Current Date

Search
Close this search box.
Search
Close this search box.

തട്ടത്തിൽ കുരുങ്ങിയ പുരോഗമന യുക്തികൾ

സി.പി.എം സംസ്ഥാന സമിതി അംഗം അഡ്വ: കെ. അനിൽകുമാറിന്റെ എസന്‍സ്‌
ഗ്ളോബൽ സമ്മേളനത്തിലെ വിവാദപരാമർശങ്ങൾ, അത് പാർട്ടി നിലപാടല്ല എന്ന എം.വി.ഗോവിന്ദന്റെ ഒരു പ്രസ്താവന കൊണ്ട് റദ്ദ് ചെയ്യപ്പെടുന്നതല്ല. ഒരു കമ്യൂണിസ്റ്റുകാരൻ പറയേണ്ടത് തന്നെയാണ് അനിൽകുമാർ പറഞ്ഞത് എന്നാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്ന പല ഇടതുപക്ഷ പ്രൊഫൈലുകളും തെളിയിക്കുന്നത്. മുസ്ലിം മതയാഥാസ്ഥിതികരുടെ എതിർപ്പിനെ ഭയന്ന് പാർട്ടി അതിന്റെ പുരോഗമന നിലപാടിൽ നിന്ന് പുറകോട്ട് പോയി എന്ന തരത്തിലുള്ള വിമർശനങ്ങളും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. സി.പി.എമ്മിൽ മുസ്ലിം ലോബി പിടിമുറുക്കുന്നു എന്ന നറേറ്റീവ് കൊണ്ട് വന്ന് കലക്ക് വെളളത്തിൽ നിന്ന് മീൻ പിടിക്കാൻ സംഘ്പരിവാറും പണിയെടുക്കുന്നുണ്ട്. എല്ലാ വിവാദങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും മുസ്ലിം വിരുദ്ധതയിൽ എന്ന അലംഘനീയസത്യം അവശേഷിക്കുന്നു.

“മലപ്പുറത്തെ പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ട എന്ന് പറയുന്ന പെൺകുട്ടികളും മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായിത്തന്നെ
എന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണ് അനിൽകുമാർ പറഞ്ഞത്. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച ഒരു ചർച്ചയിൽ കേരളത്തിലെ നവനാസ്തികരുടെ നേതാവായ സി.രവിചന്ദ്രന്റെ വാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു സി.പി.എം പ്രതിനിധി. “സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറിയ പങ്കല്ല” എന്ന് പറയാൻ വേണ്ടിയാണ് തട്ടത്തിന്റെ കാര്യം അദ്ദേഹം ഉന്നയിച്ചത്.

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി കൊണ്ട് വന്ന വിദ്യാഭ്യാസ പുരോഗതിയുടെയും സ്വതന്ത്ര ചിന്തയുടെയും ഫലമായിട്ടാണ് എന്നാണദ്ദേഹം വളച്ചുകെട്ടില്ലാതെ പറഞ്ഞത്. തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നാക്ഷേപിച്ചുകൊണ്ട് റിപ്പോർട്ടർ ചാനലിന് നൽകിയ വിശദീകരണത്തിലും ഇത് തന്നെയാണ് അദ്ദേഹം പറയുന്നത്. “മതത്തിലേക്ക് സ്ത്രീകളെ കൊണ്ടുപോകാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നുവെന്നതാണ് രവിചന്ദ്രന്റെ ആക്ഷേപം. എന്നാൽ അവിടെ (മലപ്പുറം ജില്ലയിൽ) വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീകൾ തട്ടമിടണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഘട്ടത്തിൽ, അവരുടെ തീരുമാനത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ട്. അവരെ മതത്തിലേക്ക് തളച്ചിടാനല്ല, ജീവിതത്തിലേക്ക് ഉയർത്താനാണ് ശ്രമിച്ചത് എന്നായിരുന്നു പ്രസംഗം”. (“പ്രസംഗം ജമാഅത്തെ ഇസ്ലാമി വളച്ചൊടിച്ചു” എന്ന തലക്കെട്ടിൽ റിപ്പോർട്ടർ നെറ്റ് വർക്ക് പ്രസിദ്ധീകരിച്ച അനിൽ കുമാറിന്റെ അഭിമുഖത്തിൽ നിന്ന്. ബ്രാക്കറ്റ് കുറിപ്പുകാരന്റേത്.)

അനിൽ കുമാറിനെ തിരുത്തിക്കൊണ്ട് പാർട്ടി നിലപാട് വിശദീകരിച്ച ഗോവിന്ദൻ മാസ്റ്റർ ആകപ്പാടെ പറഞ്ഞത് ആരുടെയും വസ്ത്രസ്വാതന്ത്യത്തിൽ പാർട്ടി ഇടപെടുകയില്ല എന്നാണ്. മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് ധരിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെ പാർട്ടി അംഗീകരിക്കുന്നുവെന്ന് മാത്രമാണ് നന്നെക്കവിഞ്ഞാൽ ഇതിനർത്ഥം. ഹിജാബ് പുരോഗമന വിരുദ്ധമാണെന്നും യാഥാസ്ഥിതികത്വത്തിന്റെ പ്രതീകമാണെന്നും സ്വതന്ത്ര ചിന്തയെ തടയിടുന്നു എന്നും മറ്റുമുള്ള, സി.പി.എം പല വേദികളിലും പല രീതിയിലും പ്രകടിപ്പിക്കാറുള്ള അഭിപ്രായം പാർട്ടി തിരുത്തി എന്നൊന്നും പാർട്ടി സെക്രട്ടരിയുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കേണ്ടതില്ല.

ഏകീകൃത സിവിൽ കോഡിന് സി.പി.എം. എതിരല്ലന്നും അതിന് പിന്നിലുള്ള സംഘ്പരിവാർ അജണ്ടയെയാണ് പാർട്ടി എതിർക്കുന്നതെന്നും ചർച്ചക്കിടയിൽ അനിൽകുമാർ പറയുന്നുണ്ട്. മറുപക്ഷത്ത്, രവിചന്ദ്രൻ ഏകീകൃത സിവിൽ കോഡിന് വേണ്ടി നിരുപാധികം വാദിച്ചു കൊണ്ട് തന്റെ സംഘ്പരിവാർ അനുകൂല നിലപാട് ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു. മുസ്ലിം വ്യക്തിനിയമത്തിൽ കടുത്ത സ്ത്രീപുരുഷ വിവേചനം നിലനിൽക്കുന്നുണ്ടെന്നും അത് ഇല്ലാതാക്കാൻ വേണ്ടി ഏകീകൃത സിവിൽ കോഡ് വന്നേ
തീരൂ എന്നുമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാട്.

മറ്റ് മതസമൂഹങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾ ഇദ്ദേഹത്തിന് വിഷയമേയല്ല. ഏകീകൃത സിവിൽ കോഡ് എന്ന പേരിൽ ഹിന്ദുകോഡ് കൊണ്ടുവന്നാലും കുഴപ്പമില്ല, മുസ്ലിം വ്യക്തിനിയമം ഇല്ലാതായാൽ മതി എന്ന തന്റെ ഉള്ളിലിരിപ്പ് എത്ര പണിപ്പെട്ടിട്ടും രവിചന്ദ്രന് മറച്ചുവെക്കാൻ കഴിയുന്നില്ല. ചർച്ചയിൽ ഇടപെട്ടുകൊണ്ട് അനിൽ കുമാറും അഡ്വ. ശുക്കൂറും രവിചന്ദ്രന്റെ ബി.ജെ.പി അനുകൂല നിലപാടിനെ പ്രശ്നവൽക്കരിക്കുന്നുണ്ട്. മുസ്ലിം വ്യക്തിനിയമം പരിഷ്ക്കരിക്കണം എന്നാണ് സി.പി. എമ്മിന്റെ അഭിപ്രായമെന്നും ഹിന്ദുക്കൾക്കിടയിൽ നടന്നത് പോലെയുള്ള പരിഷ്ക്കരണം മുസ്ലിംകൾക്കിടയിൽ നടന്നിട്ടില്ല എന്നും കൂട്ടത്തിൽ അനിൽകുമാർ പറഞ്ഞു വെക്കുന്നുണ്ട്. ഇതിന് അടിവരയിട്ടു കൊണ്ടാണ് രവിചന്ദ്രൻ ചർച്ച അവസാനിപ്പിക്കുന്നത്. അനിൽകുമാറിന്റെ ഇത്തരം അഭിപ്രായപ്രകടനങ്ങളൊന്നും പാർട്ടി തിരുത്തിയിട്ടില്ല. തട്ടത്തെക്കുറിച്ച പരാമർശത്തെ തളളിപ്പറഞ്ഞത് ഒരു അടവുനയം മാത്രമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല.

അനിൽകുമാർ രവിചന്ദ്രന്റെ വാദങ്ങളെ വിമർശിക്കുന്നുണ്ടെങ്കിൽ തന്നെയും രവിചന്ദ്രൻ നയിക്കുന്ന എസൻസ് ഗ്ലോബലിന്റെ വലതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് അദ്ദേഹത്തിന് വേണ്ടത്ര ധാരണയില്ല എന്ന് തോന്നും പ്രസംഗം കേട്ടാൽ. “എസൻസും സി.പി.എമ്മും തമ്മിൽ മത്സരമില്ല. നിങ്ങൾ പ്രവർത്തിക്കുന്നത് ഒരു ആശയരംഗത്താണ്, ഞങ്ങൾ പ്രവർത്തിക്കുന്നത് ഭൗതിക രംഗത്താണ് ” എന്ന് അദ്ദേഹം പറയുമ്പോൾ, ഒന്നുകിൽ എസൻസിനെ അദ്ദേഹത്തിന് അറിയില്ല, അല്ലെങ്കിൽ അറിഞ്ഞു കൊണ്ട് അംഗീകരിക്കുന്നു എന്നാണ് അർത്ഥം. കേരളം നേരിടുന്ന ഒന്നാമത്തെ ഭീഷണി മുസ്ലിംകളും രണ്ടാമത്തെ ഭീഷണി കമ്യൂണിസ്റ്റുകളുമാണെന്ന് പറഞ്ഞ കക്ഷിയാണ് സി രവിചന്ദ്രൻ എന്ന് ഈ കമ്യൂണിസ്റ്റുകാരന് അറിയുമോ ആവോ?

രവിചന്ദ്രന് കയ്യടിക്കാൻ വന്ന ഒരാൾക്കൂട്ടമാണ് സ്വതന്ത്ര ചിന്തകർ എന്ന ബാനറിൽ തന്റെ മുന്നിലിരിക്കുന്നത് എന്നറിയാതെയാണ്, കമ്യൂണിസവും നാസ്തികതയും തമ്മിലുളള ഒരു പഴയ സൈദ്ധാന്തിക തർക്കത്തെ അനിൽകുമാർ അദ്ദേഹത്തിന്റെ ശൈലിയിൽ അവതരിപ്പിക്കുന്നത്. യുക്തിവാദം എന്ന് കേരളത്തിൽ വിളിക്കപ്പെടുന്ന നാസ്തികതയുടെയും (യുക്തിവാദവും നാസ്തികതയും ഒന്നല്ല) കമ്യൂണിസത്തിന്റെയും അടിസ്ഥാനം ദൈവനിഷേധവും മതവിരുദ്ധതയുമാണ്. പക്ഷെ, മതത്തോടുളള സമീപനത്തിൽ രണ്ട് കൂട്ടർക്കുമിടയിൽ പഴക്കം ചെന്ന ഒരു അഭിപ്രായ ഭിന്നതയുണ്ട്. മതത്തെ നേർക്ക് നേരെ എതിർത്ത് ഇല്ലാതാക്കാനാണ് നാസ്തികർ ശ്രമിക്കുന്നത്.

മതം ഭൗതിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും മതവിശ്വാസത്തെ അനിവാര്യമാക്കിത്തീർക്കുന്ന സാമൂഹിക സാഹചര്യങ്ങളെ ഇല്ലാതാക്കിയെങ്കിൽ മാത്രമേ മതം ഇല്ലാതാവുകയുള്ളൂ എന്നുമാണ് കമ്യൂണിസ്റ്റ് നിലപാട്. ദു:ഖങ്ങളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ഒളിച്ചോടാനുള്ള അഭയകേന്ദ്രമാണ് മതമെന്നും അത് മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നുമൊക്കെ കാൾ മാർക്സ് പറഞ്ഞത് ഈ അർത്ഥത്തിലാണ്. മലപ്പുറത്തെ സ്ത്രീകളുടെ പട്ടിണിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമൊക്കെ അനിൽകുമാർ നാസ്തികരുടെ സദസ്സിനോട് പറയുന്നത് ഈ താത്വിക വിശകലനം മനസ്സിൽ വെച്ചുകൊണ്ടാണ്.

പക്ഷെ, ഇത്തരം വിശകലനങ്ങളൊക്കെ തത്വത്തിൽ മാത്രം. മാർക്സിസം അധികാരത്തിൽ വന്നേടത്തൊക്കെ മതവിശ്വാസത്തെ അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതാണ് ചരിത്രം. കേരളത്തിൽ അത് ഉദ്ദേശിച്ച അളവിൽ നടക്കാത്തത് ക്ലാസിക്കൽ മാർക്സിസം എന്ന പശു ചത്ത് പോയത് കൊണ്ടും ഒരു ജനാധിപത്യ ഘടനക്കകത്ത് പ്രവർത്തിക്കാൻ മാർക്സിസ്റ്റുകൾ നിർബ്ബന്ധിതരായത് കൊണ്ടുമാണ്. പക്ഷെ പശു ചത്താലും മോരിന്റെ പുളി ബാക്കിയാകുമല്ലോ! പുരോഗമനത്തെക്കുറിച്ചും പരിഷ്ക്കാരത്തെക്കുറിച്ചും സി.പി.എം ഇപ്പോഴും വെച്ചപുലർത്തുന്നത്  മാർക്സിസത്തിന്റെ പഴയ മതവിരുദ്ധ കാഴ്ചപ്പാട് തന്നെയാണ്.

ഇസ്ലാമോഫോബിയയുടെ കാലത്ത് ഒരാൾ മതവിരുദ്ധനാവുക എന്ന് പറഞ്ഞാൽ ഇസ്ലാം/മുസ്ലിം വിരുദ്ധനാവുക എന്നാണർത്ഥം. ഹൈന്ദവദേശീയതയും ഇസ്ലാമോഫോബിയയും കണ്ണി ചേരുന്നേടത്ത് വിശേഷിച്ചും. അത് കൊണ്ടാണ് നിലവിളക്ക് മതേതരത്വത്തിന്റെ ചിഹ്നമാകുന്നതും ഹിജാബ് മതയാഥാസ്ഥിതികതയുടെ പ്രതീകമാകുന്നതും. ഈ ഇസ്ലാം വിരുദ്ധത കൂടിയ അളവിൽ കൊണ്ടു നടക്കുന്നവരാണ് സാം ഹാരിസിനെയും റിച്ചാഡ് ഡോക്കിൻസിനെയും ആചാര്യൻമാരായി അംഗീകരിച്ച നവനാസ്തികർ. അവരുടെ കേരളീയ അവതാരങ്ങളാണ് സി രവിചന്ദ്രനും എസൻസ് ഗ്ലോബലും . എല്ലാ മതങ്ങളെയും എതിർക്കുന്നു എന്ന വ്യാജേന അവർ എതിർക്കുന്നത് ഇസ്ലാമിനെ മാത്രമാണ്. എസ്സൻസ് ഗ്ലോബൽ സമ്മേളനത്തിലെ സെഷനുകൾ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ നുണകളുടെ മാലപ്പടക്കം പെയ്ത സമ്മേളത്തിൽ, ഏകീകൃത സിവിൽ കോഡിനെക്കുറിച്ച ചർച്ച മുസ്ലിംവ്യക്തിനിയമത്തിലേക്ക് ചുരുങ്ങിപ്പോയതും ബി.ജെ.പിയുടെ ഏകീകൃത സിവിൽ കോഡ് അജണ്ട സി.രവിചന്ദ്രനെ ആവേശഭരിതനാക്കുന്നതും വംശീയതയോളമെത്തുന്ന ഇസ്‌ലാം വിരുദ്ധത കൊണ്ട് തന്നെയാണ്.

സി.പി.എമ്മിന്റെ പ്രശ്നം പ്രത്യക്ഷവും പരോക്ഷവുമായ ഇസ്ലാമോഫോബിയ മാത്രമല്ല, മുസ്ലിംകളുടെ രക്ഷാകർതൃത്വം തങ്ങൾക്കാണെന്ന മിഥ്യാബോധം കൂടിയാണ്.  മലപ്പുറത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും തട്ടത്തിൽ നിന്ന് അവരെ വിമോചിപ്പിക്കാനും ബി.ജെ.പിയുടെ ഏകസിവിൽ കോഡിൽ നിന്ന് മുസ്ലിം കളെ രക്ഷിക്കാനും തങ്ങൾ തന്നെ വേണം എന്ന വാശി. മുസ്ലിംകൾ ആധുനികതക്ക് പുറത്ത് നിൽക്കുന്ന, പരിഷ്കരിക്കപ്പെടേണ്ട ജനസമൂഹമാണ് എന്ന സെക്യുലർ പൊതുബോധത്തിൽ നിന്നാണ് ഈ രക്ഷാകർതൃത്വമനോഭാവം ഉടലെടുക്കുന്നത്. ഈ പൊതുബോധമാണ് കേരളത്തിലെ യുക്തിവാദികളും നവനാസ്തികരും ഇടതുപക്ഷവും ലിബറലുകളും പൊതുവിൽ കൊണ്ടു നടക്കുന്നത്. ഹിജാബും മുസ്ലിം സ്ത്രീയും കേരളീയപൊതു മണ്ഡലത്തിൽ വീണ്ടും വീണ്ടും ചർച്ചയാവുന്നത് ഈ പശ്ചാത്തലത്തിലാണ്.

ഇസ്ലാമിനകത്ത് നിന്ന് കൊണ്ടുള്ള മുസ്ലിംകളുടെ എല്ലാതരം രാഷ്ടീയാവിഷ്ക്കാരങ്ങളെയും മഹാപരാധമായി കാണുന്നതും ഈ ഇസ്ലാംവിരുദ്ധ സെക്യുലർ പൊതുബോധത്തിന്റെ ഭാഗമായിട്ട് തന്നെയാണ്. മതത്തെക്കുറിച്ച ആധുനികതയുടെ നിർവചനത്തിൽ നിന്ന് കൊണ്ട് മാത്രമേ അവർക്ക് ഇസ്ലാമിനെയും മുസ്ലിം ജീവിതത്തെയും മനസ്സിലാക്കാൻ കഴിയൂ. അങ്ങനെ വരുമ്പോൾ ഹിജാബ് അടിമത്തമാവും. ഇസ്ലാമിക കുടുംബം പ്രാകൃതവും യാഥാസ്ഥിതികവുമാവും. ഇസ്ലാമിക രാഷ്ട്രീയം താലിബാനിസമാവും.

ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച ഏത് സംസാരവും തീവ്രവാദവും ഭീകരവാദവുമായി മുദ്രയടിക്കപ്പെടുന്നത് രാഷ്ട്രീയ ഉളളടക്കമുള്ള ഒരു മതസങ്കൽപ്പത്തെ ലിബറൽ ആധുനികതയിൽ ബുദ്ധി മരവിച്ചു പോയവർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത് കൊണ്ടാണ്. ആർ.എസ്.എസിന്റെ വംശീയ രാഷ്ട്രീയത്തെയും  ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രീയത്തെയും ഇവർക്ക് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയാത്തതിൽ അത്ഭുതപ്പെടാനില്ല. രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ ജീവിത മേഖലകളെയും ദൈവിക മാർഗദർശനത്തിന്റെ വെളിച്ചത്തിൽ കാണുന്ന ഇസ്ലാമിന്റെയും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും നിലപാടുകളെ സെക്യുലർ ആധുനികതയുടെ യുക്തി കൊണ്ട് ഒരിക്കലും മനസ്സിലാവുകയില്ല.

ചർച്ച ഹിജാബായാലും ഏകീകൃത സിവിൽ കോഡായാലും, മുസ്ലിംകൾ സ്വയം പരിഷ്ക്കരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് അവർക്കെതിരെ ഉന്നയിക്കപ്പെടുന്ന ഏറ്റവും വലിയ ആക്ഷേപം. ഇസ്ലാമിനകത്ത് നിന്ന് കൊണ്ട് മുസ്ലിംകൾ നിരന്തരം സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവർ ജീവിക്കുന്ന ചുററുപാടുകളുമായി പലതരത്തിൽ എൻഗേജ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ട്. അടിസ്ഥാനാദർശങ്ങൾ ബലികഴിക്കാതെയുള്ള ഇസ്ലാമിന്റെ വികാസക്ഷമതയാണ് അതിനെ ഇന്നും ജീവസ്സുറ്റതാക്കി നിലനിർത്തുന്നത്. ഏത് പുതിയ പ്രശ്നത്തെയും ചുറ്റുപാടുകളെയും തങ്ങളുടെ വിശ്വാസവും ആദർശവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനും നിലപാടുകൾ രൂപീകരിക്കാനും മുസ്ലിംകളെ പ്രാപ്തരാക്കുന്നതും ഇസ്ലാമിന്റെ കാലാതിവർത്തിയായ ഈ ഗുണവിശേഷം തന്നെ.

മുസ്ലിംകളെ പരിഷ്ക്കരിക്കാനും പുരോഗമിപ്പിക്കാനും തുനിഞ്ഞിറങ്ങിയരുടെ യഥാർത്ഥ പ്രശ്നം , അവർ ഉണ്ടാക്കി വെച്ച പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ചട്ടക്കൂടിനകത്തേക്ക് മുസ്ലിംകൾ കയറി വരുന്നില്ല എന്നതാണ്. അത് കൊണ്ടാണ് ഏതെങ്കിലും മുസ്ലിം പെൺകുട്ടി ഹിജാബ് ഒഴിവാക്കുന്ന നിമിഷം അവൾ പുരോഗമനവാദിയായി മാറുന്നത്. ലിബറൽ ആധുനികത വരച്ചുവെച്ച പുരോഗമനത്തിന്റെ അതിരുകൾ ജെൻഡർ ഇക്വാളിറ്റി എന്ന കേൾക്കാൻ സുഖമുള്ള രണ്ട് വാക്കുകളിൽ ഒതുങ്ങുന്നതല്ല. തട്ടം ഊരിയെറിഞ്ഞാലോ അനന്തരസ്വത്ത് ആണിനും പെണ്ണിനും തുല്യമായി ഭാഗിച്ചാലോ അവസാനിക്കുന്നതല്ല അത്.

വ്യത്യസ്ത മൂല്യവ്യവസ്ഥകൾ തമ്മിലുള്ള  ആശയ സംഘർഷത്തെ പുരോഗമനത്തെക്കുറിച്ച പടിഞ്ഞാറൻ വാർപ്പു മാതൃകകൾ കൊണ്ട് നേരിടാനാണ് മാർക്സിസ്റ്റുകൾ മുതൽ നവനാസ്തികർ വരെയുളളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലിബറൽ ലൈംഗികതയെയും കോർപറേറ്റ് മുതലാളിത്തത്തെയും മാർക്സിസ്റ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞ ഒരു കാലത്താണ് മുസ്ലിം പെൺകുട്ടികളുടെ തട്ടത്തെക്കുറിച്ച് വീണ്ടും നാം ചർച്ച ചെയ്യുന്നത് എന്ന് കൂടി ഓർക്കണം. കാമ്പസുകളിൽ മുസ്ലിം പെൺകുട്ടികളുടെ തട്ടം മാത്രമല്ല, മത ധാർമികതയുടെ സർവചിഹ്നങ്ങളും അഴിച്ചു മാറ്റാനുള്ള മഹായജ്ഞത്തിലാണല്ലോ സി.പി.എമ്മിന്റെ വിദ്യാർത്ഥി സംഘടന ഏർപ്പെട്ടിരിക്കുന്നത്.

 

???? കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്ക് വാട്‌സാപ് ചാനല്‍ ഫോളോ ചെയ്യൂ….

???????? ???? https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles