Current Date

Search
Close this search box.
Search
Close this search box.

ജൂതകുടുംബത്തിന്റെ മനംമാറ്റം

നബി തിരുമേനി നടന്നുപോകുന്ന വഴിവക്കില്‍ ഒരു കൊച്ചു കുടിലുണടായിരുന്നു. അതില്‍ അന്തിയുറങ്ങിയിരുന്നത് ഒരു ജൂതകുടുംബമാണ്. അവര്‍ക്ക് പ്രവാചകനോടും അനുചരന്മാരോടും കടുത്ത പകയുണടായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം അവരത് പ്രകടിപ്പിക്കുകയും ചെയ്തു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി അകം അടിച്ചുവാരി ചപ്പുചവറുകള്‍ വഴിയിലൂടെ നടന്നുപോകുന്ന പ്രവാചകന്റെ ശരീരത്തില്‍ വീഴത്തക്കവിധം പുറത്തേക്കിടുക പതിവാക്കി. അതിന്റെ പേരില്‍ അവള്‍ അത്യധികം ആഹ്‌ളാദിക്കുകയും അഭിമാനിക്കുകയും ചെയ്തു. പക്ഷേ, അതൊന്നും പ്രവാചകനെ ഒട്ടും പ്രകോപിതനാക്കിയില്ല. ശരീരത്തിലെ പൊടിപടലങ്ങള്‍ തട്ടിക്കളഞ്ഞു പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോവുകയാണ് അദ്ദേഹം ചെയ്തിരുന്നത്.
ജൂതപ്പെണ്‍കുട്ടിയുടെ ദുര്‍വൃത്തിയില്‍ വ്യാകുലചിത്തരായ പ്രവാചക ശിഷ്യന്മാര്‍ പ്രതികാരത്തിനൊരുങ്ങി. എങ്കിലും അവിടുന്ന് അതിനവരെ അനുവദിച്ചില്ല. അദ്ദേഹം അരുള്‍ചെയ്തു: ‘എന്റെമേല്‍ ചവറുകള്‍ വീഴുന്നതുകൊണട് എനിക്ക് അസൌകര്യമൊന്നുമില്ല. അതോടൊപ്പം ആ പെണ്‍കുട്ടിക്കത് നിര്‍വൃതി നല്‍കുകയും ചെയ്യുന്നു. ഞാനെന്തിന് അവളുടെ സന്തോഷം നശിപ്പിക്കണം? മാത്രമല്ല, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചരിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുന്നതിനാലാണല്ലോ ഇതെല്ലാം അനുഭവിക്കേണടിവരുന്നത്. അതിനാല്‍, ഇത് അല്ലാഹുവിന്റെ പരീക്ഷണമാണ്. എല്ലാം സന്തോഷപൂര്‍വം സഹിക്കേണടതുണട്.’
ഒരു ദിവസം നബി തിരുമേനി അതുവഴി വന്നപ്പോള്‍ ആ കുട്ടിയെ കണടില്ല. അടുത്ത രണട് മൂന്ന് ദിവസങ്ങളിലും അങ്ങനെത്തന്നെ. പ്രവാചകന്‍ അവളെക്കുറിച്ചന്വേഷിച്ചു. അവള്‍ രോഗബാധിതയായി കിടപ്പിലാണെന്ന് മനസ്സിലായി. അതിനാല്‍ തിരുമേനി അവളുടെ അടുത്തുചെന്ന് സുഖവിവരങ്ങള്‍ തിരക്കി. തുടര്‍ന്ന് അവളുടെ രോഗശമനത്തിനുവേണടി പ്രാര്‍ഥിച്ചു. പിന്നീടിങ്ങനെ പറഞ്ഞു: ‘മോളേ, രോഗം കാരണം നിന്റെ ശരീരം വേദനിക്കുന്നുണടാവും. എന്റെ ശരീരത്തില്‍ ചപ്പുചവറുകളിടാന്‍ സാധിക്കാത്തതിനാല്‍ മനസ്സും. അതിനാല്‍, സാധ്യമാംവിധം എന്നെ ദ്രോഹിച്ച് മനസ്സിന്റെ വിഷമമകറ്റുക.’
പ്രവാചകന്റെ വാക്കുകള്‍ ആ പെണ്‍കുട്ടിയെ പിടിച്ചുലച്ചു. അവള്‍ പശ്ചാത്താപവിവശയായി കണ്ണീര്‍ വാര്‍ക്കാന്‍ തുടങ്ങി. അങ്ങനെ തിരുമേനിയുടെ സ്‌നേഹപൂര്‍ണമായ സമീപനം അവളെയും കുടുംബത്തെയും അത്യധികം സ്വാധീനിച്ചു. അവര്‍ ശത്രുത വെടിഞ്ഞ് അവിടുത്തെ അനുസരണയുള്ള അനുയായികളായി മാറി.

Related Articles