Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ നിലക്കാത്ത ജാതി സംഘർഷങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സുശക്തമായ ഭരണഘടനയും കെട്ടുറപ്പുള്ള നിയമനിർമ്മാർണവും ക്രിയാത്മകമായ ഭരണസംവിധാനവുമാണ് ഇന്ത്യയുടെ കരുത്ത്. ജാതി മേൽക്കോയ്മയിൽ നട്ടം തിരഞ്ഞ ജനതയെ സ്വാതന്ത്ര്യം കാണാൻ പഠിപ്പിച്ച മഹനീയ നേതൃത്വങ്ങൾ ജീവിച്ചു പോയ നാടാണ് ഭാരതം. സമൂഹത്തിലെ താഴ്ന്ന തട്ടിൽ നിന്നും ഉന്നതിയുടെ കൊടുമുടികൾ കയറാൻ അവരെ പ്രാപ്തരാക്കാൻ അവർക്ക് സാധിച്ചു. വികസനം എന്ന സുവർണ്ണ തൂവൽ ചാർത്തി ഇന്ത്യയെ ലോകത്തിന് മുന്നിൽ യശസ്സുയർത്തി നിർത്താൻ രാജ്യത്തെ പ്രഥമ ഭരണകൂടത്തിനായി.

നെഹ്റുവിന്റെ നിതാന്ത പരിശ്രമത്തിന്റെ ഭാഗമായാണ് പുരോഗമന രാജ്യമായി ഇന്ത്യ മാറിയത്. സമീപകാലത്ത് ഇന്ത്യ പഴമയുടെ ആഭരണങ്ങൾ വീണ്ടും എടുത്തണിയാൻ തുടങ്ങിയിരിക്കുന്നു. ഹരിയാനയിലും മണിപ്പൂരിലും ഉത്തർപ്രദേശിലും മുഴങ്ങി കേൾക്കുന്ന ശബ്ദങ്ങൾ പാരമ്പര്യത്തിന്റെ ദുർമുഹൂർത്തങ്ങൾ ഓർമപ്പെടുത്തുകയാണ്. വേദനയുടെ കഷ്ടതയുടെ ദുരിതങ്ങളുടെ കഥന കഥ പറയുകയാണ് ഇന്ത്യൻ തെരുവുകൾ.

ഹരിയാനയിലെ കൈതാൽ ജില്ലയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്കകത്ത് ഭിന്നതകൾ ഉടലെടുത്തത് ജാതി സംഘർഷത്തെ തുടർന്നാണ്. ജാതിയുടെ അടിസ്ഥാനത്തിൽ കാലങ്ങളായി തുടരുന്ന സംഘർഷമാണ് പാർട്ടിയിൽ വിള്ളലുകൾ സൃഷ്ടിച്ചത്. 40 ലധികം വരുന്ന രജപുത്ര വംശജരായ അധികാരികളാണ് ആഴ്ചകൾക്ക് മുമ്പ് രാജിക്കത്ത് സമർപ്പിച്ചത്. മിഹിർ ഭോജ് രാജാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അതിന്റെ ഫലകത്തിൽ ഗുർജാർ എന്ന് ആലേഖനം  ചെയ്തതിൽ പ്രതിഷധിച്ചായിരുന്നു രാജിവെച്ചത്. ഇതിലൂടെ ഭോജിന്റെ ജാതിയെച്ചൊല്ലി ഗുർജറുകളും രജപുത്രരും തമ്മിൽ ദീർഘകാലമായി സംഘർഷത്തിലായിരുന്നുവെന്ന് വ്യക്തമായി.

9 ആം നൂറ്റാണ്ടിൽ ഇന്നത്തെ മധ്യാപദേശിലെ മാൾവ പ്രദേശത്ത് നീണ്ട 50 വർഷത്തോളം ഭരണം നടത്തിയ രാജാവാണ് മിഹിർ ഭോജ്.  അദ്ദേഹം ഗുർജർ പ്രതിഹാര രാജവംശത്തിലെ അംഗമായതിനാൽ ഗുർജർ ജാതിക്കാരനാണെന്നാണ് ഗുർജറുകളുടെ അവകാശ വാദം. അദ്ദേഹം ഗുജറാത്ത് പ്രവിശ്യയിലെ രാജാവായിരുന്നെന്നും ഗുർജർ ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്നാണ് രജപുത്രർ വാദിക്കുന്നത്.

ഗുർജറുകളുടെയും രജപുത്രരുടെയും അവകാശവാദങ്ങൾ സമീപ വർഷങ്ങളിൽ നിരന്തരം ഉയർന്നുവന്നിരുന്നു. ഇന്ത്യൻ രാജാക്കൻമാരിലെ ധീരരും കേമന്മാരുമായ രാജാക്കൻമാരെ സ്വന്തമാക്കാനുള്ള തർക്കം കാലങ്ങളായി ഓരോ വിഭാഗത്തിനിടയിലും നിലനിൽക്കുന്നതാണ്. യദാർത്ഥത്തിൽ ഇതിന്റെ ആഘാതം അനുഭവിക്കേണ്ടി വരുന്നത് ബിജെപിയാണ്. തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിയുടെ അകത്ത് രൂപപ്പെടുന്ന ഈ രാഷ്ട്രീയ വടംവലി അവരെ സാരമായി ബാധിക്കുമെന്നത് അവിതർക്കിതമാണ്.

ഹരിയാന ബിജെപി നേതാക്കൾ തമ്മിൽ ഭിന്നത

ഭോജിനെ ഗുർജാർ വംശജനാണെന്ന് ചിത്രീകരിച്ച് പ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഗുർജാർ വിഭാഗത്തിന്റെ തീരുമാനത്തെ എതിർത്ത് രജപുത്രർമാർ രംഗത്ത് വന്നതോടെയാണ് വിഷയം കൂടുതൽ സങ്കീർണ്ണമായത്. പ്രതിഷേധം ഉയർന്നതിന്റെ ഫലമായി ഇരുവിഭാഗങ്ങൾക്കിടയിൽ വംശീയ അതിക്രമം നടക്കുന്നതിൽ നിന്ന് തടയാൻ ജൂലൈയിൽ കൈതാൽ ഭരണകൂടം ഇടപെട്ടിരുന്നു. നിർഭാഗ്യവശാൽ അവരുടെ ഇടപെടൽ ഫലം കണ്ടില്ല. ഗത്യന്തരമില്ലാതെ വന്നപ്പോൾ ജൂലൈ 19 ന് ഗുർജാർകാരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ തടിച്ചുകൂടിയ രജപുത്രർക്ക് നേരെ പോലീസ് ലാത്തി വീശി. രജപുത്രൻമാർ നിരന്തരമായി പ്രതിഷേധിച്ചെങ്കിലും അവരുടെ എതിർപ്പ് വകവെക്കാതെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

തൽഫലമായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തങ്ങളുടെ പ്രതിനിധികളെ കണ്ട് ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രജപുത്രർ പ്രഖ്യാപിച്ചു. ഫലകത്തിൽ നിന്ന് ഗുർജാർ എന്ന വാക്ക് നീക്കം ചെയ്യുക, ബിജെപിയുടെ കൈതാൽ യൂണിറ്റ് നേതാവ് അശോക് ഗുർജാറിനെ പുറത്താക്കുക, പ്രാദേശിക ബിജെപി നിയമസഭാംഗമായ ലീലാ റാം ഗുജ്ജാറിനെതിരെ നടപടിയെടുക്കുക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്ത് രജപുത്രർക്ക് ആധിപത്യമുള്ള നിരവധി ഗ്രാമങ്ങളിൽ ബിജെപി നേതാക്കൾക്ക് പ്രവേശനം നിരോധിച്ചത് ഈ പ്രതിഷേധത്തിന്റെ ഭാഗമായാണ്.

ഇതോടെ ഇരുവിഭാഗങ്ങളിലുമുള്ള ബിജെപി നേതാക്കൾ പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങി. അദ്ദേഹത്തെ രജപുത്രനെന്ന് വിളിക്കണം എന്നൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല. ഗുർജാർ എന്ന് ചിത്രീകരിക്കുന്നതിന് പകരം ഹിന്ദുവെന്ന് വിളിച്ചാൽ മതിയെന്ന് രജപുത്ര സമുദായത്തിൽ നിന്നുള്ള ബിജെപി നേതാവ് മഹിപാൽ റാണ ജൂലൈ 20 ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗുർജാർ എന്ന വാക്ക് നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഭോജ് ഒരു ഗുർജാർ രാജാവായിരുന്നു എന്നതിന് ശക്തമായ തെളിവ് ഉണ്ടെന്നാണ് ബിജെപി എംഎൽഎ ആയ ലീലാ റാം ഗുജ്ജാർ പ്രസ്താവിച്ചത്. വസ്തുതാ വിരുദ്ധ ആരോപണങ്ങൾ ഉന്നയിച്ചതിന് രജപുത്രൻമാരെ അവർ നിശിതമായി വിമർശിച്ചു. രജ്പുത് സമുദായാംഗങ്ങൾ അവരുടെ വാദം തെളിയിക്കാൻ ചരിത്രത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വാസ്തവത്തിൽ രജപുത്രർ ഞങ്ങളുടെ സഹോദരന്മാരാണെങ്കിലും അഭിപ്രായങ്ങൾ പറയുമ്പോൾ സംയമനം പാലിക്കണമെന്നും അവർ ഓർമ്മപ്പെടുത്തി.

സമീപ വർഷങ്ങളിൽ ഭോജിന്റെ ജാതിയെ ചൊല്ലി ഗുർജറുകളും രജപുത്രരും തമ്മിൽ തർക്കങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. 2021 സെപ്റ്റംബറിൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ സംഭവം നടന്നിരുന്നു. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ആദിത്യനാഥ് ഗൗതം ബുദ്ധ് നഗറിലെ ഒരു കോളേജിൽ ഭോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ ശിലാഫലകത്തിൽ ഭോജിനെ ഗുർജർ രാജാവ് എന്നാണ് പരാമർശിച്ചത്. ഇത് രജപുത്രരെ വ്രണപ്പെടുത്തിയതിനാൽ ചടങ്ങിന് തൊട്ടുമുമ്പ് ഗുർജാർ എന്ന വാക്ക് കറുത്ത മഷി കൊണ്ട് മറക്കുകയായിരുന്നു.

ഫലകത്തിൽ ഗുർജർ എന്ന വാക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  ഗുർജർ സമുദായം ബിജെപി സർക്കാരിനതിരെ രംഗത്ത് വന്നു. ഒടുവിൽ ഗുർജാർ നേതാവും ബിജെപി രാജ്യസഭാംഗവുമായ സുരേന്ദ്ര സിങ് നഗർ മഷി നീക്കം ചെയ്തു.

നവംബറിൽ ഗവേഷകനും അഭിഭാഷകനുമായ ക്ഷത്രിയ പരിഷത്തിന്റെ നേതൃത്വത്തിൽ ഭോജിനെ ഗുർജർ വിഭാഗക്കാരാണെന്ന് സ്ഥാപിക്കാൻ ബീഹാറിൽ പ്രചാരണം ആരംഭിച്ചു. നിരോധന ഉത്തരവുകൾ പാലിക്കാതെ നടത്തിയ ഈ മാർച്ചിനെതിരെ ശക്തമായ പ്രതിഷേധമാണ് രജപുത്രർ നടത്തിയത്.

വീരന്മാരെ അവകാശപ്പെടുന്ന ഗോത്ര സ്വഭാവം

പുരാതനകാലത്ത് ജീവിച്ച വ്യക്തികളുടെ ജാതി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നാണ് ഡൽഹി സർവകലാശാലയിലെ ഇന്ത്യൻ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറായ മനീഷ ചൗധരിയെപ്പോലുള്ള ചരിത്രകാരന്മാർ അഭിപ്രായപെട്ടത്. “ചരിത്രപരമായി മിഹിർ ഭോജ് ഗുർജറാണോ രജപുത്രനാണോ എന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തതയില്ല. കാരണം അക്കാലത്ത് ഭരണാധികാരിയും യോദ്ധാവും ആകുന്നത് സ്വന്തം ശക്തികൊണ്ടും കഴിവ് കൊണ്ടുമായിരുന്നു.”

ചരിത്രത്തിന്റെ ആഴത്തിലേക്ക് മുങ്ങിയാൽ ജാതി സ്വത്വങ്ങൾ മങ്ങുന്നതായി കാണാമെന്നാണ് കുരുക്ഷേത്ര സർവകലാശാലയുടെ ചരിത്ര വിഭാഗം പ്രൊഫസറായ എസ് കെ ചാഹൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്. ഇന്ന് നാം കാണുന്ന ജാതി രേഖകളെല്ലാം പിൽക്കാലത്ത് ഉയർന്ന് വന്നതാണ്. പുരാതന ഭരണാധികാരികളുടെ  ജാതികളുടെ പേരിലുള്ള സമീപകാല വിവാദങ്ങൾ ആധുനിക രാഷ്ട്രീയത്തിന്റെ അനന്തരഫലമാണ്.

സ്വാഭാവികമായും ഒരു പ്രദേശത്ത് അധിവസിക്കുന്ന രണ്ട് പ്രബല വിഭാഗങ്ങൾ മുൻകഴിഞ്ഞ നായകന്മാരെ അവകാശപ്പെടാനുള്ള സാധ്യത കൂടുതലാണ്. കാരണം അതിലൂടെ അവരുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കാനും അവരുടെ വംശപരമ്പര തെളിയിക്കാനും അവർക്ക് കഴിയും.

ബിജെപി രാഷ്ട്രീയത്തിനകത്തെ വടംവലി

ഗുർജറുകളും രജപുത്രരും തമ്മിൽ പരസ്പരം മത്സരം തുടർന്നാൽ  തെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് പ്രതികൂലമാകാൻ സാധ്യതയേറെയാണ്. ആ ഭീതി അവരെ നിരന്തരം വേട്ടയാടുന്നുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തെ മാതൃകയാക്കി മുസ്ലിം ഹിന്ദു സമൂഹത്തിനിടയിൽ വിള്ളലുകൾ വീഴ്ത്തിയ സംഘപരിവാറിന് ഈ സംഘട്ടനം  കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. അത് പരിഹരിക്കാൻ അവർ ശരിക്കും വിയർക്കുന്നുണ്ട്.

ഹരിയാനയിൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം സംസ്ഥാനത്തെ രജപുത്രർ ജനസംഖ്യയുടെ 5% ഉം ഗുർജറുകൾ 3.3% ഉം ആണ്. ഹരിയാനയിൽ മൊത്തം 90 നിയമസഭാ സീറ്റുകളാണുള്ളത്. അതിൽ 15 എണ്ണത്തിലും രജപുത്രർക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം 2024ലാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലും സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും തിരഞ്ഞെടുപ്പ് സ്വാധീനമുള്ള സമൂഹമാണ് ഗുർജറുകൾ. അതുകൊണ്ട് തന്നെ ഇലക്കും മുള്ളിനും കേട് വരാത്ത രൂപത്തിലായിരിക്കും ബിജെപി അജണ്ടകൾ നടപ്പിലാക്കുക.

2021 സെപ്റ്റംബറിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഗൗതം ബുദ്ധ് നഗറിൽ ഭോജ് പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. മഹാ വ്യക്തികൾ ജാതികൾക്കും പ്രദേശങ്ങൾക്കും അതീതരാണെന്ന് വാദിച്ച് രജപുത്രരെയും ഗുർജറുകളെയും സമാധാനിപ്പിക്കാനായിരുന്നു അദ്ദേഹം അന്ന് ശ്രമിച്ചത്. ജാതി വ്യവസ്ഥ അവർക്കില്ലെങ്കിലും അദ്ദേഹം ഹിന്ദുത്വ നേതാവാണെന്നാണ് യോഗി അവകാശപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരു മുസ്ലീം ആക്രമണകാരിക്കും ഇന്ത്യയിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വളരെ അഭിമാനത്തോടെയാണ് അദ്ദേഹം പ്രസ്താവിച്ചത്. ഹിന്ദുത്വം മുസ്ലിം വിഭാഗത്തിനോട് പുലർത്തുന്ന തീവ്രമായ ശത്രുത അദ്ദേഹത്തിന്റെ ഭാഷണത്തിലുടനീളം നിദർശിക്കാവുന്നതാണ്. ഭോജ് രാജവംശത്തിന്റെ അവസാന കാലത്താണ് ഗസ്‌നാവിഡ് സാമ്രാജ്യത്തിന്റെ സുൽത്താനായ മഹ്മൂദ് ഗസ്‌നി ഉത്തരേന്ത്യ ആക്രമിച്ചതെന്ന് അദ്ദേഹം ഒരു പൊതുയോഗത്തിൽ വെച്ച് പറഞ്ഞിരുന്നു.

ഹരിയാനയിലെ രജപുത്ര ഭാരവാഹികളുടെ തുടർച്ചയായ പ്രതിഷേധം കാരണം പ്രതിസന്ധിയിലായ ബിജെപിയുടെ സംസ്ഥാന ഘടകം മേധാവി ഓം പ്രകാശ് ധങ്കറും സമാനമായ ആശയമാണ് അവതരിപ്പിച്ചത്. “രക്തസാക്ഷിയായ ഭഗത് സിംഗ്, സുഭാഷ് ചന്ദ്ര ബോസ്, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ ജാതി ഏതെന്ന് ഞങ്ങൾ ചോദിക്കുന്നില്ല” എന്നാണ് ജൂലൈ 21ന് ധങ്കർ ദി പ്രിന്റിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്. അവർ രാജ്യത്തിന്റെ സ്വത്താണെന്ന് അവകാശപ്പെട്ട അദ്ദേഹം മിഹിർ ഭോജും അവരെ പോലെയാണെന്നായിരുന്നു പ്രഖ്യാപിച്ചത്. ഈ ദേശീയ നായകന്മാരെ വിവാദ വിഷയങ്ങളാക്കി മാറ്റരുത് എന്ന അപേക്ഷയാണ് അദ്ദേഹം മുന്നിൽ വെച്ചത്.

ചുരുക്കത്തിൽ ലോകം എത്ര വികസിച്ചിട്ടും ലോകർ അവരുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ വളച്ചൊടിക്കുന്ന പ്രവണത തുടർന്ന് കൊണ്ടിരിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കായി അനർഹമായത് കൈവശപ്പെടുത്താനുള്ള അതിമോഹം അരങ്ങു വാഴുന്ന കാലത്താണ് നമുക്ക് ഇന്ത്യയെ വായിക്കേണ്ടി വരുന്നത്. ഈ ഘട്ടത്തിൽ താനെല്ലാത്തവരെ ചേർത്ത് പിടിച്ച് അപരന്റെ അവകാശങ്ങൾ വകവെച്ച് നൽകി ജനാധിപത്യത്തിന്റെ സൗന്ദര്യം നിലനിറുത്തേണ്ടതുണ്ട്. രാജ്യത്തിന്റെ മഹിതമായ ആശയം ഉയർത്തി കാട്ടിയ ഭരണഘടന വായിച്ചു തുടങ്ങണം നമ്മൾ ഇന്ത്യൻ ജനത.

 

വിവ : നിയാസ് അലി

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles