Youth

പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃക

പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള സ്നേഹം അല്ലാഹു നമ്മുടെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് ഐഹികവും പാരത്രികവുമായ വിജയങ്ങളില്‍ വെച്ച് ഏറ്റവും വലുത്. പ്രവാചക സനേഹമാണെങ്കില്‍ മതത്തിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതുമാണ്. സ്വന്തം മാതാവിനേക്കാളും സന്താനങ്ങളേക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും തിരുനബി ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ ഒരാളുടെ വിശ്വാസവും പരിപൂര്‍ണ്ണമാകുന്നില്ല. അല്ലാഹു പറയുന്നു: ‘നബിയേ, പ്രഖ്യാപിക്കുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരങ്ങളും ഇണകളും അടുത്ത കുടുംബങ്ങളും സമ്പാദ്യങ്ങളും കെട്ടിക്കിടക്കുമെന്ന് നിങ്ങള്‍ ഉല്‍കണ്ഠാകുലരാകുന്ന കച്ചവടച്ചരക്കും പ്രിയങ്കരമായ പാര്‍പ്പിടങ്ങളുമെല്ലാം തന്നെ, അല്ലാഹുവിനെക്കാളും റസൂലിനെക്കാളും ദൈവമാര്‍ഗത്തിലുള്ള പോരാട്ടത്തെക്കാളും നിങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കില്‍ തന്‍റെ കല്‍പന അല്ലാഹു കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നുകൊള്ളുക! അധര്‍മകാരികളായ ജനതയെ അല്ലാഹു സന്മാര്‍ഗ പ്രാപ്തരാക്കുന്നതല്ല(തൗബ: 24).

അനസ്(റ) ഉദ്ധരിക്കുന്നു; പ്രവാചകന്‍ പറഞ്ഞു: ‘സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റെല്ലാ ജനങ്ങളെക്കാളും ഞാന്‍ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല(ബുഖാരി).
നാവുകൊണ്ടുള്ള കേവല സംസാരമോ പ്രഭാഷകന്മാരുടെ പ്രഭാഷണമോ ഉപദേശമോ അല്ല പ്രവാചക സ്നേഹത്തിന്‍റെ കാതല്‍. തിരുനബിയെ ഞാന്‍ സ്നേഹിക്കുന്നുവെന്ന വാദവും അതിനെ സാധൂകരിക്കുന്നില്ല. മറിച്ച്, നമ്മുടെ ആത്മാവിനെ ജീവനുള്ളതാക്കി നിലനിര്‍ത്തുന്നതും ജീവിതയാത്രയില്‍ നാം പിന്തുടരുന്ന മാര്‍ഗവുമായിരിക്കണം പ്രവാചക സ്നേഹം. അല്ലാഹു പറയുന്നു: ‘താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ(ആലു ഇംറാന്‍: 31).

Also read: വിശ്വസ്തതയുടെ മനോഹാരിത

പ്രവാചകനേടുള്ള സ്നേഹത്തിന് പുതിയ പല വ്യാഖ്യാനങ്ങളും വന്നിട്ടുണ്ട്. പലരും പല രീതിയിലാണ് പ്രവാചക സ്നേഹത്തെ വിശദീകരിച്ചത്. തിരുദൂതര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാ കാര്യങ്ങളും പിന്തുടരുകയും വഴിപ്പെടുകയും ചെയ്ത് മറ്റെന്തിനെക്കാളും പ്രവാചകനെ ഇഷ്ടപ്പെടുന്നതായിരുന്നു സ്വഹാബത്തിന്‍റെ സ്നേഹം. എന്നാല്‍ ഇന്നതിന്‍റെ അര്‍ത്ഥം കേവലം സ്വലാത്ത്, മൗലിദ്, മദ്ഹ് ഗാനാലാപനം എന്നവിയായി മാറിയിരിക്കുന്നു. പ്രവാചക സ്നേഹം എങ്ങനെയായിരിക്കണമെന്ന് സ്വഹാബികള്‍ പ്രവര്‍ത്തിച്ചു കാണിച്ചു തന്നിട്ടുണ്ട്. അല്ലാഹുവിന്‍റെ മാര്‍ഗത്തിലായും പ്രവാചകനെ സനേഹിച്ചും വഴിപ്പെട്ടും അവരുടെ സമ്പത്തും ആത്മാവും വരെ ചിലവഴിച്ചവരായിരുന്നു സ്വഹാബികള്‍. ഇബ്നു ഹിഷാം തന്‍റെ സീറത്തുന്നബവിയ്യയില്‍ രേഖപ്പെടുത്തുന്നുണ്ട്; സഅദ് ബ്ന്‍ മുആദ് ഒരിക്കല്‍ പ്രവാചകരുടെ സന്നിധിയില്‍ വന്നു പറഞ്ഞു: റസൂലെ, അങ്ങയുടെ മുന്നില്‍ കാണുന്ന ഞങ്ങളുടെ ഈ സമ്പത്തില്‍ നിന്നും അങ്ങേക്ക് വേണ്ടത് എടുക്കാം. അങ്ങ് അതില്‍ നിന്ന് എടുക്കുന്നതെന്തോ അതിനോടാണ് ബാക്കി വരുന്ന സമ്പത്തിനേക്കാള്‍ ഞങ്ങള്‍ക്ക് ഇഷ്ടം. അങ്ങ് കടലിന്‍റെ ആഴികളിലേക്ക് ഊളിയിട്ടാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഊളിയിടും. ഞങ്ങളില്‍ നിന്നും ഒരാളും അതില്‍ നിന്ന് പിന്തിരിയുകയില്ല. യുദ്ധത്തില്‍ ഞങ്ങള്‍ ക്ഷമാശീലരായിരിക്കും. യുദ്ധത്തില്‍ കാണും നേരം അങ്ങേക്ക് അത് ബോധ്യമാകും. അതിനാല്‍ നബിയേ, അല്ലാഹു അങ്ങയോട് കല്‍പിച്ചത് പോലെ ഞങ്ങളില്‍ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക. എപ്പോഴും പ്രവാചകന്‍ തന്നെയായിരുന്നു അവരുടെ നാവുകളില്‍:
‘എന്‍റെ ശരീരത്തേക്കാള്‍ പ്രിയമേറ്റം എനിക്കവരോടാണ്
വീട്ടുകാരും കൂട്ടുകാരും അവരെക്കഴിഞ്ഞാണ്’

പ്രവാചകരെ നിങ്ങള്‍ എങ്ങനെയായിരുന്നു സ്നേഹിച്ചിരുന്നതെന്ന് ഒരിക്കല്‍ അലി(റ) ചോദിക്കപ്പെട്ടു. അന്നേരം അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, ഞങ്ങളുടെ സമ്പത്ത്, മക്കള്‍, മാതാപിതാക്കള്‍, ദാഹിച്ചു വലയുന്ന നേരത്ത് ലഭിക്കുന്ന തണുത്ത പാനീയം എന്നിവയെക്കാളും ഞങ്ങള്‍ക്ക് പ്രിയം തിരുദൂതര്‍ മാത്രമാണ്. പ്രവാചക സ്നേഹത്തിന്‍റെ സ്വഹാബി മാതൃകയില്‍ ചിലതാണ് താഴെ കൊടുക്കുന്നത്.

ഉഹ്ദ് യുദ്ധം:
മുഹമ്മദ് നബിക്കും സ്വഹാബികള്‍ക്കുമെതിരെ ഉഹ്ദ് യുദ്ധവേളയിയില്‍ മുശ് രിക്കുകള്‍ ഉപരോധം ഏര്‍പ്പെടുത്തി. പ്രവാചകനെ അക്രമിക്കാന്‍ വേണ്ടി മുശ് രിക്കുകള്‍ ഒരുങ്ങുന്നത് കണ്ട സ്വഹാബികള്‍ ഉടനെ പ്രവാചകന്‍റെ അരികിലേക്ക് ഓടുകയും ആയുധങ്ങള്‍ കൊണ്ടും സ്വന്തം ശരീരം കൊണ്ടും ശത്രുക്കളില്‍ നിന്നും കവചം തീര്‍ത്തു. ഏതുവിധേനയും തിരുദൂതരെ സംരക്ഷിക്കാന്‍ സന്നദ്ധരായിരുന്നു അവര്‍. അബൂ ത്വല്‍ഹ(റ) പ്രവാചകന്‍റെ മുന്നില്‍ വന്ന് ശത്രുക്കള്‍ക്ക് അഭിമുഖമായി നെഞ്ചുവിരിച്ചു നിന്നു. ശത്രുക്കളുടെ അമ്പുകള്‍ പ്രവാചകന് ഏല്‍ക്കാതെ സംരക്ഷിക്കാന്‍ തയ്യാറാവുകയായിരുന്നു അബൂ ത്വല്‍ഹ(റ). അദ്ദേഹം പ്രവാചകനോട് പറഞ്ഞു: റസൂലെ, അങ്ങേക്ക് പകരം സ്വയം ബലിനല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.

Also read: അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയതാണത് ?!

അബൂ ദുജാന(റ) പ്രവാചകന്‍റെ പിന്നില്‍ കവചം തീര്‍ത്തു. ശത്രുക്കളുടെ അമ്പ് കൊണ്ടിട്ടും അദ്ദേഹം അവിടെനിന്ന് അനങ്ങിയില്ല. മാലിക് ബ്ന്‍ സിനാന്‍(റ) തിരുനബിയുടെ കവിളിലെ ചോര ഊമ്പിയെടുത്ത് വൃത്തിയാക്കിക്കൊടുത്തു. മുറിവേറ്റ് ക്ഷീണിച്ച റസൂല്‍ അടുത്ത കണ്ട പാറയില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതുകണ്ട ത്വല്‍ഹത്ത് ബ്ന്‍ ഉബൈദില്ലാഹ് തന്‍റെ മുതുക് വളച്ചുകൊടുത്ത് പ്രവാചകനെ കയറാന്‍ സഹായിച്ചു. ഇതുകണ്ട പ്രവാചകന്‍ പറഞ്ഞു: ‘ത്വല്‍ഹ സ്വര്‍ഗത്തിന് അവകാശിയായിരിക്കുന്നു’.

ഹുദൈബിയ സന്ധി:

ഖുറൈശികളുടെയും അവരുടെ സഖ്യകക്ഷികളുടെയും പ്രതിനിധിയായി ഉര്‍വത്ത് ബ്ന്‍ മസ്ഊദ് പ്രവാചകന്‍റെ അടുത്ത് വന്നപ്പോള്‍ തിരുനബിയോടുള്ള പ്രവാചകന്‍റെ സ്നേഹം കണ്ട് അദ്ദേഹം പറഞ്ഞു: പല രാജാക്കന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. കിസ്റയുടെയും ഖൈസറിന്‍റെയും നജ്ജാശിയുടെയും അടുത്ത് ഞാന്‍ പോയിട്ടുണ്ട്. അല്ലാഹുവാണ, മുഹമ്മദിനെ അദ്ദേഹത്തിന്‍റെ അനുയായികള്‍ സ്നേഹിക്കുന്നത് പോലെ ഒരു രാജാവിനെയും അവരുടെ പ്രജകള്‍ സ്നേഹിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. പ്രവാചകന്‍ ഒന്നു തുപ്പിയാല്‍ അവിടെ ഏതെങ്കിലും ഒരു സ്വഹാബിയുടെ കയ്യുണ്ടാകും. അവര്‍ അതെടുത്ത് ശരീരത്തിലും മുഖത്തും പുരട്ടി ബര്‍കത്ത് എടുക്കും. മുഹമ്മദ് വുളൂഅ് ചെയ്താല്‍ ആ വെള്ളത്തിന് വേണ്ടി അവര്‍ അടിപിടി കൂടും. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തില്‍ ശബ്ദം താഴ്ത്തി മാത്രമേ അവര്‍ സംസാരിക്കുകയുള്ളൂ. മുഹമ്മദിനോടുള്ള അതിരറ്റ ബഹുമാനം കാരണം ചിലര്‍ അവരുടെ മുഖത്തേക്ക് നേരിട്ട് നോക്കുകയേ ഇല്ല(ബുഖാരി).

Also read: നൂഹ് പ്രവാചകന്റെ പ്രബോധനവും സുപ്രധാനമായ ഗുണപാഠങ്ങളും

അബൂബക്കര്‍(റ):
അബൂബക്കര്‍(റ) തിരുനബിയോട് ഹിജ്റക്ക് സമ്മതം ചോദിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ധൃതി കാണിക്കരുത്. അല്ലാഹു നിനക്കൊരു കൂട്ടുകാരനെ തരുന്നത് വരെ കാത്തിരിക്കൂ’. ഹിജ്റക്ക് സമ്മതം നല്‍കി അല്ലാഹുവിന്‍റെ വഹിയിറങ്ങിയപ്പോള്‍ പ്രവാചകന്‍ അബൂബക്കറി(റ)ന്‍റെ അരികില്‍ വന്നു ഹിജ്റക്ക് ഒരുങ്ങാന്‍ പറഞ്ഞു. ഇതുകേട്ട് അബൂബക്കര്‍(റ) ചോദിച്ചു: റസൂലെ, അങ്ങാണോ എന്‍റെ കൂട്ടുകാരന്‍. അതെയെന്ന് പ്രവാചകനും മറുപടി പറഞ്ഞു. ആയിശ(റ) പറയുന്നു: അന്ന് അബൂബക്കര്‍(റ) സന്തോഷംകൊണ്ട് കരഞ്ഞ അത്ര ഒരാളെയും കരയുന്നതായി ഞാന്‍ കണ്ടിട്ടില്ല(ബുഖാരി).

ഹിജ്റക്കിടയില്‍ ഇരുവര്‍ക്കുമിടയിലുണ്ടായ സംഭവം സാദുല്‍ മീആദില്‍ ഇബ്നു ഖയ്യിമും അദ്ദലാഇലില്‍ ബയ്ഹഖിയും രേഖപ്പെടുത്തുന്നുണ്ട്. യാത്രക്കിടയില്‍ രാത്രിയായപ്പോള്‍ അബൂബക്കര്‍(റ) ഇടക്കിടെ തിരുനബിയുടെ മുന്നിലും പിന്നിലുമായി കണ്ട് തങ്ങള്‍ കാര്യ തിരക്കി. അന്നേരം അദ്ദേഹം പറഞ്ഞു: പിന്നിലാരോ അങ്ങയെ പിന്തുടരുന്നുണ്ടെന്ന് ചിലപ്പോള്‍ എനിക്ക് തോന്നും അന്നേരം ഞാന്‍ അങ്ങയുടെ പിന്നില്‍ നടക്കും. ചിലപ്പോള്‍ മുന്നോട്ടുള്ള വഴിയില്‍ ആരോ അങ്ങയെ കാത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന് എനിക്ക് തോന്നും. അന്നേരം ഞാന്‍ അങ്ങയുടെ മുന്നില്‍ നടക്കും. ഇതുകേട്ട് പ്രവാചകന്‍ ചോദിച്ചു: ‘ഈ സമയത്ത് നീ എന്തെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് നീ കൊല്ലപ്പെട്ടാലും ഞാന്‍ കൊല്ലപ്പെടരുതെന്നാണോ?’ അങ്ങയെ ദൂതനായി അയച്ച അല്ലാഹുവാണ, അങ്ങ് പറഞ്ഞത് സത്യമാണ്. യാത്രക്കിടെ ഇരുവരും ഗുഹയുടെ അരികിലെത്തിയ സമയം അബൂബക്കര്‍(റ) പറഞ്ഞു: റസൂലെ, അങ്ങ് അവിടെത്തന്നെ നില്‍ക്കൂ. ഞാന്‍ ആദ്യം ഗുഹക്ക് അകത്ത് കടന്ന് ഒരു പ്രശ്നവുമില്ലെന്ന് ഉറപ്പുവരുത്താം. എന്നിട്ട് അങ്ങ് പ്രവേശിക്കുക(ബുഖാരി).

Also read: നമുക്കൊന്ന് മാറിയാലോ?

ബറാഅ് ബ്ന്‍ ആസിബ് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അദ്ദേഹം പറയുന്നു: ആസിബില്‍ നിന്നും അബൂബക്കര്‍(റ) ഒരു ഒട്ടകം വാങ്ങി പോകുന്ന സമയത്ത് അദ്ദേഹം പ്രവാചകനോടൊത്തുള്ള ഹിജ്റയെക്കുറിച്ച് ചോദിച്ചു. അന്നേരം അബൂബക്കര്‍(റ) പറഞ്ഞു: യാത്രയുടനീളം ഞങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. അതിനാല്‍ ഉറക്കമില്ലാതെ രാത്രിയും പകലും ഞങ്ങള്‍ സഞ്ചരിച്ചു. യാത്രക്കിടയില്‍ നട്ടുച്ച നേരമായപ്പോള്‍ ഒരു പാറയുടെ തണലില്‍ അല്‍പം വിശ്രമിച്ചു. ഞാന്‍ പ്രവാചകന് ഒരു തലയിണ ഉണ്ടാക്കിക്കൊടുത്തു. പ്രവാചകന്‍ അതില്‍ തലവെച്ചു ഉറങ്ങി. ഞാന്‍ ചുറ്റും ഒന്ന് നടന്നു. അന്നേരം ഒരു ആട്ടിടയനെ കണ്ടു. അദ്ദേഹവും പാറക്ക് അരികെ തണല്‍ കൊള്ളാന്‍ വേണ്ടി വരികയായിരുന്നു. ‘നീ ആരുടെ അടിമയാണ്’ ഞാന്‍ ചോദിച്ചു. അദ്ദേഹം ഉടമസ്ഥനെ പറഞ്ഞു. ‘ആടിന് പാലുണ്ടോ?’ ഞാന്‍ പിന്നെയും ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോല്‍ കറവ അറിയുമോ എന്ന് അന്വേഷിച്ചു. നബിക്ക് ദാഹമകറ്റാന്‍ വേണ്ടി ഞാന്‍ കരുതിയിരുന്ന പാത്രം നിറയുന്നത് വരെയും അദ്ദേഹം പാല്‍ കറന്നു തന്നു. ഞാനതുമായി റസൂലിനരികില്‍ വന്ന് കുടിക്കാന്‍ പറഞ്ഞു. തിരുനബി പാല്‍ കുടിച്ച് സംതൃപിതനായി. ഞങ്ങള്‍ പിന്നെയും യാത്ര തുടര്‍ന്നു. നിരീക്ഷകര്‍ ഞങ്ങളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു(ബുഖാരി).

സൗബാന്‍(റ):
‘അല്ലാഹുവിനെയും റസൂലിനെയും ആര് അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹം ചെയ്ത പ്രവാചകന്മാര്‍, സ്വിദ്ദീഖുകള്‍, രക്തസാക്ഷികള്‍, സദ്വൃത്തര്‍ എന്നിവരൊടൊപ്പമായിരിക്കും; എത്രയും മെച്ചപ്പെട്ട കൂട്ടുകാരത്രേ അവര്‍(നിസാഅ്: 69).

ഇമാം ബഗ്വി തന്‍റെ തഫ്സീറില്‍ രേഖപ്പെടുത്തുന്നു: തിരുനബിയുടെ അടിമയായിരുന്ന സൗബാന്‍റെ വിഷയത്തിലായിരുന്നു ഈ സൂക്തം അവതീര്‍ണ്ണമായത്. പ്രവാചകനെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഒരിക്കല്‍ പ്രവാചകന്‍ വരുമ്പോള്‍ മുഖം വിവര്‍ണമായ സൗബാനെയാണ് കണ്ടത്. ‘എന്ത് പറ്റി. നീയാകെ വിവര്‍ണായിരിക്കുന്നല്ലോ?’ റസൂല്‍ കാര്യം തിരക്കി. അദ്ദേഹം പറഞ്ഞു: റസൂലെ, എനിക്ക് ഒരു അസുഖവും വേദനയുമില്ല. അങ്ങ് പോയിക്കഴിഞ്ഞാല്‍ പിന്നെ വരുന്നത് വരെ എനിക്ക് വല്ലാത്ത ഏകാന്തതയാണ് ഞാന്‍ അനുഭവിക്കുന്നത്. പിന്നീട് ഞാന്‍ പരലോകത്തെക്കുറിച്ച് ഓര്‍ത്തു, അവിടെ ഞാന്‍ അങ്ങയെ കാണില്ലല്ലോ. കാരണം അങ്ങ്, പ്രവാചകന്മാര്‍ക്കൊപ്പമായിരിക്കില്ലേ? ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ ഏറ്റവും താഴ്ന്ന തട്ടിലായിരിക്കില്ലേ. ഇനി സ്വര്‍ഗത്തില്‍ പ്രവേശിക്കാനായില്ലെങ്കില്‍ പിന്നെ അങ്ങയെ ഒരിക്കലും കാണുകയുമില്ല. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതീര്‍ണ്ണമായത്.

Also read: പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

ബനൂ ദീനാര്‍ ഗോത്രത്തിലെ സ്ത്രീ:
ഉഹ്ദ് യുദ്ധം അവസാനിച്ച വേളയില്‍ ബനൂ ദീനാര്‍ ഗോത്രത്തിലെ ഒരു സ്ത്രീയോട് ഒരാള്‍ പറഞ്ഞു: നിങ്ങളുടെ പിതാവിനും സഹോദരനും ഭര്‍ത്താവിനും യുദ്ധത്തില്‍ മുറിവേറ്റിട്ടുണ്ട്. അന്നേരം ആ സ്ത്രീ തിരിച്ചു ചോദിച്ചു: തിരുദൂതരുടെ അവസ്ഥയെന്താണ്? ജനങ്ങള്‍ പറഞ്ഞു: നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ സുഖം തന്നെയാണ്. അല്ലാഹുവിന് സ്തുതി. ഇതുകേട്ട് സ്ത്രീ ചോദിച്ചു: എനിക്ക് പ്രവാചകര്‍ എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരൂ ഞാനൊന്ന് പോയി നോക്കട്ടെ. ജനങ്ങല്‍ കാണിച്ചു കൊടുത്ത സ്ഥലത്ത് ചെന്ന് പ്രവാചകനെ കണ്ടപ്പോള്‍ ആ സ്ത്രീ പറഞ്ഞു: നിങ്ങളെക്കഴിഞ്ഞുള്ള എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വളരെ നിസാരമാണ്.

രണ്ട് യുവാക്കള്‍:
അബ്ദുറഹ്മാന്‍ ബ്ന്‍ ഔഫ്(റ) ഉദ്ധരിക്കുന്നു: ബദ് ർ യുദ്ധവേളയില്‍ ഞാന്‍ സൈനിക നിരയില്‍ നില്‍ക്കുകയായിരുന്നു. വലത്തും ഇടത്തും നോക്കുമ്പോഴാണ് ചെറുപ്രായക്കാരായ അന്‍സാരികളായ രണ്ട് കുട്ടികളുടെ ഇടയിലാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് മനസ്സിലായത്. അവരിലൊരാള്‍ എന്നെ തട്ടി ചോദിച്ചു: നിങ്ങള്‍ക്ക് അബൂ ജഹലിനെ അറിയാമോ? ‘അതെ, അറിയാം. എന്താണ് കാര്യം?’ ഞാന്‍ തിരക്കി. അവന്‍ പറഞ്ഞു: അവന്‍ പ്രവാചകനെക്കുറിച്ച് അസഭ്യം പറയുന്നുണ്ടെന്ന് അറിഞ്ഞു. എന്‍റെ ശരീരം ആരുടെ ഉടമസ്ഥതയിലാണോ അവന്‍ തന്നെയാണ് സത്യം ഞാനെങ്ങാനും അവനെ കണ്ടുമുട്ടിയാല്‍ എന്‍റെ കണ്ണില്‍ നിന്ന് മറയാതെത്തന്നെ ഞാന്‍ അവനെ പിന്തുടരും. ഞങ്ങളില്‍ നിന്ന് ആരുടെമേലാണോ ആദ്യം വാള്‍ ഉയര്‍ത്തപ്പെടുന്നത് അവന്‍ മരിക്കുകയും ചെയ്യും. ഇതുകേട്ട് അത്ഭതുപ്പെട്ട് നില്‍ക്കുകയായിരുന്ന എന്നെ അടുത്ത കുട്ടിയും തട്ടി വിളിച്ചു സമാനമായി പറഞ്ഞു. അധികം സമയമാകും മുമ്പേ ശത്രു പക്ഷത്ത് അബൂ ജഹലിനെ ഞാന്‍ കണ്ടു. ഉടനെ അവര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. അബൂ ജഹലിനെ കണ്ട ഉടനെ രണ്ടുപേരും ധൃതി പിടിച്ചോടുകയും ഒറ്റ വെട്ടിന് അബൂ ജഹലിനെ കൊല്ലുകയും ചെയ്തു. പിന്നീടവര്‍ തിരുനബിയുടെ അരികില്‍ വന്ന് കാര്യം പറഞ്ഞു. പ്രവാചകന്‍ ചോദിച്ചു: ‘നിങ്ങളില്‍ ആരാണ് അവനെ കൊന്നത്?’ ഞാനാണ് കൊന്നതെന്ന് രണ്ടുപേരും ഒരുപോലെ പറഞ്ഞു. ഇതുകണ്ട് പ്രവാചകന്‍ പറഞ്ഞു: ‘നിങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് അബൂ ജഹലിനെ കൊന്നത്’. മുആദ് ബ്ന്‍ അംറ് ബ്ന്‍ ജമൂഹും മുആദ് ബ്ന്‍ അഫ്റാഉമായിരുന്നു ആ രണ്ടു യുവാക്കള്‍(ബുഖാരി).

പ്രവാചകനോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു രണ്ടുപേരേയും അതിന് പ്രേരിപ്പിച്ചത്. അബൂ ജഹല്‍ തിരുനബിയെ അസഭ്യം പറയുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതാണ് അവരെ കൊല്ലാന്‍ പ്രകോപിതരാക്കിയത്. ഇങ്ങനെയായിരുന്നു അവര്‍ മുഹമ്മദ് നബിയോടുള്ള അവരുടെ സ്നേഹം പ്രകടമാക്കിയത്. തിരുദൂതര്‍ക്കെതിരെ തിരിഞ്ഞവര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ സ്വന്തം ശരീരം തന്നെ അവര്‍ സമര്‍പ്പിച്ചു. സ്വഹാബികളിലെ ചെറിയവരും മുതിര്‍ന്നവരുമെല്ലാം തങ്ങളുടെ പ്രവാചക സ്നേഹം പ്രകടമാക്കിയത് ഈ രീതിയിലായിരുന്നു. സ്വന്തം ശരീരത്തേക്കാളും കുടുംബത്തെക്കാളും മറ്റെല്ലാത്തനെക്കാളും പ്രവാചകനായിരുന്നു അവര്‍ക്ക് പ്രധാനം. അവരെ സംബന്ധിച്ചെടുത്തോളം നാം എങ്ങനെയാണ് നമ്മുടെ സ്നേഹം പ്രകടമാക്കുന്നത്?

Also read: മാലിന്യത്തെ മാലിന്യം കൊണ്ട് ശുദ്ധീകരിക്കാനാവില്ല

‘നബിയേ, അങ്ങയോടുള്ള സ്നേഹം അനന്തമാണ്
പ്രപഞ്ചവും ആകാശവുമതിന് സാക്ഷിയെന്നപോല്‍
ഭൂമിയേ നീയും ഞങ്ങളുടെ സ്നേഹത്തിന് സാക്ഷിയാവുക’
ഇബ്ന്‍ ഖയ്യിം പറയുന്നു: പ്രവാചകനെ സ്നേഹിക്കുന്നതിനോട് തുടര്‍ന്ന് വരുന്നതാണ് അഭിമാനവും വിജയവുമലെല്ലാം. ആ സ്നേഹത്തിന്‍റെ പ്രതിഫലനമാണ് നമ്മുടെ വിജയവും സന്മാര്‍ഗ പ്രാപ്തിയം രക്ഷയുമെല്ലാം. ഇരുലോക വിജയം കരസ്ഥമാക്കാന്‍ അല്ലാഹു പ്രവാചക സ്നേഹം അനിവാര്യമാക്കി. തിരുനബിയെ വെറുക്കുന്നവര്‍ക്ക് ഇരുലോകത്തും അല്ലാഹു പരാജയം മാത്രം നല്‍കി. തിരുനബിയുടെ ജീവിത ചര്യ പിന്തുടര്‍ന്നവരുടെ ജീവിതം ഇരുലോകത്തും അല്ലാഹു ബാസുരമാക്കും. തിരുദൂതരുടെ അധ്യാപനങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലത്തും നിന്ദ്യതയും പരാജയവുമായിരിക്കും.

അവലംബം- Islamweb.net

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker