Current Date

Search
Close this search box.
Search
Close this search box.

ഉസ്മാനീ സാമ്രാജ്യത്തിലെ സൽജൂഖീ സ്വാധീനം

ഇതിനകം ലോകവ്യാപകമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ദിർലിഷ് എർതുഗുൽ എന്ന തുർക്കിഷ് സീരീസിന്റെ പശ്ചാതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് , സൽജൂഖികളുടെ ചരിത്രം . രണ്ട് നൂറ്റാണ്ടുകാലം ഇസ്ലാമിക ലോകം ഭരിച്ച രാജവംശമാണ് സൽജൂഖ്. ഉസ്മാനീ സാമ്രാജ്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഉസ്മാൻ ഗാസിയുടെ പിതാവായ എർതുഗുലിന്റെ ജീവിത കഥയാണ് ഈ സീരീസിന്റെ ഇതിവൃത്തം. എന്നാൽ ചരിത്രവും , മിത്തും ,സംസ്കാരവുമെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഈ മനോഹരാവിഷ്കാരം മറ്റു ചില ചർച്ചകളിലേക്കും വഴിതെളിക്കുന്നുണ്ട്. അതിലൊന്ന് ,ഉസ്മാനീ ഖിലാഫത്ത് എങ്ങനെയാണ് അതിനു മുമ്പ് ഇസ്ലാമിക ലോകം ഭരിച്ച സൽജൂഖീ ഭരണകൂടവുമായി ബന്ധപ്പെടുന്നത് എന്നതാണ്. സൽജൂഖികൾ ഭരണനയമായി സ്വീകരിച്ചിരുന്ന നയങ്ങളും സമീപനങ്ങളും അക്കാലത്ത് ഇസ്ലാമിക ലോകത്ത് നിലനിന്നിരുന്ന മതപരവും സാംസ്കാരികവുമായ ജീവിതമാണ്. ഇത് തന്നെയായിരുന്നു പിൽക്കാലത്ത് ഉസ്മാനീ സാമ്രാജ്യത്തിന്റെ മത-രാഷ്ട്രീയ-സാംസ്ക്കാരിക നയങ്ങൾക്കടിത്തറയായി വർത്തിച്ചതും. ഏഷ്യാ മൈനറിൽ അധികാരത്തിലിരുന്ന സൽജൂഖീ സുൽത്താന്മാരിലൊരാളായ അലാവുദ്ദീന്റെ സൈന്യത്തെ സഹായിച്ച് കൊണ്ടാണ് ,ഒരു നാടോടി ഗോത്ര മുഖ്യനായിരുന്ന എർതുഗുൽ ഗാസി ചരിത്രത്തിലേക്ക് കടന്ന് വരുന്നത്.

 

ബൈസന്റെയിൻ സൈന്യവുമായി നടന്ന ഒരു പോരാട്ടത്തിൽ സൽജൂഖി സൈന്യത്തെ പരാജയത്തിൽ നിന്ന് രക്ഷിച്ചതിന് പ്രത്യുപകാരമായി അദ്ദേഹത്തിന് സുൽത്താൻ അലാവുദ്ദീൻ ഏഷ്യാ മൈനറിലെ ചില മേഖലകൾ പതിച്ചു നൽകി. പിന്നീടങ്ങോട്ട് നിരന്തരമായ പോരാട്ടത്തിലൂടെ തന്റെ അധികാര സീമ വർധിപ്പിക്കുകയും , ശേഷം പിൻഗാമിയായി വന്ന മകൻ ഉസ്മാൻ ഗാസി ഉസ്മാനി സാമ്രാജ്യത്തിനു അടിത്തറ പാകുകയും ചെയ്തു. ഇതാണ് രാഷ്ട്രീയമായി ഉസ്മാനീ സാമ്രാജ്യത്തിന് സൽജൂഖുമായുള്ള ബന്ധം. ഇരു കൂട്ടരും തുർക്കികളായതിനാൽ വംശീയപരമായും ഈ സാമ്രാജ്യങ്ങൾ തമ്മിൽ ബന്ധമുണ്ട്. . ഇസ്ലാമിക ഭരണം ഖിലാഫത്തുർറാഷിദയിൽ നിന്ന് ഉമവികളിലേക്കെത്തുമ്പോൾ ഏറെക്കുറേ അതൊരു അറബീ വംശത്തിന് പ്രാമുഖ്യമുള്ള ഭരണകൂടമായിരുന്നു. ഉമവീ ഭരണകാലത്ത് രാഷ്ട്രീയത്തിലും സംസ്കാരത്തിലും മത ജീവിതത്തിലുമെല്ലാം അറബി വംശത്തിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. അന്ന് അധികാരസ്ഥാനങ്ങളെല്ലാം അലങ്കരിച്ചിരുന്നത് അറബികൾ മാത്രമായിരുന്നു. എന്നാൽ ഭരണം അബ്ബാസികളിലേക്കെത്തുമ്പോൾ അറബികളോടൊപ്പം പേർഷ്യക്കാർക്ക് കൂടി ഭരണ സാമൂഹിക മണ്ഡലങ്ങളിൽ പ്രാധാന്യം ലഭിച്ചുതുടങ്ങി. അമവികൾക്കെതിരായ പോരാട്ടത്തിൽ അബ്ബാസികൾക്ക് വലിയ സഹായകമായ അബൂ മുസ്ലിം അൽ ഖുറാസാനിയെ പോലുള്ളവർ പേർഷ്യക്കാരായിരുന്നു. ഹാറൂൻ റഷീദിന്റെ കാലത്ത് ശക്തരായ പല മന്ത്രിമാരും ബർമക്കികൾ എന്നറിയപ്പെടുന്ന പേർഷ്യൻ വംശജരായിരുന്നു. പിൽക്കാലത്ത് മത സാംസ്കാരിക മേഖലകളിൽ പോലും പേർഷ്യൻ സ്വാധീനം പ്രകടമാകാൻ ഇത് കാരണമായി. ഖലീഫ മഅമൂന്റെ കാലശേഷം ഖുർആൻ സൃഷ്ടിവാദം പോലുള്ള ഇഅതിസാലീ ചിന്തകൾ ഭരണകൂട പ്രത്യയശാസ്ത്രമായി വരെ മാറിയത് ഇതിന് മികച്ചൊരുദാഹരണമാണ് .

Also read: വ്യക്തിത്വത്തിന്റെ കാതലായ ഘടന

പിന്നീട് ഇസ്‌ലാമിക സംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ മുഖ്യ പങ്കുവഹിച്ച മറ്റൊരു വംശജരായിരുന്നു അഫ്ഗാനികൾ .അഫ്ഗാനിലെ ഗസ്ന ആസ്ഥാനമാക്കി ഭരണം നടത്തിയ ഗസ്നവികൾ. ഇന്ത്യയിലേക്ക് ഇസ്ലാമിക സംസ്കാരം കൊണ്ട് വരുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. നാലാമതായി ഇസ്ലാമിക രാഷ്ട്രഘടനയിലേക്കും സാമൂഹിക-സാംസ്കാരിക ജീവിതത്തിലേക്കും കടന്നുവന്ന വംശജരാണ് തുർക്കികൾ . അബ്ബാസികളുടെ കാലഘട്ടം മുതൽക്കുതന്നെ തുർക്കികൾ ഇസ്ലാമിലേക്ക് കടന്നു വരാൻ ആരംഭിച്ചിരുന്നു. അബ്ബാസി ഭരണത്തിലും അവർ സ്വാധീനം ചെലുത്തിയിരുന്നു. തുർക്കികൾ ഇസ്ലാമിക-ലോക ചരിത്രത്തിലേക്ക് കടന്നുവരുന്നത് സൽജൂഖികളിലൂടെയാണ്. പതിനൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് സൽജൂഖി ഭരണകൂടം പിറവികൊള്ളുന്നത് . അബ്ബാസി ഭരണകൂടം ശിഥിലമായ ഒരു ഘട്ടമായിരുന്നു ഇത്, ഖലീഫ മുതവക്കലിനു ശേഷം അബ്ബാസികളുടെ കേന്ദ്ര ഭരണം ദുർബലമായി , ഖിലാഫത്തിനെ നാമമാത്രമായി അംഗീകരിക്കുന്ന സ്വതന്ത്ര്യ പ്രവിശ്യാ ഭരണകൂടങ്ങൾ ഉയർന്നു വന്നു. ഉത്തരാഫ്രിക്കയിലും ഈജിപ്തിലും ഫാത്വിമികൾ , ഖുറാസാനിലും മറ്റുചില മേഖലകളിലും ബുഖാറാ- സമർഖന്ധിനെ കേന്ദ്രീകരിച്ച് സാമാനികൾ , അഫ്ഗാനിസ്ഥാനിൽ ഗസ്നവികൾ , ഈ രീതിയിൽ അബ്ബാസി സാമ്രാജ്യം രണ്ട് നൂറ്റാണ്ടുകൾ കടന്നുപോയി, പ്രസ്തുത ചരിത്രസന്ധിയിലാണ് അബ്ബാസികൾക്ക് സ്വാധീനമുണ്ടായിരുന്ന മുഴുവൻ മേഖലകളെയും കൂട്ടിച്ചേർത്തുകൊണ്ട് തുഗ്റുൽ എന്ന തുർക്കി വംശജൻ തന്റെ പിതാമഹൻ ‘ സൽജൂഖി’ ലേക്ക് ചേർത്തു കൊണ്ട് ഒരു ശക്തമായ ഭരണകൂടം സ്ഥാപിക്കുന്നത്. ശേഷം 200 വർഷക്കാലം ഭരണം നടത്തിയ സൽജൂഖ് രാജവംശം ഇസ്ലാമിന്റെ സാമ്രാജ്യാതിർത്തി യൂറോപ്പിന്റെ കവാടമായ ഏഷ്യാമൈനർ വരെ കൊണ്ടെത്തിക്കുകയും ബൈസന്റൈൻ സാമ്രാജ്യവുമായി യുദ്ധം തുടങ്ങിവെക്കുകയും ചെയ്തു. ഇതായിരുന്നു ഇസ്‌ലാമിക രാഷ്ട്രത്തിന് സൽജൂഖികൾ നൽകിയ ഏറ്റവും വലിയ സംഭാവന. പിന്നീട് അവിടെ നിന്നാണ് ബൈസന്റൈൻ ആസ്ഥാനമായ കോൺസ്റ്റാൻറിനോപ്പിൾ കീഴടക്കിക്കൊണ്ട് ഇസ്ലാമിക രാഷ്ട്രാതിർത്തി യൂറോപ്പിലേക്ക് എത്തിക്കാൻ ഓട്ടമൻ സാമ്രാജ്യത്തിനു സാധിക്കുന്നത്. ഈ അർത്ഥത്തിൽ ഉസ്മാനി കളുടെ സാമ്രാജ്യത്വ വികസന പ്രക്രിയക്ക് അടിത്തറ പാകിയതും യൂറോപ്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഇസ്ലാമിക ഭരണകൂടത്തെ വികസിപ്പിക്കാനുള്ള ആദ്യ ശ്രമങ്ങൾ ആരംഭിക്കുന്നതും സൽജൂഖികളാണ്. ബൈസന്റെയനുമായി ചേർന്ന് ഫലസ്തീൻ പിടിച്ചടക്കാനുള്ള കുരിശുയുദ്ധക്കാരുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിലും സൽജൂഖികൾക്ക് പങ്കുണ്ടായിരുന്നു.

മറ്റൊന്ന് സൽജൂഖ് സാമ്രാജ്യത്തിന്റെ മത-സാംസ്കാരിക സവിശേഷതകളാണ്, മത- വൈജ്ഞാനിക മേഖലകളിലുള്ള സൽജൂഖികളുടെ ഇടപെടലുകൾ അബ്ബാസി ഭരണകൂടത്തിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു. അബ്ബാസി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം മതപരവും ആശയപരവുമായ സംഘർഷങ്ങൾ അവർക്കിടയിൽ വളരെ ശക്തമായി നിലനിന്നിരുന്നു, ഭരണകൂടം പ്രത്യേകമായ ചില ആശയാദർശങ്ങൾക്ക് പിന്തുണ നൽകാൻ ആരംഭിച്ചതോടു കൂടി അബ്ബാസികളിൽ ഭരണകൂട അസഹിഷ്ണുത നിലവിൽ വന്നു, അതിനുദാഹരണമാണ് ഖലീഫ മഅമൂൻ ഖുർആൻ സൃഷ്ടി വാദത്തിന് പരസ്യമായ ഭരണ പിന്തുണ നൽകിയതും അത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഇമാം അഹ്മദ് ബിൻ ഹമ്പലിനെ പോലുള്ള സുന്നീ പണ്ഡിതരെ ജയിലിലടച്ച് പീഡിപ്പിച്ചതുമെല്ലാം . മതപരമായ ആശയാദർശ സംവാദങ്ങളിൽ ഭരണകൂട ഇടപെടലുകളില്ലാതിരിക്കുന്നതാണ് സമൂഹ വികാസത്തിന് എന്നും അനുകൂലമാ യിട്ടുള്ളത് , എന്നാൽ ഭരണകൂടം അതിലൊരു പക്ഷം സ്വീകരിക്കുന്നത് സാമൂഹ്യ പിന്നോക്കത്തിനും സംഘർഷത്തിനും രക്തച്ചൊരിച്ചിലിനും വരെ വഴിയൊരുക്കും. അബ്ബാസി ഭരണകൂടം ഇത്തരം സംവാദങ്ങളിൽ നിഷ്പക്ഷരാവുന്നതിനു പകരം പക്ഷം ചേരാൻ ആരംഭിച്ചതോടുകൂടി അത് സാമൂഹികവികാസത്തിന് വിഘാതമായി മാറാൻ തുടങ്ങി . മാറിമാറി വന്ന ഭരണാധികാരികൾ അവരുടേതായ ആശയ ദർശനത്തെ പിന്തുണക്കുകയും മറുപക്ഷത്തുള്ളവരെ അടിച്ചമർത്തുകയും ചെയ്തു , മഅ്മൂൻെ കാലത്ത് ശീഈ, മുഅതസിലീ വിഭാഗത്തിനായിരുന്നു ഭരണകൂട പിന്തുണയെങ്കിൽ ഖലീഫ മുതവക്കിലിന്റെ കാലമായപ്പോഴേക്കും , അദ്ദേഹം ഒരു കടുത്ത സുന്നീ പിന്തുണക്കാരനായതിനാൽ ,ശീഈ, മുഅതസിലീ വിഭാഗത്തോടുള്ള അസഹിഷ്ണുത ഒരു ഭരണകൂട നയമായി മാറി. സുന്നീ ആശയങ്ങളെ ഭരണകൂട ശക്തി ഉപയോഗിച്ച് നടപ്പിലാക്കാനുള്ള മുതവക്കിലിന്റെ ശ്രമത്തിന്റെ തുടർഫലമായാണ് പിന്നീട് ഉത്തരാഫ്രിക്കയിലും ഈജിപ്തിലും ഫാത്വിമികൾ രംഗപ്രവേശനം ചെയ്യുന്നത്. അവർ കടുത്ത സുന്നി വിരോധികളും ശീഈ പക്ഷപാതികളുമായിരുന്നു. നിരവധി സുന്നീ പണ്ഡിതർ ഫാത്വിമീ ഭരണകൂടത്തിൽ പീഡിപ്പിക്കപ്പെടുകയുണ്ടായി. ശീഈ സ്വാധീനമുള്ള ബഗ്ദാദിലെ ബുവൈഹീ ഭരണകൂടമാണ് മറ്റൊന്ന്.

Also read: സ്വർഗത്തിൽ എത്തിക്കുന്ന ക്ഷമ

ആ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന ഇത്തരം സംഘർഷങ്ങൾക്കെല്ലാം പരിഹാരം കാണാൻ കഴിഞ്ഞു എന്നതാണ് സൽജൂഖികളുടെ ഏറ്റവും വലിയ നേട്ടം.സൽജൂഖികൾ അടിസ്ഥാനപരമായി സുന്നികളായിരിക്കെത്തന്നെ നിക്ഷ്പക്ഷമായ സമീപനമായിരുന്നു അവർ സ്വീകരിച്ചിരുന്നത് ,മത സംഘർഷങ്ങളിലോ, സംവാദങ്ങളിലോ അവർ ഇടപെട്ടില്ല , ഏതെങ്കിലുമൊരു പക്ഷത്തെ പിന്തുണക്കാനോ പ്രോത്സാഹിപ്പിക്കാനോ ഭരണകൂടാധികാരം ഉപയോഗപ്പെടുത്തിയുമില്ല. ഇത് തന്നെയായിരുന്നു പിന്നീട് ഉസ്മാനികളും അവരുടെ ഭരണത്തിൽ മാതൃകയാക്കിയത്.

സൽജൂഖികൾ ഇത്തരമൊരു ഭരണ നിലപാട് സ്വീകരിക്കാനുണ്ടായ കാരണം പരിശോധിച്ചാൽ , അത് അക്കാലത്ത് ജീവിച്ചിരുന്ന ചില മഹാപണ്ഡിത പ്രഭുക്കളുടെ സ്വാധീനമായിരുന്നുവെന്ന് മനസ്സിലാക്കാം. പൊതു സമൂഹത്തിൽ നിലനിന്നിരുന്ന മത സംഘർഷങ്ങളെ ലഘൂകരിക്കാൻ ആവശ്യമായ രീതിയിൽ തങ്ങളുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ വികസിപ്പിച്ചെടുത്ത ഇമാം ഗസ്സാലിയെ പോലുള്ള പണ്ഡിതരുടെ സാന്നിധ്യമായിരുന്നു സൽജൂഖികൾക്ക് തുണയായത്.സൽജൂഖികളുടെ കാലത്ത് ബാഗ്ദാദിൽ ജീവിച്ചിരുന്ന മഹാ പണ്ഡിതനായിരുന്നു ഇമാം ഗസ്സാലി . അശ്അരീ , ഹംബലീ , ചിന്തകൾ യുക്തിക്ക് ഒരു പങ്കുമില്ലാത്ത വിധം പ്രമാണവാദത്തിലേക്ക് വഴിമാറുന്ന ഘട്ടത്തിലാണ് , അശ്അരീ മതത്തെ തന്നെയും പരിഷ്ക്കരിച്ചു കൊണ്ട് , കേവലമായ പ്രമാണ വായനക്കപ്പുറം യുക്തിക്കും ഇസ്ലാമിൽ സ്ഥാനമുണ്ടെന്ന് സ്ഥാപിക്കാൻ ഇമാം ഗസ്സാലിക്ക് സാധിക്കുന്നത്. യുക്തിചിന്തയെയും പ്രമാണവായനയെയും സമന്വയിപ്പിക്കുന്നതിലൂടെ ശീഈ – സുന്നീ, അശ്അരി – മുഅതസിലീ സംഘർഷങ്ങളെ ലഘൂകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.സൽജൂഖീ മന്ത്രിയായിരുന്ന നിസാമുൽ മുൽക് ബഗ്ദാദിൽ സ്ഥാപിച്ച മദ്റസത്തു നിസാമിയയുടെ വൈസ് ചാൻസലർ കൂടിയായിരുന്നു അദ്ദേഹം. സൽജൂഖികളുടെ കാലം വരെയും ഇസ്ലാമിക സർവകലാശാലകളായി പ്രവർത്തിച്ചിരുന്നത് പള്ളികൾ മാത്രമായിരുന്നു. ആദ്യമായി പള്ളിയിൽ നിന്ന് വേറിട്ട വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചത് സൽജൂഖികളുടെ കാലഘട്ടത്തിലാണ്. മദ്റസകൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം കേന്ദ്രങ്ങളായിരുന്നു ആധുനിക സർവകലാശാലകളുടെ ആദ്യ രൂപം. ആദ്യമായി അങ്ങനെ സ്ഥാപിക്കപ്പെട്ട മദ്രസയായിരുന്നു പ്രഗൽഭ സൽജൂഖീ മന്ത്രിയായിരുന്ന നിസാമുദ്ദീൻ തൂസി ( നിസാമുൽ മുൽക്) യുടെ പേരിൽ സ്ഥാപിതമായ മദ്റസത്തു നിസാമിയ്യ.

Also read: സ്വർഗത്തിൽ എത്തിക്കുന്ന ക്ഷമ

പിന്നീട് ഇസ്ലാമിക ലോകത്ത് ഉയർന്ന് വന്ന സർവകലാശാലകളെല്ലാം തന്നെ ഇതിന്റെ തുടർച്ചയായിരുന്നു. ഗസ്സാലിയെ കൂടാതെ പ്രഗൽഭ ദാർശനികരും സൂഫീവര്യരുമായ ജലാലുദ്ദീൻ റൂമി ,ഇബ്നു അറബി, അബ്ദുൽ ഖാദർ ജീലാനി തുടങ്ങിയവരുടെ സാന്നിധ്യവും, ദർശനവും , അതുവരെ വരെ മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമായി നിന്നിരുന്ന സംഘർഷങ്ങളെ ലഘൂകരിക്കുന്നതിലും , അവർക്കിടയിൽ ബഹുസ്വരമായ ഇസ്ലാമിക ചിന്തയെ വികസിപ്പിക്കുന്നതിലും വലിയ പങ്കു വഹിക്കുകയുണ്ടായി. സൽജൂകികളിൽ സാമൂഹികമായി ഇത്തരമൊരു സഹിഷ്ണുത നിറഞ്ഞ മതനയം രൂപപ്പെടുത്തിയതും ഈ സൂഫീദാർശനികരുടെ സ്വാധീനം തന്നെയാണ്. അവരുടെ വൈജ്ഞാനികവും സാമൂഹികവുമായ നവോത്ഥാനത്തിൻറെ രംഗഭൂമി ആയിരുന്നു സൽജൂഖ് സാമ്രാജ്യം. ഈ മത നയമായിരുന്നു ഉസ്മാനീ സാമ്രാജ്യത്തെയും ഏറെക്കാലം പിടിച്ചു നിർത്തിയത് . ഇസ്ലാമിക സമൂഹത്തിനുള്ളിലുണ്ടായിരുന്ന ഈ ബഹുസ്വരതയെ ഉസ്മാനികൾ പുറത്തുള്ള ജൂത ക്രൈസ്തവ സമൂഹങ്ങളിലേക്കും വികസിപ്പിച്ചു കൊണ്ട് അവരുമായി സഹിഷണുതാപരമായ നിലപാട് കൈകൊള്ളുകയും , അവരുടെ സാംസ്കാരികപരമായ സ്വയംനിർണയാവകാശത്തെ അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. ഈ ഒരു അടിത്തറ ഉസ്മാനികൾ രൂപപ്പെടുത്തിയെടുക്കുന്നത് യഥാർത്ഥത്തിൽ സൽജൂഖികളുടെ രാഷ്ട്രീയ സാമൂഹിക അടിത്തറകളിൽ നിന്നാണ് . പിൽക്കാലത്ത് ഉസ്മാനി സാമ്രാജ്യം ശിഥിലമാകാനാരംഭിച്ചത് വിഭാഗീയതയും അസഹിഷ്ണുതയും നിറഞ്ഞ ഭരണകൂട നയങ്ങളുടെ തിരിച്ചുവരവോട്കൂടിയാണ് . ചിന്തകളോ ദർശനങ്ങളോ രൂപപ്പെടുന്നതല്ല മറിച്ച് അത് ഭരണകൂട പ്രത്യയശാസ്ത്രമോ ഭരണകൂട മതമോ ആയി പരിണമിക്കുമ്പോഴാണ് സംഘർഷങ്ങൾ രൂപപ്പെടുന്നതും സമൂഹ പുരോഗതിക്ക് തടസ്സമായി മാറുന്നതും. അശ്അരിയ്യത്തും ഹമ്പലിയ്യത്തും തമ്മിലും ഹമ്പലികളും ശാഫികളും തമ്മിലും നടന്ന രക്ത രൂക്ഷിത സംഘട്ടനങ്ങൾ ഇതിനുദാഹരണമാണ് . ഇവിടെയാണ് സൽജൂഖ് ഭരണകൂടം വിജയം കൈവരിച്ചത്. ഒരു പരിധിവരെ ഈ സംഘട്ടനങ്ങൾക്ക് അറുതിവരുത്താൻ അവർക്ക് സാധിച്ചു.സൽജൂഖികൾക്ക് അതിന് സൈദ്ധാന്തികമായ പിൻബലം നൽകിയത് അക്കാലത്ത് ജീവിച്ച ബഹുസ്വരതയുടെ വക്താക്കളായ ഗസ്സാലിയെ പോലുള്ള മുസ്ലിം പണ്ഡിതരും ദാർശനികരുമായിരുന്നു. ഇസ്ലാമിന്റെ സാംസ്കാരികവും ചരിത്രപരവുമായ പഠനത്തിൽ തീർച്ചയായും ഇസ്ലാമിൻറെ ബഹുസ്വരത നിലനിർത്താൻ ശ്രമിച്ച ഭരണകൂടമെന്ന നിലക്ക് സൽജൂക് രാജവംശം കൂടുതൽ പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്.

( തയ്യാറാക്കിയത് – ഉസാമ ഹുസൈൻ)

Related Articles