Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയുടെ പുതിയ തഫ്‌സീര്‍ വിശേഷങ്ങള്‍

qaradawi.jpg

ഖുര്‍ആനിന്റെ തണലില്‍ പിറന്ന് വീണ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള അറിവ് നേടി കാലഘട്ടത്തിന്റെ പണ്ഡിതന്‍ എന്ന വിശേഷണവുമായി ജ്വലിച്ചു നില്‍ക്കുന്ന ആ അക്ഷര താരകത്തില്‍ നിന്നും മറ്റൊരു വൈജ്ഞാനിക വെളിച്ചം കൂടി. അതെ, ഡോ. യൂസുഫുല്‍ ഖറദാവി വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം രചിക്കുന്ന തിരക്കിലാണ്. ‘അമ്മ ജുസ്അ്’ലെ മുഴുവന്‍ സൂറത്തുകളുടെയും വ്യാഖ്യാനമുള്‍ക്കൊള്ളുന്ന തഫ്‌സീറിന്റെ ആദ്യപതിപ്പ് ഇതിനോടകം പുറത്തിറങ്ങി. ഇപ്പോള്‍ അടുത്ത ജുസ്ഇന്റെ പണിപ്പുരയിലാണ് അദ്ദേഹം. ശൈഖ് ഖറദാവിയില്‍ നിന്നും പണ്ഡിതലോകം ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. വിഷയാധിഷ്ഠിത ഖുര്‍ആന്‍ വ്യാഖ്യാനം (അത്തഫ്‌സീറുല്‍ മൗദൂഇ) എന്ന വിഭാഗത്തില്‍ നേരത്തെ അദ്ദേഹത്തിന്റേതായി രണ്ട് ഗന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ‘സഹനം’ (അസ്വബ്‌റു ഫില്‍ ഖുര്‍ആന്‍) ‘ബുദ്ധിയും ജ്ഞാനവും ഖുര്‍ആനില്‍’ (അല്‍-അഖ്‌ലു വല്‍ ഇല്‍മു ഫില്‍ ഖുര്‍ആന്‍) എന്നീ ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിഷയാധിഷ്ഠിത തഫ്‌സീറില്‍ നൂറിലധികം പുസ്തകങ്ങള്‍ തന്റെ ഭാവി പദ്ധതിയിലുണ്ടെന്ന് ഈ വ്യാഖ്യാന ഗ്രന്ഥത്തിന്റെ ആദ്യത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഏതായാലും എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മ ജുസ്ഇന്റെ മനോഹരമായ വ്യാഖ്യാനം അദ്ദേഹം പൂര്‍ത്തീകരിച്ചിരിക്കുന്നു. ശേഷിക്കുന്ന മുഴുവന്‍ ഭാഗങ്ങളും പൂര്‍ത്തീകരിക്കാന്‍ അല്ലാഹുവോട് തേടണമെന്ന് ആമുഖത്തില്‍ അദ്ദേഹം എല്ലാവരോടുമായി ആവശ്യപ്പെടുന്നുണ്ട്. പ്രതിഭാശാലികളായ പണ്ഡിതന്‍മാര്‍ രചിക്കുന്ന ഏതൊരു ഗ്രന്ഥത്തിനും മൗലികതയും വ്യതിരിക്തതയും ഉണ്ടാകും. പേരിന് ഒരു തഫ്‌സീര്‍ എന്ന രീതിയില്‍ എഴുതപ്പെട്ടതല്ല ഈ ഗ്രന്ഥം. പൗരാണികവും ആധുനികവുമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില പ്രത്യേകതകള്‍ ഇതിലുണ്ട്. അത്തരമൊരു പുതുമ തന്നെയാണ് ഇതിലെ കൗതുകം. ചില പ്രധാന സവിശേഷതകളിതാ:-

1) ‘തഫ്‌സീര്‍ പാഠങ്ങള്‍ – ജുസ്അ് അമ്മയുടെ വ്യാഖ്യാനം’ (ദുറൂസുന്‍ ഫിത്തഫ്‌സീര്‍ – തഫ്‌സീറു ജുസ്ഉ അമ്മ) എന്നാണ് ഈ ഗ്രന്ഥത്തിന് നാമകരണം ചെയ്തിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഖുര്‍ആനിലെ വ്യത്യസ്ത വിഷയങ്ങള്‍ ഇതില്‍ അക്കമിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സൂറത്തില്‍ ചിലപ്പോള്‍ ഒന്നോ അതിലധികമോ വിഷയങ്ങളുണ്ടാവും. എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം തലക്കെട്ടുകള്‍ നല്‍കി പാഠങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഏത് തരക്കാരെ ലക്ഷ്യം വെച്ചാണ് ഈ തഫ്‌സീര്‍ രചിച്ചിരിക്കുന്നതെന്നും ആമുഖത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. ‘അനുഗ്രഹീതവും ഉപകാരപ്രദവുമായ ഈ പാഥേയം ഇസ്‌ലാമിക പ്രബോധകര്‍, ലെക്ചര്‍മാര്‍, അധ്യാപകര്‍, പ്രഭാഷകര്‍ എന്നിവര്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.’

2) ‘ഖുര്‍ആന്‍ ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നു’ എന്ന രീതിയനുസരിച്ച് ഖുര്‍ആനിലെ സമാന ആശയമുള്ള ആയത്തുകളെടുത്ത് വിഷയത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്ന രീതിയാണ് ഇതില്‍ അദ്ദേഹം അവലംബിച്ചിരിക്കുന്നത്. അതായത് ഖുര്‍ആന്റെ ഒന്നാമത്തെ വ്യാഖ്യാനം ഖുര്‍ആന്‍ തന്നെയാണ് എന്ന ഊന്നല്‍. മഹാനായ മുഫസ്സില്‍ ഇബ്‌നു കഥീറാണ് ഇതിലെ മുന്‍ മാതൃക. എന്നാല്‍ ഖറദാവി ഇബ്‌നു കഥീറിനെ പോലെ ധാരാളമായി പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കുന്നില്ല. ആവശ്യത്തിന് മാത്രമേ അത് ചെയ്യുന്നുള്ളൂ. കവി കൂടിയായ ശൈഖ് ഖറദാവിയില്‍ നിന്നും ഇടക്കിടെ വിഷയത്തോട് ഏറ്റവും യോജിച്ച കവിതകളും ഉദ്ധരിക്കപ്പെടുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

3) ഭാഷയിലെ ലാളിത്യമാണ് മറ്റൊരു പ്രധാന സവിശേഷത. സങ്കീര്‍ണമായ ചര്‍ച്ചകളും സാങ്കേതിക പദങ്ങളും പരമാവധി ഒഴിവാക്കി, ഭാഷ കൂടുതല്‍ ലളിതമാക്കാന്‍ ഇതില്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഖുര്‍ആന്റെ എളുപ്പവും ലാളിത്യവും വ്യാഖ്യാനത്തിലും ഉണ്ടാകണമെന്ന കാര്‍ക്കശ്യമുള്ളത് പോലെ, സാധാരണക്കാരനും പണ്ഡിതനും ഖുര്‍ആനിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ സാധിക്കും വിധമാണ് പദങ്ങള്‍ വ്യന്യസിച്ചിരിക്കുന്നത്.

തഫ്‌സീറിന്റെ വിവര്‍ത്തനം ഇസ്‌ലാംഓണ്‍ലൈവില്‍ വായിക്കാം

Related Articles