Current Date

Search
Close this search box.
Search
Close this search box.

ലഹരി നിർമ്മാർജ്ജനം

ലോകത്തിലെ മിക്ക രാജ്യങ്ങളിലും മദ്യം അനുവദനീയമാണ്. എന്നാൽ 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇസ്ലാം, ലഹരി പദാർത്ഥങ്ങളോട് വളരെ വ്യക്തമായ സമീപനം സ്വീകരിച്ചു. അത്തരം പാനീയങ്ങളെയും മറ്റും ഇസ്ലാം ശക്തമായി നിരോധിച്ചു. ലഹരി ഉണ്ടാക്കുന്ന എല്ലാ പദാർത്ഥങ്ങളേയും, അതിന്റെ ഉറവിടം ഏതാണെന്നൊ, അളവ് എത്രയാണെന്ന് പരിഗണിക്കാതെ, ഇസ്ലാം പൂർണമായും നിരോധിക്കുകയുണ്ടായി. അമിതമായ ഉപഭോഗത്തിലൂടെ ലഹരി ഉണ്ടാക്കുന്ന പദാർത്ഥത്തിന്റെ ചെറിയ ഒരു അംശം സേവിക്കുന്നത് പോലും ഇസ്ലാം കർശനമായി വിലക്കുന്നുണ്ട്. കാരണം ചെറിയൊരു ചഷകത്തിൽ നിന്നാണ് തിന്മയുടെ തുടക്കം. പിന്നീട് അവർ മദ്യത്തിന്റെ അടിമകളായി മാറുന്നതാണ് കാണുന്നത്.

മദ്യത്തിന്റെ ഉപയോഗം ഭക്ഷണത്തോട് താൽപര്യമുണ്ടാക്കുന്നു എന്ന വിശ്വാസം നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്. വസ്തുതക്ക് തീർത്തും വിരുദ്ധമായ കാര്യമാണത്. മദ്യപാനത്തിന്റെ ആരംഭഘട്ടത്തിൽ അത് ഭക്ഷണത്തോട് അനുരാഗം സൃഷടിക്കുന്നു എന്ന് തോന്നിയേക്കാമെങ്കിലും അൽപസമയത്തിനുള്ളിൽ തന്നെ നമ്മുടെ ഉദരത്തേയും ദഹനവ്യവസ്ഥയേയും അത് താറുമാറാക്കുന്നു. അൾസറും കരൾ വൃക്ക രോഗങ്ങളും മദ്യപാനിയെ പിടിമുറക്കുന്നു. മദ്യസേവയെ തുടർന്ന് ഛർദ്ദി തുടങ്ങുന്നതോടെ ഭക്ഷണത്തോടുള്ള എല്ലാ താൽപര്യവും ഇല്ലാതാവുകയാണ് ചെയ്യുന്നത്.

മദ്യപാനം ശരീരത്തിന് ഉന്മേഷം നൽകുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത് തീർത്തും തെറ്റാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഒരു മദ്യപാനിക്ക് ശൈത്യകാലത്ത് അവന്റെ ശരീരത്തിലെ ഊഷ്മാവും ഊർജ്ജവും നഷ്ടപ്പെടുന്നു. മദ്യപാനത്തിലൂടെ ഇളംചൂട് അനുഭവിക്കുന്ന പ്രതീതി സൃഷ്ടിക്കുമെങ്കിലും അതിലൂടെ മരണം പോലും സംഭവിച്ചെന്ന് വരാം. മദ്യപാനത്തിന് അടിമയാവുന്നവരുടെ കുട്ടികളും മദ്യത്തിന്റെ പിടിയിൽ അകപ്പെടുന്നു എന്നതാണ് മറ്റൊരു ദുരന്തം. പിന്നീട് അത്തരം വ്യക്തികൾ മനോരോഗികളും ക്രിമിനലുകളുമായി മാറുന്നു.

മസ്തിഷ്കത്തിന് ഏൽക്കുന്ന ആഘാതം
മദ്യം മസ്തിഷ്കത്തിലും നാഡീവ്യൂഹത്തിലും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ മസിലുകളെ നിയന്ത്രിക്കുന്ന കോർടെക്സ് കോശങ്ങളിലും മദ്യത്തിന്റെ പ്രത്യാഘാതം വിവരണാതീതമാണ്. മദ്യപാനിയായവർക്ക് വാഹനത്തിന്റെ വേഗത നിയന്ത്രിക്കാനോ അടിയന്തര സന്ദർഭങ്ങളിൽ പ്രതികരിക്കാനോ അപകടങ്ങൾ മറികടക്കാനോ കഴിയുകയില്ല. മദ്യപാനത്തിലൂടെ അയാളുടെ മാനസികവും ശാരീരികവുമായ കാര്യക്ഷമത തീരെ ഇല്ലാതാവുന്നു.

സേവിക്കുന്ന മദ്യത്തിന്റെ അളവ് കുറവോ കൂടുതലോ എന്നത് ഇവിടെ പ്രശ്നമല്ല. പതിവായി മദ്യപിക്കുന്ന ഒരാളുടെ എല്ലാ കഴിവുകളും സർഗ്ഗസിദ്ധികളും നശിക്കുന്നു. വിവേകം അയാൾക്ക് അന്യമാകുന്നു. കാഴ്ച, രുചി, വാസന എല്ലാം ശുഷ്കിക്കുന്നു. ഗ്രാഹ്യശക്തിയും ഇല്ലാതാവുന്നു. ആധുനിക കാലത്തെ അമ്പത് ശതമാനം മരണ കാരണവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

നമ്മുടെ ഏറ്റവും അമൂല്യമായ അവയവമാണല്ലോ മസ്തിഷ്കം. മദ്യം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് മസ്തിഷ്കത്തെയാണ്. മദ്യപാനത്തിലൂടെ ഉദരത്തിലെ ആസിഡ് വർധിക്കുകയും അത് അൾസറിന് കാരണമാവുകയും ചെയ്യുന്നു. അൾസർ രോഗിയായ ഒരാൾ ഒരു കോപ്പ മദ്യം സേവിച്ചാൽ അത് ഉദരത്തിലെ രക്തസ്രാവത്തിന് കാരണമാവുകയും അവിടെ ദ്വാരം ഉണ്ടാവുകയും ചെയ്തേക്കാം.

ലൈംഗികതയെ സ്വാധീനിക്കുന്ന വിധം
മദ്യപാനം ലൈംഗീക തൃഷ്ണ വർധിപ്പിക്കും. വിചിത്രമായ കുറ്റകൃത്യങ്ങൾക്ക് മദ്യം പ്രേരിപ്പിക്കുകയും ചെയ്തേക്കും. മദ്യത്തിന്റെ സ്വാധീനത്തിൽ അയാളുടെ ബുദ്ധി ശരിയായ വിധത്തിൽ പ്രവർത്തിക്കുകയില്ല. മദ്യപാനി സാമൂഹികമൂല്യങ്ങൾക്ക് പുല്ല് വിലയാണ് കല്പിക്കുക. തുടർച്ചയായ മദ്യപാനം ഷണ്ഡത്വം വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ഇതൊക്കെയാണ് ഇസ്ലാം മദ്യം നിരോധിച്ചതിലെ യുക്തി. മോശമായ ചില ലഹരിപാനീയങ്ങൾ അന്ധതയ്ക്കും ഹൃദയാഘാതത്തിനും വരെ കാരണമായേക്കാം.

മദ്യത്തോടുള്ള അനുരാഗം
മദ്യത്തോടുള്ള അനുരാഗം കൂടുതൽ ലഹരി പദാർത്ഥങ്ങളിലേക്ക് ഉപഭോക്താവിനെ നയിക്കും. ഇതും മദ്യം നിരോധിക്കുമ്പോൾ ഇസ്ലാം പരിഗണിച്ചിട്ടുണ്ട്. അഥവാ മദ്യപാനം ഒരാളെ ശാരീരിക മാനസിക വൈകല്യങ്ങളിലേക്ക് ചെന്നെത്തിക്കും. മദ്യപാനം അനുവദിച്ച് രാജ്യങ്ങളിൽ മദ്യപന്മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. അമേരിക്കയിൽ മാത്രം 1960-ൽ നാല് ദശലക്ഷം മദ്യപന്മാരുണ്ടായിരുന്നത് 1970 ആവുമ്പോഴേക്കും 10 ദശലക്ഷമായി വർധിച്ചു. ബ്രിട്ടനിലും കാര്യങ്ങൾ ഇങ്ങനെ തന്നെയാണ്. അവിടെ അഞ്ചു ലക്ഷത്തിൽനിന്നു പത്തു ലക്ഷമായി വർധിച്ചു. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലാകട്ടെ മദ്യപന്മാരുടെ എണ്ണം ജനസംഖ്യയുടെ എട്ട് ശതമാനമോ അതിൽ കൂടുതലോ ആണ്.

മദ്യവും ആരോഗ്യവും
ലഹരി പദാർത്ഥങ്ങൾ ശരീരത്തിലെ നാഡീവ്യൂഹത്തെ സംബന്ധിച്ചിടത്തോളം വിനാശകരമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇസ്ലാം, മദ്യം നിരോധിക്കാനുള്ള കാരണങ്ങളിൽ ഒന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുതയാണ്. കൂടാതെ ലഹരിപദാർത്ഥങ്ങൾ മാനസികമായ ധാരാളം പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.പോഷകാഹാരക്കുറവ്, ആമാശയ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്കും അത് കാരണമാവുന്നു.

മദ്യപാനി അശ്രദ്ധനും സ്വാർത്ഥനും വളരെ വേഗത്തിൽ പ്രകോപിതനുമായ വ്യക്തിയായി മാറുന്നു. സംശയരോഗം അയാളെ നിരന്തരമായി വേട്ടയാടുന്നു. കുടുംബജീവിതത്തേയും മദ്യപാനം തകിടം മറിക്കുന്നു. സഹധർമ്മിണിയും കുട്ടികളും അയാളെ വെറുക്കുന്നു. വിഷാദരോഗം അയാളെ വേട്ടയാടുന്നു. അത് ആത്മഹത്യയിലേക്ക് വരെ ചെന്നെത്തിച്ചേക്കാം. സത്യമേത് മിഥ്യയേത് എന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നു. എന്തിന്, സ്ഥലകാല ബോധം പോലും അന്യമാകുന്നു. സന്തുലിതത്വം നഷ്ടപ്പെട്ട് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇക്കാരണങ്ങളെല്ലാം പരിഗണിച്ചാണ് ഇസ്ലാം മദ്യം നിരോധിച്ചത്.

മദ്യപാനിയെ എപ്പോഴും ദുഃസ്വപ്നങ്ങൾ പിന്തുടരുന്നു. ഭയാനകമായ ദൃശ്യങ്ങളും ശബ്ദങ്ങളും അയാളെ നിരന്തരമായി വേട്ടയാടുന്നു. ജീവിതം തന്നെ മിഥ്യാഭ്രമം പോലെയായിത്തീരുന്നു. ഏത് സമയത്തും അത്തരക്കാരുടെ ബോധം നഷ്ടപ്പെടാമെന്നതാണവസ്ഥ. മദ്യപാനിയുടെ രോഗപ്രതിരോധശേഷി പെട്ടെന്ന് ഇല്ലാതാകുന്നു. അങ്ങനെ രോഗാണുക്കളുടെ വളർത്തുകേന്ദ്രമായി മാറുന്നു അയാളുടെ ശരീരം. കിഡ്നി, കരൾ തുടങ്ങിയ ആന്തരിക അവയവങ്ങളേയും അത് ബാധിക്കുന്നു.

പോഷകാഹാരത്തിന്റെയും വിറ്റാമിന്റെയും അഭാവത്തിൽ കൈകാലുകളെ തളർച്ച ബാധിച്ചെന്ന് വരും. മസ്തിഷ്കത്തിലും അണുബാധ ബാധിച്ചേക്കും. കോർടെക്സ് കോശങ്ങൾ നശിക്കുന്നതിനാൽ ഭ്രാന്താവാനും സാധ്യതയുണ്ട്. കണ്ണുകളിലെ ഞരമ്പുകളിൽ അണുബാധ ഉണ്ടാവുകയും അത് കാഴ്ചശക്തിയെ തന്നെ ഇല്ലാതാക്കുകയും ചെയ്തേക്കാം. മദ്യം വിഷമാണ്. അത്കൊണ്ടാണ് എല്ലാ തരത്തിലുള്ള ലഹരി വസ്തുക്കളേയും ഇസ്ലാം നിരോധിച്ചത്.

മദ്യപാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രജ്ഞന്മാരും ഭരണകൂടങ്ങളും പരമാവധി പ്രയത്നിച്ചിട്ടുണ്ട്. പക്ഷേ, ദൗർഭാ ഗ്യകരമെന്ന് പറയട്ടെ എല്ലാം നിഷ്ഫലം. എന്നാൽ ഖുർആനിലെ ഒരൊറ്റ സൂക്തത്തിലൂടെ ഈ പ്രശ്നം അല്ലാഹു പരിഹരിച്ചിരിക്കുന്നു. അതിലൂടെ പതിന്നാല് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മദ്യപാനം നിരോധിച്ചിരുന്നു. ഒരാൾ അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ കൽപനകൾക്ക് പൂർണ്ണമായും വിധേയമായി ജീവിക്കുകയും ചെയ്താൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകതന്നെ ചെയ്യും.

എല്ലാതരം ലഹരിപദാർത്ഥങ്ങളെയും 1400 വർഷങ്ങൾക്ക് മുമ്പ് നിരോധിച്ച് മതമാണ് ഇസ്ലാം. മനുഷ്യശരീരത്തിലും മസ്തിഷ്കത്തിലും ലഹരി പദാർത്ഥങ്ങൾ ചെലുത്തുന്ന വിനാശകരമായ സ്വാധീനം തെളിയിക്കാൻ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ആവശ്യമില്ല. ഇസ്ലാമികതത്വങ്ങളെല്ലാം ലളിതവും സുതാര്യവും യുക്തിഭദ്രവുമാണ് എന്ന സിദ്ധാന്തത്തിന് ഇസ്ലാം ഊന്നൽ നൽകുന്നു. പ്രതിരോധമാണ് ചികിൽസയെക്കാൾ ഉത്തമം എന്ന തത്വത്തെയാണ് ലഹരി നിരോധത്തിന്റെ കാര്യത്തിലും ഇസ്ലാം മുന്നോട്ട് വെച്ചിട്ടുള്ളത്.

എല്ലാവിധ പീഡനങ്ങളിൽ നിന്നും ഇസ്ലാം മാനവകുലത്തെ രക്ഷപ്പെടുത്തി. ശരിയായ വഴി കാണിച്ച് തന്നു. നന്മയും തിന്മയും അത് വേർതിരിച്ച് കാണിച്ചു. അല്ലാഹു നൽകിയ മസ്തിഷ്കം ഉപയോഗപ്പെടുത്തി അത് തെരഞ്ഞെടുക്കുകയും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഖുർആനിലൂടെ ശരിയായ പാത കാണിച്ചു തന്നെ അല്ലാഹുവിന് ഒരായിരം സ്തുതി.

 

വിവ- ഇബ്രാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

Related Articles