Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികൾക്ക് പ്രതിവിധിയെന്ത്?

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ഒട്ടേറെ പുസ്തകങ്ങൾ തുടർച്ചയായി വായനാവൃന്ദത്തെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ പുതിയ കാലത്ത് മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിക്കുന്ന അനവധിയായ പ്രശ്‌നങ്ങളെ ഒട്ടും പക്ഷപാതിത്വമില്ലാതെ വിശകലനം ചെയ്യുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതിന് പ്രത്യേകമായ പരിഗണന കൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനെപ്പറ്റി കൂടുതൽ ചർച്ചകളുണ്ടാവുകയും തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ഉണ്ടാവുകയും വേണം. സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ “മുസ്ലിം ഉമ്മ: ദി വേ ഫോർവേഡ്” എന്ന പുസ്തകം ഈ ശ്രേണിയിലെ ശ്രദ്ധേയമായ ഗ്രന്ഥമാണ്.

കഴിഞ്ഞ ഒരു വർഷം ഒട്ടേറെ പ്രതിബന്ധങ്ങളിലൂടെയും വെല്ലുവിളികളിലൂടെയുമാണ് ഇന്ത്യയിലെ മുസ്‌ലിംകൾ കടന്നുപോയത്. കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതി ബാബരി മസ്ജിദ് തകർത്ത കേസിൽ അന്തിമവിധി പ്രഖ്യാപിച്ചത്. മുഴുവൻ തെളിവുകളും തങ്ങളുടെ ഭാഗത്തായിട്ടും തർക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് നിഷേധിക്കപ്പെട്ടു. തൊട്ടുടനെയാണ്, ഇന്ത്യയിലെ വലിയൊരു വിഭാഗം മുസ്‌ലിംകൾ അന്യവൽകരിക്കപ്പെടുമെന്ന ഭീതി പരത്തിക്കൊണ്ട് സിഎഎ പാർലമെന്റിൽ പാസായത്. അതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിംകൾ രംഗത്തിറങ്ങിയപ്പോൾ അവരുടെ സ്വരത്തെ ശക്തിയുപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്.

ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയതുപോലെ 2020 മാർച്ചോടെ ഇന്ത്യയിലും കൊവിഡ്-19 പടർന്നുപിടിച്ചു. തുടർന്ന് ഇന്ത്യൻ ഗവൺമെന്റ് വിവിധ ഘട്ടങ്ങളായി നടപ്പിലാക്കിയ ലോക്ഡൗൺ അന്നന്നത്തെ അന്നത്തിനു വേണ്ടി പോരാടുന്ന പാവപ്പെട്ട തൊഴിലാളികളുൾപ്പെടുന്ന പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിത്തീർത്തു. സമൂഹത്തിന്റെ എല്ലാ മേഖലകളെയും പോലെ ഇത് മുസ്‌ലിംകളെയും വലിയ തോതിൽ ബാധിക്കുകയുണ്ടായി. ഈ സാഹചര്യം രാജ്യത്തെ ബുദ്ധിജീവികളെയും ചിന്തകന്മാരെയും സാമൂഹിക-രാഷ്ട്രീയ നേതൃത്വത്തെയും വിശ്രമമില്ലാത്തവരാക്കി. അത്തരത്തിൽ ഈ സാഹചര്യത്തെപ്പറ്റി കൂലങ്കഷമായോലോചിക്കുകയും മുസ്ലിം ഉമ്മത്തിന് മുന്നോട്ടുള്ള വഴികൾ രൂപപ്പെടുത്താനുള്ള ചിന്താപദ്ധതികൾ സംഭാവന ചെയ്യുകയും ചെയ്ത നേതാക്കളിലൊരാളാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രസിഡണ്ടായ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും. താൻ എഡിറ്ററായ സിന്ദഗീ മാസികയിൽ ഇവ്വിഷയകമായി അദ്ദേഹം ഒട്ടേറെ ലേഖനങ്ങളെഴുതി. 2019 സെപ്തംബർ 2020 നവംബർ വരെ അദ്ദേഹമെഴുതിയ ലേഖനങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയുടെ സമാഹാരരൂപമാണ് ഈ പുസ്തകം.

പന്ത്രണ്ടോളം അധ്യായങ്ങളുള്ള ഈ പുസ്തകം മൂന്ന് ഭാ​ഗങ്ങളായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. നിർണായകമായ ഈ കാലഘട്ടത്തിൽ മുസ്‌ലിം സമുദായം നിർവഹിക്കേണ്ട ചുമതലകളെക്കുറിച്ചും നമ്മൾ പുറത്തുകാണിക്കേണ്ട സ്വഭാവത്തെക്കുറിച്ചുമൊക്കെയാണ് ഈ പുസ്തകം സംസാരിക്കുന്നത്. റമദാനിനെക്കുറിച്ചും കൊവിഡ് മഹാമാരിയെപ്പറ്റിയുള്ള നമ്മുടെ മനോഭാവത്തെക്കുറിച്ചുമുള്ള ഒന്നാമത്തെ അധ്യായം അന്വേഷിക്കുന്നത് മഹാമാരികൾ പരീക്ഷണമാണോ അതോ ശിക്ഷയാണോ എന്ന ചോദ്യത്തെക്കുറിച്ചും കൊവിഡ് കാലത്തെ സവിശേഷമായ റമദാൻ കാലത്തെക്കുറിച്ചുമൊക്കെയാണ്. ഈ കോവിഡ് കാലത്ത് എങ്ങനെയാണ് റമദാനിനെ നമ്മൾ ക്രിയാത്മകമായി മുതലെടുക്കേണ്ടതെന്ന് ഗ്രന്ഥകാരൻ സംസാരിക്കുന്നു.

മുസ്ലിം സമുദായം തങ്ങളുടെ ലക്ഷ്യത്തെ അഭിമുഖീകരിക്കണം എന്നു പേരുള്ള രണ്ടാം അധ്യായത്തിൽ അദ്ദേഹം പറയുന്നത് ഒരു പരിഷ്‌കരണ വിഭാഗം എന്ന നിലയിൽ മുസ്‌ലിം സമുദായത്തിന്റെ കർതവ്യത്തെപ്പറ്റിയാണ്. മുസ്‌ലിംകൾ തങ്ങളുടെ പ്രാഥമികമായ ചർച്ചകളിലല്ല സമയം ചിലവഴിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു. അവർ എപ്പോഴും ഒരു ലക്ഷ്യത്തെ മുന്നിൽ കാണുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം.

മേൽപറഞ്ഞ മുസ്‌ലിംകൾ നേരിടുന്ന ബുദ്ധിമുട്ടുകളെല്ലാം ദൈവഹിതമാണെന്ന കാഴ്ചപ്പാടിനെ മുൻനിറുത്തിയാണ് പുസ്തകത്തിന്റെ മൂന്നാം ഭാഗം സംസാരിക്കുന്നത്. വെല്ലുവിളികളിൽ ഭയന്നുചൂളിപ്പോകുന്നതിനു പകരം മുസ്‌ലിംകൾ ആത്മപരിശോധന നടത്തുകയും അല്ലാഹുവിലേക്ക് തിരിയുകയും തിടുക്കത്തോടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വഴികൾ നോക്കുകയുമാണ് ചെയ്യേണ്ടത്.

സ്വബ്‌റിനെയും തവക്കുലിനെയും പറ്റിയാണ് തുടർന്നുവരുന്ന രണ്ടധ്യായങ്ങൾ. സ്വബ്‌റിന്റെ വ്യത്യസ്തമായ അർഥങ്ങളെയും പ്രയോഗങ്ങളെയും വിശദീകരിച്ചുപറയുന്ന അദ്ദേഹം മുസ്ലിംകൾ നിർബന്ധമായും അതിനെ പ്രയോഗവൽകരിക്കണമെന്ന് ആവശ്യപ്പെടുന്നു. തവക്കുലിനും തന്ത്രജ്ഞതക്കുമിടയിലെ ഒരു മധ്യനിലപാടാണ് നമ്മൾ സ്വീകരിക്കേണ്ടതെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. തവക്കുലിലൂടെ മുസ്‌ലിംകൾക്കിടയിൽ സംഘടിതബോധം സൃഷ്ടിക്കാനുമാകണം.

പൊതുജനാഭിപ്രായം എന്ന വിഭാഗത്തിനുകീഴിൽ മൂന്ന് അധ്യായങ്ങളാണുള്ളത്. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആദ്യ അധ്യായത്തിൽ, നമ്മുടെ രാഷ്ട്രത്തിൽ യഥാർത്ഥ ദീൻ സ്ഥാപിക്കണമെങ്കിൽ ഇസ്‌ലാമിനനുകൂലമായ അഭിപ്രായം രൂപപ്പെടുത്തുകയാണ് വേണ്ടതെന്നാണ് രചയിതാവിന്റെ കാഴ്ചപ്പാട്. നമ്മുടെ രാജ്യത്തെ ഇസ്ലാമിനെപ്പറ്റിയുള്ള വ്യവഹാരങ്ങളിൽ ഇസ്്‌ലാമോഫോബിയ മൂടിയതുകൊണ്ടാണത്. പൊതുജനാഭിപ്രായം കൊണ്ടെന്താണു വിവക്ഷിക്കുന്നതെന്നും അതെങ്ങനെയാണ് നിർമിക്കപ്പെടുന്നതെന്നും അദ്ദേഹം കൃത്യമായി വിശദീകരിക്കുന്നു. തുടർന്ന് നമ്മൾ മോഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരേണ്ട രീതിയെങ്ങനെയാണെന്നും അദ്ദേഹം പറയുന്നു. പൊതുജനാഭിപ്രായവും മാധ്യമവും എന്ന അധ്യായം ഈ അഭിപ്രായരൂപീകരണത്തിലെ മാധ്യമങ്ങളുടെ പങ്കിനെപ്പറ്റിയാണ്. സാമൂഹികമാധ്യമങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും സാധ്യതയെപ്പറ്റിയും അദ്ദേഹം വിശദീകരിക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനുള്ള വഴികളെപ്പറ്റിയും അദ്ദേഹം പറയുന്നു. കൊവിഡ് നൽകുന്ന ഇസ്ലാമിക സന്ദേശത്തെക്കുറിച്ചാണ് തൊട്ടടുത്ത അധ്യായം. ഇപ്പോൾ സംഭവിച്ചതിനെപ്പറ്റിയും കൊറോണാനന്തരകാലത്ത് നമ്മൾ നേരിടേണ്ടിവരുന്നത് എന്തായിരിക്കുമെന്നും മാറിയ കാലത്ത് മുസ്ലിംകൾ നേരിടേണ്ടിവരുന്ന സാധ്യതകളും വെല്ലുവിളികളും എന്തെല്ലാമെന്നും അദ്ദേഹം അക്കമിട്ടുപറയുന്നു.

വെല്ലുവിളികളെ നേരിടുന്നതിനെപ്പറ്റിയുള്ള മൂന്നാമത്തെ വിഭാഗത്തിൽ നാലധ്യായങ്ങളാണുള്ളത്. ഇതിലെ ആദ്യത്തെ അധ്യായം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക വ്യവസ്ഥയെയും അത് അനുധാവനം ചെയ്യുന്നതിലെ നേട്ടങ്ങളെക്കുറിച്ചും നമ്മുടെ രാജ്യക്കാരെ ബോധ്യപ്പെടുത്താനുള്ള സുവർണാവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യക്കാരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന നിർദ്ദയമായ പൗരത്വനിയമങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ അധ്യായം എഴുതപ്പെട്ടിരിക്കുന്നത്. അടിച്ചമർത്തലുകളെ പ്രതിരോധിക്കുന്നത് ഇസ്‌ലാമിന്റെ വലിയൊരു ഘടകമാണെന്ന് ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നു. സമാധാനപരവും ആയുധമേന്തിയുമുള്ള പ്രതിരോധങ്ങളെ ഇസ്ലാം അനുവദിക്കുന്നുണ്ടെങ്കിലും ഒരു രാഷ്ട്രത്തിനു മാത്രമേ ആയുധമേന്തിയുള്ള പ്രതിരോധത്തിനിറങ്ങാനാവൂ. പൊതുജനം നടത്തുന്ന പ്രതിരോധം തീർത്തും സമാധാനപരമായിരിക്കണം. തുടർന്ന് ഇത്തരത്തിൽ സമാധാനപരമായ പ്രതിരോധം തീർക്കുന്നതിന്റെ വിവിധ രൂപങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നു.

കോൺസ്പിറസി തിയറികളെക്കുറിച്ചാണ് പുസ്തകത്തിന്റെ അവസാനത്തെ രണ്ടധ്യായങ്ങൾ. കൊവിഡ് മഹാമാരി ഗൂഢാലോചനാ സിദ്ധാന്തമാണെന്നാരോപിച്ചുകൊണ്ട് ചിലർ രംഗത്തുവരികയുണ്ടായി. എല്ലാത്തിലും ഒരു ഗൂഢാലോചന ആരോപിക്കുന്നത് തെറ്റിദ്ധാരണകളിലേക്കേ വഴിവെക്കൂവെന്നും പരിഹാരങ്ങൾ കണ്ടെത്താനാണ് നമ്മൾ പ്രാഥമികമായി ശ്രമിക്കേണ്ടതെന്നുമാണ് ഗ്രന്ഥകർത്താവിന്റെ കാഴ്ചപ്പാട്. ദുരന്തങ്ങൾ വരുമ്പോഴെല്ലാം ദജ്ജാലിന്റെ വരവുമായും അന്ത്യനാളുമായും കൂട്ടിക്കെട്ടാനാണ് ചിലർക്ക് തിടുക്കം. ഇത് ആ പ്രവചനങ്ങളെപ്പറ്റി വിശദമായി ചർച്ച ചെയ്യാൻ ഗ്രന്ഥകർത്താവിനെ നിർബന്ധിതനാക്കിയിരിക്കുന്നു. ഇത്തരം അവസ്ഥകളുണ്ടാകുമ്പോൾ നിരാശയിലേക്ക് വീഴുകയല്ല നമ്മൾ ചെയ്യേണ്ടത്. മറിച്ച് നമ്മൾ ദൈവത്തിലഭയം തേടുകയും ഖുർആനുമായി ബന്ധം സ്ഥാപിക്കുകയും സംഘടിതമായി എല്ലാ പ്രതിബന്ധങ്ങൾക്കുമെതിരായി ദൈവികമാർഗത്തിൽ പൊരുതുകയുമാണ് നമ്മൾ ചെയ്യേണ്ടത്.

എൻജിനീയറായി ജോലി ചെയ്യുന്ന സയ്യിദ് സആദത്തുല്ലാ ഹുസൈനി തന്റെ വിദ്യാർഥികാലം മുതലേ ഗവേഷണതൽപരനും കഠിനാദ്ധ്വാനിയുമായിരുന്നു. എസ്ഐഒയുടെ ദേശീയ പ്രസിഡണ്ടായി രണ്ടു തവണ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ പദവിയേറ്റെടുക്കുന്നതിനു മുമ്പ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ വൈസ് പ്രസിഡണ്ടായിരുന്നു. ആധുനിക സാഹിത്യത്തിലും ഇസ്ലാമിക സാഹിത്യത്തിലുമെല്ലാം അഗ്രഗണ്യനായ അദ്ദേഹം അടുത്ത കാലത്തായി അനേകം ഉറുദു ഗ്രന്ഥങ്ങൾ രചിക്കുകയും അക്കാദമിക, പരിസരങ്ങളിൽ നിന്നും ഒട്ടേറെ നിരൂപണങ്ങൾ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. സമുദായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നല്ല അറിവുള്ള അദ്ദേഹം അവയെ പരിഹരിക്കാനായി ഒട്ടേറെ മാർഗ നിർദേശങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിം ഉമ്മത്തിനെ ചൂഴ്ന്നുനിൽക്കുന്ന അനേകം പ്രശ്‌നങ്ങളുടെ കൃത്യമായ വിശകലനത്തിനു പുറമേ, ആ സമയങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും എന്തെല്ലാം ചുമതലകൾ നിർവഹിക്കണമെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നു. മുസ്ലിം ഇതേപ്പറ്റി കൂടുതൽ ഗൗരവതരമായ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്‌.

Muslim Ummah – The Way Forward
Author: Syed Sadatullah Husaini, Ameer, Jamaat-e-Islami Hind
Translated into English by Dr. Parvez Mandviwala
Publisher: Markazi Maktaba Islami Publishers, New Delhi
Year of Publication: 2020
Pages: 251

Reviewed by: ഡോ. മുഹമ്മദ് റദീഉൽ ഇസ്ലാം നദ്‌വി
വിവ: അഫ്സൽ പിടി മുഹമ്മദ്

Related Articles