Current Date

Search
Close this search box.
Search
Close this search box.

ഈ പ്രക്ഷോഭം ഖൈസ് സഈദിനെ പുറത്തെറിയുമോ?

2023 ജനുവരി 14 – ന് തുനീഷ്യൻ തലസ്ഥാന നഗരിയിൽ നടന്ന വൻപ്രതിഷേധ റാലി ഒരാഴ്ചയായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ മൂർധന്യമായിരുന്നു. ജനുവരി 8 – ന് ദേശ സംരക്ഷണ മുന്നണി എന്ന കൂട്ടായ്മ ഇപ്പോഴത്തെ തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദിന്റെ വസതി സ്ഥിതി ചെയ്യുന്ന മനീഹ്‌ല മുൻസിപ്പാലിറ്റിയിൽ ഒരു പ്രതിഷേധ ജാഥ സംഘടിപ്പിച്ചിരുന്നു. പ്രസിഡന്റിനോട് ഇറങ്ങിപ്പോകാനാണ് പ്രക്ഷോഭകർ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. രാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കും സാധാരണക്കാരുടെ കടുത്ത സാമ്പത്തിക പ്രയാസങ്ങൾക്കും പ്രസിഡന്റ് ഒരൊറ്റയാളാണ് ഉത്തരവാദി എന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തി. ഖൈസ് സഈദിന്റെ ആളുകൾ പ്രകടനക്കാരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സേന ഇടപെട്ടത് കൊണ്ട് പ്രതിഷേധ റാലി സമാധാനപരമായി അവസാനിച്ചു. പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത് ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിക്കാനായതിന് ഒരു പാട് രാഷ്ട്രീയ വിവക്ഷകൾ ഉണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. സ്വന്തം ജൻമനാട്ടിൽ തന്നെ ഖൈസിന് രാഷ്ട്രീയ സ്വാധീനം നഷ്ടമായതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. താൻ തുനീഷ്യയുടെ മനസ്സാക്ഷിയാണെന്നും ഏഴകളുടെയും തൊഴിലില്ലാത്തവരുടെയും സംരക്ഷകനാണെന്നുമുള്ള പ്രസിഡന്റിന്റെ ഗീർവാണങ്ങളെ അത് തൊലിയുരിക്കുകയും ചെയ്യുന്നു.

മറ്റൊരു പ്രക്ഷോഭം ജനുവരി പത്തിനായിരുന്നു. തലസ്ഥാന നഗരിയിലെ വിചാരണക്കോടതിയുടെ മുമ്പിൽ ജഡ്ജിമാരും അഭിഭാഷകരും നടത്തിയ പ്രക്ഷോഭം. ജനാധിപത്യ-മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ അയാശി ഹമ്മാമിയെ ന്യായമായ കാരണങ്ങളില്ലാതെ വിചാരണ ചെയ്യാൻ തുനിയുന്ന നീതി ന്യായ കാര്യമന്ത്രിയുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ചില അഭിഭാഷകരെ കാരണമൊന്നും കാണിക്കാതെ പ്രസിഡന്റ് ഖൈസ് സഈദ് അവരുടെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയതിനെ ചോദ്യം ചെയ്തതാണ് ഹമ്മാമിക്കെതിരെ നീങ്ങാനുള്ള പ്രകോപനം.

മുൻ ഏകാധിപതി സൈനുൽ ആബിദീൻ ബിൻ അലി നാട് വിട്ടോടിയതിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ജനുവരി പതിനാലിലെ പ്രതിഷേധ റാലി. തീർച്ചയായും അത് തുനീഷ്യക്കാർക്ക് പ്രതീക്ഷ പകർന്ന മുന്നേറ്റം തന്നെയായിരുന്നു. പ്രതി വിപ്ലവ ശക്തികൾക്ക് നല്ലൊരു മുന്നറിയിപ്പും. രാഷ്ട്രീയ പാർട്ടികളും മറ്റു കൂട്ടായ്മകളും അവർ പരസ്പരം എന്തെല്ലാം ഭിന്നതകളുണ്ടെങ്കിലും അട്ടിമറി ശ്രമങ്ങളെ തങ്ങൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന സന്ദേശമാണ് അത് നൽകിയത്. ഖൈസ് സഈദിന്റെ നീക്കങ്ങൾ സ്വേഛാധിപത്യപരമാണെന്നും അത് രാജ്യത്തിന്റെ വർത്തമാനത്തെയും ഭാവിയെയും അപകടകരമായി ബാധിക്കുമെന്നുമുള്ള കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. എണ്ണത്തിലും വൈവിധ്യത്തിലും വൻ ജനപങ്കാളിത്തമുള്ളതായിരുന്നു ഈ റാലി. എല്ലാ പാർട്ടികളും അണിനിരന്നു. ആരും പരസ്പരം വിമർശിച്ചില്ല. വിമർശനമെല്ലാം ഖൈസ് സഈദിന് നേരെയായിരുന്നു. അയാൾ അധികാരത്തിൽ നിന്നിറങ്ങിയേ മതിയാവൂ എന്നവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധ റാലിയിലെ വൻ ജനപങ്കാളിത്തം കണ്ടാവണം സുരക്ഷാ സേന സൗമ്യമായാണ് ഇടപെട്ടത്. പ്രതിഷേധകർ ഒരേ സ്ഥലത്ത് ഒരുമിച്ചു കൂടാതിരിക്കാൻ ബൂറഖീബ റോഡ് അടച്ചിടണമെന്ന തൂനിസ് ഗവർണറുടെ സന്ദേശം സുരക്ഷാ സേന അവഗണിക്കുകയാണ് ചെയ്തത്. ഇത് സൈന്യത്തിന്റെ ശ്രദ്ധേയമായൊരു നിലപാട് മാറ്റമാണ്. എല്ലാ രാഷ്ട്രീയ ശക്തികളിൽ നിന്നും അകലം പാലിക്കാനാണ് അവരുടെ തീരുമാനം. ഒരു കൂട്ടർക്ക് വേണ്ടി പ്രതിഷേധക്കാരെ അടിച്ചൊതുക്കാൻ സുരക്ഷാ സേന തയ്യാറല്ലെന്ന സന്ദേശമാണിത് നൽകുന്നത്.

പക്ഷെ ജനുവരി 14 റാലിയെ വേണ്ട വിധം വായിക്കാൻ ഖൈസ് സഈദ് തയ്യാറല്ല. ആഴ്ചകൾക്ക് മുമ്പ് ഇയാൾ നടത്തിയ തെരഞ്ഞെടുപ്പ് ആഭാസത്തിൽ എട്ട് ശതമാനം പേർ മാത്രമാണ് പങ്കെടുത്തത്. 92% പേരും തെരഞ്ഞെടുപ്പ് നാടകം ബഹിഷ്കരിച്ചു. ഈഎട്ട് ശതമാനത്തിനൊപ്പമാണ് ഇയാൾ നിൽക്കുന്നത്. ഇവരുടെ വോട്ട് നേടിയാണ് താൻ പ്രസിഡന്റായത് എന്ന കാര്യം മറന്ന് സകലരെയും സംശയിക്കുന്ന ഒരു തരം ഇരുണ്ട മാനസിക നിലയിലേക്ക് ഖൈസ് എത്തിപ്പെട്ടിരിക്കുന്നു. റാലിയുടെ സന്ദേശം അയാൾ ഉൾക്കൊണ്ടിരുന്നെങ്കിൽ ഒന്നുകിൽ ദേശീയ സംവാദത്തിന് അയാൾ വഴിയൊരുക്കും; അല്ലെങ്കിൽ രാജി വെക്കും. ഒരു അട്ടിമറിക്കാരൻ ഒരിക്കലും രാജിവെക്കില്ല. ഭരണഘടനാ സ്ഥാപനങ്ങളെ കൈയേറ്റം ചെയ്തതു ഉൾപ്പെടെയുള്ള അതിക്രമങ്ങളുടെ ഉത്തരവാദിത്തമേറ്റ് വിചാരണ നേരിടേണ്ടിവരുമെന്ന് അയാൾക്കറിയാം.

ഏതൊക്കെ വിഭാഗങ്ങൾക്കാണ് ജനുവരി 14 റാലി സന്ദേശങ്ങൾ കൈമാറുന്നത്? ജൂലൈ 25 – ലെ അട്ടിമറി രാജ്യത്തിന് നല്ലതാണല്ലോ എന്ന് പ്രതീക്ഷ വെച്ചുപുലർത്തുന്ന തുനീഷ്യക്കാർക്ക് അതൊരു സന്ദേശം നൽകുന്നുണ്ട്. അവർക്ക് തീർച്ചയായും അവരുടെതായ ഒഴികഴിവുകളുണ്ടാവും. അട്ടിമറിക്ക് മുമ്പുള്ള ജനാധിപത്യ പരീക്ഷണകാലം വളരെ നീണ്ടെങ്കിലും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനായില്ല എന്നാണവർ പറഞ്ഞു കൊണ്ടിരുന്നത്. ഭരണഘടനാ അട്ടിമറിക്കെതിരെ, അത് രാജ്യത്തിന്റെ വർത്തമാനവും ഭാവിയും അപകടപ്പെടുത്തുമെന്ന് അറിഞ്ഞിട്ടും, കൃത്യമായ നിലപാട് സ്വീകരിക്കാതെ നിൽക്കുന്നവർ പല പാർട്ടികളിലുമുണ്ട്. അവർക്കും ഈ റാലി സന്ദേശം നൽകുന്നുണ്ട്. അന്താരാഷ്ട്ര – മേഖലാ ശക്തികൾക്കുള്ള സന്ദേശമാണ് മറ്റൊന്ന്. അവർ ഈ അട്ടിമറിക്കാരനെ പിന്തുണച്ച് തുനീഷ്യക്കാരുടെ സ്വപ്നങ്ങളെ അറുകൊല ചെയ്യരുത്. അവരുടെ സുരക്ഷയെയും ജനാധിപത്യ പരീക്ഷണങ്ങളെയും അപകടപ്പെടുത്തരുത്. ആ ശക്തികളൊന്നും ചാരിറ്റി സ്ഥാപനങ്ങളല്ലെന്ന് നമുക്കറിയാം. അവർക്ക് അവരുടെതായ താൽപ്പര്യങ്ങളുണ്ട്. മർക്കടമുഷ്ടിയുളള, ഒരു ഭാവിയുമില്ലാത്ത ഇങ്ങനെയൊരു പോപുലിസ്റ്റിനെ വെച്ച് തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാവില്ലെന്ന് അവർ മനസ്സിലാക്കണം. സുരക്ഷിതത്വവും ഭരണ സ്ഥിരതയും ജനകീയാംഗീകാരവും ഉണ്ടാവുമ്പോഴാണ് ഏത് താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടുക. ഏകാധിപതികളുടെ അംഗീകാരം ഉണ്ടായത് കൊണ്ട് ഒരു കാര്യവുമില്ല.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles