Views

“ പ്രവാചക നിന്ദ മതമല്ല അതൊരു രാഷ്ട്രീയമാണ്”

പ്രവാചക നിന്ദ ഒരു കാലത്ത് യൂറോപ്പിന്റെ ആഘോഷമായിരുന്നു. സംഭവം നടന്നിരുന്നത് യുറോപ്പിലായിരുന്നെങ്കിലും അതിന്റെ അലയൊലികള്‍ ഇങ്ങ് ഏഷ്യന്‍ രാജ്യങ്ങളിലായിരുന്നു കൂടുതല്‍ അനുഭവപ്പെട്ടത്. ഇസ്ലാമാബാദ് ധാക്ക പോലുള്ള പട്ടണങ്ങളില്‍ അതിന്റെ പേരില്‍ പലരും കൊല്ലപ്പെട്ടു. നമ്മുടെ കേരളവും അതിന്റെ ദുരന്തം അനുഭവിച്ചിട്ടുണ്ട്.

പ്രവാചക നിന്ദ ഇന്ന് മതം എന്നതിനേക്കാള്‍ രാഷ്ട്രീയമാണ്. മുസ്ലിംകളുടെ എവിടെ തൊട്ടാലാണ് കൂടുതല്‍ വൈകാരികമായി പ്രതികരിക്കുക എന്ന് ശത്രു മനസ്സിലാക്കിയിട്ടുണ്ട്. പ്രവാചകനോട് മുസ്ലിംകളില്‍ അധികം പേര്‍ക്കുമുള്ള അടുപ്പം കേവലം വൈകാരികം മാത്രമാണ്. പ്രവാചകന്‍ കൊണ്ട് വന്ന സന്മാര്‍ഗ രേഖ സ്വീകരിക്കുക എന്നതിലപ്പുറം പ്രവാചകനെ വൈകാരികമായി സ്നേഹിക്കുക എന്നത് മാത്രമായി അവരുടെ പ്രവാചകനിലുള്ള വിശ്വാസം ഒതുങ്ങുന്നു. അത് തിരിച്ചറിഞ്ഞു എന്നിടത്താണ് ശത്രു എന്നും രക്ഷപ്പെടുന്നത്.

മുസ്ലിംകളെ കുറിച്ച് നല്ലതൊന്നും കേള്‍പ്പിക്കരുത് എന്നും ശത്രു തീരുമാനിച്ചിരിക്കുന്നു. അതിനവര്‍ സമയാസമയങ്ങളില്‍ ഇത്തരം കലാപരിപാടികള്‍ നടത്തി വരാറുണ്ട്. അതിന്റെ അവസാന രൂപമായി വേണം ബാംഗ്ലൂര്‍ സംഭവത്തെ മനസ്സിലാക്കാന്‍. കൊറോണ കാലത്ത് തബ് ലീഗ് കൊറോണ നാം കണ്ടതും അനുഭവിച്ചതുമാണ്.

Also read: എന്തുകൊണ്ട് അല്ലാഹു വിപത്തുകളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നില്ല!

ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ രസകരമായ കാര്യം അവിടെ എവിടെയും വിഷയം തുടങ്ങിവെച്ചയാളോ പ്രവാചക നിന്ദയോ കടന്നു വന്നില്ല എന്നതാണ്. ഇപ്പോള്‍ ചര്‍ച്ചയുടെ മര്‍മം “ ഇസ്ലാമിക തീവ്രവാദം” എന്നതിലേക്ക് ഒതുങ്ങിയിരിക്കുന്നു. ലോക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് ഐ എസ് ഇന്ത്യയിലും അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു എന്നതാണ് വലതു പക്ഷം ഊന്നി പറയാന്‍ ശ്രമിച്ചത്. അത് തന്നെയാണ് ശത്രു പക്ഷവും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ തന്നെ വലിയ പട്ടണങ്ങളില്‍ ഒന്നാണു ബാംഗ്ലൂര്‍. അത് കൊണ്ട് തന്നെ “ ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം” എന്ന് ലോക മാധ്യമങ്ങള്‍ക്കും വിളിച്ചു പറയാന്‍ അധികം സമയം വേണ്ടി വന്നില്ല.

പ്രവാചക നിന്ദ ഇപ്പോള്‍ യുറോപ്പിലും നിയമാനുസൃതമായ കാര്യമല്ല എന്നാണ് അറിവ്. 2018 ല്‍ ഒരു ആസ്ത്രിയന്‍ കോടതി പ്രവാചക നിന്ദ കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിയമത്തിലും അങ്ങിനെ തന്നെയാണ്. കോണ്ഗ്രസ് എം എല്‍ എ യുടെ ബന്ധു ചെയ്തത് തെറ്റായ കാര്യമാണ്. അതിനെതിരെ പ്രതികരിക്കല്‍ മത വിശ്വാസികളുടെയും മതേതര വിശ്വാസികളുടെയും ബാധ്യതയാണ്‌. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമാണ് അതിനുള്ള വഴി. ആ വഴിയിലൂടെ പ്രതികരിക്കുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ട്.

മറ്റൊരു കാര്യം കൂടി പ്രതിഷേധക്കാര്‍ മറന്നു പോയി. കര്‍ണാടക ഭരിക്കുന്നത്‌ ഫാസിസ്റ്റ് സര്‍ക്കാരാണ്. ബ്രിട്ടീഷ്‌കാരേ ശത്രുവായി കണ്ട ടിപ്പുവിനെ അവരുടെ കൂടി ശത്രുവായി കാണുന്നവരാണ് ഭരണ രംഗത്ത്‌. ഇന്ന് നടന്നത് പോലുള്ള കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളുടെയും വിദേശ മാധ്യമങ്ങളുടെയും കണക്കില്‍ ബാംഗ്ലൂരില്‍ കത്തിക്കരിഞ്ഞ കാറുകളും തകര്‍ത്ത ജനലുകളും വാതിലുകളും ആക്രമിക്കപ്പെട്ട പോലീസ് സ്റെഷനും അവര്‍ ഇസ്ലാമിക തീവ്രവാദി എന്ന് വിളിക്കപ്പെടുന്ന “ എസ് ഡി പി ഐ – പി എഫ് ഐ” സംഘങ്ങളുടെ തലയിലാണ്.

ഇത്തരം പ്രതികരണങ്ങള്‍ക്ക് ഇസ്ലാം അനുമതി നല്‍കിയിട്ടില്ല. പണ്ട് കേരളത്തില്‍ കൈ വെട്ടിയതിനും ഇസ്ലാമിന്റെ അനുമതിയില്ല. ഇസ്ലാം പ്രതികരണത്തിലും മാന്യത ആവശ്യപ്പെടുന്നു. പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള അവകാശം ഇസ്ലാം ഒരിക്കലും സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടില്ല എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

Also read: ഇസ്ലാമും മധ്യപൂര്‍വദേശത്തെ പാരിസ്ഥിതിക ദൈവശാസ്ത്രവും

മറ്റൊരു രാഷ്ട്രീയം എസ് ഡി പി ഐ യെ വളര്‍ത്തുന്നത് കോണ്ഗ്രസ് എന്ന് ബി ജെ പി , അതല്ല ബി ജെ പി എന്ന് കോണ്ഗ്രസ്. തീവ്ര ഹിന്ദു വാദത്തിന്റെ ബാക്കിയാണു തീവ്ര ഇസ്ലാം എന്ന് മറ്റൊരു വാദം. എന്ത് കൊണ്ട് എസ് ഡി പി ഐ നിരോധിക്കപ്പെടുന്നില്ല എന്ന മറ്റൊരു ചോദ്യം. അതിലപ്പുറം ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നു എന്ന അവസാന വിശകലനം. എന്ത് കൊണ്ടും സംഘ പരിവാര്‍ ഹാപ്പിയാണ്.

ഒരു പാട് ചര്‍ച്ചകള്‍ കേട്ടിട്ടും എന്ത് കൊണ്ട് പ്രവാചകന്‍ നിന്ദിക്കപ്പെട്ടു എന്ന് മനസ്സിലായില്ല. ചര്‍ച്ചയില്‍ പങ്കെടുത്ത ആരും പ്രവാചകനെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അതായത് അങ്ങിനെ ചെയ്തവനെ ആരും അപലപിച്ചില്ല. അടിസ്ഥാന വിഷയങ്ങള്‍ ഇപ്പോഴും തൊടാതെ കിടക്കുന്നു. ശത്രു ആഗ്രഹിച്ചത്‌ റൊക്കമായി നല്‍കാന്‍ പലരും അക്ഷമയോടെ കാത്തിരിക്കുന്നു എന്നതാണ് ആകെക്കൂടി മനസ്സിലായത്‌. അതു കൊണ്ട് നാം പറയും “ പ്രവാചക നിന്ദ മതമല്ല അതൊരു രാഷ്ട്രീയമാണ്”.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker