Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനം

മുഹമ്മദ് നബിയിൽ നിന്ന് അനസ് (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം; ‘അറിവുകള്‍ ഉയര്‍ത്തപ്പെടല്‍, അജ്ഞതയും വ്യഭിചാരവും മദ്യപാനവും വര്‍ധിക്കല്‍ എന്നിവ അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതാണ്.’ (ബുഖാരി). അബൂ ഹുറൈറ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ പറയുന്നു: ‘ജ്ഞാനം ഉയര്‍ത്തപ്പെടും. അജ്ഞതയും വ്യഭിചാരവും കൊലയും വ്യാപകമാകും.’ (ബുഖാരി).
‘നാഥാ, എനിക്ക് നീ വിജ്ഞാന വര്‍ധന നല്‍കേണമേ എന്നു താങ്കള്‍ പ്രാര്‍ഥിക്കുക’ എന്ന് അല്ലാഹു വസ്വിയത്ത് ചെയ്ത ജ്ഞാനത്തിന്റെ ഉയര്‍ത്തപ്പെടലാണ് മനുഷ്യകുലത്തിന്റെ വിനാശത്തിന്റെയും അന്ത്യനാളിന്റെ ആഗമനത്തിന്റെയും ആദ്യ അടയാളങ്ങളിലൊന്ന്. അറിവിന്റെ പ്രാധാന്യവും അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം വിശദീകരിക്കുന്നുണ്ട്: ‘നിശ്ചയം, അല്ലാഹുവിന്റെ അടിമകളില്‍ ജ്ഞാനികള്‍ മാത്രമേ അവനെ ഭയപ്പെടൂ.’ (ഫാത്വിര്‍: 29), ‘ഞങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ആളിക്കത്തുന്ന ഈ നരകത്തീയന്റെ ആളുകളില്‍ അകപ്പെടില്ലായിരുന്നു എന്ന് അവര്‍ പരിഭവിക്കും.’ (മുല്‍ക്: 10). വിജ്ഞാനവുമായി ബന്ധപ്പെട്ട ഒട്ടനവധി സൂക്തങ്ങള്‍ വേറെയുമുണ്ട്. ജ്ഞാനമില്ലാതെ ഒരാളില്‍ ദൈവിക ഭയം ഉണ്ടാവുകയില്ല. ഭയഭക്തിയില്ലായ്മ മനുഷ്യനെ നരകത്തിലേക്കെത്തിക്കുകയും ചെയ്യും.

പ്രവാചകന്‍ (സ്വ) പറയുന്നു: ‘അല്ലാഹു ഒരു വ്യക്തിക്ക് നന്മ ഉദ്ദേശിക്കുകയാണെങ്കില്‍ അല്ലാഹു അവനെ മതപണ്ഡിതനാക്കി മാറ്റും.’, തന്റെ കഴുത്തിലേക്ക് ചൂണ്ടിക്കൊണ്ട് അബൂദര്‍റ് (റ) പറയുന്നു: ‘നിങ്ങളുടെ ഉടവാള്‍ എന്റെ കഴുത്തില്‍ പതിയുന്ന നേരം തിരുനബിയില്‍ നിന്നും ഞാന്‍ കേട്ട ഒരു ഹദീഥ് പറയാന്‍ എനിക്ക് സാധ്യമാവുകയാണെങ്കില്‍ നിങ്ങളെന്നെ വധിക്കും മുമ്പ് തന്നെ ഞാനത് പറയും.’ അലി(റ) പറയുന്നു: ‘സമ്പന്നതയെക്കാള്‍ ഉദാത്തമായത് ജ്ഞാനമാണ്. നീ സമ്പത്തിനെ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജ്ഞാനം നിന്നെ സംരക്ഷിക്കുന്നു. ജ്ഞാനം ഭരിക്കുകയും സമ്പത്ത് ഭരിക്കപ്പെടുകയും ചെയ്യുന്നു. സമ്പത്തില്‍ കുറവ് സംഭവിക്കുമ്പോള്‍ ജ്ഞാനം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.’
പ്രവാചകന്‍ (സ്വ) പറഞ്ഞ പ്രവാചകന്മാരുടെ യഥാര്‍ഥ അവകാശികളാകാന്‍ യോഗ്യര്‍ ജ്ഞാനികളാണ്. മുഹമ്മദ് നബി (സ്വ) പറയുന്നു: ‘ആയിരം ആരാധകരെക്കാള്‍ പിശാചിനെ നേരിടാന്‍ ശക്തന്‍ ഒരു ജ്ഞാനിയാണ്.’ കാരണം, ഹറാമിനും ഹലാലിനുമിടയില്‍ കൃത്യമായ വേര്‍തിരിവുകള്‍ നടത്താനും പൈശാചികമായ തന്ത്രങ്ങളെ മനസ്സിലാക്കാനും ജ്ഞാനികള്‍ക്കാണ് സാധ്യമാവുക.

