Current Date

Search
Close this search box.
Search
Close this search box.

അസമിലെ കുടിയൊഴിപ്പിക്കലും പോലീസ് വെടിവെപ്പും

2021 സെപ്റ്റംബറിൽ അസമിലെ ദാരഗ് ജില്ലയിലുണ്ടായ കുടിയൊഴിപ്പിക്കൽ യജ്ഞവും തുടർന്ന് മൊയ്നുൽ ഹഖ്, ഷെയ്ഖ് ഫരീദിൻ എന്നിവരുടെ ക്രൂരമായ മരണത്തിന് കാരണമായ പൊലീസ് വെടിവെപ്പും സംബന്ധിച്ച് എ.പി.സി.ആർ ദേശീയ കമ്മിറ്റി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട്.

എ.പി.സി.ആർ ദേശീയ സെക്രട്ടറി നദീം ഖാൻ, മാധ്യമ പ്രവർത്തകരായ ആദിത്യ മേനോൻ (The Quint), താരിഖ് അൻവർ ( News Click), ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫെല്ലോ ഫഹദ് അഹ്മദ്, എ.പി.സി.ആർ അസം ചാപ്റ്റർ സെക്രട്ടറി അൻവർ ഹുസൈൻ തുടങ്ങിയവരാണ് വസ് തുതാന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഒക്‌ടോബർ നാലിന് ന്യൂ ഡൽഹി പ്രസ്സ് ക്ലബിൽ വെച്ച് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ പ്രഫ. അപൂർവാനന്ദ്, സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. സഞ്ജയ് ഹെഗ്‌ഡേ, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ നദീം ഖാൻ, പൗരാവ കാശ പ്രവർത്തക ഫർഹ നഖ്‌വി, എസ്.ഐ.ഒ ദേശീയ പ്രസിഡണ്ട് സൽമാൻ അഹ്മദ് എന്നിവർ ചേർന്ന് റിപ്പോർട്ട് പ്രകാശനം ചെയ്തു. മൊഴിമാറ്റം- പി.കെ ജാസ്മി

====     ====

സെപ്റ്റംബർ 23ന്, ഡൽഹി, മുംബൈ, അസം എന്നിവിടങ്ങളിൽ നിന്നുള്ള അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരുമടങ്ങുന്ന ആറുപേരുടെ സംഘം ധൽപുർ സന്ദർശിക്കുകയും എല്ലാ സമുദായങ്ങളിൽനിന്നുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

വ്യാജവാർത്തകളുടെ കാലഘട്ടമായതിനാലും, ഈ സംഭവവികാസങ്ങളുടെ നിരവധി തെറ്റിദ്ധാരണജനകമായതും വികലമായതുമായ പല പതിപ്പുകളും പ്രചരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ, അടിസ്ഥാന സാഹചര്യത്തിന്റെ ദ്രുതഗതിയിലുള്ള വിലയിരുത്തൽ ആവശ്യമായിരുന്നു. കാരണം, എങ്കിൽ മാത്രമെ വസ്തുതകൾ ഇന്ത്യയിലെ ജനങ്ങൾക്ക് മുമ്പിലും ഇന്ത്യൻ സർക്കാരിന്റെയും അസം സംസ്ഥാന സർക്കാരിന്റെയും മുമ്പാകെ അവതരിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളു. ഈ കൊലപാതകങ്ങളുടെയും, അസമിൽ നടന്ന കുടിയൊഴിപ്പിക്കൽ യജ്ഞത്തിന്റെയും സാഹചര്യത്തിൽ ദൃക്‌സാക്ഷി വിവരണത്തിന്റെയും വസ്തുതാന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

1. ഗാരുക്കുട്ടി കാർഷിക പദ്ധതി
ഗാരുക്കൂട്ടി കാർഷിക പദ്ധതിയുടെ ചുവട് പിടിച്ചാണ് നിലവിൽ അസമിൽ കുടിയൊഴിപ്പിക്കൽ യജ്ഞം നടന്നത്. ഇത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രഖ്യാപിച്ച വളർത്തുമൃഗ പദ്ധതിയാണ്. ഈ മേഖലകളിലെ കാർഷിക സംരഭങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും വികസനത്തിന് നേതൃത്വം നൽകാൻ ബി.ജെ.പി എം.എൽ.എ പദ്മ ഹസാരികയെ ചെയർമാനാക്കി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.

ഈ പ്രദേശത്ത് താമസിക്കുന്ന കർഷകർ നിലവിൽ കോളിഫ്ളവർ, കോൺ, മറ്റ് പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. അവ സമീപ പ്രദേശങ്ങളിലെയും ഗുവാഹത്തിയിലെയും മാർകറ്റുകളിൽ അവർ നേരിട്ട് പോയി വിൽക്കുന്നു. ഉയർന്ന മൂല്യമുള്ള പൂന്തോട്ട ഉൽപന്നങ്ങൾ ഉൾപ്പെടെ വിവിധ വിളകളുടെ കൃഷിക്ക് ഈ പ്രദേശം അനുയോജ്യമാണ്. അധുനിക കൃഷി രീതികളും ശാസ്ത്രീയമായ മൃഗസംരകഷണ രീതികളും ഉപയോഗപ്പെടുത്തി പ്രദേശത്ത് താമസിക്കുന്ന ‘തദ്ദേശീയരായ’ യുവാക്കൾക്ക് ഉപജീവന മാർഗങ്ങൾ നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സർക്കാർ അവകാശപ്പെടുന്നു. പദ്ധതിക്കായി 9.60 കോടി രൂപ നിർദേശിച്ചിട്ടുണ്ട്.

2. അസമിലെ ഭൂമി കൈയേറ്റ പ്രശ്നം
ഭൂമി എന്ന വിഷയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എപ്പോഴും ഒരു തർക്ക വിഷയമായിരുന്നു. മാത്രമല്ല തദ്ദേശീയരായ ആസ്സാമി ജനതയിൽ നിന്നും നിയമവിരുദ്ധ കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ ഭൂമി തട്ടിയെടുക്കുന്നതായി പരക്കെ ഒരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി മാത്രമല്ല, സാത്രകൾ (മഠങ്ങൾ), വനം പ്രദേശങ്ങൾ, ദേശീയോദ്യാനങ്ങളും സങ്കേതങ്ങളും എന്നിവയുൾപ്പെടെയുള്ള ഭൂമി കൈയേറിയതായി ആരോപണമുണ്ട്.

സർബാനന്ദ സോനോവാളിന്റെ മുൻ സർക്കാർ ഭൂ അവകാശങ്ങളെക്കുറിച്ച് പഠിക്കാനും ശുപാർശകൾ നൽകാനും ബ്രഹ്മ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി അതിന്റെ 2017 ലെ ഇടക്കാല റിപ്പോർട്ടിൽ 63 ലക്ഷം ബിഗാസ് സർക്കാർ ഭൂമി ‘അനധികൃത അധിനിവേശത്തിന്’ കീഴിലാണെന്ന് പറഞ്ഞിരുന്നു.

22% വനഭൂമി കൈയേറ്റത്തിലാണെന്ന് പാർലമെന്ററികാര്യ മന്ത്രി ചന്ദ്രമോഹൻ പട്ടോവാരി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അതായത്, കണക്കുകൾ എല്ലായ്പ്പോഴും വ്യത്യസ്തമാണ്. നിലവിൽ ഇത്തരം കൈയേറ്റത്തിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഈ കുടിയേറ്റങ്ങൾ ബംഗ്ലാ സംസാരിക്കുന്ന മുസ്‌ലിംകൾ മാത്രമാണൊ ചെയ്യുന്നത്? ഉത്തരം അല്ല എന്നാണ്, ദിബ്രൂഗ, ടിനുസ്‌കിയ തുടങ്ങിയ ജില്ലകളിലെ നിരവധി സർക്കാർ ഭൂമികൾ കൈയേറിയിരിക്കുന്നത് തദ്ദേശീയരായ ആസാമികളാണ്. പല തദ്ദേശീയരുടെയും കയ്യിൽ ഭൂമിസംബന്ധമായ രേഖകളില്ലെന്ന് ബ്രഹ്മ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

3. മുസ്‌ലിംകളെ ടാർഗറ്റുചെയ്യലും, മുഖ്യമന്ത്രി ഹിമന്ത ബിശ്വ
ശർമയുടെ എക്സ്ട്രാ ജുഡീഷ്യൽ രീതികളെ ന്യായീകരിക്കലും
ഹിമന്ത ബിശ്വ ശർമയുടെ കീഴിലുള്ള അസം സർക്കാരിന്റെ വിശാലമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കുടിയൊഴിപ്പിക്കൽ നീക്കം കാണേണ്ടത്. സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുള്ള കൈയേറ്റാരോപണങ്ങളാണ് നിലവിലുള്ളത്. 2021 അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുതൽ, ശർമയുടെ രാഷ്ട്രീയം സംസ്ഥാനത്തെ മുസ്‌ലിംകളെ അകറ്റിനിർത്താനും ‘അപരവൽക്കരിക്കാനും ലക്ഷ്യം വെച്ചുള്ളതാണ്.

സംസ്ഥാനത്തെ ബംഗാളി വംശജരായ മുസ്‌ലിംകളെ ലക്ഷ്യമിട്ട് ‘ബിജെപിക്ക് മിയ മുസ്‌ലിം വോട്ടർമാരെ ആവശ്യമില്ല ‘ എന്ന് തിരഞ്ഞെടുപ്പിൽ ശർമ പറഞ്ഞിരുന്നു.

‘ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് സംരക്ഷിക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ നിന്ന് അസമിന്റെയും ഇന്ത്യയുടെയും സംസ്‌കാരം സംരക്ഷിക്കുന്നതിൽ താൻ ഒരു തീവ്രവാദിയാണെന്ന് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ്, ഫെബ്രുവരിയിൽ അദ്ദേഹം പറഞ്ഞു.

അജ്മലും എ.ഐ.യു.ഡി.എഫും ഇന്ത്യക്കും അസമിനും ഒരു ഭീഷണിയെ പ്രതിനിധാനം ചെയ്യുന്നുവെന്നായിരുന്നു ശർമയുടെ പ്രചാരണം. അസമിന്റെ ശത്രുവെന്നും അദ്ദേഹം അജ്മലിനെ വിളിച്ചു. അജ്മൽ അസമിലുടനീളം നടത്തുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ മൗലികവാദ പ്രചാരണത്തിനായുള്ള ശ്രമമായാണ് ശർമ വിശേഷിപ്പിച്ചത്.

2021 മെയ് മാസത്തിൽ, ഹിന്ദുത്വ അനുകൂല രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെ മറികടന്ന് ബി.ജെ.പി ശർമയെ മുഖ്യമന്ത്രിയാക്കി. അധികാരമേറ്റയുടനെ, ശർമ സംസ്ഥാനത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ചുകൊഅ് നിരവധി പരാമർശങ്ങൾ നടത്തി. കൂടാതെ നീതിന്യായേതര രീതികളുടെ ഉപയോഗത്തെ ന്യായീകരിച്ചു.

2021 ജൂലൈയിൽ, ‘മുസ്‌ലിം ആധിപത്യമുള്ള ജില്ലകളിലെ ജനനനിരക്ക് തടയുന്നതിന്’ തന്റെ സർക്കാർ ‘ജനസംഖ്യാ സൈന്യത്തെ’സൃഷ്ടിക്കുമെന്ന് ശർമ പ്രഖ്യാപിച്ചു. ശർമ അധികാരമേറ്റതിന് ശേഷം നിരവധി പൊലീസ് ഏറ്റുമുട്ടലുകളും നടന്നിട്ടുഅ്. പൊലീസിന്റെ ജുഡീഷ്യറിക്ക് പുറത്തുള്ള രീതികൾ അദ്ദേഹം പരസ്യമായി തന്നെ ന്യായീകരിക്കുകയും ചെയ്തു.

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, പൊലീസിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്ത് വെടിവെക്കാൻ ശ്രമിക്കുക; അത്തരം ഒരു പാറ്റേണിൽ മാത്രമാണ് പൊലീസിന് കുറ്റവാളികളെ വെടിവെക്കാൻ അനുവാദമുള്ളൂ എന്നാണ് ശർമ 2021 ൽ പറഞ്ഞത്.
ഒരു കുറ്റാരോപിതൻ അല്ലെങ്കിൽ പ്രതി അതിലുപരി ഒരു റേപ്പിസ്റ്റായി അറിയപ്പെടുന്നയാൾ സർവീസ് തോക്ക് തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചാൽ അല്ലെങ്കിൽ ഓടിപ്പോകാൻ ശ്രമിച്ചാൽ നിയമം അയാളെ കാൽമുട്ടിന് താഴെയായി വെടിവെക്കാനനുവദിക്കുന്നുണ്ട്. അപ്പോഴും നെഞ്ചിന് നേരേ വെടിവെക്കാൻ പാടില്ല എന്നും ശർമ കൂട്ടിച്ചേർത്തു.

സിഫാജാർ അക്രമത്തിന്റെ കാര്യത്തിൽ പോലും, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേൽ കുറ്റമാരോപിക്കാൻ ശർമ ശ്രമിച്ചിട്ടുണ്ട്.

മൊയ്നുൽ ഹഖിന്റെയും ഷെയ്ഖ് ഫരീദിന്റെയും കൊലപാതകവും ‘നിയമവിരുദ്ധമായ കൈയേറ്റം’ എന്ന പേരിൽ താമസക്കാർക്കെതിരായ പൊലീസ് അതിക്രമവും ഈ പശ്ചാത്തലത്തിൽ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രസകരമെന്നു പറയട്ടെ, ഹിമാന്ത ബിശ്വ ശർമയുടെ സഹോദരൻ സുശാന്ത ബിശ്വ ശർമയുടെ ഉത്തരവിലാണ് പൊലീസ് സിവിലിയന്മാർക്ക് നേരെ വെടിയുതിർത്തത്

4. മൊയ്നുൽ ഹഖിന്റെ കൊലപാതകം
33 കാരനായ ദിവസവേതന തൊഴിലാളിയായ മൊയ്നുൽ ഹഖ് കുടുംബാംഗങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് വീണു. സെപ്റ്റംബർ 10 ലെ ഒഴിപ്പിക്കൽ നോട്ടീസ് സെപ്റ്റംബർ 19 ന് രാത്രി അവർക്ക് നൽകിയ ശേഷം, അടുത്ത പ്രഭാതത്തിൽ ഗ്രാമം ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രാമീണർ പ്രകോപിതരായി. സംഭവ ദിവസം ധൽപൂർ നമ്പർ 2 ൽ അവർ സമാധാനപരമായ പ്രതിഷേധം നടത്തി. ക്രമസമാധാനം നിലനിർത്താനും ഒഴിപ്പിക്കൽ നടത്താനും എത്തിയ പൊലീസും ഗ്രാമീണരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സ്ഥലം വിടുകയല്ലാതെ നാട്ടുകാർക്ക് മറ്റ് മാർഗമില്ലാതായി. അവർ തിരിച്ചുവന്ന് ടിൻ ഷീറ്റുകൾ കൊണ്ടും തടികൾ കൊണ്ടും നിർമിച്ച ടെന്റ് പോലുള്ള വീടുകൾ പൊളിച്ചപ്പോൾ, പൊലീസ് വിവേചനരഹിതമായി വെടിവെച്ചു-വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

‘ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള ചില ആളുകൾ പൊലീസിനെ കണ്ടു, പ്രദേശം വിട്ടു പോകാൻ സമ്മതിച്ചു. എന്നാൽ, പിന്നീട് പൊലീസ് കൂടുതൽ സന്നാഹവുമായെത്തുകയും വീടൊഴിയുന്ന ആളുകളെ ആക്രമിക്കുകയും ചെയ്തു. മൊയ്നുൽ ഹഖിന്റെ ഇളയ സഹോദരനും ആക്രമിക്കപ്പെട്ടു, ”മൊയ്നുൽ ഹഖിന്റെ ഭാര്യ മുംതാസ് ബീഗം വിവരിച്ചു.

ഹഖും കുടുംബാംഗങ്ങളും ഒരുങ്ങി നിൽക്കുമ്പോൾ, നാല്-അഞ്ച് പോലീസുകാർ അവന്റെ ഷെഡിൽ കയറി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും അടിക്കാൻ തുടങ്ങി. മർദനത്തിൽ മരിച്ചയാളുടെ മരുമകൾ ഹസ്ന ബാനോയുടെ കൈ ഒടിഞ്ഞു. പിന്നിൽ നിന്നാണ് പോലീസ് തന്നെ തല്ലിയെതെന്ന് അവർ ഓർക്കുന്നു. ഇതിൽ പ്രകോപിതനായ ഹഖ് മുള എടുത്ത് പൊലീസുകാരെ പിന്തുടർന്നു. തുടർന്ന് പൊലീസുകാർ ഹഖിനെ വളഞ്ഞിട്ട് മർദിക്കുകയും വെടിവെച്ച് കൊല്ലുകയുമാണുണ്ടായത്.

ഹഖ് ബോധരഹിതനായി നിലത്തുവീണ ശേഷം, പുറത്താക്കൽ ചിത്രീകരിക്കുന്നതി നായി ഡറാങ് ജില്ലാ ഭരണകൂടം നിയമിച്ച ഫോട്ടോഗ്രാഫർ ബിജയ് ശങ്കർ ബനിയ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ ചവിട്ടാൻ തുടങ്ങി. അയാളുടെ അതിക്രൂരമായ പ്രവൃത്തി ക്യാമറയിൽ കുടുങ്ങി.

മൂന്ന് കൊച്ചുകുട്ടികളുടെ പിതാവാണ് മൊയ്നുൽ ഹഖ്. അദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെ ആറംഗങ്ങളുള്ള കുടുംബത്തിന് ഏക വരുമാനമുളളയാളായിരുന്നു ഹഖ്. അയാൾ ഒരു ഭൂരഹിതനായ കർഷകത്തൊഴിലാളിയായിരുന്നു. രണ്ട് ആൺ മക്കളും ഒരു മകളുമുണ്ട്.

ഹഖിന്റെ ഭാര്യ മുംതാസ് ബീഗം തന്റെ ഭർത്താവ് ഇല്ലെന്ന സത്യവുമായി ഇത് വരെ താദാത്മ്യം പ്രാപിച്ചിട്ടില്ല. തന്റെ കുട്ടികളുടെ ഇരുണ്ട ഭാവിയോർത്ത് അവർ സ്വയം നഷ്ടപ്പെട്ടതായ അവസ്ഥയിലാണ്. ‘ഞങ്ങളുടെ കുട്ടികൾ അധ്യാപകരാകാനും നല്ല ജോലി നേടാനും അവൻ ആഗ്രഹിച്ചു,’ അവൾ പറഞ്ഞു.

നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെന്നതിലുപരി ജില്ലാ ഭരണകൂടത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പ്രതിനിധികൾ ആരും അവരെ ആശ്വസിപ്പിക്കാനോ അവരുടെ ദുഃഖത്തിൽ പങ്കുചേരാനോ പോലും ഇതുവരെ എത്തിയിട്ടില്ല. 1965 മുതൽ ഈ കുടുംബം നദീതീരത്താണ് താമസിക്കുന്നത്. ”പതിറ്റാണ്ടുകളായി ഞങ്ങൾ ഇവിടെ താമസിക്കുന്നു. എന്നിട്ടും ഞങ്ങളെ ‘കൈയേറ്റക്കാർ’ എന്നും ‘ബംഗ്ലാദേശികൾ’ എന്നും വിളിക്കുന്നു, ‘അവർ പറഞ്ഞു.

ഭാര്യ മുംതാസ് ബീഗത്തിനും മൂന്ന് കുട്ടികൾക്കും പുറമേ, മൊയ്നുൽ ഹഖിന്റെ കുടുംബത്തിൽ പ്രായമായ മാതാപിതാക്കളായ മൈമൂന ബീഗവും മഖ്ബൂൽ അലിയും ഉൾപ്പെടുന്നു.

5. ശൈഖ് ഫരീദിന്റെ കൊലപാതകം

സിഫാജാറിൽ നടന്ന കുടിയൊഴിപ്പിക്കലിന്റെ രണ്ടാമത്തെ ഇരയായിരുന്നു ഷെയ്ഖ് ഫരീദ്. സർക്കാർ സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 12 കാരനായ ധൽപൂർ 3-ലെ താമസക്കാരൻ. സർക്കാർ സ്‌കോളർഷിപ്പിന് ആധാർ നമ്പർ നിർബന്ധമായതിനെ തുടർന്ന് പ്രാദേശിക പോസ്റ്റോഫീസിൽ നിന്ന് ആധാർ കാർഡ് ശേഖരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പൊലീസ് ബുള്ളറ്റുകൾ തറച്ചത്.

ധോൽപൂർ -2 ന് സമീപത്തുവെച്ചാണ് അവന് വെടിയേറ്റത്. ‘വീട്ടിലേക്ക് വരാൻ ഒരു വഴിയേയുള്ളൂ. അവന് ആ പ്രദേശത്തുകൂടി പോകുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അവന് വെടിയേറ്റത്, ” ശൈഖ് ഫരീദിന്റെ സഹോദരൻ ആമിർ ഹുസൈൻ (25) പറയുന്നു. അയാളുടെ ശരീരം രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ട്, അവന്റെ വീട്ടുകാർക്ക് അറിയാവുന്ന ആളുകൾ പിതാവിനെ വിവരം അറിയിച്ചു. ഫരീദിന് വെടിയേറ്റുവെന്ന് പറഞ്ഞ് എന്റെ അച്ഛന് ഒരു കോൾ ലഭിച്ചു. അദ്ദേഹം പറഞ്ഞു, ‘ഇത് എങ്ങനെ സാധ്യമാണ്? അവൻ ആധാർ കാർഡ് എടുക്കാൻ പോയിരിക്കയാണ്, ‘എന്നായിരുന്നു അച്ഛന്റെ പ്രതികരണം, ‘അമീർ ഹുസൈൻ വിവരിച്ചു. താൻ കേട്ടത് വിശ്വസിക്കാനാവാതെ കുടിയൊഴിപ്പിക്കൽ നോട്ടീസ് പോലും ലഭിക്കാത്ത ഫരീദിന്റെ പിതാവ് സംഭവ സ്ഥലത്തേക്ക് പോയി. തന്റെ ഇളയ കുട്ടിയുടെ ജീവനില്ലാത്ത ശരീരം കുതിരവണ്ടിയിൽ ഗ്രാമവാസികൾ കൊണ്ടുവരുന്നത് കണ്ട് അയാൾ ബോധരഹിതനായി വീണു. അവന്റെ പോക്കറ്റിലപ്പോഴും പുതിയ ആധാർ കാർഡുണ്ടായിരുന്നു. ഫരീദിന്റെ വലതു നെഞ്ചിൽ വെടിയുണ്ട ഉണ്ടായിരുന്നു. സംഭവത്തിന്റെ ആഘാതത്തിൽ നിന്നും അവന്റെ മാതാപിതാക്കൾ മുക്തരായിട്ടില്ല, അവർ രോഗബാധിതരാണ്, മരുന്നുകളെ ആശ്രയിച്ചാണ് അവർ ജീവിക്കുന്നത്. നാല് സഹോദരന്മാർക്കും രണ്ട് സഹോദരിമാർക്കും ഇടയിൽ ഏറ്റവും ഇളയവനായിരുന്നു ഫരീദ്.

6. കുടിയൊഴിപ്പിക്കലിന്റെ ഭീകരത ദൃക്‌സാക്ഷികൾ വിവരിക്കുന്നു
രണ്ട് വർഷം മുമ്പ്, പ്രദേശത്തെ എല്ലാ കുടുംബങ്ങളും ദേശീയ പൗരത്വ രജിസ്റ്ററിനായി (എൻ.ആർ.സി) തങ്ങളുടെ പൗരത്വം തെളിയിക്കാനുള്ള കഠിനമായ പ്രക്രിയയിലൂടെ കടന്നുപോയി. അവർ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയിലും ഇടം നേടുകയും ചെയ്തു. ബ്രഹ്മപുത്രയിലോ നദീതീരങ്ങളിലോ പരിസര പ്രദേശങ്ങളിലോ താമസിക്കുന്നവർ തുടർച്ചയായ മണ്ണിടിച്ചിലിന്റെയും വെള്ളപൊക്കത്തിന്റെയും ഇരകളാണ്. അതിനാൽ തന്നെ അവർക്ക് തങ്ങളുടെ ഭൂമിയേതെന്ന് നിയമപരമായി തെളിയിക്കാൻ സാധ്യമല്ല. വാർഷിക വെള്ളപ്പൊക്കം കാരണം കുടിയേറ്റങ്ങൾ അത്തരം പ്രദേശങ്ങളിൽ സാധാരണമാണ്. സംസ്ഥാനത്തെ ഗ്രാമീണ ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും അവരുടെ പേരിൽ ഭൂമി പട്ടയങ്ങളില്ല.

സംസ്ഥാനത്തെ സർക്കാർ ഭൂമിയിലെ ‘കൈയേറ്റം’ എന്ന പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, മൂന്ന് വർഷത്തിലേറെയായി സർക്കാർ ഒരു പ്രത്യേക ഭൂമിയിൽ തുടർച്ചയായി താമസിക്കുന്ന ആളുകൾക്ക് 2019 ൽ സർക്കാർ സ്ഥിരം പട്ടയങ്ങൾ നൽകി. എന്നാൽ, ‘തദ്ദേശീയ’ (അതായത് അസമിലെ തനത് ഗോത്ര വർഗങ്ങളിൽ പെടുന്നവർ) കുടുംബങ്ങൾക്ക് മാത്രമേ ഇതിന് യോഗ്യതയുള്ളൂ. കുടിയൊഴിപ്പിക്കലിന് വലിയ ജനപിന്തുണ ലഭിക്കാനുള്ള കാരണം ഇതാണ്. ഈ അഭ്യാസം ‘തദ്ദേശീയ’ ഭൂമികളുടെ കൈവശാവകാശം തിരിച്ചുപിടിക്കുന്നതായി കാണുന്നു.’കൈയേറ്റക്കാർ’- എന്നാൽ തന്നെ പൊതുവായി ബംഗ്ലാ സംസാരിക്കുന്ന മുസ്‌ലിംകൾ എന്നാണ് വായിക്കപെടുക, അവർ പരിഗണിക്കപ്പെടുന്നത് ‘നിയമവിരുദ്ധമായ ബംഗ്ലാദേശികളായിട്ടാണ്’.

കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിക്കാത്ത കുടുംബത്തിലെ ഒരംഗമായ പരിക്കേറ്റ ഹസ്ന ബാനോയെ ഞങ്ങൾ കണ്ടു. പതിനഞ്ച് കാരിയായ ഹസ്ന ബാനോ സെപ്റ്റംബർ 3ന് വൈകുന്നേരം 3 മണിയോടെ ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ പോയതാണ്. ‘എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനാണ് ഞാൻ പോയത്. ആളുകൾ ഓടിപ്പോകുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചു. ഞാൻ എന്റെ അമ്മാവന്റെ വീട്ടിൽ അഭയം പ്രാപിച്ചപ്പോൾ കുറച്ച് പൊലീസുകാർ എത്തി എല്ലാവരെയും അടിക്കാൻ തുടങ്ങി. ഒരു ബാറ്റൺ എന്റെ കൈയിൽ തട്ടി, ഞാൻ അബോധാവസ്ഥയിൽ വീണു, ” അവൾ പറഞ്ഞു.
സെപ്റ്റംബർ 20-ന് സർക്കാർ ഈ പ്രദേശത്തെ 4,500 ബിഗാസ് (1,488 ഏക്കർ) ഭൂമിയിൽ കുടിയൊഴിപ്പിക്കൽ നടത്തി. ഈ പ്രക്രിയയിൽ, 800 കുടുംബങ്ങളെ പുറത്താക്കി, അവരെല്ലാം ബംഗാളി വംശജരായ മുസ്‌ലിംകളായിരുന്നു. നാല് പള്ളികൾ തകർത്തു. ഇതെല്ലാം പ്രത്യക്ഷത്തിൽ, സംസ്ഥാനത്തിന് ‘തദ്ദേശീയമായി’ കണക്കാക്കപ്പെടുന്ന ആളുകൾ ജൈവകൃഷിക്ക് ഇടമുണ്ടാക്കാനായിട്ടാണ്. പുനരധിവാസ വാഗ്ദാനങ്ങളില്ലാതെ, കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് പ്രതിരോധമില്ലാതെ ആദ്യത്തെ കുടിയൊഴിപ്പിക്കൽ പൂർണമായതായാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ, സെപ്റ്റംബർ 23 ലെ കുടിയൊഴിപ്പിക്കൽ നീക്കം അക്രമാസക്തമായി. സെപ്റ്റംബർ 18ന് ആരംഭിച്ച ഈ കുടിയൊഴിപ്പിക്കൽ വഴി സർക്കാർ ലക്ഷ്യം വെക്കുന്നത് 21,740 ബിഗകളിൽ (6 ബിഗ = 1.5 ഏക്കർ) വ്യാപിച്ചുകിടക്കുന്ന പ്രദേശം പൂർണമായും ഏറ്റെടുക്കാനാണ്. ഇത് എകദേശം ഗുവാഹത്തി നഗരത്തിന്റെ അഞ്ച് മടങ്ങ് വലുപ്പമുള്ളതാണ്. കൂറ്റൻ പ്രദേശത്തിന് ഒരു വശത്ത് ബ്രഹ്മപുത്രയും അതിന്റെ ചെറിയ പോഷക നദികളും പ്രദേശം മറികടക്കുന്നു. ഇവിടെ റോഡുകളും വൈദ്യുതി വിതരണവും കുറവാണ്. സാൻഡ് ബാറിലെ നിവാസികളെല്ലാം തന്നെ ഭൂരഹിത കർഷകരാണ്. ഇവർ മോട്ടോർ സൈക്കിളുകൾ, കുതിര വണ്ടികൾ, കാളവണ്ടികൾ എന്നിവ ഉപയോഗിച്ചാണ് അവരുടെ വിളകൾ (പച്ചക്കറികൾ, നെല്ല്, ചണം) എന്നിവ അടുത്തുള്ള ചന്തകളിലേക്ക് കൊണ്ടുപോകുന്നത്. അരുവി കടന്ന് ഒരു മണിക്കൂറോളം നടക്കുകയോ അല്ലെങ്കിൽ മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയോ ചെയ്താൽ മാത്രമെ ഇവിടെ എത്തിച്ചേരാനാകു.

തങ്ങൾക്ക് വേണ്ടത്ര മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന സർക്കാരിന്റെ വാദത്തെ ഭൂരിഭാഗം താമസക്കാരും എതിർത്തു. സർക്കാർ നീക്കം ആരംഭിക്കുന്നതിന് 24 മണിക്കൂർ മുമ്പാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നതെന്ന് അവർ പറഞ്ഞു. അസം സർക്കാരിന്റെ ഗാരുഖുട്ടി പദ്ധതി പ്രകാരമാണ് കുടിയൊഴിപ്പിക്കലുകൾ നടക്കുന്നത്. ഇത് ‘ത ദ്ദേശവാസികൾക്കായി’ കാർഷികവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിന് സർക്കാർ ഭൂമിയിൽ ‘കൈയേറ്റക്കാരെ’ നീക്കം ചെയ്യാൻ ലക്ഷ്യമിടുന്നു.

എന്നാൽ, പൊലീസ് അവരുടെ ഭാഗത്ത് നിന്നും ‘വടികളും കല്ലുകളും’ ഉപയോഗിച്ച് ആ ക്രമിച്ചതിന് ഒരു ‘വലിയ ജനക്കൂട്ടത്തെയാണ് കുറ്റപ്പെടുത്തുന്നത്. ‘കുടിയൊഴിപ്പിക്കൽ സ്ഥലത്ത് നടന്ന ചർച്ചകൾക്കുശേഷം, താമസക്കാർക്ക് അവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികളെ കുറിച്ച് ഉറപ്പുനൽകിയിരുന്നു. ഉറപ്പ് ബോധ്യപ്പെട്ട അവർ പ്രദേശം വിടുന്നതിനുമുമ്പ് അവരുടെ സാധനങ്ങൾ ശേഖരിക്കാൻ പിരിഞ്ഞുപോയി. പെട്ടെന്ന് നൂറിലധികം ആളുകൾ വടികളും കല്ലുകളും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. അവരെ പിരിച്ചുവിടാൻ ഞങ്ങൾ ആദ്യം കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. അത് അവരെ പിന്തിരിപ്പിക്കാത്തപ്പോൾ, സ്വയം പ്രതിരോധത്തിനായി ഞങ്ങൾക്ക് തത്സമയം വെടിയുണ്ടകൾ പ്രയോഗിക്കേണ്ടിവന്നു, ”കുടിയൊഴി പ്പിക്കൽ സ്ഥലത്ത് നിയോഗിക്കപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇപ്രകരമാണ് പറഞ്ഞത്.

ഗുവാഹത്തി മെഡിക്കൽ കോളജ് അശുപത്രിയിൽ ഞങ്ങൾ കണ്ടുമുട്ടിയ പരിക്കേറ്റവരിൽ ഒരാളാണ് റസിയ ഖാത്തൂൺ (26). അവളുടെ ഭർത്താവ് കുർബാൻ അലി പറഞ്ഞത്, അവൾ അവളുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് അവരുടെ സാധനങ്ങളെടുക്കാൻ സഹായിക്കാനാണ് പോയത്. അവൾ മടങ്ങി വരുന്നതിനിടയിലാണ് പ്രദേശത്തെ കുന്നിൻപുറങ്ങളിൽ നിലയുറപ്പിച്ച പൊലീസുകാരിൽ നിന്നും അവൾക്ക് വെടിയേറ്റത്. അവളുടെ അരയിൽ ഒരു വെടിയുണ്ട തുളച്ചപ്പോൾ അവളുടെ കൈകളിൽ രണ്ട് വയസ്സുള്ള മകൾ ഉണ്ടായിരുന്നു. വെടിയുണ്ട ശരീരത്തിൽ പതിച്ചപ്പോൾ അവൾ കുഴഞ്ഞു വീണു. ശരീരത്തിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു. അവളുടെ മറ്റ് രണ്ട് കുട്ടികളും അവളോടൊപ്പമുണ്ടായിരുന്നു. അവരിൽ ഒരാൾക്ക് ഏഴ് വയസ്സ് മാത്രമാണ് പ്രായം.

കുർബാൻ അലി വളരെ ബുദ്ധിമുട്ടിയാണ് റസിയ ഖാത്തൂണിനെ ആശുപത്രിയിലെത്തിച്ചത് – ആദ്യം അവളെ മോട്ടോർ ബൈക്കിൽ ബ്രഹ്മപുത്രയുടെ തീരത്തേക്ക് കൊണ്ടു പോയി. പിന്നീട് ഒരു ബോട്ടിൽ നദി കടന്ന് ഒടുവിൽ മാരുതി വാനിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുർബാൻ അലി തന്റെ ഗാമോസ (പരമ്പരാഗത ആസാമീസ് സ്‌കാർഫ്) ഉപയോഗിച്ച് രക്തസ്രാവം തടയാൻ ശ്രമിച്ചപ്പോഴും വെടിയുണ്ട കാരണം അവൾക്ക് കൂടുതൽ രക്തസ്രാവമുണ്ടായി. അവളുടെ അവസ്ഥ ഗുരുതരമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ കുർബാൻ അലിയോട് പറഞ്ഞു. എന്നിരുന്നാലും, എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനോ ചികിത്സക്ക് നഷ്ടപരിഹാരം നൽകാനോ സർക്കാരിൽ നിന്ന് ആരും അവരെ സമീപിച്ചിട്ടില്ല.

13 കാരനായ അഷ്റഫുൽ ഹുസൈന് പൊലീസിന്റെ വെടിയേറ്റ് തോളിന് പരിക്കേറ്റു. അവിടം വിട്ട് പോകാനുള്ള പൊലീസിന്റെ നിർദേശം ലഭിച്ചതിനെ തുടർന്ന് വീട്ടുപകരണങ്ങൾ കൊണ്ടുപോകാൻ സഹായിക്കാൻ സഹോദരനെ കാണാൻ എത്തിയതായിരുന്നു അഷ്റഫുൽ ഹുസ്സെൻ. പക്ഷേ, അവർ വീട്ടിൽ നിന്ന് സാധനങ്ങൾ മാറ്റിക്കൊണ്ടിരുന്നപ്പോൾ പോലും, സർക്കാർ ഉദ്യോഗസ്ഥർ ജെ.സി.ബിയുമായി വന്ന് ആളുകളുടെ വീടുകൾ നശിപ്പിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. സഹോദരന്റെ വീട്ടിലെ സാധനങ്ങൾ നീക്കുന്നതിനിടെയാണ് അഷ്‌റഫുൽ ഹുസൈന്ന് വെടിയേറ്റത്. പൊലീസ് ഇപ്പോൾ അഷ്‌റഫുൽ ഹുസൈന്റെ പേര് കേസ് നമ്പർ 758/2021 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വ്യാഴാഴ്ചയും സിഫാജാർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഹുസൈനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

7. പൊലീസിന്റെ വിവരണം

സംഭവിച്ച കാര്യങ്ങളിൽ പൊലീസിന്റെ വിവരണം താഴെ നൽകിയത് പ്രകാരമാണ്; കുടിയൊഴിപ്പിക്കലുമായി ബന്ധപെട്ട് ധോൽപൂർ സോൺ-3 യിലെത്തിയ പൊലീസുകാർ കണ്ടത് രണ്ടായിരമോ രണ്ടായിരത്തഞ്ഞൂറോ വരുന്ന നിയമവിരുദ്ധ കുടിയേറ്റക്കാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് നിരന്ന് നിന്ന് സമരം ചെയ്യുകയും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. മജിസ്‌ട്രേറ്റ് പല്ലബി കചാരി പ്രതിഷേധക്കാരെ ശാന്തരാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അവർ കൂടുതൽ അക്രമാസക്തരായി. പിന്നീട്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് താൽക്കാലിക കൺട്രോൾ റൂമിൽ ഉണ്ടായിരുന്ന കഏജ ഘഛ, ഡി.ഐ.ജി, എസ്.പി ദാരംഗ്, ഒ.സി സിഫാജാർ തുടങ്ങിയ ഉദ്യോഗസ്ഥരെ അറിയിച്ചു. കുറച്ച് സമയത്തിന് ശേഷം, അടജ (ഒഝ), ദാരംഗ്, ഡി.വൈ.എസ്പി (സെൻട്രൽ) അധിക സേനയോടൊപ്പം സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. താമസിയാതെ ഉയർന്ന ഉദ്യോഗസ്ഥരും അവിടെ എത്തി.

എസ്.പി ദാരംഗ് പ്രക്ഷോഭകരെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്താൻ കഠിനമായി ശ്രമിക്കുകയും പുനരധിവാസം നൽകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പക്ഷേ, അവർ ചെവിക്കൊണ്ടില്ല. മാത്ര മല്ല സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടരുകയും കൂടുതൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

അവരുടെ ഈ സമ്മേളനം നിയമ വിരുദ്ധമാണെന്ന് ഡി.എം സാരംഗ് മെഗാഫോൺ വഴി വിളിച്ച് പറഞ്ഞു. എന്നാൽ, പിരിഞ്ഞ് പോകുന്നതിന് പകരം കുടിയേറ്റക്കാർ കൂടുതൽ അക്രമാസക്തരായി. അവർ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ള പൊലീസ് സേനക്ക് നേരെ ആക്രമണം ആരംഭിച്ചു. കുറഞ്ഞ ഫോഴ്സിനെ ഉപയോഗിച്ച് ആ നിയമവിരുദ്ധ സമ്മേളനത്തെ പിരിച്ച് വിടാനുള്ള ഓർഡർ എക്സിക്യുടിവ് മജിസ്ട്രേറ്റ് പല്ലബി കച്ചാരി നൽകിയതിന് ശേഷം കണ്ണീർ വാതകം പ്രയോഗിച്ച് അവരെ പിരിച്ച് വിടാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, ജനക്കൂട്ടം കൂടുതൽ അക്രമാസക്തമായി. തുടർന്നാണ് ഗത്യന്തരമില്ലാതെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത്.

എന്നാൽ, ‘കൈയേറ്റക്കാർ’ കൂടുതൽ അക്രമാസക്തരായി, ‘ഡ്യൂട്ടി ഉദ്യോഗസ്ഥരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ദാവോയും മറ്റ് മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ അവർ ആക്രമിച്ചു’. ആക്രമണത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ച് വിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടിവെക്കുകയും എന്നിട്ടും പിരിഞ്ഞ് പോകാത്തവർക്ക് നേരെ മുട്ടിന് താഴെ വെടിവെക്കുകയുമാണ് ഉണ്ടായത്.

‘നടന്ന സംഭവങ്ങളെല്ലാം തന്നെ മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതും’ ‘കെട്ടിച്ചമച്ചതും’ ‘പ്രചോദിപ്പിക്കപ്പെട്ടതും’ ആയിരുന്നു. ഒരു സ്ത്രീയടക്കം എട്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്, അവരിൽ പലരെയും ഇതിനകം പിടികൂടിയിട്ടുണ്ട്. ചികിത്സയിലിരിക്കെ മൂന്ന് പേരെ ജി.എം.സി.എച്ചിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ 17 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഐപിസി 120 ബി, 143, 147, 148, 149, 341, 333, 325, 326, 307 വകുപ്പുകൾ പ്രകാരമുള്ള കേസ് അവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

8. ‘നിയമവിരുദ്ധത’, ‘അനധികൃതംം’ എന്നീ അനിയന്ത്രിതമായ ലേബലുകളുടെ ഇരകൾ
ബംഗാളി വംശജരായതിനാൽ മുസ്‌ലിംകളും ഹിന്ദുക്കളും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരിൽ നിലവിൽ വിവേചനം നേരിടുന്നുണ്ട്. എന്നാൽ, പൊലീസ് അതിക്രമം നേരിടുന്ന സിഫാജാർ നിവാസികൾ എൻ.ആർ.സിയിൽ ഉൾപ്പെട്ടവരാണ്. എന്നിരുന്നാലും, അവരെ ‘അനധികൃത കുടിയേറ്റക്കാർ’ ആയാണ് പരിഗണിക്കുന്നത്. പ്രബാജൻ വിരോധി മഞ്ച് പോലുള്ള സംഘടനകൾ സർക്കാരിന്റെ ഈ കുടിയൊഴിപ്പിക്കലിനെ പൂർണമായും പിന്തുണക്കുന്നുണ്ടെന്ന് വ്യക്തമാണ്. നുഴഞ്ഞ് കയറ്റ വിരുദ്ധമെന്നാണ് പ്രബാജൻ വിരോധിയെന്ന വാക്കിന്റെ അർഥം. അതിനാൽ സിപജാർ നിവാസികളെ വെറും കൈയേറ്റക്കാരായി മാത്രമല്ല വീക്ഷിക്കപെടുന്നത്; നുഴഞ്ഞ് കയറ്റക്കാരായാണ്. അങ്ങനെ വരുമ്പോൾ അവരുടെ അസാമിലെ സാന്നിധ്യം തന്നെ നിയമവിരുദ്ധമാകുന്നു.

പ്രദേശീയരായ തദ്ദേശീയരാണ് കാർഷിക പദ്ധതിക്കായുളള ഭൂമിയേറ്റെടുക്കലിൽ ദുരിതമനുഭവിച്ചതെന്നും, യഥാർഥ കുടിയേറ്റക്കാർക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലയെന്നും സെപ്റ്റംബർ 20ന്, പി.വി.എമ്മിന്റെ കൺവീനർ ഉപമന്യു ഹസാരിക ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, നിലവിലെ അവിടുത്തെ താമസക്കാർ തങ്ങൾ 1965 മുതൽ ആ പ്രദേശത്ത് തമാസിക്കുന്നവരാണെന്നും അവരുടെ പൂർവികർ പണ്ട് ചെറിയ സ്ഥലങ്ങൾ തദ്ദേശീയര്ൽനിന്ന് വാങ്ങിയതാണെന്നും അവകാശപ്പെടുന്നു. എന്നാൽ, വിൽപന നടന്നത് രേഖകൾ ഇല്ലാതെയാണ്.

കഴിഞ്ഞ മാസം അവസാനം കുടിയൊഴിപ്പിക്കലിനെതിരെ ധോൽപൂർ-3ൽ നിന്നുള്ള 200 കുടുംബങ്ങൾ ഗുവാഹത്തി ഹൈക്കോടതിയിൽ പോയി. സർക്കാർ, ‘കുടിയേറ്റക്കാർ’ സർക്കാർ ഭൂമിയിലാണെന്ന് പറഞ്ഞ് സത്യവാങ്മൂലം സമർപ്പിച്ചു. ഹർജിക്കാർക്ക് മറുപടി നൽകുന്നതിന് മുമ്പായി ചോദ്യം ചെയ്യപ്പെട്ട കുടിയൊഴിപ്പിക്കലുകൾ നടപ്പിലാക്കി. കേസിന്റെ അന്തിമഫലത്തിനായി കാത്തിരിക്കണമെന്ന് ഉടമസ്ഥർ ആവശ്യപ്പെടുന്നു. ബാധിത പ്രദേശത്തെ മുസ്‌ലിം നിവാസികൾ സർക്കാരും വലതുപക്ഷവും ചുമത്തിയ ‘നിയമവിരുദ്ധത’ എന്ന വിവേചനപരമായ ലേബലുകളിൽ കുടുങ്ങി കഷ്ടപ്പെടുന്നുവെന്ന് വ്യക്തമാണ്. എൻ.ആർ.സിയിൽ ഉണ്ടായിരുന്നിട്ടും ‘നുഴഞ്ഞുകയറ്റക്കാർ’ എന്ന ഈ വിവരണം സംസ്ഥാനത്ത് എവിടെയും സ്ഥിരതാമസമാക്കുന്നത് ഈ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അസാധ്യമായിത്തീരും.

വസ്തുതാന്വേഷണ സംഘം മുന്നോട്ടുവെക്കുന്ന ശുപാർശകൾ:

1) ശൈഖ് ഫരീദിന്റെയും മൊയ്നുൽ ഹഖിന്റെയും കുടുംബങ്ങൾക്ക്
സർക്കാർ നഷ്ടപരിഹാരം നൽകണം.

2) സർക്കാരിന്റെ ‘കുടിയൊഴിപ്പിക്കൽ യജ്ഞത്തിൽ’ പരിക്കേറ്റ എല്ലാവർക്കും
സർക്കാർ നഷ്ടപരിഹാരം നൽകണം.

3) നിരായുധരായ സാധാരണക്കാർക്ക് നേരെ പൊലീസ്
വെടിയുതിർത്തതിനാൽ, എസ്.പി ഡാരംഗ്, സുസന്ത ബിശ്വ ശർമ
ഉൾപ്പെടെയുള്ള ഈ ഓപ്പറേഷനിൽ ഉൾപ്പെട്ട കുറ്റക്കാരായ പൊലീസ്
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം.

4) ‘കുടിയൊഴിപ്പിക്കൽ ഡ്രൈവ്’ ഉടനടി തന്നെ നിർത്തലാക്കണം.

5) കുടിയൊഴിപ്പിക്കൽ നടപടിക്കെതിരെ സമരം ചെയ്ത
പ്രദേശവാസികൾക്കെതിരായ കേസുകൾ സർക്കാർ പിൻവലിക്കണം.

6) ഒരു കുടുംബത്തെ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയെ
കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് സർക്കാർ സമഗ്രമായ പുനരധിവാസ പദ്ധതി
പ്രഖ്യാപിക്കണം.

Related Articles