Personality

ലക്ഷ്യബോധത്തോടെ മുന്നേറാം

ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു വ്യക്തിയ്ക്ക് അയാൾ തന്റെയുള്ളിൽ എന്നും സ്വയം ഊതിമിനുക്കി വെക്കുന്ന സ്വന്തമായ ചില ലക്ഷ്യങ്ങൾ അതായത് aims അല്ലെങ്കിൽ goals ഉണ്ടായിരിക്കുന്നത് അയാളുടെ ജീവിതത്തിൽ അത്യധികം ഗുണം ചെയ്യും. സ്വപ്നസാക്ഷാത്ക്കാരത്തിനായി കാലങ്ങളായി മനസ്സിൽ കാത്തുവെച്ച ആഗ്രഹങ്ങളെ, തന്റെ ലക്ഷ്യങ്ങളെ കൈയ്യെത്തിപ്പിടിക്കുന്നത് വരെ, കൈപ്പിടിയിൽ ഒതുക്കും വരെ അത് അയാളെ ഊണിലും ഉറക്കിലും അസ്വസ്ഥതപ്പെടുത്തിക്കൊണ്ടേ ഇരിക്കും. അതുകൊണ്ടാണ് ശ്രീ എ. പി ജെ അബ്ദുൾകലാം പറഞ്ഞത്: “ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നമല്ല, നിങ്ങളുടെ ഉറക്കം കെടുത്തുന്ന, നിങ്ങളെ ഉറങ്ങാൻ അനുവദിയ്ക്കാത്ത സ്വപ്നങ്ങളാണ് നിങ്ങൾ കാണേണ്ടത്” എന്ന്. കാരണം അത് നിരന്തരം അയാൾ കടന്ന് പോകുന്ന വഴികളിൽ അയാളുടെ ഉയർച്ചയിലേയ്ക്കും ഉന്നതിയിലേയ്ക്കുമുള്ള ചൂണ്ടുപലകയായി നിലകൊള്ളും. ഒരു ലക്ഷ്യം മുന്നിൽ കണ്ട് മുന്നേറുമ്പോൾ അയാളുടെ മുന്നിലെ കടുത്ത പ്രതിസന്ധികളോ, മറ്റു തടസ്സങ്ങളോ, പ്രതിബന്ധങ്ങളൊന്നും യാതൊരു പ്രശ്നവും സൃഷ്ടിക്കുന്നില്ല, അതൊന്നും അയാളെ കാര്യമായി അലട്ടുന്നില്ല. കാരണം അയാൾക്ക് ഒരേ ഒരു ചിന്തയെ ഉള്ളൂ, ഏത് വിധേനയും തനിയ്ക്ക് ലക്ഷ്യപ്രാപ്തി നേടണം. മനസ്സ് കേന്ദ്രീകരിച്ചിരിക്കുന്നത് അങ്ങകലെ അനേകായിരം മൈലുകൾക്കപ്പുറം തനിയ്ക്ക് എത്തിച്ചേരേണ്ട മഹനീയമായ അല്ലെങ്കിൽ ഉന്നതമായൊരു സ്ഥാനത്തേയ്ക്കാണ്. ഉയർന്ന/മഹനീയമായ എന്നൊക്കെ ഉദ്ദരിക്കുമ്പോഴും ഓർക്കുക തീർത്തും ആപേക്ഷികമാണ് അത്. ഏത് തൊഴിലിനും അതിന്റേതായ ഒരു മഹത്വം ഉണ്ട്. തിരഞ്ഞെടുക്കുന്ന മേഖലയിൽ തിളങ്ങാൻ കഴിയുന്നതാണ് വിജയം. വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് വളരെ കുഞ്ഞിലേ തന്നെ ജീവിതത്തിൽ വല്ലതും ആയിത്തീരണം എന്ന ചിന്തയോ അല്ലെങ്കിൽ ഇപ്പറയുന്ന പോലെ ഒരു ലക്ഷ്യബോധമോ മനസ്സിൽ ഉണ്ടാകുന്നത് അവരിൽ എപ്പോഴും ആവേശവും ഉത്സാഹവും ജനിപ്പിക്കും. വലിയൊരു ഊർജ്ജമായി മാറും കുട്ടികൾക്ക് അത്. ജീവിതത്തെ ഒരു നിശ്ചിത വഴിയിലൂടെ, വഴി തെറ്റാതെ അവനവനെ മുന്നോട്ട് നയിക്കാൻ ലക്ഷ്യബോധം വഴി തെളിയിക്കും. വ്യക്തിത്വത്തെയും ജീവിതത്തെയും ക്രിയാത്മകമായ രീതിയിൽ അല്ലെങ്കിൽ തങ്ങൾ ആഗ്രഹിക്കുന്ന പോലെ രൂപപ്പെടുത്തിയെടുക്കാൻ ഓരോ വ്യക്തികൾക്കും കൃത്യമായ ഒരു ജീവിതലക്ഷ്യവും വ്യക്തിത്വബോധവും കൂട്ടിന് ഉണ്ടായാൽ മതി. മനുഷ്യമനസ്സിനെ അല്ലെങ്കിൽ ചിന്തകളെ നിയന്ത്രണ പരിധിയിൽ നിർത്തുക എന്നത് അനായസകരം ചെയ്തെടുക്കാവുന്ന കാര്യമല്ല ഏറെ ശ്രമകരവും പരിശീലനവും ആവശ്യമായ ഒന്നാണ്. എന്നാൽ കുഞ്ഞുനാളിലെ ഗൈഡൻസ് ലഭിച്ചവർക്കും ഓരോരോ അനുഭവങ്ങളിലൂടെ ജീവിതപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാൻ തയാറായവർക്കും വലിയ പ്രയാസം നേരിടേണ്ടി വരുന്നില്ല.

“മനസ്സ്”എന്ന് പറയുന്നത് മരത്തിൻ മുകളിൽ ഇരിക്കുന്ന ഒരു കുസൃതി കുരങ്ങിനെപ്പോലെയാണ് എന്നാണ് പറയപ്പെടുന്നത്. എപ്പോഴും നിൽക്കുന്നിടത്ത് നിന്ന് മറ്റിടത്തേയ്ക്ക് ചാടാൻ, അതായത് താൻ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് അടുത്ത വൃക്ഷത്തലപ്പിലേയ്ക്ക് ചാടാൻ വെമ്പുന്ന, വ്യഗ്രത കാണിക്കുന്ന ഒരു കുരങ്ങിനെപ്പോലെയാണെന്ന്. സദാസമയവും ഒരേ ചിന്തയിൽ നിൽക്കാൻ മനസ്സിന് കഴിയില്ല. മിന്നായം പോലെ മിന്നിമറയുന്ന ചിന്തകളും, മണിക്കൂറുകളോളം തളച്ചിടുന്ന ചിന്തകളും ചിലപ്പോൾ മുള്ളിൽ കുരുങ്ങിയ തുണി വലിച്ചെടുക്കുന്ന പോലെ മനസ്സിൽ ഉടക്കി കൊളുത്തി വലിക്കുന്നതും, ഇരുത്തി ചിന്തിപ്പിക്കുന്ന ചിന്തകളും അതേസമയം പ്രണയം നിറഞ്ഞു തുളുമ്പുന്ന, ആഗ്രഹങ്ങൾക്ക് മുന്നിൽ അതിരുകൾ തീർത്ത വേലിക്കൂട് തകർത്ത് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടുന്ന, വ്യഥകൾ കേട്ടും കണ്ടും നെഞ്ച് കലങ്ങുന്ന, സ്നേഹത്താൽ തരളിതമാവാൻ കൊതിക്കുന്ന, രോഷത്തോടെ ജ്വലിക്കുന്ന അങ്ങനെ വൈകരികതയുടെ വിവിധ ഭാവങ്ങൾ അലയടിച്ചു കയറുന്ന മനസ്സ് തന്നെ മറ്റു ചിലപ്പോൾ തന്നിലേക്ക് മാത്രമായ് ഒതുങ്ങി മൗനത്തിന്റെ വാത്മീകത്തിൽ ഒളിച്ചിരിക്കാൻ വെമ്പുന്നു. അതേപോലെ അക്കരപ്പച്ച എന്നും കേട്ടിട്ടില്ലേ.. ഇക്കരെ നിൽക്കുമ്പോൾ അക്കരെ കാണുന്ന ഹരിതാഭവും ഭംഗിയും ആകർഷിക്കും അപ്പോൾ അവിടെ ചെന്നെത്താനും അക്കരെ ചെന്ന് ഇക്കരെയുള്ള പച്ചപ്പ് നോക്കി കാണുമ്പോൾ ഇങ്ങോട്ട് തിരികെ പോരാനുമുള്ള അതിയായ തോന്നൽ അല്ലെങ്കിൽ പ്രവണത. ഗ്രാമങ്ങളിൽ ജീവിക്കുമ്പോൾ നഗരങ്ങളിൽ ചെന്ന് പാർക്കാൻ മനസ്സിൽ അതിയായ ആഗ്രഹം ഉദിക്കുകയും ഒരിക്കൽ നഗരജീവിതത്തിൽ മുഷിപ്പ് അനുഭവപ്പെടുമ്പോൾ ഗ്രാമത്തിന്റെ വശ്യതയും മനോഹാരിതയും എടുത്ത് പറഞ്ഞുകൊണ്ട് സായൂജ്യമടയുന്നതും എല്ലാം മനസ്സ് കാണിക്കുന്ന ഓരോരോ വികൃതികളാണ് ഇതൊക്കെ. ഇതേപോലെ സദാസമയവും ഓരോ കാര്യങ്ങൾക്കായി മനസ്സ് നമ്മോട് കലാഹിച്ചുകൊണ്ടിരിക്കും കാലങ്ങൾ കഴിയുമ്പോൾ തിരിച്ചറിവ് വരും, എന്തെന്നോ.. ഇപ്പോൾ നിൽക്കുന്നത് എവിടെയാണോ, അവിടെ സ്വന്തമായി കൈവശം ഉള്ളതെന്തോ അതിൽ ആ പരിതസ്ഥിതിയിൽ നിന്നുകൊണ്ട് തന്നെ ഏറ്റവും നന്നായിട്ട് ജീവിതം ആസ്വദിക്കാനും അനുഭവിച്ചറിയാനും സുന്ദരമാക്കാനും കഴിയുന്നതിലാണ് വിജയമെന്ന്.

Also read: ഫലസ്തീനിലെ കൂട്ടിച്ചേര്‍ക്കലും നെതന്യാഹുവിന്റെ കണക്ക് കൂട്ടലും

അലക്ഷ്യമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ചിന്തകളെ ഒരു പരിധിവരെയെങ്കിലും സ്വന്തം
നിയന്ത്രണപരിധിയിൽ കൊണ്ടുവരാൻ സാധിക്കാതെ ഇരുന്നാൽ വലിയ ആപത്താണ്. അനിയന്ത്രിതമായ മനസ്സിന് എത്രയും പെട്ടെന്ന് കടിഞ്ഞാൺ ഇടാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യർ ഒട്ടേറെ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കും എന്നതിൽ യാതൊരു സംശയവുമില്ല. പതിയെ മനസ്സ് അയാളിൽ ആധിപത്യം സ്ഥാപിച്ചെടുത്ത്, ആ വ്യക്തിയെ തനിയ്ക്ക് കീഴ്‌പ്പെടുത്തിയെടുത്ത് സ്വന്തം അടിമയാക്കി, ആജ്ഞനുവർത്തിയാക്കി മാറ്റിയെടുക്കും. ഔചിത്യബോധവും സമൂഹികബോധവും സഹജീവിസ്നേഹവും സഹാനുഭൂതിയും ഇല്ലാത്ത ഒരാളിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഭാവിയിൽ, ഇനി മുന്നോട്ട് എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നൊന്നും ഒരാൾക്കും പ്രവചിക്കാൻ കഴിയില്ല. അയാൾ സാമൂഹ്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ കാര്യങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുകയും എല്ലാവരാലും വെറുക്കപ്പെടുന്ന ഒരാളായി മാറുകയും ചെയ്യും. “വിനാശകാലെ വിപരീതബുദ്ധി” എന്ന് കേട്ടിട്ടില്ലേ? ഇത്തരക്കാരിൽ വിപരീത ബുദ്ധിയെ ഉദിക്കുള്ളൂ. ചുറ്റിനും നാശം വിതച്ച്‌ മറ്റുള്ളവരുടെ ജീവിതം കൂടെ ദുസ്സഹവും ദുരന്തപൂർണ്ണവുമാക്കി തീർക്കും.

ഒരാളുടെ ലക്ഷ്യം അത് നെഗറ്റീവോ പൊസിറ്റീവോ ആവട്ടെ അതാണ് നടത്തപ്പെടുക എക്സിക്യൂട്ട് ചെയ്യപ്പെടുക. കാരണം അയാൾ അയാളിലെ ചിന്തകളെ അല്ലെങ്കിൽ ഊർജ്ജത്തെ അതിലേയ്ക്കാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്, എനർജിയുടെ ഒഴുക്ക് അങ്ങോട്ടാണ്. ഒരാളുടെ ആഗ്രഹങ്ങൾ അല്ലെങ്കിൽ ലക്ഷ്യങ്ങൾ നടപ്പിലാക്കുമ്പോൾ ബോധമനസ്സ് തനിയ്ക്ക് കൈമാറിയ ഒരു ഉത്തരവാദിത്വത്തെ, ഉപബോധമനസ്സ് ഒരിക്കലും അതിനകത്തെ ന്യായവും യുക്തിയും മൊറാലിറ്റിയുമൊന്നും തിരയാനും കണ്ടെത്താനും സെൻസർ ചെയ്തെടുക്കാനൊന്നും നിൽക്കാറില്ല, തന്നിൽ ഏൽപ്പിച്ച ധർമ്മം എന്തോ ആവട്ടെ അത് നിറവേറ്റാൻ ഉപബോധമനസ്സ് നിർബ്ബന്ധിതമാകും. തെറ്റും ശരിയും വിവേചിച്ചറിയാനുള്ള ശേഷി ബോധമനസ്സിനെ ഉള്ളൂ. ഒരു മനുഷ്യന്റെ ആഗ്രഹങ്ങൾ എത്രയധികം തീവ്രമാണോ അത്രതന്നെ വേഗത്തിൽ അവ നിറവേറ്റികൊടുക്കാൻ അയാളെ ഏത് വിധേനയും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഉപബോധമനസ്സ് നിരന്തരം പ്രായത്നിക്കും. ബോധമനസ്സ് യഥാസമയം വേണ്ടവിധം ഇടപെട്ടില്ലെങ്കിൽ തെറ്റായ മാർഗ്ഗത്തിലൂടെയും അല്ലെങ്കിൽ അപകടകരമായ വഴികളിലൂടെയും ലക്ഷ്യം നേടിയെടുക്കാൻ ആ മനുഷ്യൻ ഉൾപ്രേരിതനാകും.

അലക്ഷ്യമായി മനുഷ്യർ അലയുന്നത് ലക്ഷ്യബോധത്തിന്റെ അഭാവംകൊണ്ടാണ്. വിവാഹം കഴിക്കുന്നതോടെയും അതേപോലെ യുവത്വത്തിലേയ്ക്ക് കടക്കുമ്പോഴും സ്വമേധയാ വന്ന് ചേരുന്ന ചില ലക്ഷ്യങ്ങളാണ് സാധാരണ ഒരു വ്യക്തിയുടെ ജീവിതത്തിൽ കാണുന്നവ. വിവാഹം, പങ്കാളി, മക്കൾ, പ്രൊഫഷൻ എല്ലാം നോക്കി നടത്തേണ്ട ഉത്തരവാദിത്വം വന്നു ചേരുന്നതോടെ പ്രതിബദ്ധതയും കടമയും നിറവേറ്റാൻ രാപ്പകൽ കിടന്ന് അധ്വാനിക്കേണ്ട അവസ്ഥയിലേയ്ക്ക് മനുഷ്യർ എത്തിച്ചേരുന്നു. അതോടെ മനസ്സ് പല കാര്യങ്ങളിലായി എൻഗേജ്ഡ് ആവും. ഒരു പരിധിവരെ മനുഷ്യരെ പിടിച്ച് നിർത്തുന്നത് ഇതൊക്കെയാണ്. എങ്കിലും ഓർക്കുക ജീവിതത്തിൽ ഒട്ടും ലക്ഷ്യബോധമില്ലാത്ത ഒരാൾ ജീവിക്കാൻ നല്ല പാട്പെടും. ലക്ഷ്യബോധത്തോടെ ജീവിതത്തിൽ മുന്നേറുന്ന ഒരാൾക്ക് ലൈഫ് ഏറെക്കുറെ പ്ലാൻ ചെയ്യാൻ കഴിയും. Failing to plan is planning to fail എന്നാണ്. പിന്നെ നമുക്ക് അറിയാം മനുഷ്യരിൽ സഹജമായ അതിതീവ്രമായതും ചെറുതും വലുതുമായ ആഗ്രഹങ്ങൾ, പ്രവണതകൾ, ത്വരകൾ മറ്റാർക്കും ഉപദ്രവമായി മാറാത്ത വിധം നിയന്ത്രണവിധേയമാക്കി നിർത്താൻ ഒരാൾക്ക് കഴിഞ്ഞെങ്കിൽ അല്ലെങ്കിൽ അയാൾ നിർബ്ബന്ധിതനായെങ്കിൽ അതിൽ നിന്നെല്ലാം മനുഷ്യനെ പിന്തിരിപ്പിക്കുന്നത് കാലങ്ങൾക്കൊണ്ട് മനുഷ്യർ നേടിയെടുത്ത പ്രബുദ്ധതയും സഹജാവബോധവും സമൂഹികാവബോധവും രാജ്യത്തെ ജനങ്ങൾ അംഗീകരിച്ച നിയമവ്യവസ്ഥയും സിസ്റ്റവും കൂടാതെ ഒരുപരിധി വരെ മതാജ്ഞകൾ സ്വാധീനിച്ചതുകൊണ്ടും കൂടെയാണ്.

Also read: നിങ്ങളേയും അവരെയും തീറ്റുന്നത് നാമാണ്

മക്കളുടെ ടാലന്റ് തിരിച്ചറിയാൻ ശ്രമിക്കണം അച്ഛനമ്മമാർ. അതിനൊക്കെ ഇന്ന് മാർഗ്ഗങ്ങൾ ഒട്ടേറെയുണ്ട്. ഒരാൾ സ്വന്തമായ ഒരു ഗോൾ സെറ്റ് ചെയ്യുമ്പോൾ തന്റേതായ അഭിരുചിക്കും കഴിവിനുമൊത്തതാവുന്നതാണ് ഉത്തമവും അഭിലഷണീയവും. അധികം പ്രയാസങ്ങൾ നേരിടാതെ കൈയെത്തിപ്പിടിക്കാൻ സാധിക്കുമെന്ന് മാത്രമല്ല എപ്പോഴും ചെയ്യാൻ അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യം പ്രൊഫഷൻ അല്ലെങ്കിൽ ജീവിതോപാധിയായി തിരഞ്ഞെടുക്കാൻ സാധിച്ചാൽ അത് അയാൾക്ക് എപ്പോഴും സന്തുഷ്‌ടിയും സംതൃപ്തിയും പകരും. ലക്ഷ്യബോധം മാത്രം പോര, അതിനൊത്ത തീവ്രമായ ആഗ്രഹം കൂടെ ഉണ്ടാവുമ്പോഴേ ലക്ഷ്യപ്രാപ്തി കൈവരിക്കാൻ സാധിക്കുള്ളൂ. “നമ്മൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് സാധിച്ചു തരാനായിട്ട് നമുക്ക് കൂട്ട് നിൽക്കുമെന്ന്” ആണ് ആൽക്കെമിസ്റ്റ് എന്ന തന്റെ ബൂക്കിലൂടെ പൗലോ കൊളോ നമ്മോട് പറയുന്നത്.

മനുഷ്യന്റെ ചിന്തകൾ ചിന്നിച്ചിതറി കിടക്കുന്ന പോലെയാണ്. അതിനെ വേണ്ടവിധം ക്രമീകരിച്ചും ആൾട്ടർ ചെയ്തെടുത്തും ഒരാൾക്ക് കാര്യക്ഷമമായ രീതിയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. നമ്മൾ ഓർക്കേണ്ട സുപ്രധാനമായ കാര്യങ്ങളിൽ ഒന്ന് എന്താണെന്ന് വെച്ചാൽ ചിന്തകൾ എന്നാൽ ഊർജ്ജമാണ് അതായത് എനർജിയാണ്. അതിനെ ഒരു പ്രത്യേക ബിന്ദുവിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ അതിന്റെ ശക്തി പതിന്മടങ്ങായി വർദ്ധിക്കുന്നു. ഒരു ഉദാഹരണ സഹിതം അത് വെളിപ്പെടുത്താൻ സാധിക്കും. നമുക്ക് ലഭിക്കുന്ന സൂര്യപ്രകാശം അല്ലെങ്കിൽ വെയിൽ എന്നാൽ അത് സൗരോർജ്ജമാണല്ലോ അല്ലെ. നട്ടുച്ചയ്ക്ക് പൊരിവെയിലത്ത് ഒരിടത്ത് ഒരു കടലാസ് കഷ്ണം നമ്മൾ വെറുതെ കൊണ്ടുപോയി വെയ്ക്കുന്നു എത്ര നേരം അത് വെയിലത്ത് കിടന്നാലും അതിന് ഒന്നും സംഭവിക്കുന്നില്ല. ഇനി മറ്റൊന്ന് പരീക്ഷിക്കാം നമ്മൾ ഒരു മാഗ്നിഫൈയിങ് ഗ്ലാസ്സ് എടുത്ത് അതിലൂടെ പ്രകാശരശ്മികൾ ആ കടലാസ് കഷ്ണത്തിലേയ്ക്ക് പതിയും വിധം പിടിക്കുന്നു അല്പസമയത്തിനകം ആ കടലാസ് കഷ്ണം കത്തി ചാരമായി മാറുന്നത് നമുക്ക് കാണാം. എന്താണ് ഇവിടെ സംഭവിച്ചത്? സൗരോർജ്ജത്തെ ഒരു പ്രത്യേക ബിന്ദുവിലേയ്ക്ക് കേന്ദ്രീകരിച്ചപ്പോൾ അതിന്റെ തീക്ഷ്ണത അതിശക്തമായ തോതിൽ വർദ്ധിച്ചു.. ഇതേപോലെ ചിന്തകളെയും ഏകോപിപ്പിച്ചെടുത്താൽ അതിശക്തവും എന്തിനോടും ചെറുത്തും പ്രതിരോധിച്ചും നിൽക്കാനുള്ള ഇച്ഛാശക്തിയും ഊർജ്ജവും മനുഷ്യരിൽ വന്ന് ചേരും. ലക്ഷ്യബോധം മനുഷ്യരിൽ വരുത്തുന്ന പരിവർത്തനത്തെ അതിനാൽ അത്രയ്ക്കങ്ങ് ലഘൂകരിച്ച്‌ കാണാൻ പറ്റില്ല.

Also read: കരുണക്കടലായ ദൈവം

നമ്മുടെ ഇന്ത്യൻ സംസ്‌കാരത്തിൽ അല്ലെങ്കിൽ സാമൂഹിക വ്യവസ്ഥിതിയിൽ ജനിക്കുന്നു ജനിപ്പിക്കുന്നു അതിനിടയിൽ ഒരു ജീവിതോപാധി കണ്ടെത്തലും വിവാഹവും എന്ന ഒരു സിസ്റ്റമാണ് ആളുകൾ പിന്തുടരുന്നത്. രക്ഷാകർതൃത്വത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെന്നൊന്നും ഇന്നും ചില മാതാപിതാക്കൾക്കൊന്നും അറിയുക പോലുമില്ല. അവരെ കുറ്റപ്പെടുത്തുന്നതിൽ ഒട്ടും അർത്ഥവുമില്ല അവർ കണ്ടും അറിഞ്ഞും അനുഭവിച്ചും ഉണ്ടായ ജീവിതം നൽകിയ പാഠങ്ങളും അറിവുകളും മാത്രമേ അവരുടെയും കൈവശമുള്ളൂ. സത്യത്തിൽ മക്കൾക്ക് കഴിയും വിധത്തിൽ ലക്ഷ്യബോധം നൽകി മുന്നോട്ട് നയിക്കാൻ രക്ഷാകർത്താക്കൾ പ്രാപ്തരായിരിക്കണം. മറ്റൊരു കാര്യം ഇവിടെ വ്യക്തിഗതമായ ഒരു ജീവിതത്തെക്കുറിച്ചോ അതിന്റെ ആവശ്യകതയെ കുറിച്ചോ അധികം ചർച്ച ചെയ്യപ്പെടുന്നു പോലുമില്ല. സകല കാര്യങ്ങളിലും മറ്റുള്ളവരെ ആശ്രയിച്ചും കാത്തിരുന്നും അവസാനം അവരുടെ കടാക്ഷം നമുക്ക് നേരെ ഒന്ന് കനിഞ്ഞില്ലെങ്കിൽ തീർന്നു, അവിടെ തീർന്നു നമ്മുടെ കാര്യങ്ങൾ പിന്നെ മാനസികമായി തളർന്ന്, ഒറ്റപ്പെട്ട്, താൻ നിരാശ്രയനും നിസ്സഹായനുമെന്ന് സ്വയം വിശ്വസിച്ച് അവനവനെ സ്വയം മാനസിക പീഡനങ്ങൾക്ക് വിട്ടുകൊടുക്കുന്ന എത്ര ആൾക്കാരാണ്. അവനവൻ സ്വയം എങ്ങനെ വളരണം? അവനവനെ ഉന്നതിയിലേയ്ക്ക് നയിക്കണം? up lifted ആവണം? ആരെയും അമിതമായി ആശ്രയിക്കാതെ ഇൻഡിപെൻഡന്റ് ആയി ജീവിക്കണം? എന്ന പാഠങ്ങൾ നമുക്ക് ഒരിക്കലും ലഭിക്കുന്നില്ല. സ്വയം പര്യാപ്തത പ്രാപിച്ചവന് മാത്രമേ സ്വന്തം ചുമലിലേയ്ക്ക് അല്ലെങ്കിൽ ഷോൾഡറിലേക്ക് മറ്റൊരാളെ സധൈര്യം താങ്ങാനുള്ള മനക്കരുത്തും ഊർജ്ജവും ഉണ്ടാവുള്ളൂ. അത് എന്ത്കൊണ്ടാണെന്നോ? തനിച്ച് എന്തിനെയും നേരിടാനുള്ള കരുത്ത് അവൻ/അവൾ എന്നോ നേടിക്കഴിഞ്ഞു. അവർ ഒന്നിനെയും ഭയക്കുന്നില്ല, എന്ന് മാത്രമല്ല മറ്റൊരാൾക്ക് ധൈര്യം പകർന്ന് കൂടെ നിൽക്കാനും അവർക്ക് അറിയാം.

നേരെമറിച്ച് നമുക്ക് സംഭവിക്കുന്നത് എന്താണെന്നോ? നാം നമ്മുടെ സുരക്ഷിതത്വത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നു, തനിയ്ക്ക് ആരും ഉണ്ടാവില്ലെ? എന്ന ചിന്ത ആശങ്കയ്ക്ക് ഇടനൽകുന്നു, ഉള്ളിൽ ആധി വന്ന് നിറയുന്നു. ഇത് ബാഹ്യഇടപെടലുകളിൽ എല്ലാം പ്രകടമായി തുടങ്ങുന്നത് നമ്മൾ അറിയുന്നില്ല. മക്കളോട് സംസാരിക്കുന്നതിനിടയിൽ പോലും ഉള്ളിൽ അമർത്തിപ്പിടിച്ച രോഷത്തിന്റെ, സങ്കടത്തിന്റെ, ഒറ്റപ്പെടുന്നു എന്ന തോന്നലിന്റെ, അരിശത്തിന്റെയും സംശയത്തിന്റെയും മുൾമുന വെച്ചുകൊണ്ട് സംസാരിക്കുന്നു, അത് സ്വാഭാവികമായും വന്ന് പോകുന്നതാണ്. മക്കൾക്കും തന്നെ അവനവനിൽ അത് തെറ്റായ രീതിയിൽ സംശയം ജനിപ്പിക്കുന്നു, എന്ന് മാത്രമല്ല അവർക്ക് രക്ഷപ്പെടാനുള്ള പഴുതാണ് loop hole ആണ് നമ്മൾ നൽകുന്നത്. മാതാപിതാക്കളെ കെയർ ചെയ്യേണ്ടത് തങ്ങളുടെ ധർമ്മമാണ് എന്ന ബോധം അവരിൽ കുഞ്ഞിലേ വേരോടിപ്പോകണം. എന്നാലോ അവർക്ക് അച്ഛനുമമ്മയും ഒരു ഭാരമായി ഒരിക്കലും തോന്നാനും പാടില്ല. . ആ രീതിയിൽ വേണം വളർത്താൻ. കഴിയുന്നതും തന്നെ മക്കളെ ബുദ്ധിമുട്ടിക്കാതെയും ആശ്രയിക്കാതെയും ജീവിക്കുന്നതാണ് നല്ലത്. മക്കൾ ചെറുപ്പത്തിലേ അച്ഛനമ്മമാരെ കെയർ ചെയ്ത് പഠിക്കണം, ശീലിക്കണം. മാതാപിതാക്കൾ ഇതുപോലെയുള്ള കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കണം.

Also read: കോവിഡ് കാലത്തും തഴച്ചുവളരുന്ന ഇസ്‌ലാമോഫോബിയ

അവർ പഠിച്ചു ജോലിയായി ജീവിതത്തിൽ സെറ്റിൽ ആവാൻ പ്രാപ്തരായി എന്ന് തോന്നിയാൽ നല്ലൊരാളെ കണ്ടെത്തി വിവാഹം കഴിക്കാൻ അവരോടൊപ്പം നിൽക്കാം,, നല്ലൊരു ജീവിതം പടുത്തുയർത്താൻ മാതാപിതാക്കൾ തനിക്കൊപ്പമുണ്ടെന്ന ബോധം അവർക്ക് എന്നും വലിയ എനർജി പകരും. എന്നാൽ പണം മാത്രം ലക്ഷ്യമിട്ടുകൊണ്ടോ ആർഭാടം നിറഞ്ഞൊരു ജീവിതം മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രയത്നങ്ങൾ അത്രത്തോളം ഭൂഷണമല്ല എന്ന ബോധം അവരിൽ ഉണ്ടാവണം. സ്വാർത്ഥരായി മാറിയേക്കാം അവർ , ഉദ്ദിഷ്ടകാര്യം സാധിച്ചെടുക്കാൻ ഏത് മാർഗ്ഗവും സ്വീകരിയ്ക്കുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നോർക്കണം. സ്വന്തം മക്കൾ ഇപ്പറയുന്ന ഒരു തലത്തിലേയ്ക്ക് എത്തിപ്പെടുന്നതും അല്ലെങ്കിൽ അവരവരെ കൊണ്ടുചെന്നെത്തിക്കുന്നതിനും ദുർമ്മാർഗ്ഗത്തിലേയ്ക്ക് നയിക്കപ്പെടുന്നതിനും മാതാപിതാക്കൾ സാക്ഷ്യം വഹിക്കേണ്ടി വരും. അതിന് മാതാപിതാക്കളെ വരെ കരുവാക്കി കളയും ചില മക്കൾ എന്നത് എത്രത്തോളം ഹൃദയഭേദകമായ കാര്യമാണ്. കൃത്യമായ ലക്ഷ്യങ്ങളുള്ള ഒരാൾ ജീവിതത്തിൽ
വഴിതെറ്റാനുള്ള സാധ്യത വളരെ കുറവാണ് എന്നാൽ ലക്ഷ്യം തന്നെ ദുർബുദ്ധിയിൽ നിന്ന് ഉദിക്കുന്നതായി പോയാലോ..?? ഹീനമായ ചിന്തകൾ വെടിയണം നാം. നാം മനുഷ്യർ എത്രയോ അനുഗ്രഹീതരാണ്, സ്നേഹം, കരുണ, അനുകമ്പ, ഉദാരതാമനോഭാവം, ദാനശീലം സഹായമനസ്‌ക്കത ഇവയെല്ലാം ഒരാളുടെ വ്യക്ത്വരൂപീകരണത്തിൽ ഭാഗവാക്ക് ആയി തീരുമ്പോൾ അയാളാൽ നിർവ്വഹിക്കപ്പെടുന്ന കർമ്മങ്ങളും ധർമ്മങ്ങളും നേടുന്ന ലക്ഷ്യങ്ങളും മൂല്യാധിഷ്ഠിതവും മാതൃകാപരവും ആയി തീരും. അതിനാൽ വ്യക്തിപരമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അതേസമയം മറുഭാഗത്ത് ചെയ്ത് തീർക്കേണ്ട കടമകൾ, ബന്ധങ്ങൾക്കിടയിലെ വൈകാരികത ഇവയെല്ലാംകൊണ്ടും സന്തുലിതപ്പെടുത്തണം ജീവിതത്തെ. അതാണ് ശരിയായ വ്യക്തിത്വവും അയാളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നതും.

നിർമ്മാണാത്മകമായ ചിന്തകളിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടാവുന്നതാവണം ഒരു വ്യക്തി അയാളുടെ ജന്മസാഫല്യത്തിനായി വെട്ടിതെളിക്കുന്ന വഴികൾ. ലക്ഷ്യങ്ങൾ എന്നും നേർവഴിയ്ക്ക് നടത്തുന്നതും ജീവിതത്തെ ഫലഭൂയിഷ്ഠമാക്കി നിർത്തുന്നതും ആവണം. വിലയേറിയ ഒരു വസ്തു സ്വന്തമാക്കാനായ് ആഗ്രഹിച്ചാൽ അതിനായി നമുക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വരും. അപ്പോൾ ഓർക്കുക ഉയർന്ന ലക്ഷ്യത്തിലേയ്ക്കുള്ള വഴികളും അല്പം കാഠിന്യവും കഷ്ടതയും നിറഞ്ഞതായതിനാൽ തന്നെ ഭീമമായ എനർജി ആവശ്യപ്പെടും അഥവാ consume ചെയ്യും. തളർച്ച നേരിട്ടേക്കാം വഴിയിൽ വെച്ച് ഉപേക്ഷിച്ച്‌ പോരാൻ തോന്നിയേക്കാം പക്ഷെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും നഷ്ടപ്പെടുത്താതെ ഉള്ളിലെ മനോവീര്യം ഒരിക്കലും കെടാൻ അനുവദിക്കാതെ പ്രയത്നിച്ചാൽ, മുന്നേറാൻ കഴിഞ്ഞാൽ അന്തിമവിജയം നമ്മുടേത് തന്നെയായിരിക്കും. ആശ്രാന്ത പരിശ്രമത്തിലൂടെയും, ആത്മാർപ്പണവും ഏകാഗ്രതയും മാത്രമല്ല ശരിയായി ഫോക്കസ് ചെയ്ത ഒരു മനസ്സും കൂട്ടിനായ് ഉണ്ടെങ്കിൽ എല്ലാ തടസ്സങ്ങളും ഭേദിച്ച് പ്രതിബന്ധം സൃഷ്ടിക്കുന്ന വൻമതിലുകൾ തകർത്തെറിഞ്ഞ് ആർക്കും ലക്ഷ്യത്തിലേയ്ക്ക് എത്താൻ പറ്റും.

Facebook Comments
Related Articles

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.
Close
Close