Current Date

Search
Close this search box.
Search
Close this search box.

ഭീകരകഥകളുടെ ചുരുളഴിക്കുന്നു

framed-(1).jpg

21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുടെ പരമ്പരക്കും അതുമായി ബന്ധപ്പെട്ട അതിശയോക്തപരമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും സാക്ഷ്യം വഹിക്കുകയുണ്ടായി. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ ഗൂഢ ലക്ഷ്യത്തോടെ ഇടപെടുന്നതിനും നമ്മള്‍ സാക്ഷിയാവുകയുണ്ടായി. ഈ സമയത്ത് നൂറുക്കണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റു ചെയ്യുകയും പോലീസുകാരാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്തു. ചിലരെ ദീര്‍ഘകാലത്തെ തടവിനു ശേഷം വെറുതെ വിട്ടു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ അന്വേഷണ ഏജന്‍സികളുടെ കള്ളക്കളികളുണ്ടെന്ന ആരോപണവുമായി സാമൂഹിക പ്രവര്‍ത്തകരും ഭീകരവാദക്കുറ്റം ചുമത്തപ്പെട്ടവരുടെ കുടുംബാംഗങ്ങളും രംഗത്ത് വന്നു. ഈ സമയത്ത് സാധാരണയായി ഉണ്ടായിട്ടുള്ള പ്രതികരണം അവര്‍ക്ക് അതില്‍ ഏതെങ്കിലും തരത്തിലുള്ള പങ്ക് എന്തായാലും ഉണ്ടാകും, മറ്റാരെയും എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ല എന്ന തരത്തിലുള്ളതായിരുന്നു.

Framed, Damned, Acquitted: Dossiers of a ‘Very’ Special Cell എന്ന പുസ്തകം രാജ്യത്ത് എങ്ങനെയാണ് നിരപാരാധികളായ ആളുകളെ കുറ്റക്കാരാക്കിക്കൊണ്ടിരിക്കുന്നതിലേക്ക് എന്ന് വെളിച്ചം വീശുന്നു. കോടതി വിധികളെയും അറസ്റ്റിനെക്കുറിച്ച മാധ്യമ റിപ്പോര്‍ട്ടുകളെയും വിചാരണകളെയും ആസ്പദമാക്കി ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഈ പുസ്തകം. ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും പിന്നീട് ദീര്‍ഘകാലത്തിന് ശേഷം കുറ്റ വിമക്തമാക്കപ്പെടുകയും ചെയ്തവരുടെ അനുഭവങ്ങള്‍ പുസ്തകം പങ്കുവെക്കുന്നു. പല കേസുകളിലും ദീര്‍ഘകാലത്തെ വിചാരണക്ക് ശേഷം അല്ലെങ്കില്‍ തടവിനു ശേഷം പ്രതികളെ വെറുതെ വിടുമ്പോള്‍ പൊളിയുന്നത് പോലീസും പ്രോസിക്യൂഷനും ഹാജരാക്കാറുള്ള തെളിവുകള്‍ വ്യാജമാണെന്നതാണെന്നും പുസതകം സാക്ഷ്യപ്പെടുത്തുന്നു. പ്രോസിക്യൂഷന്‍ നിരന്തരമായി അവതരിപ്പിച്ചു കൊണ്ടിരുന്ന കഥകള്‍ അവിശ്വസനീയവും സംശയാസ്പദവും വ്യാജമായി നിര്‍മ്മിച്ചതാണെന്നതുമാണ് ഇത് തെളിയിക്കുന്നത്.

ദൗല ഖുവാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട കോടതിയുടെ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. നിരപരാധികളുടെ മേല്‍ വ്യാജ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിനേക്കാളും ഗുരുതരമായ കുറ്റകൃത്യം വേറെയില്ല. ഇത്തരം സംഭവങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങളെ ശക്തമായി അടിച്ചമര്‍ത്തേണ്ടത് അനിവാര്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

മറ്റൊരു കേസില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂര്‍ എന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തയാളെ വെറുതു വിട്ടുകൊണ്ടുള്ള വിധിയില്‍ കോടതി ഉപസംഹരിച്ചത് ഈ കുറ്റകൃത്യത്തില്‍ പോലീസ് അദ്ദേഹത്തെ ലക്ഷ്യംവെച്ച് ഇരയാക്കുകയായിരുന്നു എന്നായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 195 പ്രകാരം വ്യാജ തെളിവുകള്‍ ഹാജരാക്കുക എന്നത് വളരെ ഗൗരവുമുള്ള കുറ്റകൃത്യമാണ്. കോടതിക്ക് മുന്നില്‍ വ്യാജതെളിവ് ഹാജരാക്കിയാല്‍ ജീവപര്യന്തം തടവോ അല്ലെങ്കില്‍ തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം.

നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിക്കുന്ന പോലീസ് നടപടിയെ നിവധി കേസുകളില്‍ കോടതി ശാസിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങളില്‍ പോലീസുകാരനെതിരെ സി.ബി.ഐ അന്വേഷണം നടത്താനും എഫ്.ഐ.ആര്‍ രേഖപ്പെടുത്താനും അവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കാനും കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.

പുസ്തകത്തിലെ ചില പ്രധാന നിരീക്ഷണങ്ങള്‍
1. പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നത് ആളുകള്‍ കാണവേ പൊതുസ്ഥലങ്ങളില്‍ വെച്ചാണെങ്കിലും സ്വതന്ത്ര സാക്ഷികള്‍ അപൂര്‍വ്വമായി മാത്രമേ യഥാര്‍ഥ അന്വേഷണത്തിന്റെ ഭാഗമാകുന്നുള്ളു.
2. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിക്ക് മുമ്പാകെ സാക്ഷികളായി ഹാജരാക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുന്നു
3.ജമ്മു കശ്മീര്‍, മണിപ്പൂര്‍ പോലെയുള്ള പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷല്‍ സെല്ലും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നു
4. പ്രതിയെ കസ്റ്റഡിയിലെടുത്ത യഥാര്‍ഥ സമയവും തിയ്യതിയും വിചാരണക്ക് മുമ്പില്‍ ഹാജരാക്കുന്ന പോലീസ് കഥകളിലേതിനേക്കാളും വളരെ നേരത്തെയായിരിക്കും.

ജാവേദ് അഹ്മ്മദ് താന്ത്രേക്കും ആശിഖ് അലി ഭട്ടിനുമെതിരായ കേസ്
പ്രോസിക്യൂഷനും പോലീസും എങ്ങനെയാണ് കേസുകളില്‍ വ്യാജ തെളിവുകള്‍ ഹാജരാക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ജാവേദ് അഹ്മദ് താന്ത്രേക്കും  ആശിഖ് അലി ഭട്ടിനുമെതിരായ കേസെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. രണ്ട് എ.കെ 47 തോക്കുകള്‍ അടങ്ങുന്ന പാര്‍സലുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഗ്രനേഡുകളും ഇവരുടെ കാറില്‍ നിന്നും കണ്ടെടുത്തു എന്നതായിരുന്നു പ്രോസിക്യൂഷന്‍ വാദം. ചോദ്യം ചെയ്യലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് ഇരുവരും സമ്മതിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ ഡല്‍ഹി പോലീസിന് കീഴിലെ സ്‌പെഷല്‍ സെല്ലിന്റെ വാദങ്ങളെ കോടതി ചോദ്യം ചെയ്യുകയുണ്ടായി. ആയുധങ്ങള്‍ ശേഖരിച്ചതായും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തതായും തെളിയിക്കാനുള്ള ധാര്‍മിക ബാധ്യത പ്രോസിക്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ കാരണമായ ഫോണ്‍ സംഭാഷണത്തിന്റെ റിക്കാര്‍ഡോ അല്ലെങ്കില്‍ പ്രതിയുമയി ഫോണ്‍ സംഭാഷണം നടത്തിയയാളെ തിരിച്ചറിയാനോ, പ്രതികള്‍ പാകിസ്താനില്‍ നിന്നും നോപ്പാളിലേക്ക് യാത്ര ചെയ്തിന്റെ രേഖകളോ തുടങ്ങിയ ഒരു തെളിവുപോലും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന് കോടതി പ്രത്യേകം വ്യക്തമാക്കുകയുണ്ടായി. മാത്രവുമല്ല ഇവരെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കുന്നത് പ്രതികളെ അമര്‍നാഥ് എക്‌സ്പ്രസില്‍ നിന്നും പിടികൂടി കൊണ്ടു വന്ന ശേഷം കുറ്റം ചാര്‍ത്തുകയായിരുന്നു എന്നാണ് സംശംയിക്കുന്നത് എന്നായിരുന്നു.

ഇത്തരത്തില്‍ രാജ്യത്തെ നിരവധി കേസുകളുടെ ഉള്ളുകളികളെപ്പറ്റി പുസതകം അന്വേഷിക്കുന്നു. ന്യൂനപക്ഷങ്ങളിലെ നിരപരാധിരകളായ നിരവധി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ദീര്‍ഘക കാലത്തെ തടവിനു ശേഷം വെറുതെ വിടുകയും ചെയ്യുക എന്നത് ഇന്ന് അപൂര്‍വ്വ സംഭവമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അതിലേറെ ആളുകള്‍ ഇന്ന് വിചാരണ തടവുകാരായി ജയലറക്കുള്ളില്‍ കഴിഞ്ഞുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇവരുടെ വിചാരണ തീരുമ്പോഴേക്കും ജീവിതത്തിന്റെ നല്ലകാലം തീര്‍ന്നിട്ടുണ്ടാകും. ഇത്തരമൊരു ഘട്ടത്തില്‍ ഇങ്ങനെയുള്ള അന്വേഷണാത്മക പുസ്തകത്തിന് വളരെയധികം പ്രസക്തിയുണ്ട്. 305 പേജുള്ള പുസ്തകത്തിന് 200 രൂപയാണ് വില.

Related Articles