Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുങ്ങള്‍ ചിതറിത്തെറിച്ച മുത്തുകള്‍

parenting.jpg

ഇന്നിന്റെ കുഞ്ഞുങ്ങളാണ് ഭാവിയുടെ ശില്‍പികളായി ഉയര്‍ന്നുവരിക. സദ്‌സന്താനങ്ങള്‍ ഭാവിയുടെ വരദാനങ്ങളും ദുഷ്‌സന്താനങ്ങള്‍ ഭാവിയുടെ അന്ധകരുമായിരിക്കും. അതിനാല്‍ ഓരോ മാതാവിനും പിതാവിനും തന്റെ മകന്റെ/ മകളുടെ വ്യക്തിത്വ രൂപീകരണത്തില്‍ ചെറുതല്ലാത്ത ഉത്തരവാദിത്തമുണ്ട്; വിദ്യാര്‍ഥി/ വിദ്യാര്‍ഥിനിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ സാമൂഹികചുറ്റുപാടുകളുടെ പങ്ക് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സന്താനങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട അവശ്യം ആവശ്യമായ നര്‍ദ്ദേശങ്ങളുടെ സമാഹാരമാണ് ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ‘ മക്കളെ വളര്‍ത്തുമ്പോള്‍’ എന്ന കൃതി. ഇരുപത്തിയാറ് അധ്യായങ്ങളില്‍ തീര്‍ത്ത ചെറുതെങ്കിലും ഉള്‍ക്കനമുള്ള ഒരു കൃതിയാണിതെന്നതില്‍ സംശയമില്ല. കൃതിയുടെ ഉള്ളടക്കത്തെ കുറിച്ച വിവരണം ശ്രദ്ദേയമാണ്: ‘ മക്കള്‍ സല്‍സ്വഭാവികളും മാതൃകായോഗ്യരുമാണെങ്കില്‍ രമാതാപിതാക്കളുടെ നിരന്തര പ്രാര്‍ഥനയും ബോധപൂര്‍വമായ ശ്രമങ്ങളും ആവശ്യമാണ്. കുട്ടികളുടെ ശിക്ഷണത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇസ് ലാമിക മൂല്യങ്ങളുടെ വെളിച്ചത്തില്‍ ആധുനിക മനശാസ്ത്രത്തിലെ ചില ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ ലഘുകൃതി. ഗ്രന്ഥകാരന്റെ ലളിതമായ ഭാഷയും പ്രതിപാദന രീതിയും മികച്ച വായനാനുഭവമാക്കുന്നു’.
 
കുഞ്ഞുങ്ങള്‍ അനുഗ്രഹമാണ്. കുഞുങ്ങളുടെ സാന്നിധ്യം ചിതറിത്തെറിച്ച മുത്തുകള്‍ പോലെ അനുഭൂതിദായകമാണ്. കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്ന് മനുഷ്യന് ലഭിക്കുന്ന സമ്മാനങ്ങളാണ്. ഒരു കുഞ്ഞു പിറക്കുമ്പോള്‍ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും അനേകം അരുവികളാണ് മാതാവിന്റെയും പിതാവിന്റെയും മനസില്‍ ഉറവയെടുക്കുന്നത്. ഒരു കുഞ്ഞ് പിറക്കുമ്പോള്‍ വൈവിധ്യമുള്ളതും നിഗൂഢവുമായ ഒരു പ്രപഞ്ചമാണ് പിറവിയെടുക്കുന്നത്. അതിനാലാണല്ലോ സന്താനസൗഭാഗ്യം സിദ്ധിക്കുമ്പോള്‍ മാതാപിതാക്കള്‍ സന്തോഷം പങ്കുവെക്കുന്നത്.

‘പരിഗണനയും കൂടിയാലോചനയും’ എന്ന പേരില്‍ ഈ കൃതിയില്‍ ഒരു അധ്യായമുണ്ട്. കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ മാനിക്കേണ്ടതിന്റെയും അവരുടെ കൊച്ചുസംസാരങ്ങള്‍ ശ്രവിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചാണിത്. കുട്ടികളുടെ വ്യക്തിത്വത്തെ നാം പരിഗണിക്കാറുണ്ടോ? അവരുമായി സ്വപ്‌നങ്ങള്‍ പങ്കുവെക്കാറുണ്ടോ? നിഷേധാത്മക രൂപത്തിലായിരിക്കും നമ്മുടെ മറുപടി. എന്നാല്‍ മനസ്സിലാക്കുക; കുഞ്ഞുങ്ങള്‍ക്കും അവരുടേതായ തനത് വ്യക്തിത്വമുണ്ട്. അവരുടെ വ്യക്തിത്വം മാനിച്ചുകൊണ്ടായിരിക്കണം അവരോടുള്ള സമീപനം.

സന്താനങ്ങള്‍ കഴിവുറ്റവരും പ്രഗത്ഭരുമാകണമെന്ന് മാതാപിതാക്കള്‍ കൊതിക്കുന്നു. സന്താനങ്ങളെ കുറിച്ച് ധാരാളം സ്വപ്‌നങ്ങളായിരിക്കും മാതാപിതാക്കള്‍ക്ക്. എന്നാല്‍, പലപ്പോഴും സംഭവിക്കാറുള്ളത് മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ക്ക് തീര്‍ത്തും വിപരീതമായ ദശയിലായിരിക്കും മക്കളുടെ സഞ്ചാരം. ഇത് കുഞ്ഞുങ്ങളുടെ കുറ്റമല്ല, മാതാപിതാക്കളുടെ ഗുരുതരമായ വീഴ്ചയാണ്. കുഞ്ഞുങ്ങളില്‍ അന്തര്‍ലീനമായ സര്‍ഗവാസനകള്‍ ശ്രദ്ധിക്കാതെ മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്‌നലോകത്ത് അഭിരമിച്ചതില്‍ മക്കള്‍ക്കെന്തുപിഴച്ചു!. ഇവിടെയാണ് ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ശ്രദ്ദേയമാകുന്നത്: ‘ കുഞ്ഞുങ്ങള്‍ക്കായി നിങ്ങളുടെ സ്‌നേഹം നിങ്ങള്‍ക്കുകൊടുക്കാം. എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ നല്‍കരുത്. എന്തെന്നാല്‍ അവര്‍ക്ക് അവരുടെ തന്നെ ചിന്തകളുണ്ട്……അവനെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം. എന്നാല്‍, അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഉദ്യമിക്കരുത്. എന്തെന്നാല്‍ ജീവിതം പിന്നിലേക്കു പോകുന്നില്ല. ഇന്നലെയുമായി സഹവസിക്കുന്നുമില്ല’.
മിക്ക മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ ഇന്നൊരു ആധിയാണ്. എന്നാല്‍, ഈ കൃതി ശ്രദ്ധാപൂര്‍വം വായിച്ചാല്‍, ‘ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട’ എന്ന ആപ്തവാക്യമാണ് ഓരോ മാതാവിനും പിതാവിനും ലഭിക്കുന്നത്.

പ്രസാധനം: ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
വില: 70

Related Articles