Current Date

Search
Close this search box.
Search
Close this search box.

മദ്ഹബുകളെ മനസ്സിലാക്കേണ്ടത് എങ്ങിനെയാണ് ? ( 4 – 7 )

രണ്ട് തരം നസ്ഖുകളാണുള്ളത്: സ്പഷ്ടമായത് (സ്വരീഹ്) അല്ലെങ്കിൽ അവ്യക്തമായത് (ദിംനി). മുൻപ് വന്ന വിധി മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന പ്രമാണങ്ങൾ ഉൾപ്പെടുന്നതിനാൽ സ്വരീഹിനെ എളുപ്പത്തിൽ തിരിച്ചറിയാനാകും. ഉദാഹരണത്തിന്, ഖുർആനിലെ 2:142 സൂക്തം മുസ്ലിംകളോട് ബൈതുൽ മുഖദ്ദസ്സിലേക്കല്ല കഅ്ബയിലേക്കാണ് തിരിയേണ്ടതെന്ന് കൽപ്പിക്കുന്നു. ഹദീസുകളിൽ ഇത് കൂടുതലായി കാണാം. ഉദാഹരണത്തിന്, ഇമാം മുസ് ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്: ‘ഞാൻ നിങ്ങളെ ഖബ്റുകൾ സന്ദർശിക്കുന്നത് വിലക്കിയിരുന്നു; എന്നാൽ നിങ്ങൾ ഇപ്പോൾ അവ സന്ദർശിക്കണം.’ ഇസ്ലാമിന്റെ ആദ്യകാലങ്ങളിൽ വിഗ്രഹാരാധനാ രീതികൾ ജനങ്ങളുടെ ഓർമ്മകളിൽ നിന്ന് മായാത്തതിനാൽ, ചില പുതുവിശ്വാസികൾ ശിർക്ക് ചെയ്തേക്കുമെന്ന ഭയം നിമിത്തമാണ് ഖബർ സന്ദർശനം നിരോധിച്ചിരുന്നതെന്ന് ഹദീസ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ മുസ്ലിംകളിൽ ഏകദൈവ വിശ്വാസം ശക്തിപ്പെട്ടപ്പോൾ ഈ നിരോധനം ഒഴിവാക്കപ്പെടുകയായിരുന്നു. ഇന്ന്, മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആഖിറത്തിനെ ഓർക്കാനും ഖബറുകൾ സന്ദർശിക്കുന്നത് മുസ്ലിംകൾക്കിടയിൽ സ്വീകാര്യമായ സമ്പ്രദായമാണ്.

ദിംനിയ്യായ നസ്ഖ് കൂടുതൽ സൂക്ഷ്മമാണ്. മാത്രമല്ല, പലപ്പോഴും ആദ്യകാല പണ്ഡിതർക്ക് വലിയൊരളവോളം സമയം ഇതിന് വേണ്ടി മാറ്റിവെക്കേണ്ടി വരികയും ചെയ്തു. നേരത്തെയുള്ളവയെ റദ്ദാക്കുകയോ കാര്യമായി പരിഷ്‌ക്കരിക്കുകയോ ചെയ്യുന്ന പ്രമാണങ്ങളാണ് ഇതിലുൾപ്പെടുന്നത്. എന്നാൽ ഇത്തരമൊരു മാറ്റം സംഭവിച്ചതായി അതിൽ പരാമർശങ്ങളുമുണ്ടാകില്ല. നിരവധി ഉദാഹരണങ്ങൾ ഇതിനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സൂറത്തുൽ ബഖറയിലെ രണ്ട് ആയത്തുകളിൽ (സൂറത്തുൽ ബഖറ: 240, 234) വിധവകളുടെ ഇദ്ദാ കാലഘട്ടത്തെപ്പറ്റിയുള്ള വ്യത്യസ്തമായ പരാമർശങ്ങൾ. തനിക്ക് അസുഖം ബാധിച്ചതിനാൽ ഇമാമായി ഇരുന്നു നമസ്‌കരിക്കുമ്പോൾ പുറകിൽ ഇരിക്കണമെന്ന് ഒരിക്കൽ നബി (സ്വ) സ്വഹാബികളോട് ആജ്ഞാപിച്ച സംഭവം ഇമാം മുസ് ലിം ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. എന്നാൽ ഇമാം മുസ് ലിം തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ പ്രവാചകൻ (സ്വ) ഇരിക്കുമ്പോൾ സ്വഹാബികൾ പിന്നിൽ നിന്ന് നമസ്‌കരിക്കുന്ന ഒരു സംഭവം പരാമർശിക്കുന്നതായും കാണാം. ഈ പ്രത്യക്ഷമായ വൈരുദ്ധ്യത്തെ കൃത്യമായ, കാലഗണനാപരമായ വിശകലനത്തിലൂടെ പരിഹരിക്കുന്നത് ആദ്യം പറഞ്ഞ സംഭവത്തിന് ശേഷമാണ് പിന്നീടുള്ള സംഭവം നടന്നതെന്നതിനാൽ അവസാനത്തേതിന് മുൻഗണന നൽകുന്നതിലൂടെയാണ്. മഹാന്മാരായ ഉലമാക്കളുടെ ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നസ്ഖിനെ തിരിച്ചറിയൽ സാധ്യമാക്കുന്ന രീതികൾ തആറുളുൽ അദില്ലയുള്ള സന്ദർഭങ്ങളിൽ ഭൂരിഭാഗവും പരിഹരിക്കാൻ ഉലമാക്കളെ പ്രാപ്തരാക്കി. ഹദീസ് വിഷയങ്ങൾക്ക് പുറമേ ചരിത്രം, സീറ, പ്രസ്തുത ഹദീസിന്റെ ഉത്ഭവവും വ്യാഖ്യാനവും സംബന്ധിച്ചുള്ള സ്വഹാബികളുടെയും മറ്റ് പണ്ഡിതന്മാരുടെയും വീക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അഗാധമായ ജ്ഞാനവും ഇതിനാവശ്യമാണ്. ചില സന്ദർഭങ്ങളിൽ, ഒരൊറ്റ ഹദീസുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ തേടി ഹദീസ് പണ്ഡിതന്മാർ ഇസ് ലാമിക ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്.

എത്ര ശ്രമിച്ചാലും അസാധുവാക്കാനാകാത്ത സന്ദർഭങ്ങളിൽ, കൂടുതൽ പരീക്ഷണങ്ങൾ പ്രയോഗിക്കേണ്ടതിന്റെ ആവശ്യകത മുൻകാല ഉലമാക്കൾ തിരിച്ചറിയുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടത് ഹദീസിന്റെ സനദിനേക്കാൾ മത് നിന്റെ (കൈമാറ്റം ചെയ്യപ്പെട്ട വാചകം) വിശകലനമാണ്. വ്യക്തമായ (സ്വരീഹ്) പ്രസ്താവനകൾക്ക് ഉപമകളുള്ളതിനേക്കാൾ (കിനായ) മുൻതൂക്കം നൽകും. കൂടാതെ അവ്യക്തമായ വിഭാഗങ്ങളിൽ പെടുന്ന പരാമർശങ്ങളായ വ്യാഖ്യാനിക്കപ്പെട്ടവ (മുഫസ്സർ), അവ്യക്തമായവ (ഖഫിയ്യ്), പ്രശ്‌നകരമായവ (മുശ്കിൽ) എന്നിവയേക്കാൾ കൃത്യമായ (മുഹ്കം) പരാമർശങ്ങൾക്ക് മുൻഗണന ലഭിക്കും. കൂടുതൽ നേരിട്ട് ഇടപെടുന്ന വ്യക്തിയിൽ നിന്നുള്ള റിപ്പോർട്ടിന് മുൻതൂക്കം നൽകുന്നതുപോലെ പരസ്പരവിരുദ്ധമായ ഹദീസുകളുടെ നിവേദകരുടെ സ്ഥാനവും ചില സന്ദർഭങ്ങളിൽ പരിഗണിക്കേണ്ടതായി വന്നേക്കാം. ഇഹ്റാം ചെയ്യാത്ത അവസ്ഥയിലാണ് പ്രവാചകൻ (സ്വ) മൈമൂന ബീവിയെ വിവാഹം കഴിച്ചതെന്ന് മൈമൂന ബീവി തന്നെ ഉദ്ധരിക്കുന്ന ഹദീസ് ഇതിന് പ്രസക്തമായ ഉദാഹരണമാണ്. സമാനമായ സനദിലൂടെ ഇബ്നു അബ്ബാസ് (റ) റിപ്പോർട്ട് ചെയ്ത, പ്രവാചകൻ ആ സമയം ഇഹ്‌റാമിലായിരുന്നു എന്ന നേർവിപരീതമായ റിപ്പോർട്ടിനെക്കാൾ മൈമൂനാ ബീവിയുടെ ഹദീസിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. അവരുടെ റിപ്പോർട്ട് ഒരു ദൃക്‌സാക്ഷിയുടേതായതിനാലാണത്.

അനുവദനീയതയെക്കാൾ നിരോധനത്തിനാണ് മുൻതൂക്കം നൽകുന്നത് എന്നതുപോലുള്ള വേറെയും നിരവധി നിയമങ്ങളുണ്ട്. അതുപോലെ, പ്രസക്തമായ എല്ലാ ഫത് വകളും താരതമ്യപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്തതിന് ശേഷം, ഒരു സഹാബിയുടെ ഫത് വ ഉപയോഗിച്ച് വൈരുദ്ധ്യമുള്ള ഹദീസുകൾ പരിഹരിക്കാവുന്നതാണ്. അവസാനമായി, ഖിയാസ് അവലംബിച്ചേക്കാം. സൂര്യഗ്രഹണ നിസ്‌കാരത്തിന്റെ (സ്വലാത്തുൽ കുസൂഫ്) റുകൂഉകളെയും സുജൂദുകളെയും കുറിച്ചുള്ള വ്യത്യസ്തമായ റിപ്പോർട്ടുകൾ ഇതിന് ഉദാഹരണമാണ്. റിപ്പോർട്ടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും മുകളിൽ വിവരിച്ച ഒരു സംവിധാനത്തിലൂടെയും വൈരുദ്ധ്യം പരിഹരിക്കാൻ കഴിയാതെ വരികയും ചെയ്ത ഉലമാക്കൾ, ഈ പ്രാർഥനയെ ഇപ്പോഴും സ്വലാത്ത് അഥവാ നിസ്‌കാരം എന്ന് തന്നെയാണ് വിളിക്കുന്നത് എന്നതിനാൽ, ഒരു റുകൂഉം രണ്ട് സുജൂദും മാത്രമുള്ള സാധാരണ നിസ്‌കാരം ആയിരിക്കണമെന്ന് ഖിയാസിലൂടെ നിഗമനം നടത്തി. മറ്റു ഹദീസുകൾ തള്ളിക്കളയുകയും ചെയ്തു.

പ്രാമാണികമായ സ്രോതസ്സുകളിൽ നിന്നും ശരീഅത്തിനെ കൃത്യമായി വേർതിരിച്ചെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്നതിനാൽ, പ്രമാണങ്ങൾ തമ്മിലുള്ള വൈരുധ്യം പരിഹരിക്കാനുള്ള മാർഗങ്ങളുടെ സൂക്ഷ്മമായ വിശദീകരണം ഇമാം ശാഫിയുടെ ആദ്യകാല കൃതികളുടെ സ്വഭാവമാണെന്ന് നമുക്ക് കാണാം. തന്റെ കാലത്തെ ഫഖീഹുമാർക്കിടയിലെ ആശയക്കുഴപ്പവും വിയോജിപ്പും അഭിമുഖീകരിക്കേണ്ടിവന്ന അദ്ദേഹം, മനുഷ്യസാധ്യമായിടത്തോളം തെറ്റ് സംഭവിക്കാനുള്ള സാധ്യത ഒഴിവാക്കാനായി സ്ഥിരമായ ഒരു ഫിഖ്ഹീ രീതിശാസ്ത്രം സ്ഥാപിക്കാൻ ദൃഢനിശ്ചയം ചെയ്യുകയുണ്ടായി. അങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥമായ രിസാല വിരചിതമാകുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങൾ താമസിയാതെ, മറ്റ് ഫിഖ്ഹീ പാരമ്പര്യങ്ങളിലെ പണ്ഡിതരും പല രീതികളിൽ ഏറ്റെടുത്തു. ഇന്നവ ശരീഅത്തിന്റെ പ്രയോഗവൽകരണത്തിൽ കാതലായ പങ്കുവഹിക്കുന്നു.

തെളിവുകളുടെ ശേഖരത്തിൽ നിന്നും ഇസ്ലാമിക വിധികൾ രൂപപ്പെടുത്താവുന്ന തെറ്റുകൾ കുറയ്ക്കുന്നതിനായി ശാഫി ഇമാം കൊണ്ടുവന്ന സമ്പ്രദായം പിന്നീട് ഉസൂലുൽ ഫിഖ്ഹ് എന്നറിയപ്പെട്ടു. മറ്റു ഒട്ടുമിക്ക ഔപചാരികമായ ഇസ് ലാമിക വിജ്ഞാനശാഖകളെപ്പോലെ, ഇത് നിഷേധാത്മക അർത്ഥത്തിലുള്ള ഒരു നവീകരണമായിരുന്നില്ല. മറിച്ച്, ആദ്യകാല മുസ്ലിംകളുടെ കാലത്തുതന്നെ വേർതിരിച്ചറിയാമായിരുന്ന തത്വങ്ങളുടെ പ്രയോഗവൽകരണമായിരുന്നു. കാലക്രമേണ, സുന്നി ഇസ്ലാമിന്റെ ഓരോ വ്യാഖ്യാന പാരമ്പര്യങ്ങളും ഈ വേരുകളിലൂന്നി അവയുടേതായ മാറ്റങ്ങൾ ക്രോഡീകരിക്കുകയും അതുവഴി ചില സന്ദർഭങ്ങളിൽ വ്യത്യസ്ത ശാഖകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഈ ആശയഭിന്നതകൾ സൃഷ്ടിക്കുന്ന സംവാദങ്ങൾ ഏറെ ചൂടേറിയതായിരുന്നെങ്കിലും, ഉസൂലുൽ ഫിഖ്ഹിന്റെ ഉത്ഭവത്തിന് മുമ്പ് ഇസ് ലാമിന്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളിൽ ഉടലെടുത്ത വിഭാഗീയവും കർമശാസ്ത്രപരവുമായ വിയോജിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ നിസ്സാരമായിരുന്നു.( തുടരും )

വിവ- മുഹമ്മദ് അഫ്സൽ പി ടി

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles