Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക കല; അറബ് – ഇസ്‌ലാം നാഗരികതയുടെ വഴിയില്‍

ലോകത്തിലെ എല്ലാവിധ നാഗരികതകളുമായി സംവദിച്ച, ഒരു പുരാതന നാഗരികതയെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഇസ്‌ലാമിക കല. വിവിധ മേഖലകളില്‍ കാലാതീതമായ വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനു സാധിച്ചിട്ടുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ രൂപപ്പെട്ട പുരാതന സാംസ്‌കാരിക ചരിത്രവും ദൃഢമായ സ്വത്വവും ഉള്‍ക്കൊള്ളുന്ന ഒരു കലാമേഖല കൂടിയാണിത്. ‘യുനെസ്‌കോ’ ഇതിനെ ആദരിക്കുന്നതിനായി എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും ഒരു അന്താരാഷ്ട്ര ദിനം തന്നെ നിശ്ചയിച്ചിട്ടുണ്ട്. ഓരോ നാടുകളിലെയും നാഗരികതകളുമായി സംവദിക്കുകയും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്യുക വഴി ഇസ്‌ലാമിക നാഗരികതയെന്ന പുതിയ ഒരു നാഗരികത രൂപപ്പെട്ടുവന്നു. ഇതാണ് ഇസ്‌ലാമിക കലയെ ഒരു പുരാതന സ്വത്വമാക്കി കൂടി നിലനിര്‍ത്തുന്നത്.

എന്താണ് ഇസ്‌ലാമിക കല?
1400 വര്‍ഷങ്ങള്‍ക്കിടയിലായി വിവിധങ്ങളായ ദേശങ്ങളെയും ജനപഥളെയും സംസ്‌കാരങ്ങളെയും ബന്ധപ്പെട്ടുകിടക്കുന്നു എന്നതിനാല്‍ തന്നെ ഇസ്‌ലാമിക കലയെ കൃത്യമായി നിര്‍വചിക്കുക പ്രയാസമാണ്. പ്രത്യേകമായി ഒരു മതമോ കാലമോ സ്ഥലമോ മാധ്യമമോ ആയി പ്രത്യേകമായൊരു ബന്ധമില്ലാത്ത കലയാണിത്. എന്നിരുന്നാലും, കലാസാംസ്‌കാരിക രംഗത്തെ വിദഗ്ധര്‍ ‘എ.ഡി 622ലെ റസൂലി(സ)ന്റെ ഹിജ്‌റക്ക് ശേഷം പത്തൊന്‍പതാം നൂറ്റാണ്ട് വരെ, സ്‌പെയിന്‍ മുതല്‍ ഇന്ത്യവരെ വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളില്‍ സംഭവിച്ച കലാപരമായ എല്ലാ നിര്‍മിതികളെയും ‘ഇസ്‌ലാമിക കല’ യെന്ന് നിര്‍വചിച്ചതായി കാണാം. ഇസ്ലാമിക വിശ്വാസശാസ്ത്രത്തില്‍ നിന്നും ആരാധനാതത്വങ്ങളില്‍ നിന്നും അതിന്റെ പ്രതിച്ഛായകളില്‍ നിന്നും ഉരുത്തിരിഞ്ഞ ബൗദ്ധിക തത്വങ്ങളുടെ ഒരു കൂട്ടംകൂടിയാണിത്.

വിശ്വാസത്തിന്റെ പ്രതിഫലനങ്ങളും അതുമായി ബന്ധപ്പെട്ട വിധികളും ആശയങ്ങളും മുസ്ലിം കലാകാരന്റെ പെരുമാറ്റത്തിലും നിര്‍മിതികളിലും പ്രകടമാകുന്നു. ഇതര കലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്‌ലാമിക കലക്ക് അതിന്റേതായ സവിശേഷത നല്‍കുന്നതാണ് ഈ ഘടകം. പ്രദേശങ്ങള്‍ക്കും കാലങ്ങള്‍ക്കുമനുസരിച്ച് ഇസ്ലാമിക കലയില്‍ സംഭവിച്ച വലിയ വൈവിധ്യങ്ങള്‍ ‘ഇസ്ലാമിക കല’ യെന്നതില്‍ നിന്ന് ‘ഇസ്ലാമിക കലകള്‍’ എന്നായി പുനര്‍നാമകരണം ചെയ്യപ്പെടാന്‍ കാരണമായി.

ഇസ്‌ലാമിക കലയുടെ ചരിത്രം
ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ട് മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട് വരെ ഇസ്‌ലാമിക കലയുടെ ചരിത്രം നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. വിശേഷിച്ച് അമവീ ഭരണകാലഘട്ടത്തില്‍ പുതിയ സങ്കല്‍പങ്ങളുടെ കടന്നുവരവോടെയാണിത് വിപുലമാകുന്നത്. ഇസ്‌ലാമിക കലയുടെ സുപ്രധാന നിര്‍മിതികളിലൊന്നായി കണക്കാക്കപ്പെടുന്ന ഖുദ്‌സ് പട്ടണത്തിലെ ഖുബ്ബത്തു സ്വഖ്‌റ മസ്ജിദിന്റെ നിര്‍മിതിയില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. പിന്നീട് അബ്ബാസി കാലഘട്ടത്തില്‍ നടന്ന തലസ്ഥാന നഗരങ്ങളുടെ നിര്‍മാണത്തിലാണ് ഇസ്‌ലാമിക കലയുടെ വശ്യസൗന്ദര്യം പ്രത്യക്ഷപ്പെടുന്നത്. വിശിഷ്യാ, വൃത്താകൃതിയിലുള്ള നഗരനിര്‍മാണം, അതിന്റെ മധ്യത്തിലായുള്ള പള്ളി നിര്‍മാണം, കൊത്തുപണികള്‍ക്കും മറ്റും പിന്നീട് ഉപയോഗിക്കപ്പെട്ട ഫര്‍ണിച്ചറുകളുടെ നിര്‍മാണം എന്നിവയിലാണിത് പ്രധാനമായി പ്രകടമാവുന്നത്.

ഒന്‍പതാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലത്തിനിടക്ക് മൊറോക്കോയും സ്പെയിനും തങ്ങളുടെ വാസ്തുവിദ്യയെ ഗോതിക്, റോമന്‍ മാതൃകയിലെ അര്‍ധവൃത്താകൃതിയിലുള്ള കമാനാകൃതികളുപയോഗിച്ച് വിപുലപ്പെടുത്തി. കൊര്‍ദോവ പട്ടണത്തിലെ വലിയ പള്ളി, ബാബ് അല്‍റദൂം മസ്ജിദ്, അസ്സഹ്‌റാ പട്ടണം, അല്‍ഹംറ കൊട്ടാരം തുടങ്ങിയവയിലെല്ലാം ഇതു പ്രകടമായി കാണാം. കൂടാതെ ഹോളോ ബ്രിക്‌സ് പ്രതിമകള്‍, അറകള്‍, ആഭരണങ്ങള്‍ എന്നിവയുടൈ നിര്‍മാണത്തിന് അവര്‍ ആനക്കൊമ്പുകള്‍ ഉപയോഗിച്ചു. കുത്ബിയ്യ മസ്ജിദിലെ മിമ്പര്‍ ഇതിനൊരുദാഹരണമാണ്. തത്വശാസ്ത്രം, മറ്റു വിവിധങ്ങളായ വിജ്ഞാനശാസ്ത്രങ്ങള്‍ എന്നിവ പഠിപ്പിക്കപ്പെടുന്ന സര്‍വകലാശാലകളടക്കമുള്ള വിശാലമായ സാംസ്‌കാരിക ഇടങ്ങള്‍ ഇക്കാലത്ത് ഓരോ നാടുകളിലും നിര്‍മിക്കപ്പെട്ടു.

മൊറോക്കോയിലെ പള്ളികളുടെ നിര്‍മാണത്തിലും ഇസ്‌ലാമിക വാസ്തുവിദ്യയുടെ സാന്നിധ്യം കാണാം. എന്നാല്‍, പടിഞ്ഞാറില്‍ നടന്ന യുദ്ധങ്ങളും അടിച്ചമര്‍ത്തലുകളും കാരണമായി വലിയൊരളവില്‍ തന്നെ ഇസ്‌ലാമിക മ്യൂസിയങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഫാത്വിമിയ്യ ഭരണകൂടത്തിന്റെ കീഴിലായിരുന്ന കാലത്ത് വാസ്തുവിദ്യക്ക് വലിയ പ്രാധാന്യം കല്‍പ്പിച്ച രണ്ടു രാഷ്ട്രങ്ങളായിരുന്നു സിറിയയും ഈജിപ്തും. എന്നാല്‍, ഇസ്‌ലാമിക കലയില്‍ ഇറാനും ഏഷ്യാമൈനറുമായിരുന്നു ഏറ്റവും നാഗരികമായ ഔന്നത്യം പ്രാപിച്ചത്. ഓരോ രാജ്യങ്ങളും തങ്ങളുടേതായ കലകള്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും നടത്തിയ ശ്രമങ്ങള്‍ ഈ മേഖലയെ ഏറ്റവും മികവുറ്റതാക്കി.

ഇക്കാലത്തു തന്നെയാണ് ഗസ്‌നി, നൈസാബൂര്‍ പോലുള്ള വലിയ നഗരങ്ങളും ഇസ്ഫഹാന്‍ പട്ടണത്തിലെ വലിയ പള്ളികളും പണി കഴിക്കപ്പെടുന്നത്. കൂടാതെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വാസ്തുവിദ്യയിലും കാര്യമായ വികാസങ്ങള്‍ ഉണ്ടായി. ചൈനയില്‍ വ്യാപകമായ സ്വര്‍ണത്താഴികക്കുടങ്ങളിലും ആഭരണനിര്‍മാണങ്ങളിലും പ്രകടമായത് ഇസ്‌ലാമിക കലയുടെ സ്വാധീനമായിരുന്നു. ഇറാനിയന്‍ ശൈലിയായിരുന്നു ഇസ്‌ലാമിക കലയെ സ്വാധീനിച്ച മറ്റൊരു പ്രധാനരീതി. മരത്തടികളുപയോഗിച്ചായിരുന്നു അവരുടെ പ്രധാന കലാരീതികള്‍. തബ്രീസിലെ ബ്ലൂ മോസ്‌ക്, താഴികക്കുടങ്ങള്‍, ചീനപ്പിഞ്ഞാണങ്ങള്‍ എന്നിവയെല്ലാം കലാമേഖലയിലെ ഇറാനിയന്‍ കയ്യൊപ്പാണ്. ഇന്ന് ലോകത്തെ മഹാത്ഭുതങ്ങളിലൊന്നും സുപ്രധാന സ്മാരകങ്ങളിലൊന്നുമായ താജ്മഹല്‍, മുഗള്‍ കാലഘട്ടത്തിലെ ഇസ്‌ലാമിക കലാരൂപങ്ങളില്‍ പ്രധാനമാണ്. ആനക്കൊമ്പില്‍ തീര്‍ക്കപ്പെടുന്ന ശില്‍പങ്ങളും നവരത്‌നങ്ങളും ആഭരണവ്യവസായവും ഇക്കാലത്ത് പരിലസിച്ചുനിന്നു.

ഇസ്‌ലാമിക കലയുടെ ഇനങ്ങള്‍
മരം കൊണ്ടുള്ള അലങ്കാരപ്പണികള്‍, പരവതാനികള്‍, വസ്ത്രം, സ്ഫടികം, സെറാമിക് തുടങ്ങിയവ കൊണ്ട് നിര്‍മിക്കപ്പെട്ട മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൗന്ദര്യാത്മക നിര്‍മാണങ്ങളടങ്ങിയ പ്രായോഗിക കലകളാണ് ഇസ്‌ലാമിക കലകളുടെ കൂട്ടത്തില്‍ പ്രഥമയിനം. സെറാമിക് അലങ്കാരമാണ് മറ്റൊരു പ്രധാനയിനം. ഇസ്‌ലാമിക സെറാമിക് കലാസൃഷ്ടികള്‍ ഇസ്‌ലാമിക കലയുടെ കൂട്ടത്തിലെ മാസ്റ്റര്‍പീസാണ്. ഈജിപ്തിലും സിറിയയിലുമായി നിലനിന്നിരുന്ന സ്ഫടികനിര്‍മാണകലയാണ് മറ്റൊന്ന്. മരങ്ങള്‍ കൊണ്ട് അലങ്കരിക്കുന്ന രീതി പല മുസ്‌ലിം രാജ്യങ്ങളിലും ഇക്കാലത്ത് നിലനിന്ന ഒന്നായിരുന്നു. നെയ്ത്തുമായി ബന്ധപ്പെട്ട് പരവതാനികള്‍, വസ്ത്രങ്ങള്‍ എന്നിവ നിര്‍മിക്കുന്ന രീതിയും വ്യാപകമായി. മുസ്ഹഫുകളുടെ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ട് തുടങ്ങിയ ബൈന്‍ഡിംഗ് വര്‍ക്കുകള്‍ പിന്നീട് പുസ്തകങ്ങളിലേക്കു കൂടി വ്യാപിക്കുകയും വിശേഷപ്പെട്ട ഒരു കലാരൂപമായി മാറുകയും ചെയ്തു. റസൂലിന്റെ കാലഘട്ടത്തിലാണ് ഇസ്‌ലാമിക വാസ്തുവിദ്യ ആരംഭിച്ചത്. നബി(സ)യുടെ പള്ളി, വീട്, ചന്ത, പെരുന്നാള്‍ നിസ്‌കാരഹാള്‍ എന്നിവയില്‍ തുടങ്ങി സൈനിക കോട്ടകളിലേക്കുവരെ ഇതു വ്യാപിച്ചു.

അറബിക് കലിഗ്രാഫിയുടെയും സാഹിത്യത്തിന്റെയും രൂപങ്ങളായിരുന്നു ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഇസ്‌ലാമിക കല. ഇസ്ലാമിന്റെ ആഗമനത്തോടെ ഖുര്‍ആനുമായി ബന്ധപ്പെട്ടും മറ്റും അറബിയെഴുത്ത് വ്യാപകമായി പഠിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അതുമുതലാണ് അറബി കലിഗ്രാഫിയും ഒരു വിശേഷമായ ഇസ്‌ലാമിക കലാരൂപമായി അടയാളപ്പെടുത്തപ്പെട്ടു തുടങ്ങിയത്. കവിതകളും പ്രസംഗങ്ങളുമടങ്ങിയ സമ്പന്നമായ സാഹിത്യമേഖലയും ഇസ്‌ലാമിക കലകളുടെ കൂട്ടത്തിലെ തിളക്കമാര്‍ന്ന അധ്യായങ്ങളാണ്.

ഇസ്‌ലാമിക കലയുടെ ഐക്യം
വിവിധങ്ങളായ സംസ്‌കാരങ്ങളും ജീവിതരീതികളുമായുള്ള ബാന്ധവമാണ് ഇസ്‌ലാമിക നാഗരികതയുടെ(കലകളുടെ) ഏറ്റവും മനോഹരമായ ഒരു സവിശേഷത. എല്ലാതരം വംശീയതയെയും അസഹിഷ്ണുതയെയും വെല്ലുവിളിക്കുന്നുണ്ടത്. ഇസ്‌ലാമിനു മുമ്പുള്ളതും ശേഷം വന്നതുമായ സകല കലാരീതികളെയും സ്വാംശീകരിക്കുകയും ചെയ്യുന്നുണ്ടത്. റാഫിദിയ്യ, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍, ബൈസന്റൈന്‍, ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ തുടങ്ങിയ പുരാതന രാഷ്ട്രങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളെയാധാരമാക്കിയാണ് ഇതിന്റെ ആരംഭം. അറബ്, പേര്‍ഷ്യന്‍, ടര്‍ക്കിഷ് അല്ലെങ്കില്‍ ഇന്ത്യന്‍ സ്വാധീനം പ്രത്യേകമായി ഇസ്‌ലാമിക കലയിലുണ്ടെന്ന് പറയാനാവില്ലെന്ന് പല വിദേശ ചരിത്രകാരന്മാരും ഉറപ്പിച്ചു പറയുന്നു. എങ്കിലും ഒരു പൊതു സ്വത്വം, കല, പൊതു ശൈലി എന്നിവ ഇവയിലെല്ലാം കാണാം.

ബാഗ്ദാദ്(സെല്‍ജുക്), സ്വഫവിയ്യ, ടര്‍ക്കിഷ്, ഇന്ത്യന്‍, മുഗള്‍, അന്ദലൂസിയന്‍ വിദ്യാലയങ്ങള്‍ പ്രാദേശിക സവിശേഷതകള്‍ നിലനിര്‍ത്തിത്തന്നെ മറ്റു സംസ്‌കാരങ്ങളില്‍ നിന്ന് മാറ്റങ്ങള്‍ സ്വീകരിച്ച രീതിയുടെ ഉദാഹരണങ്ങളാണ്. ശാമിലെ പള്ളിയും ബാഗ്ദാദിലെ പള്ളിയും തമ്മില്‍ വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, അലങ്കാരം എന്നിവയിലെല്ലാം സാമ്യതകളുണ്ട്. ഇത്തരം സമാനതകളും ബന്ധങ്ങളും സ്ഥലകാലങ്ങള്‍ക്കതീതമായി ഇസ്‌ലാമിക കലയില്‍ നിലനില്‍ക്കുന്ന ഐക്യത്തെ കുറിക്കുന്നു. മുസ്ലിം കലാകാരന്മാര്‍ മാറുന്ന രൂപങ്ങളെയല്ല മറിച്ച്, പ്രകൃതിയെ അതിന്റെ ആത്മാവോടും സത്തയോടും കൂടി ആവിഷ്‌കരിക്കാനാണ് ശ്രമിച്ചത്. ആത്മീയതയും വൈകാരികതയും വസ്തുക്കളുടെ അളവുകോലാക്കി ഭൗതികവസ്തുക്കളെ സംഗ്രഹിക്കാനും വിഭജിക്കാനും അവര്‍ക്ക് സാധിച്ചു. തുടര്‍ന്നാണ് പ്രാഥമിക ഘടകങ്ങളിലേക്ക് അവയെ മാറ്റുകയും ധാര്‍മികവും മതപരവുമായ ചിന്താധാരകളുടെ സ്വാധീനത്തോടെ ദാര്‍ശനിക സൗന്ദര്യശാസ്ത്രമടിസ്ഥാനമാക്കി അവയെ വീണ്ടും പുനര്‍നിര്‍മിക്കുകയും ചെയ്തത്.

നോക്കറുകളിലും വാതിലുകളിലും ജനലുകളിലും പാത്രങ്ങളിലും തുടങ്ങി എല്ലാ വസ്തുക്കളിലും കലാസൗന്ദര്യം പരന്നു. ഇസ്ലാമിക നഗരങ്ങളിലെ തെരുവുകള്‍ ഓറിയന്റലിസ്റ്റുകളെയും പാശ്ചാത്യകലാകാരന്മാരെയും വിസ്മയിപ്പിക്കുന്ന കലാസൃഷ്ടികളായിത്തീര്‍ന്നു. തങ്ങളുടെ കലാഫലകങ്ങളില്‍ നിന്നു വിഭിന്നമായി മനുഷ്യാത്മാവിനെ ഔന്നത്യത്തിലേക്കുയര്‍ത്തുന്ന ഇസ്‌ലാമിക കലാസൗന്ദര്യത്തെ അവര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഇസ്‌ലാമിക കലയുടെ ആവിര്‍ഭാവത്തിനുശേഷം പതിനാലു നൂറ്റാണ്ടുകളിലേറെ കടന്നുപോയെങ്കിലും, യുഗങ്ങളുടെയും വ്യവസ്ഥകളുടെയും മാറ്റത്തിനനുസരിച്ച് അതിനൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ഖലീഫമാരും ഭരണാധികാരികളും കടന്നുപോയി. നാഗരികതകളും അവ പടുത്തുയര്‍ത്തിയ സുല്‍ത്താന്മാരും നാമാവശേഷമായി. പക്ഷേ ഇസ്‌ലാമിക കല അപ്പോഴും തളര്‍ച്ചയേതും കൂടാതെ ജീവസ്സുറ്റതായി നിലനിന്നു. ഇന്നും പള്ളികള്‍, പാത്രങ്ങള്‍, മുസ്ഹഫുകള്‍, പരവതാനികള്‍ എന്നിവയിലെ ഇസ്‌ലാമിക കലാ ടച്ചിന് പത്തരമാറ്റ് തന്നെയാണ്. എല്ലാ പോസിറ്റീവ് ആശയങ്ങളെയും ഒരുപോലെ ഉള്‍ക്കൊണ്ടുവെന്നന്നതാണ് ഈ സ്ഥിരതയുടെ രഹസ്യം. ഒരു പ്രത്യേക സമൂഹം, പ്രദേശം എന്നിവയുമായി മാത്രം ബന്ധപ്പെട്ടു കിടന്നില്ല അത്. അചഞ്ചലമായ ആത്മീയ തത്ത്വങ്ങളില്‍ നിന്നുടലെടുത്തതും മനുഷ്യജീവിതത്തിന്റെ ആവശ്യകതകളുമായി ബന്ധപ്പെട്ടതും കാലാന്തരങ്ങള്‍ക്കിടയിലും അതിന്ന് കൂടുതല്‍ ഓജസ്സും തേജസ്സും നല്‍കി.

അറബിക് കലിഗ്രഫി; ഇസ്‌ലാമിക കലയുടെ പിതാവ്
ഇസ്‌ലാമിക കലയെ ലോകത്തിലെ ഇതര കലകള്‍ക്കിടയില്‍ നിന്ന് വ്യതിരിക്തമാക്കി നിര്‍ത്തുന്ന ഒന്നാണ് അറബിക് കലിഗ്രഫി. എല്ലാ കലാ- വാസ്തുവിദ്യാ ഉല്‍പന്നങ്ങളിലും അത് വലിയൊരളവില്‍ ഉപയോഗിച്ചുവരുന്നു. അറബിക് കലിഗ്രഫി, അതിന്റെ സൗന്ദര്യശാസ്ത്രത്തിന്റെയും ആത്മീയ തലങ്ങളുടെയും സ്വാധീനഫലമായി ക്രിസ്ത്യന്‍ പള്ളികളിലെ ചുവരുകളില്‍ പോലും സ്ഥാനം പിടിക്കുകയുണ്ടായി. കലിഗ്രഫിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യകാല മുസ്ലിം കലാകാരന്മാര്‍ അതിനെ അലങ്കാരവഴക്കമുള്ള ഒന്നാക്കുകയും അത് രൂപകല്‍പന ചെയ്യുന്നതില്‍ മികവു പുലര്‍ത്തുകയും ചെയ്തു. സൂറത്തുകളുടെ തലക്കെട്ടുകള്‍ സ്വര്‍ണം കൊണ്ടലങ്കരിക്കുകയും കലിഗ്രഫി, പ്ലാന്റ്, ജ്യാമിതീയ രൂപങ്ങള്‍ എന്നിവകൊണ്ടലങ്കരിച്ച് ഫ്രെയിമുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിനാല്‍ കലിഗ്രഫര്‍മാരുടെ പ്രധാന താല്‍പര്യമേഖല വിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു. അപാരമായ സൗന്ദര്യമാണ് അറബിക് കലിഗ്രഫിയെ ഇതര ഭാഷകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. മതാതീതമായി ലോകത്തെ അനവധി കലാ പ്രേമികളെ ആകര്‍ഷിക്കുന്ന ഒരു കലാരൂപം കൂടിയാണിത്.

കലിഗ്രഫി ചെയ്യുന്ന മെറ്റീരിയലുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഓവര്‍ലാപ്പ്, കോമ്പോസിഷന്‍ തുടങ്ങിയ ജ്യാമിതീയ രൂപങ്ങളുപയോഗിച്ച് അവയ്ക്ക് കൂടുതല്‍ സ്ഥിരതയും വഴക്കവും കൈവരുത്തുന്നതില്‍ കലിഗ്രഫര്‍മാര്‍ വിജയിച്ചു. അതുകൊണ്ടാണ് വലിയ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടും കാലിഗ്രാഫി, സ്വതസിദ്ധമായ ആവിഷ്‌കൃത രൂപമുള്ള ഒരു ഒറ്റപ്പെട്ട കലാസൃഷ്ടിയായി നിലനില്‍ക്കുന്നത്.

കലിഗ്രഫി മേഖലയിലെ മുന്നേറ്റങ്ങളുടെ ഭാഗമായി വിവിധ തരം ലെറ്ററിംഗ് ആര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ബാക്ക് ഗ്രൗണ്ടും കണ്ടന്റുമടങ്ങുന്ന ശുദ്ധ ലിപി, പതിമൂന്നാം നൂറ്റാണ്ടിലെ ലിപി നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള പുതിയ ക്ലാസിക് ലിപി, ശുദ്ധലിപിയുമായി പുതിയ രൂപങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ആധുനിക ക്ലാസിക് ലിപി, തെരുവ് വരകള്‍ക്കായുള്ള ‘ഗ്രാഫിറ്റി’, ക്ലാസിക് ശൈലികളുമായി തുലനം ചെയ്തുകൊണ്ടുള്ള സ്വതന്ത്ര ലിപി, ഫോണ്ട് ഗ്രൂപ്പുകള്‍, അമൂര്‍ത്ത കാലിഗ്രാഫി(അക്ഷരങ്ങളെ ഇഴപിരിച്ച് അവയെ ഒരു അമൂര്‍ത്ത കലാസൃഷ്ടിയില്‍ ഗ്രാഫിക് ഘടകമായി ഉള്‍പ്പെടുത്തുന്ന രീതി) എന്നിവയാണ് ഇതില്‍ പ്രധാനം.

ഇസ്‌ലാമിക കലയുടെ സംസ്ഥാപനങ്ങള്‍
ആധുനിക യുഗത്തില്‍ ഇസ്‌ലാമിക- ഇസ്‌ലാമേതര രാഷ്ട്രങ്ങള്‍ പോലും വിവിധ മാര്‍ഗങ്ങളിലൂടെയും സംഘടനകളിലൂടെയും ഇസ്‌ലാമിക കലാരൂപത്തെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ട്. അവബോധം വളര്‍ത്തല്‍, പരിശീലനം, പഠനം, ഇസ്‌ലാമിക കലയുടെയും അറബിക് കാലിഗ്രാഫിയുടെയും സംസ്‌കാരവ്യാപനം എന്നിവ ലക്ഷ്യമിട്ട് ഒരു കൂട്ടം പ്രൊഫസര്‍മാരുടെയും കലാകാരന്മാരുടെയും നേതൃത്വത്തില്‍ ഇസ്‌ലാമിക കലയ്ക്കായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. എണ്ണമറ്റ പ്രവര്‍ത്തനങ്ങള്‍ അവ കാഴ്ച വെച്ചു, ഇസ്‌ലാമിക കലാമേഖലകളില്‍ എണ്ണമറ്റ കലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ഇസ്‌ലാമിക കലകള്‍ക്കായി അന്താരാഷ്ട്ര സാംസ്‌കാരിക വേദികള്‍ സ്ഥാപിക്കുകയും നിരവധി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, കോഴ്‌സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ അവതരിപ്പിക്കുന്നതിനായി മുതിര്‍ന്ന ഗവേഷകര്‍, കലിഗ്രഫര്‍മാര്‍, ഡെക്കറേറ്റര്‍മാര്‍, കരകൗശല വിദഗ്ധര്‍ എന്നിവരെ ക്ഷണിക്കുക, ഇസ്ലാമിക കലയുടെ വിവിധ രൂപങ്ങള്‍ ഒരുമിക്കുന്ന അന്താരാഷ്ട്ര ഫോറങ്ങള്‍ സ്ഥാപിക്കുക, വിവിധ അറബ് – ഇസ്‌ലാമിക് – പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കലിഗ്രഫര്‍മാരും കലാകാരന്മാരെയും പങ്കെടുപ്പിച്ച് തുടര്‍ച്ചയായ കോഴ്സുകള്‍ സംഘടിപ്പിക്കുക, ഇസ്ലാമിക കലയില്‍ താല്‍പരരായ ലോകമെമ്പാടുമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളുമായും സംഘടനകളുമായും ബന്ധം സ്ഥാപിക്കുക, ഇസ്‌ലാമിക കലകളുടെ വിവിധ രൂപങ്ങളുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ ശേഖരിച്ച് പ്രത്യേക ലൈബ്രറികള്‍ സ്ഥാപിക്കുക, ഇസ്‌ലാമിക കലകള്‍ തൊഴില്‍ മാര്‍ഗമായി സ്വീകരിക്കുന്നവര്‍ ആവശ്യമായ ഭൗതിക പിന്തുണകള്‍ നല്‍കുക, ഇസ്‌ലാമിക കലയുടെ പ്രാധാന്യം വിളിച്ചോതുന്ന ശേഖരങ്ങളടങ്ങിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുക, ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശാലമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തുക, ഇസ്‌ലാമിക കലയെ ഒരു കൃത്യമായ പ്രബോധന മാര്‍ഗമായി ലോകവ്യാപകമായി ഉപയോഗിക്കുക, വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴില്‍ ഇസ്‌ലാമിക കലയുടെ സംരക്ഷണത്തിനും വികസനത്തിനുമാവശ്യമായ നടപടികള്‍ കൃത്യമായി കൈക്കൊള്ളുക എന്നിവ അവരുടെ പ്രവര്‍ത്തനങ്ങളുടെയും നിര്‍ദേശങ്ങളുടെയും ചുരുങ്ങിയ രൂപമാണ്.

ഇസ്‌ലാമിക കലക്കുവേണ്ടി ഒരു ആഗോളദിനം
ഇസ്‌ലാമിക കലക്ക് പൊതുവായി ലഭിച്ച സ്വീകാര്യത ബോധ്യമാവാന്‍, എല്ലാ വര്‍ഷവും നവംബര്‍ 18 ഇസ്‌ലാമിക കലയ്ക്കുള്ള ലോകദിനമായി ആചരിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനം മാത്രം മനസ്സിലാക്കിയാല്‍ മതിയാവും. പതിനാല് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന, കാലക്രമേണ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെ പുരോഗതിയെ ഉള്‍ക്കൊള്ളുന്ന ഒന്നാണതെന്നാണ് യുനെസ്‌കോ വക്താവ് പറഞ്ഞത്. യൂറോപ്പ് മുതല്‍ ആഫ്രിക്ക വരെ പരന്നുകിടക്കുക, സ്ഥലകാലങ്ങള്‍ക്കതീതമായി ഏകീകൃത രൂപം കാത്തുസൂക്ഷിക്കാനായ ഒന്നാണ് ഇസ്‌ലാമിക കലയെന്നും ആത്മീയമായ സാന്നിധ്യമാണ് ഇതിന്റെ ഏറ്റവും വലിയ ജീവവായുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവലംബം- islamonline.net
വിവ. ഫഹ്‌മിദ പി.ടി തറയിട്ടാല്‍

Related Articles