Current Date

Search
Close this search box.
Search
Close this search box.

ഖുർആനികാശയങ്ങളുടെ ആഴങ്ങളിലൂടെ ഒരു സഞ്ചാരം

‘തദബ്ബുറെ ഖുർആൻ’ -ഈ പേര് കേൾക്കാത്തവരായി ഖുർആനെ സ്നേഹിക്കുന്നവരിൽ അധികമാരും ഉണ്ടാവുകയില്ല. കഴിഞ്ഞ നൂറ്റാണ്ടിൽ അവിഭക്ത ഇന്ത്യ കണ്ട തലയെടുപ്പുള്ള പണ്ഡിതന്മാരിൽ മുൻനിരയിൽ നിലകൊള്ളുന്ന മൗലാനാ അമീൻ അഹ്‌സൻ ഇസ്‌ലാഹിയുടെ മാസ്റ്റർ പീസാണത്. അഞ്ചര പതിറ്റാണ്ട് നീണ്ട വൈജ്ഞാനിക സപര്യയുടെ ബാക്കിപത്രം. തന്റെ ഗുരുനാഥനും പ്രഗത്ഭ പണ്ഡിതനുമായിരുന്ന ഹമീദുദ്ദീൻ ഫറാഹിയുടെ ചിന്തകളുടെ വികസിത ഗ്രന്ഥരൂപം.

പരമ്പരാഗത തഫ്സീറുകളുടെ ശൈലിയിൽനിന്ന് വ്യത്യസ്തവും, ഖുർആനികാധ്യായങ്ങളും സൂക്തങ്ങളും തമ്മിലുള്ള പൂർവാപര ബന്ധവും ഒരു മുത്തുമാലയിലെ മണികളെന്ന പോലെ അവ തമ്മിൽ നിലനിൽക്കുന്ന ക്രമപ്പൊരുത്തവും പാരസ്പര്യവും അതിമനോഹരമായി വിവരിക്കുന്നു എന്നതുമാണ് തദബ്ബുറെ ഖുർആന്റെ പ്രധാന സവിശേഷതകളിലൊന്ന്. ഖുർആൻ പരസ്പരം വ്യാഖ്യാനിക്കുന്നുവെന്ന ഖുർആൻ വ്യാഖ്യാന തത്വത്തിന്റെ അടിസ്ഥാനത്തിൽ വിരചിതമായ തഫ്സീർ എന്നതാണ് മറ്റൊരു പ്രത്യേകത. ഖുർആനിലെ ഓരോ ഈരണ്ട് അധ്യായങ്ങളും ഇണതുണകളാണ് (സൗജൈനിഥ്നൈനി) എന്നതാണ് നിരവധി ന്യായങ്ങളുടെ പിൻബലത്തിൽ തദബ്ബുറെ ഖുർആൻ മുന്നോട്ടുവെക്കുന്ന വേറിട്ടതും ശ്രദ്ധേയവുമായ വേറൊരു ചിന്ത. സാധാരണക്കാരേക്കാൾ പണ്ഡിതന്മാർക്കും വിജ്ഞാനകുതുകികൾക്കും മതവിദ്യാർഥികൾക്കും റിസർച്ച് സ്‌കോളേഴ്സിനുമാണ്‌ ഈ ഖുർആൻ പരിചിന്തന ഗ്രന്ഥം കൂടുതൽ ഉപകാരപ്പെടുക. നിസ്സംശയം അതവരെ ഖുർആനികാശയങ്ങളുടെ ആഴങ്ങളിലൂടെ വഴിനടത്തും. അവരുടെ ചിന്തകൾക്ക്‌ തീ പിടിപ്പിക്കും.

ഖുർആൻ ഒരു ഖനി പോലെയാണെങ്കിൽ, ആഴത്തിൽ കുഴിക്കും തോറും നിക്ഷേപങ്ങൾക്ക് മേൽ നിക്ഷേപങ്ങൾ അത് വെളിപ്പെടുത്തിക്കൊണ്ടിരിക്കുമെങ്കിൽ, അതിലേക്കിറങ്ങാനുള്ള ചവിട്ടുപടിയും കുഴിക്കാനുള്ള ഉപകരണവും നിക്ഷേപങ്ങൾ സ്വന്തമാക്കാനുള്ള പാത്രവുമാണ് തദബ്ബുറെ ഖുർആൻ. ദിവ്യഗ്രന്ഥത്തിന്റെ വിശാലവിഹായസ്സിൽ പറന്നുയർന്നും കടലാഴങ്ങളിൽ ആണ്ടിറങ്ങിയും ആ ദിവ്യാനുഭൂതിയുടെ പരമാനന്ദത്തിൽ വിലയം പ്രാപിക്കുന്ന മൗലാനാ അമീൻ അഹ്‌സൻ ഇസ്‌ലാഹി സാഹിബ് തദബ്ബുറെ ഖുർആനിലൂടെ വായനക്കാരുടെ മുന്നിൽ ഖുർആൻ പരിചിന്തനത്തിനുള്ള പുതിയ പുതിയ കവാടങ്ങൾ തുറന്നിടുന്നുണ്ടെന്ന യാഥാർഥ്യം അദ്ദേഹത്തിന്റെ ചിന്തകളോട് വിയോജിച്ചവർ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്.

ഉർദു ഭാഷ കാര്യമായൊന്നും വശമില്ലാത്ത എന്നെപ്പോലുള്ളവർക്ക് മൗലാനാ ഹമീദുദ്ദീൻ ഫറാഹിയുടെയും അമീൻ അഹ്‌സൻ ഇസ്‌ലാഹിയുടെയും ഖുർആനിക ചിന്തകളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ പാകത്തിൽ തദബ്ബുറെ ഖുർആൻ അതേ പേരിൽ മനോഹരമായ ശൈലിയിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു ബഹുമാന്യനായ കെ.ടി അബ്ദുറഹിമാൻ നദ്‌വി സാഹിബ്‌. ഒമ്പത് വാല്യങ്ങളുള്ള തദബ്ബുറിന്റെ (സൂറ: അൽമുൽക് മുതൽ അന്നാസ് വരെയുള്ള) അവസാന ഭാഗമാണ് 2019 ൽ ആദ്യമായി മലയാളത്തിൽ വെളിച്ചം കണ്ടത്. ഇപ്പോഴിതാ, മൊത്തം തദബ്ബുറിന്റെ തന്നെ മാസ്റ്റർ പീസ് ആയി വിശേഷിപ്പിക്കപ്പെടുന്ന (സൂറ: അൽഫാതിഹയും അൽബഖറയും ഉൾകൊള്ളുന്ന) ഒന്നാം വാല്യവും പുറത്തിറങ്ങിയിരിക്കുന്നു. ബാക്കിയുള്ള വാല്യങ്ങളും കൂടുതൽ വൈകാതെ പ്രസിദ്ധീകരിക്കാനാവും എന്നാണ് പരിഭാഷകന്റെ പ്രതീക്ഷ. മനോഹരമായ കെട്ടിലും മട്ടിലും തൂലിക പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചതും വിചാരം ബുക്സ് വിതരണം ചെയ്യുന്നതുമായ ഈ പരിഭാഷക്ക്‌ മർഹൂം ടി.കെ അബ്ദുല്ല സാഹിബ് എഴുതിയ പ്രൗഡ്ഡമായ അവതാരിക ഏറെ ആകർഷണീയവും ചിന്തനീയവുമാണ്.

ഒന്നാം വാല്യത്തിന് 1100 രൂപയും അവസാന വാല്യത്തിന് 1350 രൂപയുമാണ് മുഖവില.

ഈ വൈജ്ഞാനിക വിരുന്ന് കൈരളിക്ക് സമർപ്പിക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ, ബാക്കിയുള്ള വാല്യങ്ങൾ കൂടി എത്രയും പെട്ടെന്ന് പുറത്തിറക്കാൻ ഉതവിയേകട്ടെ…

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles