Columns

ചങ്ങലയ്‌ക്ക്‌ ഭ്രാന്ത് പിടിച്ചാല്‍

ചങ്ങലയ്‌ക്ക്‌ ഭ്രാന്ത് പിടിച്ചാല്‍,അല്‍പന്‌ അധികാരം കിട്ടിയാല്‍ തുടങ്ങിയ ഒട്ടേറെ പഴമൊഴികളുടെ സാരം കൃത്യമായി ജനങ്ങള്‍‌ക്ക്‌ ബോധ്യപ്പെടുന്ന നാള്‍‌ വഴികളിലൂടെയത്രെ വര്‍‌ത്തമാന രാജ്യം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ഒരു പൗരന്റെ പൗരത്വം എങ്ങിനെ റദ്ദ്‌ ചെയ്യാം എന്നതിലാണ്‌ ദൗര്‍‌ഭാഗ്യവശാല്‍ രാജ്യത്തെ അധികാരികളുടെ ഗവേഷണം.പാസ്‌പോര്‍‌ട്ട്‌ കേവലം ഒരു യാത്രാ രേഖ മാത്രം.കൊട്ടി ഘോഷിച്ച്‌ കോടികള്‍ മുടക്കി സ്വരൂപിച്ചെടുത്ത ആധാറിന്‌ ഒരു വക ആധികാരിതയും ഇല്ല പോലും.!രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതിലപ്പുറം എന്തായിരിയ്‌ക്കും ഈ ധാര്‍‌ഷ്‌ഠ്യത്തിന്റെ സാരം..

രാഷ്‌ട്ര ശില്‍‌പിയുടെ നെഞ്ചിലേയ്‌ക്ക്‌ നിറയൊഴിച്ച്‌ പൂതിതിരാത്തവര്‍ക്ക്‌ സ്വൈര്യ വിഹാരം നടത്താന്‍ അനുവദിക്കുന്ന നാട്ടില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നവര്‍ ക്രൂശിക്കപ്പെടുന്നത് സ്വാഭാവികം മാത്രം.ഭീകരതയുടെ തല്‍ സ്വരൂപങ്ങള്‍ നിയമ നിര്‍‌മ്മാണ സഭകളിലെ അധികാര പീഠങ്ങളില്‍ വാഴുന്ന നാട്ടില്‍ സമാധാന പ്രേമികള്‍ അഴികള്‍‌ക്കുള്ളിലാകുക എന്നതിലും അത്ഭുതമൊന്നും ഇല്ല.

രാഷ്‌ട ശില്‍‌പിയെ ബലികഴിച്ചവരും,സാം‌സ്‌കാരിക നായകന്മാരുടെ കഥ കഴിച്ചവരും,രാഷ്‌ട നിര്‍‌മ്മാണ ശില്‍‌പ ശാലകളായ കലാലയങ്ങളില്‍ പോലും കൊല്ലും കൊലയും കൊള്ളിവെപ്പും കൊല വിളിയും നടത്തിയവരും നടത്തുന്നവരും,എണ്ണമറ്റ കുടും‌ബങ്ങളെ നിരാലം‌ബരാക്കിയവരും വിധവകളാക്കിയവരും അനാഥകളാക്കിയവരും, എത്രയെത്ര പുതു തലമുറയെ അരക്ഷിതാവസ്ഥയിലേയ്‌ക്ക്‌ തള്ളിവിടുന്നതില്‍ പരസ്‌പരം മത്സരിക്കുന്ന ഭീകര ഫാഷിസ്‌റ്റ് മനോഭാവികളുമായ തീവ്ര വലതും ഇടതും കൂട്ടത്തോടെ കൂകിവിളിക്കുന്ന ഭീകരവാദ ജല്‍‌പനങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന നിയമപാലകരുടെ സമീപനം അത്യന്തം ആപല്‍‌കരമാണ്‌.

Also read: മാൽക്കം എക്സ് ; ആത്മീയ ഉണർവിന്റെ രാഷ്ട്രീയ രൂപം

നീതിന്യായ നിയമ പാലകരും ഔദ്യോഗിക സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും രാജ്യത്തിന്റെ സേവകരാണ്‌.പൊതു സമൂഹത്തിന്റെ കാവലാളുകളാണ്‌.അവരുടെ പ്രതിബദ്ധത രജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമായിരിക്കണം.ഒരിക്കലും ഭരണാധികാരികളുടെ ചട്ടുകങ്ങളൊ, പാദസേവകരോ ആയിക്കൂടാ.ഒരു സ്വതന്ത്ര രാജ്യത്തെ സേവകരാണ്‌ തങ്ങള്‍ എന്ന വസ്‌തുത ഏതു തലത്തിലുള്ള ഉദ്യോഗസ്ഥരും വിശിഷ്യാ നിയമപാലകര്‍ മറന്നു പോകരുത്.അധിനിവേശ നാളുകളിലെ സമരക്കാലത്തെ പൊലീസ്‌ മുറ തന്നെയാണ്‌ വര്‍‌ത്തമാനകാലത്തും എന്നത് ദൗര്‍‌ഭാഗ്യകരം തന്നെയാണ്‌.ഒരുവേള രാജ്യം ഇനിയും സ്വതന്ത്രമാവണം എന്ന സൂചനയുമാണ്‌.

രാജ്യമെമ്പാടും പ്രതിഷേധാഗ്നി ജ്വലിച്ചു കൊണ്ടിരിക്കുന്നു.ഉറങ്ങാത്ത തെരുവുകള്‍ അടങ്ങാത്ത സമര ഗാഥകള്‍ സാഹോദര്യത്തിന്റെ സൗഹൃദത്തിന്റെ ഇഴമുറിയാത്ത ഇടമുറിയാത്ത പ്രവാഹം പോലെ രാജ്യമെങ്ങും അലയടിച്ചുയരുന്ന ഫാഷിസ്റ്റ്‌ വിരുദ്ധ പ്രതിഷേധ സ്വര സാഗരം.

രണ്ടാം സ്വാതന്ത്ര്യ സമരവീര്യം പോലെ ദേശ ഭക്തിയും ദേശീയതയും ഉയര്‍‌ത്തിപ്പിടിച്ച്‌ കൊണ്ട്‌ ജാതിമത ഭേദമേന്യ രാജ്യ നിവസികള്‍ കടലലപോലെ തിരതല്ലുമ്പോള്‍ ഞാനൊന്നും അറിഞ്ഞില്ല നാരായണ എന്ന മട്ടില്‍ ഒരു വിഭാഗം പാട്ടും പദവും അന്താക്ഷരിയുമായി വിശ്രമ മുറികളിലാണ്‌.സ്വാതന്ത്ര്യ സമരകാലങ്ങളില്‍ അരമനകളില്‍ വെള്ളപ്പിശാചുക്കള്‍‌ക്ക്‌ വിടുപണിയെടുത്തവരുടെ പിന്മുറക്കാരില്‍ നിന്നും തിന്മക്കെതിരെയുള്ള വിരലനക്കം പ്രതീക്ഷിക്കേണ്ടതില്ലായിരിയ്‌ക്കാം. എന്നിരുന്നാലും പറയട്ടെ.ഈ നെറികേടിന്റെ ആള്‍‌ രൂപങ്ങള്‍‌ക്ക്‌ കാലം മാപ്പ്‌ കൊടുക്കില്ല.കെട്ടടങ്ങാന്‍ സമ്മതിക്കാത്ത സമരത്തീപ്പൊരികളെ തന്ത്രപൂര്‍‌വ്വം തല്ലിക്കെടുത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും ഗൂഢ നീക്കങ്ങള്‍ നടത്തുന്ന അതി ബുദ്ധി ജിവികള്‍‌ക്കും ചരിത്രം മാപ്പ്‌ കൊടുക്കുകയില്ല.

Facebook Comments
Related Articles

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി, രായംമരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍, ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവമായ മഞ്ഞിയിലിന്റെ മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ച ഇദ്ദേഹം എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നുണ്ട്. തനിമ കലാസാഹിത്യവേദി ഖത്തര്‍ ഘടകം മുന്‍ ഡയറക്ടര്‍ കൂടിയാണ് മഞ്ഞിയില്‍.സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞുപോയ ബാലപ്രതിഭ അബ്‌സ്വാര്‍, അന്‍സാര്‍, ഹിബ, ഹമദ്, അമീന എന്നിവരാണ് മക്കള്‍.
Close
Close