Current Date

Search
Close this search box.
Search
Close this search box.

അതായിരുന്നു ഇസ്‌ലാമിന്റെ സുവർണ്ണ കാലം

ടെക്നോളജിയാണ് ലോകത്ത് ഏതൊരു സമുദായത്തിനും മേൽകൊയ്മ നേടിത്തരുന്ന ഘടകം. ലോകത്തെ നിയന്ത്രിക്കുന്നത് പോലും ഇന്ന് ടെക്നോളജിയെ വളർത്തുന്നവരാണ്. ഇസ്ലാമിൻ്റ സുവർണ്ണകാലത്തെ മുസ്ലിം പണ്ഡിതന്മാർ മുസ്ലിം ശാസ്ത്രജ്ഞന്മാരായി വിവിധങ്ങളായ കണ്ടുപിടുത്തങ്ങൾ അക്കാലത്ത് നടത്തിയത് കൊണ്ട് മാത്രമാണ് പാശ്ചാത്യ ലോകം പോലും അവരെ അംഗീകരിക്കാൻ മുന്നോട്ട് വന്നത്. അല്ലായിരുന്നുവെങ്കിൽ ഇബ്നു സീനയും ഇബ്നു റുഷ്ദും അബ്ബാസ് ബിൻ ഫർനാസും സഹ്റാവിയുമെല്ലാം ‘മുസ്ലിം പണ്ഡിതൻ’ എന്ന കേവല വൃത്തത്തിനുള്ളിൽ ഒതുങ്ങി ചർച്ച ചെയ്യപ്പെടുമായിരുന്നു.

ഇന്ന് മതപ്രഭാഷണങ്ങൾ നവോത്ഥാനത്തിൻ്റെ തീക്ഷണമായ പ്രതീകങ്ങളായി മുസ്ലിം സമുദായം പോലും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇസ്ലാമിൻ്റെ സുവർണ കാലത്തെ മുസ്ലിം പണ്ഡിതന്മാരെ മതപ്രബോധകരായി മാത്രം ചരിത്രം എവിടെയും പ്രതിപാദിച്ചിട്ടില്ല. അതിനർത്ഥം മതപ്രബോധനം പ്രധാന വിഷയമായിരുന്നില്ല എന്നല്ല. മറിച്ച് സമൂഹത്തോടുള്ള അവരുടെ ഉത്തരവാദിത്വങ്ങൾ കേവല ‘ഫത് വ’ യിൽ മാത്രം ഒതുങ്ങി നിൽകുന്നതായിരുന്നില്ല. അക്കാലത്ത് രാജ്യം നേരിട്ട പ്രതിസന്ധികളിൽ, ‘ദൈവത്തിൻ്റെ പരീക്ഷണമായി കണ്ട് ക്ഷമ കൈകൊള്ളണമെന്ന് ‘ ജനങ്ങളെ ഉപദേശിച്ചവരല്ല മുസ്ലിം പണ്ഡിതന്മാർ, ബദൽ സംവിധാനങ്ങളൊരുക്കി പ്രായോഗിക രൂപങ്ങൾ കൂടി അവർ തയ്യാറാക്കി നൽകി.

ഒരു കാലത്ത് മതത്തെയും ശാസ്ത്രത്തെയും രണ്ടായി കാണാതിരുന്ന ഇസ്ലാമിക സമൂഹം, യൂറോപ്പിൻ്റെ ഉയർച്ചയോടെ മതത്തെ മുറുകെപ്പിടിച്ച് ശാസ്ത്രത്തെ പൂർണ്ണമായും അവഗണിച്ചു. എന്നാൽ ഒരു ഭാഗത്ത് ഏറെക്കുറെ മതം ഒഴിവാക്കിയ പാശ്ചാത്യ സമൂഹം, കണ്ടുപിടുത്തങ്ങളാണ് ലോകത്തെ നിയന്ത്രിച്ചതെന്ന കാഴ്ച്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ മുസ്ലിങ്ങൾ വിട്ടേച്ച് പോയ ശാസ്ത്ര കണ്ടെത്തലുകളുടെ അപ്പോസ്തലന്മാരായി ചരിത്രത്തിൽ പേരെടുത്തു.

മതം പ്രചരിപ്പിക്കാൻ നടന്നവർ തന്നെ തങ്ങളുടെ രാജ്യവും നാടും നേരിടുന്ന സാമൂഹിക വിഷയങ്ങളിൽ ശാസ്ത്രീയ ദിശാബോധം നൽകാൻ മുന്നോട്ട് വന്നിരുന്നുവെന്നതാണ് മുസ്ലിം സ്പെയിനും, ബാഗ്ദാദും പുതിയ കാല ‘മുസ്ലിം പണ്ഡിതന്മാർ ‘ എന്ന് വിളിക്കുന്ന മത സംഘടനാ നേതാകൾക്കും പ്രബോധകർക്കും നൽകുന്ന വലിയ പാഠങ്ങൾ. നാട് നേരിടുന്ന പൊതു വിഷയങ്ങളിൽ ശാസ്ത്രീയ അടിത്തറയിലൂന്നിയ ബദൽ സംവിധാനങ്ങൾ മുന്നോട്ട് വെക്കാത്ത കേവല വിമർശനാത്മക അഭിപ്രായപ്രകടനങ്ങൾ ഇസ്ലാമിൻ്റെ സുവർണ്ണ കാല ചരിത്ര വായനകളിൽ എവിടെയും കാണാൻ സാധിക്കില്ല.

സെപയിനിലെ അലികാൻ്റെ നഗരത്തിൽ വർഷാവർഷമുണ്ടാവുന്ന പ്രളയത്തെ അതിജയിക്കാൻ പ്രസ്തുത നഗരം ഇന്ന് മുന്നോട്ട് വെച്ച രീതിശാസ്ത്രം ങ്ങൾക്ക് മുമ്പ് മുസ്ലിംങ്ങൾ സ്പെയിൻ ഭരിക്കുമ്പോൾ ആസൂത്രിതമായി സംവിധാനിച്ചതായിരുന്നെന്ന് ഈയടുത്ത് സ്പെയിനിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മാലിന്യ സംസ്കരണം മുതൽ നഗരാസൂത്രണം വരെ ഏറ്റെടുത്ത് വ്യവസ്ഥാപിതമായി സംവിധാനിച്ച മുസ്ലിം പണ്ഡിതരെ പരിചയപ്പെടാൻ മതപ്രബോധകരും മതസ്ഥാപനങ്ങളും മുന്നോട്ട് വരണം.

‘പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണം’ എന്ന കാഴ്ച്ചപ്പാടിൽ മുന്നോട്ട് പോകുന്ന ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മുസ്ലിം സംഘടനകൾക്കും അവരുടെ സ്ഥാപനങ്ങൾക്കും, ഇസ്ലാമിക പ്രമാണങ്ങളെ അടിസ്ഥാനമാക്കി രാജ്യം നേരിടുന്ന വിഷയങ്ങളിൽ ശാസ്ത്രീയ വിലയിരുത്തലുകൾ നടത്താൻ കഴിയുന്നില്ലെന്ന സത്യത്തെ അംഗീകരിച്ചേ മതിയാവൂ. ഇസ്ലാമിൻ്റെ സുവർണ്ണകാലത്തെ പഠിപ്പിപ്പിക്കപ്പെടുന്ന പ്രസ്തുത കലാലയങ്ങൾ, ‘ചരിത്ര പഠനശാഖ’യെ (History) ‘ കേവല വായനാസ്വാദനത്തിൽ ഒതുക്കി, വിലയിരുത്തി തന്നെയാണ് മുന്നോട്ട് പോവുന്നത്. ഇസ്ലാമിലെ സുവർണ കാല ശാസ്ത്ര കണ്ടെത്തലുകളെ വിലയിരുത്തി, നിലവിൽ രാജ്യം നേരിടുന്ന സാമൂഹിക-സാമ്പത്തിക മേഖലകളിലെ പ്രതിസന്ധികൾക്ക് ബദൽ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് കൂടി ചോദിച്ചറിയുന്ന പുതിയ പഠനാന്തരീക്ഷം കാമ്പസുകളിൽ ഉയർന്നു വരേണ്ടതുണ്ട്.

ഇസ്ലാമിക പ്രമാണങ്ങളുടെ കാലിക വായന എന്ന് പറഞ്ഞാൽ അവയെ താത്വികമായ സമീപച്ച്, ഫ്തവ പുറപ്പെടുവിക്കലുകൾ മാത്രമല്ലെന്നും ലാബും ലബോറട്ടറിയും ഫത് വാ രൂപീകരണങ്ങളെ എത്രമാത്രം ചരിത്രത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും മുസ്ലിം നേതൃത്വം ഉൾകൊള്ളേണ്ടത് കാലത്തിൻ്റെ തേട്ടമാണ്. ഇസ്ലാമിക ശരീഅത്തിൻ്റെ ഏറ്റവും സുന്ദരമായ മുഖമാണ് അതിലടങ്ങിയ ‘المرونة’ (flexibility) എന്ന സ്വഭാവ ഗുണം. പ്രസ്തുത ഗുണത്തെ മുൻനിർത്തിയാവണം പുതുതലമുറകൾക് മുമ്പിൽ ഇസ്ലാമിക സ്ഥാപനങ്ങൾ തങ്ങളുടെ കരിക്കുലവും പാഠ്യ പദ്ധതികൾ പോലും തയ്യാറാക്കേണ്ടത്. അറബി ഭാഷക്ക് പുറമെ ലാറ്റിനും ഗ്രീക്കും, ഹിബ്രുവും പഠിച്ച് ലോകത്ത് കണ്ടെത്തലുകളിൽ വിപ്ലവം നടത്തിയവരുടെ തലമുറ ചൈനീസും, ഫ്രഞ്ചും, സ്പാനിഷും, ജർമ്മനും അറിയുന്ന മുസ്ലിം ശാസ്ത്രജ്ഞന്മാരായി മാറിയാൽ മാത്രമേ, എന്നും കൊട്ടിഘോഷിക്കപ്പെടുന്ന ‘നമ്മുടെ സുവർണ്ണ കാലത്തെ’ തിരിച്ചെടുക്കാൻ കഴിയുകയുള്ളൂ. ‘ഇസ്ലാമും ശാസ്ത്രവും’ എന്ന വാക്യഘടന തന്നെ പുനരാലോചനക്ക് വിധേയമാക്കേണ്ടതാണ്. പരിശുദ്ധ ഖുർആനിനെ പഠിക്കുന്ന വ്യക്തിക്ക് ശാസ്ത്ര വിഷയങ്ങളെ ഇസ്ലാമിക വിഷയങ്ങളിൽ (Islamic Studies) നിന്ന് അടർത്തി മാറ്റി ചർച്ച ചെയ്യുക അസാധ്യമാണ്.

Related Articles