Current Date

Search
Close this search box.
Search
Close this search box.

പുനർജനിക്കട്ടെ സൈദുമാർ ; ഉയരട്ടെ ബൈതുൽ ഹിക്മകൾ

എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി കൊണ്ടാടപ്പെടുന്നത്. ആഗോള പരിഭാഷകരുടെ തലതൊട്ടപ്പനായി ലോകം വിശേഷിപ്പിക്കുന്ന സെന്റ് ജെറോമിന്റെ ജന്മദിനമാണത്രെ അന്ന് . ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് (എഫ്ഐടി) എന്ന ഒരു അന്തർ‌ദ്ദേശീയ ഫെഡറേഷനാണ് അന്താരാഷ്ട്ര വിവർത്തന ദിനത്തെ 1953 മുതൽ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്കും ഭൂമികയിലേക്കും പരകായപ്രവേശനം നല്കുന്ന ആവിഷ്കാരമാണ് മൊഴിമാറ്റം എന്ന് പറയുക.ഇങ്ങനെ നടത്തുന്ന ശ്രമത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ ,ഭാഷാന്തരം എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നത് കൊണ്ട് നാമതാണ് ഉപയോഗിക്കുന്നത്. മൊഴിമാറ്റത്തിന് പൊതുവെ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണമാണ് നിയമപരമായ മൊഴിമാറ്റം. ലോകത്ത് ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിച്ചു പോരാറുണ്ട്. ടെക്സ്റ്റും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ വളരെ മുമ്പ് തന്നെ ആവിഷ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Also read: മാലിന്യത്തെ മാലിന്യം കൊണ്ട് ശുദ്ധീകരിക്കാനാവില്ല

മത ഗ്രന്ഥങ്ങൾ കഴിഞ്ഞാൽ ലോക പ്രസിദ്ധ സാഹിത്യകാരന്മാരുടെ സൃഷ്ടികളാണ് കൂടുതൽ മൊഴിമാറ്റത്തിന് വിധേയമായിട്ടുള്ളത്.വിക്ടർ ഹ്യുഗോ യുടെ പാവങ്ങൾ ഇത്തരത്തിൽ 100 ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടവയാണ്.

മറ്റെല്ലാ കൃതികൾക്കും എന്ന പോലെ വിവർത്തനത്തിനും അതിന്റേതായ ചില ഉപകരണങ്ങൾ(tools)ഉണ്ട്. ഉദയഭാഷാനിഘണ്ടുക്കൾ, ശൈലീ നിഘണ്ടുകൾ, ശബ്ദാവലികൾ, വിവർത്തനവിഷയം പ്രതിപാദിക്കുന്ന ലക്ഷ്യഭാഷാ ഗ്രന്ഥങ്ങൾ മുതലായവ ഈ ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. വിഷയഗ്രാഹ്യത, മൂലഭാഷയിലും ലക്ഷ്യ ഭാഷയിലുമുള്ള അവഗാഹം,വിവർത്തന വിഷയത്തിലുള്ള താൽപര്യം, മൂലകൃതിയോട് സത്യസന്ധത , വിവർത്തനത്തിന് അനുയോജ്യമായ ശൈലി എന്നിവയാണ് ഏറ്റവും ചുരുങ്ങിയതായി പരിഭാഷകന് വേണ്ടത്. മൂലഗ്രന്ഥകാരനേക്കാൾ പ്രയാസമേറിയതാണ് ഒരു വിവർത്തകന്റെ ജോലി എന്നതും വിവർത്തകന്റെ പ്രതിഫലം കുറവായത് കൊണ്ടും കൂടിയാണ് ഈ മേഖലയിൽ പിടിച്ചു നിലക്കാൻ പുതിയ തലമുറ മടിച്ചു നില്ക്കുന്നത്. മൂലകൃതി വായിച്ച് മനസ്സിലാക്കുന്നതിനോടൊപ്പം രണ്ടു ഭാഷകളിലേയും ജനങ്ങളുടെ ജീവിതരീതിയും സംസ്കാരവും ചരിത്ര പശ്ചാത്തലവും അറിഞ്ഞിരിക്കേണ്ടത് ഒരു വിവർത്തകനെ സംബന്ധിച്ച് അനിവാര്യമായി വരുന്നു. അതെല്ലാം ചലഞ്ചായി ഏറ്റെടുക്കന്നവർക്കേ ഈ ഫീൽഡിൽ നിലനിൽക്കൂ. കവിത, കഥ, നാടകം, നോവൽ തുടങ്ങിയ സർഗ്ഗാത്മകകൃതികൾ വിവർത്തനം ചെയ്യുമ്പോൾ പ്രാദേശിക പദങ്ങൾ, ഗദ്യശൈലികൾ, നാട്ടാചാരങ്ങൾ, ഗ്രാമ്യ ഭാഷകൾ എന്നിവ വിവർത്തനത്തിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചതിന് എത്രയോ ഉദാഹരണങ്ങൾ ലഭ്യമാണ്.

വിവർത്തനത്തിന് പെട്ടെന്നു വഴങ്ങി കൊടുക്കാത്ത സാഹിത്യരൂപമാണ് കവിത. “വിവർത്തനത്തിൽ നഷ്ട്ടപെടുന്നതെന്തോ അതാണ് കവിത” എന്ന റോബർട്ട് ഫോസ്റ്റിന്റെ അഭിപ്രായം കവിതാ വിവർത്തനത്തെ കുറിച്ചാണെങ്കിലും എല്ലാ വിധ മൊഴിമാറ്റങ്ങൾക്കും ബാധകമായ പൊതു വർത്തമാനമായാണ് മനസ്സിലാക്കേണ്ടത്.

Also read: ചൈന ഉയ്ഗൂർ ജനതയോട് ചെയ്യുന്ന ക്രൂരതകൾ

മൊഴിമാറ്റം : ഇസ്ലാമിക വായന

ആദ്യ കാല ഇസ്ലാമിക സമൂഹം പരിഭാഷക്ക് നല്ല പ്രാധാന്യം നല്കിയിരുന്നുവെന്ന് പ്രമാണങ്ങളിൽ നിന്ന് മനസ്സിലാവുന്നു. നബി (സ) തന്റെ സന്തത സഹചാരി സൈദ് ബിൻ സാബിത് (റ) നെ സിറിയൻ ഭാഷ പഠിക്കാനായി നിയമിക്കുകയും 17 ദിവസത്തെ യുദ്ധകാലാടിസ്ഥാനത്തിലെ ക്രാഷ് കോഴ്സിലൂടെ ആ ഭാഷ അഭ്യസിച്ചെത്തുന്ന സൈദിനെ നബി (സ) പ്രത്യേകം അഭിനന്ദിക്കുന്നതുമെല്ലാം ഹദീസ് ഗ്രന്ഥങ്ങളിൽ നമുക്ക് കാണാം (അഹ്മദ്, അർനാഊത്വ്). നബി (സ) തന്റെ സന്നിധിയിലെത്തുന്ന അപരഭാഷാ ഗ്രന്ഥങ്ങൾ ഭാഷാ- പരിഭാഷാ ജ്ഞാനമുള്ളവരെക്കൊണ്ട് സൂക്ഷ്മ പരിശോധന നടത്തിയിരുന്നുവെന്ന് അഅ്മശ് ഉദ്ധരിക്കുന്നു.

പ്രസ്തുത സംഭവങ്ങൾ മുന്നിൽ വെച്ച് അന്യഭാഷാ പഠനവും പരിഭാഷാ പരിശീലനവുമെല്ലാം സാമൂഹ്യ ബാധ്യത എന്ന വിഭാഗത്തിലാണ് പണ്ഡിതന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്. (സഊദീ ഫത്‌വ ബോർഡ് 39048، 95823 നമ്പർ ഫത് വകൾ)

ഇസ്രാഅ്,മിഅ്റാജ് സംഭവങ്ങൾ വിവരിക്കുന്നയിടത്ത് പ്രവാചകൻ (സ) മറ്റു പ്രവാചകന്മാരോട് പരിഭാഷയിലൂടെയാവാം സംവദിച്ചതെന്ന നിരീക്ഷണമുണ്ട്.ഈസാ നബി (അ) തന്റെ പ്രാദേശിക ഭാഷയായ അരാമിക്കിലും ഇസ്രായീലി ഭാഷയായ ഹിബ്രുവിലും സംസാരിച്ചിരുന്നുവെന്നും ബൈബിൾ പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.

Also read: അല്ലാഹുവിനോട് ചോദിച്ചു വാങ്ങിയതാണത് ?!

പല പാശ്ചാത്യൻ പണ്ഡിതന്മാരും ശാസ്ത്രചരിത്രകാരന്മാരും ഇസ്ലാമിക ലോകത്തിലെ വിവർത്തന പ്രസ്ഥാനത്തിന്റെ അമവി – അബ്ബാസീ കാലഘട്ടത്തെ പരിഭാഷാ പ്രസ്ഥാനം പുഷ്കലമായ ഘട്ടമായാണ് കാണുന്നത് .പ്രശസ്ത ഓറിയന്റലിസ്റ്റ് ഫ്രാൻസ് റോസെന്താൽ ഈ കാലഘട്ടത്തെ മനുഷ്യ നാഗരികതയുടെ ചരിത്രത്തിലെ ഫലപ്രദമായ കാലഘട്ടമായി വിശേഷിപ്പിക്കുന്നു. മറ്റൊരു പാശ്ചാത്യ പണ്ഡിതൻ “പിയർ റൂസ്സോ” തന്റെ ഗുരു പെരെ ഡോമിനെ ഉദ്ധരിച്ച് കൊണ്ട് പറയുന്നു: “ഞങ്ങളുടെ പുരാതന പൈതൃകങ്ങളിൽ പലതും പരിഭാഷകളിലൂടെ അറബികൾ സംരക്ഷിച്ചത് കൊണ്ടാണ് ഇന്നും ലോകത്ത് നിലനില്ക്കുന്നത്”.

അറേബ്യയിൽ വിവർത്തന പ്രസ്ഥാനത്തിന്റെ തുടക്കം അമവികളുടെ കാലഘട്ടത്തിലാണ് . സ്വന്തത്തിന് വേണ്ടി രസതന്ത്രത്തെക്കുറിച്ച് ഒരു പുസ്തകം വിവർത്തനം ചെയ്യാൻ ഒരു ക്രിസ്ത്യൻ പുരോഹിതനോട് ആവശ്യപ്പെടുകയും തദനന്തരം ഗ്രന്ഥം കൈയ്യിൽ ലഭിച്ചപ്പോൾ ആ പണ്ഡിതന് മാന്യമായ പ്രതിഫലം നല്കിയതും വിവർത്തന പ്രസ്ഥാനത്തെ ആദ്യമായി പിന്തുണച്ചതും ഖാലിദ് ബിൻ യസീദാണെന്നും പിയർ പറയുന്നു. എന്നാൽ ഇസ്ലാമിക യുഗത്തിലെ വിവർത്തനത്തിന്റെ സുവർണ്ണകാലഘട്ടം യഥാർത്ഥത്തിൽ ആരംഭിച്ചത് അബ്ബാസികളുടെ ബൈതുൽ ഹിക്മ : യുടെ സ്ഥാപനത്തിനു ശേഷമായിരുന്നു.

Also read: സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

അബ്ബാസി കാലഘട്ടത്തിലെ വിവർത്തന പ്രസ്ഥാനത്തിന്റെ ആദ്യ വിവർത്തകൻ പേർഷ്യൻ ജുൻദിഷാപൂർ കാരനായ ജിർജിസ് ഇബ്ൻ ബഖ്തിശൂഅ് ആയിരുന്നു. മൻസൂറിന് വായിക്കാനായി ജിർജിസ് ഗ്രീക്ക് ഭാഷയിൽ നിന്ന് പല ഗ്രന്ഥങ്ങളും വിവർത്തനം ചെയ്യുകയുണ്ടായി. ദിലിസി ഓ ലിയറി, ദിമിത്രി ഗുട്ടാസ് എന്നീ പാശ്ചാത്യ പണ്ഡിതരും ഗ്രീക്ക് സാഹിത്യങ്ങൾ അറബിയിലൂടെയാണ് ഇംഗ്ലീഷിലെത്തിയത് എന്ന നിരീക്ഷണമുള്ളവരാണ്.പ്രസിദ്ധങ്ങളായ മിക്കവാറും എല്ലാ ഗ്രന്ഥങ്ങളും ബൈതുൽ ഹിക്മയിലൂടെ പ്രസരിച്ച ലോകത്തുടനീളം വളർന്ന പരിഭാഷാ പാഠശാലകളിലൂടേയും ഭാഷാ വിദ്യാലയങ്ങളിലൂടെയുമായിരുന്നു. അങ്ങിനെ സ്ഥാപിതമായ മദാരിസുൽ അൽസുൻ വത്തർജമ ത്വഹ്ത്വാവിയെ പോലെയുള്ള വിദഗ്ദരായ പരിഭാഷകന്മാരെ 18-ാം നൂറ്റാണ്ട് വരെ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഏകശിലാത്മക – ഏകഭാഷാ കേന്ദ്രീകൃത മത- കർമ്മ/ ദൈവ ശാസ്ത്ര കലാലയങ്ങളുടെ വ്യാപനം വരെ ബഹുസ്വര ഭാഷാ സംസ്കാരം ഇസ്ലാമിക ലോകത്തിനന്യമായിരുന്നില്ല.

(Sept:30 World translators day)

Related Articles