Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് സ്ത്രീകൾ ബാങ്ക് കൊടുക്കേണ്ടതില്ല

ഓരോ കാലത്തും ബാങ്ക് വിളിക്കുന്നതിനെ സംബന്ധിച്ച പര്യാലോചന അതിന്റെ വിവിധങ്ങളായ സമകാലിക വിഷയങ്ങൾ ഉയർത്തുന്നു. ബാങ്ക് റെക്കോഡ് ചെയ്തുവെക്കുക, രാജ്യത്തിന് ഏകീകൃതമായ ഒരു ബാങ്ക് നിശ്ചയിക്കുക, പുരുഷന്മാരിൽ മാത്രം പരിമിതമാകാതെ സ്ത്രീകൾക്കും ബാങ്ക് വിളിക്കുന്നതിൽ പങ്കാളിത്തം നൽകുക, സ്വര മാധുര്യമുള്ള ഗായികമാരിൽ ഒരാളുടെ ശബ്ദത്തിൽ ഖുർആൻ പ്രക്ഷേപണം ചെയ്യുക തുടങ്ങിയവ അതിൽ പെടുന്നു. നല്ല ഗായികമാരാണെങ്കിൽ ആളുകൾ ബാങ്ക് കേൾക്കാൻ താൽപര്യപ്പെടുമെന്നാണ് അവർ വാദിക്കുന്നത്. സ്ത്രീകൾ ബാങ്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്ലാമിക കർമശാസ്ത്രത്തിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന്: സ്ത്രീകൾ സ്ത്രീകൾക്ക് ബാങ്ക് വിളിക്കുക. രണ്ട്: സ്ത്രീകൾ മുഴുവൻ വിശ്വാസികൾക്കുമായി ബാങ്ക് വിളിക്കുക.

ഒന്ന്: സ്ത്രീകൾ സ്ത്രീകൾക്ക് ബാങ്ക് കൊടുക്കുന്നത്

സ്ത്രീകളുടെ ജമാഅത്തിന് (സംഘടിത നമസ്‌കാരം) സ്ത്രീകൾ ബാങ്ക് വിളിക്കുന്നത് കർമശാസ്ത്ര പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന വിഷയമാണ്. അഹ്‌മദും ഇസ്ഹാഖും ബാങ്ക് വിളിക്കുന്നത് അനുവദനീയമായി കാണുന്നു. അത് ഇബ്‌നു ഉമറിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു.

ഇസ്ഹാഖ് പറയുന്നു: ‘അവർ (സ്ത്രീകൾ) ജമാഅത്തായി നമസ്‌കരിക്കുമ്പോഴെല്ലാം ബാങ്ക് വിളിക്കുകയും ഇഖാമത്ത് കൊടുക്കുകയും ചെയ്യട്ടെ.’ (മസാഇലുൽ കൗസജ് -372) അബൂദാവൂദ് പറയുന്നു: ‘സ്ത്രീകൾ ബാങ്ക് വിളിക്കുകയും ഇഖാമത്ത് കൊടുക്കുകയും ചെയ്യുന്നത് സംബന്ധിച്ച് അഹ്‌മദിനോട് ചോദിക്കപ്പെട്ടത് ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു: സ്ത്രീകൾ ബാങ്ക് വിളിക്കുന്നതും ഇഖാമത്ത് കൊടുക്കുന്നതും സംബന്ധിച്ച് ഇബ്‌നു ഉമർ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കുന്നത് ഞാൻ തടയുകയോ! അല്ലാഹുവിനെ സ്മരിക്കുന്നത് ഞാൻ തടയുകയോ!’ (മസാഇലു അബീദാവൂദ് -200)

ഇമാം നവവി പറയുന്നു: ‘സ്ത്രീകൾ സത്രീകൾക്ക് ബാങ്ക് വിളിക്കുന്നതിൽ മൂന്ന് അഭിപ്രായങ്ങളുണ്ട്. ഒന്ന്, ബാങ്ക് വിളിക്കാതെ ഇഖാമത്ത് കൊടുക്കുന്നത് മുസ്തഹബ്ബാണ് (പുണ്യകരമാണ്). രണ്ട്, ബാങ്കും ഇഖാമത്തും മുസ്തഹബ്ബാണ്. മൂന്ന്, ബാങ്കും ഇഖാമത്തും മുസ്തഹബ്ബല്ല.’ (അൽമജ്മൂഉൽ ശർഹുൽ മുഹദ്ദബ് -100/3)

രണ്ട്: സ്ത്രീകൾ പുരുഷന്മാർക്ക് ബാങ്ക് കൊടുക്കുന്നത്

ഭൂരിപക്ഷം കർമശാസ്ത്ര പണ്ഡിതരും ബാങ്ക് വിളിക്കുന്നതിന് പുരുഷന്മാരായിരിക്കണമെന്ന് നിബന്ധനവെക്കുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് താഴെ വിശദീകരിക്കുന്നതാണ്.

ഹനഫീ മദ്ഹബുകാരനായ ഇമാം സർഖസി അൽമബ്‌സ്വൂത്വിൽ (133/1) പറയുന്നു: ‘സ്ത്രീകൾക്ക് ബാങ്കും ഇഖാമത്തുമില്ല’ ഇവ രണ്ടും ജമാഅത്ത് നമസ്‌കാരത്തിൽ സുന്നത്താണ്. അവരുടെ ജമാഅത്ത് ഫിത്‌ന ഭയന്ന് അസാധുവാക്കപ്പെട്ടിരിക്കുന്നു (മൻസൂഖ്). അപ്രകാരം, റാഇത്വയുടെ ഹദീസിന്റെ അടിസ്ഥാനത്തിൽ, ജമാഅത്തായി അവർ നമസ്‌കരിക്കുമ്പോൾ ബാങ്കും ഇഖാമത്തുമില്ലാതെ നമസ്‌കരിച്ചുവെന്നാണ്. റാഇത്വ പറയുന്നു: ‘ആയിശ(റ)യുടെ കൂടെ ഞങ്ങൾ ജമാഅത്തായി നമസ്‌കരിക്കുമായിരുന്നു. അവർ ഞങ്ങൾക്ക് ഇമാമാവുകയും, ഞങ്ങളുടെ മധ്യത്തിൽ നിൽക്കുകയും, ബാങ്കും ഇഖാമത്തുമില്ലാതെ നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു.’ എന്നാൽ, ബാങ്കുവിളിക്കുന്നവൻ ബാങ്ക് വിളിച്ചുകൊണ്ട് സ്വന്തത്തെ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കുകയും, തന്റെ ശബ്ദം ഉയർത്തുകയും ചെയ്യുന്നു. ഫിത്ന ഭയന്ന് സ്ത്രീകൾക്ക് അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നമസ്‌കരിക്കുമ്പോൾ സ്ത്രീകൾ ബാങ്കും ഇഖാമത്തും കൊടുക്കുകയാണെങ്കിൽ നമസ്‌കാരം ശരിയാകുമെങ്കിലും സുന്നത്തിനെതിരാവുകയും ഫിത്‌നക്ക് കാരണമാവുകയും ചെയ്യുന്നു.’

ചില ഹനഫീ മദ്ഹബ് വീക്ഷണക്കാർ അത് കറാഹത്താണെന്ന് (വെറുക്കപ്പെട്ടത്) അഭിപ്രായപ്പെടുന്നു. നമസ്‌കാരം വീണ്ടും നിർവഹിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. തുഹ്ഫതുൽ ഫുഖഹാഇൽ അസ്സമർഖന്ദി (111/1) പറയുന്നു: ‘സ്ത്രീകൾ ബാങ്ക് വിളിക്കുന്നത് കറാഹത്താണെന്നതിൽ ഇജ്മാഅ് (പണ്ഡിതരുടെ യോജിപ്പ്) ഉണ്ട്. എന്നാൽ, കറാഹത്താണെന്നതോടൊപ്പം അനുവദനീയമാണ്; വീണ്ടും നിർവഹിക്കേണ്ടതുമില്ല. ഇപ്രകാരമാണ് ഹദീസിൽനിന്ന് പ്രത്യക്ഷത്തിൽ വ്യക്തമാകുന്നത്. അബൂഹനീഫയിൽ നിന്ന് അബൂയുസുഫ് റിപ്പോർട്ട് ചെയ്യുന്നത് അത് (നമസ്‌കാരം) വീണ്ടും നിർവഹിക്കണമെന്നാണ്.’

അത്തഹ്ദീബ് ഫി ഫിഖ്ഹിൽ ഇമാം അശ്ശാഫിഈയിൽ (52/2) അശ്ശീറാസി പറയുന്നു: ‘സ്ത്രീകൾ ബാങ്ക് വിളിക്കുന്നത് പരിഗണിക്കപ്പെടുന്നില്ല. കാരണം, അവർ പുരുഷന് ഇമാമാകുന്നില്ല.’ അൽമജ്മൂഅ് ശർഹുൽ മുഹദ്ദബിൽ (100/3) ഇമാം നവവി പറയുന്നു: ‘ഗ്രന്ഥകാരൻ പറഞ്ഞതുപോല, സ്ത്രീകളുടെ ബാങ്ക് പുരുഷന് ശരിയാവുകയില്ല. ഇതാണ് വീക്ഷണം; ഇതുതന്നെയാണ് ഭൂരിപക്ഷാഭിപ്രായവും. അൽഉമ്മിൽ അത് കൃത്യപ്പെടുത്തുകയും, പണ്ഡിതർക്കിടയിൽ ഏകാഭിപ്രായമുണ്ടെന്ന് ഇമാമുൽ ഹറമൈൻ ഉദ്ധരിക്കുകയും ചെയ്യുന്നു. ഹദീസ് ശരിയാണെന്നതുപോലെ അത് ശരിയാണെന്ന് അൽമുതവല്ലി പറയുന്നു.’

അൽജംഅ് വൽഫറഖിൽ / അൽഫുറൂഖിൽ (311/1) ശാഫിഈ മദ്ഹബുകരാനായ ഇമാം അൽജുവൈനി പറയുന്നു: ‘സ്ത്രീകളുടെ ബാങ്ക് പുരുഷന് പരിഗണനീയമാവുകയില്ല. കുട്ടിയുടെ ബാങ്ക് വിശാലമായി കേൾപ്പിക്കാമെങ്കിൽ പരിഗണനീയവുമാണ്.’ ബിദായത്തുൽ മുജ്തഹിദ് നിഹായത്തുൽ മുഖ്തസദിൽ ഇബ്‌നു റുശ്ദ് അഭിപ്രായ വ്യത്യാസം വ്യക്തമാക്കുന്നു: ‘സ്ത്രീകൾക്ക് ബാങ്കും ഇഖാമത്തുമില്ല എന്നതാണ് ഭൂരപക്ഷാഭിപ്രായം. ഇമാം മാലിക്ക് പറയുന്നു: അവർ ഇഖാമത്ത് കൊടുക്കുകയാണെങ്കിൽ നല്ലതാണ്. ഇമാം ശാഫിഈ പറയുന്നു: അവർ ബാങ്കും ഇഖാമത്തും കൊടുക്കുകയാണെങ്കിൽ അത് നല്ലതാണ്. ഇസ്ഹാഖ് പറയുന്നു: അവർക്ക് ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതാണ്. ആയിശ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ഇബ്‌നു മുൻദിർ റിപ്പോർട്ട് ചെയ്തതുപോലെ, അവർ (സ്ത്രീകൾ) ബാങ്ക് വിളിക്കുകയും ഇഖാമത്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസമുള്ളത് സ്ത്രീകൾക്ക് ഇമാമായി നിൽക്കാമോ ഇല്ലയോ എന്നതാണ്. സ്ത്രീകൾക്ക് പ്രത്യേകമാക്കപ്പെട്ടുവെന്നതിന് തെളിവില്ലെങ്കിൽ ഓരോ ഇബാദത്തിനും പുരുഷനായിരിക്കണമെന്നതാണ് അടിസ്ഥാനമെന്ന് പറയപ്പെടുന്നു. അല്ലെങ്കിൽ ചിലതിൽ അപ്രകാരമായിരിക്കും. ചിലതിൽ തെളിവുകൾ ആവശ്യമായി വരുന്നു.’

സ്ത്രീകൾ ബാങ്ക് വിളിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യപ്പെടുത്താനുള്ള കാര്യങ്ങൾ:

ഒന്ന്: മിക്ക കർമശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായത്തിൽ സ്ത്രീകൾ ബാങ്ക് വിളിക്കുന്നത് അനുവദനീയമാണെന്നാണ്. അത് സ്ത്രീകൾ (ഒരുമിച്ച് നമസ്‌കരിക്കുമ്പോൾ) സ്ത്രീകൾക്ക് ബാങ്കും ഇഖാമത്തും കൊടുക്കുന്നതാണ്. മറിച്ച്, സ്ത്രീകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ബാങ്ക് വിളിക്കുകയെന്നതല്ല.

രണ്ട്: സ്ത്രീകളുടെ ശബ്ദത്തിൽ ബാങ്ക് പ്രക്ഷേപണം ചെയ്യണമെന്ന് കാണുന്നവർ എന്ത് പുതിയ കാര്യമാണ് അവതരിപ്പിക്കുന്നത്! പുരുഷന്മാർ അവരുടെ ശബ്ദത്തിൽ ബാങ്ക് വിളിക്കുന്നു. നമസ്‌കാരത്തിന് സമയമായെന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ബാങ്ക്. അത് പുരുഷന്മാരിലൂടെ നടപ്പിലാകുന്നു. ഈയൊരു അഭിപ്രായം ശറഇലേക്ക് ചേർക്കുന്നവർ എന്ത് പുതുമയാണ് മുന്നോട്ടുവെക്കുന്നത്!

മൂന്ന്: പുരുഷന്മാരെ പോലെ സ്ത്രീകളുടെ ശബ്ദത്തിൽ പൊതുവായ ബാങ്ക് വേണമെന്ന് വാദിക്കുന്ന അധികമാളുകളും കർമശാസ്ത്ര പണ്ഡിതരുടെ ഇജ്തിഹാദ്-ഗവേഷണങ്ങൾ ഉദ്ധരിക്കുന്നില്ല. കർമശാസ്ത്രത്തിലേക്കോ ദീനിലേക്കോ മടങ്ങാത്ത അഭിപ്രായങ്ങളാണ് അവർ അവതരിപ്പിക്കുന്നത്. മാത്രമല്ല, ഇസ്‌ലാമിക ചിന്താഗതിയോട് എതിരിടുന്ന മതേതതര ചിന്താധാരയാണത്; ചെറുതും വലുതുമായി കാര്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വേണമെന്ന് വാദിക്കുന്ന ഫെമിനിസ്റ്റ് സംഘടകളുമാണത്.

നാല്: സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ശരീഅത്ത് വിധികൾ പിന്തുടരുന്ന ഒരാൾ ശ്രദ്ധിക്കുന്നത് സ്ത്രീകളുടെ അടിസ്ഥാനം മറഞ്ഞുകിടക്കുക എന്നതാണ്. ആവശ്യമുണ്ടെങ്കിലല്ലാതെ അവൾക്കും മറ്റുള്ളവർക്കും മുന്നിലും അത് വെളിപ്പെടുത്തുകയില്ല. പൊതു ജോലികളിലെ അവരുടെ പങ്കാളിത്തം യഥാർഥ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നത് മുൻനിർത്തിയാണ്. കൃത്യമല്ലാത്ത ലക്ഷ്യങ്ങളെ മുൻനിർത്തിയല്ല. അത് സ്ത്രീകളുടെ കഴിവും ശേഷിയും ഉപയോഗപ്പെടുത്തുന്നതിനാണ്. പ്രത്യേകിച്ച്, ചില ജോലികളിൽ സ്ത്രീകൾ പുരുഷന്മാരിൽ നിന്ന് വേറിട്ട് നൽക്കുന്നു. അത്യാവശ്യമാണെങ്കിൽ ചില ജോലികളിൽ പുരുഷന്മാർ ഇടപെടുകയും ചെയ്യുന്നതാണ്. പേരിന് വേണ്ടിയുള്ള പങ്കാളിത്തം ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശമല്ല. ബാങ്ക് കൊടുക്കുന്നതിൽ സ്ത്രീകൾക്ക് പുരുഷന്മാർ മതിയാകുന്നതാണ്; സ്ത്രീകളെ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല.

അഞ്ച്: എല്ലാവർക്കും അറിയാവുന്നതുപോലെ, സ്ത്രീകൾ ബാങ്ക് വിളിക്കുമ്പോൾ പ്രശ്നങ്ങളും (ഫിത്‌ന) ഉപദ്രവങ്ങളുമുണ്ടാകുന്നു (ഫസാദ്). സ്ത്രീകളുടെ ശബ്ദം ഔറത്താണെന്ന (അനിവാര്യമായി മറക്കേണ്ടതാണെന്ന) അഭിപ്രായമല്ല ഞാനിവിടെ പങ്കുവെക്കുന്നത്. അവരുടെ ശബ്ദം ഔറത്തല്ല, മറിച്ച് ഫിത്‌നയാണ്. ഔറത്തും ഫിത്നയും തമ്മിൽ വ്യത്യാസമുണ്ട്. സ്ത്രീയുടെ ശബ്ദം ഫിത്നയാകുന്നത് സ്ത്രീയുടെ ന്യൂനതയല്ല. അത് ചില പുരുഷന്മാരുടെ ന്യൂനതയാണ്. എന്നാൽ, ഇസ്‌ലാമിക ശരീഅത്ത് ഇത്തരത്തിൽ വിധേയപ്പെടുന്നതിന് സുരക്ഷിത കവചം ഒരുക്കുന്നു. അതിന് കാരണം സ്ത്രീയാകണമെന്നില്ല. അല്ലാഹു പറയുന്നു: ‘നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽനിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്.’ (അൽഅഹ്സാബ്: 53)

ആറ്: സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ, സ്ത്രീകളുടെ ശേഷിയും, കഴിവും സമൂഹത്തിന് പ്രയോജനപ്രദമാകുന്ന മേഖലയിലാണത്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞതുപോലെ, സ്ത്രീകളുടെ സഹോദരന്മാരാണ് പുരുഷന്മാർ. സ്ത്രീകളുടെ മുഖ്യ പങ്കാളിത്തം സമൂഹത്തിൽ അവഗണിക്കപ്പെടാറുണ്ട്. അവർക്ക് വളരാനുള്ള അവകാശം പലപ്പോഴും നൽകാറുമില്ല.

ഏഴ്: ഗായികമാരിലൊരാളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുകയെന്നതാണ് മറ്റൊരു നിർദേശം! ഇതുകൊണ്ട് അർഥമാക്കുന്നത് ബാങ്കിനെ ഗാനത്തിന്റെ താളാത്മകതയുമായി ചേർത്തുവെക്കുകയെന്നതാണ്. അത് ദീനിന് നാശമുണ്ടാക്കുന്നതാണ്. ലോക രക്ഷിതാവിന്റെ ദീനിന്റെ ആത്മാവിനെ അവഗണിക്കുകയാണത്. പുരുഷന്മാർക്ക് മുമ്പുതന്നെ സത്രീകൾ അതിനെ മോശമായി കാണുന്നതുമാണ്.

വിവ: അർശദ് കാരക്കാട്

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles