Current Date

Search
Close this search box.
Search
Close this search box.

സൂഫിക്കഥയിലെ ഉമർ

കാലം കണ്ട ഏറ്റവും കരുത്തനും ശ്രദ്ധേയനുമായ ബോക്സിംഗ് ചക്രവർത്തി മുഹമ്മദലി ക്ലേ തൻറെ പൂമ്പാറ്റയുടെ ആത്മാവ് എന്ന ആത്മകഥയിൽ ഉദ്ധരിച്ച ഒരു സൂഫിക്കഥ ഇതാ:
ഒരിക്കൽ നൂറ് അടിമകൾക്കൊപ്പം ഉമറിനെയും രാജസന്നിധിയിൽ ഹാജരാക്കി. നോട്ടം ഉമറിന്റെ മേൽ പതിഞ്ഞ നിമിഷം രാജാവ് മനസ്സിലാക്കി, അയാൾ ഒരു സവിശേഷ വ്യക്തിത്വമാണെന്ന്.
ഉമറിൻറെ തേജസിൽ ആകൃഷ്ടനായ രാജാവ് ഉടൻതന്നെ അയാളെ തൻറെ സഹായിയാക്കി. ഒട്ടും വൈകാതെ ഉമർ രാജാവിൻറെ വിശ്വാസമാർജിച്ചു.
അതോടെ രാജാവ് അദ്ദേഹത്തെ ഖജനാവ് സൂക്ഷിപ്പുകാരനാക്കി. സ്വർണവും രത്നങ്ങളും ഉൾപ്പെടെ വിലപിടിപ്പുള്ള രാജ സ്വത്തെല്ലാം ഖജനാവിൽ ഉണ്ടായിരുന്നു. അതോടെ കൊട്ടാരത്തിലെ മിക്ക ഉദ്യോഗസ്ഥന്മാർക്കും ഉമറിനോട് അസൂയ തോന്നി. അടിമയായ ഉമർ എന്തിന് രാജ ഖജനാവിൻറെ മേൽനോട്ടക്കാരൻ ആവണമെന്ന് എത്ര ആലോചിച്ചിട്ടും അവർക്ക് മനസ്സിലായില്ല.
വൈകാതെ അവരുടെ അസൂയ വെറുപ്പായി വളർന്നു. രാജാവിന് ഉമറിനോട് ശത്രുത ഉണ്ടാവാൻ ഇടവരുത്തുന്ന കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി. അതിലൊന്ന് ഇവ്വിധമായിരുന്നു. എല്ലാവരും ഉണരുന്നതിനു മുമ്പേ ഉമർ രാജ രത്നങ്ങൾ സൂക്ഷിച്ച മുറിയിൽ പ്രവേശിച്ച് അവ അല്പാല്പമായി കട്ടെടുക്കുന്നുണ്ട്.
ഇതു കേൾക്കാനിടയായ രാജാവ് പറഞ്ഞു:”ഞാൻ ഇത് വിശ്വസിക്കുന്നില്ല. അങ്ങനെയുണ്ടെങ്കിൽ എനിക്കത് കാണിച്ചുതരൂ.”

Also read: വിഭവസമൃദ്ധമായ വ്യക്തിത്വം

അങ്ങനെ ഒരു നാൾ ഉമർ ഖജനാവിൽ പ്രവേശിച്ച സമയത്ത് രാജാവ് രഹസ്യമായി നിരീക്ഷിച്ചു. ഉമർ അലമാര തുറന്നു.പക്ഷേ രാജ രത്നങ്ങൾക്ക് പകരം പുറത്തെടുത്തത് അടിമയായിരുന്നപ്പോൾ ധരിച്ചിരുന്ന കീറക്കുപ്പായമാണ്. പഴകി ജീർണ്ണിച്ച ആ കുപ്പായം എടുത്ത് മുഖത്തോടു ചേർത്ത് ചുംബിച്ചു. തുടർന്ന് ഉമർ തൻറെ ആ കുപ്പായം എടുത്തണിഞ്ഞ് കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്നു. എന്നിട്ടിങ്ങനെ ആത്മഗതം ചെയ്തു:”നോക്കൂ ഉമർ, നീ മുമ്പ് എങ്ങനെയായിരുന്നുവെന്ന്.നിൻറെ യോഗ്യത അല്ല; മറിച്ച് നിൻറെ പോരായ്മകൾ കാണാതിരിക്കാനുള്ള രാജാവിൻറെ സന്മനസ്സും ഔദാര്യവുമാണ് നിന്നെ ഈ പദവിയിൽ എത്തിച്ചത്. ആ സന്മനസ്സിനും ഔദാര്യത്തിനും പകരമായി നീ നിന്നിലേൽപ്പിക്കപ്പെട്ട ഈ കർത്തവ്യം അമൂല്യമായ ഒരു സൂക്ഷിപ്പ് മുതലായി കണ്ട് കൃത്യതയോടെ നിറവേറ്റുക.നീ ഒരിക്കലും നിൻറെ ആദ്യ നാൾ മറക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. അതായത് ആദ്യമായി ഈ നഗരത്തിൽ എത്തിയ ദിവസം. ആ നാളിനെക്കുറിച്ച ഓർമ്മകൾ നിന്നെ എക്കാലവും നന്ദിയുള്ളവനാക്കി നിലനിർത്തും.”

പിന്നീട് ഉമർ പഴയ വസ്ത്രം അഴിച്ച് അലമാരയിൽ സൂക്ഷിച്ചു. തുടർന്ന് ഔദ്യോഗിക വസ്ത്രം ധരിച്ചു. വാതിലിൻറെ നേരെ തിരിഞ്ഞപ്പോഴാണ് രാജാവ് അവിടെ നിൽക്കുന്നത് കണ്ടത്. നിറകണ്ണുകളോടെ രാജാവ് പറഞ്ഞു:”താങ്കൾ എൻറെ ഖജനാവിൽ നിന്ന് രത്നങ്ങൾ കവർന്നെടുക്കുന്നുണ്ടെന്ന് ജനങ്ങൾ പറഞ്ഞു. എന്നാൽ താങ്കൾ എൻറെ ഹൃദയം കവർന്നെടുത്തതായാണ് എനിക്കനുഭവപ്പെട്ടത്. താങ്കളെന്നെ അമൂല്യമായ പാഠം പഠിപ്പിച്ചിരിക്കുന്നു. ഏതു പദവിയിലുള്ളവരും പഠിക്കേണ്ട പാഠം. എപ്പോഴും നാം നന്ദിയുള്ളവരാകണമെന്ന പാഠം. നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് പോലും നന്ദിയുള്ളവരാകണം.”
തുടർന്ന് രാജാവ് ഉമറിൻറെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:”ഉമർ, രാജാവ് ഞാനായിരിക്കാം. എന്നാൽ രാജ ഹൃദയമുള്ളത് താങ്കൾക്കാണ്.”

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

ഈ കഥ തന്നെ വേണ്ടത്ര സ്വയം സംസാരിക്കുന്നുണ്ട്. കടന്നു പോന്ന വഴി ഓർക്കുന്നവർ വളരെ വിരളമാണ്. സുസ്ഥിതിയിലെത്തുന്നവരിൽ ഏറെപ്പേരും കഷ്ടതകൾ നിറഞ്ഞ ഭൂതകാലം ബോധപൂർവ്വം മറക്കുന്നു. അതേക്കുറിച്ച് ഓർമ്മപ്പെടുത്തുന്നത് പോലും അവരിൽ അനിഷ്ടമുണ്ടാക്കും. എന്നാൽ നടന്നു വന്ന വഴികൾ ഓർക്കുന്നവരാണ് വർത്തമാന കാലത്തെ ധന്യമാക്കുക. ഭാവിയിലേക്ക് വിജയത്തിൻറെ വഴിയിലൂടെ നടന്നു നീങ്ങുന്നവരും അവർ തന്നെ. നടക്കാനിരിക്കുന്ന വഴി സുഖകരമായിരിക്കും; തീർച്ച.

Related Articles