Current Date

Search
Close this search box.
Search
Close this search box.

അയാ സോഫിയയില്‍ ഇനി ബാങ്കൊലി മുഴങ്ങും!

1934ല്‍ അയാ സോഫിയയെ ഒരു മ്യൂസിയമാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്ന് തുര്‍ക്കിയുടെ ഉന്നതകോടതി വിധി പറഞ്ഞു കഴിഞ്ഞു. ഇടക്കാലത്ത് മ്യൂസിയമായി നിലനിന്നിരുന്ന അയാ സോഫിയ ഇനി വീണ്ടും വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാനിരിക്കുകയാണ്. അയാ സോഫിയ 500 വര്‍ഷത്തോളം പള്ളിയായിരുന്ന ശേഷം മ്യൂസിയമാക്കി മാറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെര്‍മനെന്റ് ഫൗണ്ടേഷന്‍സ് സര്‍വ്വീസ് ടു ഹിസ്റ്റോറിക്കല്‍ ആര്‍ട്ടിഫാക്ട്‌സ് ആന്റ് എന്‍വയോണ്‍മെന്റ് എന്ന പേരിലുള്ള തുര്‍ക്കി എന്‍.ജി.ഒ യാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ പിന്തുണയോടെ കേസ് ഫയല്‍ ചെ്‌യ്തിരുന്നത്.

വിധി വന്നയുടനെ, ഇസ്തംബൂളിലെ അയാ സോഫിയയെ പ്രാര്‍ഥനക്കായി തുറക്കുന്ന ഉത്തരവില്‍ ഉര്‍ദുഗാന്‍ ഒപ്പിടുകയും ചെയ്തു. താന്‍ ഒപ്പിട്ട ഉത്തരവിന്റെ ഒരു പകര്‍പ്പ് ഉര്‍ദുഗാന്‍ തന്റെ ട്വിറ്റര്‍ ഫീഡില്‍ പങ്കുവെക്കുകയുണ്ടായി. പള്ളിയുടെ നിയന്ത്രണം രാജ്യത്തെ മത ഡയറക്ടറേറ്റിന് കൈമാറാനും ആരാധനക്കായി വീണ്ടും തുറക്കാനുമുള്ള തീരുമാനവും ഇതിനകം എടുത്തുകഴിഞ്ഞു. ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അയാ സോഫിയ ജൂലൈ 24ന് ആരാധനക്കായി തുറക്കുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.

” മറ്റെല്ലാ പള്ളികളെയും പോലെ അയാ സോഫിയയുടെ വാതിലുകള്‍ തുര്‍ക്കി പൗരന്മാര്‍ക്കും വിദേശ സഞ്ചാരികള്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും തുറന്നിരിക്കും. ആരാധനക്കായി ജൂലൈ 24ന് പള്ളി തുറക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. അയാ സോഫിയ തുര്‍ക്കി അധികാര പരിധിയിലാണ്. ഞങ്ങളുടെ ജുഡീഷ്യറിയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് നമ്മുടെ പരമാധികാരത്തിന്റെ ലംഘനമായി കണക്കാക്കപ്പെടും- പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Also read: ലക്ഷ്യബോധത്തോടെ മുന്നേറാം

കോടതി വിധി
അയാ സോഫിയ ഫാത്തിഹ് സുല്‍ത്താന്‍ മെഹ്മത് ഹാന്‍ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതിനാല്‍, ആധാരത്തിന്റെ സ്ഥിതി ഒരു പള്ളിയായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അത് മാറ്റാന്‍ കഴിയില്ലെന്നും കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് വിധിക്കുകയുണ്ടായി. കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഓട്ടോമന്‍ സുല്‍ത്താന്‍ മെഹ്മദ് രണ്ടാമന്‍, പൊതുജനങ്ങള്‍ക്ക് യാതൊരു ഫീസും കൂടാതെ ഒരു പള്ളിയായി ഉപയോഗിക്കാന്‍ വിട്ടുനല്‍കിയതാണിതെന്നും പാര്‍ലമെന്റിന്റെയോ മന്ത്രാലയ സമിതിയുടേയോ അധികാര പരിധിയില്‍ ഇത് വരില്ലെന്നും വിധിയില്‍ പറയുന്നു.

ഏറെക്കാലമായി തുര്‍ക്കി ജനത കാത്തിരുന്ന വിധിയാണിത്. അയാ സോഫിയയെ മ്യൂസിയമാക്കി മാറ്റിയ 1934ലെ സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ചയാണ് തുര്‍ക്കിയുടെ ഉന്നത കോടതി റദ്ദാക്കിയത്.

മുസ്ഥഫ കമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച ആധുനിക മതേതര ഭരണകൂടത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ 1934ലാണ് പള്ളി മ്യൂസിയമാക്കി മാറ്റാന്‍ മന്ത്രിസഭ തീരുമാനിക്കുന്നത്. ഓട്ടോമന്‍ സുല്‍ത്താന്‍ മെഹ്മത് രണ്ടാമന്റെ സ്വകാര്യ സ്വത്താണ് അയാസോഫിയ കെട്ടിടമെന്ന് പള്ളിയാക്കണമെന്ന് വാദിച്ച സംഘത്തിലെ അഭിഭാഷകന്‍ വാദിക്കുകയുണ്ടായി. അതേസമയം, 1934ലെ തീരുമാനം നിയമപരമാണെന്ന് ഒരു സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. അയാസോഫിയാ നിര്‍മ്മിതിയുടെ ഇസ്ലാമിക പൈതൃകം പുനസ്ഥാപിക്കുന്നതിനുള്ള അവകാശം സര്‍ക്കാറിനാണെന്ന് സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നുള്ള അഭിഭാഷകന്‍ വാദിച്ചു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര-സാംസ്‌കാരിക പൈതൃക സൈറ്റുകളിലൊന്നായ അയാ സോഫിയ ആറാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ശ്രദ്ധേയമായ ചര്‍ച്ചുകളിലൊന്നാണ്. 1453ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇപ്പോള്‍ ഇസ്തംബൂള്‍) ഓട്ടോമന്‍ സുല്‍ത്താന്‍ ഫാത്തിഹ് മെഹ്മദ് രണ്ടാമന്‍ കീഴടക്കിയതോടെ അയാ സോഫിയ ഒരു പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഏകദേശം അഞ്ച് നൂറ്റാണ്ടോളം അവിടെ സൂജൂദ് ചെയ്യപ്പെട്ടു. എന്നാല്‍ 1935ല്‍ കര്‍ശനമായ മതേതര ഏകകക്ഷി ഭരണകാലത്ത് ഈ കെട്ടിടം ഒരു മ്യൂസിയമാക്കി മാറ്റി. എന്നാല്‍ മ്യൂസിയം പളളിയാക്കി തിരിച്ചുകൊണ്ടുവരണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം ആവശ്യം ഉന്നയിക്കപ്പെട്ടുകൊണ്ടിരുന്നു. ഇന്നിപ്പോള്‍ ആ സ്വപ്‌നം പൂവണിഞ്ഞിരിക്കുകയാണ്.

Also read: ഫലസ്തീനിലെ കൂട്ടിച്ചേര്‍ക്കലും നെതന്യാഹുവിന്റെ കണക്ക് കൂട്ടലും

നേരത്തെ അയാ സോഫിയ മ്യൂസിയം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോളതലത്തില്‍ വന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിരുന്നു. തുര്‍ക്കിയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണമാണ് അത്തരം വിമര്‍ശനങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം, തുര്‍ക്കി എല്ലായിപ്പോഴും മുസ്ലിംകളുടേയും രാജ്യത്ത് താമസിക്കുന്ന ന്യൂനപക്ഷങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം ചേര്‍ത്ത് പറയുകയുണ്ടായി.

പ്രാര്‍ഥനകള്‍ക്കായി അയാ സോഫിയ വീണ്ടും തുറക്കുന്നത് ഒരിക്കലും അതിന്റെ സ്വത്വത്തെ കവര്‍ന്നുകൊണ്ടായിരിക്കില്ലെന്നും, ലോക ചരിത്രത്തിലെ ഹെറിറ്റേജ് ലിസ്റ്റില്‍ അയാ സോഫിയ ഉണ്ടാകുമെന്നും ഇത്തരമൊരു കോടതി വിധി സന്ദര്‍ശകര്‍ക്ക് തടസ്സമാകില്ലെന്നും ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹീം കലിന്‍ പറഞ്ഞു.

 

Related Articles