Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ ഹജ്ജും അറഫയും

പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു യാത്രക്കാരന്‍റെ അവസ്ഥയിലാണ് ഇന്ന് ലോകം. ആ അപരിചതത്വം ഇക്കൊല്ലത്തെ ഹജ്ജിനും ബാധകമാണ്. ലക്ഷങ്ങള്‍ ഒത്തുകൂടുന്നിടത്തു ഏതാനും ആയിരങ്ങളില്‍ ഇക്കൊല്ലത്തെ ഹജ്ജും അനുബന്ധ കര്‍മ്മങ്ങളും ഒതുങ്ങുന്നു. വരും കൊല്ലങ്ങള്‍ എങ്ങിനെ എന്നത് നമുക്കിപ്പോള്‍ ഊഹിക്കുക അസാധ്യം. നാളയെ കുറിച്ച് പോലും ധാരണ രൂപപ്പെടുത്താന്‍ മനുഷ്യര്‍ക്ക് കഴിയുന്നില്ല.

ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളും ഒരേ ദിവസം ഒരിടത്ത് ഒരേ സമയം ഒത്തു കൂടുന്നു എന്നതാണ് അറഫ. ഇത്രയും വൈവിധ്യങ്ങളെ ഒരേ സമയം ഉള്‍ക്കൊള്ളുന്ന മറ്റൊന്ന് ലോകത്തിലില്ല. പാപമോചനവും ദൈവീക പ്രീതിയും മാത്രം ആഗ്രഹിച്ചു വര്‍ഷത്തില്‍ ലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഇടമാണ് അറഫ. മകനെ ബലി നല്‍കണം എന്ന അല്ലാഹുവിന്‍റെ കല്‍പ്പനയായ സ്വപ്നം സത്യാമാണ് എന്ന് ഇബ്രാഹിം നബിക്ക് ബോധ്യമായ സ്ഥലമാണ് അറഫ എന്ന് പറയപ്പെടുന്നു. അറഫയുടെ ഐതിഹ്യങ്ങള്‍ ധാരാളം. നമ്മെ സംബന്ധിച്ചിടത്തോളം അറഫ നരക മുക്തിയുടെ ഇടമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ വിശുദ്ധരായി തീരുന്ന ദിനമാണ് അറഫ. അറഫയുടെ പുണ്യം നോമ്പ് അനുഷ്ടിച്ചു ലോകത്തുള്ള വിശ്വാസികള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നു.

കൊറോണ കാലം മനുഷ്യര്‍ അവരിലേക്ക്‌ ഒതുങ്ങിയ കാലമാണ്. അറഫയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേട്ട ആ പ്രഖ്യാപനം ഇന്നും ലോകത്തിനു വെളിച്ചമാണ്. മനുഷ്യര്‍ മനുഷ്യരെ അറിയുന്നില്ല ബഹുമാനിക്കുന്നില്ല എന്നതാണ് എക്കാലത്തെയും പ്രശ്നം. എല്ലാവരും ആദമില്‍ നിന്നും ആദം മണ്ണില്‍ നിന്നും എന്നത് ഒരു കേവല പ്രഖ്യാപനം മാത്രമല്ല. നിശ്ചയം ആദം സന്തതികളെ നാം ബഹുമാനിച്ചു എന്നതും കേവല പ്രഖ്യാനമായി മാറാന്‍ പാടില്ല. ഉടമ ആദരിച്ചതിനെ അടിമയും ആദരിക്കണം. അപ്പോള്‍ മനുഷ്യര്‍ പരസ്പരം ആദരവ് പുലര്‍ത്തുക എന്നത് ഒരു നിര്‍ബന്ധ കടമയാണ്. നാം നേടിയ പുരോഗതി മനുഷ്യരെ ആദരിക്കാനാണോ അനാദരിക്കാനാണോ കൂടുതല്‍ ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാന്‍ ഈ കൊറോണ കാലം ഉപകരിക്കും.

അറഫ പോലെ അത്ര വലിയ മറ്റൊരു ജനസഞ്ചയനത്തിനു മുന്നില്‍ പ്രവാചകന്‍ പ്രസംഗിച്ചു കാണില്ല. തന്റെ അവസാന ഹജ്ജെന്ന വിവരം പ്രവാചകന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. ലോകത്തിനു എക്കാലത്തും ഓര്‍ത്ത്‌ വെക്കേണ്ട കാര്യങ്ങള്‍ പറയുക എന്നത് സാഹചര്യത്തിന്റെ തേട്ടമാണ്‌. അന്ന് അറഫയില്‍ പ്രവാചകന്‍ പറഞ്ഞ കുറഞ്ഞ വാക്കുകള്‍ അത്രമേല്‍ ആഴമുള്ളതാണ്. അവിടെ കൂടിയത് വിശ്വാസികള്‍ മാത്രമാണെങ്കിലും പ്രവാചകന്‍ സംസാരം ആരംഭിക്കുന്നത് മനുഷ്യരെ എന്ന് പറഞ്ഞു കൊണ്ടാണ്. അറഫ കേവലം ഒരു മത പ്രസംഗമല്ല, അതൊരു മനുഷ്യാവകാശ പ്രഖ്യാപനമാണ്.
മനുഷ്യന്റെ രക്തം ധനം അഭിമാനം എന്നീ മൂന്നു കാര്യങ്ങളുടെ പവിത്രത എത്രത്തോളം?. മക്ക പോലെ ഹജ്ജു മാസം പോലെ അറഫ ദിനത്തിന്റെ പരിശുദ്ധി പോലെ. അതാണ്‌ ഒന്നാമത്തെ പ്രഖ്യാപനം. ഈ മൂന്നു പവിത്രതയേയും അവമതിക്കുന്നവര്‍ക്ക് മാത്രമാണ് മനുഷ്യരുടെ അഭിമാനവും ധനവും രക്തവും നിസ്സാരമായി തോന്നുക. ഇന്ന് ലോകത്ത് ഏറ്റവും വില കുറഞ്ഞ വസ്തു മനുഷ്യനാണ്. ഒരാളെ ഇല്ലാതാക്കുക അയാളുടെ ധനം അപഹരിക്കുക അയാളുടെ അഭിമാനം ചോദ്യം ചെയ്യുക എന്നത് ഇന്നി സര്‍വ്വസാധാരണമായി തീര്‍ന്നിരിക്കുന്നു. അതില്‍ വിശ്വാസി അവിശ്വാസി എന്ന വേര്‍തിരിവ് കാണുക സാധ്യമല്ല.

Also read: സ്വഹീഹുല്‍ ബുഖാരി ആപ്പുകള്‍

ഒരാളുടെ ജീവിത വിശുദ്ധിയാണ് അയാളുടെ സ്ഥാനം നിശ്ചയിക്കുക. മനുഷ്യ കര്‍മ്മങ്ങള്‍ ഒരുനാള്‍ ചോദ്യം ചെയ്യപ്പെടും എന്ന വിശ്വാസം എത്ര മാത്രം ശക്തമാണ് അത്രത്തോളമാണ് അയാളിലെ വിശ്വാസം. സഹോദരന് മാപ്പ് നല്‍കുക എന്നത് വലിയ ഗുണമാണ്. വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ലോകം എത്ര സുന്ദരമാണ്. നിങ്ങളുടെ ദൈവം ഏകനാണ് എന്നത് പോലെ തന്നെയാണ് നിങ്ങളുടെ പിതാവും ഒരാളാണ് എന്നത്. പ്രവാചകന്‍ എടുത്തു പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് വിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ എന്നതാണ്. എങ്ങിനെയും സമ്പാദിക്കുക എന്നതിന് പകരം സഹോദരന്റെ അനുമതിയോടും പരസ്പര വിശ്വാസത്തിലും നടത്തുന്ന ഇടപാടുകള്‍ മാത്രമേ മാന്യമായ സമ്പാദ്യമാകൂ എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. മനുഷ്യ കുലത്തെ എന്നും നീരാളിയെ പോലെ പിടിച്ചു ഞെരുക്കുന്ന ഒന്നാണു പലിശ. അതില്ലാത്ത ഒരു ലോകത്തെ കുറിച്ചാണ് വിശ്വാസികള്‍ ചിന്തിക്കേണ്ടത്. സ്ത്രീകള്‍, കുടുമ്പ ജീവിതം തുടങ്ങി മാനുഷിക വിഷയങ്ങളാണ് പ്രവാചകന്‍ അവസാനമായി ജനത്തോട് പറഞ്ഞത്.

മനുഷ്യന്റെ സാമൂഹിക സാംസ്ക്കാരിക കുടുമ്പ ബന്ധങ്ങളാണ് മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അറഫ പ്രസംഗം. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കിയിരുന്ന ഒരു കാലത്താണ് പ്രവാചകന്‍ വരുന്നത്. അടിമയും മനുഷ്യനാണ്. അവര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്‌ എന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്. സ്ത്രീകള്‍ മനുഷ്യരെയല്ല എന്ന ധാരണയുടെ കാലം കൂടിയായിരുന്നു അത്. അവിടെ സ്ത്രീ സ്വന്തമായി അസ്ത്വിത്വവും വ്യക്തിത്വവും ഉള്ളവളാണ് എന്നും പ്രവാചകന്‍ പഠിപ്പിച്ചു. പുരുഷനെ പോലെ തന്നെ അവള്‍ക്കും സമ്പത്തിനു അവകാശമുണ്ട്‌ എന്നും ഇസ്ലാം മനസ്സിലാക്കി കൊടുക്കുന്നു. ഇന്നും മനുഷ്യര്‍ മത്സരിക്കുന്നത് പരസ്പരം മേധാവിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ്. മനുഷ്യന്‍ എന്നതിനു ലോകം അതിര്‍ത്തികള്‍ നിശ്ചയിച്ചു.. ദേശീയതാ വാദം ഒരു മുദ്രാവാക്യമായി തീര്‍ന്നു. അതിര്‍ത്തികള്‍ സ്വയം ലംഘിച്ചു എന്നതാണ് കൊറോണ ചെയ്തത്. ലോകം മുഴുവന്‍ ഒരേ വിഷയത്തിലേക്ക് ചുരുക്കാന്‍ കൊറോണക്ക് കഴിഞ്ഞു. ഇനിയും മനുഷ്യന്‍ തിരിച്ചറിയാനും ആദരിക്കാനും അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും മടി കാണിച്ചാല്‍ അത് ലോകത്തിന്റെ തന്നെ അവസാനമാണ്. മനുഷ്യന്റെ അറിവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. പക്ഷെ തിരിച്ചറിവിന്‍റെ കാര്യത്തില്‍ മനുഷ്യര്‍ നാള്‍ക്കുനാള്‍ പിറകോട്ടു പോകുന്നു.

Also read: ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍: പത്ത് വ്യതിരിക്തകള്‍

അറഫ സ്വയം അറിയാനുള്ള അവസരമാണ്. താന്‍ ആരെന്ന തിരിച്ചറിവ്. തന്റെ നിയോഗ ലക്‌ഷ്യത്തെ കുറിച്ച തിരിച്ചറിവ്. മറ്റുള്ളവരോട് താന്‍ എങ്ങിനെ കടമ നിര്‍വഹിക്കണം എന്ന തിരിച്ചറവ്. എന്തിലുമുപരി താന്‍ ഈ ഭൂമിയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രനല്ല എന്ന തിരിച്ചറിവ്. ഇതെല്ലം സമ്മേളിച്ചാല്‍ ഒരു പൂര്‍ണ മനുഷ്യന്‍ ജനിക്കും. അതാണ് അറഫയുടെ സന്ദേശം. ഈ കൊറോണ കാലത്ത് ആ സന്ദേശത്തിനു പ്രസക്തി വര്‍ദ്ധിക്കുന്നതും അത് കൊണ്ട് തന്നെ.

Related Articles