Current Date

Search
Close this search box.
Search
Close this search box.

വിശ്വാസി മക്കയെ കനവിൽ കാണുമ്പോൾ

ഒരു തരത്തിലുമുള്ള ഭൂമിശാസ്ത്ര കൗതുകവും ഉൽപാദിപ്പിക്കാത്ത ദേശം. കല്ലുമലകൾ എഴുന്നുനിൽക്കുന്ന നിമ്‌നോന്നതയാർന്ന പരുഷ ഭൂമി. സാമാന്യമായ ഏതൊരു സൗമ്യജീവിതത്തെയും ചതിച്ചു തോൽപ്പിക്കാൻ മാത്രം നിരാർദ്രമായ ഊഷരത. അവിടെ ചരിത്രത്തിന്റെ വിധിയെന്നോണം നാലായിരത്താണ്ടുകൾക്കപ്പുറം തന്നെ ജീവിതം തുഴഞ്ഞ മാനവതയുടെ സുദീർഘമായൊരു ചങ്ങലത്തുരട്. ഇതാണ് സാമാന്യ കാഴ്ചയിലെ മക്ക. എന്നാൽ വിശ്വാസികളുടെ ദൃശ്യത്തിൽ തെളിയുന്ന മക്ക മറ്റൊരു വിതാനത്തിലെ ‘ബക്ക.’ സ്രഷ്ടാവിന്റെ നിയോഗം ഏറ്റുവാങ്ങി സ്വർഗലോകത്തു നിന്നും ഭൂമിയിലേക്കെത്തിയ ആദിദമ്പതികൾ ജീവിതം മുളപ്പിച്ച ദേശപ്രാന്തമാണത്. സത്യപരീക്ഷകളൊക്കെയും ജയിച്ച് സ്രഷ്ടാവിന്റെ ആത്മസൗഹൃദം സ്വന്തമാക്കിയ ഇബ്‌റാഹീം പ്രവാചകൻ തന്റെ കുഞ്ഞു കുടുംബത്തെ പാർപ്പിച്ച വീടും പറമ്പും. അവിടെ അവസാന പരീക്ഷയും ജയിക്കാൻ മൂർച്ച തിളക്കുന്ന പിച്ചാത്തിയും കാരിരുമ്പ് തോൽക്കുന്ന വിശ്വാസദാർഢ്യവുമായി തന്റെ വൽസലപുത്രനെ യാഗമാക്കാൻ പോയ ദേശം. ആത്മസുഹൃത്തിനെ ആദരിച്ചനുസരിക്കാൻ ഈ ഭൂഗോളത്തിലാദ്യമായി ഇബ്‌റാഹീം കല്ലു പെറുക്കി മണിമന്ദിരം പണിത ദേശം.
ആ വൃദ്ധ ജീവിതത്തിന് സമ്മാനമായി കിട്ടിയ ആരോമൽ തിടമ്പ് പിച്ചനടന്ന മണ്ണ്. ആ കല്ലു മലകളിലെ ഏകാന്തവിഹ്വലതയിൽ കുഞ്ഞു കിടാവിന് കുടിജലം തേടി ഒരു മാതൃത്വം ഇടനെഞ്ച് പൊട്ടിയോടിയ മലമടക്കുകൾ. ആ പാൽപതത്തുടർച്ചയിലൂടെ ഒഴുകിപ്പരന്ന മഹാ ജനപദങ്ങൾ. ഇബ്‌റാഹീമിന്റെ താവഴിയിൽ മുഹമ്മദിന് ജനനം നൽകിയ ഗ്രാമം. അനാഥനായിപ്പോയ ആ ശൈശവം ജീവിത സംഘർഷങ്ങൾ ഏറ്റുവാങ്ങിയ ദേശം. സത്യസന്ധതയുടെ ദീപ്തസാന്നിധ്യമായി ആ ജീവിതം നാൽപതാണ്ട് നടന്നുപോയ മണ്ണും മലകളും. താമസിച്ച വീടും കുടിയും. കാലി നോക്കിയ താഴ്വരകളും വാണിഭം നടത്തിയ ചന്തകളും, കയറിക്കടന്ന മാമലകളും ധ്യാനമിരുന്ന കൽപൊത്തുകളും, മാലാഖമാർ പറന്നിറങ്ങിയ ആകാശവും ഭൂമിയും, സത്യസന്ദേശ പ്രചാരണത്തിലെ വിഘ്‌നങ്ങളും പീഡാനുഭവങ്ങളും. ഈ ദേശം ഏത് വിശ്വാസിയെയാണ് നിത്യമായും പ്രചോദിപ്പിക്കാതിരിക്കുക!

പ്രവാചകന് അഭയം നൽകിയ യസ്‌രിബ്. ആ നിർമലമായ പാദാരവിന്ദങ്ങൾ പതിഞ്ഞ് പുളകം കോരിയ യസ്‌രിബ്. സ്രഷ്ടാവിന്റെ ജീവിത സരണിയെ തരിപ്പണമാക്കാൻ കുതറിയ മനുഷ്യവിരോധികൾ തീർത്ത സർവ പ്രതിലോമതകളേയും ഒടിച്ചെറിഞ്ഞ പ്രവാചകന്റെ പ്രിയനഗരം മദീന. ആ മണ്ണും അവിടെ തെഴുത്ത പുതുദേശവും. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പള്ളി. ഒടുവിൽ തന്റെ നിയോഗദൗത്യം മഹാവിജയത്തിൽ സമാപിച്ച് മരിച്ച് കിടന്ന കൊച്ചുമുറിയും പ്രാന്തങ്ങളും. ഇതൊക്കെയും നേർക്കണ്ണിൽ കാണാനും അനുഭൂതിദായകമായ ശൈലങ്ങളും സമതലങ്ങളും തൊട്ടനുഭവിക്കുവാനും മനസ്സിൽ കൊതിക്കാത്ത വിശ്വാസികളുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ജീവിതത്തിലൊരിക്കലെങ്കിലും ആ പവിത്രഭൂമിയിലെത്താനും കേട്ടറിഞ്ഞ പുണ്യകാലത്തെ പുണർന്ന് വിശ്വാസസാഹോദര്യത്തിന്റെ ആദി സാന്നിധ്യത്തിലേക്ക് പടരാനുമുള്ള അടങ്ങാത്ത ആഗ്രഹം വിശ്വാസിയുടെ ലക്ഷ്യമായി മാറുന്നതും. അത്രക്ക് തീക്ഷ്ണമാണാ വൈകാരികോർജം.

ആ മണ്ണുപാതകളിലൂടെ ആദിചരിത്ര സൂക്ഷ്മതകളിലേക്ക് ലയിക്കാനുള്ള വിശ്വാസിയുടെ കിതപ്പ്, അയാളെ ആ ദേശം കൺകുളിർക്കെ നോക്കി നടക്കുന്ന ഒരു സഞ്ചാരിയാക്കും.

 

ജീവിതത്തിലൊരിക്കലെങ്കിലും തന്റെ വിശ്വാസത്തിന്റെ പിതൃഭൂമിയിലെത്തി ആത്മവിചാരണയിലൂടെ സ്ഫുടം വരുത്തി ഇബ്‌റാഹീമീസരണി പ്രഖ്യാപിക്കണമെന്നൊരു ശാസന അല്ലാഹുവിന്റേതു തന്നെയാണ്. അതു പക്ഷേ, കണിശതയാർന്ന കാലസമയ ചതുരത്തിലാണ്. എന്നിട്ടും ഇതൊന്നും അത്രയങ്ങ് സാധ്യമാക്കാൻ പാങ്ങ് പോരാത്തവരും ഈ പുണ്യദേശം അനുഭവിക്കാനും തന്റെ പാരമ്പര്യത്തിന്റെ പോരിമകൾ തോറ്റിയെടുക്കാനും കൊതിക്കുന്നത് സ്വാഭാവികം. അങ്ങനെ വിറ്റും പെറുക്കിയും, കാൽനടയായി ദീർഘസഞ്ചാരത്തിനിറങ്ങിയും മലമടക്കുകൾ താണ്ടി ദൈവഗേഹ ദേശത്തെത്താൻ വിശ്വാസികൾ കുതറിയ കഥകൾ ചരിത്രത്തിലെമ്പാടും നമുക്ക് കാണാം. അവർ പാതിവഴിയിൽ മരിച്ചുവീണതും, മരുഭൂമിയിലെ ബദുക്കൂട്ടങ്ങൾ കൊള്ളയടിച്ചതും, എന്നിട്ടും ഇഛാശേഷിയുടെ കൊടിപ്പടം വീശി ആ തീർഥാടന ‘ഖാഫില’ മുന്നോട്ടു തന്നെ പോയതുമൊക്കെ പാട്ടായും കഥയായും സഞ്ചാരക്കുറിപ്പുകളായും എന്നേ മലയാളത്തിലുണ്ട്. ഈ എഴുത്തുരാശിയിൽ ഉൾപ്പെടുന്നതാണ് ജലീൽ ഒതളൂരിന്റെ ‘ഓർമകളിലെ ഉംറകൾ അവസാനിക്കുന്നില്ല’ എന്ന കൊച്ചുകൃതി.

ഒരു ഹജ്ജ് അനുഭൂതി സ്വന്തമാക്കാൻ ദ്രവ്യപരമായ കടുത്ത പരിമിതി ഉണ്ടായിരുന്ന ജലീലിന് ആ പെരുംമോഹം മനസ്സിന്റെ കല്ലറയിൽ മണ്ണിട്ടു മൂടേണ്ടി വന്നു. ഒരു ഉംറയെങ്കിലും സ്വപ്‌നമായി അപ്പോഴും ആ മനസ്സിന്റെ ആകാശത്ത് മഴവില്ലായി കൊതിപ്പിച്ചു. അതും അസാധ്യതയുടെ കരിമേഘക്കാട്ടിൽ അദൃശ്യപ്പെട്ടപ്പോഴാണ് പ്രതീക്ഷയുടെ അമ്പിളിക്കീറായി, വിവാഹസമ്മാനമായ ഇത്തിരി സ്വർണപ്പൊട്ടുകളുമായി ജീവിതപങ്കാളി പിന്തുണക്കെത്തിയത്. അതോടെ പ്രതീക്ഷയുടെ ആകാശത്ത് മസ്ജിദുൽ ഹറാം നിന്ന് ചിരിച്ചു. സ്വർണവളകളൊക്കെയും ഊരിപ്പൊതിഞ്ഞ് വിൽക്കാൻ പോയെങ്കിലും ആ സ്വർണപ്പൊതി യാത്രയിലെവിടെയോ നഷ്ടപ്പെട്ടുപോകുന്നു. പ്രതീക്ഷയുടെ വർണസൂനങ്ങൾ വാടിക്കഴിഞ്ഞു. അന്നിവർ അനുഭവിച്ച അന്തഃസംഘർഷങ്ങൾ എഴുതിത്തീർക്കാവതല്ല. പക്ഷേ അപ്പോഴും കഅ്ബയും പ്രാന്തദേശങ്ങളും ഇവരുടെ സഞ്ചാരലക്ഷ്യമായി തുടിച്ചുനിന്നു.

അതുകൊണ്ടുതന്നെ ഇതിവരൊരു പരീക്ഷണമായെടുത്തു. ജീവിതത്തിലെ നിത്യനിദാനങ്ങൾ കർശനമായവർ വെട്ടിച്ചുരുക്കി. അതിനോട് വീടാസകലം സഹകരിച്ചു. അത് ഏറെ അനുഗ്രഹമായെന്ന് ജലീൽ അനുസ്മരിക്കുന്നു. ആ മോഹസാന്ദ്രതയും ഉത്സാഹവും തീർച്ചയായും അല്ലാഹു കാണുക തന്നെ ചെയ്തു. ഉള്ള ഇത്തിരിയിൽ അവൻ അവർക്ക് ഐശ്വര്യം നിറച്ചു. കാണെക്കാണെ അത് പൊലിച്ചു വന്നു. ആ ദ്രവ്യക്കിഴിയുമായവർ പ്രവാചകന്റെ നാട്ടിലേക്ക്, ഇബ്‌റാഹീമിന്റെ മില്ലത്തിലേക്ക്, അല്ലാഹുവിന്റെ സ്വന്തം വീട്ടിലേക്ക്….. ആ യാത്രക്കൊരു മധുരമുണ്ട്. ആ മധുരമാണീ പുസ്തകം. മനസ്സിലിരമ്പിയ പെരുംമോഹം തീർത്ത് സംസം കുടിച്ചിറങ്ങുമ്പോൾ മനസ്സുകൾ വിശ്രാന്തമായി. ആ വിശ്രാന്തിയാണീ പുസ്തകം.

Related Articles