Current Date

Search
Close this search box.
Search
Close this search box.

നവനാസ്തികത: ഒരു വിമർശന പഠനം

ഏറിയോ, കുറഞ്ഞോ അളവിൽ എക്കാലത്തും കാണപ്പെട്ട പ്രവണതയാണ് ദൈവത്തിന്റ ആസ്തിക്യനിഷേധം. പൗരാണിക ഇന്ത്യയിലെ ദൈവനിഷേധ ദർശനം ചാർവാകമായിരുന്നു. ബ്രഹസ്പതിയാണ് അതിന്റെ സ്ഥാപകൻ. പദാർഥം മാത്രമാണ് ഏകവും പരമവുമായ യാഥാർഥ്യമെന്ന് ചാർവാകം സിദ്ധാന്തിക്കുന്നു. പദാർഥത്തിനപ്പുറമുള്ള സ്വർഗം, നരകം, ദൈവം എന്നിവയെ നിരാകരിക്കുന്നു. പുരാതന ഗ്രീസിൽ ദൈവനിഷേധ ആശയം എപ്പിക്യൂറിസമായിരുന്നു. എപ്പിക്യൂറസാണ് അതിന്റെ വക്താവ്. പ്രപഞ്ചത്തിന് പിന്നിൽ ഒരു ശക്തിയില്ലെന്നും അസംഖ്യം പരമാണുക്കളുടെ പ്രവർത്തന, പ്രതിപ്രവർത്തനങ്ങളുടെ പരിണാമ ഫലമാണ് പ്രപഞ്ചമെന്നും എപ്പിക്യൂറിസം വിശ്വസിച്ചു. പ്രവാചകൻ മുഹമ്മദിന്റെ കാലത്തും ദൈവത്തെ നിഷേധിക്കുന്ന കൂട്ടരുണ്ടായിരുന്നു. പ്രകൃതിവാദികളെ(അദ്ദഹ്‌രിയ്യൂൻ) ന്നാണ് അവരറിയപ്പെട്ടത്.

ദൈവനിഷേധത്തിന് കൂടുതൽ സ്വാധീനവും വ്യവസ്ഥാപിത സ്വഭാവവും ഉണ്ടാവുന്നത് ആധുനിക കാലത്താണ്. 15, 16, 17 നൂറ്റാണ്ടുകൾ യൂറോപ്പിന് നവോത്ഥാനത്തിന്റെ കാലമാണല്ലോ. സ്വതന്ത്ര അന്വേഷണത്തോട് ക്രൈസ്തവ മതത്തിന്റെ അനീതി നിറഞ്ഞ സമീപനമാണ് യൂറോപ്പിൽ നവോത്ഥാനത്തിന് കളമൊരുക്കുന്നത്. പ്രതികൂലമായ ഈ അന്തരീക്ഷം മതത്തോടുള്ള വിമുഖതയിലേക്കും ദൈവാസ്തിക്യ നിഷേധത്തിലേക്കും യൂറോപ്പിനെ നയിച്ചുവെന്നതാണ് സത്യം.

എംപിരിസിസം അഥവാ അനുഭവമാത്രവാദത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തുടനീളം പിന്നീട് ദൈവനിരാസം വ്യാപകമാവുന്നത്. ഒരു ജ്ഞാനശാസ്ത്ര വീക്ഷണമാണ് അനുഭവമാത്രവാദം. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന വിജ്ഞാനത്തിനപ്പുറം മറ്റൊരു വിജ്ഞാനമില്ലെന്ന് എംപിരിസിസം വീക്ഷിക്കുന്നു. ഫ്രാൻസിസ് ബേക്കൺ, ജോൺ ലോക്കെ, ഡേവിഡ് ഹ്യൂം എന്നിവരാണ് അനുഭവമാത്രവാദത്തിന് അടിത്തറയിട്ടത്. അനുഭവമാത്രവാദം ജീവിതത്തിന്റെ അടിസ്ഥാനമാകുമ്പോൾ, അധ്യാത്മികതക്ക് പ്രസക്തിയുണ്ടായിരിക്കില്ല. അതിനാലാണ് യൂറോപ്പിൽ അധ്യാത്മികതയെ നിരാകരിക്കുന്ന ഒട്ടേറെ പ്രവണതകൾ കാണാനാവുന്നത്. ‘ദൈവം മരിച്ചു, കൊന്നത് ഞങ്ങളാണെ’ന്ന ഫ്രെഡറിക് നീഷ്‌ചെ 1882ൽ നടത്തിയ പ്രസ്താവന ഉദാഹരണമാണ്.

ദൈവം, മതം, വേദം എന്നിവയെ നിരാകരിക്കുകയും അവ നിഷ്‌കാസനം ചെയ്യപ്പെടേണ്ടതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന മേൽപ്പറഞ്ഞ ദൈവനിഷേധികൾ അറിയപ്പെടുന്നത് നാസ്തികരെ(എത്തീസ്റ്റ്‌സ്) ന്നാണ്. നാസ്തികതയുടെ ചരിത്രം, നവനാസ്തികതയുടെ വർത്തമാനം എന്നിവയെ ഇസ്ലാമിക അടിത്തറകളിലൂന്നി വിശകലനം ചെയ്യുന്ന കൃതിയാണ് ‘നവനാസ്തികത: ഒരു വിമർശന പഠനം’. മുഹമ്മദ് ഫാരിസ് പി.യു ആണ് രചയിതാവ്. പ്രസാധനം നിർവഹിച്ചിരിക്കുന്നത് ബുക് പ്ലസ്. പതിനഞ്ച് അധ്യായങ്ങളാണ് കൃതി ഉൾകൊള്ളുന്നത്. ഓരോ അധ്യായത്തിനും ഉള്ളടക്കത്തോട് നീതി പുലർത്തുന്ന ശീർഷകങ്ങളുണ്ട്. ‘പൂർവ നിരീശ്വര ചിന്തകൾ: ഒരു എത്തിനോട്ടം’ എന്നാണ് ഒന്നാം അധ്യായത്തിന്റെ നാമം. നാസ്തികതയുടെ നിർവചനം, നാസ്തികതയുടെ പൂർവകാല ചരിത്രം, ദൈവവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിശ്വാസധാരകൾ എന്നിവയെ പരിചയപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്യുന്നു ഈ അധ്യായത്തിൽ. പ്രധാനമായും വിശ്വാസങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന്, ദൈവവിശ്വാസം. രണ്ട്, സന്ദേഹവാദം. മൂന്ന്, നിരീശ്വരവാദം. ദൈവമുണ്ടെന്ന വിശ്വാസമാണ് ദൈവവിശ്വാസം. ദൈവമുണ്ടെന്നോ, ഇല്ലെന്നോ തീർത്തുപറയാൻ കഴിയാത്ത സംശയത്തിന്റെ അവസ്ഥയാണ് സന്ദേഹവാദം. ദൈവമില്ലെന്ന വിശ്വാസമാണ് നിരീശ്വരവാദം. വിശ്വാസങ്ങളിൽ യുക്തിപരമായത് ദൈവവിശ്വാസമാണ്. സന്ദേഹവാദവും നിരീശ്വരവാദവും ബുദ്ധിപരമായ നിഗമനമല്ലെന്ന് മുഹമ്മദ് ഫാരിസ് പറയുന്നു.

നാസ്തികത രൂപപ്പെട്ട പശ്ചാത്തലം പാരമർശിച്ചു. വളരെ വേഗത്തിലാണത് പടർന്നുപന്തലിച്ചത്. മനുഷ്യനിൽ മതങ്ങളെക്കുറിച്ച് സംശയങ്ങളുണ്ടാക്കാൻ നാസ്തികതക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, എഴുപതുകളോടെ, നാസ്തകിതയുടെ ശക്തി ക്ഷയിക്കുന്നതിനും ലോകം സാക്ഷിയായി. നവനാസ്തികതയുടെ ഘട്ടമാണിപ്പോൾ. കൃത്യമായി പറഞ്ഞാൽ, സെപ്റ്റംബർ പതിനൊന്ന് സംഭവത്തിനുശേഷമാണ് നവനാസ്തികത വ്യാപകമാവുന്നത്. നാസ്തികതയുടെ തുടർച്ച തന്നെയാണ് നവനാസ്തികതയും. മുഹമ്മദ് ഫാരിസിന്റെ കൃതിയിലെ നാല്, അഞ്ച് അധ്യായങ്ങൾ നവനാസ്തികയുടെ അടിസ്ഥാനങ്ങളാണ് വിവരിക്കുന്നത്. അഞ്ച് അടിസ്ഥാനങ്ങളിലാണ് നവനാസ്തികത നിലകൊള്ളുന്നതെന്ന് ഗ്രന്ഥകാരൻ പറയുന്നു. മതവിരുദ്ധത, തെളിവുവാദം, ശാസ്ത്രമാത്രവാദം, മാനവികവാദം, പുരോഗമനവാദം എന്നിവയാണവ.

മതങ്ങളും വിശ്വാസങ്ങളും നിഷ്‌കാസനം ചെയ്യപ്പെടേണ്ട കാര്യങ്ങളാണെന്നാണ് മതവിരുദ്ധതയെന്ന അടിസ്ഥാനം ആവശ്യപ്പെടുന്നത്. ഓരോ കാര്യത്തിനും വസ്തുനിഷ്ഠ തെളിവ് വേണമെന്നതാണ് നവനാസ്തികതയുടെ തെളിവുവാദം. കണ്ണുകൊണ്ട് കാണുന്നതിലും ചെവികൊണ്ട് കേൾക്കുന്നതിലും മൂക്കുകൊണ്ട് മണക്കുന്നതിലും നാവുകൊണ്ട് രുചിക്കുന്നതിലും തൊലികൊണ്ട് തൊടുന്നതിലും മാത്രമേ വിശ്വസിക്കേണ്ടതുള്ളുപോലും. അവക്കപ്പുറം യാഥാർഥങ്ങളില്ല. പരീക്ഷണ നീരീക്ഷണങ്ങൾക്ക് വിധേയമാക്കാവുന്ന കാര്യങ്ങളിലേ വിശ്വസിക്കേണ്ടതുള്ളൂവെന്ന ചിന്തയാണ് ശാസ്ത്രമാത്രവാദം. മനുഷ്യചിന്തയുടെ കേന്ദ്രം മനുഷ്യൻ തന്നെയാണെന്ന വീക്ഷണമാണ് മാനവികവാദം. എല്ലാറ്റിന്റെയും മാനദണ്ഡം മനുഷ്യൻതന്നെ. ഒന്നും അവനെ നിയന്ത്രിക്കേണ്ടതില്ല. മനുഷ്യൻ പുരോഗമിക്കുകയാണെന്നും ആദ്യകാല ദർശനങ്ങൾ അന്നത്തെ മൂല്യങ്ങളാണെന്നും അവ വെടിഞ്ഞ് ആധുനികനാവണമെന്നുമാണ് പുരോഗമനവാദം ആവശ്യപ്പെടുന്നത്.

നവനാസ്തികതയുടെ അടിസ്ഥാനങ്ങൾ പരിചയപ്പെടുത്തുക മാത്രമല്ല ഗ്രന്ഥകാരൻ ചെയ്യുന്നത്. മറിച്ച്, ഇസ്ലാമിന്റെ വിജ്ഞാനശാസ്ത്രത്തിലൂന്നി അവയുടെ നിരർഥങ്ങൾ ഇഴകീറി പരിശോധിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നുണ്ട്. തെളിവുവാദത്തിന്റെ ബാലിശതയെക്കുറിച്ച് മുഹമ്മദ് ഫാരിസ് എഴുതുന്നു: ‘തെളിവ് ചോദിക്കുന്ന നിരീശ്വരവാദികൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ വിശ്വാസങ്ങൾക്കും കൈയിൽ തെളിവുള്ളവരൊന്നുമല്ല. സ്വന്തം അഛനെയും സഹോദരങ്ങളെയുമൊന്നും ഡി.എൻ.എ പരിശോധന ചെയ്ത ശേഷമല്ല അവർ അംഗീകരിക്കുന്നത്. താനൊരു നിരീശ്വരവാദിയാണെന്ന അവകാശവാദത്തിനുപോലും യാതൊരു അനുഭവപരമായ തെളിവും സമർപ്പിക്കാൻ അവർക്ക് സാധിക്കില്ല’. എല്ലാറ്റിനും അനുഭവപരമായ തെളിവുകൾ നിരത്തുക സാധ്യമല്ല. ചിലതിന് അനുഭവജ്ഞാനം മതിയാവും. മറ്റുചിലതിന് അനുമാനം മതിയാവും. അവക്കപ്പുറവും കാര്യങ്ങൾ ഒത്തിരിയുണ്ട്. പഞ്ചേന്ദ്രിയങ്ങൾക്ക് അപ്രാപ്യമെന്ന് കരുതി അവയുടെ നിഷേധം ബുദ്ധിപരമല്ല.

ശ്രദ്ധേയമാണ് ആറാമത്തെ അധ്യായം. ‘നവനാസ്തികത: ചതുർവേദങ്ങൾ’ എന്നാണ് അതിന്റെ ശീർഷകം. നവനാസ്തികതയുടെ നാല് ആചാര്യന്മാരാണ് സാം ഹാരിസ്, ഡാനിയൽ ഡെന്നറ്റ്, റിച്ചാർഡ് ഡോകിൻസ്, ക്രിസ്റ്റഫർ ഹിച്ചൻസ് എന്നിവർ. ഫോർ ഹോയ്‌സ് മെൻ, നാൽവർ കുതിരക്കാരെ(ഫോർ ഹോഴ്‌സ് മെൻ) ന്നാണ് അവരറിയപ്പെടുന്നത്. യഥാക്രമം അവർ രചിച്ച കൃതികളാണ് ‘ദി എന്റ് ഓഫ് ഫെയ്ത്ത്’, ‘ബ്രേകിംഗ് ദി സ്‌പെൽ’, ‘ഗോഡ് ഡെല്യൂഷൻ’, ‘ദി ഗോഡ് ഈസ് നോട്ട് ഗ്രേറ്റ് എന്നിവ. നവനാസ്തികതയുടെ അടിസ്ഥാനങ്ങളും വാദങ്ങളുമാണ് അവയുടെ ഉള്ളടക്കം. നവനാസ്തികതയെ ഗവേഷണ സ്വഭാവത്തോടെ പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്രസ്തുത കൃതികൾ വായിച്ചിരിക്കണം.

മതങ്ങളോട് വിശിഷ്യ, ഇസ്ലാമിനോടുള്ള വെറുപ്പും വിദ്വേഷവുമാണ് മേൽപ്പറഞ്ഞ നാല് കൃതികളുടെയും അടിപ്പാവായി വർത്തിക്കുന്നത്. അവയിൽ ഇസ്‌ലാമിനെതിരെ കൂടുതൽ അക്രമിക്കുന്നത് സാം ഹാരിസിന്റെ ‘ദി എന്റ് ഓഫ് ഫെയ്ത്താ’ണ്. സാം ഹാരിസ് എഴുതുന്നു: ‘ഇസ്‌ലാമിലെ ജിഹാദെന്ന പ്രത്യേക അവകാശ പ്രകാരം ഭൂമിയിൽ മുഴുവൻ മനുഷ്യരും ഒന്നുകിൽ ഇസ്‌ലാം സ്വീകരിക്കുകയോ, അല്ലെങ്കിൽ മുസ്ലിങ്ങളാൽ കീഴ്‌പെടുത്തപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യേണ്ടിവരും’. മതവിശ്വാസം സ്വാഭാവിക പ്രതിഭാസമാണെന്ന് വന്നാൽ, ദൈവം ആവിയായി പോകുമെന്ന് ‘ബ്രേകിംഗ് ദി സ്പെല്ലി’ൽ ഡാനിയൽ ഡെന്നറ്റ് പറയുന്നു. അയുക്തികമായ സമീപനങ്ങൾ സ്വീകരിക്കാനേ ഖുർആന്റെ അനുയായികൾക്ക് കഴിയുള്ളൂവെന്നും പന്നിയോടുള്ള മുസ്‌ലിങ്ങളുടെ സമീപനം അതിന് തെളിവാണെന്നും ‘ദി ഗോഡ് ഈസ് നോട്ട് ഗ്രേറ്റി’ൽ ക്രിസ്റ്റഫർ ഹിച്ചൻസ് പറയുന്നു.

കൂട്ടത്തിൽ ഏറ്റവുമധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതി റിച്ചാർഡ് ഡോകിൻസിന്റെ ‘ഗോഡ് ഡെല്യൂഷനാ’ണ്. 2006 ലായിരുന്നു പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണം. ശാസ്ത്രമാത്രവാദത്തിന്റെ ചുവടുപിടിച്ച് മുഴുവൻ മതങ്ങൾക്കെതിരെയുമാണ് ഡോകിൻസ് കടന്നാക്രമിക്കുന്നത്. മതവും ശാസ്ത്രവും ഒരിക്കലും ഒത്തുപോവില്ല; ദൈവാസ്തിക്യം ശാസ്ത്രീയ അന്വേഷണത്തിന്റെ പരിധിയിൽ വരും; ശാസ്ത്രീയമായി ദൈവാസ്തിക്യം തെളിയിക്കാനാവാത്തതിനാൽ ദൈവമില്ല; അതുകൊണ്ട്, മതങ്ങളെല്ലാം അസാധുവാണ്. അങ്ങനെ പോവുന്നു ഡോകിൻസിന്റെ നിരർഥക വാദങ്ങൾ.

മുൻവിധികളോടെയാണ് നവനാസ്തിക ഗ്രന്ഥങ്ങളുടെ ഇസ്ലാമിനെതിരെയുള്ള പുറപ്പാട്. നവനാസ്തികതയുടെ ആചാര്യന്മാർ പ്രചരിപ്പിക്കുന്നതുപോലെയല്ല യാഥാർഥ്യങ്ങൾ. ഇസ്‌ലാമിനെതിരെയുള്ള തീവ്രവാദ ആരോപണം നാസ്തിക ചർച്ചകളിലെ പ്രധാനപ്പെട്ട ഒരിനമാണ്. മുകളിൽ പറഞ്ഞ കൃതികളിലും തീവ്രവാദ ആരോപണങ്ങളുണ്ട്. യഥാർഥത്തിൽ, തീവ്രവാദമാവട്ടെ, ഭികരവാദമാവട്ടെ, യുദ്ധമാവട്ടെ, അവയൊക്കെ പടിഞ്ഞാറിന്റെ ഉൽപന്നങ്ങളാണ്. നിർബന്ധ സാഹര്യത്തിൽ മാത്രമേ വാളെടുക്കാനുള്ള അനുവാദം ഇസ്‌ലാമിലുള്ളൂ. പടിഞ്ഞാറിന്റെ വംശീയവും ഹിംസാത്മകവുമായ അക്രമണങ്ങളോടുള്ള പ്രതികരണമെന്നോണം ഒരുപക്ഷേ, തീവ്രവാദങ്ങൾ മുസ്‌ലിംലോകത്ത് സംഭവിച്ചിട്ടുണ്ടാവാം. എന്നാൽ, അവയെപോലും മുസ്‌ലിം ധൈഷണിക ലോകം തള്ളിപ്പറഞ്ഞിട്ടുണ്ട്.

കൃതിയിലെ പതിനൊന്ന്, പന്ത്രണ്ട് അധ്യായങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ധാർമികതയുമായി ബന്ധപ്പെട്ട ചർച്ചകളാണ് അവയുടെ പ്രതിപാദ്യം. നാസ്തികരുടെ ധാർമിക ചിന്തകൾ വളരെ വിചിത്രമായാണ അനുഭവപ്പെടുക. ധാർമികതയുടെ മാനദണ്ഡമായി മൂന്ന് കാര്യങ്ങളെയാണ് അവർ കാണുന്നത്. വേദനാതത്വ(ഹാം പ്രിൻസിപ്പ്ൾ) മാണ് അതിൽ ഒന്നാമത്തേത്. മറ്റൊരാളെ വേദനിപ്പിക്കാത്തിടത്തോളം ഒരാൾക്ക് എന്തുമാവാമെന്നാണ് ഈ തത്വത്തിന്റെ ചുരുക്കം. രണ്ടാമത്തെ മാനദണ്ഡം സുഖവാദ(ഹെഡോണിസം) മാണ്. സുഖം നൽകുന്നവ ധാർമികവും അല്ലാത്തവ അധാർമികവുമായിരിക്കും. മൂന്നാമത്തെ മാനദണ്ഡം പരസമ്മത(മ്യൂച്വൽ കോൺസന്റ്) മാണ്. പരസ്പര സമ്മതമുണ്ടെങ്കിൽ ആർക്കും എന്തുമാവാമെന്ന് നാസ്തികർ വിശ്വസിക്കുന്നു. എന്നാൽ, സൂക്ഷമമായി വിശകലനം ചെയ്താൽ, ഈ മൂന്ന് മാനദണ്ഡങ്ങളുടെ പ്രയോഗവൽക്കരണത്തിലൂടെ വ്യക്തിയും സമൂഹവും അരാജകത്വത്തിലേക്കായിരിക്കും എത്തിപ്പെടുക. ആർക്കും എന്തും ആവാമെന്ന അവസ്ഥ സംജഞാതമാകും. സ്വവർഗരതി, ശവരതി, മൃഗരതി, ശിശുരതി എന്നീ തിന്മകളെയൊക്കെ മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ വെച്ച് ന്യായീകരിക്കാനാവും.

ഇസ്‌ലാം സമർപ്പിക്കുന്ന ധാർമികതയും മുഹമ്മദ് ഫാരിസ് ലളിതമായി പരിചയപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ ധാർമികതയുടെ മാനദണ്ഡം ദൈവവും ദൂതനുമാണ്. അവർ കൽപിച്ചത് ധാർമികവും വിലക്കിയത് അധാർമികവുമാണ്. സൃഷ്ടിച്ച ദൈവമാണ് മനുഷ്യർ എങ്ങനെ ജീവിക്കണെന്ന് പറയേണ്ടത്. മനുഷ്യനെ നന്നായി അറിയുന്ന ദൈവം അവന്റെ പ്രകൃതത്തിന് അനുസൃതമായ ധാർമികതയാണ് മനുഷ്യന് നിശ്ചയിച്ചുകൊടുത്തിട്ടുള്ളത്. അതിലൂടെ ഇരുലോകത്തും ശാന്തിനിറഞ്ഞ ജീവിതം ഉറപ്പുവരുത്താനാവും. നാസ്തികർ വിശ്വസിക്കുന്നതുപോലെ, ഓരോരുത്തർക്കും തോന്നുന്ന പ്രകാരമുള്ള ധാർമികതയെ ഇസ്ലാം പിന്തുണക്കുന്നില്ല.

യുറോപ്പിലും പടിഞ്ഞാറും നേരത്തേതന്നെ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കേരളത്തിൽ ഈ അടുത്ത വർഷങ്ങളിലായി വളരെയേറെ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് നവനാസ്തികത. ആ നിലക്ക് നാസ്തികത, നവനാസ്തികത, അവയുടെ മറ്റ് വശങ്ങൾ എന്നിവയെ ഗവേഷണ സ്വഭാവത്തോടെ പഠിക്കാൻ സഹായിക്കുന്ന കൃതിയാണ് മുഹമ്മദ് ഫാരിസ് പി.യു രചിച്ച ‘നവനാസ്തികത: ഒരു വിമർശന പഠന’മെന്ന് നിസ്സംശയം പറയാം.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles