Current Date

Search
Close this search box.
Search
Close this search box.

ശാഹീൻ ബാഗ്: ബഹുസ്വര ഇന്ത്യയുടെ തീർഥാടന കേന്ദ്രം

“ആളുകൾ ഒരേ മനസ്സോടെ മൗനത്താൽ ഗൂഢാലോചന നടത്തുന്ന ഇടങ്ങളിൽ സത്യത്തിൻ്റെ ശബ്ദത്തിന് വെടിയൊച്ചയേക്കാൾ മുഴക്കമായിരിക്കും..”
(ചെസ് വഫ് മിവോഷ്)

അമേരിക്കൻ പോളിഷ് കവി മിവോഷ് പറഞ്ഞത് യാഥാർഥ്യമാണെങ്കിൽ ശാഹീൻബാഗിൽ നിന്നും ഉയർന്നുകേട്ട ശബ്ദം അധികാരികളുടെ ചെവിയിൽ ഹൈഡ്രജൻ ബോംബിനോട് സമാനമായിരിക്കും. അത്ര വലിയ സുഖമില്ലാത്ത ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ആത്മവിശ്വാസത്തോടെ, മനോധൈര്യത്തോടെ മുഴങ്ങിക്കേട്ടത്. പ്രക്ഷോഭം നടന്നത് സിഎഎ, എൻആർസി വിഷയത്തെച്ചൊല്ലിയായിരുന്നെങ്കിലും കൂടുതൽ വിശാലമായ മാനങ്ങളായിരുന്നു അതിനുണ്ടായിരുന്നത്. ഇന്ത്യയിലെ പൗരന്മാരെല്ലാം തികച്ചും തെറ്റെന്നു ധരിക്കുന്ന രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥിതിക്കുള്ളിലെ കൊള്ളരുതായ്മകൾക്കെതിരെയുള്ള ശക്തമായ വിയോജിപ്പായിരുന്നു ആ സമരം. അപരരെ തുടർച്ചയായി താറടിച്ചു കാണിക്കൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടൽ, ആൾക്കൂട്ട കൊലകൾ, തെറിവിളി കാമ്പയിനുകൾ, മാധ്യമവിചാരണകൾ തുടങ്ങി മുൻപ് ഇന്ത്യയിൽ സംഭവ്യമല്ലാതിരുന്ന ഒട്ടേറെ അനീതികൾക്കെതിരെയുള്ള പടപ്പുറപ്പാടായിരുന്നു അത്. വിഭാഗീയ, ഫാഷിസ്റ്റ് ഇന്ത്യയെന്ന ആശയത്തെ തള്ളിക്കളയുകയും സഹിഷ്ണുതയിലും മത സാഹോദര്യത്തിലുമൂന്നിയ ആത്മാവിനെ രാജ്യം തിരികെയാവശ്യപ്പെടുകയും ചെയ്ത കാഴ്ചയാണ് ശാഹിൻ ബാഗിൽ നടന്നതെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ആ വീക്ഷണത്തിൽ, ശരിക്കും ഒരു മിനി ഇന്ത്യയെയാണ് നമുക്ക് ശാഹിൻ ബാഗിൽ ദർശിക്കാനായത്. സമൂഹത്തിന്റെ വിവിധ തുറകളിലെ അസംതൃപ്തികളിൽ നിന്നു തുടങ്ങി രാജ്യത്തെയാകമാനം പിടിച്ചുകുലുക്കിയ പ്രസ്ഥാനമായി മാറിയ ശാഹീൻ ബാഗിലെ ഐതിഹാസികമായ സംഭവങ്ങളെ കൃത്യമായി വരച്ചിടുകയാണ് സിയാവുസ്സലാമും ഉസ്മ ഔസാഫും ചേർന്നെഴുതിയ “ഷാഹീൻ ബാഗ്: ഫ്രം എ പ്രൊട്ടെസ്റ്റ് ടു എ മൂവ്മെൻ്റ്” എന്ന പുസ്തകം.

പ്രക്ഷോഭത്തിൻ്റെ ബാക്കിപത്രത്തിൽ നിന്നുകൊണ്ട് എഴുത്തിലൊതുക്കാതെ, ആദ്യം മുതൽ അതിൻ്റെ ഭാഗവാക്കായി അതിൻ്റെ പരിണാമങ്ങൾ നിരീക്ഷിച്ചു കൊണ്ടുള്ള എഴുത്താണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ഷാഹീൻ ബാഗിൻ്റെ അമാനുഷികമായ ഉയർന്നുവരവിനെപ്പറ്റി, അതിനു പിന്നിലെ മൂല്യങ്ങളെപ്പറ്റി മാതാപിതാക്കളായ അവർ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. “ആളെക്കൊല്ലുന്ന വെടിയുണ്ടയെ ഭയക്കാതിരിക്കുക, നിക്ഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ മുൻവിധികളെ സൂക്ഷിക്കുക” എന്നതും രാജ്യത്തോട് അചഞ്ചലമായ കൂറുള്ളവരായിരിക്കുക എന്നിവയായിരുന്നു അവ. വെറുമൊരു പ്രതിഷേധം മാത്രമായല്ല, നശിച്ചുതുടങ്ങിയ ഇന്ത്യയെ ഉണർത്താൻ പോന്ന പ്രതീക്ഷയുടെ തിരിനാളത്തെയാണ് അവർ ഷാഹിൻ ബാഗിനെ കണ്ടത്.

സ്ത്രീകളുടെ മനോധൈര്യവും അച്ചടക്കവുമായിരുന്നു ഈ പ്രക്ഷോഭങ്ങളുടെ മുഖമുദ്ര. സമരത്തിന് നേതൃത്വം നൽകുമ്പോൾ തന്നെ, തങ്ങളുടെ സ്വത്വത്തെ പണയം വെക്കാതെ തങ്ങളുടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുകയായിരുന്നു അവർ. അവർ ഹിജാബ് ധരിക്കുകയും, കുട്ടികളെ സമരവേദിയിൽ കൊണ്ടുവരികയും അവിടെ നിന്ന് തന്നെ വിട്ടുവീഴ്ചയില്ലാതെ നിസ്കാരം നിർവഹിക്കുകയും ചെയ്തു. മുസ്ലിം ആയതിലോ സ്ത്രീ ആയതിലോ ഒരു അപകർഷതയും തോന്നാതെ, ചരിത്രത്തിന്റെ ഭാണ്ഡം ചുമക്കാൻ വിസമ്മതിക്കുകയും പുതിയൊരു ചരിത്രം രചിക്കുകയും ചെയ്തു അവർ. ഗാലിബിന്റെയും ഫൈസിന്റെയും ഇഖ്ബാലിന്റെയും കവിതകൾ അവർ ആവേശത്തോടെ ആലപിച്ചു. അതിന്ദ്രിയാവസ്ഥയിലെന്ന പോലെ അവർ മുദ്രാവാക്യങ്ങളുരുവിടുകയും അതേസമയം ഭരണഘടനയെയും സ്വാഭാവികാവകാശങ്ങളെയും ഉയർത്തിപ്പിടിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ഉച്ചൈസ്തരം വാദിക്കുകയും ചെയ്തു. ലോകം പിന്നീട് ആ പടയാളികളെ വാഴ്ത്തിപ്പാടി. ഇതൊക്കെയാണ് അടുത്ത കാലത്തായി നടന്ന സ്ത്രീശാക്തീകരണ പ്രക്രിയകളിൽ പ്രധാനപ്പെട്ടത് എന്നാണ് രചയിതാക്കൾ നിരീക്ഷിക്കുന്നത്.

ആൾക്കൂട്ടക്കൊലകൾ, നോട്ടുനിരോധനം, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കൽ, കത്വയിലെ പീഢനക്കേസ് പ്രതികൾക്ക് പരസ്യമായി പിന്തുണ നൽകൽ, ബാബരി കേസിലെ നീതിപൂർവമല്ലാത്ത വിധി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയ പുതിയ ഇന്ത്യയിൽ, ഷാഹിൽബാഗിലൂടെ നടന്നത് മുസ്ലിം സമുദായം കാലങ്ങളായി നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പൊട്ടിത്തെറിയാണെന്ന് രചയിതാക്കൾ നിരീക്ഷിക്കുന്നു. ബിജെപി സർക്കാർ തുടർച്ചയായി അനുവർത്തിച്ചു പോന്ന മുസ്ലിം വിരുദ്ധ നയങ്ങളുടെ ഫലമായുണ്ടായ രോഷമാണ് ഷാഹീൻ ബാഗിലേതെന്ന ഐറീൻ അക്ബറിന്റെ വാദത്തോട് ഗ്രന്ഥകർത്താക്കൾ യോജിക്കുന്നു. എന്നാൽ, ഷാഹീൻ ബാഗിനെ വെറുമൊരു സാമുദായിക പ്രക്ഷോഭം മാത്രമായി കാണാനാവില്ലെന്നും, സാധാരണ പൗരന്മാർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച സ്വാതന്ത്ര്യ സമരമായിരുന്നു അതെന്നാണ് രചയിതാക്കൾ വാദിക്കുന്നത്. “ഷാഹീൻ ബാഗ് ഉയർത്തിക്കാട്ടിയത് രാജ്യത്തിന്റെ വൈവിധ്യത്തെയായിരുന്നു. ഹിന്ദുത്വ അധീശത്വ അജണ്ടകൾക്കെതിരായ ജനസാമാന്യത്തെയാണ് അവിടെ കണ്ടത് “.(പേ.58).

ഒരു സമകാലിക പ്രതിഭാസത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനേക്കാൾ സുഖമാണ് ചരിത്രപരമായ ഒരു പ്രതിഭാസത്തെ ക്കുറിച്ച് പറഞ്ഞുപഴകിയ ചർച്ചകളിലേർപ്പെടുക എന്നുള്ളത്. എങ്കിൽപ്പോലും, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ സവിശേഷമായ ഒരേടിനെ കൃത്യമായി അവതരിപ്പിക്കുന്നതിൽ രചയിതാക്കൾ വിജയിച്ചിട്ടുണ്ട്. തീവ്ര ദേശീയതയുടെയും ഭിന്നിപ്പിൻ്റെയും വെറുപ്പിൻ്റെയും ആശയങ്ങളെ ചെറുത്തുതോൽപ്പിക്കുന്ന ഇന്ത്യ എന്ന രാഷ്ട്രത്തോടും അതിന്റെ സഹവർത്തിത്വ ബോധത്തോടുമുള്ള യഥാർത്ഥ രാജ്യ സ്നേഹത്തിന്റെ നിമിഷമായിരുന്നു അത്. ജാതി, മത ഭാഷകൾക്കപ്പുറത്തേക്ക് ഇന്ത്യയൊന്നൊരു വികാരം അലയടിച്ച നിമിഷമായിരുന്നു അത്. പ്രക്ഷോഭകാരികളെ ഭക്ഷിപ്പിക്കാൻ ഡി.എസ് ബിന്ദ്ര തൻ്റെ ഫ്ലാറ്റ് വിറ്റതും, കർഷകർക്ക് ഐക്യദാർഢ്യവുമായി എണ്ണമറ്റ സിഖ് സഹോദരങ്ങൾ വന്നെത്തിയതും, പാലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾക്ക് അഭയം നൽകിയതുമുൾപ്പെടെയുള്ള ഇന്ത്യയുടെ ആത്മാവ് നമ്മളറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അവർ ഫാതിമ ശൈഖ് സാവിത്രി ഫൂലെ എന്ന പേരിൽ ലൈബ്രറി സ്ഥാപിക്കുകയും, മനോഹരമായ ചുമർച്ചിത്രങ്ങളിലൂടെയും പ്ലക്കാർഡുകളിലൂടെയും മറ്റു കലാരൂപങ്ങളിലൂടെയും മനുസ്മൃതിയുടെ ആശയത്തെ തിരസ്കരിക്കുകയും ചെയ്തു. ഷഹീൻ ബാഗിലെ കോച്ചുന്ന തണുപ്പിൽ മരിച്ചുപോയ സ്വന്തം കുഞ്ഞിൻ്റെ ഓർമ മായും മുമ്പ്, മൂന്ന് ദിവസത്തിനുള്ളിൽ പ്രക്ഷോഭ വേദിയിലേക്ക് തിരികെയെത്തിയ യുവതിയുടെ ഹൃദയത്തിൽ ആ ആശയത്തിൻ്റെ കണികയുണ്ടായിരുന്നു. വരും തലമുറകളുടെ ഹൃദയത്തെ ആവേശോജ്ജ്വലമാക്കാൻ പോന്ന നിധികളാണ് ഈ പുസ്തകത്തിലുള്ളത് എന്ന് പറയാം.

ബിൽക്കീസിനെയും അസ്മ ഖാതൂനെയും പോലുള്ള ശാഹിൻ ബാഗിനെ നയിച്ച ധൈര്യശാലികളായ, വയോധികകളായ സ്ത്രീകളെക്കുറിച്ച് ഒരു മുഴുനീള അധ്യായം തന്നെയുണ്ട് പുസ്തകത്തിൽ. പ്രക്ഷോഭ സ്ഥലത്തെ സംഘാടനം, ഭക്ഷണം, നിയന്ത്രണങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളിലും അവർ കൈയൊപ്പ് പതിക്കുകയുണ്ടായി.

ഡൽഹി ജുമാ മസ്ജിദ്, കൊൽക്കത്ത, ചെന്നൈ, പട്ന, ഭോപ്പാൽ, ജാഫ്രാബാദ്, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുമെല്ലാം ഷഹീൻ ബാഗ് വ്യാപിച്ചതെങ്ങനെയെന്ന് രചയിതാക്കൾ വ്യക്തമാക്കുന്നുണ്ട്. ഓരോ മേഖലയിൽ നടന്ന പ്രക്ഷോഭങ്ങളെയും അതിന്റെ സവിശേഷതകളെയും കൃത്യമായി അനാവരണം ചെയ്ത് വിശകലനം ചെയ്യുന്നുണ്ട് രചയിതാക്കൾ. ചെന്നൈയിൽ ഹിന്ദു സ്ത്രീകൾ മുസ്ലിം സ്ത്രീകളുടെ ഒപ്പം ചേർന്ന് ഉപവാസമനുഷ്ഠിച്ചത് ഉദാഹരണം. മറ്റൊരു പ്രത്യേകത, ഇതര സമര സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ഈ സമരത്തിൽ ദൃശ്യമായിരുന്നു എന്നതാണ്. പുരുഷന്മാർക്ക് മാത്രമായി വേറെ പന്തലുകൾ ഒരുക്കേണ്ടി വന്നു.

സ്ത്രീകളുടെ ത്യാഗോജ്ജലമായ സമർപ്പണത്തെക്കുറിച്ച് രചയിതാക്കൾ എഴുതുന്നതിങ്ങനെ: “ഉണർവും സാമൂഹിക ബോധവുമുള്ള ഈ ജനതയുടെ ഉദയം സമൂഹത്തിന് വലിയ സംഭാവനകൾ ചെയ്യാൻ പൊതുവിദ്യാലയ പശ്ചാതലത്തിന്റെയോ, നല്ല കുടുംബത്തിൽ നിന്നാകുന്നതിൻ്റെയോ ആവശ്യമില്ലെന്ന് തെളിയിക്കുന്നവയായിരുന്നു. സമൂഹത്തിൽ യാഥാസ്ഥികർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരിൽ നിന്നാവും ചിലപ്പോൾ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നത്”.

സമരം നയിച്ച സ്ത്രീകളുടെ രാഷ്ട്രീയ തന്ത്രജ്ഞതയെയും സൂക്ഷ്മബുദ്ധിയേയും പ്രശംസിക്കുകയാണ് ഗ്രന്ഥകർത്താക്കൾ. ശബ്ദമില്ലാത്ത, മുസ്ലിം പുരുഷൻമാരാൽ അടിച്ചമർത്തപ്പെടുന്ന മുസ്ലിം സ്ത്രീ എന്ന സംഘികൾ ഉയർത്തിക്കൊണ്ടുവന്ന വ്യവഹാരത്തിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ പ്രസ്താവനയായിരുന്നു ഈ സമരം. ഗ്രന്ഥകർത്താക്കൾ ഉപയോഗിച്ച ഭാഷ തന്നെ കടമെടുത്താൽ, പുരുഷന്മാർ സമരത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നില്ല, ക്രിക്കറ്റ് മത്സരത്തിലെ ബോൾ ബോയിയുടെ ചുമതല യായിരുന്നു അവർക്ക്. ശരിക്കും മുസ്ലിം സ്ത്രൈണതയുടെ വിജയമായിരുന്നു അത്. ഒന്നും പ്രതികരിക്കാത്ത, വീട്ടിൽ വെച്ച് മർദ്ദനമേൽക്കുന്ന മുസ്ലിം സ്ത്രീ എന്ന വാർപ്പുമാതൃകയെ അവരെല്ലാം കൂടി പൊളിച്ചുകളഞ്ഞു. ധൈര്യവും സാമൂഹിക ബോധ്യവുമുള്ള അനീതിക്കു മുമ്പിൽ തല കുനിക്കാത്തവരാണ് തങ്ങളെന്ന് അവർ സ്വയം തെളിയിച്ചു.

തങ്ങൾക്കെതിരെയുള്ള കുപ്രചരങ്ങളെ നേരിട്ടെതിർക്കുന്നതിന് പകരം സമാധാനപരമായും ക്രിയാത്മകമായുമാണ് അവർ പ്രതികരിച്ചത്. 500 രൂപക്കും ഒരു പ്ലേറ്റ് ബിരിയാണിക്കും വേണ്ടി വന്നവർ, പാകിസ്താൻ്റെ സഹായം സ്വീകരിക്കുന്നവർ തുടങ്ങി ഒട്ടേറെ പരിഹാസങ്ങൾ വലതുപക്ഷം അവർക്കെതിരെ അഴിച്ചുവിട്ടു. അവരുടെ കുപ്ര ചരണമങ്ങൾ ചെന്നുപതിച്ചത് അവരുടെ മേൽ തന്നെയായിരുന്നു. ‘ദേശ് കി ഗദ്ധാറോൻ കോ ഗോലി മാറോ’ പോലെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്ക് മറുപടിയായി ഫൂൽ ബർസാവോ സാരോം പർ (എല്ലാവർക്കു മുകളിലും പൂക്കൾ വർഷിക്കൂ) എന്നതു പോലെയുള്ള മുദ്രാാക്യങ്ങൾ അവരുയർത്തിയത് സമരത്തിൻ്റെ ശക്തരായ വിമർശകരെ പ്പോലും പിന്തിരിപ്പിക്കാൻ ഇടയാക്കി.

ആ സമരത്തിന് നേതൃത്വം നൽകിയ സ്ത്രീകളുടെ രാഷ്ട്രീയ ജ്ഞാനവും വിവേകവുമാണ് ദുർബലരായ പ്രതിപക്ഷത്തിന്റെ സൃഷ്ടിയാണ് ശാഹീൻ ബാഗെന്ന രാഷ്ട്രീയവൽകരണ ആരോപണങ്ങളെ പ്രതിരോധിച്ചത്. നെഹ്റുവിന്റെ പോസ്റ്ററുകൾ ഒഴിവാക്കുന്നത് വഴി കോൺഗ്രസ്സ് സ്പോൺസർ ചെയ്ത നാടകമാണ് ഇതെന്ന ആരോപണങ്ങളെയും അതില്ലാതാക്കി.
രചയിതാക്കൾ എഴുതുന്നതിങ്ങനെ: “തോക്കുമായി ഒരാൾ പിടിക്കപ്പെട്ടപ്പോൾ മർദ്ദനമോ മറ്റോ ഇല്ലാതെ നിയമപ്രകാരം പോലീസിന് കൈമാറുകയാണ് അവർ ചെയ്തത്. ദിവസങ്ങൾക്ക് ശേഷം വേറൊരു അക്രമി ആകാശത്തേക്ക് വെടിയുതിർക്കുകയും ഹിന്ദുത്വ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടും അവർ അവിവേകപരമായി അയാളെ സമീപിച്ചില്ല. ഒരു മനുഷ്യച്ചങ്ങല തീർത്താണ് അവർ അതിനോട് പ്രതികരിച്ചത്. അവരുടെ സന്ദേശം ഇങ്ങനെയായിരുന്നു: മതം പറഞ്ഞ് ഞങ്ങളെയാർക്കും ഭിന്നിപ്പിക്കാൻ കഴിയില്ല. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്.”

ജനാധിപത്യ സ്ഥാപനങ്ങൾ പോലും തങ്ങളുടെ മൂല്യങ്ങൾ അടിയറവ് വെക്കുകയും അപകർഷതയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന ഈ കാലത്ത്, ആകാശങ്ങൾ കീഴടക്കിയ ശാഹീൻ ബാഗിലെ പെണ്ണുങ്ങൾ പകരുന്നത് വരുന്ന തലമുറയ്ക്ക് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള ഊർജ്ജമാണ്. മർദ്ധക ഭരണകൂടത്തിനെതിരെ ഭാവിയിൽ വരാനിരിക്കുന്ന പ്രക്ഷോഭങ്ങളിലൊക്കെയും ശാഹീൻ ബാഗിന്റെ സ്വാധീനമുണ്ടാകുമെന്ന് തീർച്ച.

Title: Shaheen Bagh: From A Protest to a Movement
Authors: Ziya Us Salam and Uzma Ausaf
Publisher: Bloomsbury India
Pages: 254 + xxxii
Price: `599/-

വിവ- അഫ്സൽ പി. ടി മൂഹമ്മദ്

Related Articles