Current Date

Search
Close this search box.
Search
Close this search box.

2021ലെ അഞ്ച് അറബിക് കോമിക്കുകളും ഗ്രാഫിക് നോവലുകളും

കഴിഞ്ഞ ദശകത്തിൽ, യുവ അറബ് എഴുത്തുകാർ തങ്ങളുടെ കലാപരമായ ആവിഷ്കാരത്തിനുള്ള പ്രധാന മാർഗമായി ഗ്രാഫിക് നോവലുകളും ചിത്രകഥകളും കൂടുതലായി സ്വീകരിച്ചത് കാണാം.

അവരെ സംബന്ധിച്ചിടത്തോളം, ഗദ്യത്തേക്കാളും സിനിമയേക്കാളും യുവ അറബ് അനുഭവങ്ങളുടെ യുക്തി രാഹിത്യങ്ങൾ പകർത്താൻ ഈ ഫോർമാറ്റുകൾ കൂടുതൽ സഹായിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
അതിശയോക്തികളെയും സാധാരണ കാര്യങ്ങളെയും സമന്വയിപ്പിക്കാനുള്ള പ്രാപ്തി പൊതുവെ ഹാസ്യസാഹിത്യങ്ങൾക്കുണ്ട് എന്നത് തന്നെയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. ഈജിപ്ഷ്യൻകലാകാരിയായ ദിന മുഹമ്മദിന്റെ ഷുബൈക് ലുബെയ്‌ക്കിലെ (Your Wish is My Command) ലെ കെയ്‌റോ സ്ട്രീറ്റ് കോർണറിൽ ഒരു കഴുത സിഗരറ്റ് വലിക്കുന്ന ചിത്രം ഇതിനുദാഹരണമാണ്.

തന്റെ ആദ്യ ഗ്രാഫിക് നോവൽ ഫീ ബത്ൻ എൽ ഹൂത്ത് (Inside the Giant Fish) അടുത്തിടെ പുറത്തിറക്കിയ ലെബനീസ് കോമിക് ആർട്ടിസ്റ്റ് റവാന്ദ് ഇസയുടെ അഭിപ്രായത്തിൽ ഒരേ സമയം ഒരൊറ്റ ഫ്രെയിം കാണിക്കാനുള്ള കഴിവ് വലിയ സാധ്യതകളാണ് നൽകുന്നതെന്നാണ്.
“നിങ്ങൾക്ക് ഒരൊറ്റ ഫ്രെയിമിൽ ഒരു സമഗ്രമായ സീൻ കാണാനാവും, അതർത്ഥമാക്കുന്നത് വായനക്കാരന്റെ ഭാവന സ്വതന്ത്രമാണ്,ചലനം എന്തായിരിക്കുമെന്ന് പൂരിപ്പിക്കേണ്ടത് നിങ്ങളാണ്, കഥയിലേക്ക് നിങ്ങളുടെ സ്വന്തം ഉൾക്കാഴ്ച കൊണ്ടുവരണം. അതാണ് കോമിക്‌സിൽ ഞാൻ ഇഷ്ടപ്പെടുന്നത്.” അവൾ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

ഈ ഫോർമാറ്റിന്റെ വൈദഗ്ധ്യത്തിന് വായനക്കാർക്ക് സാധ്യമല്ലാത്ത പ്രശ്‌നങ്ങളിലേക്ക് പ്രവേശനം നൽകാനും കഴിയും.
ഈജിപ്തോളജിസ്റ്റും UCL ഗവേഷകയുമായ ഹെബ അബ്ദുൾ ഗവാദ്, ഈജിപ്തോളജിയുടെ കൊളോണിയൽ പൈതൃകങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ ലക്ഷ്യമിടുന്ന Egypt’s Dispersed Heritage എന്ന തന്റെ പ്രോജക്റ്റിനായി മൂന്ന് കോമിക് ആർട്ടിസ്റ്റുകൾ/സംരംഭങ്ങളുമായി സഹകരിച്ചിരുന്നു.
നവംബറിൽ കെയ്‌റോയിലെ മഹ്‌മൂദ് മുഖ്താർ മ്യൂസിയത്തിൽ നടന്ന കെയ്‌റോ കോമിക്‌സിലെ ഒരു പാനലിൽ അബ്ദുൾ ഗവാദ് പറഞ്ഞു, “ഈ അക്കാദമിക് ഗവേഷണങ്ങളെയും സാങ്കേതിക പദപ്രയോഗങ്ങളെയും ആർക്കും മനസിലാക്കാനും അഭിപ്രായം രൂപപ്പെടുത്താനും കഴിയുന്ന ലളിതമായ ഹാസ്യസൃഷ്ടികളാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
ഏറ്റവും ബുദ്ധിമുട്ടുള്ളതും വേദനിപ്പിക്കുന്നതുമായ വിഷയങ്ങളെപ്പോലും കൂടുതൽ ഗ്രാഹ്യമാക്കാൻ ഗ്രാഫിക് നോവലുകൾക്ക്‌ സാധിക്കുന്നുണ്ട്.
ഫാറ്റിമിഡ് കെയ്‌റോയിലെ ദാരുണമായ ക്ഷാമത്തോട് മല്ലിടുന്നത് പ്രമേയമാവുന്ന Waat El Shedda (Time of Need) പോലെയുള്ള സൃഷ്ടികൾ കാര്യക്ഷമമായി വായിക്കാൻ കഴിയുന്നത് ഈ ഫോർമാറ്റിന്റെ സവിശേഷതയാണ്.

മിഡിൽ ഈസ്റ്റ് ഐ, 2021-ൽ പ്രസിദ്ധീകരിച്ച,ലെബനനിലെയും ടുണീഷ്യയിലെയും വൈവിധ്യമാർന്ന പ്രശ്‌നങ്ങൾ പ്രമേയമാവുന്ന ശ്രദ്ധേയമായ അഞ്ച് ഗ്രാഫിക് നോവലുകളും ചിത്രകഥകളും പരിചയപ്പെടുത്തുകയാണിവിടെ.

1. Time of Need (Waat El Shedda)

1071-ൽ, നൈൽ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ കെയ്‌റോ നിവാസികൾക്കിടയിൽ വലിയ ക്ഷാമം നേരിടുകയും ഭക്ഷ്യസാധനങ്ങൾ ക്ഷയിക്കുകയും രോഗം വ്യാപകമായി പടരുകയും ചെയ്തു.തൽഫലമായി ഫാത്തിമിദ് ഈജിപ്ത് ഏഴ് വർഷത്തോളം വലിയ ദുരിതങ്ങളെനുഭവിക്കുകയുണ്ടായി.
ക്ഷാമത്തിന്റെ അവസാനത്തോടെ, ഈജിപ്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർ മരണമടഞ്ഞിരുന്നു.

ഓരോ ദിവസവും ആയിരക്കണക്കിന് മരിച്ചവരുടെ മൃതദേഹങ്ങൾ വീടുവീടാന്തരം പോയി ശേഖരിക്കുന്ന ‘ആം യെഹിയ’യുടെയും അവന്റെ കുസൃതികാരനായ ചങ്ങാതി ‘മേയ്‌മ’ന്റെയും കണ്ണിലൂടെ ഈ ക്ഷാമത്തെ അനാവരണം ചെയ്യുകയാണ് ‘ടൈം ഓഫ് നീഡ്’.

ഗഹനമായ ഗവേഷണങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായ ഈ കഥ അനിവാര്യമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളെ വിശകലനം ചെയ്യുന്നുണ്ട്.അത്കൊണ്ട് തന്നെ വിശദാംശങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും കൃത്യമായ വൈകാരിക തലത്തെ സംവേദനം ചെയ്യുന്നതിൽ വിജയിക്കുകയും ചെയ്യുന്ന ഒരു കൃതിയാണിത്.

“ഈ കാലഘട്ടത്തെക്കുറിച്ച് ഞാൻ ആദ്യമായി മനസ്സിലാക്കിയപ്പോൾ, അതിനെക്കുറിച്ച് എത്രമാത്രം എഴുതിയിട്ടില്ല എന്നത് എന്നെ ഞെട്ടിച്ചു.പ്രത്യേകിച്ചും അത് എത്ര ഭയാനകമാണെന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ അതിന്റെ പ്രാധാന്യം നിങ്ങൾക്ക് ബോധ്യപ്പെടുന്നതാണ്,
ഇത് ഒരു പാഠപുസ്തകം പോലെ വായിക്കാൻ സാധിക്കില്ല എന്നത് വളരെ പ്രധാനമാണ്. ഇതിലെ കഥാപാത്രങ്ങൾ സാങ്കൽപ്പികമാണെങ്കിലും എല്ലാ സംഭവങ്ങളും യഥാർത്ഥമാണ്. ഞങ്ങൾ അവയെ ഒരു ലോകമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു”രചയിതാവായ മഹ്മൂദ് റെഫാത്തിന്റെ വാക്കുകളാണിത്.

2. Inside the Giant Fish (Fy Batn El Hoot)

തന്റെ ആദ്യ ഗ്രാഫിക് നോവലിലൂടെ, ലെബനീസ് എഴുത്തുകാരിയും ചിത്രകാരിയുമായ റവണ്ട് ഇസ, താൻ വളരുകയും പിന്നീട് നഷ്ടപ്പെടുകയും ചെയ്ത ജന്മനാടായ ജീഹിലെ അനുഭവങ്ങളെ അടിസ്ഥാനമാക്കി സൂക്ഷ്മമായ ഒരു വിവരണം തയ്യാറാക്കുകയാണ് ഈ കഥയിലൂടെ ചെയ്യുന്നത്.ബെയ്‌റൂത്തിൽ നിന്ന് 23 കിലോമീറ്റർ തെക്ക് മാറി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജീഹ്.

സ്വകാര്യവൽക്കരണം, കൈയേറ്റം, സാമ്പത്തികാതിക്രമം എന്നിവയുടെ പശ്ചാത്തലത്തിൽ, കടൽത്തീരത്ത് ചെലവഴിച്ച 1980-കളിലെ കുട്ടിക്കാലം, ഫ്രഞ്ച് ഫ്രൈ സാൻഡ്‌വിച്ചുകൾ, കുട്ടികളുടെ കടൽയാത്രാ സാഹസികതകൾ, കരിമ്പിൻ മേലാപ്പുകൾക്ക് കീഴിൽ കൗമാരക്കാർ ആർജിലി(ഹൂക്ക) വലിക്കുന്നത് തുടങ്ങി അനവധി അനുഭവങ്ങളും ഓർമ്മകളും ഇതിലൂടെ എഴുത്തുകാരി അനാവരണം ചെയ്യുന്നുണ്ട്.
ഇസയുടെ സിഗ്നേച്ചർ ശൈലിയിൽ തയ്യാറാക്കിയ കഥ വിഭാഗീയ അക്രമം, കുടിയേറ്റം, പ്രവാസം എന്നിവയുമായി സംയോജിപ്പിക്കുന്നത് കാണാം.

തിമിംഗലം വിഴുങ്ങിയ യോനാ പ്രവാചകന്റെയോ യൂനുസ് നബിയുടെയോ ഒരു ആരാധനാലയത്തിന്റെ സ്ഥലമാണ് ജിഹ്.തീരത്ത് തിമിംഗലങ്ങളും ഡോൾഫിനുകളും സമൃദ്ധമായിരുന്ന ഒരു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഒരു തിമിംഗലം എല്ലാ ദിവസവും സന്ധ്യാസമയത്ത് സൂര്യനെ വിഴുങ്ങുമെന്നും തിമിംഗലങ്ങൾ വളരെ അടുത്ത് വരികയും ഒരാൾ നമ്മുടെ കരയിലേക്ക് പ്രവാചകനെ തുപ്പുകയും ചെയ്തു എന്ന കഥ പറയുന്ന നായകന്റെ മുത്തശ്ശിയെ ഇതിൽ കാണാനാവും.

തീരപ്രദേശം മുഴുവൻ ബീച്ച് റിസോർട്ടുകളായി ഉപയോഗിക്കാനായി സ്വകാര്യവൽക്കരിക്കുകയും ജീഹിലെ യുവാക്കളിൽ ഭൂരിഭാഗവും രാജ്യത്ത് നിന്ന് കുടിയേറുകയും ചെയ്തതോടെ, തന്റെ യുവാക്കളായ ബന്ധുകൾക്കോ അനന്തരവർക്കോ (ഗ്രാഫിക് നോവൽ സമർപ്പിച്ചിരിക്കുന്നത് അവർക്കാണ്)പരിചയമില്ലാത്ത, അവർ അജ്ഞരായ തന്റെ ജന്മനാടിന്റെ ഒരു ചിത്രം നിർമ്മിക്കാൻ ഇസ നിർബന്ധിതയാവുകയായിരുന്നു.

“ജീഹിനെയും കടലിനെയും ഗ്രാമത്തെയും കുറിച്ച് നമുക്കുള്ള ഈ ഓർമ്മകളെക്കുറിച്ച് പുതുതലമുറയുടെ അറിവില്ലായ്‌മ ശരിക്കും ഹൃദയഭേദകമായിരുന്നു,
ഞങ്ങൾ എങ്ങനെ വളർന്നുവെന്നും കടൽ എന്തെല്ലാമാണ് ഞങ്ങൾക്ക് നൽകിയതെന്നും അവർക്കൊരിക്കലും അറിയുകയില്ല”ഇസയുടെ വാക്കുകളാണിത്.
ഇൻസൈഡ് ദി ജയന്റ് ഫിഷ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണിപ്പോൾ ഇസ.അത് യുഎസിൽ ഉടൻ ലഭ്യമാകും.

3. Legends of Fear (Asateer El-Khouf)

“ചരിത്രം ഐതിഹ്യമായി മാറുന്നു, ഐതിഹ്യങ്ങൾ മിഥ്യയായി മാറുന്നു.”
‘ലെജൻഡ്‌സ് ഓഫ് ഫിയറി’ന്റെ മൂന്നാമത്തെ കഥ തുടങ്ങുന്നതിങ്ങനെയാണ്.ഇസ്ലാമിക സുവർണ്ണ കാലഘട്ടത്തിലെ അതുല്യനായ വൈദ്യശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനും, ചിന്തകനുമായ
ഇബ്‌നു സീനയുടെ വീടിനുള്ളിൽ 1014-ൽ നടക്കുന്ന കഥയാണിത്.

അസ്ഥി മരവിക്കുന്ന അപൂർവ്വരോഗം പിടിപെട്ട ഒരു മനുഷ്യനെ ചികിത്സിക്കാൻ പാടുപെടുന്ന,അവന്റെ പ്രതിഭയുടെ പരിധികൾ അഭിമുഖീകരിക്കാൻ നിർബന്ധിതനാകുന്ന ഇബ്നുസീനയെന്ന മഹാപ്രതിഭയിലൂടെ അവതരിപ്പിക്കുന്നതാണ് കഥ.

വ്യത്യസ്ത കലാകാരന്മാരുടെ 10 കോമിക് ഷോർട്ടുകളിലൂടെ
ടുണീഷ്യൻ, ഈജിപ്ഷ്യൻ ചരിത്രം, സംസ്കാരം, നാടോടിക്കഥകൾ എന്നിവയിൽ നിന്നുള്ള കഥകൾ പുനർനിർമ്മിക്കുകയയാണ് ലെജൻഡ്സ്‌ ഓഫ് ഫിയർ.

ചില കഥകളിൽ ഇബ്നു സീനയെപ്പോലുള്ള ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവ ആദിമ മിഥ്യയുടെ മണ്ഡലത്തിൽ തുടരുന്നു. വേട്ടയാടുന്നതിന്റെ ഇഫക്റ്റിനായി ചിലത് ബ്ലാക്ക് ആൻഡ് വൈറ്റിൽ വിന്യസിക്കുമ്പോൾ മറ്റുള്ളവ പൂർണ്ണ വർണ്ണത്തിലാണ് അവതരിപ്പിക്കുന്നത്.

മൊത്തത്തിൽ,ഈ കഥാസമാഹാരം, ഈജിപ്ഷ്യൻ, ടുണീഷ്യൻ സംസ്കാരത്തിലെ പ്രമേയമായ ഭയത്തെക്കുറിച്ചുള്ള നിഷ്ക്രിയമായ ഇടപെടലാണ്.

പുസ്തകത്തിന്റെ ആമുഖം സൂചിപ്പിക്കുന്നത് പോലെ, അമ്മമാരിൽ നിന്നും മുത്തശ്ശിമാരിൽ നിന്നും പുറപ്പെടുന്ന “അധികാരത്തിന്റെ മൃദുവായ ശബ്ദങ്ങൾ” അനുസരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിലും സ്വേച്ഛാധിപതികളോട് അനുസരണം ഉറപ്പുനൽകുന്ന മുതിർന്നവർക്കുള്ള മുൻകരുതൽ കഥകളും സാമൂഹിക നിയന്ത്രണം നടപ്പിലാക്കുന്നതിൽ ഭയാനകമായ കഥകൾ വഹിക്കുന്ന പങ്കും ലെജൻഡ്സ്‌ ഓഫ് ഫിയർ പര്യവേക്ഷണം ചെയ്യുന്നു.

അവസാനത്തെ രണ്ട് കഥകൾ യഥാക്രമം പുരുഷാധിപത്യത്തിന്റെ ഗാർഹിക ഭീകരതയെയും ഭീകരനായി മാറിയ സ്വേച്ഛാധിപതിയെയും കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

4. El 3osba (The League)

കൊളോണിയലിസത്തെയും പൈതൃക മോഷണത്തെയും നേരിടുന്ന സൂപ്പർഹീറോകളുടെ ഒരു സംഘത്തെ കേന്ദ്രപ്രമേയമാക്കുന്ന അഞ്ച് ചെറുകഥകളുടെ ശേഖരമാണ് El 3osba (The League).ഓൺലൈനിൽ ഇംഗ്ലീഷിലും അറബിയിലും ഇത് സൗജന്യമായി വായിക്കാൻ ലഭ്യമാണ്.

2015-ൽ ജോൺ മഹർ, അഹമ്മദ് റാഫത്ത്, മഗെദ് റാഫത്ത് എന്നിവർ ചേർന്ന് സൃഷ്ടിച്ച ഈജിപ്ഷ്യൻ സൂപ്പർഹീറോകളുടെ ഒരു ബാൻഡായ El 3osba പുരാതന ഈജിപ്ഷ്യൻ ദൈവമായ ഹോറസിന്റെ ഇന്നത്തെ പുനർജന്മത്തെ അനാവരണം ചെയ്യുന്നുണ്ട്. തീയും പൊടിയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു രൂപമാറ്റം വരുത്തുന്ന മൈക്രോബസ് ഡ്രൈവർ,പ്രണയത്തിലായ ബെഡൂയിൻ കൂലിപ്പടയാളി, ആളുകളെ നിയന്ത്രിക്കാൻ തന്റെ രോഗശാന്തി ശക്തികൾ ഉപയോഗിക്കുന്ന ഒരു യുവ ഡോക്ടർ, മന്ത്രവാദം നടത്തുന്ന ഒരു ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇതിൽ കടന്നുവരുന്നു.

പുരാതന ഈജിപ്ഷ്യൻ പൈതൃകത്തിന്റെ രാഷ്ട്രീയത്തെയും കൊളോണിയൽ പൈതൃകത്തെയും കുറിച്ച് അവതരിപ്പിക്കാൻ വേണ്ടി ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകരായ ഹെബ അബ്ദുൾ ഗവാദും ആലീസ് സ്റ്റീവൻസണും ചേർന്ന് നടത്തിയ സംവാദ സംരംഭമായ Egypt’s Dispersed Heritage മായി സഹകരിച്ചാണ് ഇത് പുറത്തിറക്കിയത്.

അഞ്ച് കഥകളിൽ ഓരോന്നും വ്യത്യസ്ത കോണിൽ നിന്നാണ് പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്.’ഹോം’ എന്ന ആദ്യത്തെ കഥയിൽ കെയ്‌റോയിലെ മാതരേയ ജില്ലയിൽ കണ്ടെത്തിയ ഒരു പുരാതന ഈജിപ്ഷ്യൻ പുരാവസ്തുവിന്റെ യഥാർത്ഥ കഥയെയും അത് പ്രാദേശിക സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.

പുരാവസ്തുശാസ്ത്രത്തിന്റെ പിതാവായി വാഴ്ത്തടുകയും എന്നാൽ വൻതോതിലുള്ള പുരാവസ്തുക്കളുടെ കള്ളക്കടത്തിന് കൂട്ടുനിന്ന, അറിയപ്പെടുന്ന ഒരു യൂജെനിസിസ്റ്റ് കൂടിയായിരുന്ന ഇംഗ്ലീഷ് ഈജിപ്തോളജിസ്റ് ഫ്ലിൻഡേഴ്‌സ് പെട്രിയുടെ വില്ലൻ ചിത്രീകരണമാണ് മറ്റൊരു ശ്രദ്ധേയകഥയിലൂടെ അവതരിപ്പിക്കുന്നത്.

ഈ ഷോർട്ടുകളുടെ ശേഖരം അപൂർണ്ണമാണ്. ഉദാഹരണത്തിന്, മൂന്നാമത്തെ കഥയിൽ ചരിത്രത്തിന്റെ ഒരു ഫെമിനിസ്റ്റ് പുനർരൂപകൽപ്പനയാണ്. എന്നാൽ സംഘത്തിലെ ഒരു സ്ത്രീ സൂപ്പർഹീറോയെ അമിതമായി ലൈംഗികവൽക്കരിക്കുന്ന ഒരു പുരുഷ രക്ഷകന്റെ വീക്ഷണകോണിൽ നിന്നാണ് ഇത് പറയുന്നത്.

അത്തരം വിമർശനങ്ങൾ ഉണ്ടെങ്കിലും, ചരിത്രത്തിന്റെ പ്രകാശകിരണങ്ങൾ സാധാരണയായി കാഴ്ചയിൽ നിന്ന് മറഞ്ഞിരിക്കുന്ന കാലത്ത് ഈ ശേഖരം അതിശയോക്തിയുടെയും നാഷണൽ ജിയോഗ്രാഫിക്കിന്റെയും കൗതുകകരമായ ഒരു മിശ്രിതമായിട്ട് കാണാനാവും.

അവസാനത്തെ കഥയായ ‘ഹോണർ ദ ഡെഡ്’ ഈജിപ്തോമാനിയയുടെ വിചിത്രമായ സ്വഭാവത്തെ വേറിട്ട് നിർത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
: യൂറോപ്യന്മാർ ചുറ്റിനും പാർട്ടികൾ നടത്തി, മമ്മികളുടെ കെട്ട് അഴിക്കുകയും, അവരുടെ അലങ്കാര പെട്ടികൾക്കും പെയിന്റ് പാലറ്റുകൾക്കുമായി അവയെ പൊടിക്കുകയും ചെയ്ത്അതിലൂടെ അവരുടെ വിശ്രമ സ്ഥലങ്ങളിലേക്ക് മടങ്ങാൻ അർഹരായ യഥാർത്ഥ മനുഷ്യരെ അവരുടെ ശവക്കുഴികളിൽ നിന്ന് പറിച്ചെടുക്കപ്പെടുകയും ചെയ്യുന്ന അസ്വസ്ഥജനകമായ ഒരു സത്യത്തിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട്.

5. Your Wish is My Command, Issue 3 (Shubeik Lubeik)

ഈജിപ്ഷ്യൻ ചിത്രകാരിയായ ദീന മൊഹമ്മദ്, 2013-ലെ തന്റെ ആദ്യ വെബ്-കോമികായ ‘ഖാഹെറ’യുടെ വരവോടെ പ്രാദേശിക കോമിക് രംഗത്ത് പ്രസിദ്ധയാണ്. സ്ത്രീവിരുദ്ധതയ്‌ക്കും ഇസ്‌ലാമോഫോബിയയ്‌ക്കും എതിരെ പോരാടുന്ന മുസ്‌ലിം ഈജിപ്ഷ്യൻ സൂപ്പർ വുമണിനെക്കുറിച്ചുള്ള കഥയാണ് ‘ഖാഹെറ’യിലൂടെ അവതരിപ്പിക്കുന്നത്.

ദീനയുടെ അവാർഡ് നേടിയ ഗ്രാഫിക് നോവൽ നാടകമായ ‘ശുബെയ്ക് ലുബെയ്ക്’ ആഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു നഗര ഫാന്റസി, മാജിക്കൽ റിയലിസം, ക്ലാസ് വിശകലനം, മാനസികാരോഗ്യം, കൊളോണിയൽ പാരമ്പര്യങ്ങൾ എന്നിവയുടെ സമന്വയമാണ്.

‘ആഗ്രഹങ്ങൾ വിൽപനവസ്തുവാണ്,ഒരു ആഗ്രഹം എത്ര ചെലവേറിയതാണോ അത്രയും മെച്ചമായി അത് പ്രവർത്തിക്കുന്ന വില്പനചെരക്കാക്കുന്നു’എന്ന് ആമുഖത്തിൽ തന്നെ രചയിതാവ് സൂചിപ്പിക്കുന്നത്.
ഓരോ കഥയും ഫസ്റ്റ് ക്ലാസ് ആഗ്രഹത്തിലും അത് ആവശ്യപ്പെടുന്ന കഥാപാത്രത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ചിന്തനീയമായ രംഗങ്ങളും സമർത്ഥമായ പ്ലോട്ടുകളും ആസൂത്രണം ചെയ്തത് ശ്രദ്ദേയമാണെങ്കിലും സഹാനുഭൂതിയും ഉൾക്കാഴ്ചയും ഉപയോഗിച്ച് ദീന മുഹമ്മദ് അവളുടെ കഥകൾ തയ്യാറാക്കിയതാണ് ഈ നാടകത്തിന്റെ ഏറ്റവും വലിയ ആകർഷണം.
തൽഫലമായി, ദീനയോ അവളുടെ പ്രസാധകനായ ഡാർ എൽ മഹ്‌റൂസയോ സങ്കൽപ്പിച്ചതിനേക്കാൾ കൂടുതൽ ജനപ്രീതി ലഭിക്കാൻ കാരണമായി.

ദീന മുഹമ്മദ് പറയുന്നു.”കെയ്‌റോകോമിക്‌സ് പോലുള്ള ഇവന്റുകളിലൂടെ മാത്രമാണ് ഞാൻ [ആളുകളുടെ പ്രതികരണങ്ങളെക്കുറിച്ച്] കണ്ടെത്തുന്നത്,
രണ്ട് വർഷത്തെ ഒറ്റയ്ക്ക് ജോലി ചെയ്തതിന് ശേഷം, ഞാൻ മുമ്പ് മനസ്സിലാക്കിയതിനേക്കാൾ കൂടുതൽ ആളുകൾ ഈ പുസ്തകങ്ങൾ ശരിക്കും ആസ്വദിച്ചുവെന്നത് യാഥാർഥ്യമാണ്.

Shubeik Lubeik ന്റെ മൂന്ന് ഭാഗങ്ങൾക്കുമുള്ള ഇംഗ്ലീഷ് വിവർത്തനങ്ങൾ 2022ലെ വസന്തകാലത്ത് Pantheon Books for North America, Granta for UK എന്നിവയിൽ നിന്ന് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മൊഴിമാറ്റം :മുജ്തബ മുഹമ്മദ്‌

Related Articles