ജ്ഞാനം അപകടകരമായ കാര്യംകൂടി ആയതിനാല്‍ തന്നെ അത് തേടുമ്പോള്‍ പൂര്‍ണ ശ്രദ്ധാലുവായിരിക്കണം. അത് പലവിധ ദുരുപയോഗങ്ങള്‍ക്കും കാരണമായേക്കാം. അബ്ദാലുകളില്‍ പെട്ട വ്യക്തിയാണെന്ന് പറയപ്പെടുന്ന ഹമ്മാദ് ബ്‌നു സലമ പറയുന്നു: ‘.’ അറിവൊരു അതിഘോരനായ സിംഹമായതിനാല്‍ തന്നെ മനുഷ്യനെയത് കബളിപ്പിച്ചേക്കാം. ഹദീഥ് ജ്ഞാനത്തിന്റെ അടിസ്ഥാന ഉറവിടങ്ങളിലൊന്നാണ്. ദൈവിക ഭയവും ആത്മാര്‍ഥമായ ഉദ്ദേശ്യവുമുണ്ടെങ്കില്‍ മാത്രമേ ആ സിംഹത്തെ അതിജയിക്കാനാകൂ. ഇനി അതിജയിച്ചാല്‍തന്നെ നേടിയെടുത്ത ജ്ഞാനത്തെക്കുറിച്ച് ജാഗ്രതയുള്ളവനായിരിക്കണം. അല്ലാത്ത പക്ഷം, അതൊരു വിനയായിത്തീരുകയും ചെയ്യും. മാത്രവുമല്ല, ആ ജ്ഞാനം ജ്ഞാനിയെ അക്രമിച്ച് കൊല്ലുകയും ചെയ്യും. കൂടുതല്‍ ശ്രദ്ധ ആവശ്യമായൊരു സൃഷ്ടിപ്പുകൂടിയാണത്.

ഇമാം ബുഖാരി നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ‘അല്ലാഹു ഒരിക്കലും തന്റെ അടിമകളില്‍നിന്നും ജ്ഞാനത്തെ എടുത്തുകളയുകയില്ല. പകരം, ലോകത്തൊരു ജ്ഞാനിയും അവശേഷിക്കാത്ത വിധം എല്ലാ പണ്ഡിതന്മാരെയും തന്റെ സന്നിധിയിലേക്ക് തിരികെ വിളിക്കും. അങ്ങനെ, യാതൊരു ജ്ഞാനവുമില്ലാതെത്തന്നെ ചോദിക്കുന്നതിനെല്ലാം ഫത് വ നല്‍കുന്ന അജ്ഞരെ ജനങ്ങള്‍ തങ്ങളുടെ നേതാവായി വാഴിക്കും. അവര്‍ സ്വയം വഴികേടിലാവുകയും മറ്റുള്ളവരെ വഴികേടിലാക്കുകയും ചെയ്യും.’ അതിനര്‍ഥം, അവര്‍ക്ക് തഫ്‌സീറിന്റെയോ ഹദീഥിന്റെയോ വ്യാഖ്യാനശാസ്ത്രങ്ങളുടെയോ ഗ്രന്ഥശാലകളുണ്ടാവുകയില്ലെന്നല്ല. മറിച്ച്, യഥാവിധം അവരതിനെ ഉപയോഗപ്പെടുത്തുകയില്ല. അപ്രകാരം തന്നെയാണ് ഖുര്‍ആന്‍ അര്‍ഥമറിയാതെ മനഃപാഠമാക്കിയവരും. ഹൃദയത്തിലല്ല, ഗ്രന്ഥങ്ങളിലും നാവുകളിലും മാത്രമാണ് അവരുടെ ജ്ഞാനം.

ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ‘വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്താന്‍ വേണ്ടിയാണ് മനുഷ്യകുലം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.’ അബ്ദുല്ലാഹ് ബ്‌നു അത്വാഅ് (റ) പറയുന്നു: ‘ജ്ഞാനമതിന്റെ പ്രവൃത്തിയെ ആശ്രയിച്ചാണിരിക്കുന്നത്.’ ഇമാം ശാഫിഈ പറഞ്ഞതു പോലെ; ‘നാം മനഃപാഠമാക്കുന്നതല്ല ജ്ഞാനം. മറിച്ച്, പ്രയോജനപ്പെടുന്നതെന്തോ അതാണ് ജ്ഞാനം.’ മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഫലമുള്ളതെന്തോ അതാണ് ജ്ഞാനം. പ്രത്യേകമായ പിന്തുടര്‍ച്ചാക്രമം ജ്ഞാനത്തിന് അനിവാര്യമാണ്. ജ്ഞാനത്തിന്റെ യഥാര്‍ഥ ഉടമസ്ഥരാരാണെന്ന് മഹാനായ കഅബ് (റ) നോട് ഒരിക്കല്‍ ഉമര്‍ ബ്‌നു ഖത്താബ് (റ) ചോദിക്കുന്നുണ്ട്. തനിക്ക് ലഭിച്ച ജ്ഞാനത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നവനാണ് അതിന്റെ യഥാര്‍ഥ ഉടമസ്ഥനെന്നായിരുന്നു കഅബ് (റ) ന്റെ മറുപടി.

അല്ലാഹുവിന്റെ സംതൃപ്തി കരസ്ഥമാക്കുക, ദൈവിക സ്‌നേഹം തെല്ലും ചോരാതെ ജീവിക്കുക, അല്ലാഹുവിനെ യഥാവിധി ആരാധിക്കുക, ദൈവിക കല്‍പനകള്‍ പിന്തുടരുകയും നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയവയായിരിക്കണം ജ്ഞാനിയായ മുസ്‌ലിമിന്റെ ആത്യന്തിക ലക്ഷ്യം. നേതൃമഹിമയിലും അന്യായ പലിശയിലും അഭിരമിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ജ്ഞാനം ഫലവത്താക്കിത്തീര്‍ക്കാന്‍ പ്രയാസമായിരിക്കും. പലിശ പോലുള്ള ഹറാമായ കാര്യങ്ങളുമായുള്ള നിരന്തര ബന്ധം ജ്ഞാനത്തിനനുയോജ്യമായ നിര്‍വഹണത്തെ അത് സാരമായി ബാധിക്കും.

വൈയക്തികമായ ഇടത്തെക്കാള്‍ വിശാലമാണ് ജ്ഞാനത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ഇസ്‌ലാമിനെ ഒരു സ്വാകര്യ മതമാക്കി മാറ്റുന്നത് ഉചിതമല്ല. ക്രിസ്തുമത്തില്‍ നിന്നും രാഷ്ട്രീയ ഐക്യത്തെ പൂര്‍ണമായും തുടച്ചുമാറ്റി സ്വകാര്യമായ ചിന്താബോധം സൃഷ്ടിച്ചെടുത്ത് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പോലെ രാഷ്ട്രീയവും സാമൂഹികവുമായ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്നും ഇസ്‌ലാമിനെ വേര്‍തിരിക്കാനുമാകില്ല. വാസ്തവത്തില്‍, ഒരാളുടെ സ്വകാര്യ ആത്മീയാവസ്ഥ സുസ്ഥിരമാണെങ്കില്‍ സാമൂഹിക രംഗത്തേക്കതിനെ കൊണ്ടുപോകേണ്ടതില്ലെന്നതു പോലെയുള്ള ആധുനിക പരിഷ്‌കാരവാദങ്ങള്‍ ഇസ്‌ലാമിലേക്ക് തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഒരുതരം ആത്മസംതൃപ്തിയിലേക്കും ക്രമാനുസൃതമായ ക്ഷയത്തിലേക്കും ഇസ്‌ലാമിനെയത് പതിയെ കൊണ്ടെത്തിക്കും. മാത്രവുമല്ല, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ സര്‍വ തലങ്ങളിലും ഇസ്‌ലാമിനത് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യും. ചെറിയ വിള്ളലായി തുടങ്ങി പരിഹരിക്കാനാകത്ത ആഴമേറിയ മുറിവായി അത് മാറിയേക്കും.

