Personality

വിഭവസമൃദ്ധമായ വ്യക്തിത്വം

കഴിവുകൾ ഇല്ലാത്ത ഒരൊറ്റ മനുഷ്യനും ഈ ലോകത്തെങ്ങും കാണില്ല എന്ന് പറയാം. ഒരാളെ നീ ഒന്നിനും കൊള്ളാത്തവൻ, വിഡ്ഢി, മണ്ടൻ എന്നൊക്കെ പറഞ്ഞ് പുച്ഛിക്കുമ്പോഴും അധിക്ഷേപിക്കുമ്പോഴൊക്കെ നമ്മൾ തീർച്ചയായും ഒരുപക്ഷേ ആ വ്യക്തിയ്ക്ക് മറ്റൊരാളെ പോലെ തന്നിൽ ഒളിഞ്ഞിരിക്കുന്ന അന്തർലീനമായ അമൂല്യനിധിയെ ഖനനം ചെയ്തെടുക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉണ്ടായിരുന്നില്ല, വേണ്ടത്ര അറിവും ബുദ്ധിയും പകർന്ന് നൽകാൻ ചുറ്റിനും ആളുകൾ ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ കാര്യബോധത്തോടെ ജീവിതത്തെ കാണാൻ ആരും പഠിപ്പിച്ചില്ല, ജീവിത സാഹചര്യങ്ങൾ അയാൾക്ക് ഒട്ടും അനുകൂലമായിരുന്നില്ല, അയാളുടെ ചിന്തകൾ അല്ലെങ്കിൽ ചിന്താഗതി അയാൾക്ക് ഒട്ടും സപ്പോർട്ടീവ് ആയിരുന്നില്ല, അയാളിലെ പ്രതിഭയെയും പൊട്ടൻഷ്യലിനെയും അയാൾ തിരിച്ചറിഞ്ഞില്ല എന്നൊക്കെ വേണം മനസ്സിലാക്കാൻ. പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാൽ വളർച്ചയുടെ ആദ്യഘട്ടത്തിൽ നിർബ്ബന്ധമായും അവനവനെ മുന്നോട്ട് നഴിക്കാനുള്ള വഴികൾ വെട്ടിതെളിയിച്ചു നൽകാനും നല്ലൊരു മാർഗ്ഗദർശിയാവാനും ഏത് വ്യക്തിയെ സംബന്ധിച്ചിടത്തോളവും ആരെങ്കിലും കൂട്ടിന് വേണം. വാസ്തവത്തിൽ മാതാപിതാക്കളാണ് അത് ഏറ്റെടുത്ത് നിറവേറ്റാൻ ബാധ്യസ്ഥരാവുന്നത്. പക്ഷെ ഒട്ടുമിക്ക മാതാപിതാക്കളും മറ്റുള്ളവരെ അനുകരിച്ച് തങ്ങളുടെ ഡ്യൂട്ടികൾ ചെയ്തുപോകുന്നു എന്നല്ലാതെ ഇതിനെക്കുറിച്ചൊന്നും ശരിയ്ക്കും ബോധവാന്മാർ അല്ല. അതേപോലെ കാലങ്ങൾ പിന്നിടുമ്പോൾ ആ വ്യക്തി അവനവന് സ്വയം തന്നെ ഒരു പ്രചോദനമായി മാറുകയും വേണം.

മനുഷ്യമസ്തിഷ്ക്കം എന്നുവെച്ചാൽ മറ്റുള്ള ജീവികളെ അപേക്ഷിച്ച് ഉയർന്ന ബോധവും ബുദ്ധിശക്തിയും സവിശേഷ ബുദ്ധിയുംകൊണ്ട് ഏറെ വിഭിന്നവും അതീവ വിസ്മയം നിറഞ്ഞതുമായ ഒന്നാണ്. ഇന്ന് വീടുകളിലെല്ലാം സർവ്വ സാധാരണമായി കണ്ടുവരുന്ന ഒന്നാണല്ലോ കമ്പ്യൂട്ടർ. ഒരു കമ്പ്യൂട്ടറിലെ സി.പി.യു എന്ന് പറയുന്ന ഭാഗമാണ് എപ്പോഴും അതിന്റെ ബ്രെയിൻ എന്ന നിലയിൽ വർക്ക് ചെയ്യുന്നത്. കീ പാഡിലൂടെ നമ്മൾ കമ്പ്യൂട്ടറിലേക്ക് നൽകുന്ന കമാൻഡ് അല്ലെങ്കിൽ ഇൻ പുട്ടിനെ സി.പി.യു സ്വീകരിക്കുകയും നമുക്ക് വേണ്ട ഇൻഫോർമേഷൻസ് മോണിറ്ററിലൂടെ ഔട്ട് പുട്ട് ആയി നൽകുകയും ചെയ്യുന്നു. അതേപോലെ നമുക്ക് നമ്മുടെ ശരീരത്തിൽ കാണുന്ന കണ്ണ്, മൂക്ക്, ചെവി, നാവ്, ചർമ്മം തുടങ്ങിയ അവയവങ്ങളിലൂടെ അതായത് പഞ്ചേന്ദ്രിയങ്ങളിലൂടെ ഗോചരമാക്കപ്പെടുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒരു മനുഷ്യനിൽ സംഭവ്യമാകുന്നത് എന്ന് നോക്കിയാൽ ബാഹ്യലോകത്ത് നിന്ന് പഞ്ചേന്ദ്രിയങ്ങളിൽ ഉണ്ടാവുന്ന ഉത്തേജനം ഒരു സന്ദേശമായിട്ട് നാഡീവ്യൂഹങ്ങളിലൂടെ സഞ്ചരിക്കുകയും ബ്രെയിൻ അതിനെ സ്വീകരിച്ച് ആ മെസ്സേജിനെ അല്ലെങ്കിൽ ഇൻപുട്ടിനെ ഔട്ട് പുട്ടായിട്ട് ശരീരഭാഗങ്ങളിലൂടെ തന്നെ തിരികെ തരികയും ചെയ്യുന്നു. മനുഷ്യന്റെ പെരുമാറ്റങ്ങളും മറ്റുള്ള ആക്റ്റിവിറ്റീസും എപ്പോഴും നിയന്ത്രിക്കപ്പെടുന്നത് ഈ വിധത്തിലാണ്. ഇങ്ങനെ കമ്പ്യൂട്ടറിൽ കാണുന്ന സി.പി.യുവിന്റെ ഒരു മിനിയെച്ചർ രൂപമായ, അതുമായി വളരെയേറെ സാമ്യം പുലർത്തുന്ന നമ്മുടെ ബ്രെയിനിന്റെ കപ്പാസിറ്റി വേണമെന്നുണ്ടെങ്കിൽ നിരന്തരം ചില പരിശീലനങ്ങളിലൂടെ നമുക്ക് വർദ്ധിപ്പിച്ച് എടുക്കാവുന്നതാണ്. കമ്പ്യൂട്ടറിൽ അതിന് ഓവർ ക്ലോക്കിങ് എന്നാണ് പറയുന്നത്, ഓവർ ക്ലോക്കിങ്ങിലൂടെ നമുക്ക് സി.പി.യുവിന്റെ പ്രവർത്തന ക്ഷമതയും വേഗതയും വർദ്ധിപ്പിക്കാം. ബ്രെയിനിന്റെ കാര്യത്തിലാണെങ്കിൽ സുഡോകു, റൂബിക്ക്‌സ് ക്യൂബ് പോലെയുള്ള ബ്രെയിനിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും സജീവമാക്കി നിർത്തുകയും ചെയ്യുന്ന ടാസ്‌ക്കുകൾ നൽകിയോ, ബ്രെയിൻ ഗെയിമിങ്ങിലൂടെയൊക്കെ മുമ്പത്തേക്കാൾ അവയെ ആക്റ്റീവ് ആക്കിയെടുക്കാനും മേൽപ്പറഞ്ഞ പോലെ ഒരു ഓവർ ക്ലോക്കിങ് ബ്രെയിനിനകത്ത് ചെയ്തെടുക്കാനും പറ്റും .

Also read: കറുത്ത മുസ്‌ലിംകളുടെ ചരിത്രത്തെപ്പറ്റി അഞ്ച് പുസ്തകങ്ങൾ

ഇതുപോലെ ഓരോ പ്രവൃത്തികളിലും ചിന്തകളിലും ടാസ്‌ക്കുകളിലും സജീവമാക്കി നിർത്തും തോറും തലച്ചോറിന്റെ പ്രവർത്തന ക്ഷമത അനുദിനം കൂടി കൂടി നമ്മുടെ പ്രതീക്ഷയ്ക്കും ഭാവനയ്ക്കും അതീതമെന്നോണം വളർച്ച പ്രാപിക്കും ബ്രെയിനിന്റെ പ്രവർത്തനങ്ങൾ എല്ലാം ത്വരിതഗതിയിൽ ആയിക്കൊണ്ടിരിക്കും. മനുഷ്യബ്രെയിനിന്റെ കപ്പാസിറ്റിയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരേസമയം 5 ബില്യൺ ബുക്ക്സ് വരെ സ്റ്റോർ ചെയ്യാൻ കഴിയുന്ന ഭീമമായ ഒരു കലവറയാക്കി അതിനെ മാറ്റാവുന്നതാണ്, അതായത് ഏകദേശം രണ്ടര ബില്യൺ ഗിഗാ ബൈറ്റ്സ് ഓഫ് സ്റ്റോറേജ്. ഒരു ജന്മം മുഴുവൻ പരിശ്രമിച്ചാലും അത് നിറയ്ക്കാൻ ഒരു മനുഷ്യനെക്കൊണ്ട് സാധ്യമല്ല. അത്രയും പവർഫുൾ ആണ്. നമ്മുടെയൊക്കെ കൈകളിൽ ഇരിക്കുന്ന കുഞ്ഞു മൊബൈലിന്റെ സ്റ്റോറേജുമായി താരതമ്യപ്പെടുത്തി നോക്കിയാൽ തന്നെ മനസ്സിലാവും. എങ്കിൽ പോലും നമുക്ക് അതിനകത്ത് ഓർത്തുവെയ്ക്കാൻ കഴിയുന്നതിനുമപ്പുറം സംഗതികൾ സ്റ്റോർ ചെയ്യാൻ സാധിക്കുന്നില്ലേ. അസാമാന്യ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ശേഷിയുഉള്ള ബൃഹത്തായ ഒരു സംവിധാനമാണ് മനുഷ്യമസ്തിഷ്ക്കം. നാഡീവ്യൂഹങ്ങളെക്കുറിച്ചും മസ്തിഷ്ക്കത്തെക്കുറിച്ചുമുള്ള പഠനങ്ങൾ പൂർത്തിയാക്കാൻ ശാസ്ത്രത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല, കാരണം അത്രയും കോംപ്ലിക്കേറ്റഡ് ആണ് അത്. പഞ്ചേന്ദ്രിയങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിൻ ആണല്ലോ, നമ്മുടെ കണ്ണുകൾക്കും ചെവിയ്ക്കുമുള്ള സംവേദനക്ഷമത അല്ലെങ്കിൽ പ്രതികരണ ക്ഷമത നോക്കുകയാണെങ്കിൽ കണ്ണിന് കേവലം 0.0625 സെക്കന്റും ചെവിയ്ക്ക് 0.1 സെക്കന്റും മതിയാകും റിയക്ട് ചെയ്യുന്നതിനായിട്ട്. റിഫ്ലക്സ് ആക്ഷനെക്കുറിച്ചൊക്കെ നമ്മെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. വല്ലപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ അതിരില്ലാത്ത പൊട്ടൻഷ്യൽ കൊണ്ടുനടക്കുന്ന അതിശക്തിമാനായ ഒരു ജീവിയാണ് താൻ എന്ന്. ഇത്രയും പവർഫുൾ ആയ ഒരു ബ്രെയിൻ നമുക്ക് കൂട്ടിനുണ്ടെന്നോ, ഇതിനെ ഉപയോഗിക്കാനുള്ള വഴികളോ, മെതേഡ്സോ നാം മിക്കപ്പോഴും കണ്ടെത്താൻ നാം ശ്രമിക്കാറില്ല എന്നതാണ് സത്യം. നാം ഇവിടെ പിറക്കുന്നു സ്‌കൂൾ വിദ്യാഭ്യാസം നേടുന്നു, ജോലി, വിവാഹം, അധ്വാനം, കഷ്ടപ്പെടൽ, കുഞ്ഞുങ്ങളെ വളർത്തൽ, അവരുടെ ജോലി വിവാഹം ഇത്തരമൊരു ട്രാക്കിൽ കുരുങ്ങിക്കിടക്കുന്നവരാണ് നാം. അതിനപ്പുറം താൻ എന്താണ്, താനും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്, തന്നിലെ പൊട്ടൻഷ്യൽ എന്താണ് എന്നൊന്നും ചിന്തിക്കുന്നില്ല.

ഒരു രാജ്യം അഭിവൃദ്ധിപ്പെടുന്നതും ഉന്നതിയിലേക്ക് എത്തുന്നതും ആ രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങൾ ഏറ്റവും ക്രിയാത്മകമായും ഫലപ്രദമായിട്ടും പ്രയോജനപ്പെടുത്തുമ്പോൾ മാത്രമാണ്. ജലം, വായു, മണ്ണ്, വനങ്ങൾ, അതേപോലെ ഖനലബ്ധമായ ലോഹപദാർത്ഥങ്ങൾ ഇവയൊക്കെ പ്രകൃതി വിഭവങ്ങളാണ്. ഭൂമിയിൽ വസിക്കുന്ന കോടാനുകോടി മനുഷ്യരുടെ നിലനിൽപ്പ് ഇപ്പറയുന്ന പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചാണ് എന്ന് അറിയാമല്ലോ. ഇപ്പറയുന്ന പ്രകൃതിവിഭവങ്ങളിൽ ഒന്നാണ് മനുഷ്യരും. മനുഷ്യർക്ക് മനുഷ്യരെ തന്നെ, അവരിലെ ക്രിയാത്മകമായ സ്വന്തം കഴിവുകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അറിഞ്ഞിരിക്കണം. എന്നാൽ പരസ്പര ചൂഷണമാകരുത് അത് ഒരിക്കലും. ബഹുലമായ മനുഷ്യവിഭവങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ജനങ്ങളെ എടുത്തു നോക്കുമ്പോൾ അഭ്യസ്തവിദ്യരായ ഒരുപാട് പേരുണ്ട് നമ്മുടെ രാജ്യത്ത്. എന്നാൽ തന്നെ ബൗദ്ധികപരമായി ഉയർന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും രാജ്യത്തിന്റെ വികസനത്തിനും ഉന്നമനത്തിനും വേണ്ടി മനുഷ്യരിലെ നൈസ്സർഗ്ഗീകമായ കഴിവുകൾ എത്രത്തോളം വിനിയോഗിക്കപ്പെടുന്നു എന്നത് വലിയൊരു ചോദ്യമാണ്.

മനുഷ്യവിഭവങ്ങളെയോ അല്ലെങ്കിൽ കഴിവുകളെയും ടാലന്റിനെയൊക്കെ ഉപയോഗപ്പെടുത്തൽ അവൻ അല്ലെങ്കിൽ അവൾ വ്യക്തിഗതമായും കുടുംബപരമായും അതിലെല്ലാം ഉപരി സാമൂഹിക പരമായും രാഷ്ട്രതലത്തിലും ഉയർച്ചയും നേട്ടവും വിജയം കരസ്ഥമാക്കുമ്പോൾ മാത്രം പൂർണ്ണത പ്രാപിക്കേണ്ടതാണ്. ഓരോ വ്യക്തിയും ഒന്ന് ചിന്തിച്ചാൽ തന്റെ കഴിവിനും സാമർത്ഥ്യത്തിനും അനുസരിച്ച് എന്തെല്ലാം സ്വന്തം രാജ്യത്തിനായി സംഭാവന ചെയ്യാൻ സാധിക്കും. മുൻരാഷ്ട്രപതി എ. പി ജെ അബ്ദുൾ കലാമിന്റെ ഇഗ്നൈറ്റഡ് മൈൻഡ് എന്ന പുസ്തകം തീർച്ചയായും കൗമാരപ്രായക്കാരായ കുട്ടികൾ വായിച്ചിരിക്കണം. അദ്ദേഹം അതിൽ എഴുതിയ ഒട്ടനവധി കാര്യങ്ങൾ ചിന്തനീയവും അതിപ്രസക്തവും ഏതൊരു കാലഘട്ടത്തിനും അനുയോജ്യവും യുവതി യുവാക്കൾക്ക് ഏറ്റവും വലിയൊരു പ്രചോദനവും ആവുമെന്നതിനാൽ അച്ഛനമ്മമാർ മക്കൾക്ക് എന്ത് തന്നെയായാലും വാങ്ങി കൊടുക്കേണ്ടതാണ്. ഒരു രാജ്യത്തിന്റെ യുവത്വം അല്ലെങ്കിൽ യുവശക്തി എന്നത് ആ രാജ്യത്തെ ഉന്നതിയിലേയ്ക്ക് നയിക്കാനുള്ള ഊർജ്ജമാണ്. ഓരോ വ്യക്തിയും ആ രാജ്യത്തിന്റെ വിഭവസമ്പത്താണ്, അതിലൂടെ ഓരോ മനുഷ്യന്റെയും പൊട്ടൻഷ്യൽ ആ രാഷ്ട്രത്തിന്റെ തന്നെ പൊട്ടൻഷ്യൽ ആയിട്ട് മാറുകയാണ്. അവിടെയാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെടേണ്ടത്.

Also read: ജമാല്‍ ഖഷോഗി; രണ്ട് വര്‍ഷത്തിനിപ്പുറവും നീതി പുലര്‍ന്നില്ല

ബൗദ്ധികനിലവാരം ഉയർത്താൻ വിദ്യഭ്യാസം കൂടിയേ തീരുള്ളൂ. രാജ്യത്തിന് പുരോഗതി പ്രാപിക്കാൻ, നൂതനമായ കണ്ടെത്തലുകളിലൂടെ ഒരു രാജ്യത്തെ പുനർനിർമാണം ചെയ്യാൻ, മനുഷ്യന്റെ കഴിവുകൾ കാര്യക്ഷമമായ തോതിൽ പ്രയോജനപ്പെടുത്താൻ മനുഷ്യർക്ക് സാധിക്കണമെങ്കിൽ വിദ്യാഭ്യാസം വളരെയധികം അത്യന്താപേക്ഷിതമായ ഒന്നാണ്. അതേപോലെ സർക്കാർ സംവിധാനങ്ങളും അതിനായ് ഉണർന്ന് പ്രവൃത്തിക്കുമ്പോഴേ ഉദ്ദിഷ്ടഫലമുണ്ടാകൂ.
ഇന്ത്യയിൽ ലഭ്യമായ അസംസ്‌കൃത വസ്തുക്കൾ മറ്റുള്ള രാജ്യങ്ങളിലേക്ക് തുച്ഛമായ വിലക്ക് കയറ്റുമതി ചെയ്യുകയും അപ്പറയുന്ന രാജ്യങ്ങൾ വിപുലീകരിച്ചെടുത്ത അതിനൂതനമായ ടെക്ക്നോളജിയിലൂടെ അവയെ പലവിധത്തിലും പലവിധ ഉപയോഗങ്ങൾക്കായുള്ള യന്ത്രങ്ങളും ഉപകരണങ്ങളുമാക്കി മാറ്റിയിട്ട് അതേ വസ്തുവിനെ നാം ഭീമമായ തുകയിൽ ഇറക്കുമതി ചെയ്യേണ്ടി വരുന്ന ഗതികേട് വരുന്നത് നമുക്ക് നമ്മുടെ രാജ്യത്തെ മനുഷ്യവിഭവങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ ഉണ്ടാവുന്ന പരാജയവും നിഷ്ക്രിയത്വവും അനാസ്ഥയുമാണ്. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന വസ്തുത നാം മറക്കരുത്. അതിൽ വലിയൊരു വിഭാഗം ദാരിദ്രത്തിന് നടുവിൽ ജീവിതം കഴിച്ചുകൂട്ടുന്നവരും. രാജ്യം നേരിടുന്ന ശോചനീയാവസ്ഥയെ മറികടക്കാൻ സമൂഹത്തെയും വ്യക്തികളെയും വേണ്ടവിധത്തിൽ അഭിവൃദ്ധിപ്പെടുത്തേണ്ടതുണ്ട്.

വ്യക്തിയെന്നാൽ ഒരു തുള്ളി ജലം പോലെയാണ്. സമൂഹമെന്നാൽ ഒരു സമുദ്രവും. പലത്തുള്ളി പെരുവെള്ളം എന്നാണല്ലോ. ഒരു സമൂഹത്തിൽ “വ്യക്തി”യ്ക്ക് ഒറ്റയ്ക്ക് നിൽക്കുമ്പോഴും അതേസമയം ചേർന്ന് നിന്ന്കൊണ്ടും നിറവേറ്റേണ്ടതായ ഉത്തരവാദിത്വങ്ങൾ ഒട്ടനവധിയുണ്ട്. അവയെക്കുറിച്ച് വേണ്ടത്ര ബോധമൊന്നും നമ്മളിൽ കാണാറില്ല എന്നുമാത്രം, ഒരുപക്ഷേ നമ്മുടെ മക്കൾക്കും നാം നൽകാറില്ല. ഒരു സമൂഹത്തോട് ഒരാൾക്കുള്ള ഉത്തരവാദിത്വങ്ങൾ അതാത് സമൂഹത്തിലെ വ്യക്തികളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, ജീവിതനിലവാരം, ചിന്താഗതികൾ, കാഴ്ച്ചപ്പാടുകൾ, ബൗദ്ധികനില ഇവയ്ക്കെല്ലാം അനുസരിച്ച് വ്യതിചലിച്ചുകൊണ്ടിരിക്കും കാരണം ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അവയ്ക്കെല്ലാം മുഖ്യപങ്ക് ഉണ്ട്.

നാം നമ്മുടെ തലച്ചോറ് ഉപയോഗിച്ച് വല്ല കാര്യങ്ങളും ഗ്രഹിച്ചെടുക്കാനോ പടിച്ചെടുക്കാനോ ഇനി അഥവാ പരിശീലിച്ചെടുക്കാനോ മുതിർന്നാൽ പ്രാരംഭത്തിൽ നമുക്ക് അനുഭവപ്പെടുന്നത് എന്തായിരിക്കും…?? വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും പിന്തിരിയാൻ മനസ്സ് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. നമുക്ക് അത്രയ്ക്ക് ഇഷ്ടമുള്ള വല്ല കാര്യമോ തീവ്രമായി ആഗ്രഹിക്കുന്ന ഒരു കാര്യമോ ആവണം അതുമല്ലെങ്കിൽ സാഹചര്യങ്ങളുടെ സമ്മർദ്ദമോ നമ്മിൽ ഉണ്ടാവണം എങ്കിൽ പിന്നെ മടുപ്പോ വിരക്തിയോ അനുഭവപ്പെടില്ല, മനുഷ്യ മസ്തിഷ്ക്കം നമുക്ക് അറിയാം 24 മണിക്കൂറും കർമ്മനിരതമാണ്, മനുഷ്യന്റെ ആന്തരീക അവയവങ്ങളെ സദാസമയവും സജീവമാക്കി നിർത്തുന്ന അവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു കണ്ട്രോൾ റൂം ആണ് അത്. ദിനവും അതിന് തന്റെ അധീനതയിലുള്ള കാര്യങ്ങൾ നിർവ്വഹിക്കാൻ ഒരുപാട് ഊർജ്ജം ആവശ്യമായി വരുന്നുണ്ട്. അതിനാൽ പുതിയതായി വല്ലതും പരിശീലിക്കാനോ പഠിച്ചെടുക്കാനോ നോക്കുമ്പോൾ ബ്രെയിനിന് എനർജി കളയാതെ നോക്കേണ്ടി വരുന്നതിനാൽ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയും ഉണ്ട്. പിന്നെ നാം സ്വയം തന്നെ എഫെർട്ട് ഇട്ട് ബോധപൂർവ്വം ആ എനർജിയെ കൃത്യമായ ഒന്നിലേക്ക് പ്രയോജനപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഉദ്ദിഷ്ട്ഫലം കണ്ടെത്താൻ സാധിക്കുന്നു.

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

ഇപ്പോൾ ഉദാഹരണത്തിന് നാം ഡ്രൈവിങ് പഠിക്കുന്നു എന്നിരിക്കട്ടെ. ഡ്രൈവിംഗ് പഠിക്കാനായി നമ്മുടെ ഉള്ളിലെ പ്രേരണ അല്ലെങ്കിൽ അതിനോടുള്ള ആസക്തി എത്രത്തോളം ഉണ്ടോ അതിന് അനുസരിച്ചിരിക്കും, അതുപോലെ ഇരിക്കും ഓരോ സിദ്ധിയും ആർജ്ജിച്ചെടുക്കാൻ നമ്മുടെ ഭാഗത്ത് നിന്ന് പ്രയത്നം കൂടിയേ തീരുള്ളൂ. അതെപോലെ പഠിച്ചെടുക്കാനുള്ള കഴിവും സാമർഥ്യവും പോലിരിക്കും. പ്രഥമഘട്ടത്തിൽ അത്യധികം ആയാസകരമായി അനുഭവപ്പെടുന്ന ഡ്രൈവിംഗ് തന്നെ തുടർച്ചയായ പരിശീലനത്തിലൂടെ നാം സ്വായത്തമാക്കി എടുത്ത് കഴിഞ്ഞാൽ പിന്നെ പ്രശ്നം വരുന്നില്ല. ബ്രെയിനിന് എപ്പോഴും മോടിവേഷൻ ആവശ്യമാണ്. നിരന്തരം സെൽഫ് മോടിവേഷനിലൂടെ മുന്നേറുന്ന ആളുകൾക്കെ ലക്ഷ്യത്തിലെത്താൻ സാധിക്കുള്ളൂ. ഓരോ ദിവസം പിന്നിടുമ്പോഴും അവരിൽ ആത്മവിശ്വാസം വർദ്ധിച്ചുകൊണ്ടിരിക്കുകയും പോസിറ്റീവ് മനോഭാവത്തോടെ അവർക്ക് ജീവിതത്തെ പുണരാനും സാധിക്കും.

പഴയതിൽ നിന്നൊക്കെ വിഭിന്നമായ ഒന്നിനെ പഠിച്ചെടുക്കാനോ, നൂതനമായ കണ്ടെത്തലുകൾക്ക് വേണ്ടി മനസ്സ് വ്യാപൃതമാകുമ്പോഴോ മറ്റേതെങ്കിലും ഇന്നേവരെ ബ്രെയിനിന് പരിചിതമല്ലാത്ത പുതിയ വിഷയത്തെ പഠിക്കുന്ന സന്ദർഭത്തിലോ ബ്രെയിനിൽ പുതിയ ന്യൂറൽ കണക്ഷൻ ഉണ്ടാവുകയും നിലവിലുള്ള കണക്ഷനെ ദുർബലമാക്കുകയോ ശക്തമാക്കുകയോ ചെയ്യുന്നുണ്ട്. ഒരു മനുഷ്യന്റെ അന്ത്യം വരെ ഇത് അനുസ്യൂതം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. അനുദിനം അജ്ഞാതമായ ഓരോ വിഷയങ്ങൾ മനസ്സിന് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോൾ അതിന്
അനുസൃതമായി തലച്ചോറിന്റെ ആന്തരീകഘടനയെ രൂപപ്പെടുത്താനും മോൾഡ് ചെയ്ത് എടുക്കാനും പറ്റും. തലച്ചോറിൽ പുതിയ ന്യൂറോണുകൾ നിർമ്മിതമാക്കാനും നിലവിലുള്ള ന്യൂറോണുകൾ ദൃഢമാക്കി നിർത്താനും വ്യായാമങ്ങൾ സഹായിക്കും. നീന്തൽ, യോഗ, ധ്യാനം, ഓട്ടം, എറോബിക്ക്‌സ്, മനസ്സിന്റെ വ്യായാമ മുറകൾ ഇവയെല്ലാം ശീലിച്ചാൽ മതി.

Also read: സത്യാനന്തര കാലത്തെ വിധി

ഒരു വ്യക്തിയെന്ന നിലയ്ക്ക് ഏതൊരാൾക്കും സാമൂഹിക പ്രതിബദ്ധതയോടെ ചിന്തിക്കാൻ കഴിഞ്ഞാൽ, സാമൂഹ്യനന്മയ്ക്കും ഉന്നമനത്തിനും വേണ്ടിയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ തനിയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ഓർത്ത് ജീവിക്കാൻ തുടങ്ങിയാൽ, അയാൾ വിദ്യാസമ്പന്നനായ ഒരു വ്യക്തിയും കൂടെ ആണെങ്കിൽ തീർച്ചയായും ഉദ്ദേശിക്കുന്നതിനുമപ്പുറം മാറ്റങ്ങളും പരിഷ്ക്കാരങ്ങളും സ്വന്തം രാജ്യത്ത് ഒരാൾക്ക് കൊണ്ടുവരാൻ സാധിക്കും. അതിന് മുമ്പേ അയാളെ, ആ വ്യക്തിയെ പ്രാപ്തനാക്കുക, അതിനുള്ള സൗകര്യം ഒരുക്കുക എന്ന ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിനുണ്ട്. പ്രായപൂർത്തി കൈവരിച്ചുവരുന്ന ഓരോ വ്യക്തിയും സമൂഹത്തിന്റേതും കൂടെയാണ്, ഒരു വ്യക്തി എന്ന നിലയിൽ അയാളാൽ നിർവഹിക്കപ്പെടെണ്ട സാമൂഹിക ഉത്തരവാദിത്വം കൂടെ അയാളിലേയ്ക്ക് നിക്ഷിപ്തമാക്കപ്പെടുന്നുണ്ട്. സമൂഹത്തെ ഉന്നതിയിലേയ്ക്ക് നയിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും ഓരോ വ്യക്തിയും കണ്ണികളായിരിക്കേ വ്യക്തിയ്ക്കും വ്യക്തിത്വത്തിനും നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യവുമില്ലല്ലോ.

Facebook Comments

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker