Current Date

Search
Close this search box.
Search
Close this search box.

വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യാ റിപ്പോര്‍ട്ട്

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23മുതല്‍ 27വരെ അരങ്ങേറിയ വംശഹത്യ തികച്ചും ആസൂത്രിതമായ വംശഹത്യയായിരുന്നു. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ രണ്ടാംകിട പൗരന്മാരാക്കുന്ന പൗരത്വബില്ലിനെതിരെ രാജ്യത്തുടനീളം സമരപരിപാടികള്‍ ഉയര്‍ന്നുവരികയുണ്ടായി. സമരപരിപാടികളില്‍ ശ്രദ്ധേയമായിരുന്നു സ്ത്രീകള്‍ നേതൃത്വം നല്‍കിയ ശാഹീന്‍ബാഗ് സമരം. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സമരങ്ങള്‍ കനത്തു. എന്നാല്‍, വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സമരത്തെ ഭരണകൂടവും സംഘ്ഫാഷിസവും പോലീസും ചേര്‍ന്ന് അക്രമാസക്തമായി നേരിടുകയും വംശഹത്യയാക്കി മാറ്റുകയും ചെയ്തു.

ഔദ്യോഗിക കണക്കുപ്രകാരം വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യയില്‍ 53പേര്‍ കൊല്ലപ്പെട്ടു. 250പേര്‍ക്ക് പരിക്കുപറ്റി. ധാരാളം പേരെ കാണാതായി. വ്യാപകമായ തീവെപ്പും കൊള്ളയും അരങ്ങേറി. അതുമൂലം വീടുകള്‍, കടകള്‍, വ്യാപാരങ്ങള്‍, വാഹനങ്ങള്‍, മറ്റു സ്വത്തുക്കള്‍ എന്നിവയടക്കം ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇരകള്‍ക്ക് ഉണ്ടായത്.

വംശഹത്യയെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടാണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യ ഫെബ്രുവരി 2020’ എന്ന പേരിലുള്ള റിപ്പോര്‍ട്ട്. ഡല്‍ഹി മൈനോരിറ്റി കമ്മീഷനാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അതിനെ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നു. ആറു അധ്യായങ്ങളിലായാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വികസിക്കുന്നത്. തുടക്കം, സാക്ഷിമൊഴികള്‍, ഡല്‍ഹി പോലീസിന്റെ പ്രതികരണങ്ങള്‍, നഷ്ടപരിഹാരം, റിപ്പോര്‍ട്ടിലെ കണ്ടെത്തുലകള്‍, നിര്‍ദേശങ്ങള്‍ എന്നിവയാണ് പ്രസ്തുത അധ്യായങ്ങള്‍. കൂടാതെ, അവസാനഭാഗത്തുവരുന്ന കൊല്ലപ്പെട്ടവരുടെ പട്ടിക, ലൈംഗികാതിക്രമങ്ങളുടെ പട്ടിക, പ്രത്യേക ലക്ഷ്യംവെച്ചുള്ള അക്രമങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍, അക്രമിക്കപ്പെട്ട മതസ്ഥാപനങ്ങളുടെ പട്ടിക എന്നിങ്ങനെ നാലു അനുബന്ധങ്ങളും റിപ്പോര്‍ട്ട് ഉള്‍കൊള്ളുന്നു.

Also read: അപരനാണ് പ്രധാനം

ഒന്നാമത്തെ അധ്യായത്തില്‍ വംശഹത്യയെക്കുറിച്ച പൊതുവായ വിവരണങ്ങളാണുള്ളത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവ്‌വിഹാര്‍, ഖജൂരിഖാസ്, ചാന്ദ്ബാഗ്, ഘോകുല്‍പുരി, മൗജ്പൂര്‍, കരവാല്‍ നഗര്‍, ജാഫറാബാദ്, മുസ്തഫാബാദ്, അശോക് നഗര്‍, ഭഗീരഥവിഹാര്‍, ഭജന്‍പുര, കര്‍ദംപുരി എന്നീ സ്ഥലങ്ങളിലാണ് വംശഹത്യ നടന്നത്. സംഘ്ഫാഷിസവും അതിന്റെ വക്താക്കളുടെ വിദ്വേഷപ്രചരണവുമാണ് വംശഹത്യയെ ചുട്ടെടുത്തതെന്ന് ഈ ഭാഗത്ത് വിവരണമുണ്ട്. ഉദാഹരണത്തിന് ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കപില്‍ മിശ്ര ഫെബ്രുവരി 23ന് വൈകുന്നേരം 5:30ന് നടത്തിയ പ്രസംഗത്തിലെ പ്രസ്താവന നോക്കൂ: ‘നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി ഞാനിവിടെ പ്രഖ്യാപിക്കുകയാണ്, യു.എസ് പ്രസിഡന്റ് ട്രംപ് പോകുന്നതുവരെ നാമെല്ലാവരും വളരെ ശാന്തമായി മുന്നോട്ടുപോകും. എന്നാല്‍, ട്രംപ് പോയികഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം റോഡുകള്‍ ബ്ലോക്ക് ഒഴിവാക്കിയില്ലെങ്കില്‍ ഞങ്ങള്‍ പിന്നെ പോലിസിനെ കാത്തിരിക്കില്ല. അവരെ ശ്രദ്ധിക്കുകയുമില്ല. ട്രംപ് പോയാല്‍ ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും സമരക്കാരെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ പോലിസിനോട് ആവശ്യപ്പെടും. അതിന് ശേഷം ഞങ്ങള്‍ തെരുവകളിലിറങ്ങും. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം’. മിശ്രയുടെ പ്രസ്താവന കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വംശഹത്യ താണ്ഡവമാടിയത്.

‘സാക്ഷിമൊഴികള്‍’ എന്നാണ് റിപ്പോര്‍ട്ടില്‍ വരുന്ന രണ്ടാം അധ്യായത്തിന്റെ തലക്കെട്ട്. വംശഹത്യക്ക് വിധേയരായ ഇരകളുടെയും പത്രപ്രവര്‍ത്തകരുടെയും സാക്ഷിമൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമാന്യം ദീര്‍ഘിച്ച ഭാഗമാണിത്. പലരുടെയും അനുഭവവിവരണങ്ങള്‍ മനസാക്ഷിയുള്ള ആരുടെയും കരളലിയിപ്പിക്കും. ആയുസ്സ് മുഴുവന്‍ സമ്പാദിച്ചതെല്ലാം നഷ്ടമായെന്ന് ഒരു സ്ത്രീ പറയുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ കണ്‍മുന്നിലിട്ട് അക്രമികള്‍ കത്തിച്ചുകളഞ്ഞുവെന്ന് മറ്റൊരു സ്ത്രീ പറയുന്നു. ഇനിയും വേറൊരു സ്ത്രീയുടെ അനുഭവം റിപ്പോര്‍ട്ട് ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: ‘അക്രമികള്‍ വാതിലുകള്‍ തകര്‍ത്ത് വീട്ടിനുള്ളിലെത്തി. അവള്‍ മക്കളെയും പിടിച്ച് പേടിച്ച് ഒരു മൂലയിലിരുന്നു അക്രമികള്‍ വീട്ടില്‍ കയറി കണ്ടതെല്ലാം കൊള്ളയടിച്ചു. കുട്ടികളുടെ പേടി മാറാന്‍ പിന്നെയും ദിവസങ്ങളെടുത്തു’. ഇപ്രകാരം ഒരുപാട് പേരുടെ അനുഭവങ്ങളാണ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നത്.

റിപ്പോര്‍ട്ടിലെ ഏറെ കൗതുകം ജനിപ്പിക്കുന്ന അധ്യായമാണ് ‘ഡല്‍ഹി പോലീസിന്റെ പ്രതികരണങ്ങള്‍’ എന്ന അധ്യായം. വംശഹത്യയില്‍ പോലീസിന്റെ പങ്ക് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതാണ്. പോലീസ് തികച്ചും വിവേചനപരമായ നിലപാടാണ് പ്രശ്‌നത്തില്‍ സ്വീകരിച്ചത്. സംഘ്ഫാഷിസത്തോടും ഭരണകൂടത്തോടും ചേര്‍ന്നു നിന്നുകൊണ്ടുള്ള നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശഹത്യയെ പോലീസിന്റെ സമയോചിത ഇടപെലിലൂടെ തടയാമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. എന്നു മാത്രമല്ല, വംശഗത്യക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ് പോലീസ് ചെയ്തത്. ഫെബ്രുവരി 23ന് മൗജ്പൂരില്‍ കപില്‍ മിശ്ര വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ അദേഹത്തിന്റെ വലതുഭാഗത്ത് വടക്കുകിഴക്കന്‍ ഡല്‍ഹി പോലീസ് ഡി.സി.പി വേദ് പ്രകാശ് സൂര്യ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

Also read: സാമ്പത്തിക മാന്ദ്യ കാലത്തെ നിക്ഷേപ സാധ്യതകള്‍

ഡല്‍ഹി പോലീസ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിനോട് ഒരുനിലക്കും സഹകരിക്കുകയുണ്ടായില്ല. അക്കാര്യം റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്: ‘ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാകേണ്ട ഡല്‍ഹി പോലീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ലോക്ഡൗണിന്റെ പേരിലും മറ്റും വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. അതിനാല്‍ തന്നെ പല വിവരങ്ങളും നേരിട്ട് ലഭിക്കാന്‍ പ്രയാസമുണ്ടായി’. പോലീസില്‍നിന്ന് ലഭിക്കേണ്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് മൈനോരിറ്റി കമ്മീഷന്‍ ഡല്‍ഹി പോലീസിന് കത്തയക്കുകയുണ്ടായി. എന്നാല്‍, മൈനോരിറ്റി കമ്മീഷന്‍ വീണ്ടുംവീണ്ടും പോലീസിനെ ബന്ധപ്പെട്ടിട്ടും റിപ്പോര്‍ട്ട് തയാറാക്കുംവരെ ഒരു വിവരവും നല്‍കാന്‍ പോലീസ് തയാറായില്ല. പോലീസ് എത്രത്തോളം ഭരണകൂടത്തിന്റെ ചട്ടുകമായി മാറിയിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

വടക്കുകിഴക്കന്‍ വംശഹത്യവുമായി ബന്ധപ്പെട്ട നേരത്തേ ലഭിച്ചിട്ടില്ലാത്ത വിലപ്പെട്ട വിവരങ്ങളാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്നത്. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, ന്യൂനപക്ഷരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഉരുപ്പടിയാണ് വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ടെന്ന് നിസ്സംശം പറയാം.

 

Related Articles