Current Date

Search
Close this search box.
Search
Close this search box.

നിയമപാലകരും തരംതാഴുമ്പോള്‍

നമുക്ക് ചുറ്റും നടക്കുന്ന ചില സംഭവങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുകയും നമ്മളില്‍ അസാധാരണമായ ഭീതി നിറക്കുകയും ചെയ്യും. ഭരണകൂട വ്യവസ്ഥകളിലുള്ള സര്‍വപ്രതീക്ഷകളെയും അതില്ലാതാക്കും. അത്തരമൊന്നായിരുന്നു കഴിഞ്ഞയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞത്. പോലീസുകാര്‍ തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചെന്നും തങ്ങളുടെ ഹിജാബ് വലിച്ചുകീറിയെന്നുമുള്ള ചില ജാമിയ വിദ്യാര്‍ഥികളുടെ ആരോപണമായിരുന്നു അതിലൊന്ന്. മറ്റൊരു ദുരനുഭവം വിദ്യാര്‍ഥികള്‍ നേരിട്ടത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗാര്‍ഗി കോളേജിലെ മ്യൂസിക് ഫെസ്റ്റിവലിലാണ്.

കഴിഞ്ഞയാഴ്ച ജാമിയ മില്ലിയ്യ വിദ്യാര്‍ഥികള്‍ സിഎഎക്കെതിരെ ഒരു വിദ്യാര്‍ഥി പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരുന്ന അവരുടെ മാര്‍ച്ച് യൂണിവേഴ്‌സിറ്റിക്കടുത്തുതന്നെ ബാരിക്കേഡുകളിട്ട് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസുകാര്‍ തങ്ങളെ ബൂട്ടും ലാത്തിയും ഇരുമ്പു ദണ്ഡുകളുമുപയോഗിച്ച് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇരുപത്തിമൂന്നോളം വിദ്യാര്‍ഥികളെ സംഘര്‍ഷ സ്ഥലത്തുനിന്നും അടുത്തുള്ള ആശുപത്രികളിലെത്തിച്ചതായാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചില വിദ്യാര്‍ഥികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ മാധ്യമങ്ങളോട് വിവരിക്കുകയും ചെയ്തു. തികഞ്ഞ അവഗണനയോടെയും പ്രതികാരബുദ്ധിയോടെയുമാണ് പോലീസ് അവരോട് പെരുമാറിയത്. ഒരു വിദ്യാര്‍ഥിയുടെ ആരോപണമിങ്ങനെ: ‘ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറ്റു വിദ്യാര്‍ഥികള്‍ക്കിടയില്‍ വെച്ച് തന്നെ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ തന്നെ എന്തുചെയ്താലും തനിക്കൊട്ടും പേടിയില്ലെന്ന് ഞാന്‍ പറഞ്ഞു. പോലീസുകാരില്‍ ചിലര്‍ എന്റെ താടിയെ അപമാനിക്കുകയും എന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു’.

പോലീസുകാര്‍ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ ചവിട്ടുകയും അവളെ ഒരു മൂലയിലേക്കെടുത്ത് ഭരണഘടന പഠിപ്പിച്ചുകൊടുക്ക് തുടങ്ങിയുള്ള വൃത്തികെട്ട വാക്കുകള്‍ പ്രയോഗിച്ചെന്നുമാണ് ചില വിദ്യാര്‍ഥിനികളുടെ ആരോപണം. ചിലരുടെ ഹിജാബ് വലിച്ചുകീറുകയും ചെയ്തത്രെ. ‘ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. മുഴുവന്‍ പ്രക്ഷോഭങ്ങളും തങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. സംഘര്‍ഷത്തില്‍ ചില പോലീസുകാര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കെതിരെ യാതൊരു തരത്തിലും ബലം പ്രയോഗിച്ചിട്ടില്ല’- പോലീസിന്റെ വിശദീകരണവും വെറും ന്യായീകരണം മാത്രം.

Also read: തവക്കുൽ: നംറൂദിന്റെ തീക്കുണ്ഡങ്ങളിൽ തണുപ്പ് നിറച്ച ആത്മീയശക്തി

ഫെബ്രുവരി ആറിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ കോളേജായ ഗാര്‍ഗി കോളേജില്‍ നടന്ന ത്രിദിന വാര്‍ഷിക പരിപാടിക്കിടെയാണ് ലജ്ജാകരമായ മറ്റൊരു സംഭവം അരങ്ങേറിയത്. ഒരു വാര്‍ത്താ റിപ്പോര്‍ട്ട് ഇങ്ങനെ: 6:30 ഓടെ വിദ്യാര്‍ഥികളല്ലാത്ത ഒരു കൂട്ടം ആളുകള്‍ വേദിയിലേക്ക് കയറിവന്നു. ആണ്‍കുട്ടികളായ വിദ്യാര്‍ഥികള്‍ക്കു തന്നെ പ്രവേശനത്തിന് പാസുകള്‍ ആവശ്യമുള്ള കാമ്പസില്‍ ഇവയൊന്നുമില്ലാതെയാണ് ഇവര്‍ അകത്തേക്ക് അതിക്രമിച്ചുകയറിയത്. ആറരയോടെ ഗേറ്റിനു പുറത്തുനിന്ന മുഴുവന്‍ ആളുകളും കൂട്ടമായി മെയിന്‍ ഗേറ്റുവഴി അകത്തുകയറി. ഇവരെല്ലാം പുറത്തുനടന്ന സിഎഎ അനുകൂല റാലിയില്‍ പങ്കെടുത്തവരായിരുന്നു എന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. ചിലര്‍ വേദിക്കടുത്ത് വന്ന് ജയ് ശ്രീറാം മുഴക്കിയത്രെ. തുടര്‍ന്ന് നടന്നത് പുറത്തുപറയാനാവാത്ത ലജ്ജാകരമായ സംഭവങ്ങളായിരുന്നു. അതിനെപ്പറ്റിയുള്ള ദൃക്‌സാക്ഷി വിവരണങ്ങളെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരിച്ചിട്ടുണ്ട്. കോളേജ് അധികാരികള്‍ തങ്ങളുടെ പരാതികള്‍ ചെവികൊണ്ടില്ലെന്നും പോലീസ് കാഴ്ചക്കാരായി നിന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ആളുകളെ നിയന്ത്രിക്കാനായുള്ള ഏതു നടപടിക്രമങ്ങളായാലും വിദ്യാര്‍ഥിനികളെ നിലത്തിട്ടു ചവിട്ടുന്നതും സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിക്കുന്നതും ഒരു നിലക്കും ന്യായീകരിക്കാനാവില്ല. എന്തു പ്രകോപനമുണ്ടായാലും മാനുഷികമായ രീതിയില്‍ പെരുമാറാനാണ് പോലീസ് പരിശീലിക്കപ്പെട്ടതും അവര്‍ നിര്‍വഹിക്കേണ്ടതും. ഇത്തരമൊരു അധാര്‍മികമായ പ്രവൃത്തി ഒരിക്കലും പ്രൊഫഷനലുകളുടെ അടയാളമല്ല. ഡല്‍ഹി പോലീസ് ഭീകരമായ ഈ സംഭവങ്ങളെ അന്വേഷിക്കാന്‍ തയ്യാറാകണം. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു നിലക്കും സ്വീകാര്യമല്ല ഇത്. പോലീസിനുള്ളിലെ ചിലരാണ് ഈ അതിക്രമത്തിന് നേതൃത്വം നല്‍കിയതെങ്കില്‍ അവരെ തിരിച്ചറിയുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. തങ്ങളുടെ മേലുദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചാണെങ്കില്‍, വെറുപ്പുളവാക്കുന്ന ഇവരുടെ പെരുമാറ്റം പല വിദ്യാര്‍ഥികളെയും മാനസികമായും ശാരീരികമായും തളര്‍ത്തിയതോടെ പ്രക്ഷോഭപരിപാടികളില്‍ നിന്നും അവര്‍ പൂര്‍ണമായും പിന്തിരിയുകയും ചെയ്തു. ക്രൂരമായ ഈ അക്രമസംഭവങ്ങളിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരുന്ന നിക്ഷ്പക്ഷമായൊരു ഉന്നതതല അന്വേഷണം മാത്രമാണ് ബാക്കിയുള്ള ഏക മാര്‍ഗം.

Also read: ഇന്ത്യയിൽ ഇസ് ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ആരംഭം

ഗാര്‍ഗി കോളേജ് സംഭവം നമ്മുടെ സമൂഹത്തിന്റെ അധഃപതിച്ച സാമൂഹിക നിലയെയാണ് എടുത്തുകാണിക്കുന്നത്. പ്രതികള്‍ എല്ലാവരും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ അവര്‍ ചെയ്ത അധ്വാനത്തിന്റെ പ്രതിഫലമായാണ് യൂണിവേഴ്‌സിറ്റിയില്‍ തേര്‍വാഴ്ച നടത്താനുള്ള അനുവാദം നേതൃത്വത്തില്‍ നിന്നും ലഭിച്ചതത്രെ. ഒരു വിധത്തിലുള്ള നീക്കവും നടത്താതെ, അക്രമികളോട് സൗഹൃദപരമായ സമീപനമാണ് പോലീസും സ്വീകരിച്ചത്.

എന്നാല്‍, ആ പാര്‍ട്ടിയെ ഇത് തെരെഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ദിവസങ്ങളോളം ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ മൂടിവെച്ചു. വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചതിനു ശേഷമാണ് അക്രമികളില്‍ ചിലരെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തുനിഞ്ഞത്. അവരെയാകട്ടെ, തെളിവില്ലെന്ന കാരണത്താല്‍ ജാമ്യം നല്‍കി വെറുതെവിടുകയും ചെയ്തു. ബേഠി ബച്ചാവോ പോലുള്ള പ്രസ്ഥാനങ്ങളെല്ലാം എത്രമാത്രം പൊള്ളയായ പദ്ധതികളാണെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുന്നു.

സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് വാദിക്കുന്നവരാണ് പലരും. ഇത്തരം അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്ന വാതിലുകള്‍ കൊട്ടിയടക്കുകയും ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്ക് ശിക്ഷ നല്‍കുകയുമാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ അത് പൂര്‍ണമാകുന്നത് കുറ്റങ്ങളോട് യഥാര്‍ഥ പോരാട്ടം നടത്തേണ്ട മനസുകളിലാണ്. സമൂഹത്തിലെ സ്ത്രീയുടെ സ്ഥാനത്തെപ്പറ്റി ബോധവല്‍കരിക്കുകയും എല്ലാ സ്ത്രീകളും ആരുടെയെങ്കിലും മകളാണെന്ന ചിന്ത മനസില്‍ പ്രതിഷ്ഠിക്കുകയും ചെയ്താല്‍ മാത്രമേ ഈ യുദ്ധം പൂര്‍ണമാകുകയുള്ളൂ.

നമ്മുടെ നിയമപാലന കേന്ദ്രങ്ങളില്‍ ധാര്‍മികമായ ബോധം സൃഷ്ടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ വ്യക്തിയുടെയും ധാര്‍മിക ബോധത്തോടാകണം അവയൊക്കെ സംവദിക്കേണ്ടത്. തങ്ങളുടെ കുറ്റങ്ങളെ മുഴുവനാളുകളില്‍ നിന്നും മറച്ചുവെച്ചാലും എപ്പോഴും നിങ്ങളുടെ ചെയ്തികള്‍ രേഖപ്പെടുത്തുന്ന ഒരു വന്‍ ശക്തിയോടുള്ള ബാധ്യതയെപ്പറ്റിയുള്ള പേടിയില്ലാതെ ഈ ധാര്‍മിക ബോധം സൃഷ്ടിക്കുക അസാധ്യമാണ്. ആ ധാര്‍മികതലത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് നീതികേടുകളെ മറികടക്കാനുള്ള ഏക വഴി.

പോലീസ് സേനയിലും ഗണ്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. അവരുടെ അപൂര്‍ണമായ രാഷ്ട്രീയവല്‍കരണമാണ് രാജ്യം നേരിടുന്ന വലിയൊരു വെല്ലുവിളി. വരുംതലമുറകളുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നതെന്ന ഓര്‍മ വേണം. ഈ വെല്ലുവിളികളെ നേരിടാന്‍ ഇനിയും സമയമെടുക്കുകയാണെങ്കില്‍ അവക്ക് ആഴം കൂടുക മാത്രമാകും ഉണ്ടാകുക. ആരോ പറഞ്ഞതിങ്ങനെ: ‘ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തെരെഞ്ഞെടുപ്പുകളെപ്പറ്റി മാത്രം ചിന്തിക്കുമ്പോള്‍ ഒരു യഥാര്‍ഥ നേതാവ് ചിന്തിക്കുക വരും തലമുറകളുടെ ഭാവിയെക്കുറിച്ചാണ്’. അതുപോലെ വരും തലമുറകളുടെ ഭാവിയെപ്പറ്റി ആശങ്കയുള്ള എത്ര പേരുണ്ട് നമുക്കിടയിലെ രാഷ്ട്രീയക്കാരില്‍?

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്

Related Articles