Current Date

Search
Close this search box.
Search
Close this search box.

പാടത്തു നിന്നും ജീവിത പാഠം

നിരക്ഷരയും കർഷകയും വിവാഹ മോചിതയുമായ ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിത വിജയത്തിന്റെ കഥയാണ് മബ്റൂകയുടേത്. കൃത്യമായി പറഞ്ഞാൽ CE 1879-ൽ, കുഫ്റുശൈഖ് ഗവർണറേറ്റിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള ഈജിപ്ഷ്യൻ കർഷകയായ മബ്റൂക ഖഫാജി, സാധാരണ കൂലിപ്പണിക്കാരനായ ഇബ്രാഹിം അത്വായെ വിവാഹം കഴിച്ചു. പ്രയാസകരമായ സാഹചര്യങ്ങൾ കാരണം അധികം വൈകാതെ വിവാഹമോചനം നേടി, അപ്പോഴേക്കും പണ്ടേ അബലയായ മബ്റൂക പിന്നെ ഗർഭിണി കൂടിയായിരുന്നു.

മബ്റൂക തൻ്റെ ഉമ്മയ്ക്കും സഹോദരനുമൊപ്പം അലക്സാണ്ട്രിയയിലേക്ക് താമസം മാറി. മാസങ്ങൾ കഴിഞ്ഞ് തൻ്റെ മകനെ പ്രസവിച്ചു. അവരദ്ദേഹത്തിന് അലി എന്ന പേരാണ് വെച്ചത്. മകനെ മികച്ച രീതിയിൽ വളർത്താനും പഠിപ്പിക്കാനും തൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യാൻ തീരുമാനിച്ചാണ് അലക്സാണ്ട്രിയയിലേക്ക് അവർ മാറിയത് തന്നെ.

തൻ്റെ ദൗർഭാഗ്യം വിലപിച്ചു തീർക്കാനോ മകനെ ഉപ്പയോടുള്ള പകയിൽ വളർത്താനോ അവർ ശ്രമിച്ചില്ല. ജീവിതം മുഴുവൻ ജീവിച്ചു തീർക്കാൻ തൂവാല വിൽക്കാനും മറ്റു നിസ്സാരമായ പണികൾ കണ്ടെത്താനും ജീവിതം ധൈര്യത്തോടെ ജീവിച്ചു തീർക്കാനും അവർക്ക് കാക്കത്തൊള്ളായിരം കാരണങ്ങളുണ്ടായിരുന്നു.

അലക്സാണ്ട്രിയയിലെ തെരുവുകളിൽ ചീസ് വിൽപ്പനക്കാരിയായി ജോലി ചെയ്ത മബ്റൂക മകനെ പ്രസിദ്ധ റോയൽ സ്കൂളായ റഅസുത്ത്വീൻ പ്രൈമറി സ്കൂളിൽ ചേർത്തു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുഞ്ഞലിയെ കാണുമ്പോഴെല്ലാം വാപ്പ ജോലിക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ ഉമ്മ മബ്റൂകയുടെ സ്വപ്നം വളരെ വലുതായിരുന്നു. വാപ്പയുടെ കണ്ണ് വെട്ടിച്ചു മോനെ അടുത്ത വീടിൻ്റെ മേൽക്കൂരയിലേക്ക് മാറ്റിത്താമസിപ്പിച്ചു. അധികം താമസിയാതെ ഉമ്മ അവനോടൊപ്പം കെയ്‌റോയിലേക്ക് രക്ഷപ്പെട്ടു, അവനെ ദർബുൽ-ജമാമിസിലെ ഖിദീവ് സ്കൂളിൽ കൊണ്ടുപോയി ചേർക്കുകയും അതിനുള്ള വരുമാനം കണ്ടെത്താൻ കൈറോവിലുള്ള സമാലൂത്വി കുടുംബത്തിൽ വീട്ടുവേലക്ക് നിൽക്കുകയും ചെയ്തു.

പഠനത്തിൽ മികവ് പുലർത്തിയ അലി 1897-ൽ ഹയർ സെക്കന്ററി കഴിഞ്ഞ് മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയും 1901-ൽ മെഡിക്കൽ ബിരുദം നേടുകയും ചെയ്തു.15 വർഷം ഹൗസ് സർജൻസി ചെയ്ത അലി ഡോക്ടർ അന്നത്തെ സുൽത്വാൻ ഹുസൈൻ കാമിൽ രോഗബാധിതനായപ്പോഴാണ് അറിയപ്പെട്ടത്. പ്രസിദ്ധ ബയോളജിസ്റ്റ് ഡോ. ഉസ്മാൻ ഗാലിബാണ് സുൽത്വാനോട് ഡോ. അലി ഇബ്രാഹിം അത്വാ എന്ന പേര് നിർദ്ദേശിച്ചത്. വളരെ രൂക്ഷമായ രോഗാവസ്ഥയിലായിരുന്ന രാജാവിനെ ചികിത്സിക്കാൻ മറ്റുള്ള ഭിഷഗ്വരന്മാർ പേടിച്ചു നില്ക്കുമ്പോഴാണ് ഡോ. അലി ഇബ്രാഹിം അത്വാ ആ സുൽത്വാനെ ചികിത്സിക്കുകയും ഗുരുതരമായ ശസ്ത്രക്രിയ നടത്തുകയും ചെയ്തത്.

രോഗ വിമുക്തനായ സുൽത്വാൻ ഡോക്ടറെ കൺസൾട്ടൻ്റ് സർജനായും സുൽത്വാൻ്റെ പേഴ്‌സണൽ ഫിസിഷ്യനായും നിയമിക്കുകയും അദ്ദേഹത്തിന് ബെക്കാവി പദവി നൽകുകയും ചെയ്തു. ഒന്നാം ക്ലാസ് ബെക്കാവി എന്നാൽ പ്രതിവർഷം 1,200 പൗണ്ടിൽ കുറയാത്ത ശമ്പളമുള്ള ഈജിപ്റ്റ് ഗവൺമെൻ്റ് ജീവനക്കാർക്കും രാജ്യത്തിന് സേവനങ്ങൾ നൽകിയ പ്രമുഖർക്കും നൽകുന്ന പ്രത്യേക പദവിയാണ്. ഹിസ് ഓണർ, ഹിസ് എമിനൻസ് എന്നെല്ലാം ഇന്നറിയപ്പെടുന്ന ഒരു അംഗീകാരമാണത്.

ജീവിതത്തിൽ അതുവരെ ആയിരം പൗണ്ടിൻ്റെ നോട്ടുകൾ ഒരുമിച്ചു കണ്ടിട്ടില്ലാത്ത അലി ഡോക്ടറെ അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത ശമ്പളം നല്കിയാണ് സുൽത്വാൻ നിയമിച്ചത്. ബെക്കാവി പദവി ലഭിച്ച സന്തോഷ നിമിഷത്തിൽ അദ്ദേഹത്തിൻ്റെ ആദ്യ പ്രതികരണവും അങ്ങനെയായിരുന്നു. ‘ഇത് എന്നെ അദ്ഭുതപ്പെടുത്തുന്നു. ഇതുവരെ ജീവിതത്തിൽ അത്രയും പണം ഞാൻ കണ്ടിട്ടില്ലായിരുന്നു.’

1922-ൽ ഫുആദ് ഒന്നാമൻ രാജാവ് അദ്ദേഹത്തിന് പാഷ പദവി നൽകി.ഒട്ടോമൻ സാമ്രാജ്യത്തിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ജനറൽമാർക്കും പ്രധാന വ്യക്തികൾക്കും ഭരണാധികാരികൾക്കും ഓട്ടോമൻ സുൽത്വാൻ നൽകുന്ന ആദരവും ബഹുമാനപരവുമായ പദവിയാണ്. ഇംഗ്ലീഷിൽ ലോർഡിന് തുല്യമാണത്.1929-ൽ, ഡോ. അലി പാഷ ഇബ്രാഹിം ഫുആദ് യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ഫാക്കൽറ്റിയുടെ ആദ്യത്തെ സ്വദേശിയായ ഡീനായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അദ്ദേഹം ആ സർവകലാശാലയുടെ ചാൻസലറായി. ഏറെ കഴിയും മുമ്പ് അദ്ദേഹം ഈജിപ്ഷ്യൻ പാർലമെൻ്റിലും അംഗമായി.

1940-ൽ അദ്ദേഹം ഈജിപ്റ്റിലെ ആരോഗ്യമന്ത്രിയായി നിയമിതനായി. അതേ വർഷം തന്നെ അലി പാഷ ഇബ്രാഹിം ഡോക്‌ടേഴ്‌സ് സിൻഡിക്കേറ്റ് സ്ഥാപിക്കുകയും അതിൻ്റെ ചരിത്രത്തിലെ ആദ്യത്തെ ഡോക്‌ടേഴ്‌സ് സിൻഡിക്കേറ്റിൻ്റെ തലവനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. കുഫ്റുശൈഖ് ഗവർണറേറ്റിലെ കുഗ്രാമത്തിൽ നിന്നുള്ള ഈജിപ്ഷ്യൻ കർഷകയായ നിരക്ഷരയായ മബ്റൂക ഖഫാജി പാട്ടത്തിന് കിട്ടിയ പാടത്ത് നിന്ന് തൻ്റെ ജീവിത പാഠം പഠിക്കുകയായിരുന്നു. 1947 ലാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തെ ആദരിച്ചു കൊണ്ട് അറബി ഭാഷയിലെ മഹാകവി ഹാഫിള് ഇബ്രാഹീം ദീർഘമായ കവിത രചിച്ചിട്ടുണ്ട്. ഒന്നിനും കൊള്ളില്ല എന്ന് നാട്ടുകാർ കരുതുന്ന കൂരയിൽ നിന്നും ഉദിച്ചുയർന്ന ആ ഈജിപ്ഷ്യൻ ഭിഷഗ്വരൻ്റെ ആദ്യ അധ്യാപിക നിരക്ഷരകുക്ഷിയായ തൻ്റെ ഉമ്മയായിരുന്നു എന്ന സത്യം അദ്ദേഹം എല്ലായിടത്തും പറയാറുണ്ടായിരുന്നു.

അവലംബം :
مجلة الثقافة، السنة 8، العدد 373، 19 فبراير 1946، لجنة التأليف والترجمة والنشر

Related Articles