Current Date

Search
Close this search box.
Search
Close this search box.

ലിംഗസമത്വം ഇസ്‌ലാമില്‍ ( 1 – 4 )

ഇസ്‌ലാമിന്റെ നോര്‍മേറ്റീവ് അധ്യാപനങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കിടയിലെ വ്യത്യസ്തമായ കള്‍ചറല്‍ പ്രാക്ടീസിനുമിടയില്‍ കൃത്യമായൊരു വേര്‍തിരിവോട് കൂടി മാത്രമേ ഏതൊരു വിഷയത്തിന്റെയും ഇസ്‌ലാമിക പരിപ്രേക്ഷ്യത്തെ സമീപിക്കാവൂ. മുസ്‌ലിം ആചാരങ്ങളെ വിലയിരുത്തുന്നതിനും മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിനോടുള്ള വിധേയത്വം വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വിശകലനം ചെയ്യുകയെന്നതാണ് ഈ പഠനം കൊണ്ടുള്ള താല്‍പര്യം. ‘ഇസ്‌ലാമികം’ എന്നത് എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ഇസ് ലാമിലെ പ്രമാണങ്ങളെക്കുറിച്ചും പ്രത്യേക വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കുള്ള അഭിപ്രായങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വേണം. പണ്ഡിതന്മാരുടെ അഭിപ്രായ രൂപീകരണത്തില്‍ പലപ്പോഴും അവരുടെ കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും സംസ്‌കാരവും വലിയ രീതിയില്‍ സ്വാധീനം ചെലുത്താറുണ്ട്. എങ്കിലും അവയൊന്നും തന്നെ സുപ്രധാനമായ പ്രാമാണിക ജ്ഞാന ഉറവിടങ്ങളെ അതിജയിക്കാറില്ല. പ്രാഥമിക സ്രോതസ്സുകളുടെ വ്യാഖ്യാനം മറ്റു പല കാര്യങ്ങളെക്കൂടി പരിഗണിച്ചാണ് നിലനില്‍ക്കുന്നത്:

1- ഖുര്‍ആനിലും സുന്നത്തിലും വന്ന ടെക്സ്റ്റുകളുടെ പശ്ചാത്തലം. ഇസ്‌ലാമിന്റെയും ഇസ്‌ലാമിക അധ്യാപനങ്ങളുടെയും അതിന്റെ ലോക വീക്ഷണങ്ങളുടെയും പശ്ചാത്തലത്തെക്കൂടി ഉള്‍കൊള്ളുന്നതാണത്.

2- ഇസ്‌ലാമിക അധ്യാപനങ്ങളിലേക്ക് കൂടുതല്‍ പ്രകാശം ചൊരിഞ്ഞ വഹ്‌യിറങ്ങിയ സാഹചര്യം.

3- ഖുര്‍ആനിക വചനങ്ങളെ വിശദീകരിക്കുന്നതില്‍ ഹദീസിന്റെ പങ്ക്.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവകാശപ്പെട്ട സ്ഥാനങ്ങളുടെയും സാമൂഹിക വ്യവഹാരത്തില്‍ അവര്‍ക്കുള്ള പങ്കിന്റെയും ഇസ്‌ലാമിക വീക്ഷണത്തെക്കുറിച്ച് ചെറുവിവരണം നല്‍കുകയെന്നതാണ് ഈ പഠനത്തിന്റെ താല്‍പര്യം. ആത്മീയവും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമടങ്ങിയ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചുകൊണ്ടാണ് പഠനം അവസാനിക്കുന്നത്.

ആത്മീയ വീക്ഷണം:

1- ഖുര്‍ആന്‍ വിശദീകരിച്ചത് പ്രകാരം തുല്യ ആത്മീയ മനുഷ്യ പ്രകൃതമുള്ളവരാണ് പുരുഷന്മാരും സ്ത്രീകളും: ‘ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയില്‍ നിന്നു നിങ്ങളെ പടക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഏതൊരുവന്റെ പേരില്‍ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നുവോ ആ അല്ലാഹുവിനെയും കുടുംബബന്ധവും സൂക്ഷിക്കുക. നിശ്ചയം അവന്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്.'(നിസാഅ്: 1), ‘ഒരേയൊരു ശരീരത്തില്‍ നിന്നു നിങ്ങളെ പടച്ചത് അവനാണ്. എന്നിട്ട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും അവന്‍ സൃഷ്ടിച്ചു, അവളോടൊത്ത് മനസ്സമാധാനം നേടാന്‍ അങ്ങനെ പുരുഷന്‍ അവളുമായി ഇണചേരുമ്പോള്‍ അവള്‍ ലഘുവായ ഗര്‍ഭഭാരം വഹിക്കുകയും അതുമായി നടക്കുകയും ചെയ്യുന്നു. എന്നിട്ട്, അവള്‍ക്കു ഗര്‍ഭഭാരം വര്‍ധിക്കുമ്പോള്‍ ഇരുവരും നാഥനായ അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കും: നീ ഒരുത്തമ സന്തതിയെ തരികയാണെങ്കില്‍ ഞങ്ങള്‍ കൃതജ്ഞരുടെ ഗണത്തില്‍ തന്നെയായിരിക്കും, തീര്‍ച്ച.'(അഅ്‌റാഫ്: 189), ‘ഭുവന-വാനങ്ങളുടെ സ്രഷ്ടാവാണവന്‍. നിങ്ങള്‍ക്കായി സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെയുള്ള ഇണകളെ -കാലികളില്‍ നിന്നുള്ള ജോഡികളെയും- അവനുണ്ടാക്കി. അതുവഴി നിങ്ങളുടെ അംഗസംഖ്യ അവന്‍ വര്‍ധിപ്പിക്കുന്നു. അവനെപ്പോലെ വേറെ യാതൊന്നും തന്നെയില്ല. എല്ലാം കേള്‍ക്കുന്നവനും നന്നായി കാണുന്നവനുമാണവന്‍.'(ശൂറാ: 11).

 പ്രവാചക ചരിത്രത്തില്‍ ദൂതന്മാരായി സ്ത്രീകള്‍ നിയോഗിക്കപ്പെടാതിരുന്നത് യാതൊരുവിധ ആത്മീയമായ അപകര്‍ഷതയും കൊണ്ടല്ല

2- ദൈവ ചൈതന്യത്തിന്റെ സ്വീകര്‍ത്താക്കളാണ് തുല്യ ആത്മീയ മനുഷ്യ പ്രകൃതത്താല്‍ സൃഷ്ടിക്കപ്പെട്ട പുരുഷനും സ്ത്രീയും(നഫ്‌സുന്‍ വാഹിദ):
‘പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ ആത്മാവ് അവനില്‍ നിക്ഷേപിക്കുകയുമുണ്ടായി. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നു. വളരെ തുച്ഛമായേ നിങ്ങള്‍ കൃതജ്ഞത പ്രകാശിപ്പിക്കുന്നുള്ളൂ.'(സജ്ദ: 9)

3- ഇരുകൂട്ടരും ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധികളും അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരുമാണ്.
‘നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്തഭോജ്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കവരെയുംകാള്‍ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു.'(ഇസ്‌റാഅ്: 70), ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണ് എന്ന് താങ്കളുടെ നാഥന്‍ മലക്കുളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. അവര്‍ പ്രതികരിച്ചു: അവിടെ കുഴപ്പമുണ്ടാക്കുകയും ചോരചിന്തുകയും ചെയ്യുന്നവരെയാണോ നീ നിശ്ചയിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുകയും പരിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നുണ്ട്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കറിവില്ലാത്തത് എനിക്കറിയാം.'(ബഖറ: 30).

4- ഖുര്‍ആനെ സംബന്ധിച്ചിടത്തോളം, പുരുഷന്മാരുടെ പരാജയത്തിനൊരിക്കലും സ്ത്രീകള്‍ ഉത്തരവാദികളല്ല. ‘നിഷിദ്ധ മരത്തില്‍’ നിന്നും ഭക്ഷിച്ചതിന്റെ പേരിലല്ല അവള്‍ക്ക് ഗര്‍ഭം ധരിക്കേണ്ടി വന്നതും പ്രസവിക്കേണ്ടി വന്നതും. മറിച്ച്, മാതാവെന്ന നിലയില്‍ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയായിട്ടാണ് ഖുര്‍ആന്‍ അവരെ പരിഗണിക്കുന്നത്. ആദം നബിയുടെയും ഹവ്വ ബീവിയുടെയും ചരിത്രം പറയുന്നിടത്ത് ഖുര്‍ആന്‍ രണ്ടുപേരുടെയും നാമം ഇടക്കിടെ പരാമര്‍ശിക്കുന്നുണ്ട്. അതിലൊരിടത്തും വിശുദ്ധ ഖുര്‍ആന്‍ ഹവ്വ ബീവിയെ ഒറ്റപ്പെടുത്തുന്നില്ല:

”ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.” പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി; അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: ”നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായിമാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.” ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: ”ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.” അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരം രുചിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: ”ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ? പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?” ഇരുവരും പറഞ്ഞു: ”ഞങ്ങളുടെ നാഥാ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.” അല്ലാഹു കല്‍പിച്ചു: ”ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും. ഭൂമിയില്‍ നിങ്ങള്‍ക്ക് താമസസൗകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.” അവന്‍ പറഞ്ഞു: ”നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും. അവിടെത്തന്നെ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.” ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍. ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയപോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു. (അഅ്‌റാഫ്: 19-27).

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവകാശപ്പെട്ട സ്ഥാനങ്ങളുടെയും സാമൂഹിക വ്യവഹാരത്തില്‍ അവര്‍ക്കുള്ള പങ്കിന്റെയും ഇസ്‌ലാമിക വീക്ഷണത്തെക്കുറിച്ച് ചെറുവിവരണം നല്‍കുകയെന്നതാണ് ഈ പഠനത്തിന്റെ താല്‍പര്യം.

സ്ത്രീകളുടെ ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രസ്താവിക്കുന്നു:
‘മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്. അവന്റെ മുലയൂട്ടല്‍ നിര്‍ത്തുക രണ്ടു വര്‍ഷം കൊണ്ടത്രേ. അതുകൊണ്ട്, എനിക്കും മാതാപിതാക്കള്‍ക്കും നീ കൃതജ്ഞത പ്രകാശിപ്പിക്കണം; നിന്റെ തിരിച്ചുവരവ് എന്റെയടുത്തേക്ക് തന്നെയാണ്.'(ലുഖ്മാന്‍: 14), ‘മാതാപിതാക്കളോട് ഉദാത്തസമീപനം പുലര്‍ത്തണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചു. പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നതും പ്രസവിച്ചതും. അവന്റെ ഗര്‍ഭധാരണവും മുലയൂട്ടല്‍ വിരാമവും മുപ്പതു മാസമാണ്. അങ്ങനെ പൂര്‍ണ യൗവനത്തിലെത്തി നാല്‍പത് വയസ്സായാല്‍ അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കും: എന്റെ നാഥാ, എനിക്കും മാതാപിതാക്കള്‍ക്കും നീ വര്‍ഷിച്ച അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞതപ്രകാശിപ്പിക്കാനും നീ ഇഷ്ടപ്പെടുന്ന സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കാനും എനിക്ക് പ്രചോദനം നല്‍കുകയും എന്റെ മക്കളില്‍ നന്മ വരുത്തുകയും ചെയ്യേണമേ. നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. നിനക്കു കീഴ്പെടുന്നവരില്‍ പെട്ടവനാണു ഞാന്‍.'(അഹ്ഖാഫ്: 15).

5- മത-ധാര്‍മിക ഉത്തരവാദിത്തങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും സമന്മാരാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം അനുഭവിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണ്:
‘തത്സമയം തങ്ങളുടെ നാഥന്‍ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്റെ കര്‍മവും ഞാന്‍ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളെല്ലാം ഒരേ വര്‍ഗമാണല്ലോ.'(ആലു ഇംറാന്‍: 195), ‘സത്യവിശ്വാസിയായി കൊണ്ട് ആണോ പെണ്ണോ ആയ ഒരാള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. കടുകിട അവരോട് അക്രമം പ്രവര്‍ത്തിക്കപ്പെടില്ല.'(നിസാഅ്: 124), ‘നിശ്ചയം, അല്ലാഹുവിന് കീഴ്പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധര്‍മിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും-ഇവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു.'(അഹ്‌സാബ്: 35), ‘സത്യവിശ്വാസം വരിച്ച ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മുമ്പിലും വലതുഭാഗത്തും അവരുടെ പ്രഭാപ്രസരം താങ്കള്‍ കാണുന്ന ദിനം അവരോടരുളപ്പെടും: ഇന്ന് നിങ്ങള്‍ക്കുള്ള ശുഭവാര്‍ത്ത അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളത്രേ. നിങ്ങളതില്‍ ശാശ്വതവാസികളാണ്. അതിമഹത്തായ സൗഭാഗ്യം തന്നെയാണത്.'(ഹദീദ്: 12).

6- ഒരു ലിംഗം മറ്റൊരു ലിംഗത്തെക്കാള്‍ ഉത്കൃഷ്ടനാണെന്ന് ഖുര്‍ആന്‍ ഒരിടത്തും പറയുന്നില്ല. ‘ഖിവാമ’ അല്ലെങ്കില്‍ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ശ്രേഷ്ഠത കല്‍പിക്കല്‍ എന്ന നിലയില്‍ പലരും തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. ലിംഗമോ നിറമോ ദേശീയതയോ ഒന്നുമല്ല, സൂക്ഷ്മതയും വിശുദ്ധിയുമാണ് ഒരാളെ മറ്റൊരാളെക്കാള്‍ ശ്രേഷ്ഠനാക്കുന്നതെന്ന് ഖുര്‍ആന്‍ തന്നെ വളരെ വ്യക്തമായി പറയുന്നുണ്ട്:
‘ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലും നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.'(ഹുജ്‌റാത്ത്: 13).

7- പ്രവാചക ചരിത്രത്തില്‍ ദൂതന്മാരായി സ്ത്രീകള്‍ നിയോഗിക്കപ്പെടാതിരുന്നത് യാതൊരുവിധ ആത്മീയമായ അപകര്‍ഷതയും കൊണ്ടല്ല, മറിച്ച് പ്രവാചകത്വവുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കാവുന്ന ശാരീരിക ക്ലേഷങ്ങളെയും ആവശ്യങ്ങളെയും മുന്‍നിര്‍ത്തിയാണത്. ( തുടരും )

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles