Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം മണ്ണില്‍ ഇസ്രയേല്‍ കടന്നു കയറുമ്പോള്‍

ഇസ്രായേല്‍ രാഷ്ട്രവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമെന്ന ബഹുമതി യു എ ഇ നേടിയിരിക്കുന്നു. ചരിത്ര നിമിഷം എന്നാണു ഇസ്രായേലും യു എ ഇ യും മധ്യസ്ഥ റോള്‍ വഹിച്ച അമേരിക്കയും ഇതിനെ കുറിച്ച് പറഞ്ഞത്. യൂറോപ്യന്‍ രാജ്യങ്ങളും ബഹറിന്‍ പോലുള്ള ഗള്‍ഫ് രാജ്യങ്ങളും പുതിയ കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതെ സമയം ഫലസ്തീന്‍ ഭരണകൂടവും ഹമാസും പി എല്‍ ഓ പോലുള്ളവരും ഇറാനും കരാറിനെ അപലപിക്കുകയും ചെയ്യുന്നു.

കരാര്‍ വഴി ഇസ്രയേല്‍ വെസ്റ്റ്‌ ബാങ്കില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം അവസാനിപ്പിക്കും എന്നാണു യു എ ഇ പറഞ്ഞതെങ്കിലും പദ്ധതി ഇപ്പോഴും മേശപ്പുറത്താണ്, പദ്ധതി കുറച്ചു വൈകുപ്പിക്കുന്നു എന്നെ ഇതിനു അര്‍ത്ഥമുള്ളൂ എന്നാണു ഇസ്രായേലും അമേരിക്കയും പ്രതികരിച്ചത്. യു എ ഇ യുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കും എന്നാണ് അമേരിക്കയും ഇസ്രായേലും യോറോപ്യന്‍ രാജ്യങ്ങളും ഈജിപ്ത് ജോര്‍ദാന്‍ പോലുള്ള അറബി നാടുകളും പ്രത്യാശ പ്രകടിപ്പിക്കുന്നത്.

Also read: ഡോ. ഇസാം അൽ ഇർയാൻ വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം

നേരിട്ടുള്ള വികസന പങ്കാളിത്വം, കൃഷി ടൂറിസം കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും അടുത്ത് തന്നെ പല കരാറുകളും ഒപ്പുവെക്കും എന്നാണ് പ്രഖ്യാപനം. അതെ സമയം എന്തിനു വേണ്ടിയായിരുന്നുവോ അറബി നാടുകള്‍ ഇസ്രായേലുമായി ബന്ധം വേണ്ടെന്നു വെച്ചത് ആ പ്രശ്നം അവസാനിച്ചില്ല എന്ന് മാത്രമല്ല ഇപ്പോള്‍ അത് കൂടുതലാണ്. “Abraham Agreement” എന്നാണു കരാറിനെ ട്രമ്പ്‌ വിശേഷിപ്പിച്ചത്‌.

ഇസ്രായേലിനും പടിഞ്ഞാറുനിന്നുള്ള അവരുടെ സില്‍ബന്ധികള്‍ക്കും പലസ്‌തീന്‍ ജനത സ്വന്തം മാതൃരാജ്യത്തിനുവേണ്ടി നടത്തുന്ന പോരാട്ടം അറബികളും ഇസ്രായേലികളും തമ്മിലുള്ള ഒരു കലഹം മാത്രമാണ്‌. 1947 നവംബറില്‍ ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ പലസ്‌തീനില്‍ രണ്ട്‌ രാജ്യങ്ങളെ അനുവദിച്ചു. 55 ശതമാനം ഭൂമി കൈവശംവെക്കുന്ന ജൂതരാഷ്‌ട്രവും ബാക്കി ഭാഗം പലസ്‌തീന്‍ രാഷ്‌ട്രവും. ഐക്യരാഷ്‌ട്രസഭയ്‌ക്കുകീഴിലുള്ള ഒരു പ്രത്യേക സ്ഥലമായി ജറുസലേം നിലനില്‍ക്കും. 1948 മെയ്‌ 15ന്‌ ജൂതവിഭാഗം ഏകപക്ഷീയമായി ഒരു സ്വതന്ത്രരാഷ്‌ട്രം പ്രഖ്യാപിച്ചു. ഇതാണ്‌ ഒന്നാം അറബ്‌-ഇസ്രായേല്‍ യുദ്ധത്തിന്‌ തുടക്കമിട്ടത്‌. പലസ്‌തീനികളുടെ അംഗീകാരമില്ലാതെ പലസ്‌തീനിന്റെ മണ്ണില്‍ ഒരു ജൂതരാഷ്‌ട്രം രൂപീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ട്‌ അറബ്‌ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളായി. തുടര്‍ന്നുള്ള സംഭവങ്ങളില്‍ വലിയ ശതമാനം ഫലസ്തീനികള്‍ക്കും തങ്ങളുടെ നാടും വീടും വിട്ടു പോകേണ്ടി വന്നു.

ഈ വിഷയകമായി ഐക്യരാഷ്ട്രസഭ കുറെ പ്രമേയം പാസ്സാക്കി. എല്ലാത്തിനും പുല്ലു വില മാത്രമേ ഇസ്രയേല്‍ കല്‍പ്പിച്ചുള്ളൂ. അധിനിവേശശക്തികള്‍ അധിനിവേശഭൂമിയില്‍ സ്ഥിരതാമസമാക്കാന്‍ പാടില്ല എന്ന ജനീവ കണ്‍വെന്‍ഷന്റെ നിരോധനത്തിന്‌ വിരുദ്ധമായി അധിനിവേശ വെസ്റ്റ്‌ ബാങ്കില്‍ ഇപ്പോള്‍ 400,000 ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നുണ്ട്‌. ഈ കുടിയേറ്റക്കാര്‍ ഏറ്റവും നല്ല ഭൂമി കൈവശപ്പെടുത്തുകയും വിശാലമായ വീടുകള്‍ പണിയുകയും വെള്ളംകിട്ടുന്ന പ്രധാന സ്ഥലങ്ങളൊക്കെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേല്‍ കുടിയേറ്റം പുരോഗമിക്കുന്നത്. അതില്‍ നിന്നും ഇസ്രയേല്‍ മാറുമെന്നു യു എ ഇ പറയുമ്പോള്‍ തല്‍ക്കാലം നിര്‍ത്തി വെച്ചു എന്ന് മാത്രമാണ് അമേരിക്കയും ഇസ്രായേലും പറയുന്നത്.

Also read: ലിബറലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം

ജൂതരാഷ്ട്രം എന്നതല്ല ഇസ്രായേലിനെ അംഗീകരിക്കുന്നതില്‍ നിന്നും ഇതുവരെ മുസ്ലിം രാജ്യങ്ങളെ തടഞ്ഞത്. ഫലസ്തീനിനോട് അവര്‍ കാണിക്കുന്ന മനുഷ്യത്വ രഹിതമായ ഇടപെടല്‍ മൂലമാണ്. അയല്പക്കങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം എന്നും ആരും ആഗ്രഹിക്കും. അത് മേഖലക്ക് കരുത്തു നല്‍കും. അതെ സമയം മുസ്ലിംകളെ ഭിന്നിപ്പിക്കുക എന്ന പദ്ധതിയാണു എന്നും ജൂതര്‍ സ്വീകരിച്ച നിലപാട്. അപ്പുറത്ത് ഇറാനെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അമരിക്ക ഗള്‍ഫ് രാജ്യങ്ങളെ പ്രലോഭിപിപ്പിക്കുന്നത് എന്നും വാര്‍ത്ത വരുന്നു. സുന്നി ഷിയ അനൈക്യം കൂടുതല്‍ ശക്തമാക്കുന്നതില്‍ അമേരിക്കയും ഇസ്രയേലും വിജയം കണ്ടിട്ടുണ്ട്.

ഒരിക്കല്‍ കൈറോ സന്ദര്‍ശനം നടത്തിയപ്പോള്‍ ആ നാട്ടുകാരനായ ഒരാളുടെ കാറിലാണ് യാത്ര ചെയ്തത്. ഒരിടത്തു എത്തിയപ്പോള്‍ അയാള്‍ പുറത്തേക്കു കാര്‍ക്കിച്ചു തുപ്പി. അപ്പോഴാണ് മനസ്സിലായത്‌ അത് ഇസ്രായേല്‍ എംബസ്സിയാണെന്ന്. ഇസ്രയേല്‍ അറബ് മുസ്ലിം മനസ്സുകളില്‍ എന്നും വഞ്ചനയുടെ കഥയാണ് പറയുന്നത്. നിലവിലുള്ള വിഷയങ്ങള്‍ അവസാനിക്കാതെ അവര്‍ക്ക് വഴി തുറന്നു കൊടുക്കുക എന്നത് തീര്‍ത്തും ആത്മഹത്യ പരമാണ്. ഈ കരാര്‍ കൊണ്ട് അമേരിക്കയിലെ ജൂതരുടെ വോട്ടുകള്‍ പെട്ടിയില്‍ വീഴുമെന്നു ട്രമ്പ്‌ കരുതുന്നു. ഇനിയും കൂടുതല്‍ അറബ് ഗള്‍ഫ് നാടുകള്‍ യു എ ഇ യെ പിന്തുടരും എന്ന് വന്നാല്‍ ഫലസ്തീന്‍ ഒരു ചരിത്രമായി അവസാനിക്കും. ഈ കരാറിന്റെ ഗുണഭോക്താക്കളുടെ പട്ടികയില്‍ മുസ്ലിം രാജ്യങ്ങളോ മുസ്ലിംകളോ വരുന്നത് വിദൂര സാധ്യത മാത്രമാണ്.

അമേരിക്ക ഇസ്രായേല്‍ ഗൂഡാലോചനയില്‍ അറബ് രാജ്യങ്ങള്‍ വീണു പോകുന്നു. ട്രമ്പിന്റെ മുസ്ലിം വിരോധം പ്രശസ്തമാണ് . അതെ പോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ഇസ്രയേല്‍ അടുപ്പവും. ഒരിക്കല്‍ യുദ്ധത്തിലൂടെയാണ് അറബ് പ്രദേശങ്ങള്‍ ഇസ്രയേല്‍ കീഴടക്കിയത്. ഇപ്പോള്‍ നയതന്ത്രത്തിലൂടെ സാധ്യമാകുന്നു. ട്രമ്പിന്റെ വിശ്വസ്തരായ ഭരണാധികാരികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനിയുമുണ്ട്. അവരുടെ പ്രഖ്യാപനവും മറിച്ചാകാന്‍ ഇടയില്ല എന്ന് വേണം പ്രതികരണങ്ങള്‍ മനസ്സിലാക്കി തരുന്നത്

Related Articles