Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിൽ ഇസ് ലാമിക സാമ്പത്തിക സംവിധാനത്തിന്റെ ആരംഭം

ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ള പലിശരഹിത ബാങ്കിംഗും ധനകാര്യ സംവിധാനവും അതിന്റെ സാമ്പത്തിക ഇടപാടുകളെയും നടപടിക്രമങ്ങളെയും രിബ (പലിശ) ഉൾപ്പെടുന്നതിൽ നിന്ന് തടയുകയും പി‌.എൽ‌.എസ് (ലാഭനഷ്ടങ്ങൾ പങ്കിടൽ) സംവിധാനത്തെ അതിന് പകരം വെക്കുകയും ചെയ്യുന്നു. അങ്ങനെ ‘അൽ ഗുർമു ബിൽ ഗുൻമി’ അഥവാ റിസ്ക്കുകൾ പങ്കിടുന്നതിലൂടെ ലാഭം നേടാം എന്ന നിയമ തത്വത്തിൽ ഊന്നുകയും ചെയ്യുന്നു.
ഈ അടിസ്ഥാന ഉപാധിയോടെ, ഘറർ (അനിശ്ചിതത്വം), മൈസിർ (ചൂതാട്ടം) എന്നിവയുള്ള ഉത്പന്നങ്ങളും ഉപകരണങ്ങളും മാർഗങ്ങളും വെടിയേണ്ടതാണ്. നിലവിലെ ഭൗമ-സാമ്പത്തിക സാഹചര്യത്തിൽ, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗ്/ഫൈനാൻസ്‌ എന്നൊക്കെ പ്രാഥമികമായി വിളിക്കപ്പെടുന്ന പി.എൽ.എസ് ആസ്പദമാക്കിയുള്ള ഈ പലിശരഹിത സാമ്പത്തിക വ്യവസ്ഥ, അതിന്റെ പരിണാമ ഘട്ടത്തിലായിരിക്കെ തന്നെ പരമ്പരാഗത മാതൃകകൾക്കുള്ള ബദൽ എന്ന് പ്രശംസിക്കപ്പെടുകയും, ലോകമെമ്പാടുമുള്ള 75ഓളം രാജ്യങ്ങളുടെ സാമ്പത്തിക നിയന്ത്രണ ഘടനയുടെ ഭാഗമായി മാറുകയും ചെയ്തിരിക്കുന്നു.

ചില സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലൂടെ വളരെ വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയും പലിശരഹിത ബാങ്കിംഗിനോടും സാമ്പത്തിക സംവിധാനങ്ങളോടും ചില നല്ല സൂചനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. പലിശ രഹിത ബാങ്കിംഗിന്റെയും സാമ്പത്തിക വ്യവസ്ഥയുടെയും ഇന്ത്യയിലെ വ്യാപനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനും ഇന്ത്യയുടെ വിശാലമായ സാമ്പത്തിക ചട്ടക്കൂടിൽ അത് എങ്ങനെ സ്വാംശീകരിക്കും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് തന്നെ അവയുടെ സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനും അക്കാദമിക തലത്തിൽ വിവിധ പണ്ഡിതന്മാർ ശ്രമം നടത്തിയിട്ടുണ്ട്.

Also read: ജനകീയ സമരങ്ങളും വനിതാപങ്കാളിത്തവും

ഈയവസരത്തിൽ, ഇന്ത്യയിൽ ഒരു ബദൽ സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുവാൻ പ്രവർത്തിക്കുന്ന, 2008 ൽ സ്ഥാപിതമായ, ന്യൂ ഡൽഹിയിലെ ഇന്ത്യൻ സെന്റർ ഫോർ ഇസ്‌ലാമിക് ഫൈനാൻസി(ഐ.സി.ഐ.എഫ്)ന്റെ പരിശ്രമങ്ങളെ ഉയർത്തിക്കാട്ടുകയാണ് ഗ്രന്ഥകാരൻ. ഐ.സി.ഐ.എഫിന് പുറമേ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്റ്റിവ്‌ സ്റ്റഡീസ്(ഐ.ഒ.എസ്), ഇസ്‌ലാമിക് ഫിഖ്‌ഹ് അക്കാദമി ഇന്ത്യ (ഐ.എഫ്.എ), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ചാമ്പേഴ്സ്‌ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (എഫ്‌.ഐ.സി.സി.ഐ), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപനങ്ങളും ഇന്ത്യൻ സാമ്പത്തിക മാതൃകയിൽ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ നിലവിലെ സ്ഥാനവും വിലയിരുത്തലുകളും ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.

പുസ്തകത്തെ അഞ്ച് അധ്യായങ്ങളായി തരം തിരിച്ചിരിക്കുന്നു. അതിൽ മൂന്നും നാലും, അഞ്ചും അധ്യായങ്ങൾ ഇന്ത്യയിലെ ഇസ്‌ലാമിക് ബാങ്കിംഗിനെയും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെയും കുറിച്ച് ചർച്ച ചെയ്യാൻ മാറ്റി വെച്ചിരിക്കുന്നു. ഒന്നും രണ്ടും അധ്യായങ്ങൾ സകാത്തിനെയും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ പൊതു രൂപത്തെയും കുറിച്ചാണ്. സകാത്തിന്റെ പ്രാധാന്യം, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്.ഡി.ജി) നേടിയെടുക്കുന്നതിലും സകാത്തിന്റെ തന്ത്രപരമായ പങ്ക്, ദാരിദ്യം കുറക്കുന്നതിനും ഗ്രഹം സംരക്ഷിക്കുന്നതിനും ആഗോള തലത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനുമുള്ള യു.എൻ.ഒവിന്റെ ഊന്നലുകൾ(2016-2025) തുടങ്ങിയവയും സമഗ്രമായി ചർച്ച ചെയ്യപ്പെടുന്നു. സാമ്പത്തിക സുസ്ഥിരതയെ മുൻനിർത്തി ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവും അതിന്റെ വിവിധ വശങ്ങളും, സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നതിൽ സ്ത്രീകളുടെ പങ്ക് എന്നിവയും ചർച്ച ചെയ്യപ്പെടുന്നു. ഇസ്‌ലാമിൽ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മാതൃകയിൽ പ്രശ്നപരിഹാരത്തിനുള്ള സ്ഥാപനമായി പള്ളിയെ അവതരിപ്പിക്കുക എന്ന ആശയത്തിലേക്കും ഗ്രന്ഥം വെളിച്ചം വീശുന്നു.

സകാത്തിന്റെയും ബൈത്തുൽ മാൽ സംവിധാനത്തിന്റെ പ്രാധാന്യത്തെ ഊന്നുകയും, സമകാലിക ലോകത്തെ മാതൃകകളായി സകാത്തിന്റെ മലേഷ്യൻ-സൗത്താഫ്രിക്കൻ മോഡലുകൾ അവതരിപ്പിക്കുകയും ചെയ്യുന്നു(p. 31,32). ചലനാത്മകത സാമ്പത്തിക ഭദ്രതയ്ക്ക് മുസ്‌ലിം സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാചകൻ മുഹമ്മദ് (സ) മദീന നഗര രാഷ്ട്രത്തിൽ സ്ഥാപിച്ച മദീന ചന്തയെ കുറിച്ച പരാമർശം എടുത്ത് കാണിക്കുന്നു. പ്രവാചക കാലത്തെ ജൂതരുടെയോ മറ്റ് അമുസ്‌ലിം സമൂഹങ്ങളുടെയോ ഇടപെടലുകളോ കുത്തകാധിപത്യമോ ഇല്ലാതെ മുസ്‌ലിംകൾ മികവ് പുലർത്തിയ ഒരു ബദൽ കച്ചവട സംവിധാനമായിരുന്നു പ്രസ്തുത ചന്ത (p 107,108).

മാത്രമല്ല, ഇന്ത്യ പോലുള്ള, മുസ്‌ലിംകൾ ജനസംഖ്യയുടെ 14.5% ഉണ്ടായിട്ടും അവികസിത സാമ്പത്തിക സാഹചര്യത്തിൽ ജീവിക്കുന്ന (സച്ചാർ, പോസ്റ്റ്-സച്ചാർ വിശകലനങ്ങൾ അനുസരിച്ച്), രാജ്യങ്ങളിൽ സകാത്ത് സംവിധാനം അംഗീകരിക്കുകയും വ്യവസ്ഥാപിതമായി നിലനിർത്തുകയുമാണ് എങ്കിൽ ഈ പാർശ്വ വൽകൃത സമൂഹത്തിന്റെ ഉയർച്ചക്കുള്ള പരിഹാരം കാണാൻ സാധിക്കും. ഈയവസരത്തിൽ കേരളത്തിലെ ബൈത്തുസ്സകാത്ത് കഴിഞ്ഞ 70 വർഷമായി ഈ ലക്ഷ്യത്തിനായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്‌ ഒൗഖാഫ്, മൈക്രോ ഫിനാൻസ്, സ്വയം-സഹായ സംഘങ്ങൾ എന്നിവയും പ്രധാനമാണ് എന്ന് രചയിതാവ് അഭിപ്രായപ്പെടുന്നു.

അപെക്സ് ഫൈനാൻസ് റെഗുലേറ്ററി അതോറിറ്റി പോലെയുള്ള, കാര്യ നിർവഹണ തലത്തിലുള്ള സംഭവ വികാസങ്ങൾക്ക്‌ ഇന്ത്യയിലെ ഇസ്‌ലാമിക് ബാങ്കിംഗിന്റെയും സാമ്പത്തിക വ്യവസ്ഥയുടെയും സാധ്യത നിർണ്ണയിക്കുന്നതിൽ വളരെ പ്രസക്തിയുണ്ട്. 2005 ൽ ഇസ്‌ലാമിക് ബാങ്കിംഗിന്റെ സാമ്പത്തികോപകരണങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ആനന്ദ് സിൻഹയുടെ കീഴിൽ ഒരു കമ്മിറ്റിയെ ആർ.ബി.ഐ നിയമിച്ചു. 1949 ലെ ബാങ്കിംഗ് റഗുലേറഷൻ നിയമത്തിലും നികുതി നിയമത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ ഇന്ത്യയിൽ ഇസ്‌ലാമിക് ബാങ്കിംഗ് അനുവദിക്കാമെന്ന് പ്രസ്തുത കമ്മിറ്റി ശുപാർശ ചെയ്യുന്നു. 2008 ൽ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങളെ കുറിച്ച തന്റെ റിപ്പോർട്ടിൽ മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ സാമ്പത്തിക ഉൾപ്പെടുത്തൽ സങ്കല്പത്തിൽ ഇസ്‌ലാമിക് ബാങ്കിംഗിന്റെ പ്രാധാന്യം വിലയിരുത്തി.

Also read: പ്രജാപതിയുടെ പടിയിറക്കവും കാത്ത് ഒരു രാജ്യം

തുടർന്ന്, ഇസ്‌ലാമിക് ഇൻഷുറൻസ് തകാഫുലിനെ ഉയർത്തിക്കാട്ടുന്ന 2014 ഡിസംബർ 14ന് രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ട ഇൻഷുറൻസ് ഭേദഗതി ബിൽ 2008 ഹ്രസ്വ സംഗ്രഹത്തോടെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. 2013 ൽ ധനമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം, രാജേഷ് വർമ്മയുടെ കീഴിൽ ഒരു ഇന്റർ ഡിപ്പാർട്ട്മെന്റൽ സംഘത്തെ ഇസ്‌ലാമിക സാമ്പത്തികോൽപന്നങ്ങളുടെ കാര്യക്ഷമതയെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ആർ.ബി.ഐ നിയോഗിച്ചു. ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കിംഗിന്റെ സാധ്യതകൾ ഇല്ലാതാക്കുന്ന 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെയും അതിന്റെ ഉപവിഭാഗങ്ങളുടെയും ഘടനയെ പ്രസ്തുത റിപ്പോർട്ട് കൃത്യമായി ഉന്നയിച്ചു. അങ്ങനെയെങ്കിലും ഇസ്‌ലാമിക് ബാങ്കിംഗ് സ്ഥാപിച്ച് കൊണ്ടുള്ള പ്രത്യേക നിയമനിർമ്മാണം പാർലമെന്റ് നടത്തണമെന്ന് കമ്മിറ്റി നിർദേശിച്ചു. കൂടാതെ, നിലവിലെ നിയന്ത്രിത സാഹചര്യത്തിൽ ഒരു പ്രായോഗിക സാധ്യതയായിരിക്കും ഇസ്‌ലാമിക സംവിധാനമെന്നും കമ്മിറ്റി നിർദേശിച്ചു.

ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നത് 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, 1934 ലെ ആർ.ബി.ഐ ആക്ട്, 1881 ലെ കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്), 1961 ലെ കോപ്പറേറ്റിവ് സൊസൈറ്റീസ് ആക്ട് എന്നിവയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അനുബന്ധ ഇന്ത്യൻ ബാങ്കിംഗ് നിയമങ്ങൾ ഇസ്‌ലാമിക് ബാങ്കിംഗിനെ വ്യക്തമായി നിരോധിക്കുന്നില്ലെങ്കിലും, മുകളിൽ സൂചിപ്പിച്ച ചില നിയമങ്ങളുടെ, പ്രത്യേകിച്ച് 1949ലെ ബാങ്കിംഗ് റെഗുലേറഷൻ ആക്ടിന്റെ, ചില ഘടകങ്ങൾ ഇസ്‌ലാമിക് ബാങ്കിംഗ്, ഫൈനാൻസ് എന്നിവയുടെ അടിസ്ഥാന തത്വങ്ങളുമായി പ്രത്യക്ഷത്തിൽ തന്നെ ഏറ്റുമുട്ടുന്നു.

ഇസ്‌ലാമിക് ബാങ്കിംഗുമായി ബന്ധപ്പെട്ട ആർ.ബി.ഐയുടെ കാര്യ നിർവ്വഹണ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇസ്‌ലാമിക ബാങ്കുകൾ സ്ഥാപിക്കുന്നതിന് പ്രധാന തടസ്സമായി നിലകൊണ്ടു. എങ്കിലും സ്വാതന്ത്ര്യലബ്ധി തൊട്ടേ ബാങ്കിംഗ്-ഇതര ധനകാര്യ സ്ഥാപനങ്ങൾ(എൻ.ബി. എഫ്.ഐകൾ) ശരീഅത്ത് നിർദേശങ്ങളുമായി യോജിച്ച് വരുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പ്രത്യേകിച്ച് മുപ്പത്-നാൽപതികളിൽ, സ്ഥാപിതമായ ഇസ്‌ലാമിക നിക്ഷേപ തത്വങ്ങൾ അനുസരിച്ച് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സൂറത്തിലെ പട്ണി കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ്, മുസ്‌ലിം ഫണ്ട് തുടങ്ങിയവ ഉദാഹരണം. എൻ.ബി. എഫ്.ഐകൾ പലിശ രഹിത ബാങ്കുകൾ അല്ല, മറിച്ച് 1997 ലെ ആർ.ബി.ഐ ഭേദഗതി നിയമത്തിലെ എൻ.ബി.എഫ്.ഐകൾക്കായുള്ള നിർദ്ദേശങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങളാണ്.

Book Name:   Hindustan mai Islami mai’shyat aur maliyat- mawaneh aur mawaqeh
Author:            H.Abdur Raqeeb (Gen.Sec. ICIF).
Publisher:        Indian Centre for Islamic finance ICIF.
Pages:               296
Price:                300.00

വിവ. ഉമർ സഈദ്

Related Articles