അല്ലാഹു പറയുന്നത് നോക്കുക: ‘നിശ്ചയം അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉദാത്ത മാതൃകയുണ്ട്.’ (അഹ്‌സാബ്: 21). മാതൃക/ഉദാഹരണം എന്നതിന് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച ‘ഉസ്‌വ’ എന്ന പദത്തിന് സാന്ത്വനം എന്ന വ്യംഗ്യാര്‍ഥം കൂടിയുണ്ട്. ‘അസാ’ എന്ന സാന്ത്വനത്തിന്റെ ഉത്ഭവപദത്തിന് ശാസ്ത്രക്രിയാപരമായ ആശ്വാസം എന്ന ആന്തരികാര്‍ഥം കൂടിയുണ്ട്. ശരീരത്തിന് ഹാനികരമായവയെ വെട്ടിയകറ്റലാണതിന്റെ താല്‍പര്യം. ഇവിടെ ശരീരമെന്നതിന്റെ താല്‍പര്യം മുസ്‌ലിം ഉമ്മത്താണ്. പലപ്പോഴും നേരായ മാര്‍ഗത്തിലേക്ക് വഴിനടത്താന്‍ നേതാക്കളെന്ന് പറയപ്പെടുന്നവര്‍ പരാജയപ്പെടുന്നിടത്താണ് ഇത്തരം ദാരുണമായ ദുരന്തങ്ങള്‍ മുസ്‌ലിം ഉമ്മത്തിന് അനുഭവിക്കേണ്ടി വരുന്നത്.
അനിവാര്യമായ ചികിത്സ തേടുന്ന ശരീരമാണ് മുസ്‌ലിം ഉമ്മത്തെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷെ, അവശേഷിക്കുന്ന ചോദ്യമിതാണ്; എവിടെ നിന്നാണതിന് പരിഹാരം കാണാനാവുക? ഉത്തരം തിരുനബിയുടെ ജീവിതത്തില്‍ നിന്നെന്ന് മാത്രമാണ്. അവിടുത്തെ അനേകം അനുചരര്‍ മദീനയില്‍വെച്ച് നേരിട്ട് കാണുകയും അനുവര്‍ത്തിക്കുകയും ചെയ്ത മാതൃകയാണത്.

അബ്ദുല്ലാഹ് ബ്‌നു ഉമര്‍ (റ) പറയുന്നു: ‘നാട്ടിലെന്തെങ്കിലും പ്രശ്‌നം സംഭവിക്കുമ്പോള്‍ ആദ്യം അതില്‍ മദീനക്കാര്‍ സ്വീകരിക്കുന്ന നിലപാടെന്തെന്ന് നോക്കും. അവരെന്താണോ അതില്‍ ചെയ്യുന്നത് അതായിരിക്കും അതിലെ ശരിയായ പക്ഷം.’ ഇതുകൊണ്ട് കൂടിയാണ് ഹദീഥ് ഒരു സിംഹമാണെന്ന് പറയുന്നത്. കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായ അബ്ദുല്ലാഹ് ബ്‌നു വഹബ് പറയുന്നു: ‘ജ്ഞാനികളെക്കാള്‍ ഒരുപക്ഷെ ഹദീഥ് ഒരു മനുഷ്യനെ വഴിപിഴപ്പിച്ചേക്കാം. മാലിക്കും ലൈസുമില്ലായിരുന്നുവെങ്കില്‍ എനിക്കും പിഴക്കുമായിരുന്നു.’ അദ്ദേഹം ചോദിക്കപ്പെട്ടു: ‘അതെങ്ങനെ സംഭവിക്കും?’ വഹബ് പറഞ്ഞു: ‘എനിക്ക് ധാരാളം ഹദീഥുകളറിയാമായിരുന്നു. പക്ഷെ, അവയില്‍ പലതിലും എനിക്ക് സംശയങ്ങളുണ്ടായി. അങ്ങനെ ഞാന്‍ മാലിക്, ലൈസ് എന്നിവരെ ചെന്നുകണ്ടു. അവര്‍ സ്വീകരിക്കാന്‍ പറയുന്നത് സ്വീകരിക്കുകയും അല്ലാത്തവ ഉപേക്ഷിക്കുകയും ചെയ്തു.’

ഇബ്‌നു മഹ്ദി എന്നവര്‍ പറയുന്നു: ‘ചില പ്രത്യേക വിഷയങ്ങളില്‍ എന്റെ കയ്യില്‍ ധാരാളം ഹദീഥുകള്‍ ഉണ്ടാകുമെങ്കിലും മദീനയിലെ അഹ്‌ലുസ്സുഫക്കാരുടെ അടുത്തുള്ളതെന്താണെന്ന് ഞാന്‍ അന്വേഷിക്കും. അതില്‍ ചിലത് എന്റെ വീക്ഷണത്തില്‍ ബലഹീനമായവയുമായിരിക്കും.’ ഇബ്‌നു മുഅദ്ദില്‍ പറയുന്നു: ‘നിങ്ങളെന്താണ് ചില ഹദീഥുകള്‍ അന്വേഷിക്കുകയും പിന്നീടവ ഉപേക്ഷിക്കുകയും ചെയ്യുന്നതെന്ന് ഇബ്‌നു മാജിഷൂനോട് ഒരാള്‍ ചോദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.’ അതിനദ്ദേഹം ഇങ്ങനെയാണ് മറുപടി നല്‍കിയത്: ‘ചിലതിനെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടാകുമ്പോഴാണ് ഞാനത് ഉപേക്ഷിക്കുന്നത്.’

മാലിക് ബ്‌നു അനസ് (റ) ലൈസ് ബ്‌നു സഅദ് (റ) ന് എഴുതിയ കത്തില്‍ ഇങ്ങനെ കാണാം: ‘നബി (സ്വ) യുടെ വഫാത്തിന് ശേഷം അവിടുന്ന് നേരിട്ട് അധികാരം നല്‍കിയ വ്യക്തികളെയാണ് ജനങ്ങള്‍ പിന്തുടര്‍ന്നത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുന്ന മുറക്ക് അവര്‍ തങ്ങളുടെ അറിവിനനുസരിച്ച് പ്രവര്‍ത്തിക്കും. അതല്ലെങ്കില്‍ അവ്വിഷയകമായി കൂടുതല്‍ അറിയുന്നവരോട് ചോദിക്കും. അതുമല്ലെങ്കില്‍ പ്രസ്തുത വിഷത്തില്‍ പ്രവാചകനുമായുണ്ടായിരുന്ന സാമീപ്യം കൊണ്ട് സ്വയം ഇജ്തിഹാദ് ചെയ്ത് പ്രവര്‍ത്തിക്കും. എന്നാല്‍ താന്‍ പ്രവര്‍ത്തിച്ചത് ശരിയല്ലെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും പറഞ്ഞാല്‍ തന്റെ തീരുമാനം ഉപേക്ഷിച്ച് ശരിയായത് സ്വീകരിക്കും.

ശേഷം വന്ന താബിളുകളും ഇതേ മാര്‍ഗം തന്നെയായിരുന്നു സ്വീകരിച്ചത്. മദീനയിലുള്ളവര്‍ പറഞ്ഞാല്‍ അതിനോടാരും എതിര് പറയാറില്ല. കാരണം, ജ്ഞാനത്തില്‍ നബിയുടെ അനന്തരാവകാശികളാകാനും അതിന്റെ സംരക്ഷകരാകാനും ഏറ്റവും ബന്ധപ്പെട്ടവര്‍ അവര്‍ മാത്രമാണെന്ന് എല്ലാവര്‍ക്കുമറിയാം. മറ്റു നാട്ടിലുള്ളവര്‍ തങ്ങളുടെ നാട്ടിലുള്ളത് മറ്റു രീതിയിലാണെന്ന് പറഞ്ഞാലും മദീനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ സ്വകാര്യത ലഭിക്കുക.’

ഹസനുല്‍ ബസ്വരി പറയുന്നു: ‘ഇസ്‌ലാമില്‍ രണ്ട് രീതിയിലുള്ള ആളുകളുണ്ട്: നേരില്‍ കണ്ടാല്‍ മാത്രമേ സ്വര്‍ഗം യഥാര്‍ഥ പ്രതിഫലമാണെന്ന് അംഗീകരിക്കൂ എന്ന് പറയുന്ന മോശം വിധിക്കാര്‍. രണ്ട്, ഐഹിക ജീവിതത്തിന്റെ ആഢംബരങ്ങളിലും സുഖങ്ങളിലും അതിരറ്റ് അഭിരമിക്കുന്ന മനുഷ്യര്‍. ഈ രണ്ട് കൂട്ടരെയും ഉപേക്ഷിക്കുക. കാരണം, അവര്‍ നരകത്തിലേക്കുള്ളവരാണ്.’

ദീനിന്റെ കാര്യത്തില്‍ പരസ്പരം തര്‍ക്കിക്കുന്നത് മഹാനായ മാലിക് ഇമാം നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ‘അറിവിന്റെ കാര്യത്തിലുള്ള അനാവശ്യ തര്‍ക്കങ്ങള്‍ ഹൃദയത്തിലെ വിശ്വാസ പ്രകാശത്തെ കെടുത്തിക്കളയും. വാഗ്വാദങ്ങള്‍ പരസ്പര പകയും സൃഷ്ടിക്കും.’ സുന്നത്തില്‍ ആഴമേറിയ ജ്ഞാനമുള്ളൊരു വ്യക്തിക്ക് അനാവശ്യ തര്‍ക്കങ്ങളിലേര്‍പ്പെടാനാകുമോ എന്നൊരിക്കല്‍ ഇമാം മാലിക് ചോദിക്കപ്പെടുന്നുണ്ട്. ‘ഒരിക്കലുമില്ല, കേള്‍ക്കുന്നവര്‍ക്ക് സ്വീകാര്യമാണെങ്കില്‍ മാത്രം അവന്‍ തിരുസുന്നത്തിനെക്കുറിച്ച് അവര്‍ക്ക് പറഞ്ഞുകൊടുക്കും. അല്ലെങ്കില്‍ അതേക്കുറിച്ച് മൗനിയാവുകയും ചെയ്യും.’ കര്‍മശാസ്ത്രത്തിലെ കാര്യമാത്ര സംവാദങ്ങള്‍ ശരിയല്ലെന്നല്ല ഇതനര്‍ഥം. മറിച്ച്, മറ്റൊരുത്തനെ പരാജയപ്പെടുത്താന്‍ ഉദ്ദേശിച്ച് മാത്രമുള്ള തര്‍ക്കങ്ങളാണ് പ്രശ്‌നം.

ജ്ഞാനവുമായി ബന്ധപ്പെട്ട് മൂന്ന് വിഭാഗം ആളുകളാണുള്ളത്:
1. ശരിയായ ജ്ഞാനം അന്വേഷിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍.
2. തന്റെ ആസക്തിയെ സംതൃപ്തമാക്കാന്‍ മാത്രം അറിവന്വേഷിക്കുന്നവര്‍.
3. തന്റെ അഭിപ്രായങ്ങളെ ജനങ്ങള്‍ പിന്തുണക്കാന്‍ വേണ്ടി മാത്രം ജ്ഞാനമന്വേഷിക്കുന്നവര്‍.

പ്ലാറ്റോയും മനുഷ്യരാശിയെ ഈ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് എണ്ണുന്നതെന്നത് ആകസ്മികമാകാം.
ഹാത്വിം അസ്വം എന്ന സൂഫീവര്യനും അദ്ദേഹത്തിന്റെ ഗുരുവായ ശഖീഖുല്‍ ബല്‍ഖിയും തമ്മില്‍ നടന്ന വൈജ്ഞാനികമായൊരു അഭിമുഖമുണ്ട്. ‘എന്റെ കൂടെയുള്ള നിന്റെ സഹവാസം തുടങ്ങിയിട്ടെത്ര കാലമായി?’ ശഖീഖുല്‍ ബല്‍ഖി ഹാത്വിം അസ്വമിനോട് ചോദിച്ചു.
‘മുപ്പത്തിമൂന്ന് വര്‍ഷക്കാലം’ ഹാത്വിം മറുപടി പറഞ്ഞു.
‘ഇത്രയും വര്‍ഷക്കാലം നീയെന്നില്‍നിന്നും എന്തു പഠിച്ചു?’
‘എട്ട് കാര്യങ്ങള്‍’
‘എന്റെ ജീവിതത്തിന്റെ ഇത്രയും ഭാഗം നിന്നെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ ചെലവഴിച്ചു. എന്നിട്ടിത്രയും കാലം കഴിഞ്ഞിട്ടും വെറും എട്ട് കാര്യങ്ങള്‍ മാത്രമാണോ നീ പഠിച്ചത്?’
‘ഞാന്‍ മറ്റൊന്നും പഠിച്ചിട്ടില്ല. എനിക്കതില്‍ കളവ് പറയാനുമാകില്ല’
‘എങ്കില്‍ പറയൂ, ഏതെല്ലാമാണ് ആ എട്ടു കാര്യങ്ങള്‍?’
ഹാത്വിം പറഞ്ഞു തുടങ്ങി: ഞാന്‍ ജനങ്ങളെ നിരീക്ഷിക്കുകയായിരുന്നു. ഓരോരുത്തര്‍ക്കും ഓരോരുത്തര്‍ സ്‌നേഹിതന്മാരായുണ്ട്. അവരില്‍ ചിലര്‍ മരണം വരെ കൂടെക്കൂടുന്നു. ചിലര്‍ ഖബറിനരികില്‍ ചെന്ന് പിരിയുന്നു. ആരും അവരുടെ കൂടെ ഖബറില്‍ പ്രവേശിക്കുന്നില്ല. ഏറ്റവും നല്ല സ്‌നേഹിതന്‍ നമ്മുടെ കൂടെ ഖബറില്‍ പ്രവേശിക്കുകയും നമുക്ക് സമാശ്വാസം പകരുകയും ചെയ്യുന്നവനല്ലേ എന്ന് അപ്പോഴാണ് ഞാന്‍ ചിന്തിക്കുന്നത്. എന്റെ ഖബറിലെനിക്ക് കൂട്ടുകാരനാകാന്‍ ഏറ്റവും യോഗ്യത സല്‍കര്‍മങ്ങള്‍ക്കാണെന്ന ബോധ്യം എന്നെ അവയുടെ സ്‌നേഹിതനാക്കി മാറ്റി.

സ്വേച്ഛകള്‍ക്ക് പിന്നാലെ ഓടുന്ന മനുഷ്യരെക്കുറിച്ചാണ് പിന്നീട് ഞാന്‍ ആലോചിച്ചത്. ‘തന്റെ നാഥന്റെ പദവി ഭയപ്പെടുകയും മനസ്സിനെ സ്വേച്ഛകളില്‍ നിന്ന് ഉപരോധിച്ച് നിര്‍ത്തുകയും ചെയ്തതാരോ, അവന്റെ അഭയകേന്ദ്രം സ്വര്‍ഗമാണ്.’ (നാസിആത്ത്: 40, 41) എന്ന ദൈവിക വചനം പെട്ടെന്നെനിക്ക് ഓര്‍മ വന്നു. ഖുര്‍ആന്‍ വാസ്തവം മാത്രമാണല്ലോ പറയുക. അതുകൊണ്ടുതന്നെ ഞാനെന്റെ സ്വേച്ഛകളെ നേരിടുകയും അല്ലാഹുവിന്റെ സംപ്രീതിക്കായി പ്രവര്‍ത്തിക്കുകയു ചെയ്തു.

ലൗകിക ചെരക്കുകള്‍ നേടിയെടുക്കാനും ആര്‍ക്കും നല്‍കാതെ പിടിച്ചുവെക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നവരെയാണ് മൂന്നാമതായി ഞാന്‍ ശ്രദ്ധിച്ചത്. ‘നിങ്ങളുടെ പക്കലുള്ളതെന്തും അവസാനിച്ചു പോകും; അല്ലാഹുവിങ്കലുള്ളത് ശേഷിക്കുന്നതാണ്.’ (നഹ്‌ല്: 96) എന്ന ദൈവിക വചനം അതില്‍നിന്നും എന്നെ പിന്തിരിപ്പിച്ചു. എന്റെ കയ്യിലുള്ളതെല്ലാം ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പാവങ്ങള്‍ക്കായി ചെലവഴിച്ചു. അല്ലാഹുവിന്റെ അടുക്കല്‍ നാളെ അതെനിക്കൊരു മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയില്‍.

ചുറ്റും തന്നെ അംഗീകരിക്കുന്ന ഒരുപാട് ആളുകളും കുടുംബക്കാരും ഉണ്ടാകലാണ് അഭിമാനമെന്ന് ചിലര്‍ പറയുന്നു. സമ്പത്തിന്റെയും സന്താനത്തിന്റെയും ആധിക്യത്തിലാണ് അഭിമാനമെന്ന് മറ്റുചിലര്‍. അന്യന്റെ മുതല്‍ അപഹരിക്കുന്നതിലും അക്രമിച്ച് രക്തം ചിന്തുന്നതിലുമാണ് അഭിമാനമെന്നാണ് വേറെ ചലര്‍ ധരിച്ചുവെച്ചിരിക്കുന്നത്. സമ്പത്ത് അമിതമായി ദുര്‍വ്യയം നടത്തുന്നതിലാണ് ചിലര്‍ക്ക് അഭിമാനം. ‘അല്ലാഹുവിങ്കള്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ.’ (ഹുജറാത്ത്: 13) എന്ന ദൈവിക വചനം എന്നെ ഉത്ബുദ്ധനാക്കി. മേല്‍പറഞ്ഞ മാര്‍ഗങ്ങളെല്ലാം വിട്ട് ഞാന്‍ സൂക്ഷ്മതയെ എന്റെ വഴിയായി സ്വീകരിച്ചു. ഖുര്‍ആന്‍ പറയുന്നത് സത്യമാവാതെ തരമില്ലല്ലോ.
പരസ്പരം ആക്ഷേപിക്കുകയും പരദൂഷണം പറയുകയും ചെയ്യുന്ന ചിലരെ ഞാന്‍ കണ്ടു. അന്വേഷിച്ചു നോക്കുമ്പോള്‍ അന്യന്റെ സമ്പത്തിലും പദവിയിലും ജ്ഞാനത്തിലുമുള്ള അസൂയയാണ് കാരണം. ‘ഐഹിക ലോകത്ത് അവര്‍ക്കിടയിലെ ജീവിത മാര്‍ഗങ്ങള്‍ നാം ഓഹരി ചെയ്തു നല്‍കിയിട്ടുണ്ട്’ (സുഖ്‌റുഫ്: 32) എന്ന ദൈവിക വചനമാണ് അപ്പോഴെന്റെ ഓര്‍മയില്‍ തെളിഞ്ഞത്. നമുക്ക് കിട്ടേണ്ട ഓഹരി അല്ലാഹു നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ടാകുമല്ലോ. അക്കാരണത്താല്‍ തന്നെ അല്ലാഹു നല്‍കിയ വിഹിതത്തില്‍ ഞാന്‍ സംതൃപ്തനായി.
പ്രത്യേക കാരണങ്ങളും ലക്ഷ്യങ്ങളും വെച്ച് പരസ്പരം ശത്രുത വെക്കുന്നവരെയും ജനങ്ങള്‍ക്കിടയില്‍ കാണാനായി. ‘നിശ്ചയം, പിശാച് നിങ്ങളുടെ ശത്രുവാണ്, അതിനാല്‍ ശത്രുവായി തന്നെ അവനെ കാണുക.’ (ഫാത്വിര്‍: 6) എന്ന ദൈവിക വചനമുള്ളപ്പോള്‍ പിശാചിനെയല്ലാതെ മറ്റാരെയെങ്കിലും നമുക്ക് ശത്രുവായി സ്വീകരിക്കാനാകുമോ?

ഐഹിക ജീവിതത്തിനാവശ്യമായ ജീവിതോപാദികള്‍ തേടി ഹറാമിലും ഹറാമിന് സാധ്യതയുള്ള ഇടങ്ങളിലും ചെന്നുപെടുകയും അതിനായി സ്വശരീരത്തെപ്പോലും ബലി കഴിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന ചിലരെയും ഞാന്‍ കണ്ടു. ‘അന്നദാനബാധ്യത അല്ലാഹു ഏറ്റിട്ടില്ലാത്ത ഒരു ജീവിയും ഭൂമിയിലില്ല.’ (ഹൂദ്: 6) എന്ന സൂക്തമാണ് എന്റെ ഓര്‍മയിലേക്ക് ഓടിവന്നത്. എന്റെ ഭക്ഷണമെല്ലാം അല്ലാഹു ഏറ്റെടുത്തിട്ടുണ്ടെന്നതിനാല്‍ തന്നെ ഞാന്‍ ആരാധനയുമായി വ്യാപൃതനാവുകയും മറ്റെല്ലാ കാര്യങ്ങളും വെടിയുകയും ചെയ്തു.

അല്ലാഹുവിന്റെ സൃഷ്ടിയിലേക്ക് അഭയം പ്രാപിക്കുന്നവരെയാണ് പിന്നീട് ഞാന്‍ ശ്രദ്ധിച്ചത്; അതില്‍ ചിലര്‍ ദീനാറുകളെയും ദിര്‍ഹമുകളെയും അവലംബിക്കുന്നു. ചിലര്‍ അധികാരത്തെയും തൊഴിലുകളെയും മാത്രം മറ്റുചിലര്‍ തന്റെ തനിക്ക് സമാനരായവരെയും ആശ്രയിക്കുന്നു. ‘അവന്റെമേല്‍ ആരെങ്കിലും കാര്യങ്ങള്‍ ഭരമേല്‍പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് അവന്‍ തന്നെ മതി. തന്റെ കാര്യം അല്ലാഹു നേടുക തന്നെ ചെയ്യും; ഓരോ വിഷയത്തിനും അവനൊരു നിര്‍ണയമേര്‍പ്പെടുത്തിയിട്ടുണ്ട്.’ (ഥലാഖ്: 3) എന്ന സൂക്തം എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. ഞാന്‍ അവനെ മാത്രം ഭരമേല്‍പിച്ചു.

ഇതുകേട്ട് അത്ഭുതത്തോടെ ശഖീഖുല്‍ ബല്‍ഖി പറഞ്ഞു: ‘ഹാത്വിം, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. തൗറാത്, ഇഞ്ചീല്‍, സബൂര്‍, വിശുദ്ധ ഖുര്‍ആന്‍ എന്നിവയെല്ലാം ഞാന്‍ പഠിച്ചു. ഈ എട്ട് കാര്യങ്ങള്‍ നാല് ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. അതിനാല്‍ അതനുസരിച്ച് ആര് പ്രവര്‍ത്തിച്ചാലും ആ നാല് ഗ്രന്ഥങ്ങള്‍കൊണ്ടും അവന്‍ പ്രവര്‍ത്തിച്ചതു പോലെയാണ്.’

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles