലഭിക്കാത്ത നിരവധി പ്രായോഗിക പാഠങ്ങൾ ഞങ്ങൾക്ക് കരഗതമായിരുന്നത് ഈ സഹവാസത്തിലൂടെയായിരുന്നു.

വിനയവും ലാളിത്യവും ഉള്ള ജീവിതം നയിച്ച് കൊണ്ടിരിക്കെ തന്നെ നിലപാടുകളിൽ കാർക്കശ്യവും പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ ഭരണകൂടം നടത്തുന്ന അക്രമങ്ങൾക്കും അവകാശനിഷേധങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാനും അദ്ദേഹം എന്നും മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഫാഷിസ്റ്റ് ഭരണകൂടം നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സിവിൽകോഡിനെതിരെ എന്നും ശക്തമായ നിലപാടാണ് അദ്ദേഹവും അദ്ദേഹം നേതൃത്വം കൊടുക്കുന്ന മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡും എടുത്തിരുന്നത്. ഏക സിവിൽകോഡ് എന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ പൗരന്മാർക്ക് വ്യക്തിഗത നിയമങ്ങൾ വഴി ലഭിക്കുന്ന പ്രത്യേക അവകാശങ്ങൾ നഷ്ടപ്പെടുമെന്നതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇന്ത്യയെ പോലുള്ള മതേതര – ബഹുമത – ബഹു സംസ്കാരങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഇത്തരം നിയമങ്ങൾ പ്രയോജനകരമോ പ്രസക്തമോ അല്ല. പാർലിമെന്റിലുള്ള ഭൂരിപക്ഷം മുതലെടുത്ത് സർക്കാർ ഏക സിവിൽകോഡ് നടപ്പിലാക്കാൻ ശ്രമിച്ചാൽ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും അത് വലിയ പ്രശ്നമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ ശക്തമായ നിലപാടുകൾ കാരണം പലപ്പോഴായി ഭരണകൂടം നദ്‌വയിൽ പല പ്രയാസങ്ങളും സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ലോകത്തിന്റെ വിവിധയിടങ്ങളിൽ ഉന്നതമായ സ്ഥാനങ്ങളിൽ വിരാജിക്കുന്ന ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ ഇവിടെ അവശേഷിപ്പിച്ചാണ് മൗലാനാ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നത്. ഇസ്‌ലാമികലോകത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു കൊണ്ടിരിക്കുന്ന മലയാളികളുൾപ്പെടെയുള്ള നിരവധി ശിഷ്യന്മാരിലൂടെ അദ്ദേഹത്തിന്റെ ജീവിതസന്ദേശം ഇവിടെ നിലനിൽക്കുമെന്ന് പ്രത്യാശിക്കാം. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കട്ടെ.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles