Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ: ചരിത്രവും പാഠങ്ങളും

മുഹമ്മദ് നബി (സ) മദീനയുടെ നേരെ തന്റെ ആദ്യത്തെ കാലടികള്‍ വെച്ചപ്പോള്‍ അവിടുത്തെ വിശുദ്ധ ഹൃദയത്തില്‍ സ്പന്ദിച്ചുകൊണ്ടിരുന്നത് ഈ പ്രാര്‍ഥനയായിരുന്നു:

”എന്റെ നാഥാ, എന്നെ പ്രവേശിപ്പിക്കുന്നേടത്ത് സത്യത്തോടുകൂടി എന്നെ നീ പ്രവേശിപ്പിക്കുക. എന്നെ പുറപ്പെടുവിക്കുന്നേടത്ത് സത്യത്തോടുകൂടി പുറപ്പെടുവിക്കുക, സഹായിയായി നിന്റെ പക്കല്‍നിന്നുള്ള ശക്തി എനിക്ക് നീ ഉണ്ടാക്കിത്തരിക.” മനുഷ്യന്‍ തന്റെ ഹൃദയവും ബുദ്ധിയും ദൃഷ്ടിയും കര്‍ണവുമെല്ലാം സത്യവും സഹായവും- കര്‍മപരമായ സത്യവും സനാനത മൂല്യങ്ങളുടെ സഹായവും- സ്വീകരിക്കാന്‍ വാനലോകത്തേക്കുയര്‍ത്തിയാലല്ലാതെ ചരിത്രത്തില്‍ അവന്റെ ഒരു ചലനവും സാര്‍ഥകമാവുകയോ ലക്ഷ്യം പ്രാപിക്കുകയോ ചെയ്യുകയില്ലെന്ന് അവിടുത്തേക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ, മണ്ണിലെ ഉറച്ച പാദപതനങ്ങളോട് സമന്വയിതമായിരിക്കണം ഈ ദൈവികാഭിമുഖ്യമെന്ന വസ്തുത ഒരു നിമിഷാര്‍ധം പോലും അവിടുന്ന് വിസ്മരിച്ചിട്ടില്ല.

നബി(സ)യുടെ ഹൃദയം പ്രാര്‍ഥന ഉരുവിട്ടുകൊണ്ടിരുന്നു. അപ്പോഴദ്ദേഹം തന്റെ ലക്ഷ്യത്തിലേക്കുള്ള പാതയും ആ പാതയില്‍ സഞ്ചരിക്കാനുള്ള പാഥേയവും സജ്ജീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗത്യന്തരമില്ലാത്ത ഒരു നിമിഷത്തില്‍ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നില്ല ഹിജ്‌റ. സുദീര്‍ഘമായ ഒരു കാലഘട്ടത്തിനിടയില്‍ സൂക്ഷ്മമായി പടുത്തുയര്‍ത്തിയ ഒരു മഹാഗോപുരമാണത്. നബി(സ)യും ശിഷ്യന്മാരും തന്നെയാണ് സ്വയം തൂമ്പകളേന്തി സുഭദ്രമായ ആ സ്ഥാപനത്തിന്റെ പാദകം കീറിയത്. ഇസ്‌ലാം ആഗതമായത് മനുഷ്യകുലത്തിലെ പരസ്പര പൂരകമായ മൂന്നു വൃത്തങ്ങളില്‍ അതിന്റെ അസ്തിത്വം ഉള്‍ചേര്‍ക്കാനത്രേ. മനുഷ്യന്‍, രാഷ്ട്രം, നാഗരികത ഇവയാണാ വൃത്തങ്ങള്‍. മക്കയില്‍വെച്ച് ഇസ്‌ലാം ‘മനുഷ്യന്‍’ എന്ന വൃത്തം പിന്നിട്ടു. രണ്ടാമത്തെ മേഖലയായ രാഷ്ട്രത്തിലേക്കുള്ള പ്രയാണമാര്‍ഗത്തില്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും മതപരവുമായ പ്രതിബന്ധങ്ങള്‍ ഉയര്‍ന്നുവന്നു. പക്ഷേ പ്രതിബന്ധങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാവുന്ന മേഖലയായിരുന്നില്ല അത്. കാരണം രാഷ്ട്രത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ എന്ന വൃത്തം സുരക്ഷിതമായ പുറംതോടില്ലാത്ത ഒരു ന്യൂക്ലിയസ് പോലെയാണ്. പ്രതിലോമ ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും ആത്മീയവും ഭൗതികവുമായ കൈയേറ്റങ്ങള്‍ക്കും അത് സദാ തുറന്നുകിടക്കും. രാഷ്ട്രത്തിന്റെ സംരക്ഷണമില്ലാത്ത വ്യക്തികള്‍ക്കോ സമൂഹത്തിനോ ശരിയാംവണ്ണം അവരുടെ ദൗത്യം പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്ന യാഥാര്‍ഥ്യം അനിഷേധ്യമാണ്; അവരുടെ മൂല്യങ്ങളെയും സംസ്‌കാരങ്ങളെയും നിഷേധിക്കുന്നുവെങ്കില്‍ വിശേഷിച്ചും. അതിനാല്‍ പ്രതികൂല പരിതഃസ്ഥിതികളുടെ സമ്മര്‍ദത്തിനും വ്യതിചലന പ്രേരണകള്‍ക്കും അതീതവും, മുസ്‌ലിമായ മനുഷ്യന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ പര്യാപ്തവുമായ ഒരു ഭൂപ്രദേശം കണ്ടെത്തേണ്ടത് അനിവാര്യമാകുന്നു. ഇതുതന്നെയാണ് ദ്വിതീയ വൃത്തം. ഈ വൃത്തം തന്നെയാണ് മുസ്‌ലിംകളാല്‍ സ്ഥാപിക്കപ്പെടാന്‍ ചുമതലപ്പെടുത്തപ്പെട്ട രാഷ്ട്രവും.

മക്ക രാഷ്ട്രമാകാന്‍- പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു താഴ്‌വരയും വിഗ്രഹങ്ങള്‍ തിങ്ങിയ കഅ്ബയും ഇസ്‌ലാമിന്റെ ഭൂമിയാകാന്‍- അനുയോജ്യമല്ലെന്ന് ബോധ്യപ്പെട്ട നിമിഷം മുതല്‍ ആരംഭിച്ചിട്ടുണ്ട്, ഹിജ്‌റ. അന്നുതൊട്ടുതന്നെ മുസ്‌ലിംകള്‍ക്ക് ഒരു രാഷ്ട്രവും ദേശവും നല്‍കുകയും അവരുടെ ശക്തികളെയും കഴിവുകളെയും വ്യവസ്ഥാപിതമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഹിജ്‌റക്കുവേണ്ടി പരിശ്രമിച്ചുതുടങ്ങിയിരുന്നു.

ഹിജ്‌റയുടെ ആരംഭം

ഹിജ്‌റയുടെ ആരംഭബിന്ദു കൃത്യമായി പറയുക സാധ്യമല്ല. എങ്കിലും രണ്ട് സംവത്സരങ്ങള്‍ നീണ്ടുനിന്ന രൂക്ഷമായ ശിഅ്ബു അബീത്വാലിബ് ഉപരോധത്തില്‍നിന്ന് മുസ്‌ലിംകള്‍ മോചിതരായ ഉടനെത്തന്നെ നബി(സ) ഇവ്വിഷയകമായി പ്രവര്‍ത്തന പരിപാടികളാവിഷ്‌കരിച്ചു തുടങ്ങി എന്നു നമുക്കറിയാം. ബഹുദൈവാരാധകര്‍ പൊതുവിലും വിഗ്രഹാരാധക ഖുറൈശി നേതൃത്വം പ്രത്യേകിച്ചും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരില്‍ ഇസ്‌ലാം ഉയര്‍ത്തിയ വെല്ലുവിളികളെ അന്ത്യനിമിഷംവരെ എന്തു വിലകൊടുത്തും പ്രതിരോധിക്കുവാന്‍ തയാറായിരുന്നുവെന്നതും നിസ്സംശയമത്രേ.

ഇസ്‌ലാമികമായ കഴിവുകളെ ഒരു രാഷ്ട്രത്തിന്റെ ചട്ടക്കൂട്ടില്‍ വാര്‍ത്തെടുക്കാനും സ്ഥിരമായ ദൗത്യനിര്‍വഹണത്തില്‍ കൂടുതല്‍ വിപുലമായ കാല്‍വെപ്പുകള്‍ നടത്താനും ഉപയുക്തമായ ഒരു പുതിയ സ്ഥലത്തേക്കു പുറപ്പെടാനുള്ള ശ്രമങ്ങള്‍ അതിദ്രുതമായാണ് അവിടുന്ന് നടത്തിക്കൊണ്ടിരുന്നത്. മാനുഷിക കഴിവുകളെ അസ്ഥാനത്ത് പാഴാക്കിക്കളയാതിരിക്കാന്‍ നബി(സ) അങ്ങേയറ്റം ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് അവിടുത്തെ പവിത്ര ചരിത്രം സുവ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ആഭ്യന്തരമായി വിഗ്രഹസംസ്‌കാരത്തിന്റെ തിന്മകള്‍ മുസ്‌ലിം വ്യക്തികളുടെ ഗുണങ്ങളെ നശിപ്പിക്കാനിടയാകാത്ത ഒരു സമൂഹം, പുറമെനിന്ന് വിഗ്രഹമൂല്യങ്ങളുടെ സമ്മര്‍ദമില്ലാത്ത ഒരു വ്യവസ്ഥ, മുസ്‌ലിംകളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനശേഷി ഉദ്ദിഷ്ടപഥത്തില്‍ ചലനാത്മകമാകുന്നതിനു പകരം ഖുറൈശികളുടെ കിരാത മര്‍ദനങ്ങളാല്‍ ശിഥിലമാകാനിടയില്ലാത്ത ഒരു സാഹചര്യം, അതായിരുന്നു നബി(സ)യുടെ ഉന്നം.

നബി(സ) ത്വാഇഫിലേക്ക് പുറപ്പെട്ട അന്നുതന്നെ അവിടുത്തെ ഹിജ്‌റ ആരംഭിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ആ പ്രഥമ ഹിജ്‌റ ക്രൂരവും പരിതാപകരവുമായ ഫലമാണദ്ദേഹത്തിന് നല്‍കിയത്. എങ്കിലും അവിടുന്ന് നിരാശനായില്ല. കാരണം പിന്നീട് ഒരു രാഷ്ട്രമായി വളരാവുന്ന ഹിജ്‌റക്കും അനന്തരം തന്റെ സഹായിയായിത്തീരാവുന്ന ഒരു രാഷ്ട്രത്തിന്റെ നിര്‍മാണത്തിനും വേണ്ടി പരിപൂര്‍ണമായ മാനുഷികാധ്വാനം വിനിയോഗിക്കുകയാണെങ്കില്‍ അന്തിമ വിജയം തനിക്കുതന്നെയായിരിക്കുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ത്വാഇഫിലെ ഒരു തോട്ടത്തിന്റെ മതിലിന് കീഴില്‍നിന്ന് കിതപ്പാറ്റവെ അദ്ദേഹം നാഥനോട് പ്രാര്‍ഥിച്ചു: ”(നാഥാ) നിനക്കെന്നോട് കോപമില്ലെങ്കില്‍ (ഇതൊന്നും) ഞാന്‍ സാരമാക്കുന്നില്ല!!” വീണ്ടും അവിടുന്ന് അക്ഷീണം യാത്ര തുടര്‍ന്നു. അങ്ങനെ ഹജ്ജ് സീസണില്‍ മക്കയിലണഞ്ഞുകൊണ്ടിരുന്ന വിവിധ ഗോത്രങ്ങളുടെ പ്രതിനിധി സംഘങ്ങളുമായി അദ്ദേഹം സന്ധിച്ചു. അവര്‍ക്ക് പുതിയ ദീന്‍ വിവരിച്ചുകൊടുത്തു. അവരുടെ മുമ്പില്‍ പുതിയ മതം അവതരിപ്പിക്കുന്നതോടൊപ്പം നികത്താനാവാത്ത വിടവുകള്‍ വീഴുകയും സ്ഥിതിഗതികള്‍ ഗുരുതരമാവുകയും ചെയ്യുന്നതിനു മുമ്പ് പ്രയാസമേറിയ അതിന്റെ ദൗത്യം അതിശീഘ്രം പൂര്‍ത്തീകരിക്കാനായി അവരുടെ ദേശത്ത് ആ പുതിയ മതത്തിനു അനുവാദം നല്‍കുവാനും അതിനെ സംരക്ഷിക്കാനും അവരോടാവശ്യപ്പെടുകയും ചെയ്തു. നബി(സ)ക്ക് ഹിജ്‌റ ത്വാഇഫിലേക്കാകാമായിരുന്നു. അല്ലെങ്കില്‍ പടിഞ്ഞാറോ കിഴക്കോ ഉള്ള ശക്തമായ മറ്റേതെങ്കിലും അറബി ഗോത്രത്തിന്റെ നാട്ടിലേക്കാകാമായിരുന്നു. പക്ഷേ, ആ പ്രബല ഗോത്രങ്ങളില്‍ (ബനൂകന്‍ദ, ബനൂആമിര്‍, ബനൂഹനീഫ തുടങ്ങിയവ) ഒറ്റയെണ്ണവും അദ്ദേഹത്തിനു നേരെ സഹായഹസ്തം നീട്ടിയില്ല. അവരാരും തങ്ങളുടെ നാട്ടിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്തതുമില്ല. ജാഹിലിയ്യാ വിഗ്രഹ വിശ്വാസങ്ങള്‍ അവരുടെ ഹൃദയങ്ങളെയും ദൃഷ്ടികളെയും ഘനാന്ധകാരത്തിലാഴ്ത്തിയിരുന്നു. അതിനാല്‍ നബി(സ)യോട് ഞങ്ങളങ്ങയെ സഹായിച്ചുകൊള്ളാം, ഞങ്ങളങ്ങക്ക് ബൈഅത്ത് ചെയ്യുന്നു എന്നു പറഞ്ഞിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന ശ്രേഷ്ഠതയും അന്തസ്സും അവര്‍ക്ക് കാണാനൊത്തില്ല.

നബി(സ) തനിക്കും ശിഷ്യന്മാര്‍ക്കും തങ്ങളുടെ പ്രവിശാലമായ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യാന്‍ അനുയോജ്യമായ പലായനസ്ഥാനം അന്വേഷിച്ചുകൊണ്ടേയിരുന്നു. അല്ലാഹു യസ്‌രിബില്‍ നിന്ന് ചെറിയൊരു സംഘത്തെ മക്കയിലേക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നു. അതെ, അലംഘനീയമായ ദൈവേഛ തന്നെയാണ് പ്രവാചകത്വ ലബ്ധിയുടെ പതിനൊന്നാംവര്‍ഷം അവരെ മക്കയിലേക്കാനയിച്ചത്. അഖബയില്‍ വെച്ച് നബി(സ) അവരുമായി സന്ധിച്ചു. യസ്‌രിബ് ഭാഗത്തുനിന്നു വരുന്നവര്‍ക്ക് മക്കയിലേക്ക് പ്രവേശിക്കാനുള്ള കവാടമായിരുന്നു അഖബ. അവിടെവെച്ചുതന്നെ പ്രവാചകന്‍ ഇസ്‌ലാമിനെ അവരുടെ മുമ്പിലവതരിപ്പിച്ചു. ഇസ്‌ലാമിലെ നൈതിക മൂല്യങ്ങളും സമത്വസിദ്ധാന്തങ്ങളും മനുഷ്യപ്രകൃതിയുമായി അവയ്ക്കുള്ള ഇണക്കവുമെല്ലാം അവിടുന്ന് അവര്‍ക്ക് ലളിതമായും സുഗ്രഹമായും വിവരിച്ചുകൊടുത്തു. അവര്‍ അതംഗീകരിക്കാനും ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കാനും ഒട്ടും താമസമുണ്ടായില്ല. തങ്ങള്‍ യസ്‌രിബില്‍ തിരിച്ചെത്തിയാല്‍ ഈ സത്യസന്ദേശം കൊണ്ട് സ്വന്തം ജനങ്ങള്‍ക്ക് സുവിശേഷമറിയിക്കുന്നതാണെന്ന് ആ ചെറുസംഘം നബി(സ)ക്ക് വാഗ്ദത്തം നല്‍കുകയും ചെയ്തു. ഒരു വര്‍ഷം കടന്നുകഴിഞ്ഞില്ല, യസ്‌രിബില്‍നിന്നുള്ള മറ്റൊരു സംഘം അതേസ്ഥാനത്തുവെച്ച് നബി(സ)യുമായി സന്ധിച്ചു. മദീനയിലെ പ്രമുഖ ഗോത്രങ്ങളായ ഔസില്‍നിന്നും ഖസ്‌റജില്‍നിന്നുമുള്ള 12 പേര്‍ അടങ്ങിയതായിരുന്നു ആ സംഘം. കഴിഞ്ഞ വര്‍ഷം നബിയുമായി സംസാരിച്ച ആറുപേരും അവരിലുള്‍പ്പെട്ടിരുന്നു. ഇപ്രാവശ്യം അവരെത്തിയത് തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കാനല്ല. പിന്നെയോ, ഇസ്‌ലാമിന്റെ ലക്ഷ്യങ്ങളും മൂല്യങ്ങളും സംസ്‌കാരവും മുറുകെ പിടിക്കുന്നതാണെന്ന് നബി(സ)യുമായി കരാര്‍ ചെയ്യാനായിരുന്നു. അടുത്ത പാദം മുന്നോട്ടുവെക്കാന്‍, തന്റെ പഴയ ആവശ്യം-അവരുടെ ദേശത്ത് ഇസ്‌ലാമിനെ അനുവദിക്കുകയും അവരതിനെ സംരക്ഷിക്കുകയും ചെയ്യുക-ഉന്നയിക്കാന്‍ നബി(സ) ധൃതി കാണിക്കണമെന്നുദ്ദേശിച്ചില്ല. തന്റെ കര്‍മബുദ്ധിയുടെയും, തന്നെ വലയം ചെയ്തിട്ടുള്ള ദൈവിക പ്രകാശത്തിന്റെയും സഹായത്താല്‍ പുതിയ ശിഷ്യന്മാരുടെ പ്രവര്‍ത്തന ഫലങ്ങള്‍ നിരീക്ഷിക്കുകയും, സാധ്യതകളും പ്രശ്‌നങ്ങളും ആരായുകയുമാണാദ്യം വേണ്ടതെന്ന് അവിടുന്ന് തീരുമാനിച്ചു. പ്രഥമ കൂടിക്കാഴ്ചയില്‍ ആഗതര്‍ക്ക് ഇസ്‌ലാമിനെ നന്നായി പരിചയപ്പെടുത്തുക മാത്രമേ അവിടുന്നു ചെയ്തുള്ളൂ. അവരില്‍നിന്ന് യാതൊരു കരാറും വാങ്ങാതെയാണ് അവിടുന്ന് അവരോട് വിടപറഞ്ഞത്. രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ പ്രവാചകന്‍ അവരുമായി ബൈഅത്ത്-കരാര്‍-ചെയ്തു. വേണമെങ്കില്‍ അതിനെ നമുക്ക് ഒരു സമാധാനസന്ധി എന്ന് വിളിക്കാം. അവരില്‍ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാന്‍ യുവ പ്രബോധകനായ മിസ്അബുബ്‌നു ഉമൈറിനെ കൂടെ അയച്ചുകൊടുക്കുകയും ചെയ്തു. ആദ്യവട്ടം ഇങ്ങനെയൊരു പ്രവര്‍ത്തകനെ യസ്‌രിബിലേക്കയക്കാനും അദ്ദേഹം മുതിര്‍ന്നിരുന്നില്ല. കാരണം ഭാവിയെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ അവിടുത്തേക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. യസ്‌രിബില്‍ ദീനുല്‍ ഇസ്‌ലാമിന് ശോഭനമായ ഭാവി വിളംബരം ചെയ്തുകൊണ്ട് രണ്ടാമത്തെ പ്രതിനിധിസംഘം എത്തിച്ചേരുകയും ബൈഅത്ത് നല്‍കുകയും ചെയ്തപ്പോള്‍ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രബോധനത്തിന്റെയും കാര്യങ്ങള്‍ നോക്കിനടത്താന്‍ ഒരു പ്രതിനിധിയെ അങ്ങോട്ടയക്കുകയായിരുന്നു.

മാസങ്ങള്‍ക്കു പിറകെ മാസങ്ങള്‍ കടന്നുപോയി. മദീനയില്‍ മിസ്അബ് വിശ്രമമെന്തെന്നറിയാതെ ക്ഷീണം മറന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഖുര്‍ആനിലൂടെ ചലനം കൊണ്ടു. ഖുര്‍ആന്‍കൊണ്ട് ജനങ്ങളുടെ ബുദ്ധിയെയും ഹൃദയത്തെയും ചലിപ്പിക്കുകയും ചെയ്തു. ദിവ്യസൂക്തങ്ങളുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണല്ലോ അമാനുഷമായ വശീകരണശക്തി. വീര്‍പ്പടക്കിപ്പിടിച്ച് ശ്രദ്ധിച്ചുനില്‍ക്കുന്ന ജനങ്ങളുടെ മധ്യത്തില്‍നിന്ന് മിസ്അബ് അത് പാരായണം ചെയ്യുമ്പോള്‍ ആ വശീകരണ ശക്തി അവര്‍ണനീയമാംവണ്ണം വര്‍ധിച്ചിരുന്നു. മദീനയുടെ നാല്‍ക്കവലകളും തെരുവുകളും മിസ്അബ് വിശുദ്ധ ഖുര്‍ആന്റെ സുതാര്യവും ഗംഭീരവുമായ ധ്വനികള്‍കൊണ്ട് നിറച്ചു. പ്രവാചകനിയോഗത്തിന്റെ പതിമൂന്നാം വര്‍ഷം ഹജ്ജുകാലം ആസന്നമായപ്പോള്‍ അദ്ദേഹം മക്കയിലേക്ക് പുറപ്പെട്ടു. തന്റെ നായകനായ പ്രവാചകനെ കാണാനുള്ള ഉല്‍ക്കടമായ ആവേശത്താല്‍ വിങ്ങുകയായിരുന്നു ആ യുവഹൃദയം. മക്കയില്‍ അദ്ദേഹം നബിയുമായി സന്ധിച്ചു. യസ്‌രിബിലെ തന്റെ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ നബി(സ)ക്ക് വിവരിച്ചുകൊടുത്തു. യസ്‌രിബ് നിവാസികളുടെ വമ്പിച്ച ഒരു പ്രതിനിധി സംഘത്തെയും കൊണ്ട് അടുത്തുതന്നെ താന്‍ നബിയെ സന്ദര്‍ശിക്കുന്നുണ്ടെന്നും ആ സംഘം തീര്‍ച്ചയായും നബിയുടെ കണ്ണിനും കരളിനും കുളിരേകുമെന്നും കൂടി മിസ്അബ് അറിയിച്ചു.

പുതിയ പ്രതിനിധി സംഘവുമായി നബി(സ) സന്ധിച്ചതും അഖബയില്‍ വെച്ചുതന്നെയായിരുന്നു. എഴുപത്തിമൂന്നു പുരുഷന്മാരും രണ്ടു വനിതകളുമായിരുന്നു ഇപ്രാവശ്യം സംഘത്തിന്റെ അംഗസംഖ്യ. അര്‍ധരാത്രിയാണ് പ്രതിനിധികള്‍ നബിയെ കാണേണ്ടതെന്ന് രഹസ്യമായി തീരുമാനിക്കപ്പെട്ടിരുന്നു. അങ്ങനെ ശത്രുക്കളുടെ ചികയുന്ന ദൃഷ്ടികളെല്ലാം അടയുകയും കുടില ഹൃദയങ്ങള്‍ അബോധത്തെ പുണരുകയും പ്രപഞ്ചം കൂരിരുട്ടിന്റെ കരിമ്പടം പുതയ്ക്കുകയും മക്കയില്‍ നിശ്ശബ്ദതയും നിശ്ചലതയും നിറഞ്ഞുനില്‍ക്കുകയും ചെയ്തപ്പോള്‍ സംഘാംഗങ്ങള്‍ പാത്തും പതുങ്ങിയും ഒറ്റയായും ഇരട്ടയായും തിരുസമക്ഷത്തിലണഞ്ഞു. അവിടെ വെച്ച് രണ്ടാം ബൈഅത്ത് -മഹത്തായ ബൈഅത്ത് – നടക്കുകയും ചെയ്തു. ഇപ്രാവശ്യം കരാര്‍ ഖണ്ഡിതവും സ്പഷ്ടവും പൂര്‍ണവുമായ രൂപത്തിലായിരുന്നു. യുദ്ധത്തിലും സമാധാനത്തിലും തങ്ങള്‍ ഇസ്‌ലാമിനും അതിന്റെ താല്‍പര്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുമെന്ന് അവര്‍ അല്ലാഹുവിനെപ്പിടിച്ചാണയിട്ടുകൊണ്ടും, നബിയുടെ വിശുദ്ധ കരത്തില്‍ കരങ്ങള്‍ ചേര്‍ത്തുകൊണ്ടും പ്രതിജ്ഞ ചെയ്തു. നബി (സ)യെ അവര്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അവിടത്തെ ദൗത്യത്തെ എതിര്‍ക്കാനും സംഘത്തെ നശിപ്പിക്കാനും ശ്രമിക്കുന്ന ഏതു ശക്തിക്കെതിരിലും ആയുധമുയര്‍ത്താന്‍ അവര്‍ തെല്ലും ശങ്കിക്കുകയില്ല. ബൈഅത്ത് പൂര്‍ത്തീകരിച്ചു തിരിച്ചുപോകുന്നതിനു മുമ്പ് നബി(സ) ആ സംഘത്തില്‍നിന്ന് ഒരു പന്ത്രണ്ടംഗ പ്രബോധകസമിതിയെ തെരഞ്ഞെടുത്തു. മദീനയില്‍ ഇസ്‌ലാമിക സംസ്‌കാരം വളര്‍ത്തുകയായിരുന്നു അവരുടെ മുഖ്യ ചുമതല. ഈ സമിതിയുടെ രൂപീകരണത്തില്‍ നബി(സ)യുടെ സമര്‍ഥമായ ഒരു പ്രബോധനതന്ത്രം ഒളിഞ്ഞുകിടക്കുന്നുണ്ട്.

മദീനയില്‍ ഇസ്‌ലാമിനെ തദ്ദേശീയമായ ഒരു മതമാക്കി മാറ്റുകയായിരുന്നു അത്. ഇസ്‌ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതോ വിദേശീയര്‍ പ്രബോധനം ചെയ്യുന്നതോ ആയ ഒരാശയമായി യസ്‌രിബ് നിവാസികള്‍ക്ക് തോന്നാതിരിക്കേണ്ടത് അവഗണിച്ചുകൂടാത്ത ഒരാവശ്യമായിരുന്നു. പ്രബോധകരെ മക്കയില്‍നിന്ന് നിയോഗിച്ചയക്കുന്നതിനു പകരം മദീനാവാസികളെത്തന്നെ പ്രബോധകരായി നിശ്ചയിക്കുകയാണ് അതിന് ഏറ്റവും ഉചിതവും വിജയകരവുമായ മാര്‍ഗം. അപ്പോള്‍ ഇസ്‌ലാം അവരുടെ സ്വന്തം നിധിയും അവര്‍ അതിന്റെ ഉടമസ്ഥരും കാവല്‍ക്കാരുമായി മാറുന്നു.

പുരോഗതിയുടെ മാര്‍ഗത്തില്‍ നബിയുടെ ഭദ്രമായ കാല്‍വെപ്പുകളായിരുന്നു അത്. ഇതോടൊപ്പം അവിടുന്ന് സമര്‍ഥരായ നിരീക്ഷകന്മാരുടെ സഹായമുപയോഗിച്ച് പ്രശ്‌നങ്ങളെയും സാധ്യതകളെയും നിരങ്കുശമായി ആരാഞ്ഞുകൊണ്ടുമിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവിക മാര്‍ഗദര്‍ശനവും സഹായവും ഒരു നിമിഷം പോലും അവിടുത്തെ വിട്ടുപിരിഞ്ഞിട്ടുമില്ല. അല്ലെങ്കില്‍ യസ്‌രിബിലെ പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഒന്നിനു പിറകെ ഒന്നായി ഭാവിയിലേക്ക് സുവര്‍ണ കിരണങ്ങള്‍ പ്രസരിച്ച ആ പ്രതിനിധിസംഘങ്ങളെ റസൂലിന്റെ മുമ്പിലേക്ക് നയിച്ചതാരായിരുന്നു?

മദീനയിലേക്കുള്ള ഹിജ്‌റ

നബി(സ) തന്റെ ശിഷ്യന്മാര്‍ക്ക് ഹിജ്‌റ ആരംഭിക്കാന്‍ കല്‍പന കൊടുത്തു. കഴിയുന്നത്ര രഹസ്യമായും ഒറ്റയായും വേണം അവര്‍ പുറപ്പെടാനെന്നും അവിടുന്ന് നിര്‍ദേശിച്ചു. തുടര്‍ന്ന് മക്കാ തെരുവുകള്‍ക്ക് പരിചിതമായ പല പാദങ്ങളും അവിടെ പതിയാതായി. നിരവധി വീടുകളില്‍നിന്ന് ദിനേന അംഗങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഖുറൈശികളുടെ നിശാസഭകള്‍ പ്രവാചക ശിഷ്യന്മാരുടെ ധാരമുറിയാത്ത തിരോധാനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. പക്ഷേ ശിഷ്യന്മാരുടെ ഹിജ്‌റയുടെ സുരക്ഷിതത്വത്തിന് മേല്‍നോട്ടം വഹിക്കുകയായിരുന്നു അവിടുന്ന്. പുറപ്പെട്ടുകൊള്ളാനുള്ള ദൈവിക നിര്‍ദേശം ലഭിക്കുന്നതുവരെ നബി(സ)യും, തന്നോടൊപ്പം നില്‍ക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരും മക്കയില്‍തന്നെ അവശേഷിച്ചു.

തുടര്‍ച്ചയായ ഈ അപ്രത്യക്ഷമാകല്‍ ഖുറൈശികള്‍ കാണുന്നുണ്ടായിരുന്നു. ആദ്യമൊന്നും അവരതത്ര കാര്യമാക്കാതിരിക്കാന്‍ ശ്രമിച്ചു. പലായനം ഒരു നിരന്തരമായ പ്രവാഹമാണെന്നു കണ്ടപ്പോള്‍ അവര്‍ കണ്ണുതുറന്നു. മക്കയിലെ മുസ്‌ലിംകളുടെ സംഖ്യ അതിശീഘ്രം ക്ഷയിച്ചുകൊണ്ടേയിരിക്കുകയാണ്. അവര്‍ മരിച്ചു തീരുകയല്ല, മനം മാറുകയല്ല, അവര്‍ അപ്രത്യക്ഷരാവുകയാണ്. നാട് വെടിഞ്ഞ് പോവുകയാണ്. അവര്‍ക്ക് നാടുവേണ്ട, വീടുവേണ്ട, സഹധര്‍മിണികളും സന്താനങ്ങളും സമ്പത്തും വേണ്ട. എല്ലാം പിന്നില്‍ ഇട്ടെറിഞ്ഞ് വെറും കൈയോടെ, എന്നാല്‍ ഒരിക്കലും തീരാത്ത, ആരാലും തട്ടിപ്പറിക്കപ്പെടാത്ത അക്ഷയമായ പാഥേയങ്ങളും പരിവാരങ്ങളും കൂടെ കൊണ്ടുപോകുന്നവരെപ്പോലെ നിര്‍ഭയരായി അവര്‍ മക്കയില്‍ നിന്ന് യാത്ര തിരിക്കുന്നു. കുടുംബത്തെക്കാളും സമ്പത്തിനെക്കാളുമെല്ലാം മഹത്തരവും വിലപിടിച്ചതുമായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലുള്ള വിശ്വാസവും കൂറും തന്നെയായിരുന്നു അവരുടെ പാഥേയം. ക്ഷണികമായ ദേഹേഛകളും വ്യഷ്ടിഗതവും സമഷ്ടിഗതവുമായ ക്ഷുദ്രതാല്‍പര്യങ്ങളും അഗണ്യകോടിയില്‍ തള്ളിക്കളയാന്‍ അവര്‍ സന്നദ്ധരാണ്. പലായനത്തിന്റെ പരിണതിയായി സാക്ഷാത്കരിക്കപ്പെടാനിരിക്കുന്ന ലക്ഷ്യത്തിനു വേണ്ടി തങ്ങളുടെ ജീവന്‍ പോലും തൃണവത്ഗണിക്കാന്‍ അവര്‍ക്കു മടിയില്ല. എന്നിരിക്കെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതെങ്ങനെ?

ഖുറൈശി മുശ്‌രിക്കുകള്‍ക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം നന്നായറിയാം. അതുകൊണ്ടുതന്നെ മക്ക മുസ്‌ലിംകളില്‍നിന്ന് മോചിതമാകുന്നതിനെ അവര്‍ സന്തോഷത്തോടെയല്ല വീക്ഷിച്ചത്. ഓരോ മുസല്‍മാന്റെയും ഹിജ്‌റ ഖുറൈശി നേതാക്കളില്‍ ഞെട്ടലാണുളവാക്കിയത്. ഓരോ മുസ്‌ലിമിന്റെയും തിരോധാനം ഇസ്‌ലാമിനെ അതിന്റെ ഞാറ്റടിയില്‍തന്നെ കരിച്ചുകളയാമെന്ന അവരുടെ പ്രതീക്ഷയില്‍ പതിച്ച തീപ്പന്തമായിരുന്നു. ഓരോ പലായനത്തിലും അപ്രതിരോധ്യമായ ഒരു തിരിച്ചുവരവിന്റെ ഭീഷണിയുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ തിരോധാനം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് അവര്‍ക്ക് ബോധ്യമായി. താമസംവിനാ പ്രമാണിമാര്‍ യോഗം ചേര്‍ന്നു. അഭിപ്രായങ്ങള്‍ ഓരോന്നായി പ്രവഹിച്ചുകൊണ്ടിരുന്നു. നബി(സ)യെ പിടികൂടി ഒരിടത്ത് ചങ്ങലയില്‍ ബന്ധിച്ചിടുക; വേണ്ട, ഒരു മരുഭൂമിയുടെ ഏതെങ്കിലും വിദൂര മൂലയിലേക്ക് നാടുകടത്തുകയാണ് നല്ലത്. അതുകൊണ്ടും ഫലമില്ല. അവനെ വധിക്കുക മാത്രമേ പ്രതിവിധിയുള്ളൂ. പക്ഷേ, അതെങ്ങനെ? ഹാശിം കുടുംബം. മക്കയിലെ ഏറ്റവും വലിയ ആഢ്യഗൃഹം. സ്വാഭിമാനികള്‍, സമ്പന്നര്‍, ശക്തര്‍; കഅ്ബാ പരിപാലകരെന്ന നിലയില്‍ പ്രശസ്തരും. എന്തുതന്നെയായാലും തങ്ങളില്‍നിന്നൊരുവന്‍ വധിക്കപ്പെടുന്നത് അവര്‍ പൊറുക്കില്ല. ഘാതകന്റെ ഗോത്രത്തെ അവര്‍ നിലംപരിശാക്കും, തീര്‍ച്ച. അവസാനിക്കാത്ത ആഭ്യന്തര യുദ്ധത്തിന് അത് തുടക്കം കുറിക്കും. അതിനും പോംവഴി നിര്‍ദേശിക്കപ്പെട്ടു. മുഹമ്മദിനെ ഒരാളോ ഒരു കുടുംബമോ തനിച്ചു വധിക്കരുത്. എല്ലാ ഗോത്രങ്ങളും ചേര്‍ന്നുവേണം വധം നടപ്പാക്കാന്‍. ഈ പദ്ധതി വിജയിച്ചാല്‍ ഈ പുത്തന്‍ പ്രസ്ഥാനത്തിന്റെ കഥ അതോടെ തീരും. മുഹമ്മദിന്റെ മരണം ഒരു വ്യക്തിയുടെ മരണമല്ല. ഒരു പ്രസ്ഥാനത്തിന്റെ, ‘വിനാശകരമായ’ ഒരു തത്ത്വശാസ്ത്രത്തിന്റെ മരണമാണ്. അതുകൊണ്ട് ആ മരണം സംഭവിച്ചേ തീരൂ. നാമെല്ലാവരും ചേര്‍ന്നു അയാളെ വധിക്കുക. ഹാശിം കുടുംബത്തോട് നമുക്ക് പറയാം; ഞങ്ങളെല്ലാവരും, മക്കയിലെ ഓരോ വീട്ടുകാരുമാണ് മുഹമ്മദിനെ വധിച്ചത്. എല്ലാ ഗോത്രങ്ങളുടെയും സന്തതികളുടെ കൈകളില്‍ മുഹമ്മദിന്റെ രക്തമുറ്റുന്ന വാളുകളുള്ളതായി നമുക്കവര്‍ക്ക് കാണിച്ചുകൊടുക്കാം.

നബി(സ)യുടെ പുറപ്പാട്

അല്ലാഹുവിന്റെ മലക്ക് മുഖേന ദിവ്യസന്ദേശം അവതരിക്കുന്നു: ‘പുറപ്പെട്ടുകൊള്ളുക.’ നബ(സ) അക്ഷമയോടെ കാത്തിരുന്ന നിര്‍ദേശമായിരുന്നു അത്. മുഹാജിറുകളും തദ്ദേശീയ മുസ്‌ലിംകളും തീക്കനല്‍ പോലെ തപിച്ചു തിളങ്ങുന്ന പ്രതീക്ഷകളുമായി തന്റെ ആഗമനവും നോക്കിയിരിക്കുന്ന കേന്ദ്രത്തിലെത്തിച്ചേര്‍ന്നു. വാഗ്ദത്തഭൂമിയില്‍ പ്രബോധനത്തിന്റെ പുതിയ കാല്‍വെപ്പുകളാരംഭിക്കുന്നതിന്, മക്ക വെടിഞ്ഞു പലായനം ചെയ്യാന്‍ വെമ്പല്‍കൊള്ളുകയായിരുന്നു അവിടുത്തെ ഹൃദയം. പക്ഷേ, തന്റെ പരിപാടികള്‍ അല്ലാഹു ശ്രദ്ധിക്കുകയും ശരിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് അവിടുന്ന് ഒന്നിനും ആവശ്യത്തിലധികം ധൃതി കാണിച്ചില്ല. കല്‍പിക്കപ്പെട്ട പലായനത്തിന് തനിക്കു നല്‍കപ്പെട്ട ദീര്‍ഘദൃഷ്ടിയും ബുദ്ധിശക്തിയും കഴിയുന്നത്ര ഉപയോഗപ്പെടുത്തി തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടായിരുന്നു അദ്ദേഹത്തിന്. മനുഷ്യന്റെ പ്രകൃതിപരമായ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുകഴിഞ്ഞ ശേഷമേ ആര്‍ക്കും അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹത ലഭിക്കുന്നുള്ളൂ. ഇസ്‌ലാമിക പ്രബോധകരെ ആദ്യന്തം നയിക്കുന്നത് അഭൗമികമായ ദൈവസഹായം മാത്രമാണെങ്കില്‍ അവര്‍ക്ക് ബുദ്ധിയും വിവേചനശക്തിയും ഇഛാസ്വാതന്ത്ര്യവും നല്‍കപ്പെടുന്നതെന്തിന്? നബി(സ)യുടെ ഹിജ്‌റയുടെ സജ്ജീകരണങ്ങളും, സുരക്ഷിതമായും വിജയകരമായും അത് നിര്‍വഹിച്ച വിധവും എത്ര സമര്‍ഥവും തന്ത്രപരവുമായിരുന്നുവെന്ന് വര്‍ണിക്കുക സാധ്യമല്ല.

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദര്‍ശം അംഗീകരിച്ച രണ്ട് ശിഷ്യന്മാരെ നബി(സ) മക്കയില്‍ അവശേഷിപ്പിക്കുന്നു. ഹിജ്‌റാ സംരംഭത്തില്‍ അതിപ്രധാനമായ ചില സംഗതികള്‍ നിര്‍വഹിക്കാനായിരുന്നു അവരിരുവരെയും മക്കയില്‍ തന്നെ നിര്‍ത്തിയത്. അലി(റ)ക്കുണ്ടായിരുന്നത് ഒന്നില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ്. നബി(സ)യുടെ ശയ്യയില്‍ അദ്ദേഹത്തിന് പകരം ശയിക്കുകയായിരുന്നു അതില്‍ ഒന്നാമത്തേത്. നബിയുടെ പക്കല്‍ ആളുകള്‍ സൂക്ഷിക്കാനേല്‍പിച്ചിരുന്ന നിക്ഷേപങ്ങള്‍ ഉമടകള്‍ക്ക് തിരിച്ചേല്‍പിക്കുകയെന്നതും അലിയുടെ അതിപ്രധാനമായ ചുമതലയായിരുന്നു.

ചിലര്‍ക്കു തോന്നിയേക്കാം: ശാഖാപരമായ ധാര്‍മിക നിയമങ്ങള്‍ പാലിക്കുന്നതിനേക്കാള്‍ മഹത്തരമായ ഒരു ലക്ഷ്യമാണ് ഹിജ്‌റയുടെ പിന്നിലുള്ളത്. അതുകൊണ്ട് വിജയകരമായി ഹിജ്‌റ നടത്തുക, അതാണ് പ്രധാനം. വേണമെങ്കില്‍ ഇത്രകൂടി പറയാം: നബി(സ)യുടെ പക്കല്‍ കുന്നുകൂടിയ സൂക്ഷിപ്പുസ്വത്തുക്കള്‍, തന്നെ മര്‍ദിച്ചോടിക്കുന്നവരുടെ ധനമാണ്. അവ തിരിച്ചുകൊടുക്കാതെ മദീനയിലേക്ക് കൊണ്ടുപോവുകയായിരുന്നു അവിടുന്ന് ചെയ്യേണ്ടത്. അവിടെ താന്‍ സ്ഥാപിക്കുന്ന പുതിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ അടിത്തറ ഭദ്രമാക്കാന്‍ അതുപയോഗിക്കുകയും ചെയ്യാം. ആധുനിക വിപ്ലവപ്രസ്ഥാനങ്ങളുടെ നിലപാടുകളോടും വീക്ഷണങ്ങളോടും തുലനം ചെയ്താല്‍ അത് അനീതിയോ അക്രമമോ ഒന്നുമല്ല. വിപ്ലവത്തിന്റെ താല്‍പര്യം മാത്രമാണ്.

പക്ഷേ, ഇസ്‌ലാമിന്റെ വീക്ഷണങ്ങളും പ്രവാചകന്റെ നയങ്ങളും തികച്ചും വ്യത്യസ്തമാണ്. സന്ദിഗ്ധ വേളകളിലും പ്രതിസന്ധികളിലും ധാര്‍മിക മൂല്യങ്ങളില്‍നിന്ന് അവസരോചിതം മോചിതമാകുന്നുവെങ്കില്‍ ഭൗതിക പ്രസ്ഥാനങ്ങളും ഇസ്‌ലാമും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കാതെ നബി(സ) പലായനം ചെയ്തിരുന്നുവെങ്കില്‍ അത് മക്കയിലെ പ്രതിയോഗികളില്‍ സൃഷ്ടിക്കുമായിരുന്ന പ്രതികരണമെന്തായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കുക. ഇളിഭ്യതയുടെയും രോഷത്തിന്റെയും തീക്കുണ്ഡത്തില്‍ കിടന്ന് എരിയുന്ന അവര്‍ വിളിച്ചുകൂവുമായിരുന്നു: ”വിശ്വസ്തന്‍ (അമീന്‍) മോഷ്ടാവ് (സാരിഖ്) ആയി മാറിയിരിക്കുന്നു. ഞങ്ങള്‍ നേരത്തേ പറഞ്ഞില്ലേ, അവനുവേണ്ടത് പണമാണെന്ന്!!”

എന്നാല്‍ അബൂബക്ര്‍(റ)ന്റെ- ഹിജ്‌റയില്‍ നബി(സ)യുടെ സഹയാത്രികനാകാന്‍ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമായിരുന്നു- ഭാഗ്യം അപരിമേയം തന്നെ. ഒരപരാഹ്നത്തില്‍ നബി(സ) ഏകനായി പാത്തും പതുങ്ങിയും അബൂബക്‌റിന്റെ വീട്ടില്‍ കയറിച്ചെല്ലുന്നു. പതിവില്ലാത്ത രീതിയില്‍ പതിവില്ലാത്ത സമയത്ത് അതും സംത്രാസിതനായിക്കൊണ്ട് നബി(സ) ആഗതനായപ്പോള്‍ വീട്ടുകാര്‍ അമ്പരന്നു. പക്ഷേ, നബി ആ അമ്പരപ്പ് കാര്യമാക്കുന്നില്ല. അവിടുന്ന് ധൃതിയില്‍ തന്റെ ആത്മമിത്രത്തെ സമീപിച്ച് അവിടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ രണ്ട് പെണ്‍കുട്ടികളെയും പറഞ്ഞുവിടാനാവശ്യപ്പെട്ടു. നബി(സ) സമാധാനമായി ഇരിക്കണമെന്നും ഒന്നും ഭയപ്പെടേണ്ടതില്ലെന്നും അബൂബക്ര്‍ അവിടുത്തെ ആശ്വസിപ്പിക്കുന്നു. അദ്ദേഹം അബൂബക്‌റിനോട് പറഞ്ഞു: ”അബൂബക്ര്‍, മക്കയില്‍നിന്ന് പലായനം ചെയ്യാന്‍ അല്ലാഹു എനിക്ക് അനുവാദം നല്‍കിയിരിക്കുന്നു.” അബൂബക്ര്‍(റ) ചാടിയെഴുന്നേറ്റുകൊണ്ട് പറഞ്ഞു: ”തിരുദൂതരേ, ഞാന്‍ കൂടെ വരണ്ടേ?” നബി(സ) ശാന്തനായി പ്രതിവചിച്ചു: ”നിങ്ങള്‍ കൂടെ വരിക.” ആഇശ(റ) പ്രസ്താവിക്കുന്നു: ”അല്ലാഹുവാണ, അബൂബക്ര്‍ അന്ന് സന്തോഷംകൊണ്ട് കരയുന്നത് കാണുന്നതിനു മുമ്പ് ആരെങ്കിലും സന്തോഷം കൊണ്ട് കരയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല!!”

‘പുറപ്പെടുക’ എന്ന അനുമതി കിട്ടിയപാടെ കൈയും വീശി യാത്രതിരിക്കുകയല്ല നബി(സ) ചെയ്തത്. മനുഷ്യധിഷണയുടെ പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അതിസമര്‍ഥമായ പരിപാടികള്‍ അതിനും ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. ഖുറൈശികള്‍ അശ്രദ്ധരായിരിക്കാന്‍ ഏറ്റവും സാധ്യതയുള്ള നിമിഷത്തില്‍ തന്നെ അവിടുന്ന് വീട്ടിന്റെ പിന്‍വശത്തുള്ള ജാലകത്തിലൂടെ പുറത്തുകടന്നു രക്ഷപ്പെട്ടു. യമനിലേക്കുള്ള വീഥിയിലൂടെ നേരെ തെക്കോട്ട് സഞ്ചരിച്ച് സൗര്‍ പര്‍വതത്തിലെ ഒരു ഗുഹയില്‍ അഭയം തേടി. നബി(സ)യെ തെരഞ്ഞുപിടിക്കാന്‍ മക്കയുടെ ചുറ്റുപാടും പരതിനടക്കുന്ന രോഷാകുലരായ ഖുറൈശി വളണ്ടിയര്‍മാര്‍ നിരാശരായി തിരിച്ചുവരാനും ഖുറൈശികളുടെ കോപം ശമിക്കാനും കാത്തുകൊണ്ട് അവര്‍ മൂന്നു നാള്‍ ആ ഗുഹയില്‍തന്നെ പാര്‍ത്തു. അനന്തരം, സാധാരണ ഉപയോഗിക്കാതെ കിടന്നിരുന്ന ദുര്‍ഘടമായ ഒരു പാതയിലൂടെ യാത്രയാരംഭിച്ചു. അവര്‍ക്ക് വഴികാണിച്ചിരുന്നതോ, ഒരു അവിശ്വാസി തന്നെ. ഒരു വഴികാട്ടി എന്ന നിലയിലുള്ള അയാളുടെ കഴിവും വിശ്വസ്തതയും മാത്രമേ അവിടെ പരിഗണിക്കപ്പെട്ടിട്ടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. തങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ അയാള്‍ എന്തുമാത്രം വിശ്വസ്തനാണെന്ന് തീര്‍ച്ചയായും ആ സഞ്ചാരികള്‍ നേരത്തേ പരിശോധിച്ചിരുന്നിരിക്കണം.

ഖുറൈശികളുടെ തെരച്ചില്‍ വിദഗ്ധര്‍ എവിടെയെല്ലാം എത്തിയിട്ടുണ്ട്? പ്രവാചകന്റെ പലായന മാര്‍ഗത്തെ എങ്ങനെയൊക്കെയാണ് അവര്‍ കണക്കുകൂട്ടുന്നത്? എന്തൊക്കെയാണ് അവരുടെ പരിപാടികള്‍? പ്രവാചകനെ സംബന്ധിച്ചേടത്തോളം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണവ. ഇല്ലെങ്കില്‍ ഏതു നിമിഷവും ശത്രുക്കളുടെ മുമ്പില്‍ചെന്നു ചാടാനിടയുണ്ട്. അതിനും മാര്‍ഗങ്ങള്‍ കണ്ടിരുന്നു. അബൂബക്‌റി(റ)ന്റെ പുത്രന്‍ അബ്ദുല്ലാഹ് ഓരോ ദിവസവും ഖുറൈശികളുടെ വിവരങ്ങള്‍ അവര്‍ക്കെത്തിച്ചുകൊണ്ടിരുന്നു.

പ്രവാചകനും അബൂബക്‌റും(റ) മനുഷ്യരായിരുന്നു. അവര്‍ക്ക് ഭക്ഷണവും വെള്ളവും കൂടിയേ തീരൂ. പ്രവാചകന്നും അവിടത്തെ ശിഷ്യനും അല്ലാഹു അഭൗമിക മാര്‍ഗങ്ങളിലൂടെ ഭക്ഷണം നല്‍കുകയില്ലേ? നല്‍കും. പക്ഷേ, അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഈ ഭൂമിയില്‍തന്നെ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഭൗമികമായ ഭക്ഷ്യപേയങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ തങ്ങളുടെ മാനുഷിക കഴിവുകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തിയിട്ടും ഫലിച്ചില്ലെങ്കില്‍ മാത്രം. സ്വന്തം ബുദ്ധിയും തന്ത്രജ്ഞതയും സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയപ്പോള്‍ മാനുഷിക മാര്‍ഗത്തിലൂടെ ഭൗതികമായ ഭക്ഷ്യപേയങ്ങള്‍തന്നെ അവര്‍ക്ക് ലഭിച്ചു. അബൂബക്‌റി(റ)ന്റെ ഇടയന്‍ ആമിറുബ്‌നു ഫുഹൈറക്കും അബൂബക്‌റിന്റെ പ്രിയപുത്രി അസ്മാഇനുമായിരുന്നു സൗര്‍ഗുഹയില്‍ ഭക്ഷണമെത്തിക്കുന്ന ചുമതല. എല്ലാ ദിവസവും സായാഹ്നത്തില്‍ ആമിര്‍ തന്റെ ആടുകളുമായി ഗുഹാമുഖത്തെത്തും. അവിടെ വെച്ച് അദ്ദേഹം മുഹാജിറുകള്‍ക്ക് ആവശ്യമുള്ള പാല്‍ കറന്നു കൊടുത്തു. അസ്മാഅ് ആകട്ടെ, തല്‍ക്കാലത്തേക്കുള്ള ഭക്ഷ്യ പദാര്‍ഥങ്ങള്‍ക്കു പുറമെ നബി(സ)ക്കും അബൂബക്‌റി(റ)നും മദീനയിലെത്തുന്നതുവരെ ഉപയോഗിക്കാനുള്ള പാഥേയവും ഗുഹയിലെത്തിച്ചു. ഗുഹയില്‍ വന്നു പോകുന്നവരുടെ കാല്‍പാടുകള്‍ മണലില്‍ പതിഞ്ഞിരുന്നു. നബിയുടെ മണം പിടിച്ചു നടക്കുന്ന ശത്രുക്കളുടെ ദൃഷ്ടിയില്‍ ഈ കാല്‍പാടുകള്‍ പതിഞ്ഞെങ്കിലോ? ആ തന്ത്രശാലികള്‍ അതിനും വഴി കണ്ടിരുന്നു. ഓരോ ദിവസവും സായാഹ്നത്തില്‍ ആമിറുബ്‌നു ഫുഹൈറ, അബ്ദുല്ലയുടെ കാല്‍പാടുകളിലൂടെയാണ് ആടുകളെ തെളിക്കുക. ആടുകളുടെ കുളമ്പടികള്‍ മനുഷ്യരുടെ കാല്‍പാടുകളെ മായ്ച്ചുകളഞ്ഞു.

എന്തുമാത്രം ചതുരതയാര്‍ന്ന ആസൂത്രണങ്ങള്‍! എവിടെയും ഒരു വിടവുമില്ല. ഇനി ദൈവിക സഹായം മാത്രമേ ലഭിക്കേണ്ടതുള്ളൂ.

മനുഷ്യകഴിവുകളുടെ വിനിയോഗം ദൈവേഛയുമായി സമഞ്ജസമായി സമന്വയിക്കുമ്പോള്‍, മനുഷ്യാധ്വാനവും ദൈവിക മാര്‍ഗദര്‍ശനവും തമ്മില്‍ താളപ്പൊരുത്തമുണ്ടാകുമ്പോള്‍ ദൈവിക സഹായം മനുഷ്യനെ വെടിയുകയില്ലെന്നത് നിസ്സംശയമാകുന്നു.

ദൈവിക സഹായങ്ങള്‍

നബി(സ)യുടെ ഹിജ്‌റ മുഴുവനായും നിര്‍വഹിക്കപ്പെട്ടത് അല്ലാഹുവിന്റെ സംരക്ഷണത്തിലും ശ്രദ്ധയിലും തന്നെയായിരുന്നു. എങ്കിലും ഹിജ്‌റാ സംഭവത്തില്‍ മൂന്ന് അവസരങ്ങളില്‍ ദൈവികസഹായം നേരിട്ട് അവതരിച്ചതായി നമുക്ക് കാണാം. നബി(സ) സ്വഗൃഹത്തില്‍നിന്ന് പുറപ്പെടുമ്പോഴായിരുന്നു ഒന്നാമതായി ദൈവസഹായം നേരിട്ടിറങ്ങിവന്നത്. നബി(സ)യെ വധിക്കാനും വധത്തിന്റെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാനും തീരുമാനിച്ച് കൊലയാളി സംഘം നബിയുടെ വീട് വളഞ്ഞ ആ കറുത്ത രാത്രി. റസൂലിനെ കാണുന്ന നിമിഷത്തില്‍ അദ്ദേഹത്തിന്റെ തലയറുക്കാന്‍ ഊരിപ്പിടിച്ച വാളുമായി നിലകൊള്ളുകയായിരുന്നു ആ കാപാലികര്‍. മനുഷ്യലോകത്ത് കറുത്ത യുഗങ്ങള്‍ വിളയിക്കുന്ന വിത്തായിത്തീരുമായിരുന്ന ആ കറുത്ത നിമിഷം ആഗതമായില്ല. ഒരിക്കലും ആഗതമാവുകയുമില്ല. നബി(സ) എഴുന്നേറ്റു വാതില്‍ തുറന്നു. അവിടത്തെ അധരങ്ങളില്‍ ഈ ഖുര്‍ആന്‍ സൂക്തങ്ങളുണ്ടായിരുന്നു: ”യാസീന്‍. മഹത്തായ തത്ത്വങ്ങളുള്‍ക്കൊള്ളുന്ന ഖുര്‍ആനാണ്. നീ ദൈവദൂതന്മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേര്‍മാര്‍ഗത്തിലാണ് നീ നിലകൊള്ളുന്നത്. അജയ്യനും പരമകാരുണികനുമായ അല്ലാഹുവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു (ഈ ഖുര്‍ആന്‍). ഒരു ജനതക്ക് മുന്നറിയിപ്പ് നല്‍കുവാനത്രെ (ഇത് നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ളത്). അവരുടെ പൂര്‍വികര്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധരായി ജീവിക്കുന്നവരാകുന്നു. എന്നാല്‍ അവരിലധികപേരിലും (നമ്മുടെ)വചനം പുലര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആ ചങ്ങലകള്‍ അവരുടെ താടിയെല്ലുവരെ എത്തിയിട്ടുണ്ട്. തന്നിമിത്തം അവര്‍ ശിരസ്സ് മേല്‍പോട്ടുയര്‍ത്തിക്കൊണ്ടാണ് നില്‍പ്പ്. (കൂടാതെ) അവരുടെ മുന്നിലും പിന്നിലും നാം ഓരോ മറകള്‍ സ്ഥാപിച്ചിരിക്കുന്നു. അങ്ങനെ നാമവരെ മൂടി മറച്ചിരിക്കയാണ്. അതിനാല്‍ അവര്‍ യാതൊന്നും കാണുന്നില്ല.”

ഊരിപ്പിടിച്ച വാളുകളുടെ വേലി അവിടുന്ന് മുറിച്ചുകടന്നു. അല്ലാഹു സൃഷ്ടിച്ച അന്ധകാരത്തിന്റെ കനത്ത പുറംതോടിനുള്ളില്‍, നിതാന്ത ജാഗ്രതയോടെ തുറിച്ചുനിന്നിട്ടും ശത്രുദൃഷ്ടികള്‍ അത് കണ്ടില്ല. നബി(സ)യും അബൂബക്‌റും(റ) സുരക്ഷിതരായി തങ്ങളുടെ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചു.

ആപല്‍ സാധ്യതകള്‍ കുമിഞ്ഞുകൂടിയ നിര്‍ണായകമായ ദിനരാത്രങ്ങള്‍. ഭീകരമായ നിമിഷങ്ങള്‍. തങ്ങളെ അരച്ചു കുടിക്കാനുള്ള രോഷത്തോടെ തിരക്കി നടക്കുന്ന ശത്രുക്കളുടെ ചെരിപ്പുകള്‍, ഗുഹയിലിരുന്നു പുറത്തേക്കുറ്റുനോക്കുന്ന അബൂബക്ര്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കാണുന്നു. അദ്ദേഹം ഭയന്നുവിറച്ചു. സ്വജീവനെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ ഭയം. നബി(സ)യുടെ ജീവന്റെ മുമ്പില്‍ സ്വന്തം സുരക്ഷിതത്വം അദ്ദേഹത്തിന് കേവലം തൃണമായിരുന്നു. നബിയെയും അദ്ദേഹം പ്രതിനിധാനം ചെയ്ത സത്യത്തെയും നേരിടുന്ന വിപത്തായിരുന്നു അബൂബക്‌റിനെ ഭയാക്രാന്തനാക്കിയിരുന്നത്.

വിറയാര്‍ന്ന ചുണ്ടുകളോടെ അബൂബക്ര്‍(റ) മന്ത്രിച്ചു: ”അവരില്‍ ആരെങ്കിലുമൊരുവന്‍ മുട്ടിനു താഴെ കുനിഞ്ഞു നോക്കിയാല്‍ അവര്‍ നമ്മെ രണ്ടു പേരെയും കണ്ടതുതന്നെ.” നബി(സ)യുടെ നിര്‍ഭീതമായ പ്രത്യുത്തരമിതായിരുന്നു: ”അബൂബക്ര്‍, രണ്ടാള്‍ മാത്രമെന്ന് വിചാരിക്കരുത്. മൂന്നാമനായി അല്ലാഹുവുമുണ്ട് നമ്മുടെ കൂടെ.” സുരക്ഷിതത്വത്തിനു വേണ്ടി തങ്ങള്‍ ചെയ്യേണ്ടതൊക്കെ ചെയ്തു കഴിഞ്ഞിരിക്കുന്നു. ഇനി അല്ലാഹുവിന്റെ ഭാഗമേ ബാക്കിയുള്ളൂ. തങ്ങള്‍ ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞാല്‍ അല്ലാഹു ചെയ്യേണ്ടത് ചെയ്യുമെന്നതില്‍ ശങ്കയെന്തിന്? അതായിരുന്നു നബിയുടെ നിര്‍ഭീതിക്കാധാരം. നബിയുടെ കാല്‍പ്പാടുകള്‍ പരതുന്ന ശത്രുക്കളുടെ ശ്രമം പാഴ്‌വേല മാത്രമായിരുന്നു. കാരണം റസൂല്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരുന്നു. അവിടുത്തെ പിടികൂടുക മനുഷ്യരെ സംബന്ധിച്ചേടത്തോളം തികച്ചും അസംഭവ്യമായി കഴിഞ്ഞിരുന്നു. അവിടത്തെ തിരുശിരസ്സ് തേടിക്കൊണ്ട് ഭൂമിയിലെ സൈന്യങ്ങള്‍ മുഴുവന്‍ ആ ഗുഹാമുഖത്തൊത്തുകൂടിയാലും അവരാരും അവിടുത്തെ കാണുകയോ സ്പര്‍ശിക്കുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു അവര്‍ക്ക് നല്‍കിയ സഹായത്തെ അവന്‍ തന്റെ സ്വന്തം വചനങ്ങളില്‍ വിവരിക്കുന്നു: ”നിങ്ങള്‍ അദ്ദേഹത്തെ (നബിയെ) സഹായിക്കുന്നില്ലെങ്കില്‍ അല്ലാഹു സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തെ രണ്ടിലൊരാളായി, അവിശ്വാസികള്‍ (സ്വദേത്തുനിന്ന്) പുറത്താക്കിയപ്പോള്‍, ഇരുവരും ഗുഹക്കുള്ളിലായിരുന്നപ്പോള്‍, തന്റെ സഖാവിനോട് വ്യസനപ്പെടേണ്ട, തീര്‍ച്ചയായും അല്ലാഹുവുണ്ട് നമ്മുടെ കൂടെ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, അല്ലാഹു അവന്റെ ശാന്തി അദ്ദേഹത്തിനിറക്കിക്കൊടുത്തു. നിങ്ങള്‍ കാണാത്ത ഒരു സേനയെക്കൊണ്ട് അവന്‍ അദ്ദേഹത്തെ തുണച്ചു. അവിശ്വാസികളുടെ ‘കലിമത്ത്’ (വചനം) താഴ്ത്തിവെച്ചു. ദൈവവചനം ഉയര്‍ത്തുകയും ചെയ്തു. അല്ലാഹു അജയ്യനും യുക്തിജ്ഞനുമത്രെ.”

സുറാഖയുടെ വ്യാമോഹം

മുഹമ്മദിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരുന്നവര്‍ക്കായി ഖുറൈശികള്‍ പ്രഖ്യാപിച്ച ഭീമമായ സമ്മാനത്തിന്റെ സ്വപ്നത്തില്‍ മതിമറന്ന സുറാഖതുബ്‌നു മാലിക് തന്റെ മികച്ച കുതിരയുടെ പുറത്ത് മരണം ജ്വലിക്കുന്ന കുന്തവും ഓങ്ങിപ്പിടിച്ച് കിതച്ചോടുകയാണ്. മറ്റനേകായിരം കാട്ടറബികളെപ്പോലെ, അല്ല മനുഷ്യരെപ്പോലെ ഒരാളായിരുന്നു സുറാഖയും. ഏതു കാലത്തും ഏതു നാട്ടിലും നമുക്ക് സുറാഖമാരെ കണ്ടെത്താം. വെള്ളിക്കാശുകളുടെ തിളക്കത്തില്‍ കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുന്ന പാവങ്ങള്‍. പിന്നെ ആ തുട്ടുകള്‍ കരസ്ഥമാക്കാന്‍ സ്വന്തം മനസ്സാക്ഷിയും മാന്യതയും അഭിമാനവുമൊക്കെ വില്‍ക്കാന്‍ അവര്‍ സന്നദ്ധരാകും. എന്നും എവിടെയുമുണ്ട് അത്തരക്കാര്‍. അക്രമത്തില്‍നിന്നും പൈശാചികത്വത്തില്‍നിന്നും പലായനം ചെയ്യുന്നവരെ പിടികൂടാന്‍ ഇന്നും ഏറ്റവും നല്ല മാര്‍ഗം അവരെ പിടികൂടുന്നവര്‍ക്ക് അക്കങ്ങളധികമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിക്കുക തന്നെയാണല്ലോ. പക്ഷേ, ഇവിടെ ഉന്നത ലക്ഷ്യങ്ങളെ ചവിട്ടിമെതിക്കാന്‍ അധമമോഹങ്ങളെ അനുവദിച്ചുകൂടാ എന്നായിരുന്നു ദൈവേഛ. പൈശാചികമായ ക്ഷുദ്രവിചാരങ്ങള്‍ ചിലപ്പോള്‍ ജയിക്കും. ഉന്നത ലക്ഷ്യങ്ങളിലേക്ക് പ്രയാണം ചെയ്യുന്നവര്‍ സ്വന്തം കഴിവുകളെ അവഗണിക്കുകയും സമര്‍ഥമായ ആസൂത്രണം വര്‍ജിക്കുകയും സൃഷ്ടികള്‍ സ്രഷ്ടാവുമായി ദൃഢമായ ബന്ധം സ്ഥാപിക്കാതിരിക്കുകയും ചെയ്യുമ്പോഴാണത്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ആശകളും പ്രതീക്ഷകളും വെള്ളത്തിലെ നുരപോലെ ദുര്‍ബലമാകുന്നു. വെള്ളത്തിന്റെ പ്രവാഹത്തില്‍ അവ ക്ഷിപ്രം പൊട്ടിത്തകര്‍ന്നില്ലാതാകുന്നു.

പക്ഷേ, തിരുദൂതര്‍(സ) അങ്ങനെയായിരുന്നില്ല. അവിടുന്ന് ആ പരിതഃസ്ഥിതിയില്‍ തനിക്ക് സ്വീകരിക്കാവുന്നതിന്റെ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടുത്തെ ബുദ്ധിയും സാമര്‍ഥ്യവും പൂര്‍ണമായും അതില്‍ വിനിയോഗിച്ചുകഴിഞ്ഞതാണ്. അദ്ദേഹത്തിന്റെയും ദൈവസഹായത്തിന്റെയുമിടയില്‍ ഇനി മറയൊന്നുമില്ല. അതുകൊണ്ട് സുറാഖ എത്ര കിതച്ചോടിയിട്ടും നബി(സ)യുടെയും അബൂബക്‌റിന്റെയും ഒപ്പമെത്തിയില്ല. അല്ല, രണ്ടോ മൂന്നോ തവണ അയാള്‍ ആ മുഹാജിറുകളെ പ്രാപിക്കാറായതാണ്. പക്ഷേ, അപ്പോഴൊക്കെ കുതിര അടിതെറ്റി, സുറാഖ മണ്ണില്‍ ഉരുണ്ടുവീണു. അയാള്‍ക്കു തോന്നി: വിശന്നു പൊരിയുന്ന, ദീര്‍ഘയാത്രയില്‍ തളര്‍ന്ന ഈ പലായകര്‍ക്കൊപ്പമെത്താന്‍ തന്റെ മികച്ച കുതിരക്ക് കഴിയുന്നില്ല. കുതിര വീണുപോകുന്നു. തന്നെ മണ്ണില്‍ വീഴ്ത്തുന്നു. ഇതൊരു സൂചനയാണ്. താന്‍ പിന്തുടരുന്നത് സാധാരണക്കാരെയല്ല. അവര്‍ക്ക് അഭൗമിക സഹായമുണ്ട് തീര്‍ച്ച. അതുകൊണ്ട് തന്റെ വീഴ്ചകള്‍ തന്നോടുള്ള ദൈവത്തിന്റെ താക്കീതാണ്. അതുവരെ നബി(സ)യുടെയും അബൂബക്‌റിന്റെയും തലയെടുക്കാന്‍ കുതിച്ചുപാഞ്ഞ സുറാഖ അടുത്ത നിമിഷം നിസ്സഹായരായ ആ പലായകരോട് അഭയം തേടുന്നു. നബി(സ) അയാള്‍ക്കഭയം നല്‍കി. സുറാഖ അവര്‍ക്ക് ധാരാളം ഭക്ഷണസാധനങ്ങളും മറ്റും സമ്മാനിച്ചു. നബി അതെല്ലാം സ്‌നേഹപൂര്‍വം തിരസ്‌കരിക്കുകയാണ് ചെയ്തത്. ആ കാട്ടറബി തന്റെ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു അതിനെ തിരിച്ചു തെളിച്ചു. വിശന്ന നായ്ക്കളെപ്പോലെ കുതിച്ചോടുന്ന ഇതര തിരച്ചില്‍കാരെ കണ്ടപ്പോഴൊക്കെ അയാള്‍ പറഞ്ഞു: ”മതി, അവരെ ഇവിടെങ്ങും തിരക്കിയിട്ടു കാര്യമില്ല.” അതു മാത്രമായിരുന്നു, നബി(സ) അയാളില്‍നിന്നാവശ്യപ്പെട്ടത്.

പ്രവാചക നിയോഗത്തിന്റെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് നബി(സ)യും അബൂബക്‌റും (റ) മദീനയുടെ അതിര്‍ത്തിയിലെത്തി. പ്രതീക്ഷാനിര്‍ഭരമായ നേത്രങ്ങള്‍ അകലങ്ങളില്‍ നട്ടുകൊണ്ട് മദീനാ വാസികള്‍ നഗരാതിര്‍ത്തിയില്‍ അക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നബിയും കൂട്ടുകാരനും പ്രത്യക്ഷപ്പെടേണ്ട താമസം, സന്തോഷ പ്രഹര്‍ഷത്തോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ദിക്കുകള്‍ പൊട്ടും മട്ടില്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കപ്പെട്ടു. കൊച്ചു കുട്ടികള്‍ പോലും പാട്ടുപാടി നൃത്തം ചെയ്തു. മദീനയുടെ അതിര്‍ത്തിക്കപ്പുറം വിദൂരതയില്‍ നബിയുടെയും അബൂബക്‌റിന്റെയും അവ്യക്ത രൂപങ്ങള്‍ ദൃശ്യമായപ്പോള്‍ രണ്ടു സഞ്ചാരികളുടെ ആഗമനമായല്ല അവരതിനെ കണ്ടത്. അവരെ സംബന്ധിച്ചേടത്തോളം മനുഷ്യരൂപം പൂണ്ട രണ്ട് മഹാഭാഗ്യങ്ങളുടെ ആഗമനമായിരുന്നു അത്. ഒരു പുതുയുഗത്തിന്റെ പ്രഭാതകിരണങ്ങളായിരുന്നു. പരിവര്‍ത്തനങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും ആരംഭമായിരുന്നു. പുരുഷാര്‍ഥങ്ങളുടെ സാക്ഷാത്കാരത്തിന്റെ നാന്ദിയായിരുന്നു. അനുഗ്രഹങ്ങളുടെയും ഐശ്വര്യങ്ങളുടെയും താക്കോലുകളായിരുന്നു. തങ്ങള്‍ അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തെക്കൊണ്ട്, അദ്ദേഹത്തിന്റെ പ്രബോധനത്തിന് വേണ്ടി ഒരു പുതുയുഗം, നവലോകം കെട്ടിപ്പടുക്കാന്‍ തുടങ്ങുകയാണ്. പുതിയ പ്രമാണങ്ങള്‍, പുതിയ വ്യവസ്ഥ, പുതിയൊരു സമൂഹം അതിന്റെ അസ്തിവാരമിടാനുള്ള മഹാഭാഗ്യമാണ് തങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഈ പ്രവര്‍ത്തനം ഇസ്‌ലാമിക പ്രബോധനത്തിന്റെ രണ്ടാം ഘട്ടമാണ്. മുസ്‌ലിംകളെ ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് സുരക്ഷിതരാക്കുകയും അവര്‍ക്ക് സൈ്വരമായും ത്വരിതമായും മുന്നോട്ടുള്ള കാലടികള്‍ വെക്കാന്‍ വഴി വെട്ടിത്തെളിയിക്കുകയുമാണത്. പുണ്യ പ്രവാചകനെ സ്വീകരിക്കാന്‍ മദീനാവാസികള്‍ ആയുധങ്ങളണിഞ്ഞുകൊണ്ടു വന്നതില്‍ അത്ഭുതമൊന്നുമില്ല. മുഹാജിറുകളോടൊപ്പം സമരം ചെയ്യേണ്ട സൈനികരായിരുന്നു അവര്‍.

ഒരു സമൂഹം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനത്തിന്റെ പരിസമാപ്തിയും ഒരു നാഗരിക സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനത്തിന്റെ സമാരംഭവുമായിരുന്നു റബീഉല്‍ അവ്വല്‍ പന്ത്രണ്ട്. രാഷ്ട്രത്തിന്റെയും നാഗരികതയുടെയും സ്രഷ്ടാവായ മനുഷ്യനെ വാര്‍ത്തെടുക്കുന്നതിലായിരുന്നു അതിനു മുമ്പ് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്.

(പ്രബോധനം മുഹമ്മദ് നബി വിശേഷാല്‍ പതിപ്പ് ജനുവരി 1989)

വിവ: അബൂയാസിര്‍

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles