Current Date

Search
Close this search box.
Search
Close this search box.

സത്യാസത്യ വിവേചനത്തിന് ബദ്‌റുകള്‍ സംഭവിച്ചേ മതിയാകൂ

വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്ന ദൂഷ്യങ്ങളില്‍ നിന്നും അവരെ ശുദ്ധി ചെയ്‌തെടുക്കുവാനും സത്യവും അസത്യവും നീതിയും അനീതിയും ശരിയും തെറ്റും വേര്‍തിരിച്ച് കാണാന്‍ അവ തമ്മിലുളള സംഘട്ടനം നിരന്തരം നടക്കുകയും എല്ലാ നിലക്കും സത്യവും നീതിയും ശരിയും അസത്യത്തിനും അനീതിക്കും തെറ്റിനും മേല്‍ വിജയത്തിന്റെ വെന്നികൊടി പാറിക്കണം. ബദര്‍ അനുസ്മരണം കടന്നുവരുമ്പോള്‍ നമ്മുടെ സ്മൃതി പദങ്ങളിലും ചിന്താ മണ്ഡലങ്ങളിലും വളരെ ശക്തമായി കടന്നു വരേണ്ട ഒരു ആശയമാണ് മേല്‍പ്രസ്താവിച്ചത്. ഹിജ്‌റ വര്‍ഷം രണ്ട് റമദാന്‍ പതിനേഴ് എന്ന ഒരു ദിനത്തിന്റെ രാവിലും പകലിലും മാത്രം സംഭവിച്ച ഒന്നായിരുന്നില്ല ബദര്‍ പോരാട്ടം. മാനവ ചരിത്രത്തിന്റെ തുടക്കം മുതല്‍ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ട സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയിലെ ഒരു ഏട് എന്ന നിലയ്ക്കാണ് ബദര്‍ സംഭവത്തെ നാം മനസ്സിലാക്കേണ്ടത്. ബദറിന് മുമ്പുള്ള ഒരു ദശകത്തിലധികം വരുന്ന കാലഘട്ടം പ്രവാചകന്‍ തിരുമേനിയും അവിടുത്തെ അനുചരൻമാരും ജീവിച്ചുതീര്‍ത്ത ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും വിളവെടുപ്പ് ആയിരുന്നു ബദര്‍ എന്നു പറയാം. ബദറിന്റെ പശ്ചാത്തലത്തില്‍ അതിനു മുമ്പത്തെ പതിനഞ്ചു വര്‍ഷവും അതിനുശേഷം ഉള്ള ഇന്നുവരെയുള്ള ദിനരാത്രങ്ങളും ചരിത്രമാണ്. ചരിത്രത്തിന്റെ പാഠപുസ്തകത്തില്‍ നിന്ന് ബദര്‍ പോരാട്ടത്തെ മാത്രം അടര്‍ത്തിയെടുത്ത് ഇസ്ലാമിനൊ മുസ്ലിംകള്‍ക്കൊ എന്തെങ്കിലും പാഠം പകര്‍ന്നു നല്‍കാന്‍ ആവില്ല. കാരണം ബദര്‍ ഇസ്ലാമിന്റെ ഒരു ഭാഗമാണ്. അതിനുമുള്ള അനേകം ഭാഗങ്ങളുടെ അഭാവത്തില്‍ ബദര്‍ സംഭവിക്കുകയില്ല.

റമദാന്‍ രണ്ടുതരം ഫുര്‍ഖാനുകള്‍ക്ക് സാക്ഷ്യം വരിച്ച മാസമാണ്. ഒന്ന്, വിശുദ്ധ ഖുര്‍ആന്‍ എന്ന ഫുര്‍ഖാന്റെ അവതരണം ആയിരുന്നു. രണ്ട്, ഖുര്‍ആനെ ആധാരമായി വളര്‍ന്നുവന്ന ഒരു ജനതയെയും അവരുടെ സംസ്‌കൃതിയെയും അതല്ലാത്തതില്‍ നിന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് സഹായകമായി വര്‍ത്തിക്കുന്ന ഇസ്ലാമിന്റെ പ്രയോഗ മാതൃകയ്ക്ക് വിജയം ഒരുക്കി കൊടുക്കുകയും സത്യം വിജയിക്കുവാനുള്ള യോഗ്യതയോടുകൂടി വിജയിക്കുകയും അസത്യം പരാജയപ്പെടുവാന്‍ ഉള്ള അര്‍ഹതയോടെ പരാജയപ്പെടുകയും ചെയ്ത ബദര്‍ യുദ്ധമെന്ന ഫുര്‍ഖാന്റെ അരങ്ങേറ്റം.

ഈ രണ്ടു ഫുര്‍ഖാനുകള്‍ക്കും വേര്‍പെടുത്താന്‍ കഴിയാത്ത ആഴത്തിലുള്ള പാരസ്പര്യമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇവ രണ്ടും പരസ്പരം വേര്‍പെട്ടു പോയതിന്റെ അനിവാര്യമായ ആഘാതങ്ങളാണ് മുസ്ലിം സമുദായത്തെ ഇന്ന് ബാധിച്ചിട്ടുള്ളത്. അതിനാല്‍ ബദര്‍ സ്മരണകള്‍, ഈ അറ്റുപോയ കണ്ണികളെ വിളക്കിച്ചേര്‍ക്കാനും സത്യാ സത്യ വിവേചനത്തിന്റെ ആശയപരവും പ്രയോഗപരവുമായ മാതൃകകളെ പുനര്‍നിര്‍മ്മിക്കാനും മുസ്ലിംകള്‍ക്ക് കഴിയണം.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതും ബദര്‍ അരങ്ങേറിയതും റമദാന്‍ മാസത്തില്‍ ആയിരുന്നു എന്നുള്ളത് ചരിത്രത്തിലെ കേവലമായ ഒരു യാദൃശ്ചികതയല്ല. യാദൃശ്ചികമായി ചരിത്രത്തില്‍ ഒന്നും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ മഹത്തായ തീരുമാനവും നടപടിക്രമവും ഇതിന്റെ പിന്നിലുണ്ട്. അതെന്താണ് എന്ന് സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ് ഇവിടെ.

അല്ലാഹുവിന്റെ ദീനാണ് ഇസ്ലാം. ഇസ്ലാമിന്റെ ഒടുവിലത്തെ മൗലിക പ്രമാണമാണ് ഖുര്‍ആന്‍. വ്യക്തിയെയും സമൂഹത്തെയും ദൈവീകമായ മാര്‍ഗ്ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഖുര്‍ആന്റെ മൗലിക ലക്ഷ്യം. ആദര്‍ശം, വിശ്വാസം, ആരാധന, ജീവിത വ്യവസ്ഥ എന്നീ രംഗങ്ങളിലെല്ലാം മാനവരാശിക്ക് പൊതുവിലും മുസ്ലിംകള്‍ക്ക് സവിശേഷമായും ഖുര്‍ആന്‍ ഒരു വഴി നിര്‍ണയിച്ചു കൊടുക്കുന്നുണ്ട്. അത് സ്വീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം മേല്‍ പറയപ്പെട്ട രംഗങ്ങളിലെല്ലാം ഖുര്‍ആനിക മാതൃക പിന്തുടരുകയും അത് സ്ഥാപിച്ച എടുക്കുവാന്‍ വേണ്ടുന്ന അധ്വാന ശ്രമങ്ങളില്‍ ഏര്‍പ്പെടുകയും വേണം. ഇതിന് വിവിധ തലങ്ങളുണ്ട്.

ഒന്ന്, ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആദര്‍ശത്തെ നാം നെഞ്ചേറ്റുക. സുദൃഢമായ ഈമാനും, യഖീനും ഖുര്‍ആന്‍ അതിന്റെ വിശ്വാസികളില്‍ സൃഷ്ടിക്കുന്നു. ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതരായ സ്വഹാബികള്‍ അചഞ്ചലമായ വിശ്വാസത്തിന്റെ ഉടമകളായിരുന്നു. വിശ്വാസികളായി എന്ന ഒറ്റ കാരണം കൊണ്ട് കഠിനമായ പരീക്ഷണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും അവര്‍ ഇരയായി. പക്ഷെ, അതൊന്നും അവരെ വിശ്വാസത്തില്‍ നിന്നും പിന്തിരിപ്പിച്ചില്ല. വിപ്ലവകാരികളും ആദര്‍ശവാദികളും അങ്ങനെയാണ്. വിശ്വാസം അവരുടെ അന്തരംഗത്ത് പ്രവേശിച്ചത് സമ്മര്‍ദ്ദങ്ങള്‍ കൊണ്ടോ പ്രലോഭനങ്ങളിലൂടെയോ അല്ല. ഇവരണ്ടും കൊണ്ട് ഒരാദര്‍ശവും ആരിലും പ്രവേശിക്കുകയുമില്ല. സത്യമാണെന്ന് തങ്ങള്‍ക്ക് ബോധ്യമായത് ഭൗതീകമായ ഒരു താല്പര്യവുമില്ലാതെ അവര്‍ അംഗീകരിച്ചു. അതുകൊണ്ടാണ് മര്‍ദ്ദന പീഡനങ്ങള്‍ക്ക് അവരുടെ വിശ്വാസദാര്‍ഢ്യതയ്ക്ക് മുമ്പില്‍ പത്തി മടക്കേണ്ടി വന്നത്. ആത്മാര്‍ത്ഥമായ ആദര്‍ശബോധത്തെ മനസില്‍ നിന്നും പിഴുതെടുക്കാന്‍ ദുനിയാവിലെ ഒരു ശക്തിക്കും കഴിയുകയില്ല.

രണ്ട്, ഏതൊരു ആദര്‍ശവാദിയും അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടമാണിത്. അഥവാ തന്നെ പരിവര്‍ത്തിപ്പിക്കുകയും താന്‍ സാംശീകരിക്കുകയും ചെയ്ത വിശ്വാസദര്‍ശനങ്ങളെ തന്റെ ചുറ്റുമുള്ളവരിലേക്ക് പകര്‍ന്നു നല്‍കുക എന്ന ഉത്തരവാദിത്വം. ആദര്‍ശ പ്രചാരണത്തിന്റെയും പ്രബോധനത്തിന്റെയും ഈ രംഗത്തും പ്രവാചക ശിഷ്യൻമാര്‍ പ്രവാചകനോളം തന്നെ ഉയര്‍ന്നു നിന്നു. വിശ്വാസത്തിന്റെയും പ്രബോധനത്തിന്റെയും മുമ്പില്‍ പ്രതിബന്ധങ്ങളുടെ കൊടുമുടികള്‍ ഉയര്‍ന്നു വന്നപ്പോഴും എന്ത് ത്യാഗം സഹിച്ചും അവരാ മാര്‍ഗത്തില്‍ അടിയുറച്ചു നിന്നു. മക്കയുടെ പ്രാന്തങ്ങളില്‍ ഒറ്റയ്ക്കും കൂട്ടായും, രഹസ്യമായും പരസ്യമായും അവര്‍ ആദര്‍ശ പ്രചാരണത്തിന്റെ വീഥിയില്‍ സഞ്ചരിച്ചു. അത് തടസ്സപ്പെടുത്തുവാന്‍ മക്കയിലെ പ്രമാണിവര്‍ഗ്ഗം രംഗത്തുവന്നു. വിശ്വാസത്തെയും ആദര്‍ശ പ്രബോധനത്തെയും നാടുകടത്താനായിരുന്നു അവരുടെ പദ്ധതി. കഅ്ബയുടെ ചാരത്ത് പ്രാര്‍ത്ഥിക്കാന്‍ പോലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയില്ല. ‘നമ്മുടെ ദാസന് നമസ്‌കരിക്കുമ്പോള് അവനെ തടയുന്നവനെ നീ കണ്ടോ?
ആ അടിമ നേര്വഴിയില് തന്നെയാണ്; നീ കണ്ടോ? ഈ തടയുന്നവന് സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്ക്കുകയും ചെയ്തവനാണ്! അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന് അറിയുന്നില്ലേ. അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്!’ (അല്അലഖ് : 10 14)

പ്രവാചക നിര്‍ദേശം അനുസരിച്ച് അവര്‍ പല ദേശങ്ങളിലേക്കും പലായനം ചെയ്തു. അഭയാര്‍ത്ഥികള്‍ ആയിരിക്കെ തന്നെ തങ്ങളുടെ വിശ്വാസ ആദര്‍ശങ്ങള്‍ അഭയം നല്‍കിയവര്‍ക്കും മുന്നില്‍ അവരാരും അടിയറ വെച്ചില്ല. ആദര്‍ശവാദികള്‍ അങ്ങനെയാണ്. അവര്‍ തങ്ങള്‍ വിശ്വസിച്ച ദര്‍ശനത്തിന്റെ ഔന്നത്യത്തെയും പ്രകാശത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും മുതിരില്ല. പ്രതിയോഗികളില്‍ അവരെക്കുറിച്ചുള്ള മതിപ്പ് വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഈ നിലപാട് സഹായകമായി വര്‍ത്തിച്ചു. എതിരാളികളില്‍ പോലും സ്വാധീനം ചെലുത്താന്‍ മാത്രം ഈ നയം സഹായകമായി തീര്‍ന്നു. അവരില്‍ പലരും ഇസ്ലാമിന്റെ അനുയായികളായി മാറി.

ഇസ്ലാമിക സാമൂഹിക ക്രമത്തിന്റെ രൂപീകരണമാണ് മൂന്നാമത്തെ ഘട്ടം. മക്കയിലെ പതിമൂന്നു വര്‍ഷത്തെ ആദര്‍ശ ജീവിതവും ആദര്‍ശ പ്രബോധന ദൗത്യവും മറ്റൊരു ദിശയിലേക്ക് വളരുന്ന ഘട്ടത്തിലാണ് മദീന പലായനത്തിന്റെ അവസരം അല്ലാഹു പ്രവാചകനും മുസ്ലിംകള്‍ക്കും തുറന്നു കൊടുത്തത്. മദീനക്കാര്‍ നബിയെയും മുഹാജിറുകളെയും മദീനയിലേക്ക് സ്വീകരിച്ചത് ഈ വ്യവസ്ഥയുടെ പ്രോജ്ജ്വലമായ മാതൃക മദീനയില്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു. ആദര്‍ശവാദികള്‍ ഇത്തരമൊരു അവസരം തങ്ങള്‍ക്കു മുമ്പില്‍ തുറന്നു കിട്ടിയാല്‍ അത് പാഴാക്കുകയില്ല. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് പലായനത്തെ തടസ്സപ്പെടുത്താന്‍ മക്കക്കാര്‍ ആവതും പരിശ്രമിച്ചത്. എന്നാല്‍ അവരുടെ എല്ലാ ശ്രമങ്ങളെയും വകഞ്ഞു മാറ്റി പ്രവാചകനും അനുയായികളും മദീനയിലേക്കുള്ള തങ്ങളുടെ ഹിജ്‌റ വിജയകരമായി പൂര്‍ത്തീകരിച്ചു.

മദീനയില്‍ രൂപപ്പെട്ട നവജാത ഇസ്ലാമിക സമൂഹത്തെയും അവരുടെ ശ്രമഫലമായി ഉണ്ടായ ഇസ്ലാമിക രാഷ്ട്രത്തെയും തകര്‍ക്കുക എന്നതായി പിന്നെ ശത്രുക്കളുടെ നീക്കം. പ്രബോധനത്തെ തടസ്സപ്പെടുത്താനും ശാരീരിക മര്‍ദ്ദനങ്ങള്‍ കൊണ്ട് വിശ്വാസികളെ പിന്തിരിപ്പിക്കാനും ഇനി സാധിക്കുകയില്ല എന്നും അവര്‍ മനസ്സിലാക്കി. കൂടാതെ ഇസ്ലാമിന്റെ സന്ദേശം അറബ് നാടുകളില്‍ വ്യാപകമായി പ്രചരിച്ചു. തൊട്ടടുത്ത സാമ്രാജ്യങ്ങളില്‍ വരെയും അതിന്റെ പ്രകാശകിരണങ്ങള്‍ പരന്നു. അവിടങ്ങളിലെല്ലാം വിശ്വാസികളുടെ സംഘങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അവര്‍ മദീനയിലേക്ക് എത്തിച്ചേരുകയും പ്രവാചക സമക്ഷം ഇസ്ലാമിന് വേണ്ടി സമര്‍പ്പിതരാകാനും ആരംഭിച്ചു. പ്രവാചകന്റെ ദൗത്യസംഘങ്ങള്‍ രാജാക്ക•ാര്‍ക്കും പ്രഭുക്ക•ാര്‍ക്കും പ്രവാചകന്റെ സന്ദേശം എത്തിച്ചു കൊടുത്തു. ഇസ്ലാമിന്റെ മാര്‍ഗത്തിലേക്ക് അവരെ ക്ഷണിച്ചു. രാഷ്ട്രീയവും സാംസ്‌കാരികമായ വലിയ മേല്‍കൈ മുസ്ലിംകള്‍ക്കും മദീനക്കും മേഖലയില്‍ ഉണ്ടാകാന്‍ ഇത് വഴിയൊരുക്കി.

മക്കക്കാരായ ഖുറൈഷിനെ ഇത് അസ്വസ്ഥമാക്കി. എന്ത് വിലകൊടുത്തും മദീനയെ നശിപ്പിക്കണമെന്ന് അവര്‍ തീരുമാനിച്ചു. മുഹമ്മദിനെയും അനുയായികളെയും ഇങ്ങനെ വിട്ടാല്‍ തങ്ങള്‍ക്ക് നിരാശരാകേണ്ടി വരുമെന്ന് അവര്‍ മനസ്സിലാക്കി. മദീന പോലെ മര്‍മ്മപ്രധാനമായ ഒരു സ്ഥാനത്ത് മുസ്ലിംകളുടെ ശക്തി കേന്ദ്രീകരിക്കുന്നതില്‍ മക്കക്കാര്‍ മറ്റൊരു അപകടവും കൂടി മനസ്സിലാക്കിയിരുന്നു.

ചെങ്കടല്‍ തീരത്ത് കൂടി യമനില്‍ നിന്നും ഷാമിലേക്ക് കച്ചവട യാത്ര നടത്തിയിരുന്ന അവര്‍, പ്രതിവര്‍ഷം 2000 അശ്‌റഫിയുടെ വ്യാപാരം നടത്തിയിരുന്നു. ഈ വഴി മുസ്ലിം അധീനതയില്‍ വരുന്നതോടെ തങ്ങളുടെ വ്യാപാര കുത്തക അവസാനിക്കുമെന്ന് അവര്‍ ആശങ്കരിച്ചു. ത്വാഇഫു കാരുടെയും മറ്റും വ്യാപാര വിനിമയം ഇതിന് പുറമേയാണ്. മദീന പലായനത്തിനു മുമ്പുള്ള രണ്ടാം അഖബാ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടതറിഞ്ഞ ഖുറൈഷ് വെപ്രാളപ്പെട്ടതും ഏത് വിധേനയും ഹിജറ തടസ്സപ്പെടുത്താന്‍ രംഗത്ത് വന്നതും ഈ കാരണങ്ങള്‍ കൊണ്ടും കൂടിയായിരുന്നു. ദാറുന്നദ്വയില്‍ നിന്നും അറബികളുടെ ഭരണ സിരാ കേന്ദ്രം മസ്ജിദുന്നബവിയിലേക്ക് മാറി. ഇതിനെ തകര്‍ക്കാനുള്ള ഉദ്യമം മക്കക്കാര്‍ ആരംഭിച്ചതിന്റെ കാരണത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു ഇത്.

മുസ്ലിംകള്‍ എണ്ണത്തില്‍ കുറവായിരുന്നു. എന്നാല്‍ ആദര്‍ശവാദികളായ അവരോളം ധീരൻമാരായി അറബ് നാട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തങ്ങളുടെ വിശ്വാസത്തെ ത്യാഗം കൊണ്ട് സംരക്ഷിക്കുകയും ആദര്‍ശ പ്രബോധനത്തിന്റെ വഴിയില്‍ ആരെയും ഭയപ്പെടാതിരിക്കുകയും ചെയ്ത സ്വഹാബികള്‍, തങ്ങളുടെ നാടിനെയും നേതാവിനെയും സ്വജീവന്‍ ബലിയര്‍പ്പിച്ചും സംരക്ഷിക്കും എന്ന പ്രതിജ്ഞയെടുത്തു. അങ്ങനെയാണ് ബദര്‍ രണഭൂമിയില്‍ അവര്‍ എത്തിയത്. ഒന്നുകില്‍ അഭിമാനത്തോടെ ജീവിക്കുക, അല്ലെങ്കില്‍ ധീരമായി മരിക്കുക. ഈ നിശ്ചയദാര്‍ഢ്യം അവര്‍ക്ക് സിദ്ധിച്ചത് പ്രവാചകനോടൊപ്പം മക്കയിലും മദീനയിലും ആയി അവര്‍ ജീവിച്ച നീണ്ട പതിനഞ്ച് സംവത്സരങ്ങളിലെ കഠിനമായ പരിശീലനത്തിലൂടെയും സംസ്‌കരണത്തിലൂടെയും ആണ്. ആദര്‍ശവാദികളായ മുസ്ലിംകള്‍ ഈ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയേ പറ്റൂ.

ഇതിനിടെയാണ് പ്രമുഖ അന്‍സാരി സഹാബി സഅ്ദ് ബ്‌നു മുആദ് ഉംറ നിര്‍വഹിക്കാനായി മക്കയില്‍ എത്തിയത്. ഹറമിന്റെ കവാടത്തില്‍ അബൂജഹല്‍ അദ്ദേഹത്തെ തടഞ്ഞു. ‘തങ്ങളുടെ മതത്തില്‍ നിന്നും തെറ്റിയവര്‍ക്ക് നിങ്ങള്‍ അഭയം നല്‍കി. അവര്‍ക്കെല്ലാ സഹായവും ചെയ്തു കൊടുക്കുമെന്ന് വീമ്പും പറഞ്ഞു. എന്നിട്ട് നിര്‍ഭനനായി കഅ്ബ ത്വവാഫ് ചെയ്യുന്നു! താന്‍ ഉമയ്യത്തിന്റെ അതിഥിയല്ലാരുന്നില്ലെങ്കില്‍, ജീവനും കൊണ്ട് തിരിച്ചു പോകില്ലായിരുന്നു.’ ‘നടന്നതു തന്നെ, അല്ലാഹുവാണ് സത്യം. എനിക്കു നീ ഇതു തടയുന്ന പക്ഷം ഇതിലും ഗൗരവമായിട്ടുള്ളത് നിനക്ക് ഞാനും തടയും. അത് മദീനയില്‍ കൂടിയുള്ള നിന്റെ കച്ചവട മാര്‍ഗ്ഗമായിരിക്കും.’ സഅ്ദ് പറഞ്ഞു.

സംഭവം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് മക്കയില്‍നിന്നുള്ള കച്ചവട സംഘം അബൂ സുഫിയാന്റെ നേതൃത്വത്തില്‍ സിറിയയിലേക്ക് കച്ചവട ചരക്കുമായി യാത്ര പോകുന്നത്. ചരക്കുകള്‍ വിറ്റ് മൂലധനവും ലാഭവും എല്ലാം ശേഖരിച്ച് മദീന വഴി മക്കയിലേക്ക് മടങ്ങേണ്ടുന്ന കച്ചവട സംഘം മദീനയിലൂടെയുള്ള യാത്രയില്‍ അപകടം ആശങ്കിച്ചു. സഅ്ദ് ബ്‌നു മുആദിന്റെ മേല്‍ ഉദ്ധൃത പ്രഖ്യാപനം അബൂ സുഫിയാന്‍ ഭയത്തോടെ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. ഒരു ദൂതന്‍ വഴി തങ്ങള്‍ ആക്രമിക്കപ്പെടും എന്ന സന്ദേശം അയാള്‍ മക്കയിലേക്ക് എത്തിച്ചു. ഈ സന്ദര്‍ഭത്തില്‍ ഉമയ്യത്തിന്റെ നേതൃത്വത്തില്‍ വലിയ ഒരു സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ വിവരം അല്ലാഹു പ്രവാചകനെ അറിയിക്കുന്നു. സിറിയന്‍ കച്ചവട സംഘത്തേയൊ മക്കയില്‍ നിന്നുള്ള ശത്രു സൈന്യത്തേയൊ നേരിടാന്‍ തയ്യാറാവുക. സഹാബാക്കളുമായി കൂടിയാലോചിച്ച് ഇസ്ലാമിക സമൂഹത്തിന് കൂടുതല്‍ ഭീഷണിയാകാവുന്ന മക്കയില്‍ നിന്നുള്ള ശത്രു സേനയെ ലക്ഷ്യം വച്ചുകൊണ്ട് പ്രവാചകനും അനുയായികളും മദീനയില്‍ നിന്ന് പുറപ്പെട്ടു. കച്ചവടസംഘം വരുന്ന സിറിയന്‍ ദിക്കിലേക്ക് ആയിരുന്നില്ല അവര്‍ യാത്ര തിരിച്ചത്. മക്കയിയില്‍ നിന്നുള്ള ശത്രുസേനയെ നേരിടാന്‍ തന്നെയാണവര്‍ മുതിര്‍ന്നത്. ഇത് ഖുര്‍ആനും വ്യക്തമാക്കുന്നുണ്ട്. ‘സത്യവിശ്വാസികളില്‍ ഒരു വിഭാഗത്തിന് അരോചകമായിരിക്കെ നിന്റെ റബ്ബ് സത്യസമേതം നിന്നെ സ്വവസതിയില്‍ നിന്ന് പുറത്തിറക്കിയപ്പോള്‍ …….’ (ഖു: 8:5)

ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മൗദൂദി വിവരിക്കുന്നത് കാണുക. ‘ബദര്‍ യുദ്ധത്തെസംബന്ധിച്ച് സീറാഗ്രന്ഥങ്ങളിലും യുദ്ധക്കഥകളിലും പൊതുവെ ഉദ്ധരിച്ചുകാണുന്ന റിപ്പോര്ട്ടുകളെ ആനുഷംഗികമായി ഖണ്ഡിക്കുകകൂടി ചെയ്യുന്നുണ്ട് ഖുര്ആന്റെ ഈ പ്രസ്താവന. കച്ചവടസംഘത്തെ കൊള്ളയടിക്കാനായിരുന്നു നബി(സ)യും സഖാക്കളും ആദ്യം മദീനയില്‌നിന്ന് പുറപ്പെട്ടതെന്നും ഏതാനും താവളങ്ങള് പിന്നിട്ടശേഷം ഖുറൈശിസൈന്യം കച്ചവടസംഘത്തെ രക്ഷിക്കാനായി വരുന്നുണ്ടെന്നറിവായപ്പോള് സൈന്യത്തെ നേരിടുകയോ കച്ചവടസംഘത്തെ ആക്രമിക്കുകയോ ഏതാണ് വേണ്ടതെന്ന് കൂടിയാലോചിച്ച് ഒടുവില് സൈന്യത്തെ നേരിടാന് തീരുമാനിക്കുകയാണുണ്ടായതെന്നുമാണ് ആ റിപ്പോര്ട്ടുകളുടെ ചുരുക്കം. ഇതിന് തികച്ചും വിപരീതമായി, വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ‘ന്യായമായ കാരണത്താല് നിന്റെ നാഥന് നിന്നെ നിന്റെ വീട്ടില് നിന്ന് പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല.’ (അല്അന്ഫാല് : 5)

തിരുമേനി സ്വഗൃഹത്തില്‍നിന്നു പുറപ്പെട്ട സന്ദര്‍ഭത്തില്‍തന്നെ ഖുറൈശി പടയുമായുള്ള നിര്‍ണായക പോരാട്ടമാണ് ഉന്നം വെച്ചിരുന്നത്. സൈന്യത്തെയോ കച്ചവട സംഘത്തെ നേരിടേണ്ടത് എന്ന പ്രശ്‌നത്തില്‍ അനുചരൻമാരുമായി ആലോചന നടത്തിയതും അപ്പോള്‍ ആയിരുന്നു. സൈന്യത്തെ നേരിടുകയാണ് വേണ്ടതെന്ന വസ്തുത വ്യക്തമായി ബോധ്യപ്പെട്ടശേഷവും സത്യവിശ്വാസികളിലൊരു വിഭാഗം അതില്‍നിന്ന് രക്ഷപ്പെടാന്‍ ന്യായം തേടുകയായിരുന്നു. അവസാനം, സൈന്യത്തിന്റെ ഭാഗത്തേക്കുതന്നെ പുറപ്പെടുവാന്‍ തീരുമാനിച്ചപ്പോള്‍ മരണത്തിലേക്ക് തെളിയിക്കപ്പെടുകയാണെന്ന് ഭാവത്തില്‍ ആയിരുന്നു അവര്‍ മദീനയില്‍ നിന്ന് പുറപ്പെട്ടത് ഇങ്ങനെയാണ് ഖുര്‍ആന്റെ വിവരണം.’ അതായത് സിറിയന്‍ കച്ചവട സംഘത്തിന്റെ സമ്പത്തല്ല മദീന രാഷ്ട്രത്തിന്റെ മുന്നിലുള്ള ഭീഷണി എന്നും അതിന്റെ എന്നെന്നേക്കുമുള്ള നിലനില്‍പ്പിനെ പരിക്കേല്‍പ്പിക്കുന്ന ഖുറൈശി സൈന്യമായിരുന്നു പ്രശ്‌നമെന്നും പ്രവാചകനും സഹാബത്തും മനസ്സിലാക്കിയിരുന്നു. ആദര്‍ശവാദികളായ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം നിലനില്‍പ്പിന്റെ മുന്നില്‍ ഉയര്‍ന്നുവരുന്ന ഭീഷണിയെ എന്തുവിലകൊടുത്തും തകര്‍ക്കുക എന്നുള്ളത് അത്യന്താപേക്ഷിതവും സ്വന്തം ആദര്‍ശത്തിന്റെ താല്‍പര്യവുമാണ്. പ്രവാചകനും അനുയായികളും ഈ ഘട്ടത്തിലും മുമ്പ് അവര്‍ അഭിമുഖീകരിച്ച ഘട്ടങ്ങളിലെന്ന പോലെ തന്നെ ധീരവും പക്വമായ നിലപാട് സ്വീകരിച്ചു. ഈ നിലപാടിന്റെ പേരാണ് ബദര്‍. തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നമേത് എന്ന് നയിക്കുവാനും അതിനെ തകര്‍ക്കുവാനും സാധിക്കുക എന്നുള്ളതാണ് ഒരു ആദര്‍ശ സമൂഹത്തിന് ഒന്നാമതായി കഴിയേണ്ടത് എന്നുകൂടി ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

വ്യക്തികളിലും സമൂഹങ്ങളിലും ഇസ്ലാം സൃഷ്ടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന മൗലികമായ പരിവര്‍ത്തനങ്ങളുടെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയും വികാസവും ബദര്‍ അനുസ്മരണത്തില്‍ തീര്‍ച്ചയായും വായിച്ചെടുക്കാന്‍ സാധിക്കും. ബദര്‍ രണഭൂമിയില്‍ സത്യവും അസത്യവും ഏറ്റുമുട്ടിയത് പോലെ, ബദര്‍ രണഭൂമിയില്‍ പോരാട്ടത്തിന് ഇറങ്ങിയ പ്രവാചക ശിഷ്യ•ാരുടെ അന്തരംഗത്തും ജീവിതത്തിന്റെ നാനാതുറകളിലും ഈ സത്യാ സത്യാ സംഘര്‍ഷവും സംഘട്ടനവും നേരത്തെ തന്നെ അരങ്ങേറുകയും സത്യത്തിന് നിര്‍ണായകമായ മേല്‍ക്കൈ അവിടങ്ങളിലെല്ലാം സ്ഥാപിച്ചെടുക്കുവാനും അവര്‍ക്ക് സാധിച്ചിരുന്നു.

ആത്മീയത, സാമൂഹികത, രാഷ്ട്രീയം തുടങ്ങിയ മണ്ഡലങ്ങളിെലെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഈ ജനതയെ മുന്നില്‍ നിന്നു നയിച്ചു. ഈ പ്രയാണത്തിന്റെ മുന്നില്‍ രൂപപ്പെട്ടു വരുന്ന പ്രതിബന്ധങ്ങളെ വകഞ്ഞു മാറ്റുവാനും അവയ്ക്കു മുമ്പില്‍ പകച്ചു പോയേക്കാവുന്ന ജനതയെ പിന്നില്‍ നിന്ന് തള്ളി മുന്നോട്ടു നയിക്കുവാനും പോരാട്ടം എന്ന പ്രക്രിയയും അനിവാര്യമാണ്. പോരാടുന്നത് എന്തിന് എന്ന മൗലികമായ ചോദ്യത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് പോരാട്ടത്തെപ്പറ്റി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരേ സന്ദര്‍ഭത്തില്‍ തന്നെ ആത്മീയതയും രാഷ്ട്രീയവും ആണ് ബദര്‍. ആത്മീയതയുടെ അനിവാര്യമായ നേട്ടമാണ് മതാഭിമുഖ്യമുള്ള ജീവിതം കെട്ടിപ്പടുക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം. അതിനു മുന്നില്‍ ആര്‍ക്കും തടസ്സം സൃഷ്ടിക്കാന്‍ സാധിക്കില്ല. തടസ്സങ്ങള്‍ക്കു മുമ്പില്‍ വിശ്വാസത്തെ ബലിയര്‍പ്പിക്കാനും പാടില്ല. രണ്ടാമതായി തന്നെ പരിവര്‍ത്തിപ്പിച്ച വിശ്വാസ സംഹിത ലോകത്ത് സ്ഥാപിച്ചാവാന്‍ വേണ്ടിയിട്ടുള്ള ന്യായമായ അവകാശവും മനുഷ്യര്‍ക്കുണ്ട്. ആ അവകാശത്തെയും ആര്‍ക്കും തടഞ്ഞുവയ്ക്കാന്‍ പാടില്ല. വെളിച്ചത്തെ തടഞ്ഞുവെക്കാന്‍ ഇരുട്ടിന് കഴിയാത്ത പോലെ ഈ തടസ്സങ്ങളെയെല്ലാം ഭേദിച്ചുകൊണ്ട് ആദര്‍ശവാദികള്‍ ആദര്‍ശ പ്രബോധനത്തിന്റെയും പ്രചാരണത്തിന്റെയും മാര്‍ഗത്തില്‍ മുന്നോട്ടു പോകും.

ഇസ്ലാം കേവലമായ ആശയമല്ല. അതിന്റെ പ്രയോഗ മാതൃകകള്‍ ജീവിതത്തിന്റെ എല്ലാ രംഗത്തും എന്നപോലെ ഭരണ രാഷ്ട്രീയ സൈനിക രംഗങ്ങളിലും ഉണ്ട്. ആ രംഗങ്ങളില്‍ ഇസ്ലാമിനെ കയ്യൊഴിക്കണം എന്ന് ശത്രുവിന്റെ ആക്രോശത്തിനു മുന്നില്‍ വിശ്വാസികള്‍ മുട്ടുമടക്കാവതല്ല. അങ്ങനെ മുട്ടുമടക്കുന്നവര്‍ക്ക് ബദര്‍ ഒരു പാഠവും നല്‍കുന്നില്ല.

സമകാലീന ചുറ്റുപാടില്‍ ശത്രുവിന്റെ താല്പര്യങ്ങള്‍ക്ക് മുമ്പില്‍ സ്വന്തം ആദര്‍ശത്തെ പണയപ്പെടുത്തിയ ഒരുപാട് പേര്‍ ഉണ്ടാകാം. ഇസ്ലാമിനെ ആത്മാര്‍ത്ഥമായി പുല്‍കിയവരും അതിനെ ശരിയായ നിലയില്‍ പ്രതിനിധീകരിക്കുന്നവരും തി•യുടെ ശക്തിയില്‍ നിന്ന് തങ്ങളെയും ലോകത്തെയും മോചിപ്പിക്കുവാനുള്ള ഉപായങ്ങള്‍ കണ്ടെത്തിയേ മതിയാകൂ. ബദര്‍ അരങ്ങേറിയ കാലഘട്ടത്തില്‍ രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും പരിഹാരത്തിനുള്ള പോംവഴി യുദ്ധമായിരുന്നു. ഇതിനര്‍ത്ഥം യുദ്ധം മാത്രമായിരുന്നു ബദര്‍ എന്നല്ല. സംയമനത്തിന്റെയും സന്ധിയുടെയും സംഭാഷണത്തിന്റെയും മാര്‍ഗ്ഗങ്ങളെല്ലാം കൊട്ടിയടക്കപ്പെട്ടപ്പോഴാണ് യുദ്ധത്തിന്റെ വഴിയവര്‍ക്ക് തുറക്കേണ്ടി വന്നത്. അനീതിയുടെയും അക്രമത്തിന്റെയും വ്യവസ്ഥയോട് ആശയം കൊണ്ടും സംവാദം കൊണ്ടും പ്രതിരോധത്തിന്റെ കോട്ടകള്‍ കെട്ടിപ്പടുക്കുന്നതോടൊപ്പം അവരെ രാഷ്ട്രീയമായി പരാജയപ്പെടുത്തുവാനുള്ള പുതിയ ഉപായങ്ങള്‍ നമുക്കു മുമ്പില്‍ ധാരാളമുണ്ട്. ആ ഉപായങ്ങള്‍ പരീക്ഷിക്കുവാനുള്ള സന്നദ്ധത മുസ്ലിം സമുദായം പ്രകടിപ്പിക്കേണ്ട ഘട്ടമാണിത്. ബദര്‍ നല്‍കുന്ന രാഷ്ട്രീയപാഠം അതാണ്. ബദര്‍ പോരാളികളുടെയും രക്തസാക്ഷികളുടെയും ആത്മത്യാഗത്തിന്റെ കഥ ഉരിയാടി ആശ്വാസം കണ്ടെത്തുകയല്ല മുസ്ലിംകള്‍ ചെയ്യേണ്ടത്. അത് ബദര്‍ അനുസ്മരണത്തിന്റെ ഒരു വശം മാത്രമാണ്. ബദറിന്റെ ലക്ഷ്യം മദീന എന്ന കൊച്ചു രാഷ്ട്രത്തിന്റെ സുരക്ഷയും അതില്‍ ജീവിക്കുന്ന പൗരസഞ്ചയത്തിന്റെ സ്വാതന്ത്ര്യവും വിമോചനവും ആയിരുന്നു. നമുക്ക് രക്ഷിക്കാന്‍ ഒരു രാഷ്ട്രം ഇല്ല എന്നുള്ളത് യാഥാര്‍ത്ഥ്യമായിരിക്കെ തന്നെ, രാഷ്ട്രത്തെ ഗ്രസിച്ച വംശീയതയുടെ രാഷ്ട്രീയത്തില്‍ നിന്നും നമ്മുടെ ജനതയെ വിമോചിപ്പിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. അതിനുള്ള എന്തു സന്നാഹമാണ് നമ്മുടെ കൈവശമുള്ളത് എന്ന് ഈ സന്ദര്‍ഭത്തില്‍ ആലോചിക്കേണ്ടത് അനിവാര്യവുമാണ്. വിശുദ്ധ ഖുര്‍ആനാല്‍ നയിക്കപ്പെടുന്ന ജനതയ്ക്ക് ബദറിന്റെ പിന്‍ബലം അനിവാര്യമാണ്. ബദര്‍ ഇല്ലാതെ ഖുര്‍ആന്‍ ലോകത്ത് സ്ഥാപിതമാവുകയില്ല. സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്ന ഉരക്കല്ലാണ് ഫുര്‍ഖാന്‍ ഖുര്‍ആന്‍ എങ്കില്‍, ധര്‍മ്മസംഘത്തെയും അക്രമിക്കൂട്ടത്തേയും വേര്‍തിരിക്കുന്ന ഉരക്കല്ലാണ് ഫുര്‍ഖാന്‍ ബദര്‍. ഈ കാലഘട്ടത്തിലെ ബദറിനെ രൂപപ്പെടുത്തുവാനുള്ള കഴിവ് ആര്‍ജിക്കാന്‍ ഈ ബദര്‍ ദിനസ്മരണ നമ്മെ പ്രാപ്തമാക്കണം. അതായത്, സത്യാസത്യ വിവേചനത്തിന് ഖുര്‍ആന്‍ ഉള്ളിടത്തോളം കാലം ബദറുകള്‍ സംഭവിച്ചു കൊണ്ടേയിരിക്കണം എന്നു സാരം. ഖുര്‍ആന്‍ ഇല്ലാത്ത ബദറും ബദറില്ലാത്ത ഖുര്‍ആനും പ്രയോഗക്ഷമമല്ലാത്ത തത്വവും, ദര്‍ശനം ഇല്ലാത്ത പ്രയോഗങ്ങളും ആയിരിക്കും. രണ്ടിനും മനുഷ്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ഖുര്‍ആന്‍ മുന്നില്‍ വെച്ച് വിമോചനത്തിന്റെ വഴി വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഓരോ ബദര്‍ ദിനവും നമുക്ക് കരുത്തു പകരട്ടേ.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles